Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

പ്രബോധനവും നയതന്ത്ര സൗഹൃദത്തിന്റെ സാധ്യതകളും

എസ്.എം സൈനുദ്ദീന്‍

ഇസ്‌ലാമിക പ്രബോധനം അഥവാ ദഅ്‌വത്തുദ്ദീന്‍ എത്രമാത്രം നിര്‍ബന്ധമാണോ അത്ര തന്നെ നിര്‍ബന്ധമാണ് അതിന്റെ രീതിശാസ്ത്രവും ശൈലിയും ഖുര്‍ആനികമാവുക എന്നതും. ഇസ്‌ലാമിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനും ജനങ്ങള്‍ക്ക് അതിന്റെ മൗലികതത്ത്വങ്ങള്‍ ബോധ്യപ്പെടുത്താനുമാണല്ലോ അല്ലാഹു ദഅ്‌വത്ത് നടത്താന്‍ നിഷ്‌കര്‍ഷിച്ചത്. ഇതിന് വിരുദ്ധമായി ഇസ്‌ലാമിനെ ജനം തെറ്റായി മനസ്സിലാക്കാനും ഇസ്‌ലാമിനോട് വെറുപ്പും വിദ്വേഷവും രൂപപ്പെടാനും പ്രബോധകരുടെ വാക്കും പ്രവൃത്തിയും കാരണമാകാന്‍ പാടില്ല. ദഅ്‌വത്തിന്റെ വിഷയം, ഉള്ളടക്കം, ശൈലി എന്നിവയെല്ലാം കൃത്യപ്പെടുത്തുകയും പ്രബോധകര്‍ അത് പാലിക്കുകയും വേണം. ഒരു തത്ത്വദീക്ഷയും ഇല്ലാതെ നിര്‍വഹിക്കപ്പെടേണ്ടതല്ല ദഅ്‌വത്ത്.
ദഅ്‌വത്തിന്റെ ഭാഷയും ശൈലിയുമായി ബന്ധപ്പെട്ട് പ്രബോധകര്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. എതിരാളിയെ മലര്‍ത്തിയടിച്ച് വിജയഭേരി മുഴക്കുന്ന മല്ലയുദ്ധകാരന്റെയോ ബോക്‌സിങ് ചാമ്പ്യന്റെയോ രീതിയിലായിരിക്കരുത് പ്രബോധകന്റെ വ്യവഹാരഭാഷയും ശരീരഭാഷയും. രണ്ട് വിഭിന്ന വീക്ഷണങ്ങളില്‍ അടിയുറച്ചു നില്‍ക്കുമ്പോഴും മനുഷ്യര്‍ എന്ന നിലയില്‍ ഇരു പേര്‍ക്കും വിഭാഗങ്ങള്‍ക്കുമിടയില്‍ ഇഴപിരിക്കാനാകാത്ത ഇണക്കവും യോജിപ്പും മനുഷ്യത്വപരമായ സാഹോദര്യവും സൗഹാര്‍ദവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതും തുടര്‍ന്നും സംസാരിക്കാനുള്ള കവാടം തുറന്നിടുന്നതുമാകണം പ്രബോധകന്റെ നിലപാട്. അതായത് ദഅ്‌വത്ത് ഒരു വാഗ്വാദമോ കുതര്‍ക്കമോ അല്ല. ഇരു വിഭാഗങ്ങള്‍ക്കിടയിലെ ശക്തമായ സാംസ്‌കാരിക വിനിമയമായിരിക്കണം അത്.
നല്ലതിലേക്കുള്ള ക്ഷണം നല്ല ശൈലിയിലായിരിക്കണം. പ്രബോധനത്തിന്റെ ദീര്‍ഘമായ ചരിത്രത്തില്‍നിന്നും വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തില്‍നിന്നും നമുക്കീ രീതിശാസ്ത്രം വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. 
പ്രവാചകന്മാര്‍ ജനങ്ങളുടെ സഹോദരന്മാരും പ്രബോധിതര്‍ അവര്‍ക്ക് സ്വന്തം ജനതയും ആയിരുന്നു. 'എന്റെ ജനമേ' എന്ന നബിമാരുടെ അഭിസംബോധന പ്രബോധിത ജനത്തിനും അവര്‍ക്കും ഇടയിലെ അകല്‍ച്ചകളില്ലാതാക്കാന്‍ പര്യാപ്തമായിരുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അതു വഴി അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഞങ്ങള്‍ നിങ്ങളുടെ ഗുണകാംക്ഷികളും അങ്ങേയറ്റം വിശ്വസ്തരുമാണെന്ന് പ്രവാചകന്മാര്‍ പറയുന്നുണ്ട്.  പ്രബോധിതരും പ്രബോധകരും തമ്മിലെ ബന്ധം എങ്ങനെയായിരിക്കണമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാനാകും.
മുഹമ്മദ് മുതവല്ലീ അശ്ശഅ്‌റാവി ഈ ആശയങ്ങള്‍ വരുന്ന ഭാഗങ്ങള്‍ വിശദീകരിക്കവെ തന്റെ തഫ്‌സീറില്‍ ഇപ്രകാരം എഴുതുന്നു: ''അവരുടെ സഹോദരന്‍ നൂഹ് അവരോടിങ്ങനെ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?'' (അശ്ശുഅറാഅ്: 106). 'തങ്ങളുടെ സഹോദരന്‍' എന്ന പ്രയോഗത്തിലൂടെ അവരുടെ ഹൃദയങ്ങളില്‍ നൂഹിനോട് ഇണക്കം ഉണ്ടാക്കുകയാണ് ഉദ്ദേശ്യം. അദ്ദേഹം അവരോട് വളരെ അടുത്ത ബന്ധമുള്ളയാളാണ്, അകന്നയാളല്ല. അപരിചിതനോ പരദേശിയോ അല്ല. നൂഹിന്റെ കുടുംബവും വളര്‍ച്ചയുമൊക്കെ ആ ജനത്തിന് നല്ല പോലെ അറിയാം. മാത്രവുമല്ല അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനും സാധിക്കില്ല. മുഹമ്മദ് നബി(സ)യുടെ കാര്യവും തഥൈവ. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ സ്വീകരിച്ച ആദ്യകാല വിശ്വാസികളായ ഖദീജക്കും അബൂബക്ര്‍ സിദ്ദീഖിനും പ്രവാചകന്‍ എന്തുകൊണ്ടാണ് സ്വീകാര്യനായത്? മുഹമ്മദ് അവരോടൊപ്പമാണ് ജീവിച്ചത്. അദ്ദേഹത്തെ കുറിച്ച് അവരുടെ പക്കല്‍ ദുരൂഹമായ ഒന്നും ഇല്ല. സ്വഭാവവിശുദ്ധിയെ കുറിച്ച് രണ്ടഭിപ്രായവുമില്ല. ജനങ്ങളുടെ കാര്യത്തില്‍ കളവു പറയാത്ത മുഹമ്മദ് ജനങ്ങളുടെ ദൈവത്തിന്റെ കാര്യത്തില്‍ എന്തിന് കളവു പറയണം! അത് അസംഭവ്യമായ കാര്യമാണ്. ഇതാണ് പ്രവാചക ദര്‍ശനം അവര്‍ക്ക് സ്വീകാര്യമായതിന്റെ സുപ്രധാന കാരണം.''1
ജനങ്ങള്‍ക്ക് പരിചിതമായതിലേക്കും പരസ്പരം യോജിപ്പുള്ളതുമായ കാര്യങ്ങളിലേക്കുമാണ് അവരെ ക്ഷണിക്കേണ്ടത്.  ''പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: 'അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.' ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: 'ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക'' (ആലുഇംറാന്‍: 64). ''അതായത്, ഞങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞതും നിങ്ങള്‍ക്ക് നിഷേധിക്കാന്‍ സാധിക്കാത്തതുമായ ഒരു ആദര്‍ശത്തില്‍ ഞങ്ങളുമായി യോജിക്കുക; അതേ ആദര്‍ശമാണ് നിങ്ങളുടെ പ്രവാചകന്മാരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെതന്നെ വിശുദ്ധ ഗ്രന്ഥങ്ങളിലും അതിനെക്കുറിച്ചുള്ള ശിക്ഷണമാണ് നല്‍കപ്പെട്ടിരിക്കുന്നത്!''2
സമവായങ്ങള്‍ സാധ്യമായാല്‍ ഭിന്നതകള്‍ പരിഹരിക്കാന്‍ എളുപ്പമായിരിക്കും. 'നിങ്ങള്‍ എളുപ്പമുണ്ടാക്കുന്നവരാണ്; പ്രയാസവും ഇടുക്കവും ഉണ്ടാക്കുന്നവരായല്ല നിയോഗിതരായിട്ടുള്ളത്', 'നിങ്ങള്‍ എളുപ്പമുണ്ടാക്കുക. പ്രയാസമുണ്ടാക്കരുത്. സുവാര്‍ത്ത അറിയിക്കുക. വിരട്ടിയകറ്റരുത്' തുടങ്ങിയ പ്രവാചക വചനങ്ങള്‍ ചിന്തനീയമാണ്.
ദഅ്‌വത്തിനുള്ള ഖുര്‍ആനിക കല്‍പ്പനകളൊന്നും നിരുപാധികമല്ല. തദ്‌വിഷയകമായി വന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ പഠിക്കുമ്പോള്‍ ഇത് വ്യക്തമാകും. അവ ഏതാണെന്ന് ഇനി പരിശോധിക്കാം: 
ഒന്ന്: ഹിക്മത്തും മൗഇളത്തും. ''യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍'' (അന്നഹ്ല്‍: 125). ''ഇവിടെ ഹിക്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്, തൃപ്തികരവും വൈജ്ഞാനികവുമായ തെളിവുകള്‍ കൊണ്ട് ബുദ്ധിയെ അഭിസംബോധന ചെയ്യലാണ്. സംശയവും ആശയക്കുഴപ്പവും നീക്കാന്‍ പര്യാപ്തമായ താകണം അത്. സംശയാസ്പദമായതില്‍നിന്ന് വ്യക്തതയിലേക്കും ഊഹാധിഷ്ഠിതമായതില്‍നിന്ന് ഖണ്ഡിതമായതിലേക്കും ഭാഗികമായതില്‍നിന്ന് സമഗ്രതയിലേക്കും ശാഖാപരമായതില്‍നിന്ന് അടിസ്ഥാനങ്ങളിലേക്കും അത് പ്രബോധിതരെ നയിക്കും. ദുര്‍ഗ്രാഹ്യമായതിനെ വെടിഞ്ഞ് സുഗ്രാഹ്യമായത് ജനങ്ങളോട് പറയുന്നതും ഹിക്മത്താണ്. ഹസ്രത്ത് അലി(റ)യുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. 'ജനങ്ങള്‍ക്ക് സുപരിചിതമായത് അവരോട് പറയുക. അവര്‍ക്കജ്ഞാതമായത് പറയാതിരിക്കുക. അവര്‍ പ്രവാചകവിരോധികളും ദൈവനിഷേധികളും ആകാനല്ലല്ലോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?!' ജനങ്ങളുടെ വ്യാവഹാരികവും സാംസ്‌കാരികവുമായ ഭാഷയില്‍ പ്രബോധനം നടത്തലും സരളവും ആകര്‍ഷകവുമായ ശൈലി സ്വീകരിക്കലും ഹിക്മത്താണ്. ആശയപ്രകാശനം ക്രമപ്രവൃദ്ധമാകണം. മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കണം. പ്രബോധകരുടെ വ്യക്തിപരമായ അഭിരുചികളും താല്‍പര്യങ്ങളുമല്ല, പ്രബോധിതരുടെ അവസ്ഥകളും സാഹചര്യങ്ങളുമാണ് മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതില്‍ സ്വാധീനിക്കേണ്ടത്. പ്രബോധനം വ്യക്തിപരമായ ബാധ്യതയാണെങ്കിലും സാമൂഹികമായ ലക്ഷ്യങ്ങള്‍ അതിനുണ്ട്. ഈ അടിസ്ഥാനങ്ങള്‍ നിരാകരിച്ചതിനാലാണ് പ്രബോധനം അതിന്റെ ലക്ഷ്യത്തിലെത്താതെ പോകുന്നത്.''3 അതിനാല്‍ ദഅ്‌വത്തിന്റെ സാമൂഹിക ഫലങ്ങള്‍ തടയുന്ന ശൈലിയും രീതിയും പ്രബോധകര്‍ വര്‍ജിക്കേണ്ടതുണ്ട്.
''പ്രബോധനത്തില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്: ഒന്ന് യുക്തിയും മറ്റൊന്ന് സദുപദേശവും. യുക്തിയുടെ താല്‍പര്യമിതാണ്: വിഡ്ഢികളെപ്പോലെ കണ്ണുംചിമ്മി പ്രബോധനം നടത്തരുത്. മറിച്ച്, വൈജ്ഞാനിക മികവോടുകൂടി, സംബോധിതരുടെ നിലവാരവും ഗ്രഹണശേഷിയും പരിതഃസ്ഥിതിയും മനസ്സിലാക്കി, സ്ഥാനവും സന്ദര്‍ഭവും പരിഗണിച്ചുവേണം സംസാരിക്കാന്‍. എല്ലാ തരത്തിലുമുള്ള ആളുകള്‍ക്കും ഒരേ മാനദണ്ഡം സ്വീകരിക്കരുത്. തങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും രോഗനിര്‍ണയം ആദ്യം സാധിക്കേണ്ടതുണ്ട്. പിന്നീട് അവരുടെ മനസ്സിന്റെ ഉള്ളറകളില്‍നിന്ന് രോഗത്തിന്റെ വേരുകള്‍തന്നെ ഉന്മൂലനം ചെയ്യാന്‍ ഉതകുന്ന വിധത്തിലുള്ള തെളിവുകള്‍കൊണ്ട് അവയെ ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യണം. സദുപദേശംകൊണ്ട് രണ്ടു കാര്യമാണ് ഉദ്ദേശിക്കുന്നത്: ഒന്ന്, സംബോധിതരെ തെളിവുകള്‍ നിരത്തിവെച്ച് സമാധാനിപ്പിക്കുന്നതില്‍ പരിമിതമാക്കാതെ അവരുടെ വികാരങ്ങളെക്കൂടി തട്ടിയുണര്‍ത്തേണ്ടതുണ്ട്. തിന്മകളും ദുര്‍വൃത്തികളും ബുദ്ധിപരമായ സമീപനത്തിലൂടെ മാത്രം ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ല. മറിച്ച്, അതോടൊപ്പം അവയോട് മനുഷ്യന്നുള്ള നൈസര്‍ഗികമായ വെറുപ്പിന്റെ വികാരവും കൂടി ഉജ്ജീവിപ്പിക്കുകയും അവയുടെ പരിണാമത്തെക്കുറിച്ച് ഭീതി ജനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.''4 
ഒരു നാഗരികക്രമവും സാമൂഹിക വിഭാഗവും എന്ന നിലയില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഇതര ആശയവിഭാഗങ്ങള്‍ക്കും ഇടയിലെ നയതന്ത്രസൗഹൃദം മെച്ചപ്പെടുത്തുന്ന ദൗത്യവും സാധ്യമാകുന്നതും ദഅ്‌വത്തിലൂടെയാണ്. അതിനാല്‍ പ്രബോധനശൈലി ഇതു കൂടി മുന്നില്‍കണ്ടാണ് ആവിഷ്‌കരിക്കേണ്ടത്. ഇത് വ്യക്തികള്‍ ഒറ്റക്ക് നിര്‍വഹിക്കേണ്ടതല്ല, സാമൂഹിക നേതൃത്വം കൂട്ടായി നടത്തേണ്ട കാര്യമാണ്. 
രണ്ട്: നല്ല സംവാദം. നല്ല സംവാദത്തെ 'ജിദാല്‍ ബില്ലത്തീ ഹിയ അഹ്‌സന്‍' എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ''ഇതിന്റെ രൂപം കേവലമായ വാദപ്രതിവാദങ്ങളോ ബുദ്ധിപരമായ കിടമത്സരങ്ങളോ അനാവശ്യമായ വാദകോലാഹലങ്ങളോ അപകീര്‍ത്തിപ്പെടുത്തലോ ആക്ഷേപമോ പരിഹാസമോ അല്ല. വാചാലതകൊണ്ട് പ്രതിയോഗിയെ ഉത്തരംമുട്ടിച്ച് മികവ് പ്രദര്‍ശിപ്പിക്കുകയുമല്ല ഉദ്ദേശ്യം. മറിച്ച്, മധുരമായ വാക്ക് പറയുക, അങ്ങേയറ്റം മാന്യമായ സ്വഭാവം പുലര്‍ത്തുക, ചിന്തോദ്ദീപകവും മനസ്സില്‍ കൊള്ളുന്നതുമായ തെളിവുകള്‍ സമര്‍പ്പിക്കുക, അനുവാചകഹൃദയത്തില്‍ എതിര്‍പ്പും വിദ്വേഷവും ഉണ്ടാക്കാതിരിക്കുക, കാര്യങ്ങള്‍ നേരെച്ചൊവ്വെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുക, അവര്‍ കുതര്‍ക്കങ്ങളിലേക്ക് തിരിയുകയാണെന്നു കണ്ടാല്‍ മാര്‍ഗഭ്രംശത്തില്‍ കൂടുതല്‍ ആണ്ടുപോകാതിരിക്കേണ്ടതിന് തല്‍ക്കാലം അവരെ വിട്ടുപിരിയുക. ഇതൊക്കെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്'' (സയ്യിദ് മൗദൂദി).
''മനുഷ്യഹൃദയങ്ങളിലേക്ക് പ്രവേശിക്കുന്ന സൗമ്യമായ ഉപദേശം വികാരവിചാരങ്ങളെ ആഴത്തില്‍ സ്വാധീനിക്കും. അനാവശ്യമായ ആക്ഷേപവും രോഷവും ഒരു സ്വാധീനവും സൃഷ്ടിക്കുകയില്ല. സദുപദേശം ചിതറിയ ഹൃദയങ്ങളെ നന്മയിലേക്കടുപ്പിക്കും. നല്ല സംവാദം എതിരാളിക്ക് ഭാരമാവുകയില്ല. അയാളെ നിന്ദിതനാക്കുകയുമില്ല. അത് അയാളെ പ്രബോധകനിലേക്ക് വശീകരിക്കും.  തന്നെ ആരും തര്‍ക്കിച്ച് തോല്‍പ്പിക്കാന്‍ ഒരാളും ഒട്ടും ഇഷ്ടപ്പെടുകയില്ല. സംവാദം സത്യാന്വേഷണം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് മാത്രമാണെന്ന് അനുവാചകന് തോന്നണം. മനുഷ്യമനസ്സ് പ്രകൃത്യാ ഔന്നത്യഭാവവും നിഷേധഭാവവും ഉള്ളതാണ്. താന്‍ ഏതൊന്നിനു വേണ്ടി നിലകൊള്ളുന്നുവോ അതില്‍നിന്ന് മനസ്സ് താഴേക്ക് വരില്ല. വശ്യവും സൗമ്യവുമായ ശൈലികൊണ്ട് നൈസര്‍ഗികമായ ഈ പ്രകൃതത്തെ മാറ്റാനും മനസ്സിനെ ശാന്തമാക്കാനും സംവാദത്തിലൂടെ സാധിക്കും. താന്‍ പരാജയപ്പെടുകയാണെന്ന തോന്നല്‍ പ്രതിസംവാദകനില്‍ ഒരിക്കല്‍ പോലും ഉണ്ടാവുകയേയില്ല.
മനുഷ്യമനസ്സില്‍ പൊതുവെ തന്റെ വീക്ഷണങ്ങളും വിശ്വാസങ്ങളും ഉന്നതമാണെന്ന വിചാരം ഉണ്ട്. ജനങ്ങള്‍ക്കിടയില്‍ അതിന് വലിയ വിലയുണ്ടെന്നാണ് എല്ലാവരും കരുതുന്നത്. അത് പൊളിഞ്ഞുപോകുന്നു എന്നു വന്നാല്‍ താന്‍ ഇല്ലാതായി എന്നാണ് പൊതുവെ എല്ലാവരും വിചാരിക്കുക. നല്ല സംവാദം ഇതിനെ ഇല്ലാതാക്കും. സംവാദകന്‍ എതിരാളിയെയും അയാളുടെ ചിന്തകളെയും ആദരിച്ചാല്‍ യാഥാര്‍ഥ്യം സ്ഥാപിക്കാനും അയാളെ സന്മാര്‍ഗത്തിലേക്ക് നയിക്കാനും വളരെ എളുപ്പത്തില്‍ കഴിയും.''5
സംവാദം ആശയങ്ങളുടെ നിലവറകളിലേക്കുള്ള കവാടമാണ്. ആ കവാടം തുറന്നു തന്നെ കിടക്കണം. അത് കൊട്ടിയടച്ച് എതിരഭിപ്രായക്കാരോടും വിഭാഗങ്ങളോടും തുടര്‍സംസാരം സാധ്യമല്ലാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കാതിരിക്കാന്‍ പ്രബോധകസംഘങ്ങള്‍ക്ക് കഴിയണം. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങളുടെ സ്വാധീനഫലമായി ചില പ്രദേശങ്ങളില്‍ രൂപപ്പെട്ട താര്‍ക്കികരീതി മുസ്ലിം പ്രബോധകര്‍ സാര്‍വദേശീയമാക്കാന്‍ തുടങ്ങിയത് ഇസ്ലാമിക പ്രബോധനം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണ്. പൊതുവെ ഇസ്ലാമോഫോബിക്കായ സമൂഹത്തില്‍ ഇത്തരം ആശയ കിടമത്സരങ്ങള്‍ മതങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നത് ആശാസ്യമല്ല. ഖുര്‍ആന്റെ നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണിത്.
''ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: 'ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്''(അല്‍ അന്‍കബൂത്: 46). സത്യം തന്റെ പക്കലാണെന്ന ഉറച്ച ബോധ്യമുള്ളപ്പോഴും മറുപക്ഷം തീര്‍ത്തും തെറ്റുകാരാണെന്ന് ഒരു കാരണവശാലും വാദിക്കരുത്. ചോദിക്കുക: ''ആകാശഭൂമികളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തരുന്നത് ആരാണ്?' പറയുക: അല്ലാഹു. അപ്പോള്‍ ഞങ്ങളോ നിങ്ങളോ രണ്ടിലൊരു വിഭാഗം നേര്‍വഴിയിലാണ്. അല്ലെങ്കില്‍ പ്രകടമായ വഴികേടിലും'' (സബഅ്: 24).
ഈ ആയത്തിന് സയ്യിദ് മൗദൂദി നല്‍കുന്ന വ്യാഖ്യാനം കാണുക: ''ഈ വാക്യത്തില്‍ പ്രബോധനപരമായ യുക്തിയുടെ ഒരു ചിമിഴ് ഒളിഞ്ഞിരിപ്പുണ്ട്. മുകളില്‍ പറഞ്ഞ ചോദ്യോത്തരങ്ങളുടെ താര്‍ക്കികമായ ഫലം, അല്ലാഹുവിന് അടിമപ്പെടുകയും ആരാധനയര്‍പ്പിക്കുകയും ചെയ്യുന്നവര്‍ സന്മാര്‍ഗത്തിലാണെന്നും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവര്‍ ദുര്‍മാര്‍ഗത്തിലകപ്പെടുന്നുവെന്നുമാണല്ലോ. ഈ അടിസ്ഥാനത്തില്‍ അനന്തരം, പ്രത്യക്ഷത്തില്‍ ഞങ്ങള്‍ സന്മാര്‍ഗത്തിലും നിങ്ങള്‍ ദുര്‍മാര്‍ഗത്തിലുമാണെന്നാണ് പറയേണ്ടത്. പക്ഷേ, ആ വിധം അറുത്തുമുറിച്ചു പറയുന്നത് സത്യം പറയുക എന്ന പരിഗണനയില്‍ എത്രതന്നെ ശരിയാണെങ്കിലും പ്രബോധനപരമായ യുക്തിദീക്ഷക്ക് യോജിച്ചതല്ല. എന്തുകൊണ്ടെന്നാല്‍, ഒരാളെ അഭിമുഖീകരിച്ച് അയാള്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലാണെന്നും നിങ്ങള്‍ സ്വയം സന്മാര്‍ഗത്തിലാണെന്നും നേര്‍ക്കുനേരെ പ്രസ്താവിക്കുന്നത് അയാളെ എതിര്‍പ്പിലേക്ക് നയിക്കുകയും സത്യത്തിനുനേരെ അയാളുടെ ഹൃദയകവാടങ്ങള്‍ അടച്ചുപൂട്ടുകയുമാണ് ചെയ്യുക. സത്യം പറയാന്‍ വേണ്ടി മാത്രമല്ല, റസൂല്‍ നിയുക്തനായിട്ടുള്ളത്. സത്യത്തില്‍നിന്നു പിഴച്ചുപോയ ആളുകളെ കൂടുതല്‍ യുക്തിപരമായ മാര്‍ഗങ്ങളിലൂടെ സംസ്‌കരിച്ചെടുക്കുക എന്നതും അദ്ദേഹത്തില്‍ നിക്ഷിപ്തമായ ചുമതലയാണ്. അതുകൊണ്ടാണ് പ്രസ്തുത ചോദ്യത്തിനും മറുപടിക്കും ശേഷം നിങ്ങള്‍ ദുര്‍മാര്‍ഗത്തിലാണെന്നും ഞങ്ങള്‍ സന്മാര്‍ഗത്തിലാണെന്നും അവരോട് വെട്ടിത്തുറന്നുപറയാന്‍ അല്ലാഹു അവന്റെ ദൂതനോട് കല്‍പിക്കാതിരുന്നത്. മറിച്ച്, അവന്‍ ഉപദേശിച്ചതിങ്ങനെയാണ്: അവര്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കുക. അവരോട് പറയുക: നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ പ്രകടമായിരിക്കുന്നു. അതെന്തെന്നാല്‍, നിങ്ങള്‍ അന്നദാതാക്കളല്ലാത്ത ദൈവങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. ഞങ്ങള്‍ അന്നദാതാവായ യഥാര്‍ഥ ദൈവത്തെ മാത്രം ആരാധിക്കുന്നു. അതിനാല്‍, ഒരേസമയം ഞങ്ങളും നിങ്ങളും സന്മാര്‍ഗത്തിലായിരിക്കുക എങ്ങനെയും സാധ്യമല്ല. നമുക്കിടയില്‍ ഇത്രയും തെളിഞ്ഞ വ്യത്യാസമുള്ള സ്ഥിതിക്ക് നമ്മിലൊരു കൂട്ടര്‍ മാത്രമേ സന്മാര്‍ഗത്തിലായിരിക്കൂ. മറുപക്ഷം ദുര്‍മാര്‍ഗത്തില്‍തന്നെയായിരിക്കും. ഇനി ആരാണ് സന്മാര്‍ഗത്തിലെന്നും ആരാണ് ദുര്‍മാര്‍ഗത്തിലെന്നും തീരുമാനിക്കാനുള്ള തെളിവുകള്‍ മനസ്സിലാക്കേണ്ടതും തീരുമാനത്തിലെത്തേണ്ടതും നിങ്ങളുടെ ചുമതലയാകുന്നു.''
ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രബോധനം നടത്തുക എന്നത് 
പോലെ പ്രധാനമാണ് അതിന് അനുകൂലമായ സാഹചര്യം രൂപപ്പെടുത്തുക എന്നതും. 'ഒരു നിര്‍ബന്ധ ബാധ്യത പൂര്‍ത്തിയാകാന്‍ എന്തെല്ലാം വേണമോ അതും നിര്‍ബന്ധമാണ്' എന്ന തത്ത്വം മുന്നില്‍ വെച്ചു വേണം ഈ ആലോചനകള്‍ നടത്താന്‍. 'അടിസ്ഥാനങ്ങള്‍ അവഗണിക്കുന്നതു മൂലമാണ് ലക്ഷ്യം നേടാനാകാതെ പോകുന്നത്' എന്ന പൂര്‍വികരുടെ അഭിപ്രായം എത്ര അര്‍ഥവത്താണ്!
അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണമാണല്ലോ ദഅ്‌വത്ത്. അല്ലാഹുവിന്റെ മാര്‍ഗം എന്നാല്‍ ഇസ്ലാമാണ്. ഇസ്ലാമിന്റെ സമഗ്രതയുള്ളതോടൊപ്പം തന്നെ എല്ലാ ജനതകള്‍ക്കും വ്യക്തികള്‍ക്കും ഒറ്റ സന്ദേശം എന്നതല്ല ദഅ്‌വത്തിന്റെ രീതി. ദഅ്‌വത്തിന്റെ അടിസ്ഥാനം (അസ്വ്ല്‍) ഒന്നാണ്. ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ആണ് അത്. എന്നാല്‍ ദഅ്‌വത്തിന്റെ സബ്ജക്ട് വ്യത്യസ്തമായിരിക്കും. വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിത സാഹചര്യങ്ങളും അവസ്ഥകളുമാണ് അത് നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനം. പ്രസ്തുത വിഷയങ്ങളിലൂടെ അസ്വ്‌ലിലേക്കോ, അല്ലങ്കില്‍ അസ്വ്‌ലില്‍നിന്നു കൊണ്ട് വിഷയത്തിലേക്കോ പ്രബോധിത ജനതയെ ആനയിക്കുകയായിരുന്നു പ്രവാചകന്മാര്‍ എന്ന് അവരുടെ പ്രബോധന ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതായത് കേവലമായ ആശയപ്രചാരണമല്ല ദഅ്‌വത്ത്. മറിച്ച്, വ്യക്തിയിലും സമൂഹത്തിലും സ്വാധീനം ചെലുത്തുന്ന തെറ്റായ ആശയങ്ങളെയും അതിന്റെ ഫലങ്ങളെയും പൂര്‍ണമായും വിപാടനം ചെയ്യാനും മനുഷ്യനെ തന്റെ രക്ഷിതാവിലേക്ക് വിമോചിപ്പിക്കാനുമുള്ള ദൗത്യമാണ് ദഅ്‌വത്ത്. ഈ വസ്തുത കൂടി കണക്കിലെടുത്തുവേണം ദഅ്‌വത്തിന്റെ സമീപന രീതികള്‍ ആവിഷ്‌കരിക്കാന്‍. 

അവലംബം
1.    തഫ്‌സീര്‍ മുതവല്ലി ശഅ്‌റാവി
2.    തഫ്ഹീമുല്‍ ഖുര്‍ആന്‍,
    സയ്യിദ് മൗദൂദി
3.    യൂസുഫുല്‍ ഖറദാവി-മന്‍ഹജുല്‍ ഖിത്താബ് അദ്ദീനി
4.    തഫ്ഹീമുല്‍ ഖുര്‍ആന്‍
5.    ഫീളിലാല്‍    

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം