ജമാഅത്ത് നേതാക്കളുടെ ദോഹാ സന്ദര്‍ശനം
(ജീവിതം-10)
ഖത്തറിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു. പൊതു പരിപാടികള്‍ സജ്ജീകരിക്കാന്‍ ഒരു പ്രത്യേക സംവിധാനം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. അതുവരെ സന്നദ്ധ പ്രവര്‍ത്തകരെ അപ്പപ്പോള്‍ വിളിക്കുകയായിരുന്നു പതിവ്. ഹൈസ്‌കൂള്‍ പഠനകാലത്ത് സ്‌കൗട്ടിന്റെ പരിശീലനം ലഭിച്ചത് അധ്യാപന കാലത്ത് ഞാന്‍ വികസിപ്പിച്ചെടുത്തിരുന്നു. ഈ അറിവ് ഉപയോഗപ്പെടുത്തി അസോസിയേഷനു കീഴില്‍ ഒരു വളന്റിയര്‍ ഗ്രൂപ്പ് രൂപീകരിച്ചു. സ്വയം സന്നദ്ധരായി വന്ന നൂറിലധികം പേര്‍ വളന്റിയര്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ഒന്നാമത്തെ പടിയായി അവരെ പ്രഥമ ശുശ്രൂഷ പരിശീലിപ്പിച്ചു. കൂടുതല്‍ നൈപുണ്യം നേടാന്‍ താല്‍പര്യമുള്ളവരെ ഖത്തര്‍ ഗവണ്‍മെന്റിന്റെ അത്യാഹിത വിഭാഗത്തിന്‍ കീഴില്‍ പരിശീലിക്കാന്‍ വിട്ടു.
വളന്റിയര്‍ ഗ്രൂപ്പിന് തായ്ക്കുണ്ടെ (കരാട്ടെയുടെ മറ്റൊരിനം) പരിശീലിപ്പിക്കുകയായിരുന്നു അടുത്ത പടി. ഓഫീസിന്റെ മുകളിലുള്ള ടെറസ്സായിരുന്നു കളരി. ഈ പരിശീലനം പല പ്രവര്‍ത്തകര്‍ക്കും പഴയ വേദനകളും മറ്റും ഭേദമാകാന്‍ സഹായിച്ചതിനാല്‍ അവരുടെ ആവേശം വര്‍ധിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ആ ആയോധനകല ചില പ്രവര്‍ത്തകര്‍ നന്നായി വികസിപ്പിച്ചെത്തു. പാറക്കടവ് സ്വദേശി ടി.അബ്ദുല്‍ഖാദിര്‍ സാഹിബ് തന്റെ പരിശീലനത്തിന് പ്രതിഫലമൊന്നും സ്വീകരിക്കാതെ ഒരു വര്‍ഷക്കാലം ചിട്ടയോടെ ക്ലാസ്സുകള്‍ നടത്തി. ചേന്ദമംഗല്ലൂര്‍ സ്വദേശി കെ. സുബൈര്‍ സാഹിബായിരുന്നു ആദ്യത്തെ വളന്റിയര്‍ ക്യാപ്റ്റന്‍.
ആള്‍ക്കൂട്ട നിയന്ത്രണമാണ് വളന്റിയര്‍മാര്‍ക്ക് നല്‍കിയ മറ്റൊരു പരിശീലന പരിപാടി. പരിമിത സൗകര്യത്തില്‍ ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന വലിയ പരിപാടികള്‍ അസോസിയേഷന്‍ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് സുരക്ഷാ വിഭാഗവുമായി സഹകരിച്ച് വളന്റിയര്‍മാര്‍ അസൂയാവഹമായ സേവന സാമര്‍ഥ്യം തെളിയിച്ചു. വാഹന നിയന്ത്രണത്തിലും അവര്‍ വൈദഗ്ധ്യം നേടി. ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യം വെച്ച് ഞാനൊരു യോഗാസന പരിശീലന ക്ലാസ്സ് നടത്തിയതില്‍ ആകൃഷ്ടരായി ധാരാളം പ്രവര്‍ത്തകര്‍ യോഗ അഭ്യസിച്ചു.
പൊതുജന സേവന മേഖലയില്‍ എടുത്തു പറയേണ്ട ഒരു പരിപാടിയായിരുന്നു മെഡിക്കല്‍ ക്യാമ്പ്. ആയിരക്കണക്കിന് രോഗികളെ പരിശോധിച്ച് സൗജന്യ ചികിത്സക്ക് സൗകര്യമൊരുക്കുകയായിരുന്നു ക്യാമ്പിലൂടെ. തലസ്ഥാന നഗരിയായ ദോഹയില്‍നിന്ന് അകലെ താമസിക്കുന്ന ധാരാളം പേര്‍ക്ക് ക്യാമ്പ് വലിയ ആശ്വാസമായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നത് തക്ക സമയത്ത് ചികിത്സിക്കാന്‍ സഹായകമായി.
അപകടങ്ങളും മാറാരോഗങ്ങളും മറ്റും ബാധിച്ച് ദീര്‍ഘകാലം ഹോസ്പിറ്റലില്‍ ശയ്യാവലംബരായി കഴിയുന്ന രോഗികളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ഏറെ പ്രയോജനം ചെയ്ത ഒരു സേവനമാണ് ഹോസ്പിറ്റല്‍ സ്‌ക്വാഡിലൂടെ നിര്‍വഹിക്കാന്‍ സാധിച്ചത്. ഡോക്ടര്‍മാരുമായി പ്രവര്‍ത്തകര്‍ക്ക് പരിചയമുള്ളതിനാല്‍ അവരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടി സ്‌ക്വാഡിലൂടെ നിരന്തരം നടന്നുകൊണ്ടിരുന്നു.
ചെറുതോ വലുതോ ആയ കേസുകളില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന മലയാളികളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ചറിയുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്ന സേവനമാണ് ജയില്‍ സ്‌ക്വാഡുകളിലൂടെ നടത്തിയത്. ഈ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ആവിഷ്‌കരിച്ച് നിര്‍വഹിച്ച പൊതുസേവനങ്ങളായിരുന്നു. ഇത്തരം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മലയാളി സമൂഹത്തില്‍ പ്രസ്ഥാനം നിറഞ്ഞുനിന്നു.
കമല സുറയ്യ ഇസ്ലാം സ്വീകരിച്ച സന്ദര്‍ഭം. അതിഥിയായി അവരെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആലോചിച്ചു. അവര്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഖത്തറിലെത്തി. അല്‍ ജസീറ ചാനലില്‍ ഇംഗ്ലീഷില്‍ ഒരു അഭിമുഖം നടത്താന്‍ അവസരമൊരുക്കി. മലയാളികള്‍ക്കായി വിപുലമായ ഒരു പൊതുപരിപാടി സംഘടിപ്പിച്ചു. സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച പരിപാടിയില്‍ ശൈഖ് അബ്ദുല്‍മുഇസ്സ് അബ്ദുസ്സത്താര്‍ അവരെ അനുമോദിച്ച് ഒരു പ്രഭാഷണം നടത്തി. അറബികള്‍ക്ക് മാത്രമായി മറ്റൊരു പരിപാടിയും സംഘടിപ്പിച്ചു. അതില്‍ കമല സുറയ്യ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഹമദ് അബ്ദുര്‍റഹ്മാന്‍, വി.എ കബീര്‍ എന്നിവര്‍ സുറയ്യയുടെ പ്രസംഗം അറബിയിലേക്ക് മൊഴിമാറ്റം നടത്താന്‍ എന്നെ ചുമതലപ്പെടുത്തുകയായിരുന്നു. മാതൃഭാഷയല്ലാത്ത രണ്ടു ഭാഷകള്‍ പരസ്പരം മൊഴിമാറ്റം നടത്തുന്നത് വളരെ പ്രയാസമാണെന്ന് എനിക്ക് ബോധ്യമായി. ഏതായാലും അവരുടെ പ്രസംഗത്തിന്റെ ആശയം ചോരാതെ അറബിയിലേക്ക് ഞാന്‍ വിവര്‍ത്തനം ചെയ്തുവെന്നാണ് ശ്രോതാക്കള്‍ പറഞ്ഞത്. സുറയ്യയുടെ അറിവിന്റെ ആഴം അറബികള്‍ തിരിച്ചറിഞ്ഞ പ്രഭാഷണമായിരുന്നു അത്.
ജമാഅത്ത് നേതാക്കള്‍ സാധാരണ സന്ദര്‍ശനത്തിന് വന്നാല്‍ മലയാളികളില്‍ ഒതുങ്ങുന്ന പരിപാടികളാണ് അധികവും ഉണ്ടാവുക. അറബികളുമായി കൂടിക്കാഴ്ച നടത്തി പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ നടക്കാറില്ല. മര്‍ഹൂം മുഹമ്മദ് യൂസുഫ് സാഹിബ് പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ മാത്രം ലക്ഷ്യം വെച്ച് ഒരു ഗള്‍ഫ് സന്ദര്‍ശനം ആരംഭിച്ചു. ആദ്യം കുവൈത്തിലായിരുന്നു അദ്ദേഹത്തിന്റെ പര്യടനം. ആറു മാസക്കാലത്തെ അശ്രാന്ത പരിശ്രമത്തിലൂടെ അറബി ഭാഷ നന്നായി എഴുതാനും പറയാനും ശീലിച്ച ശേഷമാണ് അമീര്‍ യാത്ര ആരംഭിച്ചത്. അതിനാല്‍ കുവൈത്തിലെ ആദ്യ പരിപാടി അല്‍ മുജ്തമഅ് പത്രത്തിന് അനുവദിച്ച അഭിമുഖമായിരുന്നു. അറബി സംസാരഭാഷയുടെ അതിപ്രസരം കാരണം അറബികള്‍ക്ക് അറബി പഠിക്കാന്‍ തടസ്സമുണ്ടെന്ന് അഭിമുഖത്തില്‍ അമീര്‍ സൂചിപ്പിച്ചിരുന്നു.
ഖത്തറില്‍ ആദ്യമായാണ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. അദ്ദേഹത്തിന് അനുയോജ്യമായ രീതിയില്‍ സ്വീകരണം നല്‍കാന്‍ ശൈഖ് അബ്ദുല്ല അന്‍സാരി മുന്‍കൈയെടുത്തു. ദോഹയുടെ ഹൃദയഭാഗത്തുള്ള ബിസ്മില്ലാ ഹോട്ടലിന് തൊട്ടുള്ള പള്ളിയില്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ശൈഖ് അബ്ദുല്ല അന്‍സാരിയുടെ ക്ഷണം സ്വീകരിച്ചെത്തിയ ദോഹയിലെ പ്രഗത്ഭരായ പണ്ഡിതരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഒരു പൊതു സമ്മേളനമായിരുന്നു അത്. ശൈഖ് അബ്ദുല്‍മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് യൂസുഫുല്‍ ഖറദാവി, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ജമാഅത്തിന്റെ മുന്‍ ആന്ധ്ര അമീര്‍ അബ്ദുല്‍ അസീസ് സാഹിബ് തുടങ്ങിയ പ്രഗത്ഭരുടെ പ്രസീഡിയം.
അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് അറബിയില്‍ എഴുതി തയാറാക്കി നടത്തിയ പ്രഭാഷണത്തിലെ പോയിന്റുകള്‍ പിന്നീട് സംസാരിച്ച ഡോക്ടര്‍ ഖറദാവിയടക്കം ചര്‍ച്ചാവിഷയമാക്കി. അബ്ദുല്‍ അസീസ് സാഹിബ് ഉര്‍ദുവില്‍ അതിഗംഭീരമായ ഒരു പ്രസംഗം നടത്തി. സദസ്സിനെ കോരിത്തരിപ്പിച്ച പ്രഭാഷണത്തില്‍ എന്ത് പറഞ്ഞു എന്നറിയാന്‍ അറബ് പണ്ഡിതര്‍ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ്. അറബിയിലേക്കുള്ള മൊഴിമാറ്റം എന്നെയാണ് ഏല്‍പിച്ചിരുന്നത്. പ്രസംഗം നടക്കുമ്പോള്‍ തയാറാക്കിയ പ്രധാന കുറിപ്പുകള്‍ അവലംബമാക്കി ഞാനൊരു വിധം ദൗത്യം പൂര്‍ത്തിയാക്കി. പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് അനുമോദനം. ഭാഷാ ചര്‍ച്ചയില്‍ അനറബികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠനം അനായാസമാക്കാന്‍ അറബികള്‍ സാഹിത്യഭാഷയിലേക്ക് തിരിച്ചുവരണമെന്ന് അമീര്‍ ആഹ്വാനം ചെയ്തിരുന്നു. അതിന്റെ ഒരു ഉദാഹരണമായി ശൈഖ് അബ്ദുല്‍മുഇസ്സ് എന്റെ പരിഭാഷ പ്രത്യേകം എടുത്തുപറഞ്ഞു.
അഖിലേന്ത്യാ അമീര്‍ സിറാജുല്‍ ഹസന്‍ സാഹിബിന്റെ ഖത്തര്‍ സന്ദര്‍ശനമായിരുന്നു ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു പരിപാടി. അല്ലാഹുവിന്റെ അലംഘനീയ തീരുമാനം; ആ സന്ദര്‍ശനം എയര്‍പോര്‍ട്ടില്‍നിന്ന് വരുമ്പോഴുണ്ടായ വാഹനാപകടത്തിലാണ് ആരംഭിച്ചത്. അമീറും സെക്രട്ടറി ഇഅ്ജാസ് അസ്‌ലം സാഹിബും ഹോസ്പിറ്റലില്‍! സന്ദര്‍ശനത്തിന്റെ ആനന്ദം ഘനീഭവിച്ച ദുഃഖമായി മാറി. ഞങ്ങള്‍ പരിപാടികള്‍ വെട്ടിക്കുറച്ചു. അറബ് വി.ഐ.പികള്‍ക്ക് ഒരു പരിപാടി, പണ്ഡിതന്മാര്‍ക്ക് മറ്റൊരു സംഗമം, ഒരു പൊതു പ്രസംഗം ഇത്രയുമായിരുന്നു അമീറിന്റെ പ്രോഗാം. പ്ലാസ്റ്ററിട്ട കാലുമായാണ് അതിഥികള്‍ പരിപാടിക്കെത്തിയത്. അപകടത്തിന് കാരണക്കാരനായ ഈജിപ്തുകാരന്‍ ഡ്രൈവറെ മാപ്പു നല്‍കി വിട്ടയക്കാനും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ആവശ്യപ്പെടാതിരിക്കാനും അമീര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
(തുടരും)
Comments