'വികാസ്.. ബുള്‍ഡോസറുകളേക്കാളും മണ്ണുമാന്തികളേക്കാളും ഭയങ്കരമാണത്'
അനവധി അരികുവല്‍കൃതരെയും ഇരകളെയും സൃഷ്ടിക്കുന്ന, ചെലവേറിയ പ്രക്രിയയുടെ പേരാണിന്ന് വികസനം! 'വികസനത്തിന്റെ അഭയാര്‍ഥികളാ'ല്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു ലോകം.
സ്വാതന്ത്ര്യലബ്ധി മുതലിന്നോളം ഇന്ത്യാ രാജ്യം സൃഷ്ടിച്ച വികസന ഇരകളുടെ എണ്ണം മാത്രം 60-65 ദശലക്ഷം വരും. ഇതില്‍ നാല്‍പത് ശതമാനം ഗോത്രവര്‍ഗക്കാരും നാല്‍പത് ശതമാനം ദലിത്-കര്‍ഷക വിഭാഗങ്ങളുമാണെന്ന് കണക്കുകള്‍ പറയുന്നു.
വികസനം കശക്കിയെറിഞ്ഞ ഒരു പറ്റം മനുഷ്യരുടെ വേദനകള്‍ ഒപ്പിയെടുത്ത നോവലാണ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്ന സാറാ ജോസഫിന്റെ 'ബുധിനി'.
ഝാര്‍ഖണ്ഡിന്റെ കിഴക്കനതിര്‍ത്തിയില്‍ പശ്ചിമ ബംഗാളിനോട് ചേര്‍ന്നു കിടക്കുന്ന സാന്താള്‍ പര്‍ഗാനയില്‍പെട്ട കര്‍ബോന ഗ്രാമത്തിലെ സാന്താള്‍ ഗോത്രക്കാരിയായ പതിനഞ്ചുകാരി ബുധിനി മെജാന്‍ എന്ന പെണ്‍കുട്ടിയാണ് നോവലിലെ മുഖ്യ കഥാപാത്രം. ബുധിനിയുടെ ജീവിതം അപ്പടി പകര്‍ത്തിയ ഒന്നല്ല പക്ഷേ, ഇത്.
ചരിത്രത്തിന്റെ മണ്ണും ഭാവനയുടെ വെള്ളവും ആവശ്യത്തിന് ചേര്‍ത്ത് രൂപപ്പെടുത്തിയ മനോഹര രചനാ ശില്‍പമാണ് 'ബുധിനി'.
ജവഹര്‍ലാല്‍ നെഹ്‌റു, അണക്കെട്ടുകളെ തന്റെ 'സ്വപ്‌ന മഹാ ക്ഷേത്രങ്ങളെ'ന്നാണ് വിശേഷിപ്പിച്ചത്. 'ബംഗാളിന്റെ ദുഃഖ'മായ ദാമോദര്‍ വാലി നദിക്ക് കുറുകെ 1959-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പാഞ്ചേത് അണക്കെട്ട്, 5000 കുടുംബങ്ങളില്‍നിന്നായി 75000 മനുഷ്യരെയാണ് സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കിയത്. ദാമോദര്‍ നദിയല്ല, അണക്കെട്ടായിരുന്നു ഗ്രാമങ്ങളെ മുക്കിക്കളഞ്ഞ കൊടും പ്രളയത്തിന് കാരണമായത്.
നൂറുകണക്കിന് ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. അഭയാര്‍ഥികളായി അലയാന്‍ വിധിക്കപ്പെട്ട ഇരകള്‍ക്ക് നേരെ നീതിയുടെ കണ്ണുകള്‍ ഇറുകിയടഞ്ഞു. അവരെ, വിഭജനത്തിന്റെ ഇരകളുടെ കണക്കില്‍പെടുത്തി, വികസനം ഒരിക്കലും അഭയാര്‍ഥികളെ സൃഷ്ടിക്കുന്നില്ലെന്ന് വരുത്താനാണ് ഭരണകൂടം ശ്രമിച്ചത്.
ഡാം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ട നെഹ്‌റു, അണക്കെട്ടിലെ പതിനായിരക്കണക്കിന് തൊഴിലാളികളില്‍ ആരെങ്കിലുമാവണം ഇത് നാടിന് സമര്‍പ്പിക്കേണ്ടത് എന്നാഗ്രഹിച്ചു. നെഹ്‌റുവിനെ സ്വീകരിക്കാന്‍ ഡി.വി.സി (ദാമോദര്‍ വാലി കോര്‍പറേഷന്‍) കണ്ടെത്തിയത് ബുധിനി മെജാന്‍ എന്ന പതിനഞ്ചുകാരി ആദിവാസി തൊഴിലാളിയെ. നെഹ്‌റുവിനെ അവള്‍ മാലയിട്ട് സ്വീകരിച്ചു; നെഹ്‌റു തിരിച്ചും.
സ്ത്രീപുരുഷന്മാര്‍ പരസ്പരം മാലയിട്ടാല്‍ വിവാഹിതരായി എന്നായിരുന്നു സാന്താള്‍ ഗോത്ര സങ്കല്‍പം. ഗോത്രത്തിലെ അംഗം അന്യഗോത്രക്കാരനെ (ദികു) വിവാഹം കഴിക്കുകയെന്നത് ഗോത്രാചാരദൃഷ്ടിയില്‍ മഹാപാപമായാണ് കണ്ടിരുന്നത്. അത് ചെയ്തവര്‍ 'ബിത് ലാഹ' എന്ന ഊരുവിലക്കിന് വിധേയമാകണം എന്നാണ് ഗോത്രനിയമം. അണക്കെട്ട് നാടിന് സമര്‍പ്പിച്ചവളെന്ന താരപരിവേഷം തല്ലിക്കെടുത്തിയ ശേഷമവര്‍ ബുധിനിയെ കൊടിയ പീഡനങ്ങളേല്‍പിച്ചു. ഗോത്രനിയമം എതിരായതിനാല്‍, ആചാരലംഘനത്തിന്റെ പേരില്‍ അവളെയവര്‍ ഗ്രാമത്തില്‍നിന്ന് പടിയടച്ച് പിണ്ഡം വെച്ചു... അതിക്രൂരമായി വേട്ടയാടി...
മര്‍ദനപീഡകളില്‍നിന്ന് രക്ഷതേടി, കാടും മേടും താണ്ടി ഓടിത്തളര്‍ന്നൊടുവില്‍, ഒരു ഖനിയിലകപ്പെട്ട, മുറിവേറ്റ ആത്മാവും വിഴുപ്പുഭാണ്ഡമായി മാറിയ ശരീരവുമായി വീണു കിടന്ന ബുധിനിയെ സാന്താളോ ആദിവാസിയോ അല്ലാത്ത ബ്രാഹ്മണനായ ദത്തയാണ് രക്ഷപ്പെടുത്തുന്നത്. പിന്നീടയാള്‍ അവളെ ജീവിതത്തിലേക്കും കൂടെക്കൂട്ടി.
നെഹ്‌റുവിന്റെ 'ഗോത്ര വധു'വായി ചാപ്പകുത്തപ്പെട്ട അവളെ, ജോലിയില്‍നിന്ന് ഡി.വി.സി പിരിച്ചുവിട്ടു. പിന്നീട് 27 വര്‍ഷത്തെ ഇടവേളക്കു ശേഷം രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് ജോലി തിരികെ ലഭിക്കുന്നത്.
സാന്താളുകാരുടെ ഓര്‍മയില്‍നിന്ന് പോലും ബുധിനി മെജാന്‍ പതിയെ മായ്ക്കപ്പെട്ടിരുന്നു. അവള്‍ മരിച്ചു എന്ന് എല്ലാവരും കരുതി. എന്നാല്‍ വിസ്മയമെന്നോണം, ബുധിനി ജീവിച്ചിരിക്കുന്നുവെന്ന് രൂപി മുര്‍മു ഒരു ലേഖനത്തില്‍ വായിച്ചറിയുന്നു.ദല്‍ഹിയില്‍ ഗവേഷണ ജോലികളില്‍ നിരതയായ ബുധിനിയുടെ അകന്ന ബന്ധു കൂടിയായ രൂപി മുര്‍മു, ഫോട്ടോഗ്രാഫറായ സുഹൃത്ത് സുചിത്രയോടൊപ്പം ബുധിനിയെ കണ്ടെത്താനായി നടത്തിയ നിരന്തര യാത്രകളിലൂടെയും അന്വേഷണങ്ങളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. ആ അന്വേഷണ ഘട്ടങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടുന്നവരിലൂടെ കര്‍ബോനക്കാരുടെയും സാന്താള്‍ ഗോത്രക്കാരുടെയും പോരാട്ടജീവിതം അതീവ ചാരുതയോടെ നോവലിസ്റ്റ് വരച്ചുവെക്കുന്നുണ്ട്.
'മഹാക്ഷേത്രങ്ങളുടെ മറുവശം' എന്ന സ്വന്തം പുസ്തകത്തിലൂടെ അണക്കെട്ട് ഉള്‍പ്പെടെയുള്ള നെഹ്‌റുവിയന്‍ വികസന പദ്ധതികള്‍ പേറുന്ന, ജനദ്രോഹത്തിന്റെ ഒരു നഖചിത്രം രൂപി മുര്‍മു പുറത്തു കൊണ്ടുവന്നിരുന്നു.
ബുധിനിയുടെ ഗ്രാമമായ കര്‍ബോനയിലെ ജനങ്ങള്‍, സ്വന്തം മണ്ണിനെയും പ്രകൃതിയെയും പുഴയെയും സര്‍വസ്വമായി ഗണിക്കുന്ന നിഷ്‌കളങ്കഹൃദയരാണ്. തങ്ങളുടെ ജീവിതത്തിലെ സകല പുരോഗതികളുടെയും നിദാനം പുഴയും കാടുമാണെന്ന് വിശ്വസിച്ചുറച്ചവര്‍. ആ പ്രകൃതിയാം സ്വര്‍ഗത്തില്‍നിന്നുള്ള വേര്‍പെടല്‍ ആത്മാഭിമാനികളായ അവര്‍ക്ക് അപമാനമായാണ് അനുഭവപ്പെടുന്നത്.
സാന്താളുകളുടെ വിശ്വാസപ്രകാരം, അവര്‍ 'ബോംഗകളെ'ന്ന് വിളിക്കുന്ന, മരിച്ചവരോടൊപ്പമാണ് അവരുടെ ജീവിതം. മനുഷ്യരും ബോംഗകളും ഉള്‍പ്പെട്ട ഒരു ഇരട്ട ലോകമാണ് അവരുടെ സങ്കല്‍പത്തിലുള്ളത്. വൃക്ഷങ്ങളും ജലസ്രോതസ്സുകളും പാറയിടുക്കുകളുമൊക്കെയാണ് ബോംഗകളുടെ താവളം.
ബുധിനി മെജാന്റെ വിവിധ ജീവിത ഘട്ടങ്ങളുടെ ആവിഷ്‌കാരം നോവലിന്റെ ഒരു പ്രധാന ഭാഗമാണ്.
അതേസമയം, ദാമോദര്‍ നദിയുടെ ഇരുകരകളിലുമായി താമസിക്കുന്ന ഏഴു ഗോത്രങ്ങളും അനേകം ഉപഗോത്രങ്ങളും ഉള്‍ക്കൊള്ളുന്ന 'സാന്താളുകള്‍' എന്ന ആദിവാസി വിഭാഗത്തിന്റെ അധിനിവേശക്കാര്‍ക്കെതിരിലുള്ള പോരാട്ടവീര്യം സ്ഫുരിക്കുന്ന ചരിത്രവഴികളിലൂടെയും നോവല്‍ സഞ്ചരിക്കുന്നു. ആ പാരമ്പര്യത്തിന്റെ ഊര്‍ജപ്രവാഹമാണ് നോവലിന്റെ ആശയപരമായ കരുത്ത്.
ദാമോദര്‍ നദിയില്‍ അണകെട്ടാനൊരുങ്ങിയ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ സമരം ചെയ്ത് കൊല്ലപ്പെട്ട വിശ്വനാഥ് ഹസ്ദ സാന്താളുകളുടെ എക്കാലത്തെയും പ്രചോദനമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ചൂഷണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും കച്ചവട താല്‍പര്യങ്ങള്‍ക്കുമെതിരെ പതിനായിരത്തോളം സാന്താളുകളെ സംഘടിപ്പിച്ച് സമരം ചെയ്ത് രക്തസാക്ഷിത്വം വരിച്ച തില്‍ക്കാമാജി, അവര്‍ക്ക് കണ്ണിലുണ്ണിയും വീരനായകനുമാണ്. വെള്ളപ്പട്ടാളത്തിന് നിരന്തര തലവേദനയായ ആ പോരാളിയെ സാഹസിക ശ്രമങ്ങള്‍ക്കൊടുവില്‍ കീഴ്‌പ്പെടുത്തി, കിട്ടിയേടത്തു നിന്ന് ഭഗല്‍പൂര്‍ വരെ കുതിരയുടെ വാലില്‍ കെട്ടി വലിച്ച് കൊണ്ടുപോവുകയും ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കെ, മരത്തില്‍ കെട്ടിത്തൂക്കി ആനന്ദനൃത്തം ചവിട്ടുകയും ചെയ്ത കഥകള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു സാന്താളും തേങ്ങിക്കരയുമായിരുന്നു. അവരുടെ കളിരൂപങ്ങളില്‍ പോലും സാന്താളുകളും വെള്ളക്കാരും തമ്മിലെ യുദ്ധം ഇടം പിടിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം 1857-ലെ ശിപായി ലഹളയില്‍നിന്നല്ല, അതിനും മുക്കാല്‍ നൂറ്റാണ്ട് മുമ്പ് 1771-ല്‍ ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ സാന്താളുകള്‍ നടത്തിയ സമരം മുതലാണ് ആരംഭിക്കുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ദയാനന്ദ ടു ഡു രൂപിയോടും സംഘത്തോടും പറയുന്നുണ്ട് നോവലില്‍.
സ്വന്തം മണ്ണില്‍നിന്ന് കുടിയൊഴിപ്പിക്കാന്‍ വന്ന അധികാരിവര്‍ഗത്തിനോട് ഏറ്റുമുട്ടി രക്തസാക്ഷ്യം വരിച്ച മുന്‍ഗാമികളുടെ തീക്ഷ്ണമായ ഓര്‍മയില്‍ ജീവിക്കുന്നവരില്‍ പോരാട്ടത്തിന്റെ കനല്‍ അണയാതെ നില്‍ക്കുക സ്വാഭാവികം. അവരിലെ കെട്ടുപോകാത്ത ആ പോരാട്ടവീര്യം അതിജീവനത്തിന്റെയും അന്തസ്സിന്റെയും അഭിമാനമാര്‍ഗമായി ഇടനെഞ്ചില്‍ ആവാഹിച്ചവരാണ് സാന്താളുകള്‍. പരിസ്ഥിതി - പ്രകൃതി സ്‌നേഹികളുടെ പ്രചോദന പുസ്തകമായി 'ബുധിനി' സ്ഥാനപ്പെടുന്നത് വായനക്കാരന് ഇതിന്റെ താളുകളിലൂടെ അനുഭവിച്ചറിയാം.
സര്‍വ നിയമങ്ങളും കാറ്റില്‍ പറത്തി, സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കുന്നതിനെതിരില്‍ പ്രതിഷേധിക്കുന്നവരെ ഉന്തി മാറ്റി, യന്ത്രങ്ങള്‍ ഉപയോഗിച്ച് അവരുടെ കിടപ്പാടങ്ങള്‍ മറിച്ചിടുന്ന അധികാരികളെ മുന്‍നിര്‍ത്തി രൂപി മുര്‍മുവിനോട് ഗ്രാമത്തിന്റെ പൂര്‍വ ചരിത്രം നന്നായറിയുന്ന സോമനാഥ് ഹെബ്രോം പറയുന്ന വാചകം മൂര്‍ച്ചയേറിയതാണ്: 'നിയമങ്ങളെ അവര്‍ ഒരു അശ്ലീല വാക്ക് കൊണ്ട് നേരിടും രൂപീ മേയീ.... വികാസ്..... ബുള്‍ഡോസറുകളേക്കാളും മണ്ണുമാന്തികളേക്കാളും ഭയങ്കരമാണത്.'
മനഷ്യനു വേണ്ടിയുള്ള നിയമങ്ങളെ ചവിട്ടിമെതിച്ച് വികസനം എന്ന സുന്ദരാശയത്തെ മനുഷ്യവിരുദ്ധമായി അപനിര്‍മിക്കുന്നതിന്റെ നേര്‍ചിത്രമാണിത് നമുക്ക് നല്‍കുന്നത്.
ഒടുവില്‍, ഏറെ നാളത്തെ സാഹസികമായ അന്വേഷണയാത്രകള്‍ക്കു ശേഷം അവര്‍ ബുധിനിയെ കണ്‍കുളിര്‍ക്കെ കണ്ടു. കാത്തു കാത്തിരുന്ന മുഹൂര്‍ത്തം! എഴുപത് പിന്നിട്ട ബുധിനി വല്യുമ്മ അവരിലേക്ക് വന്നണയുന്നത് ഇങ്ങനെ വായിക്കാം: ''നദിയെ അണിഞ്ഞവള്‍! അലകളായും ചുഴികളായും ഒഴുക്കായും വാതില്‍ തുറന്നിറങ്ങി വരികയാണ് ഒരു നദി. രൂപി മുര്‍മു ശ്വാസമടക്കിപ്പിടിച്ചു നിന്നു. അവളൊറ്റക്കല്ല ഇറങ്ങി വരുന്നത്. സ്വന്തം മണ്ണില്‍നിന്ന് പിഴുതെറിയപ്പെട്ട കോടാനുകോടി മനുഷ്യരുടെയും അനന്തവിസ്തൃതമായ കാടുകളുടെയും നൂറുകണക്കിന് ഗ്രാമങ്ങളുടെയും വയലുകളുടെയും ഒരു മഹാ പ്രവാഹമായിരുന്നു അത്!'' (പേജ്: 344).
Comments