Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

വസ്ത്രധാരണത്തില്‍ പാലിക്കേണ്ട മര്യാദകള്‍

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

പട്ടുവസ്ത്രം സ്ത്രീകള്‍ക്കു മാത്രമുള്ളതാണ്. പുരുഷന്മാര്‍ അത് ധരിക്കാന്‍ പാടില്ല. സ്ത്രീകളുടെ വസ്ത്രവും അവരുടെ വസ്ത്രത്തിന്റെ ആകൃതിയുള്ളതും പുരുഷന്മാര്‍ക്ക് പ്രവാചകന്‍(സ) കര്‍ശനമായി വിലക്കിയിട്ടുണ്ട്. പ്രവാചകനി(സ)ല്‍നിന്ന് ഉമര്‍ (റ) ഉദ്ധരിക്കുന്നു: ''നിങ്ങള്‍ പട്ടുവസ്ത്രം ധരിക്കരുത്. ഭൗതിക ലോകത്ത് അത് ധരിക്കുന്നവന് പരലോകത്ത് അവ തടയപ്പെടുന്നതാണ്'' (ബുഖാരി, മുസ്‌ലിം). ഒരിക്കല്‍ അലി(റ)യുടെ കൈയില്‍ പട്ടുവസ്ത്രം നല്‍കിക്കൊണ്ട് നബി(സ) പറഞ്ഞു: ''ഇവ പകുത്ത് ഫാത്വിമമാര്‍ക്ക് ഇടയില്‍ വിതരണം ചെയ്യുക'' (മുസ്‌ലിം). നബിയുടെ മകള്‍ ഫാത്വിമതുസ്സഹ്‌റാ, അലി (റ)യുടെ മാതാവ് ഫാത്വിമതുബിന്‍ത് അസദ്, പ്രവാചക പിതൃവ്യന്‍ ഹംസ(റ)യുടെ മകള്‍ ഫാത്വിമതു ബിന്‍തു ഹംസ എന്നിവരെയാണ് മൂന്ന് ഫാത്വിമമാര്‍ എന്നതുകൊ് പ്രവാചകന്‍(സ) ഉദ്ദേശിച്ചത്. സ്ത്രീകള്‍ക്ക് പട്ടുവസ്ത്രം ധരിക്കാമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്.
ശരീരാവയവങ്ങള്‍ മുഴപ്പിച്ചുകാണിക്കുന്ന, ധരിച്ചശേഷം നഗ്നത വെളിപ്പെടുത്തുന്ന തരം വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുത്. അവരുടെ പരലോക പരിണതി കടുത്തതായിരിക്കുമെന്ന് പ്രവാചകന്‍(സ) താക്കീത് നല്‍കിയിരിക്കുന്നു.
ഒരിക്കല്‍ അസ്മാഅ്(റ) നേരിയ വസ്ത്രം ധരിച്ച് പ്രവാചകന്റെ(സ) മുമ്പില്‍ വന്നപ്പോള്‍ അവിടുന്ന് പെട്ടെന്ന് മുഖം തിരിച്ചുകളഞ്ഞു. നബി(സ) പറഞ്ഞു: ''അസ്മാഅ്, പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ മുഖവും കൈയുമൊഴികെ മറ്റൊന്നും പുറത്തുകാണാന്‍ പാടില്ല.''

വസ്ത്രധാരണത്തിലും അഹങ്കാരമരുത്
''സ്ത്രീപുരുഷന്മാരില്‍ ഓരോ വിഭാഗവും മറ്റേ വിഭാഗത്തിന്റെ വസ്ത്രം ധരിക്കരുത്. അവരെ അല്ലാഹു ശപിച്ചിരിക്കുന്നു'' (ബുഖാരി, അബൂദാവൂദ്).
ഒരിക്കല്‍ പുരുഷന്മാരുടേതു പോലുള്ള ചെരുപ്പ് ധരിച്ച് നടക്കുന്ന ഒരു സ്ത്രീയെപ്പറ്റി ആഇശ(റ)യോട് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ''(വേഷവിധാനത്തില്‍) പുരുഷനാവാന്‍ ശ്രമിക്കുന്ന സ്ത്രീകളെ പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു.''
തലയും മാറും മറയ്ക്കാന്‍ പറ്റുന്ന വസ്ത്രമാണ് സ്ത്രീകള്‍ ധരിക്കേണ്ടത്. മുടി പുറത്തുകാണാത്തതായിരിക്കണം ശിരോവസ്ത്രം. തന്റെ ഭംഗി പുറത്തു കാണിക്കാതിരിക്കുകയെന്നതാണ് ശിരോവസ്ത്രം ധരിക്കുന്നതിന്റെയും ഉദ്ദേശ്യം. ഖുര്‍ആന്‍ പറയുന്നു: ''അവര്‍ മുഖമക്കന മാറിലേക്ക് താഴ്ത്തിയിടട്ടെ'' (നൂര്‍: 31). ഒരിക്കല്‍ ഈജിപ്തില്‍ നിര്‍മിക്കപ്പെട്ട തടിപ്പില്ലാത്ത ഒരു തുണി പ്രവാചകന്(സ) ലഭിക്കുകയുണ്ടായി. അവിടുന്ന് അതില്‍നിന്ന് ഒരുഭാഗമെടുത്ത് ദിഹ്‌യതുല്‍ കല്‍ബി(റ)ക്ക് നല്‍കിയിട്ട് പറഞ്ഞു: ''ഇതിന്റെ ഒരു കഷ്ണം കൊണ്ട് താങ്കള്‍ കുപ്പായം തുന്നുക. മറ്റേ കഷ്ണം ഭാര്യക്കു നല്‍കി മുഖമക്കനയായി ഉപയോഗിക്കാനും പറയുക. പക്ഷേ, അതിനിടയില്‍ ശരീരഭാഗങ്ങള്‍ പുറത്തേക്ക് കാണാത്തവിധം മറ്റൊരു വസ്ത്രം കൂടി ധരിച്ചശേഷം ആകണം അത്.'' ആഇശ(റ)യില്‍നിന്ന്: ഉപരിസൂചിത സൂക്തം അവതീര്‍ണമായതു മുതല്‍ സ്ത്രീകള്‍ നേര്‍ത്ത വസ്ത്രം ഒഴിവാക്കി കട്ടിയുള്ള വസ്ത്രം ധരിച്ചാണ് ജീവിച്ചിരുന്നത്''(അബൂദാവൂദ്).
ശരീരത്തിന് പാകമായ, വൃത്തിയും വെടിപ്പുമുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. അഹന്ത പ്രകടിപ്പിക്കുന്ന, മറ്റുള്ളവര്‍ നിസ്സാരന്മാരെന്നു വരുത്തിത്തീര്‍ക്കുന്ന, തന്റെ സമ്പന്നത തെളിയിക്കുന്ന, തന്റെ സാമ്പത്തിക നിലക്ക് വഹിക്കാവുന്നതിലധികം വിലയുള്ളതും ആഡംബരപരവുമായ, യാചക വേഷമെന്നു തോന്നിക്കുന്ന, പലതും ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങളൊന്നും ധരിക്കരുത്.
ചിലര്‍ കീറി പഴകിയ വസ്ത്രം ധരിച്ച് തന്റെ പരാധീനത പ്രകടിപ്പിക്കുംവിധമാണ് ജീവിക്കുന്നത്. ആ വസ്ത്രമിട്ടാലേ മതബോധം തോന്നിക്കൂ എന്നാണയാളുടെ ധാരണ. നല്ല വസ്ത്രം ധരിച്ചവരെ ഭൗതികപ്രേമിയെന്നും ഇവര്‍ വിലയിരുത്തിക്കളയാറുണ്ട്. അടിമുടി തെറ്റായ കാഴ്ചപ്പാടാണിത്. ഒരിക്കല്‍ അബുല്‍ അലി ശാദുലി വളരെ മുന്തിയ ഒരു വസ്ത്രം ധരിച്ചതു കണ്ട ഒരു സ്വൂഫി ദൈവത്തിന്റെ യഥാര്‍ഥ ദാസന്മാര്‍ക്ക് എന്തിനാണ് ഇതുപോലുള്ള മേത്തരം വസ്ത്രമെന്ന് അന്വേഷിക്കുകയുണ്ടായി. അതിനു ശാദുലിയുടെ പ്രതികരണം ഇങ്ങനെ: ''സഹോദരാ, മഹത്വവും ഗാംഭീര്യവും ഒത്തിണങ്ങിയ നാഥനുള്ള നന്ദിപ്രകടനമാണിത്. നിന്റെ ഈ ദയനീയ വസ്ത്രം യാചകരീതിയിലുള്ളതും. യഥാര്‍ഥത്തില്‍ പിന്നി പഴകി, പൊട്ടി കീറിയ വസ്ത്രം ധരിക്കുന്നതിലോ തന്റെ ആഢ്യത്വം പ്രകടിപ്പിക്കുംവിധമുള്ള വസ്ത്രത്തിലോ അല്ല മതബോധം കുടികൊള്ളുന്നത്. മതബോധത്തിന്റെ അടിസ്ഥാനം മനുഷ്യന്റെ ഉദ്ദേശ്യശുദ്ധിയിലും തെളിഞ്ഞ ചിന്തയിലുമാണ്.''
എല്ലാ പ്രവര്‍ത്തനങ്ങളിലും മനുഷ്യന്‍ തന്റെ സാമ്പത്തികനിലയും അവസ്ഥയുമൊക്കെ പരിഗണിച്ച് സന്തുലിതാവസ്ഥ പാലിക്കുകയാണ് വേത്. നിലവാരം കുറഞ്ഞ വസ്ത്രമിട്ട് മനസ്സ് കടുത്തുപോകാനോ വിലകൂടിയതായിട്ട് അഹങ്കാരം വന്നുചേരാനോ നാം അനുവദിക്കരുത്.
അബുല്‍ അഹവസ്വി(റ)ന്റെ പിതാവ് ഉദ്ധരിക്കുന്നു: ഒരിക്കല്‍ വളരെ നിലവാരം കുറഞ്ഞ സാധാരണ വസ്ത്രം ധരിച്ച് ഞാന്‍ പ്രവാചകന്റെ(സ) മുമ്പാകെ പോകാനിടയായി. അവിടുന്ന് അന്വേഷിച്ചു: 'താങ്കള്‍ക്ക് സമ്പാദ്യമൊന്നുമില്ലേ?' ഞാന്‍ പറഞ്ഞു: 'ഉണ്ട്.' നബി(സ) ചോദിച്ചു: 'ഏതു തരത്തിലുള്ള പണമാണുള്ളത്?' ഞാന്‍ പറഞ്ഞു: 'ഒട്ടകം, പശു, ആട്, കുതിര, തൊഴിലാളികള്‍ തുടങ്ങി എല്ലാ തരം സമ്പാദ്യവും നല്‍കി അല്ലാഹു എന്നെ അനുഗ്രഹിച്ചിട്ടുണ്ട്.' അപ്പോള്‍ പ്രവാചകന്‍(സ) അരുള്‍ ചെയ്തു: 'തന്റെ ദാസന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ പ്രതിഫലനം അവനില്‍ കാണാന്‍ അല്ലാഹു ആഗ്രഹിക്കുന്നു' (മിശ്കാത്ത്).
അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്‍കിയ ആള്‍ ദരിദ്രനെപ്പോലെ ജീവിക്കുന്നത് നന്ദികേടാവുമെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്.
ജാബിറി(റ)ല്‍നിന്ന്: ഒരിക്കല്‍ പ്രവാചകന്‍(സ) കൂടിക്കാഴ്ച നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ഞങ്ങളടെ അരികെ വന്നപ്പോള്‍ പൊടിപുരണ്ട്, മുടി പാറിപ്പറന്ന ഒരാളെ കാണുകയുണ്ടായി. അവിടുന്ന് അന്വേഷിച്ചു: 'മുടിവാര്‍ന്ന് ചീകിവെക്കാന്‍ ഇയാളുടെ പക്കല്‍ ചീര്‍പ്പും മറ്റുമില്ലേ?'
മലിനവസ്ത്രം ധരിച്ച മറ്റൊരാളെയും കാണാനിടയായപ്പോള്‍ വസ്ത്രം കഴുകി വൃത്തിയാക്കാന്‍ സോപ്പോ മറ്റോ കിട്ടാത്ത ആളാണോ ഇയാളെന്നും അവിടുന്ന് അന്വേഷിക്കുകയുണ്ടായി (മിശ്കാത്ത്).
മുന്തിയ വസ്ത്രം ധരിച്ചും മുടി എണ്ണയിട്ട് ചീകിയും വിലകൂടിയ ചെരുപ്പിട്ടും അങ്ങനെ മേന്മയുള്ള പലതും ഉപയോഗിച്ച് ജീവിക്കാനാണ് താല്‍പര്യമെന്ന് ഒരാള്‍ പ്രവാചകനോട് പറയുകയുണ്ടായി. കുതിര മുന്തിയതാവണമെന്ന ആഗ്രഹം വരെ അയാള്‍ മുന്നോട്ടുവെച്ചു. എല്ലാം കേട്ട ശേഷം പ്രവാചകന്‍(സ) അരുള്‍ ചെയ്തു: ''അവയെല്ലാം അല്ലാഹുവിങ്കല്‍ ഇഷ്ടപ്പെട്ടതും, ആ നല്ല ആഗ്രഹങ്ങളെ അവന്‍ നല്ല രൂപത്തിലാണ് നോക്കുന്നതും.''
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉദ്ധരിക്കുന്നു: ''ഞാന്‍ പ്രവാചകനോ(സ)ട് അന്വേഷിച്ചു: 'പ്രവാചകരേ, വിലകൂടിയ മുന്തിയ വസ്ത്രം ഉപയോഗിക്കുന്നത് അഹങ്കാരത്തിന്റെയും അഹന്തയുടെയും ലക്ഷണമാണോ?' അവിടുന്ന് പ്രതിവചിച്ചു: 'അല്ല. പ്രത്യുത അത് സൗന്ദര്യമാണ്. അല്ലാഹു സൗന്ദര്യത്തെയാണ് ഇഷ്ടപ്പെടുന്നത്''(ഇബ്‌നുമാജ).
പ്രവാചകന്‍(സ) അരുള്‍ ചെയ്തതായി അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) തന്നെ ഉദ്ധരിക്കുന്നു: ''നമസ്‌കാരത്തില്‍ രണ്ട് വസ്ത്രം ധരിക്കുക (അഥവാ ശരീരം വസ്ത്രത്താല്‍ പൊതിയുക). തന്റെ സാന്നിധ്യത്തില്‍ മനുഷ്യന്‍ സുന്ദരനായി വരിക എന്നതിന് കൂടുതല്‍ അര്‍ഹനാണ് അല്ലാഹു'' (മിശ്കാത്ത്).
വസ്ത്രം ധരിക്കുമ്പോഴും അതില്‍ അലങ്കാരവും ചമയവും വരുത്തുമ്പോഴും മാന്യതയും സഭ്യതയും നഷ്ടപ്പെടുത്തില്ലെന്ന് ജാഗ്രതയുണ്ടാവണം. ഉദാഹരണത്തിന് എപ്പോഴും തുറന്നിട്ട കോളര്‍, തലതിരിഞ്ഞവിധം ഷര്‍ട്ട് ബട്ടണ്‍ ഇടുക, പാന്റ്‌സിന്റെ ഒരുഭാഗം പൊന്തിയും മറ്റേ കാലിലെ ഭാഗം താഴ്ന്നും ആവുക, ഒറ്റ ചെരുപ്പില്‍ നടക്കുക, മുടി പാറിപ്പറന്നതാവുക തുടങ്ങിയവ സഭ്യതക്ക് ചേര്‍ന്നതല്ല. അമാന്യമാണത്. ഒരിക്കല്‍ പ്രവാചകന്‍(സ) പള്ളിയില്‍ ചെന്നപ്പോള്‍ മുടിയും താടിയും ഒതുക്കിവെക്കാത്ത ഒരാള്‍ അവിടെയുണ്ടായിരുന്നു. പ്രവാചകന്‍(സ) ആംഗ്യത്തിലൂടെ അവ ഒതുക്കിവെച്ച് ചിട്ടയില്‍ വരാന്‍ ആജ്ഞാപിച്ചു. അദ്ദേഹം അതു നിര്‍വഹിച്ചു വന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: ''മുടി പാറിപ്പറന്നവനായി നടക്കുന്നതിനേക്കാള്‍ ഒതുക്കിവെച്ച ഈ രീതിക്കല്ലേ സൗന്ദര്യം? നേരത്തേയുള്ള അവസ്ഥ ചെകുത്താനെ പോലെയുള്ളതാണ്'' (മിശ്കാത്ത്). അബൂഹുറയ്‌റ(റ) പ്രവാചകനി(സ)ല്‍നിന്ന് ഉദ്ധരിക്കുന്നു: ''നിങ്ങള്‍ ഒറ്റ ചെരുപ്പിട്ട് നടക്കരുത്. ഒന്നുകില്‍ രണ്ടും ധരിക്കുക അല്ലെങ്കില്‍ രണ്ടും ഒഴിവാക്കി നടക്കുക'' (തിര്‍മിദി). ഈ നബിവചനത്തിന്റെ വെളിച്ചത്തില്‍ കുപ്പായത്തിന്റെ ഒരുഭാഗം മാത്രമിട്ട് നടക്കുന്നതും പണ്ഡിതന്മാര്‍ വിലക്കിയിട്ടുണ്ട്.
ലാളിത്യവും മഹത്വവും സംസ്‌കാരസമ്പന്നതയും സ്ഫുരിക്കുന്ന വസ്ത്രമാണ് ശീലമാക്കേണ്ടത്. വസ്ത്രത്തിനുവേണ്ടി മിതമായ പണമേ ചെലവിടാവൂ. ഒന്നുകില്‍ വസ്ത്രത്തിലൂടെ സുഖലോലുപത പ്രകടിപ്പിക്കുക, അല്ലെങ്കില്‍ ആവശ്യത്തിലും കവിഞ്ഞ ലാളിത്യം സ്വീകരിക്കുക- ഈ രണ്ട് ആത്യന്തികതകള്‍ക്കും മധ്യേയുള്ള വസ്ത്രധാരണമാണ് ആവശ്യം. പ്രവാചകന്‍(സ) അരുള്‍ ചെയ്തു: ''നിങ്ങള്‍ സുഖലോലുപതയെ സൂക്ഷിക്കുക. ദൈവത്തിന്റെ ഇഷ്ടദാസന്മാര്‍ സുഖലോലുപരാകുന്നവരല്ല'' (മിശ്കാത്ത്).
മറ്റൊരു പ്രവാചകവചനം: ''കഴിവും ശേഷിയും ഉണ്ടായിട്ടും വിനയവും വിധേയത്വവും ലക്ഷ്യംവെച്ച് വസ്ത്രത്തില്‍ ലാളിത്യം കൈക്കൊള്ളുന്നവരെ അല്ലാഹു ആദരവിന്റെയും മഹത്വത്തിന്റെയും പുടവ അണിയിക്കുന്നതാണ്'' (അബൂദാവൂദ്). ഒരിക്കല്‍ സ്വഹാബികള്‍ പൊതുവര്‍ത്തമാനം പറയുന്നതിനിടെ പ്രവാചകന്‍(സ) അരുളി: ''വസ്ത്രധാരണത്തിലെ ലാളിത്യം വിശ്വാസത്തിന്റെ അടയാളങ്ങളില്‍ ഒന്നാകുന്നു'' (അബൂദാവൂദ്). മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ''ബാഹ്യാവസ്ഥയില്‍ നോക്കുമ്പോള്‍ ലളിതജീവിതം നയിക്കുന്ന നിരവധി ദൈവികദാസന്മാരുണ്ട്. എന്നാല്‍ ഒരു സത്യം ചെയ്താല്‍ അല്ലാഹു അത് പൂര്‍ത്തീകരിച്ചുകൊടുക്കുമാറ് അല്ലാഹുവിന്റെ അടുക്കല്‍ ഏറെ പദവി ഉയര്‍ന്നവരാണവര്‍. ബറാഉബ്‌നു മാലിക് (റ) അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ആളാകുന്നു'' (തിര്‍മിദി).
വസ്ത്രം വാങ്ങാന്‍ കഴിവില്ലാത്ത ദരിദ്രര്‍ക്ക് അവ വാങ്ങി നല്‍കുന്നതും നമുക്ക് വസ്ത്രം നല്‍കിയ ദൈവാനുഗ്രഹത്തിനുള്ള നന്ദിപ്രകടനമാണ്. പ്രവാചകന്‍(സ) അരുള്‍ ചെയ്യുന്നു: ''ദരിദ്ര വിശ്വാസിയെ വസ്ത്രമുടുപ്പിക്കുന്ന വ്യക്തിയെ അന്ത്യനാളില്‍ അല്ലാഹു സ്വര്‍ഗീയ പച്ച വസ്ത്രം അണിയിക്കുന്നതാണ്'' (അബൂദാവൂദ്). ഒരാള്‍ മറ്റൊരു വിശ്വാസിക്ക് വസ്ത്രം വാങ്ങിനല്‍കിയാല്‍, അയാള്‍ അത് ധരിക്കുന്ന കാലമത്രയും വാങ്ങി നല്‍കിയ ആള്‍ക്ക് അല്ലാഹുവിന്റെ നോട്ടവും സംരക്ഷണവും ലഭിക്കുന്നതാണെന്നും  പ്രവാചകന്‍ അരുള്‍ ചെയ്തിട്ടുണ്ട് (തിര്‍മിദി).
രാപ്പകല്‍ നമ്മോടൊപ്പം കഴിഞ്ഞ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും സേവകന്മാര്‍ക്കും കഴിവനുസരിച്ചുള്ള നല്ല വസ്ത്രം വാങ്ങി നല്‍കണം. പ്രവാചകന്‍(സ) അരുള്‍ ചെയ്തു: ''കൊച്ചു പയ്യന്മാരും അടിമകളും നിങ്ങളുടെ സഹോദരന്മാര്‍ തന്നെയാണ്. അവരെ നിങ്ങളുടെ സംരക്ഷണത്തില്‍ അല്ലാഹു ഏല്‍പിച്ചിരിക്കുകയാണ്. അത്തരക്കാര്‍ക്ക് നാം ഭക്ഷിക്കുന്നവ ഭക്ഷിക്കാന്‍ നല്‍കുക. നാം ധരിക്കുന്നവ പോലുള്ളവ ധരിക്കാന്‍ നല്‍കുക. അവര്‍ക്ക് വഹിക്കാവുന്നതിലധികം ഭാരം അവരുടെ മേല്‍ കെട്ടിയേല്‍പിക്കാതിരിക്കുക, അവര്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്ത ജോലിയില്‍ നാമും അവരെ സഹായിക്കുക. ഇതൊക്കെ നമ്മുടെ കടമകളാവുന്നു'' (ബുഖാരി, മുസ്‌ലിം). 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം