Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

കാനഡയിലെ മുസ്‌ലിംകള്‍ അവസരങ്ങളും വെല്ലുവിളികളും

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ

കാനഡ വകവെച്ചുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും അവിടത്തെ മുസ്‌ലിംകളെകുറിച്ചും എഴുതുമ്പോള്‍ ഒരു കഥ പറഞ്ഞ് തുടങ്ങാം.
രാജ്യത്ത് ഇസ്‌ലാം ഭീതി പരത്തുന്നതില്‍ കുപ്രസിദ്ധരായിരുന്ന കെവിന്‍ ജോണ്‍സ്റ്റണ്‍, റാണേന്ദ്ര 'റോണ്‍'ബാനര്‍ജി എന്നിവരുമായി ബന്ധപ്പെട്ട കേസില്‍ ഒണ്ടേറിയോ സുപ്രീം കോടതി ജഡ്ജിയുടെ ചരിത്രപ്രധാന വിധിയുമായി ബന്ധപ്പെട്ട കഥ.
ഇരുവര്‍ക്കുമെതിരെ കേസ് നല്‍കിയിരുന്നത് റസ്റ്റൊറന്റ് നടത്തിപ്പുകാരനായ മുഹമ്മദ് ഫഖീഹ്. വ്യക്തിഹത്യ, ഇസ്‌ലാമിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു പരാതി.
സമാനതകളില്ലാത്ത വിധിയായിരുന്നു കേസിലുണ്ടായത്. അതുകൊണ്ടുതന്നെ കാനഡയിലുടനീളം മാധ്യമങ്ങളില്‍ അത് വലിയ തലക്കെട്ടാവുകയും ചെയ്തു. കാനഡയില്‍ ഏറ്റവും പ്രചാരമുള്ള ടൊറാേണ്ടോ സ്റ്റാര്‍ (Toronto Star) വാര്‍ത്തക്ക് തലക്കെട്ടു നല്‍കിയത് 'വിദ്വേഷപ്രസംഗം പാരമ്യത്തില്‍' എന്നായിരുന്നു. സി.ബി.സി (CBC  National) ദേശീയ റേഡിയോ, ടെലിവിഷന്‍ ശൃംഖല നല്‍കിയത് 'റസ്റ്റൊറന്റ് ഉടമക്കെതിരായ വിദ്വേഷപ്രസംഗം: കെവിന്‍ ജോണ്‍സ്റ്റണ് 25 ലക്ഷം ഡോളര്‍ പിഴ'എന്നും.
പാരമൗണ്ട് ഫൈന്‍ ഫൂഡ്‌സ് (Paramount Fine Foods)  എന്ന പേരില്‍ രാജ്യത്ത് പ്രശസ്തമായ ഒരു ഭക്ഷ്യവിതരണ ശൃംഖല നടത്തിവരികയായിരുന്നു മുഹമ്മദ് ഫഖീഹ്.
കെവിന്‍ ജോണ്‍സ്റ്റണും റോണ്‍ ബാനര്‍ജിയും ചേര്‍ന്ന് ഓണ്‍ലൈന്‍ വീഡിയോകള്‍, അഭിമുഖങ്ങള്‍ തുടങ്ങിഎണ്ണമറ്റ മാര്‍ഗങ്ങളിലൂടെ ഫഖീഹിന്റെ മതത്തെയും വ്യക്തിത്വത്തെയും പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കുന്ന വിധത്തില്‍ നിരന്തരം പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. അതിലൊന്ന് സംഭവിച്ചത് ഒരു ഷോപ്പിങ് മാളില്‍ ഫഖീഹ് സ്വന്തം മക്കള്‍ക്കൊപ്പം നില്‍ക്കുമ്പോഴും.
ഏറ്റവുമൊടുവില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്, ഫഖീഹിന്റെ റസ്റ്റൊറന്റിനു മുന്നില്‍ ജോണ്‍സ്റ്റണും ബാനര്‍ജിയും ചേര്‍ന്ന് നടത്തിയ പ്രതിഷേധപരിപാടിയിലാണ്. 2017 ജൂലൈ 20-ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ലിബറല്‍ പാര്‍ട്ടിയുടെ ഒരു ധനസമാഹരണപരിപാടി അവിടെ നടക്കുകയായിരുന്നു. ഫഖീഹ് ഭീകരതയെ പിന്തുണക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ അതേസമയത്തുതന്നെ, ജോണ്‍സ്റ്റണ്‍ പോസ്റ്റ് ചെയ്യുന്നു. 'നിങ്ങള്‍ ഒന്നുകില്‍ ജിഹാദി ഭീകരനാകുക, അല്ലെങ്കില്‍ മറ്റൊരുത്തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തവനാകുക- എങ്കില്‍ നിങ്ങള്‍ക്ക് റസ്റ്റൊറന്റിലേക്ക് ക്ഷണമുണ്ട്'- എന്നായിരുന്നു വീഡിയോയിലെ പരാമര്‍ശം.
മിസിസോഗ (City of Mississauga) നഗരത്തിന്റെ മേയര്‍ പദവിയിലേക്ക് ഒരിക്കല്‍ മത്സരരംഗത്തുണ്ടായിരുന്ന ജോണ്‍സ്റ്റണ്‍ സ്വന്തമായി നിരവധി ഓണ്‍ലൈന്‍ വേദികളുടെ നടത്തിപ്പുകാരനായിരുന്നു. ഒരു യൂടൂബ് ചാനല്‍, സ്വന്തം വെബ്‌സൈറ്റ്, ഫേസ്ബുക്ക്- ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങിയവ ഉദാഹരണം.
കാനഡയില്‍ ഹിന്ദുത്വകാമ്പയിന്റെ മുന്നണിപ്പോരാളിയും 'കനേഡിയന്‍ ഹിന്ദു അഡ്വക്കസി' (Canadian Hindu Advocacy) സംഘടനയുടെ അമരക്കാരനുമാണ് ബാനര്‍ജി. ഒരു തീവ്രവാദ സംഘടനയാണെന്ന് ഇതിനെ വിശേഷിപ്പിച്ചത് കനേഡിയന്‍ പത്രമായ 'സ്റ്റാര്‍'തന്നെ. 'സിഖ്, മുസ്‌ലിം മതമൗലിക വാദികളില്‍നിന്നുള്ള അടിച്ചമര്‍ത്തലും പകയും ചെറുക്കാനുള്ളതാണ് സംഘടന'യെന്ന് ബാനര്‍ജി സ്വയം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ ആക്രമണം അഴിച്ചുവിടുന്നതില്‍ അഭിമാനം കൊള്ളുന്ന 'റൈസ് കാനഡ' (Rise Canada) എന്ന സംഘടനയുടെ മുതിര്‍ന്ന ഉപദേശകന്‍  കൂടിയാണ് അദ്ദേഹം. ജോണ്‍സ്റ്റനെപ്പോലെ ബാനര്‍ജിക്കുമുണ്ട് ഓണ്‍ലൈനില്‍, വിശിഷ്യാ സമൂഹമാധ്യമങ്ങളില്‍ നിരവധി വേദികള്‍.
മാന്യതയുടെയും മര്യാദയുടെയും സകല സീമകളും ഉല്ലംഘിക്കുന്നതാണ് ഇസ്‌ലാമിനെതിരായ ബാനര്‍ജിയുടെ വായ്ത്താരികള്‍. സഹിഷ്ണുതയും വൈവിധ്യവും പേറുന്നവയെന്ന് കാനഡയെയും ഹിന്ദുത്വത്തെയും വിശേഷിപ്പിക്കുന്ന അയാളുടെ കാനഡയില്‍ പക്ഷേ, മുസ്‌ലിംകള്‍ക്ക് ഇടമില്ല. രാജ്യത്ത് മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കണമെന്നും ലോകത്തുടനീളം നാഗരികത അടയാളപ്പെട്ട രാജ്യങ്ങള്‍ ഇത് പിന്തുടരണമെന്നുമാണ് ആവശ്യം.
വീഡിയോയില്‍ ജോണ്‍സ്റ്റണൊപ്പം പ്രത്യക്ഷപ്പെട്ട ബാനര്‍ജിക്കെതിരെയും ഫഖീഹ് കേസ് നല്‍കിയിരുന്നു. പക്ഷേ, കൗശലക്കാരനായ ബാനര്‍ജി കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനിറങ്ങുകയും പരസ്യമായി മാപ്പുപറഞ്ഞ് ഓണ്‍ലൈനില്‍ പോസ്റ്റ്‌ചെയ്ത് കേസില്‍നിന്ന് തല്‍ക്കാലം തടിയൂരുകയും ചെയ്തു. നഷ്ടപരിഹാരമായി 25,000 ഡോളറും വാഗ്ദാനം ചെയ്തു.  
''മതത്തിന്റെ പേരില്‍ ഫഖീഹിനെ ആക്രമിച്ചത് തെറ്റായെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത്തരം വെറുപ്പിന് കാനഡയില്‍ ഇടമില്ല. ഈ മാപ്പപേക്ഷ വായിക്കുന്നവര്‍ എന്റെ ഭാഗത്തുനിന്ന് സംഭവിച്ച അബദ്ധം മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു''- മാപ്പപേക്ഷ ഇങ്ങനെ.
സമാന വാക്കുകളുമായി വീഡിയോ മാപ്പപേക്ഷയും പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും ചെയ്തതു മതിയെന്നായിരുന്നു ഫഖീഹിന്റെ പക്ഷം. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയും കള്ളം പ്രചരിപ്പിക്കുകയും ചെയ്ത് രക്ഷപ്പെടാമെന്ന് കരുതുന്നവര്‍ക്കെതിരായ കടുത്ത സന്ദേശമാണിതെന്ന് ഫഖീഹ് പ്രതികരിച്ചു. സംഭവത്തിനുശേഷം തന്റെ കുടുംബത്തിനുായ വേദനകള്‍ക്ക് നേരിയ ആശ്വാസം ലഭിച്ചതായി അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാവുന്നു.
ജോണ്‍സ്റ്റണ്‍ പക്ഷേ, കോടതി നടപടികളുമായി മുന്നോട്ടുപോയി. നേരത്തേ പീല്‍ മുനിസിപ്പാലിറ്റിയി  (Peel Municipality) ലെ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനും കേസ് നേരിടുന്നയാളാണ് ജോണ്‍സ്റ്റണ്‍.
ഒടുവില്‍ 2019 മേയ് 13-ന് ഒറേിയോ സുപ്രീംകോടതി ജസ്റ്റീസ് ജെയിന്‍ ഫെര്‍ഗുസണ്‍ കേസില്‍ മുഹമ്മദ് ഫഖീഹിന് അനുകൂലമായി വിധി പറഞ്ഞു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാനനഷ്ടവിധിയായിരുന്നു ഇത്.
പുതിയ ചട്ടം സൃഷ്ടിക്കുന്ന ഈ വിധി, ഇസ്‌ലാംഭീതിയും വിദ്വേഷവും കടുത്ത ഭീഷണിയായി മാറിയ കാനഡയിലെ മുസ്‌ലിംകള്‍ക്ക് ആശ്വാസദായകവുമാണ്.
'മറ്റുള്ളവരുടെ മതങ്ങളെ നിന്ദിക്കാനും മതന്യൂനപക്ഷങ്ങളെ ആക്രമിക്കാനും സ്വയം ഇറങ്ങിപ്പുറപ്പെട്ട കുറേ പേരുള്ള കാലത്ത് കോടതി നേരിട്ട് ഇടപെട്ട് കൃത്യമായ ലക്ഷ്മണരേഖ വരച്ചത് ആശ്വാസകരമാണെ'ന്ന് ഫഖീഹിന്റെ അഭിഭാഷകന്‍.
'നവ മാധ്യമങ്ങളും ഇന്റര്‍നെറ്റും സമൂഹത്തിലെ ഇരുണ്ട ശക്തികള്‍ക്ക് കൂടുതല്‍ ഇടം നല്‍കുന്ന 21-ാം നൂറ്റാണ്ടിലാണ് ഈ കേസെന്നത് ശ്രദ്ധേയമാണെ'ന്ന് ജസ്റ്റിസ് ഫെര്‍ഗുസണ്‍ വിശേഷിപ്പിക്കുന്നു.
25 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം സൈബര്‍ കേസുകളില്‍ റെക്കോര്‍ഡാണെന്ന് പറയുന്നത് പ്രമുഖ അഭിഭാഷകന്‍ റോണി മക്കോന്‍ചി. ഭാവിയില്‍ സമാന കേസുകളിലെ വിധികളില്‍ ഇത് കീഴ്‌വഴക്കമായി മാറുമെന്നും ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് അപരനെ അപമാനിക്കുന്നവനിത് കടുത്ത മുന്നറിയിപ്പാണെന്നും മറ്റൊരു അഭിഭാഷകനായ റിച്ചാര്‍ഡ് ഡിയര്‍ഡെന്‍.

വെല്ലുവിളികള്‍, അവസരങ്ങള്‍
ഈ സംഭവം കാനഡയിലെ മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും കൃത്യമായി നിര്‍ധാരണം ചെയ്യുന്നുണ്ട്. കടുത്ത സംഘര്‍ഷങ്ങള്‍ക്കു മധ്യേയാണ് കാനഡയില്‍ അവരുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുള്‍പ്പെടെ മറ്റെവിടെയും കാണാനാവുന്നതിന്റെ നേര്‍ പകര്‍പ്പ്. ഭാഗ്യവശാല്‍, കാനഡയില്‍, സ്വതന്ത്രവും ശക്തവുമായ സ്ഥാപനങ്ങളുണ്ട്: ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനും അനീതിക്കും അടിച്ചമര്‍ത്തലിനും ഇരയായവര്‍ക്ക് നീതി ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങള്‍.
ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഭൂരിപക്ഷത്തിന്റെ ആധിപത്യമോഹങ്ങളില്‍ വീണുടഞ്ഞു പോകുമായിരുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ കൂടുതല്‍ ഭദ്രവും സുരക്ഷിതവുമാണ്. മറ്റു പല രാജ്യങ്ങളിലും നേര്‍വിപരീതമായിക്കൊിരിക്കുകയാണല്ലോ.
ലബനാനില്‍നിന്ന് കുടിയേറിയ വ്യവസായിയും സാമുദായിക നേതാവും ജീവകാരുണ്യപ്രവര്‍ത്തകനുമാണ് മുഹമ്മദ് ഫഖീഹ്. ആഭ്യന്തരയുദ്ധത്തില്‍നിന്ന് രക്ഷപ്പെട്ടാണ് അദ്ദേഹം കാനഡയിലെത്തുന്നത്. മര്‍ദകഭരണകൂടങ്ങളില്‍നിന്ന് രക്ഷേെപ്പട്ടാടി മറുകര പിടിച്ച എണ്ണമറ്റ അഭയാര്‍ഥികളിലൊരാള്‍.
കുടിയേറ്റക്കാരാല്‍ സമൃദ്ധമാണ് കാനഡ. ഫഖീഹിനെപ്പോലെ സംരംഭകരും കഠിനാധ്വാനികളുമായ നിരവധി പേരുടെ വിയര്‍പ്പിന്റെ കരുത്തിനാല്‍ തിടംവെച്ചു വളര്‍ന്ന നാട്. കുടിയേറ്റക്കാര്‍ ലോകത്തിന്റെ നാനാദിക്കുകളില്‍നിന്നും അണമുറിയാതെയാണ് ഇവിടെ ഒഴുകിയെത്തിയത്. ഇത്രയും സാംസ്‌കാരിക വംശീയ വൈജാത്യം മറ്റെവിടെയെങ്കിലും കാണാനാകുമോ എന്നുപോലും സംശയം.
പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെപറയും: ''ഭിന്നതകള്‍ പലതുണ്ടായാലും എങ്ങനെ കൂടുതല്‍ ശക്തരാകാമെന്ന് കാനഡ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിലും നമുക്ക് കരുത്താകുക ഇതുതന്നെയാകും. വൈവിധ്യത്തോടും വൈജാത്യത്തോടുമുള്ള പ്രതിബദ്ധത കാനഡക്കാര്‍ അത്രമേല്‍ ലാളിത്യമുള്ളവരും വിനയശീലരുമായതിന്റെ പേരിലൊന്നുമല്ല, അവര്‍ അങ്ങനെയാണേലും. മറിച്ച്, കാനഡയെയും അതുവഴി ലോകത്തെയും കൂടുതല്‍ മെച്ചപ്പെട്ട, സുരക്ഷിതമായ മണ്ണാക്കാനുള്ള ഉറച്ച സമീപനത്തിന്റെ ഫലമാണത്.''
അഭയാര്‍ഥികളിലേറെയും കാനഡയിലെത്തിയത് വെറും കൈയോടെയാണ്. കഠിനാധ്വാനത്തിലൂടെ അവര്‍ സ്വന്തം സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തതിനൊപ്പം രാജ്യത്തിന്റെ പുരോഗതിയിലും പങ്കുവഹിച്ചു. അവരില്‍ തലപ്പൊക്കമുള്ള വ്യക്തിത്വങ്ങളിലൊരാളാണ് മുഹമ്മദ് ഫഖീഹ്.
ഒരൊറ്റ റസ്റ്റൊറന്റിലായിരുന്നു തുടക്കം. നിലവില്‍ 60 റസ്റ്റൊറന്റുകളിലേക്ക് വളര്‍ന്ന ഈ ശൃംഖല അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്നു. സാമര്‍ഥ്യവും ചടുലതയും ദീര്‍ഘദൃഷ്ടിയും സമംചേര്‍ന്ന അദ്ദേഹം സാമുദായികവിഷയങ്ങളില്‍ സജീവസാന്നിധ്യവുമാണ്. നൂറുകണക്കിന് സിറിയക്കാര്‍ക്ക് തൊഴില്‍ നല്‍കുകയോ അവരെ സ്‌പോണ്‍സര്‍ ചെയ്യുകയോ ചെയ്തു അദ്ദേഹം. ഒപ്പം, കാനഡയിലെ സുപ്രധാന ജീവകാരുണ്യ സംരംഭങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സുമാണ്. കാനഡയിലെ സമൂഹത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മുന്‍നിര്‍ത്തി 2018-ല്‍ റയേഴ്‌സണ്‍ യൂനിവേഴ്‌സിറ്റി(Ryerson University) അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി.
രാജ്യത്തിന്റെ ഈ തുറന്ന മനസ്സായിരുന്നു മുഹമ്മദ് ഫഖീഹിനും അതുപോലുള്ളവര്‍ക്കും എല്ലാം നല്‍കിയത്.
ഇങ്ങനെയൊക്കെയാണെങ്കിലും, കാനഡ എല്ലാം തികഞ്ഞതെന്ന് പറയാനുമാകില്ല. ഇരുണ്ട ഒരു മറുവശവുണ്ട്. ഫസ്റ്റ് നേഷന്‍, ഇന്യൂട്ട്, മെറ്റിസ് വിഭാഗങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തലല്ല, ശരിക്കും വംശഹത്യയാണ് അരങ്ങേറിയത്. ജൂതര്‍, സിഖുകാര്‍, മുസ്‌ലിംകള്‍, ഹിന്ദുക്കള്‍ എല്ലാവരെയും ഒരിക്കല്‍ രാജ്യം നിരസിച്ചിട്ടുണ്ട്. കറുത്തവര്‍, ഏഷ്യന്‍ വംശജര്‍ തുടങ്ങി പലരോടും കടുത്ത വിവേചനം കാണിച്ചിട്ടുമുണ്ട്. കുട്ടികളെ ബാലപീഡനത്തിനിരയാക്കിയിട്ടുണ്ട്. അസഹിഷ്ണുത മുറ്റിനിന്ന ഇരുണ്ട കാലങ്ങള്‍...
അന്ന് കാണിച്ചതിനൊക്കെയും മാപ്പപേക്ഷിച്ച് തെറ്റുതിരുത്തലിന്റെ പാതയിലാണിന്ന് കാനഡ. അതാണ്, ഭീകരതയുടെയും പീഡനത്തിന്റെയും കഠിനപാതകള്‍ കടന്ന് എത്തിയവര്‍ക്ക് വെളിച്ചം പകരുന്നതും.
വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു ആശയധാരകളെയാണ് ഫഖീഹും ബാനര്‍ജിയും പ്രതിനിധാനം ചെയ്യുന്നത്. വൈവിധ്യത്തെ പുല്‍കാന്‍ വെമ്പുന്ന കാനഡയെയും ഹിന്ദുയിസത്തെയും ഒരേസമയം വാഴ്ത്തുന്ന ബാനര്‍ജി  മുസ്‌ലിംകളെയും സിഖുകാരെയും  അതില്‍നിന്ന് മാറ്റിനിര്‍ത്തും. വിദ്വേഷപ്രചാരണവും വെറുപ്പിന്റെ ഉല്‍പാദനവുമാണ് ബാനര്‍ജിയുടെ പ്രധാന ദൗത്യമെങ്കില്‍, അദ്ദേഹം മാറ്റിനിര്‍ത്താനാഗ്രഹിക്കുന്ന ഫഖീഹ് തന്റെ വിശ്വാസത്തെ കാനഡയുടെ നാനാത്വത്തോട് ചേര്‍ത്തുവെച്ചയാളാണ്. ഫഖീഹിന് ലഭിച്ച സംഭാവനകളുടെ ബാഹുല്യവും പൊതു-സ്വകാര്യ ഏജന്‍സികള്‍ നല്‍കിയ പുരസ്‌കാരങ്ങളും ഇത് തെളിയിക്കും. ബാനര്‍ജിയെയും സമാനമനസ്‌കരെയും ചൊടിപ്പിക്കുന്നതും ഇതുതന്നെ.
കാനഡ പുലര്‍ത്തുന്ന വൈവിധ്യവും സഹിഷ്ണുതയുമാണ് തന്നെ ഇവിടേക്ക് അടുപ്പിച്ചതെന്ന് പറയുന്ന ബാനര്‍ജി തന്നെ ഈ വൈവിധ്യത്തെ നശിപ്പിക്കാന്‍ പണിയെടുക്കുന്നത് വൈരുധ്യമായി തോന്നാം.
മുസ്‌ലിംകള്‍ക്കു മുമ്പിലെ വെല്ലുവിളി എത്രത്തോളം ഫഖീഹിനെ പോലെ ആകാന്‍ കഴിയുമെന്നുള്ളതാണ്; അതുവഴി തങ്ങളെ ഉന്മൂലനം ചെയ്യാനാഗ്രഹിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും.
വെറുപ്പ് മാത്രം തുപ്പിക്കൊിരുന്നവര്‍ക്കു മുന്നില്‍ പ്രതിഷേധിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നില്ല അദ്ദേഹം പ്രതികരിച്ചത്. മറിച്ച്, ജീവകാരുണ്യ പ്രവര്‍ത്തനമേഖല വിപുലീകരിച്ച് തന്റെ വ്യക്തിത്വത്തെയും സമുദായത്തെയും അദ്ദേഹം വളര്‍ത്തി. രാജ്യം കാത്തുപോരുന്ന മൂല്യം സ്വാംശീകരിച്ച് അത് ജീവിതമുദ്രയാക്കി.
അവകാശങ്ങള്‍ക്കുവേണ്ടി ഏതറ്റംവരെ നിലയുറപ്പിക്കണമെന്ന് ഫഖീഹ് കാണിച്ചുതരും. അടിച്ചമര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയവരെ എങ്ങനെ പിടിച്ചുകെട്ടാമെന്നും. ഒട്ടും ആയാസരഹിതമായിരുന്നില്ല ഈ ദൗത്യം. അതിനുവേണ്ടി അദ്ദേഹവും കൂടെയുള്ളവരും നന്നായി പൊരുതി. ഈ സഹനസമരം ഒടുവില്‍ ഫലം കാണുകയും ചെയ്തു. പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം നിന്ന സംഘമാണ് കനേഡിയന്‍ ആന്റിഹേറ്റ് നെറ്റ്‌വര്‍ക്(Canadian Anti-Hate Network). ബാനര്‍ജി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് വ്യവസ്ഥയെന്ന നിലക്ക് 25,000 ഡോളര്‍ നല്‍കിയപ്പോള്‍ തുക അദ്ദേഹം ഈ സംഘടനക്കാണ് കൈമാറിയത്.
സംഘടനയുടെ തലവന്‍ ബെര്‍ണി എം. ഫാബര്‍ ഇതേകുറിച്ച് പറയുന്നുണ്ട്: ''ധീരതയും പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയും എങ്ങനെയെന്ന് കാണിച്ചുതരുന്നു ഫഖീഹ്. വ്യക്തിപരമായി അതികഠിനമായ ഇസ്‌ലാംഭീതിയുടെ  ഇരയായിരിക്കെ ഫഖീഹ് സംസാരിച്ചത് വംശീയതയും വെറുപ്പും മതഭ്രാന്തും ഊതിക്കത്തിച്ച് ആക്രമണം നടത്തിയവര്‍ക്കെതിരെയാണ്. വിേദ്വഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏതറ്റം വരെയും നിയമത്തിന്റെ വഴി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.''
മതവിദ്വേഷത്തിനെതിരെ പൊരുതിയ ഏകവ്യക്തിയായിരുന്നില്ല ഫഖീഹ്. താന്‍ വഹിച്ച സാമൂഹികപദവിയാണ് അദ്ദേഹത്തിന് ഇത്രയേറെ മാധ്യമശ്രദ്ധ നല്‍കിയതെന്നു മാത്രം. മനുഷ്യാവകാശ കമീഷന്‍ പോലുള്ള സംഘടനകള്‍ വഴി പ്രതിവിധി തേടിയവരുടെ പട്ടിക പിന്നെയും നീളും. അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ എന്റെ ഇളയ മകള്‍ ഹാജറ അതിലൊരാളാണ്. ഒന്നിലേറെ കേസുകളില്‍ അവര്‍ വിജയം വരിച്ചിരുന്നു. അത്രയും വിദ്യാഭ്യാസമില്ലാത്തവരും സമാന കേസുകളില്‍ വിജയം കണ്ടിട്ടുണ്ട്.
സ്വന്തം ഭൂവുടമക്കെതിരെ കേസ് നടത്തി വിജയിച്ച മുസ്‌ലിം ദമ്പതികള്‍ മറ്റൊരു ഉദാഹരണം. കരാര്‍ കാലാവധി അവസാനിക്കുന്ന മുറക്ക് ഒഴിയാമെന്നും പുതിയ താമസക്കാര്‍ പരിശോധനക്ക് വരുന്നുവെങ്കില്‍ നേരത്തേ അറിയിക്കണമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. പരിശോധന പ്രാര്‍ഥനക്കിടയിലാക്കാതിരിക്കുന്നതിനും വേഷവിധാനം നല്ല രീതിയില്‍ തന്നെ എന്ന് ഉറപ്പുവരുത്തുന്നതിനുമായിരുന്നു ഇത്.
എന്നാല്‍, പരിശോധനക്ക് വരുമ്പോള്‍ അറിയിക്കണമെന്ന ആവശ്യം ശരീഅത്ത് അടിച്ചേല്‍പിക്കാനുള്ള ശ്രമമാണെന്നു പറഞ്ഞ് ഭൂവുടമ പുഛിച്ചുതള്ളി. ദമ്പതികള്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. 12,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കമീഷന്‍ വിധിക്കുകയും ചെയ്തു.  
സമാന അനുഭവമാണ് കാനഡയില്‍ സ്ഥിരതാമസമാക്കാമെന്ന തീരുമാനത്തിലേക്ക് എന്നെ നയിച്ചതും. പശ്ചിമേഷ്യയില്‍ ഏതാനും വര്‍ഷങ്ങള്‍ ചെലവിട്ട്, കാനഡയിലെത്തിയ ഞാന്‍ ആ രാജ്യം വിശ്വസിക്കുന്ന വിശാലതയില്‍ അത്ഭുതപ്പെട്ടു. മുസ്‌ലിംലോകത്തെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് നേര്‍വിപരീതമായിരുന്നു അത്.
മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ എന്റെ പ്രഫസര്‍ ഡോ. തഖിയ്യുദ്ദീന്‍ ഹിലാലി മുസ്‌ലിംലോകത്തെ കാര്യങ്ങളില്‍ പരിതപിച്ച് ഒരു കവിത കുറിച്ചിട്ടുണ്ട്. മേഘങ്ങളില്‍, മനുഷ്യര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളില്‍ കഴിയുന്നവരെന്ന് സ്വയം വിശ്വസിക്കുന്ന ഗവ. ഉദ്യോഗസ്ഥരുടെ മനോഭാവമാണ് അതില്‍ ഒന്നാമത്തേത്. എന്തെങ്കിലും സേവനം ആവശ്യപ്പെട്ട് തങ്ങള്‍ക്ക് മുന്നിലെത്തിയവരെ എപ്പോഴും നിന്ദയോടെയാണ് ഈ ഉദ്യോഗസ്ഥര്‍ കാണുക.
മറുവശത്ത്, കാനഡ നേര്‍വിപരീതമായിരുന്നു. ഒരിക്കല്‍, ഞാന്‍ കുടുംബസമേതം ലണ്ടന്‍ വഴി ടൊറാേയിലേക്ക് വരികയായിരുന്നു. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഒരു സോമാലി വനിത സഹായംതേടി എന്നെ സമീപിച്ചു. ഇംഗ്ലീഷ് വശമില്ലായിരുന്നു അവര്‍ക്ക്. ആര്‍ക്കും അവരെ മനസ്സിലാക്കാനുമാകുന്നില്ല. ഭാര്യയോട് ഞാന്‍ പറഞ്ഞു, കാനഡയില്‍ ഇറങ്ങുമ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ എന്തുചെയ്യുന്നുവെന്ന് നോക്കാം.
വിമാനമിറങ്ങിയതും ഈ വനിത പ്രത്യേക അതിഥിയാണെന്നു തോന്നിപ്പിച്ച് ദ്വിഭാഷി ഹാജരായി. വേണ്ടിടത്തൊക്കെയും അവരെ അനുഗമിച്ചു. ദുഃഖകരമെന്നു പറയെട്ട, മുസ്‌ലിം ലോകത്ത് ഇത്തരം അനുഭവങ്ങള്‍ വിരളം.
ടൊറാേണ്ടോ യൂനിവേഴ്‌സിറ്റിയിലും സമാന അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. ചരിത്രമുറങ്ങുന്ന ഹാര്‍ട് ഹൗസി(Hart House)ലെ സെന്‍ട്രല്‍ ഹാള്‍ തന്നെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് തുറന്നുനല്‍കി. പ്രതിവാര ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിളിന് ഇന്റര്‍നാഷ്‌നല്‍ സ്റ്റഡി സെന്ററും നമസ്‌കാരത്തിനായി സൗകര്യമുള്ള മുറി വേറെയും. ഭാഷയും വംശവും മതവും അടയാളപ്പെട്ട നൂറുകണക്കിന് സംഘടനകളിലൊന്നായി ഞങ്ങളുടെ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷനുമുണ്ടായിരുന്നു.
സാമുദായിക വിഷയങ്ങളില്‍ ഇടപെടുന്ന മസ്ജിദിലെ ഇമാമെന്ന നിലക്ക് പതിറ്റാണ്ട് നീണ്ട എന്റെ അനുഭവങ്ങള്‍ കാനഡയെക്കുറിച്ച് നല്ലതുമാത്രം പറയാനേ അവസരം നല്‍കുന്നുള്ളൂ. വിവിധ സ്ഥാപനങ്ങളുമായി ഇടപഴകാന്‍ ഇക്കാലയളവില്‍ സാധ്യമായി. പോരായ്മകളുള്ളപ്പോഴും രാജ്യത്തെ സംവിധാനങ്ങളില്‍ എന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന അനുഭവങ്ങള്‍. പള്ളി ഇമാമെന്ന നിലക്ക് പാസ്‌പോര്‍ട്ടിന് ശിപാര്‍ശക്കാരനായും രേഖകള്‍ ഒപ്പുവെച്ചും മറ്റു വിലപ്പെട്ട സേവനങ്ങള്‍ ചെയ്തും മതമേലധ്യക്ഷര്‍ക്ക് ലഭിച്ചുവന്ന സവിശേഷ അധികാരങ്ങള്‍ ഞാനും ചെയ്തുപോന്നു. കാനഡയുടെ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രയോഗിക്കാന്‍ അവസരമൊരുക്കുന്നവയായിരുന്നു ഞാന്‍ എഴുതിയിരുന്ന കത്തുകള്‍. ജുമുഅ നമസ്‌കാരത്തിന് സമയം അനുവദിക്കാന്‍, റമദാനില്‍ സമയക്രമീകരണത്തിന്, പെരുന്നാളിനും മറ്റ് അവസരങ്ങളിലും അവധി ലഭിക്കാന്‍, സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാന്‍, പ്രായം തികഞ്ഞ പുരുഷന് താടി വെക്കാന്‍... അങ്ങനെ പലതിനും ഞാന്‍ നല്‍കിയ കത്തുകളും രേഖകളും സര്‍ക്കാര്‍ അംഗീകരിച്ചു.
പലവട്ടം മതവിഷയങ്ങളില്‍ വിദഗ്ധാഭിപ്രായം തേടാന്‍ കോടതി എന്നെ വിളിപ്പിക്കുകയുായി.
സിറിയയില്‍നിന്ന് കുടിയേറിയ ഒരു അറബ് വംശജനെതിരെ ഭീകരവാദ ആരോപണം ഉയര്‍ന്നപ്പോള്‍ ഇസ്‌ലാമിലെ ജിഹാദിനെ കുറിച്ച് വിശദീകരിക്കാനായിരുന്നു ഒരുതവണ ഞാന്‍ കോടതിയിലെത്തിയത്. ജിഹാദ് ഇസ്‌ലാമികവിശ്വാസത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ഒരു വിദഗ്ധനെ പ്രോസിക്യൂട്ടര്‍ വിഭാഗം ഹാജരാക്കിയിരുന്നു. സൈനികയുദ്ധം എന്നാണ് അയാള്‍ ജിഹാദിനെ വ്യാഖ്യാനിച്ചത്. എന്നുവെച്ചാല്‍ മിതവാദ മുസ്‌ലിം എന്നൊന്നില്ലെന്നും അവസരം ലഭിക്കുന്ന നിമിഷം ആഞ്ഞടിക്കുന്ന നിശ്ശബ്ദനായ ഭീകരവാദിയാണ് ഓരോ മുസ്‌ലിമുമെന്നുമായിരുന്നു വാദം.
ഇസ്‌ലാം ലോകത്തെ രണ്ടായി വിഭജിക്കുന്നു; 'ദാറുല്‍ ഇസ്‌ലാമും' 'ദാറുല്‍ ഹര്‍ബും' (യുദ്ധമണ്ഡലവും സമാധാനമണ്ഡലവും). കാനഡ തീര്‍ച്ചയായും ദാറുല്‍ ഹര്‍ബാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. തെളിവു സഹിതം ഈ വാദങ്ങളെ ഞാന്‍ ഖണ്ഡിച്ചു. ഭിന്നതകളുങ്കെിലും മനുഷ്യര്‍ ഒന്നായി പുലരുന്ന ഇടങ്ങളിലല്ല ഇത്തരം ചര്‍ച്ചകള്‍ നടക്കേത്; മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഇടങ്ങള്‍ അങ്ങനെയാകില്ലെന്നും ഞാന്‍ വിശദീകരിച്ചു.
മുസ്‌ലിമിന് തന്റെ അനുഷ്ഠാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകുമ്പോള്‍ ഇത്തരം വേര്‍തിരിവുകള്‍ അരുതാത്തതാണെന്ന് മുസ്‌ലിം പണ്ഡിതര്‍ തന്നെ വിശദീകരിച്ചത് ഞാന്‍ ഉദ്ധരിച്ചു. പതിറ്റാണ്ടുകളായി മറ്റേതു മതത്തിന്റെ പ്രചാരകരെയും പോലെ കാനഡയില്‍ ഇസ്‌ലാം പ്രബോധനം ചെയ്യുന്ന ഒരാളാണ് ഞാനെന്നും ഇത് ദാറുല്‍ ഹര്‍ബല്ലെന്നും കോടതിക്കുമുമ്പില്‍ വിശദമാക്കി.
സൈനിക ജിഹാദ് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്ന വാദവും ഖുര്‍ആനിക സൂക്തങ്ങള്‍ ഉദ്ധരിച്ച് ഞാന്‍ ഖണ്ഡിച്ചു. ഗസ്സാലിയെയും റൂമിയെയും ഇതിനായി ഞാന്‍ ഉദ്ധരിച്ചു. ഗസ്സാലിയെ പാശ്ചാത്യര്‍ ആദരിക്കുന്നുണ്ട്. സെന്റ് അഗസ്റ്റിന്‍, തോമസ് അക്വിനാസ് എന്നിവര്‍ ചേര്‍ന്നൊന്നായ പോലെയാണ് അവര്‍ക്ക് ഗസ്സാലി. മതദര്‍ശനം, കര്‍മശാസ്ത്രം, സൂഫിസം എന്നിവ ഒന്നിക്കുന്ന ഗഹന ഗംഭീര കൃതിയാണ് അദ്ദേഹത്തിന്റെ ഇഹ്‌യാ. എന്നിട്ടും, അതില്‍ ഒരിടത്തുപോലും സൈനിക ജിഹാദ് എന്ന അധ്യായം കടന്നുവരുന്നില്ല. ആത്മാവിനോടും ശരീരത്തോടും ചെയ്യുന്ന പോരാട്ടമാണ് അതില്‍ പരാമര്‍ശിക്കപ്പെടുന്ന ജിഹാദ്. വടക്കേ അമേരിക്കയില്‍ ഏറെ വായിക്കപ്പെടുന്ന കവികളിലൊരാളാണ് റൂമി. അദ്ദേഹത്തിന്റെ 'മസ്‌നവി', ഖുര്‍ആനിന്റെ ആത്മീയവായനയാണെന്ന് ആന്‍മേരി ഷിമേല്‍ പറയുന്നുണ്ട്. അതിലും ജിഹാദ് ഒരു യുദ്ധമല്ല, സ്വന്തം ശരീരത്തെ ദുശ്ശീലങ്ങളില്‍നിന്നും െഎഹിക ഇഛകളില്‍നിന്നും മോചിപ്പിക്കാന്‍ നടത്തുന്ന പോരാട്ടമാണ്. ഒടുവില്‍ കോടതി പ്രതിയെ വെറുെതവിട്ടു.
മറ്റൊരിക്കല്‍ 'മഹ്ര്‍' എന്ന ഇസ്‌ലാമിക ആചാരത്തെകുറിച്ചും വിവാഹകര്‍മവുമായി അതിന്റെ ബന്ധത്തെ കുറിച്ചും വിശദീകരിക്കാനായിരുന്നു കോടതി എന്നെ വിളിച്ചത്. വിവാഹമോചനത്തിനു ശേഷം ഭാര്യ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ച കേസിലായിരുന്നു സംഭവം. മഹ്‌റായി നിശ്ചയിച്ച വന്‍തുക നല്‍കിയില്ലെന്നായിരുന്നു പരാതി. ഇനി നല്‍കേണ്ടതില്ലെന്ന വിധി നല്‍കാന്‍ ജഡ്ജി ഒരുങ്ങിനില്‍ക്കുകയായിരുന്നു. ഇസ്‌ലാമിന്റെ രേഖകള്‍ അങ്ങനെയല്ല പറയുന്നതെന്ന് തെളിവുകള്‍ സഹിതം ഞാന്‍ ബോധിപ്പിച്ചു. മതപണ്ഡിതന്‍ പറയുന്നത് അംഗീകരിക്കുന്നുവെന്നും മഹ്ര്‍ നല്‍കണമെന്നും ഒടുവില്‍ കോടതി വിധിച്ചു.
കാനഡ, യു.എസ്.എ, യൂറോപ്പ് പോലുള്ള നാടുകളില്‍ സ്വന്തം അവകാശങ്ങള്‍ക്കായി നിലയുറപ്പിക്കേണ്ടി വരുേമ്പാള്‍ ബൗദ്ധികവും സാഹിതീപരവും സാംസ്‌കാരികവുമായ പരമാവധി വിഭവങ്ങള്‍ നാം ആര്‍ജിച്ചിരിക്കണം. പ്രഫഷനല്‍ മികവോടെത്തന്നെ ഈ രംഗത്ത് മുസ്‌ലിംകള്‍ ബഹുദൂരം മുന്നോട്ടുപോയി കഴിഞ്ഞിട്ടുണ്ട്.
എന്റെ അനുഭവം പങ്കുവെച്ചാല്‍, മകന്‍ ഫൈസല്‍ കുട്ടി കാനഡയിലും രാജ്യാന്തരതലത്തിലും മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടുന്ന മികച്ച അഭിഭാഷകനാണ്. 2010 മുതല്‍ തുടര്‍ച്ചയായി ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളില്‍ ഒരാളായി അദ്ദേഹം എണ്ണപ്പെടാറുണ്ട്. ഹുസ്‌നി മുബാറകിനു കീഴില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് വിചാരണ ചെയ്യപ്പെട്ടിരുന്നപ്പോള്‍ നിയമവിദഗ്ധനെന്ന നിലക്ക് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയിരുന്നു. പത്രങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവയിലെ ലേഖനങ്ങള്‍, നിരവധി അക്കാദമിക് പേപ്പറുകള്‍ എന്നിവയുടെ കര്‍ത്താവായ അദ്ദേഹം മുസ്‌ലിംകളുടെ നിരവധി നിയമപോരാട്ടങ്ങളിലും സഹായിയായി. സാഹിത്യരംഗത്ത് മകള്‍ സാജിദകുട്ടി (എസ്.കെ. അലി എന്ന് തൂലികാ നാമം) നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്; പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. Saints & Misfits, Love from A to Z, The Proudest Blue, Eid Anthology  തുടങ്ങിയവയാണ് കൃതികള്‍.

കാനഡയിലെത്തിയ മറ്റു മത, വംശീയ ന്യൂനപക്ഷങ്ങളും നിരവധി പീഡന പര്‍വങ്ങള്‍ കടന്നാണ് സുസ്ഥിതിയുടെ തീരംപിടിച്ചതെന്ന വസ്തുത മുസ്‌ലിംകള്‍ക്കും ആശ്വാസം പകരുന്നതാണ്. ജൂതന്മാര്‍ ഉദാഹരണം. ഒരു കാലത്ത്, ഹോട്ടലുകള്‍ക്ക് മുമ്പില്‍ 'ജൂതര്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല' എന്ന ബോര്‍ഡ് തൂങ്ങിയിരുന്നുവെന്ന് വിശ്വസിക്കാനാകുമോ? ചൈന, ജപ്പാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയവരും ഇങ്ങനെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിവേചനങ്ങള്‍ ഏറ്റുവാങ്ങിയവരാണ്.
മുസ്‌ലിം സമൂഹം നയിക്കുന്ന ഈ പോരാട്ടം ഏറ്റെടുക്കാന്‍ സാമൂഹിക ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍, പ്രഫഷനലുകള്‍, സാമൂഹിക- രാഷ്ട്രീയ-സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി വലിയ നിരതന്നെയുണ്ട്. അതിനാല്‍തന്നെ, പ്രതീക്ഷയുമുണ്ട്. 

വിവ: മന്‍സൂര്‍ മാവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌