Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

ഫാഷിസ്റ്റ് ഭീകരവാഴ്ചക്ക് താക്കീതായി ബഹുജന സംഗമം

കെ.സി സലീം കരിങ്ങനാട്

ഫാഷിസ്റ്റ് ഭീകരവാഴ്ചയുടെ കെടുതികള്‍ നാം ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത് പൗരത്വനിഷേധത്തിലേക്ക് വരെ ചെന്നെത്തിയിരിക്കുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഇതിന്റെയൊക്കെ പരിണിതഫലമെന്ന് സമകാലിക ഇന്ത്യനവസ്ഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. പൗരന്മാരുടെ സാധാരണ ജീവിതം പ്രതിസന്ധിയിലാക്കിയും ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ റദ്ദു ചെയ്തുമാണ് ഭരണകൂടം ഫാഷിസം നടപ്പിലാക്കുന്നത്. തോന്നുംപടി നിയമങ്ങള്‍ ഭേദഗതി വരുത്തുന്നതും പുതിയ ബില്ലുകള്‍ പാസ്സാക്കാന്‍ തിടുക്കം കൂട്ടുന്നതും സൂചിപ്പിക്കുന്നത് വരാനിരിക്കുന്നത് വലിയ വിപത്തുകളായിരിക്കുമെന്നു തന്നെയാണ്. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം ഭരണകൂടത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ഭീകരവാഴ്ച കണ്ടില്ലെന്ന മട്ടില്‍ മൗനം തുടരുകയാണ്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാര്യം വിസ്മരിച്ച് അഴകൊഴമ്പന്‍ നിലപാടുകളില്‍ തന്നെയാണ് ഇപ്പോഴും പ്രതിപക്ഷമുള്ളത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ജമാഅത്തെ ഇസ്‌ലാമി കേരള 'പൗരത്വം: ഫാഷിസ്റ്റ് ഭീകരവാഴ്ചക്കെതിരെ കേരളം ഒന്നിക്കുന്നു' എന്ന പേരില്‍ മത-സാമൂഹിക-സാംസ്‌കാരിക നായകരെ വിളിച്ചുചേര്‍ത്ത് കോഴിക്കോട് മുതലക്കുളത്ത് ഒത്തുചേരല്‍ സംഘടിപ്പിച്ചത്.
സംഘ്പരിവാര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ വിവേചനങ്ങള്‍ക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ മുഴുവനാളുകളും ഒന്നുചേര്‍ന്നുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് സമയമായെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാന്‍ അഭിപ്രായപ്പെട്ടു. ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടു വരുന്നുണ്ട്. രാജ്യം നിലനിന്ന മൂല്യങ്ങളെ ഭരണകൂടം തന്നെ തകര്‍ക്കുകയാണ്. കശ്മീര്‍ ജനതയെ പുറംതള്ളി, കശ്മീര്‍ മാത്രം തങ്ങളുടേതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അസം പ്രശ്‌നത്തെ മുസ്‌ലിം നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്‌നമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാര്‍ പ്രചാരണം സുപ്രീംകോടതി ഇടപെടലിലൂടെ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ നമുക്ക് വ്യക്തമായൊരു ചിന്താഗതി വളര്‍ത്തിയെടുക്കാനായില്ലെങ്കില്‍ കൂടുതല്‍ ആപത്തുകളിലേക്ക് നാം നീങ്ങുമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. ഫാഷിസ്റ്റ് മനോഭാവത്തിനെതിരെ ജനാധിപത്യ മര്യാദയോടെ, അഭിപ്രായവ്യത്യാസങ്ങളില്‍ സമചിത്തതയോടെ മുന്നോട്ട് പോവേണ്ട അവസരമാണിത്. നാം തീര്‍ച്ചയായും ഈ പ്രത്യേക പ്രതിസന്ധി മറികടക്കുകയും നാം സ്വപ്‌നം കണ്ട ജനാധിപത്യ വ്യവസ്ഥയിലേക്ക് തിരിച്ചുപോവുകയും ചെയ്യുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
കാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ നിരാകരിക്കുകയും പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിലപാടുകളാണ് ഭരണനേതൃത്വം ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വംശീയതയെ ഒരേ രാജ്യത്തിന്റെ പൗരന്മാര്‍, ഏകോദര സഹോദരന്മാര്‍, ഒരേ മാതാപിതാക്കളുടെ മക്കള്‍ എന്ന ഉയര്‍ന്ന കാഴ്ചപ്പാടോടെ എതിരിടണം. എല്ലാ തലങ്ങളിലും ഉള്ളു തുറന്ന സംവാദങ്ങളും രാജ്യനന്മക്കുവേണ്ടി ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുമുണ്ടെങ്കില്‍ മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷുകാര്‍ എങ്ങനെയാണോ ഈ രാജ്യത്തെ ജനങ്ങളെ അടിമകളാക്കിയത് അതുപോലുള്ള അടവുകള്‍ തന്നെയാണ് ഭരണകൂടം ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചകാലത്ത് കണ്ടുവന്നതിനേക്കാള്‍ അപകടകരമായ പ്രവണതകളാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരെ വേര്‍തിരിച്ച് പരസ്പരം തെറ്റിപ്പിക്കുന്ന, അവരുടെ പൗരത്വം തന്നെ റദ്ദു ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. സ്വര്‍ഗമാക്കുമെന്ന് പറഞ്ഞ കശ്മീരിനെ തടവറയാക്കി മാറ്റുകയാണ് സത്യത്തില്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസ്റ്റ് ഭീകരവാഴ്ചക്കെതിരെ തെരുവുകള്‍ ഉണര്‍ന്നു തുടങ്ങിയത് നമുക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. വലിയ നിശ്ശബ്ദതകളിലേക്കാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒന്നാം മോദി ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പിലാക്കിയതൊക്കെയും നിങ്ങളുടെ പ്രതിരോധങ്ങള്‍ എത്രകണ്ട് തീവ്രമാണെന്നറിയാന്‍ വേണ്ടിയായിരുന്നു. നമ്മുടെ തൊലിക്ക് സ്പര്‍ശനശേഷിയുണ്ടോ എന്നാണവര്‍ അഞ്ചുകൊല്ലം നോക്കിയത്. സ്പര്‍ശനശേഷി പോകുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവരുടെ നയങ്ങള്‍ ഓരോന്നായി നടപ്പിലാക്കാന്‍ തുനിഞ്ഞത്. അതിനാല്‍ അസം, കശ്മീര്‍ സൂചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വികാരഭരിതമായി സംസാരിക്കുകയും ഇടപെടുകയും കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍, മറിച്ചു ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്ന് കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ അഭിപ്രായപ്പെട്ടു. ഇവിടെ ഫാഷിസം വളര്‍ന്നുവരികയാണെങ്കില്‍ അതിന്റെ പരിക്ക് മുസ്‌ലിംകള്‍ക്കോ ദലിതര്‍ക്കോ മാത്രമായിരിക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മഹാത്മാഗാന്ധി എന്തിനെല്ലാം വേണ്ടി നിലകൊണ്ടുവോ അതിന് തീര്‍ത്തും വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ പ്രധാനമന്ത്രി കാഴ്ചവെക്കുന്നതെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. തീര്‍ച്ചയായും ഘനാന്ധകാരത്തിലൂടെ തന്നെയാണ് ഇന്ത്യാ മഹാരാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇനി ആകെ നോക്കാനുള്ളത് ഈ ഘനാന്ധകാരത്തിനൊടുവില്‍ വെളിച്ചമുണ്ടോ എന്നാണ് - അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മുഴുവന്‍ ഭയം ഗ്രസിച്ചുകഴിഞ്ഞ ഇക്കാലത്ത് ജനാധിപത്യവും മതേതരത്വവും ഐ.സി.യുവിലാണെന്ന് സാഹിത്യകാരന്‍ പി.കെ പാറക്കടവ്. ഇന്ന് മൗനം ഒരു ക്രിമിനല്‍ കുറ്റമാണ്. സ്വാതന്ത്ര്യസമര കാലത്ത് പറഞ്ഞതുപോലെ മുട്ടുമടക്കി ജീവിക്കുന്നതിനേക്കാള്‍ ഭേദം നിവര്‍ന്നു നിന്ന് മരിക്കുന്നതാണ് എന്ന് ഭരണാധികാരികളുടെ മുഖത്തു നോക്കി പറയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസത്തിന്റെ കടന്നുകയറ്റം അസാധ്യമാക്കണമെങ്കില്‍ നാമാദ്യം സ്വയം സംശയത്തില്‍നിന്നും ഭയത്തില്‍നിന്നും മുക്തമാകണമെന്ന് ഡോ. പി.കെ പോക്കര്‍ പറഞ്ഞു. പൗരത്വത്തിന്റെ പ്രശ്‌നം അസമില്‍ മാത്രം ഒതുങ്ങുന്നതല്ല. ഏതു പ്രദേശത്തും ആദ്യം സംശയത്തിന്റെ വിത്താണിടുന്നത്. പിന്നീട് ആ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന മനുഷ്യരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നു. ഒരു ഭാഗത്ത് രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതോടൊപ്പം, മറുഭാഗത്ത് നമ്മളെ പഴയ ബ്രാഹ്മണ്യകാലത്തേതുപോലെ ഇവരുടെ പാത്രം കഴുകുന്നവരാക്കി മാറ്റാനുള്ള പ്രത്യയശാസ്ത്ര നീക്കമാണ് നടത്തുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എന്‍.പി ചെക്കുട്ടി, കെ. അംബുജാക്ഷന്‍, എ. സജീവന്‍, ഗോപാല്‍ മേനോന്‍, കെ.കെ ബാബുരാജ്, ആര്‍.സി സാബിറ, മുസ്ത്വഫ തന്‍വീര്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ജമീല്‍ അഹ്മദ്, സി.എല്‍ തോമസ്, അഫീദ അഹ്മദ്, നഹാസ് മാള, സ്വാലിഹ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ സ്വാഗതവും സിറ്റി പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം