സംവാദങ്ങളുടെ തത്ത്വശാസ്ത്രവും രീതിശാസ്ത്രവും
ബോധത്തിലും ബോധ്യത്തിലും അധിഷ്ഠിതമായ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയുമാവണം ഒരാള്‍ അയാളുടെ സത്യം തെരഞ്ഞെടുക്കേണ്ടത്. കേവല ഗതാനുഗതികത്വം, മുന്നേ പോയവന്റെ പിറകെ
പോകുന്ന പ്രവണത മനുഷ്യരില്‍ പൊതുവെ ആത്മവിശ്വാസവും ആത്മസംതൃപ്തിയും നിറയ്ക്കാന്‍ പര്യാപ്തമല്ല. കേട്ടും കണ്ടും ചിന്തിക്കുകയോ അവബോധം വികസിപ്പിക്കുകയോ ചെയ്യാത്ത പരമ്പരാഗത മതവിശ്വാസികളെ ഖുര്‍ആന്‍ കാലികളോടാണല്ലോ ഉപമിക്കുന്നത്. ഭയവും വ്യസനവുമകന്ന, ആധിവ്യഥകള്‍ അസ്വസ്ഥമാക്കാത്ത ഒരു ജീവിതത്തെയാണ് ഖുര്‍ആന്‍ പ്രതിനിധീകരിക്കുന്നത്. ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സംവാദങ്ങളും സംഭാഷണങ്ങളും ഭയരാഹിത്യത്തിന്റെ മാനസികക്രമവും സാമൂഹികക്രമവും സൃഷ്ടിക്കാനുള്ള യത്‌നത്തില്‍ അനിവാര്യവും അതിന്റെ പ്രഥമോപാധിയുമായിത്തന്നെ അടയാളപ്പെടുത്തപ്പെടേണ്ടതാണ്.
ചരിത്രവും തത്ത്വശാസ്ത്രങ്ങളും
സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും ചരിത്രത്തിന് മനുഷ്യന്റെ ചിന്താചരിത്രത്തോളം തന്നെ പഴക്കമുണ്ട് എന്ന് കരുതാം. ഡിബേറ്റ്, ഡയലോഗ്, ഡിസ്‌കഷന്‍ തുടങ്ങിയ പദങ്ങളെക്കുറിച്ച് തന്നെ ചിന്തകന്മാര്‍ ധാരാളം സിദ്ധാന്തങ്ങളവതരിപ്പിച്ചിട്ടുണ്ട് എന്നു കാണാം.
സുമേറിയന്‍ രേഖകള്‍ മുതല്‍ ഋഗ്വേദവും ഉപനിഷത്തുകളും ഉള്‍പ്പെടെയുള്ള പുരാതന ഗ്രന്ഥങ്ങള്‍ തൊട്ട് ആധുനിക ചിന്തകന്മാര്‍ വരെയുള്ളവര്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും മാതൃകകളും സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ബി.സി. മൂന്നാം സഹസ്രാബ്ദത്തിലുള്ള ഒരു സുമേറിയന്‍ മിത്ത് അറിയപ്പെടുന്നതു തന്നെ Sumerian Disputations (സുമേറിയന്‍ വാദപ്രതിവാദങ്ങള്‍) എന്ന പേരിലാണ്. വിഖ്യാതനായ അസീറിയോളജിസ്റ്റ് (മെസപ്പൊട്ടേമിയയുടെ പുരാതനചരിത്രം, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ച പഠനമാണ് അസീറിയോളജി) സാമുവെല്‍ നോവ ക്രേമര്‍ സുമേറിയന്‍ സംവാദങ്ങളെപ്പറ്റി വിശദമായ വിവരങ്ങള്‍ തരുന്നു. പ്രധാനമായും ഏഴ് സംവാദങ്ങള്‍ ഈ മിത്തില്‍ ഉള്‍ക്കൊള്ളിച്ചതായി കാണാം. പക്ഷിയും മീനും തമ്മിലുള്ള സംവാദം, കാലിയും നിലവും തമ്മിലുള്ള സംവാദം, ആട്ടുകല്ലും ഗുല്‍ഗുല്‍ കല്ലും തമ്മിലുള്ള സംവാദം (ഗുല്‍ഗുല്‍ എന്ന പ്രദേശത്തെ അസീറിയന്‍ റോക് റിലീഫ് -പാറമേല്‍ കൊത്തുന്ന തിരശ്ചീനപ്രതലത്തിലുള്ള പ്രതിമകള്‍- വിഖ്യാതമാണ്), മണ്‍വെട്ടിയും ഉഴുനിലവും തമ്മിലുള്ള സംവാദം, വെള്ളിയും ചെമ്പും തമ്മിലുള്ള സംവാദം, ഗ്രീഷ്മവും ശിശിരവും തമ്മിലുള്ള സംവാദം, മരവും കാറ്റും തമ്മിലുള്ള സംവാദം എന്നിവയാണവ.
ഇതിനു പുറമെ പാഠശാലകളില്‍ വിദ്യാര്‍ഥികളും ഗുരുക്കന്മാരും തമ്മിലും വിദ്യാര്‍ഥികള്‍ പരസ്പരവുമൊക്കെയായി നാല് സംവാദങ്ങളും രണ്ട് സ്ത്രീകള്‍ തമ്മിലുള്ള സംവാദവുമൊക്കെ സുമേറിയന്‍ ഡിസ്പ്യുട്ടേഷന്റെ ഭാഗമാണ്.
ഒട്ടേറെ സംവാദങ്ങള്‍ ഋഗ്വേദവും രേഖപ്പെടുത്തുന്നുണ്ട്. വേദാന്ത ദര്‍ശനങ്ങളുടെ മുഖ്യാധാരമായ ഉപനിഷത്തുകള്‍ പലതിന്റെയും ഘടന തന്നെ സംവാദരൂപത്തിലാണ്.
പേരു പോലെത്തന്നെ ഏറ്റവും ബൃഹത്തായ ഉപനിഷത്തായ ബൃഹദാരണ്യകോപനിഷത്തില്‍ യാജ്ഞവല്‍ക്യ മുനിയുടെ സംവാദങ്ങളിലൂടെയാണ് തത്ത്വദര്‍ശനങ്ങള്‍ വിവരിക്കപ്പെടുന്നത്. ഇതിന്റെ ഒന്നാം ഭാഗമായ മധുകാണ്ഡത്തില്‍ യാജ്ഞവല്‍ക്യനും പത്‌നി മൈത്രേയിയും തമ്മില്‍ സംവാദത്തിലേര്‍പ്പെടുന്നു. രണ്ടാം ഭാഗത്താകട്ടെ, യാജ്ഞവല്‍ക്യന്‍, ജനകരാജാവിന്റെ സദസ്സിലെ വിദ്വാന്മാരുമായാണ് സംവദിക്കുന്നത്. അതില്‍തന്നെ മഹാ പണ്ഡിതയും വിദുഷിയുമായ ഗാര്‍ഗി എന്ന സ്ത്രീയുമായി നടത്തുന്ന സംവാദം പ്രസ്താവ്യമാണ്. ജനകനുമായിതന്നെയും സുദീര്‍ഘമായ സംവാദത്തിലേര്‍പ്പെടുന്നുണ്ട് യാജ്ഞവല്‍ക്യന്‍.
വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും രൂപമില്ലെങ്കിലും ബൃഹദാരണ്യകോപനിഷത്തിന്റെ അവസാന ഖണ്ഡമായ ഖില കാണ്ഡത്തില്‍ ദേവന്മാരും മനുഷ്യരും അസുരന്മാരും പ്രജാപതിയില്‍നിന്ന് ജ്ഞാനം തേടുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഈ മൂന്നു കൂട്ടര്‍ക്കും പ്രജാപതി നല്‍കുന്ന ഉപദേശമാണ് ടി.എസ് എലിയട്ടിന്റെ തരിശുഭൂമി (Waste Land) എന്ന കാവ്യത്തിന്റെ അവസാനത്തിലെ What the Thunder Said (ഇടിമുഴക്കം പറയുന്നത്) എന്ന ഖണ്ഡത്തിന്റെ പ്രധാന പ്രമേയം.
ഉപനിഷത് സാഹിത്യത്തില്‍ ഇതുപോലെ വിഖ്യാതമായ മറ്റൊരധ്യായം കഠോപനിഷത്തിലെ നചികേതസ്-യമന്‍ സംവാദമാണ്.
അര്‍ഥസമ്പൂര്‍ണമായ മറ്റൊരാഖ്യാനം മഹാഭാരതത്തിലെ യക്ഷപ്രശ്‌നമാണ്. യക്ഷനും യുധിഷ്ഠിരനും തമ്മില്‍ നടക്കുന്ന സംവാദം തന്നെയാണ് അതും. യക്ഷനെ അതില്‍ യമന്റെ അവതാരമായി അവതരിപ്പിക്കുന്നു. യമന്റെ പുത്രനാണല്ലോ യുധിഷ്ഠിരന്‍.
ബുദ്ധന്റെ പാലിസുത്തങ്ങളുടെ സമാഹാരങ്ങളില്‍ പലതും സംവാദങ്ങളുടെ ആഖ്യാനങ്ങളാണ്. തിപിടാകകളില്‍ സുത്തപിടിക എന്ന പിടാകയിലെ ദീഗനികായ, മഝിമനികായ, സംയുക്തനികായ തുടങ്ങിയ ഭാഗങ്ങള്‍ ശിഷ്യന്മാരും തത്ത്വജിജ്ഞാസുക്കളും ബ്രാഹ്മണരുമൊക്കെയായുള്ള ബുദ്ധന്റെ സംവാദങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. ഖുദ്ദകനികായയിലെ മിളിന്ദപണ്‍ഹ (മിളിന്ദപ്രശ്‌നം) ബാക്ട്രിയയിലെ ഇന്‍ഡോ-ഗ്രീക് രാജാവ് മെനാന്‍ഡറുമായി (മിളിന്ദന്‍) ബുദ്ധശിഷ്യനായ നാഗസേനന്‍ നടത്തിയ സംവാദത്തെ വിവരിക്കുന്നു. ഖുദ്ദകനികായയിലെതന്നെ ഥേരഗാഥയിലും ഥേരിഗാഥയിലും ബുദ്ധശിഷ്യന്മാര്‍ അന്നത്തെ പല വിദ്വാന്മാരുമായും രാജാക്കന്മാരുമായും നടത്തിയ സംവാദങ്ങള്‍ വായിക്കാം.
സംവാദരംഗത്ത് ഭിക്ഷുസംഘത്തിലെ സ്ത്രീകള്‍ പ്രകടിപ്പിച്ച ആര്‍ജവം എത്രത്തോളമായിരുന്നെന്ന് ഥേരിഗാഥ മനസ്സിലാക്കിത്തരുന്നുണ്ട്. സുജാത, മല്ലിക, ഖേമ, ഭദ്ദകുണ്ഡലകേശ, കിസാഗോതമി, സോന, നന്ദ തുടങ്ങിയ ഭിക്ഷുണികള്‍ സംവാദവേദികളിലെ സ്ത്രീശബ്ദങ്ങളായി ജ്വലിച്ചുനിന്നു.
സംവാദങ്ങളുടെ വര്‍ത്തമാനങ്ങള്‍ ബൈബിളിലും രേഖപ്പെട്ടിട്ടുണ്ട്. യേശുവും സദൂക്യരും തമ്മിലുള്ള സംവാദം അതിലൊന്നാണ്. അന്നത്തെ യൂദസമൂഹത്തിലെ ഭൗതികവാദികളായിരുന്നു സദൂക്യര്‍. ഉപമകളും കഥകളും ധാരാളമായി ഉപയോഗിക്കുന്നുണ്ട് ഇത്തരം സംവാദങ്ങളില്‍ യേശു ക്രിസ്തു.
സൂക്ഷ്മമായ സ്വഭാവത്തില്‍ ഖുര്‍ആനും സംവാദങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ചോദ്യങ്ങള്‍ക്കുള്ള മറുപടികളുടെ സ്വഭാവത്തിലാണ് ഖുര്‍ആന്‍ പല ആശയങ്ങളും വിവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത്തരം സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ അവതരണപശ്ചാത്തലങ്ങളായി മക്കാ മുശ്‌രിക്കുകള്‍, യൂദന്മാര്‍ തുടങ്ങി സ്വശിഷ്യന്മാര്‍ വരെ നബിയോട് ചോദിച്ച ചോദ്യങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു.
തത്ത്വചിന്തയുടെ ചരിത്രത്തില്‍ ഡിബേറ്റുകള്‍ സുപ്രധാനമായ ഒരു ശീര്‍ഷകം തന്നെയാണ്. സോക്രട്ടീസ് സംവാദകലയെ ജ്ഞാനാന്വേഷണത്തിന്റെ മുഖ്യോപാധിയായി കണ്ടു. സവിശേഷമായ സംവാദരീതിയും അദ്ദേഹം ആവിഷ്‌കരിച്ചു. സോക്രാട്ടിക് ഡിബേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആധുനികചിന്തയില്‍ ദെകാര്‍ത് അവതരിപ്പിച്ച സംവാദരീതിയും വിഖ്യാതമാണ്. കാര്‍ട്ടീസിയന്‍ ഡിബേറ്റ് എന്ന് വിളിക്കപ്പെടുന്നു ഇത്.
തന്റെ അനുഭവങ്ങളോടൊപ്പം, തന്നെ നയിക്കുന്ന യുക്തിയും അതിനും മുകളില്‍ തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ആന്തരിക ശബ്ദവും ചേര്‍ന്നതാണ് തന്റെ ജ്ഞാനപ്രമാണങ്ങള്‍ എന്ന് പ്രഖ്യാപിച്ച സോക്രട്ടീസ് വെളിപാടുകളുടെ പ്രാധാന്യത്തിലാണ് ഊന്നുന്നത്. വെളിപാടുകളുടെ പ്രസക്തിയെ തന്റെ യുക്തിവാദത്തിലൂടെ ദെകാര്‍ത്തും സ്ഥാപിക്കുന്നുണ്ട്.
നിലനില്‍ക്കുന്ന ധാരണകളെയും സാമൂഹികസമ്പ്രദായങ്ങളെയും സോക്രട്ടീസ് നിശിതമായി ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രത്തില്‍ ചോദ്യം ചെയ്യലിന് വലിയ പ്രാധാന്യമാണുള്ളത്. അതിനാല്‍തന്നെ സോക്രാട്ടിക് ഡിബേറ്റിനെ അഥവാ ഡിബേറ്റിലെ സോക്രാട്ടിക് മെഥേഡിനെ മെഥേഡ് ഒഫ് എലങ്കസ് (Method of Elenchus or Elenctic method) എന്ന് വിളിക്കുന്നു. തര്‍ക്കശാസ്ത്രപരമായ പ്രതിവാദം (Logical Refutation) എന്നാണ് Elenchus എന്ന പദത്തിന്റെ അര്‍ഥം.
സോക്രട്ടീസിന്റെ ഈ നിരാകരണത്തിന് അന്നത്തെ ആസ്ഥാന തത്ത്വചിന്തകന്മാരായ സോഫിസ്റ്റുകളും ഇരയായി. പണ്ഡിതോചിതവും പ്രമാണബദ്ധവുമായ മുന്‍വിധികള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നു സോഫിസ്റ്റുകള്‍. സങ്കീര്‍ണമായ ജീവിതം സങ്കീര്‍ണമായ ചോദ്യങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്. ഉറച്ചതെങ്കിലും തെറ്റാവാന്‍ നല്ല സാധ്യതയുള്ള മുന്‍വിധികളും ധാരണകളുമുള്ളവരാണ് പണ്ഡിതന്മാര്‍. ഈ നിലപാടിലൂടെ അവര്‍ അവരവരെത്തന്നെയും ലോകത്തെയും വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരാകട്ടെ. ചോദ്യങ്ങളോട് വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. ഇതിലൂടെ അവര്‍ വൈജ്ഞാനികവും സാമൂഹികവുമായ പുരോഗതിയോട് പുറം തിരിയുന്നു. ഈ രണ്ട് മനോഭാവങ്ങളെയും സോക്രട്ടീസ് ഒട്ടും ദയയില്ലാതെ പരിഹസിച്ചു.
ഈ നിലപാടില്‍നിന്നു തന്നെയാണ് എലങ്ടിക് മേഥേഡും ഉരുത്തിരിയുന്നത്. പ്രതിവാദം അഥവാ നിരാകരണം എന്ന് സോക്രാട്ടിക് ഡിബേറ്റിനെ വിളിക്കുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ സംവാദരീതിയെ വിശകലനം ചെയ്തുകൊണ്ട് ഗ്രിഗറി വ്‌ലാസ്റ്റോസ് അതിന് അഞ്ച് ഘട്ടങ്ങളുള്ളതായി ചൂണ്ടിക്കാണിക്കുന്നു:
ഒന്ന്) സോക്രട്ടീസിന്റെ പ്രതിവാദകന്‍ (കിലേൃഹീരൗീേൃ) ഒരു വാദം ഉന്നയിക്കുകയും സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
രണ്ട്) ആ വാദം തെറ്റാണെന്നാണ് സോക്രട്ടീസിന്റെ പക്ഷം. അത് തെളിയിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു.
മൂന്ന്) ഇതിനായി അദ്ദേഹം പ്രതിവാദകന്റെ സിദ്ധാന്തത്തെ, പ്രതിവാദകനും കൂടി അംഗീകരിക്കാന്‍ നിര്‍ബന്ധിതനായ, എന്നാല്‍ പ്രത്യക്ഷത്തില്‍ വിഷയത്തിനു പുറത്തുള്ള പരിസരങ്ങളിലേക്ക് കൂടി കൊണ്ടുചെന്ന് ബന്ധിക്കുന്നു.
നാല്) ഈ പരിസരങ്ങളുമായി വൈരുധ്യം നിലനില്‍ക്കുന്ന ഒരു വാദമാണ് പ്രതിവാദകന്റേത് എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഇതാകട്ടെ, പ്രതിവാദകന് സമ്മതിക്കേണ്ടിവരുന്ന തരത്തില്‍ ഭദ്രവുമായിരിക്കും.
അഞ്ച്) ഈ വൈരുധ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രതിവാദകന്റെ സിദ്ധാന്തം തെറ്റാണ് എന്നും അതിന്റെ നിരാകരണമാണ് ശരി എന്നും സോക്രട്ടീസ് അവകാശപ്പെടുന്നു.
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് വ്യക്തികളുടെ യുക്തിബോധത്തിലാണ് ഉള്ളതെന്ന് സോക്രട്ടീസ് സിദ്ധാന്തിച്ചു. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം സംവാദങ്ങളുടെ ന്യായവും ഇതു തന്നെയായിരുന്നു.
യുക്തിയും ദൈവവും
കാര്‍ട്ടീസിയന്‍ സംവാദങ്ങളും യുക്തിയെയാണ് ആശ്രയിക്കുന്നത്. അദ്ദേഹം, ദെക്കാര്‍ത് വിശകലനത്തിന്റെ നാല് നിയമങ്ങള്‍ അവതരിപ്പിച്ചു:
ഒന്ന്) ഒരു കാര്യത്തെ വ്യക്തമായും വിവേചിച്ചും അറിയുന്നതു വരെ അതിനെ സത്യമെന്ന് കരുതാന്‍ നമുക്കാവില്ല.
രണ്ട്) ഈ അറിവ് ഉള്‍ക്കൊള്ളുന്നതിന് വസ്തുതകളെയും വാദങ്ങളെയും ചെറുഘടകങ്ങളാക്കി തിരിക്കേണ്ടതുണ്ട്. എല്ലാ ചെറുവിചാരങ്ങളെയും അളന്നും തൂക്കിയും പഠിക്കുകയും വേണം.
മൂന്ന്) ലാളിത്യത്തില്‍നിന്ന് സങ്കീര്‍ണതയിലേക്കാണ് തത്ത്വചിന്ത സഞ്ചരിക്കേണ്ടത്. എങ്കിലേ പുതിയ ഉള്‍ക്കാഴ്ച സ്വരൂപിക്കാനാവൂ.
നാല്) വാദത്തിന്റെ സകല ബന്ധങ്ങളെയും കൃത്യമായി പരിശോധിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെ തത്ത്വചിന്താപരമായ തീര്‍പ്പ് കൈയെത്തുന്ന ദൂരത്തിലാവും.
പ്രതിവാദം, നിരാകരണം എന്നിവക്ക് സോക്രട്ടീസിനെപ്പോലെ ദെക്കാര്‍ത്തും പ്രാധാന്യം നല്‍കി. എല്ലാറ്റിനെയും സംശയിക്കുക എന്നതു മാത്രമാണ് നിശ്ചിതത്വമുള്ള ഏക പ്രക്രിയ. സംശയിക്കുമ്പോഴാണ് നാം ചിന്തിക്കാന്‍ നിര്‍ബന്ധിതരാവുക. ചിന്തിക്കുന്നുണ്ടെങ്കില്‍ നാം ഉണ്ടെന്ന് തീര്‍ച്ചയാണ്.
തന്റെ യുക്തിചിന്തയുടെയും സംവാദന്യായങ്ങളുടെയും അടിസ്ഥാനത്തിലാണ് ദൈവാസ്തിക്യത്തെയും ദെക്കാര്‍ത് സമീപിക്കുന്നത്. ദൈവം എന്ന ആശയത്തിന്റെ ഉല്‍പത്തിയെക്കുറിച്ച വാദം (The Argument from the Origin of the Idea of God) എന്നും സത്താശാസ്ത്രപരമായ വാദം (Ontological Argument) എന്നും ഇതറിയപ്പെടുന്നു.
വിതണ്ഡ
ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയാനോ സ്ഥാപിക്കാനോ വേണ്ടി, പരസ്പരഭിന്നമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന രണ്ടോ അതിലധികമോ പേര്‍ നടത്തുന്ന വിഹിതമായ ചര്‍ച്ച എന്ന് സംവാദത്തെ നിര്‍വചിക്കാം.
ഭിന്നങ്ങളും വിവിധങ്ങളുമായ ദര്‍ശനപദ്ധതികള്‍ ഉടലെടുത്ത പ്രദേശമായ ഇന്ത്യയില്‍ സംവാദങ്ങള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കുകയും അതിന്റെ വിവിധ ഘടകങ്ങളെ മുഖ്യവിഷയങ്ങളായി പരിഗണിക്കുകയും ചെയ്ത ഒരു ദര്‍ശനപദ്ധതിയാണ് ഗൗതമന്‍ അവതരിപ്പിച്ച ന്യായദര്‍ശനം. ഗൗതമന്‍ വിശകലനം ചെയ്യുന്ന വിഷയങ്ങളില്‍ ഒരു സംവാദത്തില്‍ അനിവാര്യമായ കാര്യങ്ങള്‍ വരുന്നുണ്ട്. ഒപ്പം വിഹിതമായ ചര്‍ച്ചകളെ അന്യായമായ കുതര്‍ക്കങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന, ഒരിക്കലും അനുവദിക്കാന്‍ പറ്റാത്ത ഘടകങ്ങളും അതില്‍ കടന്നുവരുന്നു.
ഗൗതമസൂത്രങ്ങളില്‍ എണ്ണിപ്പറയുന്ന ഘടകങ്ങളെ സംവാദവുമായി ബന്ധപ്പെടുത്തി മൂന്ന് ഇനങ്ങളാക്കി തിരിക്കാം.
സംവാദം രൂപപ്പെടണമെങ്കില്‍ ഉണ്ടാവേണ്ട കാര്യങ്ങളാണ് ഇതില്‍ ഒന്നാമത്തെ ഇനം. പ്രമേയം ആണ് ഇതില്‍ പ്രധാനം. അറിയേണ്ട കാര്യത്തെ, വസ്തുവിനെ, വസ്തുതയെ, സിദ്ധാന്തത്തെ ഒക്കെയാണ് (‑Object of Valid Knowledge) പ്രമേയം എന്ന് പറയുക. അനിവാര്യമായ രണ്ടാമത്തെ ഘടകം പ്രമാണം ആണ്. അറിവിന്റെ സ്വീകാര്യമായ അടിത്തറയാണത് (Valid Means of Knowledge). സംവാദത്തിന്റെ ശരിയായ രീതികളെ അടയാളപ്പെടുത്തുന്നതാണ് രണ്ടാമത്തെ ഇനം. വാദങ്ങള്‍ കൊണ്ടുണ്ടാവേണ്ട പ്രയോജനം എന്നത് ഇതില്‍ പ്രധാനമാണ്. പിന്നെയുണ്ടാവേണ്ടത് സംശയം. നിരാകരണത്തിന്റെ പ്രാധാന്യം മുകളില്‍ വിവരിച്ചിട്ടുണ്ടല്ലോ. സംശയം അഥവാ നിരാകരണം ഇല്ലാതെ വാദമില്ല. സംശയത്തില്‍നിന്ന് വാദമുണ്ടാകുന്നു. അതേത്തുടര്‍ന്ന് വാദത്തില്‍ അനിവാര്യമായ മറ്റ് ഘടകങ്ങളും. വാദപ്രതിവാദ വാക്യങ്ങള്‍, ഊഹാധിഷ്ഠിതമായ യുക്തികള്‍ (Hypothetical Reasoning), വാദത്തെ സ്ഥാപിക്കുന്ന ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും, സിദ്ധാന്തം, നിഗമനം തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടും.
മൂന്നാമത്തെ ഇനത്തില്‍ വരുന്നത് ന്യായവും വിഹിതവുമായ സംവാദങ്ങളില്‍ അനാവശ്യമായ, വാദങ്ങളെ കുതര്‍ക്കങ്ങളാക്കി മാറ്റുന്ന ഘടകങ്ങളാണ്. ജല്‍പം, വിതണ്ഡ, ചല, ജതി തുടങ്ങിയവയാണ് അവ.
സത്യത്തോടോ സത്യാന്വേഷണത്തോടോ യാതൊരാഭിമുഖ്യവുമില്ലാതെ എതിരാളിയെ തോല്‍പിക്കുക എന്ന ഉദ്ദേശ്യത്തില്‍ മാത്രം നടത്തുന്ന വാചാടോപങ്ങളാണ് ജല്‍പം (Wrangling). സ്വന്തമായ വാദം സ്ഥാപിക്കാന്‍ വേണ്ടിയെങ്കിലും മറുപക്ഷത്തെ നിരന്തരം അയുക്തികമായി ഖണ്ഡിക്കുന്ന നിലപാടിനെ വിതണ്ഡ (Caviling) എന്നും പറയാം. വക്രോക്തികള്‍ ഉന്നയിച്ച് യഥാര്‍ഥ വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറാനോ വിഷയത്തെ വഴിതിരിച്ചുവിടാനോ ഉള്ള ശ്രമങ്ങളെ ചല(Quibbling) എന്ന് വിളിക്കുന്നു. തെറ്റും കൃത്രിമവുമായ താരതമ്യങ്ങളാണ് ജതി (Sophisticated Refutations).
ഇത്തരം ശ്രമങ്ങള്‍ സംവാദത്തിന്റെ നിറം കെടുത്തുകയും നിലപാടുകളെ പരിഹാസ്യമാക്കുകയും ചെയ്യുന്നു. സത്യസന്ധതയും ആര്‍ജവവുമാകണം സംവാദങ്ങളുടെ മുഖമുദ്ര. അതാകട്ടെ, ഉന്നയിക്കുന്ന വിഷയത്തില്‍ നമുക്കുള്ള നിലപാടിനോടുള്ള തികഞ്ഞ ബോധ്യത്തെയും കൂടിയാണ് അടയാളപ്പെടുത്തുക. താന്‍ പറയുന്നതില്‍ തനിക്കു തന്നെ ബോധ്യമില്ലായ്മയാണ് ഇത്തരം കൃത്രിമത്വങ്ങളിലേക്ക് നയിക്കുക.
മറുപക്ഷത്തിരിക്കുന്നയാളെ ഒരു എതിരാളിയായി കാണാതിരിക്കുക എന്നതാണ് സംവാദം പ്രയോജനപ്രദമായിത്തീരാന്‍ ആവശ്യമായ പ്രധാന ഘടകം. ശത്രു, കലാപകാരി, പ്രതിയോഗി, എതിരാളി (Enemy, Rival, Adversary, Opponent) തുടങ്ങിയ നിലകളിലല്ല മറുപക്ഷത്തെ കാണേണ്ടത്. സംവാദത്തില്‍ രണ്ട് കക്ഷികളും പരസ്പരം പ്രതിവാദകന്മാര്‍ (Interlocutors) മാത്രമാണ്.
മുനാളറ
ഇസ്‌ലാമിക പ്രതലത്തിലേക്ക് വരുമ്പോള്‍ എന്തിലുമെന്ന പോലെ ഇതിലും നിയ്യത്ത്(ഉദ്ദേശ്യം) പ്രധാനമായി വരുന്നു. സത്യം കണ്ടെത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക എന്നതിനപ്പുറം വൈയക്തികമായ ഈഗോയുടെ സംസ്ഥാപനം എന്നതിലേക്ക് ഉദ്ദേശ്യം വഴിമാറിപ്പോയാല്‍ ഏതൊരു കര്‍മവും പോലെ സംവാദവും നിഷ്ഫലമായിപ്പോകും എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.
ഇമാം ഗസ്സാലി ചില പദങ്ങളിലൂടെ ആശാസ്യവും അനാശാസ്യവുമായ സംവാദങ്ങളെ വിവരിച്ചതു കാണാം.
ആരോഗ്യകരവും പ്രയോജനപ്രദവുമായ സംവാദങ്ങളെ മുനാളറ എന്നാണ് ഗസ്സാലി വിളിക്കുന്നത്. നള്ര്‍ എന്നാല്‍ വീക്ഷണം. വീക്ഷണങ്ങളുടെ വിനിമയമാണ് മുനാളറ (Argumentation, Corresponding). വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രസ്താവന വിഖ്യാതമാണല്ലോ. വീക്ഷണങ്ങളിലും നിലപാടുകളിലും അന്തരങ്ങളുണ്ടാവും, കടുത്ത വൈരുധ്യങ്ങളുമുണ്ടാവും. ഈ വൈവിധ്യങ്ങളെ പരസ്പരം കൈമാറുക എന്നതാണ് മുനാളറയുടെ ലക്ഷ്യം.
മറുപക്ഷത്ത് നില്‍ക്കുന്നയാളോട് സംസാരിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടായേക്കാം എന്ന തോന്നലിലാണല്ലോ നാം സംവാദത്തിലേര്‍പ്പെടുക. താന്‍ പറയുന്നത് അയാള്‍ കേള്‍ക്കണം എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്നു. സ്വാഭാവികമായും അയാള്‍ പറയുന്നത് കേള്‍ക്കാന്‍ നമുക്കും ബാധ്യതയുണ്ട്. നാം പറയുന്നത് അയാള്‍ക്ക് പ്രയോജനപ്പെട്ടേക്കാം എന്ന് നാം ചിന്തിക്കുന്നതുപോലെ തിരിച്ചിങ്ങോട്ടും ചിന്തിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ട്. പറയുന്നത് മാത്രമല്ല കേള്‍ക്കുന്നതും നമുക്കു തന്നെ പ്രയോജനപ്രദമാവും എന്ന് ചിന്തിക്കാനുള്ള വിവേകവും അനിവാര്യമാണ്.
വിശ്വാസികളുടെ ലക്ഷണമായി ഖുര്‍ആന്‍ അല്ലദീന യസ്തമിഊനല്‍ ഖൗല വ യത്തബിഊന അഹ്‌സന എന്ന് പ്രസ്താവിക്കുന്നുണ്ടല്ലോ. കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഉത്തമമായതിനെ അനുധാവനം ചെയ്യുകയും ചെയ്യുന്നവര്‍ എന്നര്‍ഥം. പറയപ്പെട്ടതെന്താണെന്ന് പരിശോധിക്കുന്നതിനു പകരം പറയുന്നതാരാണെന്ന് നോക്കുന്ന സമകാലിക പണ്ഡിതന്മാരെ ഗസ്സാലി നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
വീക്ഷണങ്ങള്‍ പരസ്പരം വിനിമയം ചെയ്യും, ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുകയും ചെയ്യും. അടിച്ചേല്‍പിക്കാനുള്ള യാതൊരു ശ്രമവും ഇല്ല. പിരിഞ്ഞുപോകുമ്പോഴും മനസ്സുകള്‍ പരസ്പരം തുറന്നു തന്നെയിരിക്കും- ഇതാണ് മുനാളറ.
ഈ വിശാലതയുടെ അഭാവത്തില്‍ വീക്ഷണവിനിമയം അഥവാ മുനാളറ, മുജാദല ആയിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ഗസ്സാലി പറയുന്നു. നിരന്തരം എതിര്‍ത്തുകൊണ്ടേയിരിക്കുക (Argumentation, Corresponding‑)എന്നതാണത്. മുകളില്‍ നാം പറഞ്ഞ, കുതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളൊക്കെ വരുന്നത് മുജാദലയിലാണ്.
ഈ വ്യതിയാനത്തിന്റെ പ്രധാന കാരണം നിഷേധാത്മകമായ ഈഗോ സെന്‍സ് ആണ്. പരസ്പരം അറിയാനും അറിയിക്കാനുമല്ലാതെ തന്റെ ഈഗോയെ സ്ഥാപിക്കാനാണ് സംവാദമെങ്കില്‍ അതിനെ ഇമാം ഗസ്സാലി വിളിക്കുന്നത് മുകാബറ എന്നാണ്. കിബ്ര്‍ എന്നുവെച്ചാല്‍ അഹന്ത എന്നര്‍ഥം. നാം പറയുന്നത് എത്രതന്നെ സത്യമാണെങ്കിലും മുജാദലയും മുകാബറയും മനസ്സിനെ ഇടുക്കുകയും മറ്റുള്ളവരില്‍നിന്ന് അതിനെ കൊട്ടിയടക്കുകയും ചെയ്യും. എന്നാല്‍ മുനാളറയാകട്ടെ, പറയാനുള്ളത് കൃത്യമായും ദൃഢതയോടെയും പറയുക എന്നതോടൊപ്പം തന്നെ മനസ്സിനെ എല്ലായ്‌പ്പോഴും തുറന്നിടുക എന്നതുമത്രെ.
സംവാദങ്ങളില്‍ സത്യസന്ധത, ആത്മാര്‍ഥത, വിശാലത, ഗുണകാംക്ഷ തുടങ്ങിയ മൂല്യങ്ങള്‍ക്ക് ഖുര്‍ആന്‍ പ്രാധാന്യം നല്‍കുന്നു. കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഉത്തമമായതിനെ അനുധാവനം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച പരാമര്‍ശം മുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഒപ്പം രണ്ട് പ്രധാന നിബന്ധനകള്‍ ഖുര്‍ആന്‍ പ്രത്യേകം മുന്നോട്ട് വെക്കുന്നതായി കാണാം.
ഒന്ന്) ഖൗലുന്‍ ലയ്യിന്‍ (സൗമ്യമായ സംസാരം þGentle speech).
രണ്ട്) ജിദാലുന്‍ ബില്ലതീ ഹിയ അഹ്‌സന്‍ (ക്രിയാത്മകമായ സംവാദം -Creative Discussion‑)
ഇതില്‍ ഒന്നാമത്തെ നിര്‍ദേശം മുന്നോട്ടുവെക്കുന്ന സന്ദര്‍ഭം പ്രത്യേകം പ്രസ്താവ്യമാണ്. കടുത്ത സ്വേഛാധികാരിയും ക്രൗര്യമുള്ള വംശീയവാദിയുമായ ഫറോവയുമായി സംവാദത്തിന് പുറപ്പെടാന്‍ മൂസാ നബിയോട് കല്‍പിക്കുകയാണ് അല്ലാഹു. ആ സമയത്താണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സൗമ്യമായി സംസാരിക്കണം. അയാളെ പേടിച്ചിട്ടല്ല, അയാള്‍ സന്മാര്‍ഗം സ്വീകരിക്കാന്‍ തയാറായെങ്കിലോ എന്ന പ്രതീക്ഷ വേണം.
രണ്ടാമത് പറഞ്ഞതില്‍ ജിദാല്‍ എന്ന പദം ഭാഷാര്‍ഥം കൊണ്ട് സംവാദത്തേക്കാള്‍ ചേരുക തര്‍ക്കത്തിനാണ്. പ്രത്യക്ഷത്തില്‍ കുതര്‍ക്കം എന്നൊക്കെ പറയാവുന്ന തരത്തില്‍ നിഷേധാത്മക സ്വരമാണ് ആ പദത്തിനുള്ളതെങ്കിലും ദുഷ്ഫലമുളവാക്കുന്ന ഒന്ന് എന്ന തരത്തിലല്ലാതെ ഖുര്‍ആന്‍ തന്നെ ആ പദം ഉപയോഗിച്ചിട്ടുണ്ട്. അമ്പത്തെട്ടാമത്തെ ഖുര്‍ആന്‍ അധ്യായത്തില്‍ തന്റെ ഭര്‍ത്താവിനെതിരായ പരാതിയുമായി പ്രവാചകനുമായി സംവാദത്തിലേര്‍പ്പെട്ട ഖൗല ബിന്‍ത് സഅ്‌ലബ എന്ന സ്ത്രീയെ മുജാദില എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം അവരുടെ വാദഗതികള്‍ക്കൊപ്പമായിരുന്നു ഖുര്‍ആന്‍. പ്രയോജനപ്രദമായിത്തീര്‍ന്ന ഒന്ന് എന്ന സ്വഭാവത്തിലാണ് അവിടെ ജിദാല്‍ എന്ന പദം വരുന്നത്. സ്വാഭാവികമായും നിഷ്പ്രയോജകമായ താര്‍ക്കിക വ്യവഹാരങ്ങളെ ഉപേക്ഷിച്ച് ക്രിയാത്മകമായ സംവാദങ്ങളിലേര്‍പ്പെടുക എന്നതാണ് ജിദാലുന്‍ ബില്ലതീ ഹിയ അഹ്‌സന്‍ എന്നതുകൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം.
സംവാദത്തെക്കുറിച്ച മറ്റൊരു നിര്‍ദേശവും കൂടിയുണ്ട് ഖുര്‍ആനില്‍. 'വരൂ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ പൊതുവായുള്ള തത്ത്വത്തിലേക്ക് പോകാം' എന്നതില്‍നിന്ന് തുടങ്ങണം എന്നതാണത്. യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍നിന്ന് തുടങ്ങാം എന്നു തന്നെ. ഉദ്ഗ്രഥനാത്മകമാവണം സംവാദമെന്നര്‍ഥം.
പ്രതിലോമകരമായ ചില പ്രവണതകള്‍
മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ജല്‍പം, വിതണ്ഡ, ചല, ജതി തുടങ്ങിയ പ്രവണതകളാണ് ഇന്ന് പൊതുവെ സംവാദമുഖങ്ങളില്‍ കാണപ്പെടാറുള്ളത്. അറിവിന്റെയും നിലപാടുകളുടെയും വിനിമയത്തിനപ്പുറം സംവാദങ്ങളെല്ലാം തന്നെ കുതര്‍ക്കങ്ങളായി പരിണമിച്ചിരിക്കുന്നത് അതുകൊണ്ടാണ്. സത്യാന്വേഷണത്തേക്കാള്‍ ഇത്തരം തര്‍ക്കങ്ങളില്‍ മുന്നിട്ടു നില്‍ക്കുക വൈയക്തികമായ ഈഗോ സ്ഥാപിക്കാനുള്ള ശ്രമങ്ങളാകുന്നു. തന്റെ പ്രതിവാദകനെ മുന്‍വിധിയോടെ മാത്രം വീക്ഷിക്കുക, അയാളില്‍ തീര്‍പ്പുകള്‍ കല്‍പിക്കുക, ആ തീര്‍പ്പുകള്‍ സൃഷ്ടിക്കുന്ന അവജ്ഞ സംവാദത്തിലുടനീളം പ്രകടിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഫലങ്ങളാണ്.
അതിനപ്പുറം മതസംവാദങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളുമുണ്ട്. മതം യഥാര്‍ഥത്തില്‍ പ്രതിനിധാനം ചെയ്യുന്ന വിശാലതയെയും മനുഷ്യസ്‌നേഹത്തെയും അദൃശ്യമാക്കുന്ന ചില പ്രവണതകളെ മതപാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവ:
ഒന്ന്) പുരോഹിതാധിപത്യം (Ecclesiastical Supremacy)
രണ്ട്) കടുത്ത ആത്മീയതയും ലോകനിഷേധപരമായ വൈരാഗ്യവും (Asceticism)
മൂന്ന്) അക്ഷരവ്യഗ്രതയും മതതീവ്രതയും (Radicalism)
ഇതില്‍ ആദ്യം പറഞ്ഞ രണ്ടെണ്ണം മറ്റ് മതസമൂഹങ്ങളില്‍ നിലനില്‍ക്കുന്നതുപോലെ വ്യവസ്ഥാപിതമായും ഹൈറാര്‍ക്കിക്കലായും മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലെങ്കിലും പുരോഹിതാധിപത്യത്തിന്റെയും കടുത്ത ആത്മീയതയുടെയും സ്വാധീനങ്ങള്‍ പ്രകടമായിത്തന്നെ മുസ്‌ലിം പാരമ്പര്യവും ഉള്‍ക്കൊള്ളുന്നുണ്ട്.
മൂന്നാമത്തെ പ്രവണതയാകട്ടെ, ഏതൊരു മതസമൂഹത്തിലും ഉള്ളതിന്റെ അത്ര തന്നെയോ ഒട്ടൊക്കെ അതിനേക്കാള്‍ തീവ്രമായോ മുസ്‌ലിംകള്‍ക്കിടയിലും ഉണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
അതേസമയം ഇപ്പറഞ്ഞ മൂന്ന് പ്രവണതകളോടും കടുത്ത നിഷേധാത്മക സമീപനമാണ് ഖുര്‍ആനും നബിവചനങ്ങളും പ്രകടിപ്പിക്കുന്നത്.
'റുഹ്ബാനിയഃ' എന്നും 'റഹ്ബാനിയഃ' എന്നും രണ്ടു പദങ്ങളുണ്ട്. 'റഹിബ' എന്ന മൂലക്രിയയില്‍നിന്നാണ് രണ്ടും വരുന്നത്. റഹിബ എന്നാല്‍ ഭയന്നു എന്നര്‍ഥം. എന്നുവെച്ചാല്‍ ഈ രണ്ട് പദങ്ങളും ഭയത്തെ കുറിക്കുന്നതാണ്.
ഇതില്‍ ആദ്യത്തെ പദവുമായി ബന്ധപ്പെട്ട 'റുഹ്ബാന്‍' എന്ന വാക്ക്, പുരോഹിതാധിപത്യവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്, സൂറഃ അത്തൗബയില്‍ (34). 'റഹ്ബാനിയഃ' എന്ന രണ്ടാം പദമാകട്ടെ, വിരക്ത ജീവിതം എന്ന അര്‍ഥത്തില്‍ സൂറഃ അല്‍ ഹദീദിലും വന്നിരിക്കുന്നു (27). ഈ രണ്ടു പ്രവണതകളെയും തീര്‍ത്തും തള്ളിക്കളയുന്ന തരത്തിലാണ് അവിടെ പരാമര്‍ശങ്ങള്‍. 'റഹിബ' എന്ന പദനിഷ്പത്തിയെപ്പറ്റി സൂചിപ്പിച്ചുവല്ലോ. യഥാര്‍ഥത്തില്‍ ഭയമാണ് ഈ രണ്ട് സമ്പ്രദായങ്ങളുടെയും അടിസ്ഥാനം. ആളുകളെ ഭയത്തിലാഴ്ത്തിക്കൊണ്ട് മാത്രം നിലനില്‍പ് സാധ്യമാകുന്ന ഒന്നാണ് പുരോഹിതാധിപത്യമെങ്കില്‍, ഐഹികലോകത്തോടുള്ള അമിതമായ ഭയവും തന്റെ ആത്മീയവിശുദ്ധിയെ അത് തകരാറിലാക്കും എന്ന ആശങ്കയുമാണ് വൈരാഗ്യസന്യാസത്തിന്റെ പ്രതലം. അതായത്, പേടിപ്പിക്കുന്ന ഒന്നാണ് പുരോഹിതാധിപത്യം. വൈരാഗ്യസന്യാസമെന്നാല്‍ ഇഹലോകത്തെ പേടിക്കാന്‍ ശീലിപ്പിക്കുന്നതും.
അക്ഷരവ്യഗ്രതയുടെയും തീവ്രതയുടെയും കാര്യത്തിലാകട്ടെ, നിങ്ങള്‍ നിങ്ങളുടെ ദീനില്‍ അതിരുകവിയരുത് എന്ന് അല്ലാഹു അരുളുന്നതായും ഖുര്‍ആനില്‍ വായിക്കാം.
ഈ പ്രവണതകളെല്ലാം തന്നെ മതത്തിന്റെ പുരോഗമനപരവും വിപ്ലവാത്മകവുമായ സാമൂഹിക ഉള്ളടക്കത്തെ ചോര്‍ത്തിക്കളയുകയാണ് ചെയ്യുന്നത്. ഫലത്തില്‍ മതമെന്നാല്‍ പരമ്പരാഗതമായ കുറേ ആചാരങ്ങളുടെ കെട്ടുകള്‍ മാത്രമായിത്തീരുന്നു. പിന്നെയതിന് മറ്റുള്ളവരോട് യാതൊന്നും പറയാനില്ലാതാവും. അങ്ങനെയാവുന്നതോടെ മതത്തിന്റെ സംവാദസാധ്യത തന്നെയും അസ്തമിക്കും. മറ്റു സമൂഹങ്ങളോട് കടുത്ത മുന്‍വിധി കൂടി ഉണ്ടായിത്തീരുന്നതോടെ ഈയവസ്ഥ അല്‍പം കൂടി മാരകമായ തലം ആര്‍ജിക്കുന്നു.
റാഡിക്കലിസ്റ്റുകളായ ഒരു സായുധസമൂഹവും അതിനെ നിയന്ത്രിക്കുന്ന പുരോഹിതാധിപത്യവും ഒന്നിച്ചു ചേരുന്നതോടെ ഇത് മാരകമായ രൂപവും കൈവരിക്കും. അത്തരമൊരവസ്ഥയില്‍ സംവാദം എന്നത് തീര്‍ത്തും അപ്രായോഗികമായ ഒരാശയമായും മാറുന്നു.
എന്തായാലും ചരിത്രത്തെ മുന്നോട്ടു നയിക്കുകയും ശരിയായ സാമൂഹികപരിവര്‍ത്തനം സാധ്യമാക്കുകയും ചെയ്തുപോന്ന ഒരു സംവിധാനവും സംസ്‌കാരവുമാണ് സംവാദം. ആശയപ്രബോധനത്തില്‍ ഇത് വഹിച്ച പങ്കും അളവറ്റതാണ്.
Comments