സംവാദം ഒരു സമുന്നത സംസ്‌കാരം
നജ്‌റാന്‍ ക്രിസ്ത്യാനികളുടെ പ്രതിനിധികളായി ഒരു അറുപതംഗ സംഘം അവരുടെ മതപഠന, നിയമവേദിയായ 'മിദ്‌റാസി'ന്റെ തലവനും ബിഷപ്പുമായ അബൂഹാരിസത്തുബ്‌നു അല്‍ഖമയുടെ നേതൃത്വത്തില്‍ മദീനയിലെത്തി പ്രവാചകനുമായി ആശയവിനിമയം നടത്തിയ പശ്ചാത്തലത്തില്‍ വേണം വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അധ്യായമായ ആലു ഇംറാനിലെ ആദ്യത്തെ എണ്‍പതിലധികം സൂക്തങ്ങള്‍ വായിക്കേണ്ടതെന്ന് ഡോ. മുഹമ്മദ് ഹമീദുല്ല തന്റെ നബിചരിത്ര കൃതിയില്‍ പറയുന്നുണ്ട്. ക്രൈസ്തവതയെക്കുറിച്ച ഏതാണ്ടെല്ലാ ഇസ്‌ലാമിക വിശദീകരണങ്ങളും നമുക്കിവിടെ കാണാം. പ്രവാചകന്‍ അവരുമായി തര്‍ക്കിക്കുകയായിരുന്നില്ല, ഇസ്‌ലാമിന്റെ ഏകദൈവ ദര്‍ശനവും മുന്‍കാല പ്രവാചക സന്ദേശങ്ങള്‍ക്ക് വന്നുഭവിച്ച വക്രീകരണങ്ങളും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. സൂക്ഷ്മമായി വായിച്ചാല്‍ സംവാദത്തിന്റെ രീതിശാസ്ത്രവും നമുക്ക് ഇത്തരം സൂക്തങ്ങളില്‍നിന്ന് ഉരുത്തിരിച്ചെടുക്കാം. ഇരു മതങ്ങളും പങ്കുവെക്കുന്ന പൊതുമൂല്യങ്ങളില്‍ നമുക്ക് ഒന്നിച്ചുനിന്നുകൂടേ എന്ന് അവരോട് അന്വേഷിക്കാനും ഖുര്‍ആന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക ചരിത്രവും സൂക്ഷ്മമായി വായിച്ചാല്‍ വളരെ ആരോഗ്യകരമായ ഒരു സംവാദ സംസ്‌കാരം മുസ്‌ലിം സമൂഹത്തിന് വളര്‍ത്തിയെടുക്കാനാവും.
പക്ഷേ പല കോണുകളില്‍നിന്നും സംവാദ സംസ്‌കാരത്തിനെതിരെ ശക്തമായ എതിര്‍ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. പ്രമാണങ്ങളുടെ അക്ഷര(ഹറഫി) വായനയോ ഭാഗിക (ജുസ്ഈ) വായനയോ ആകാം ഇതിനു കാരണം. പ്രമാണങ്ങളെയും അവ പ്രയോഗവത്കരിക്കപ്പെട്ട ചരിത്രത്തെയും സാകല്യത്തില്‍ (കുല്ലി) വായിക്കാന്‍ അവര്‍ തയാറാവുന്നില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടേ ഇതര മതസ്ഥരുമായി സംവാദങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാവൂ എന്നാണ് അവരുയര്‍ത്തുന്ന ഒരു വാദം. ഇത് തീര്‍ത്തും തെറ്റാണ്. 'ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയാനോ സ്ഥാപിക്കാനോ വേണ്ടി, പരസ്പരഭിന്നമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന രണ്ടോ അതിലധികമോ പേര്‍ നടത്തുന്ന വിഹിതമായ ചര്‍ച്ച' എന്ന് സംവാദത്തെ നമുക്ക് സാമാന്യമായി നിര്‍വചിക്കാം. അപ്പോള്‍ സംവാദത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ രണ്ടാണ്: ഒന്ന്, തങ്ങള്‍ക്ക് ബോധ്യമായ കാര്യങ്ങള്‍ യുക്തിയുടെയും തെളിവിന്റെയും പിന്‍ബലത്തില്‍ സമര്‍ഥിക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യുക. രണ്ട്, മറുപക്ഷത്തു നിന്ന് തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുക. ഇതിലെവിടെയാണ് ആദര്‍ശപരവും ആശയപരവുമായ അടിയറ വെക്കല്‍? ഇതിനോടനുബന്ധിച്ച്, മതാന്തര സംവാദങ്ങള്‍ സര്‍വമത സത്യവാദത്തിലേക്ക് നയിക്കും എന്നൊരു ആശയങ്കയും വിമര്‍ശകര്‍ പങ്കുവെക്കാറുണ്ട്. അതിനു യാതൊരു അടിസ്ഥാനവുമില്ലെന്ന് മേല്‍ നിര്‍വചനത്തില്‍നിന്ന് വ്യക്തമാവും. അഹ്‌മെറ്റ് കുരൂകനും മുസ്തഫ ഖാസിം ഇറോളും ചേര്‍ന്നെഴുതിയ 'ഡയലോഗ് ഇന്‍ ഇസ്‌ലാം' എന്ന ചെറുപുസ്തകം, സംവാദത്തെ ഖുര്‍ആനില്‍നിന്നും നബിചര്യയില്‍നിന്നും ഇസ്‌ലാമിക ചരിത്രത്തില്‍നിന്നും കണ്ടെടുക്കാനുള്ള ശ്രമമാണ്. എല്ലാ മതസ്ഥരുമായും പലതരം സംവാദങ്ങള്‍ (അത് ചിലപ്പോള്‍ അവരുടെ മതഗ്രന്ഥങ്ങളും ഇതിഹാസ കൃതികളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടാവാം) വികസിപ്പിച്ചുകൊണ്ടാണ് ആ മതസ്ഥരുടെ കൂടി പൂര്‍ണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഇസ്‌ലാം മഹത്തായ ഒരു നാഗരികത വളര്‍ത്തിയെടുത്തത്. യൂറോപ്യന്‍ നവോത്ഥാനത്തിനു വരെ പ്രചോദനമായിത്തീര്‍ന്നു ആ നാഗരികത.
ഇങ്ങനെ സംവാദത്തിന്റെ നാഗരിക, സാംസ്‌കാരിക പാഠങ്ങള്‍ ധാരാളമുണ്ട്. അതൊക്കെയും കണ്ടെടുത്തുകൊണ്ട് ചിന്താ ചക്രവാളം വികസിപ്പിക്കുന്നതിനു പകരം എതിര്‍പക്ഷക്കാരനെ ഏതു വിധേനയും മലര്‍ത്തിയടിക്കണമെന്ന ശാഠ്യബുദ്ധിയേ ഇന്ന് കാണാനുള്ളൂ. സംഘടനകളുടെ ഇത്തരം വിതണ്ഡവാദങ്ങള്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉയര്‍ന്ന സംവാദ സംസ്‌കാരത്തിന്റെ ശോഭ കെടുത്തിക്കളയുന്നു എന്ന് സമര്‍ഥിക്കുകയാണ് ഈ ലക്കത്തില്‍ മുഹമ്മദ് ശമീം എഴുതിയ ലേഖനത്തില്‍.
Comments