അനര്‍ഘ നിമിഷം
യാത്രയാലേറെപ്പരിക്ഷീണനാമൊരാള്‍
വന്നിരിപ്പായ്, ഒരു പച്ചത്തുരുത്തതില്‍
ചാരത്തുടവാളു ചാരിവെച്ചും, വെയില്‍
പ്പാളിയില്‍ നിന്നു തന്‍ ഗാത്രമൊതുക്കിയും
ക്ലാന്തനാ മാന്യന്‍ മയക്കമായ്, ചില്ലയാല്‍
മന്ദം തഴുകീ തിരിച്ചറിവാല്‍ തരു...
ഒട്ടുനേരത്തെ മയക്കം മുറിച്ചൊരു-
പൊട്ടിച്ചിരിയോ മുഴങ്ങുന്നു ചുറ്റിലും
ഞെട്ടി, മിഴിച്ചെഴുന്നേല്‍ക്കവേ, മുമ്പിലൊ
രാജാനുബാഹു!
തുടിക്കുന്ന പേശികള്‍
മിന്നിത്തിളങ്ങുന്ന ഖഡ്ഗമുയര്‍ത്തിയാ
കശ്മലനേവമുരയ്ക്കയായ്; ''ഹേ നബീ-
ആരുയിര്‍ കാക്കുവാനിപ്പൊഴീ നിര്‍ജന-
വീഥിയിലങ്ങേയ്ക്കു സ്വച്ഛന്ദ മൃത്യുവാം''
ഏറ്റം വിനയത്തിലൊട്ടും കുലുങ്ങാതെ-
മന്ദഹസിച്ചുരച്ചൂ തിരുനബി;
''സൃഷ്ടിച്ചു പാലിക്കുമപ്പുമാന്‍ തന്നെയീ-
നേരത്തുമെന്നെത്തുണയ്ക്കും സഹോദരാ
നിന്നിംഗിതം നിറവേറ്റിയാലും, ദൈവ-
മെന്തു നിനയ്ക്കിലും മാറ്റമുണ്ടാകുമോ?''
വാളുപിടിച്ച കരങ്ങള്‍ വിറയ്ക്കയായ്
പൊട്ടിച്ചിരിച്ച മുഖം, മഴമേഘമായ്
ഗാത്രം വിറച്ചൂ, ഭയസംഭ്രമങ്ങളാല്‍
വെട്ടിയ ശാഖി പോല്‍, 'ചിക്കെ'ന്നു വീണയാള്‍
പെട്ടെന്നു ഖഡ്ഗം കുനിഞ്ഞെടുത്തൂ നബി
സുസ്‌മേരഹാസമോടേവമുരയ്ക്കയായ്
''ആരുയിര്‍ കാക്കുമീ നേരത്തു നിന്റെയെ-
ന്നോതുക... ഞാനെന്തു ചെല്ലിയെന്നോര്‍ക്കുക''
തൃക്കാല്‍ പിടിച്ചു കരച്ചിലായ്, സത്യത്തി-
നുജ്ജ്വല ദീപ്തിയിരുള്‍നീക്കയാല്‍, ഏറ്റം
പശ്ചാത്തപിച്ചു മടങ്ങിയുടനയാള്‍
പുഞ്ചിരിച്ചൂ പ്രവാചകപുംഗവന്‍.
(അവലംബം: ഹദീസ്)
Comments