ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സ് വിസമ്മതത്തിന്റെ ആവിഷ്‌കാരങ്ങളും ആശയങ്ങളും
നോം ചോംസ്‌കിയും എഡ്വേര്‍ഡ് ഹെര്‍മനും രൂപപ്പെടുത്തിയ സമ്മതി നിര്‍മാണം (Manufacturing Consent) മാധ്യമ പഠനത്തില്‍ ഏറെ ഉദ്ധരിക്കപ്പെടുന്ന സിദ്ധാന്തമാണ്. 1988-ല്‍ ഇരുവരും ചേര്‍ന്നഴുതിയ 'Manufacturing Consent: The Political Economy of the Mass Media' എന്ന പുസ്തകം ഭരണകൂടങ്ങള്‍ പൊതുസമ്മതി സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് വരച്ചുകാണിക്കുന്നുണ്ട്. ഒരുപക്ഷേ സത്യാനന്തരം (Post Truth) എന്ന സംജ്ഞ ആഗോളതലത്തില്‍ രൂപപ്പെടുകയും, സമ്മതിയെന്നല്ല നുണകള്‍ തന്നെയും മറകളില്ലാതെ ചുട്ടെടുക്കപ്പെടുകയും ചെയ്യുന്നതാണ് നിലവിലെ അവസ്ഥ. ഈ 'നുണാധിപത്യ കാലത്ത്' നേരത്തേ തന്നെ ആധുനിക മതേതര ഭാവനയില്‍ അപരരാക്കപ്പെട്ട സമൂഹങ്ങള്‍ അതിജീവനത്തെക്കുറിച്ച ആലോചനകളിലാണ്. അതിനാല്‍ ആത്മാഭിമാനത്തോടെ അതിജീവിക്കാന്‍ വിസമ്മതത്തിന്റെ ആശയ വൈജ്ഞാനിക മണ്ഡലം നിര്‍മിച്ചെടുക്കല്‍ (Manufacturing Dissent) അനിവാര്യമാവുകയാണ്.
വിസമ്മതം ജനാധിപത്യത്തിന്റെ അവിഭാജ്യതയാണ് എന്നതാണ് തത്ത്വം. എന്നാല്‍ എല്ലാ ജനാധിപത്യങ്ങള്‍ക്കകത്തും ഈ തത്ത്വത്തിന് 'നിബന്ധനകള്‍ക്കു വിധേയം' എന്ന അദൃശ്യമായൊരു അടിക്കുറിപ്പ് കാണാം. ഇന്ത്യയില്‍ വിയോജിപ്പിന്റെ നിരോധിത മേഖല പ്രധാനമായും ദേശീയതയുമായി ബന്ധപ്പെട്ടാണ്. ദേശീയതയെ ചോദ്യം ചെയ്യുന്ന സമൂഹങ്ങള്‍, സിദ്ധാന്തങ്ങള്‍, വിജ്ഞാനം എല്ലാം അപകടകരമാണെന്നാണ് വെപ്പ്. ദേശീയ താല്‍പര്യം എന്ന സ്റ്റാമ്പൊട്ടിച്ചാല്‍ ഏതു കിരാത നടപടികളെയും ന്യായീകരിക്കാം, എന്ത് വിഡ്ഢിത്തം വിളമ്പിയാലും കൈയടി കിട്ടുകയും ചെയ്യും. നോട്ടുനിരോധം മുതല്‍ പൗരത്വപ്പട്ടിക വരെയുള്ള സമകാലിക നയനിലപാടുകളോടുള്ള പ്രതികരണങ്ങളില്‍ ഇത് വ്യക്തമാണ്. ഇന്ത്യന്‍ ദേശീയതക്കകത്ത് മുസ്‌ലിം സമുദായം പല അര്‍ഥത്തില്‍ ഇതിന് ഇരകളാക്കപ്പെടുന്നു. 'ദേശദ്രോഹി', 'പാകിസ്താനില്‍ പോടാ' എന്നൊക്കെ വിളിക്കപ്പെടാന്‍ മുസ്‌ലിമിന് പേരല്ലാതെ മറ്റു കാരണങ്ങള്‍ ആവശ്യമില്ല. ദേശീയതയുടെ കണ്ണുരുട്ടലാണ് വിസമ്മതങ്ങളെ മൂലക്കിരുത്തുന്നതെന്ന് വംശീയാടിത്തറയിലുള്ള ഭരണകൂട നയങ്ങള്‍ മുതല്‍ ആള്‍ക്കൂട്ടക്കൊലകള്‍ അടക്കമുള്ള സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ദേശീയതയുടെ ഉന്മാദത്തെയും അത് നിര്‍മിക്കുന്ന വ്യാജസമ്മതികളെയും ചോദ്യം ചെയ്യുന്നതിലാണ് വിസമ്മത രാഷ്ട്രീയത്തിന്റെ ആത്മാവ്. അതു തന്നെയാണ് ജനാധിപത്യത്തെ നിലനിര്‍ത്താനുള്ള ഒന്നാമത്തെ പരിശ്രമമായിത്തീരുന്നത്. വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അടിച്ചമര്‍ത്തുന്ന 'ദേശീയ താല്‍പര്യങ്ങളെ' ചോദ്യം ചെയ്യാനും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഒരു ജനാധിപത്യത്തെ ഭാവന ചെയ്യാനുമാണ് വിസമ്മത രാഷ്ട്രീയം ശ്രമിക്കുന്നത്. അഥവാ വിയോജിപ്പിന്റെ ഈ ശബ്ദങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെ തന്നെയാണ്. വിയോജിപ്പിന്റെ എല്ലാ രാഷ്ട്രീയ ആവിഷ്‌കാരങ്ങളും ജനാധിപത്യത്തെ പ്രബലപ്പെടുത്തുകയാണ് ചെയ്യുക.
ഇന്ത്യയിലെ വൈജ്ഞാനിക രംഗം വലിയൊരളവോളം സെക്യുലര്‍ ആഭിമുഖ്യമുള്ളതാണ്. പടിഞ്ഞാറന്‍ മതേതര ആധുനിക പശ്ചാത്തലത്തിലെ വിജ്ഞാനീയങ്ങള്‍ക്ക് ഇസ്‌ലാമിനെയും മുസ്‌ലിമിനെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ ചട്ടക്കൂടില്‍ ഹിന്ദു ദേശീയത കൂടി ഉള്‍ച്ചേര്‍ന്നുകൊണ്ടാണ് ഇന്ത്യയിലെ 'മതേതരത്വ'ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിച്ചുവന്നിട്ടുള്ളത്. ഈ സാങ്കല്‍പിക ദേശീയതയില്‍നിന്ന് സ്വാഭാവികമായി പുറംതള്ളപ്പെട്ടവരാണ് മുസ്‌ലിംകളടക്കമുള്ള പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങള്‍. ഇവര്‍ നിര്‍മിച്ചെടുത്ത സാമൂഹിക വിശകലനത്തിന്റെ ചട്ടക്കൂടുകള്‍ മാറാതെ ഇതിനൊരു ബദല്‍ സാധ്യവുമല്ല. മുസ്‌ലിം അസ്തിത്വത്തെയും രാഷ്ട്രീയത്തെയും അപകടകരമെന്ന് വിലയിരുത്തുന്ന സെക്യുലര്‍ ആധുനികതയുടെ ചട്ടക്കൂടുകള്‍ തന്നെയാണ് മുസ്‌ലിംക
ളും പരസ്പരം മനസ്സിലാക്കാനും തങ്ങളുടെ പ്രശ്‌നങ്ങളെ വിലയിരുത്താനും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സാമൂഹിക നീതിയിലധിഷ്ഠിതമായ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കൂട്ടായ്മകളെ സെക്യുലര്‍ പക്ഷം, മതരാഷ്ട്രവാദം, തീവ്രവാദം, മൗലികവാദം എന്നിങ്ങനെയാണ് വിലയിരുത്തുക. ഇതേ ചട്ടക്കൂടും ഭാഷയും ഏറ്റക്കുറച്ചിലുകളോടെ മുസ്‌ലിം സംഘടനകളും സ്വീകരിക്കുന്നതു കാണാം. വര്‍ഗീയത, തീവ്രവാദം, യാഥാസ്ഥിതികത്വം തുടങ്ങിയ ചാപ്പകള്‍ സഹോദരസംഘടനകള്‍ക്ക് നല്‍കുന്നതില്‍ സെക്യുലര്‍ വിജ്ഞാനീയങ്ങളുടെ സ്വാധീനം പ്രകടമാണ്. ഇസ്‌ലാമിക ചട്ടക്കൂടില്‍നിന്നുകൊണ്ട്, പരസ്പര വിമര്‍ശനത്തിന്റെയും യോജിപ്പിന്റെയും തലം വികസിപ്പിക്കാന്‍ സാധ്യതയുണ്ടായിരിക്കെത്തന്നെയാണ് ഈ രീതി പിന്തുടരുന്നത് എന്നതാണ് വിരോധാഭാസം. സാമൂഹിക വിഷയങ്ങളെ വിശകലനവിധേയമാക്കാനും നോക്കിക്കാണാനും സ്വന്തമായ ഭാഷ പോലുമില്ലാതാവുകയും മര്‍ദകന്റെ ഭാഷയില്‍ സംസാരിക്കേണ്ടിവരികയും ചെയ്യുന്നത് മാപ്പുസാക്ഷിത്വമല്ലാതെ മറ്റെന്താണ്! പുതുകാലം ഈ പ്രതിസന്ധികളെ മറികടക്കാന്‍ മുസ്‌ലിം സമുദായത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പ്രമുഖ ആഫ്രോ- അമേരിക്കന്‍ വിപ്ലവകാരി മാല്‍കം എക്‌സിന്റെ ഒരു വാചകം ഈയവസരത്തില്‍ അവിസ്മരണീയമാണ്: 'നിങ്ങള്‍ക്ക് സ്വയം മുന്നില്‍നിന്ന് നയിക്കാനുള്ള അവസരം ഉണ്ടായിരിക്കുമ്പോള്‍, മറ്റുള്ളവരുടെ ബസിന്റെ പിന്നിലോ നടുവിലോ ഇരിക്കുന്നത് നിങ്ങള്‍ക്ക് അന്തസ്സ് നല്‍കില്ല. നിങ്ങള്‍ക്ക് സ്വന്തമായി തന്നെ ബസ് ഉണ്ടാകുമ്പോഴാണ് ആത്മാഭിമാനികളാവുക.' മുന്നോട്ടു സഞ്ചരിക്കാന്‍ നമുക്ക് നമ്മുടേതായ വാഹനമാണാവശ്യം. അഥവാ, മികച്ച വൈജ്ഞാനിക അടിത്തറയും ഭാഷയും ലക്ഷ്യബോധവും. അല്ലാതെ ആരോ നിശ്ചയിക്കുന്ന, മറ്റാരുടേയോ വാഹനത്തിലെ ഒരിടമല്ല. ഈ തിരിച്ചറിവിലാണ് സ്വന്തമായ വിജ്ഞാനം എന്ന സങ്കല്‍പ്പം വികസിക്കേണ്ടത്. ലോകത്ത് ക്രിറ്റിക്കല്‍ മുസ്‌ലിം സ്റ്റഡീസ് എന്ന കാറ്റഗറിയില്‍ ഇത്തരം വൈജ്ഞാനിക ഉല്‍പാദന ശ്രമങ്ങള്‍ സജീവമാണിന്ന്.
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തും നിരന്തരം വൈജ്ഞാനിക സമര ഇടപെടലുകള്‍ തീര്‍ത്ത പ്രസ്ഥാനമാണ് എസ്.ഐ.ഒ. കാലാകാലങ്ങളില്‍ എസ്.ഐ.ഒ നടത്തിയ വൈജ്ഞാനിക ഇടപെടലുകളിലൂടെയും പഠന-ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെയും ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തും പുറത്തും ആശയവികാസങ്ങള്‍ സാധ്യമായിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കാലത്തിനനുസരിച്ച് പുനര്‍വായിക്കുക, പുതുതായി രൂപപ്പെടുന്ന ജ്ഞാനസംരംഭങ്ങളെയും അക്കാദമിക ചര്‍ച്ചകളെയും പരിചയപ്പെടുത്തുക, സാമൂഹിക-രാഷ്ട്രീയ മുന്നോട്ടു പോക്കിന് അനിവാര്യമായ വൈജ്ഞാനിക അടിത്തറ നിര്‍മിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് കഴിഞ്ഞ കാലങ്ങളില്‍ വ്യത്യസ്ത അക്കാദമിക പരിപാടികള്‍ ദേശീയതലത്തിലും കേരളത്തിലും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ആത്മാഭിമാനത്തോടെ വിസമ്മതത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന വിജ്ഞാനങ്ങളെ പരിചയിക്കല്‍ അനിവാര്യമായിത്തീരുന്നുണ്ട്.
കേരളത്തില്‍ വിജ്ഞാനം, സാഹിത്യം, സിനിമ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്ത സാംസ്‌കാരിക സ്ഥാപനങ്ങളുടെ വലിയ ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക വിനിമയങ്ങള്‍ നടക്കുന്ന പ്രധാന ഇടങ്ങളാണ് ഇത്തരം ഫെസ്റ്റിവലുകള്‍. എന്നാല്‍ മുസ്‌ലിം/ഇസ്‌ലാമിക രാഷ്ട്രീയ ഭാവനകളോ അവരുടെ വിജ്ഞാന സംരംഭങ്ങളോ കാഴ്ചപ്പാടുകളോ ഇത്തരം വേദികളില്‍ ചര്‍ച്ചയാവാറില്ല. മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ ആഘോഷപൂര്‍വം തൃപ്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങളും ഇത്തരം ഫെസ്റ്റിവലുകളുടെ ഭാഗമാണ്. ഇന്ത്യയിലെ വിജ്ഞാനങ്ങളും സാംസ്‌കാരിക ഇടങ്ങളും കലാവിഷ്‌കാരങ്ങളും പരമ്പരാഗതമായി കൈയടക്കിവെച്ചിരിക്കുന്ന സവര്‍ണ സമുദായങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പൊതുബോധങ്ങളെ അതേപടി ആവര്‍ത്തിക്കുന്ന മുഖ്യധാരാ ഫെസ്റ്റിവലുകളുടെ സ്വഭാവം വര്‍ഷങ്ങളായി വിമര്‍ശനവിധേയമാകുന്നുണ്ട്. അതിന്റെ ഫലമായി ഒറ്റപ്പെട്ട 'ടോക്കണ്‍' പരിഗണനകള്‍ ഇത്തരം ഫെസ്റ്റുകളില്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കാറുണ്ട്. രാഷ്ട്രീയ കൃത്യതയോടെ തങ്ങളുടേതായ ഇത്തരം സാംസ്‌കാരിക ഫെസ്റ്റിവലുകള്‍ ഒരുക്കാന്‍ മുസ്‌ലിം സാംസ്‌കാരിക, സാമൂഹിക പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും സന്നദ്ധമാകുന്നുമില്ല. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ ബൗദ്ധികതയെ സ്വാധീനിക്കുന്ന തരത്തില്‍ ഒരു പരിപാടിയെ കുറിച്ച് എസ്.ഐ.ഒവും പ്രമുഖ വെബ് പോര്‍ട്ടലായ കാമ്പസ് അലൈവും ചിന്തിച്ചത്. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങി വൈജ്ഞാനിക മേഖലകളില്‍ ഇടപെടുന്നവരെയും വിസമ്മതത്തിന്റെ രാഷ്ട്രീയത്തെ വ്യത്യസ്ത രീതിയില്‍ ആവിഷ്‌കരിക്കുന്നവരെയും ഒരേ വേദിയില്‍ എത്തിക്കാനുള്ള ശ്രമം കൂടിയാണിത്. പൊതുജനങ്ങള്‍ക്കും വൈജ്ഞാനിക തല്‍പരര്‍ക്കും ഒരുപോലെ രാഷ്ട്രീയ സന്ദേശം കൈമാറുന്ന തരത്തിലാകണം പരിപാടി എന്നതിനാലാണ് വിപുലമായ എക്‌സിബിഷനും എക്‌സ്‌പോയും കലാവിഷ്‌കാരങ്ങളും വൈജ്ഞാനിക സംവാദങ്ങളും എല്ലാം സമന്വയിപ്പിച്ച പരിപാടി രൂപപ്പെടുത്തിയത്. പുതുതലമുറക്ക് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ രാഷ്ട്രീയ ബോധ്യങ്ങള്‍ പകരാനാണ് ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സ് ആഗ്രഹിക്കുന്നത്.
(എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments