Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

നടപ്പുദീനങ്ങള്‍ തന്നെയാണ് എവിടെയും ചര്‍ച്ചയാവേണ്ടത് 

അമിത്രജിത്ത്, തൃശൂര്‍

ചോരയൂറ്റി ഇല്ലായ്മ ചെയ്യുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ ഈ ആസുര കാലത്ത്, ആഗോളീകരണ ചങ്ങാത്ത മുതലാളിത്ത രാജ്യങ്ങളുടെ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റത്തെ ഭീതി പരത്തുന്ന സന്ദര്‍ഭത്തില്‍ സാംസ്‌കാരിക ജീര്‍ണതകള്‍ ഒന്നൊന്നായി അധിനിവേശത്തിന്റെ ഭാഗമായി മാറുന്നതാണ് കാഴ്ച. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍, ആ സമര ഭൂമികയില്‍ വിശാല അര്‍ഥത്തില്‍ മിത്രമായി ചേര്‍ന്നുനില്‍ക്കാന്‍ ഇന്നലെകളിലെ യുക്തിവാദത്തിനെന്നല്ല, ഇന്നത്തെ യുക്തിവാദത്തിനും സാധ്യമല്ലെന്നത് തീര്‍ച്ച.
ജീവിതവും സ്വാതന്ത്ര്യവും ഏറെ കഷ്ടപ്പാട് സഹിച്ചെങ്കിലും കാത്തുരക്ഷിക്കാനുള്ള ഈ അവസാന പോരാട്ടത്തില്‍ മത - മതേതര വിശ്വാസികള്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കാനില്ലെങ്കിലും ഒറ്റുകാരായി മാറാതിരിക്കാനുള്ള വിവേകമെങ്കിലും അവര്‍ കാണിക്കുമോ എന്നൊരു ചോദ്യം എറിഞ്ഞു കൊണ്ടാണ് കെ. മുഹമ്മദ് നജീബ് എഴുതിയ 'കേരള യുക്തിവാദത്തിന്റെ നടപ്പുദീനങ്ങള്‍' എന്ന കവര്‍ സ്റ്റോറി (ലക്കം 3117) അവസാനിക്കുന്നത്.
ഈ ചോദ്യം ഒരു അസ്ത്രം കണക്കെ നിഷ്പക്ഷമതികളായ മത, മതേതര വിശ്വാസികളുടെ ഹൃദയത്തില്‍ തുളവീഴ്‌ത്തേണ്ടതുണ്ട്. നിലവിലെ മൂല്യബോധങ്ങളെ തകര്‍ത്തെറിഞ്ഞ് സാമൂഹിക ബന്ധങ്ങളും പ്രതിബദ്ധതകളും അറുത്തുമാറ്റി കടിഞ്ഞാണ്‍ ഇല്ലാത്ത ഒരു ജീവിത വീക്ഷണത്തെയാണ് സ്വതന്ത്ര ചിന്ത -എഫ്.ടി- എന്നൊരു  വാക്കു കൊണ്ട് അടയാളപ്പെടുത്തുന്നത്.
ഇത്തരക്കാര്‍ക്ക് മതം ഒരു 'അടിമത്ത'വും മത ദര്‍ശന മൂല്യങ്ങളില്‍നിന്നുള്ള വിടുതി 'സ്വാതന്ത്ര്യ'വുമാണ്. എന്നാല്‍ ഈ കൂട്ടര്‍ക്ക് സംവാദങ്ങളിലൂടെ മറുപടി നല്‍കിയ മുന്‍ തലമുറകള്‍ക്ക് ഊറി ചിരിക്കുന്നതിന് വക നല്‍കുന്നു ഇത്.
യുക്തിവാദത്തിനപ്പുറം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ അവരെ കാണുന്നില്ലെന്നതുമൊരു ദുഃഖ സത്യമാണ്. മതദ്വേഷമാണ് പ്രചാരണ ആയുധമെങ്കിലും വിടുപണിയാണ് മുഖമുദ്ര. 'ഹെയിറ്റാ'വരുത് ഒരിക്കലുമൊരു യുക്തിവാദിയുടെയും നിലപാടെന്നും അങ്ങനെയായാല്‍ സംഘ് രാഷ്ട്ര നിര്‍മിതിക്കാരും ഫ്രീ തിങ്കേഴ്‌സും തമ്മില്‍ വ്യത്യാസമുാവുകയില്ലെന്നും തുറന്നു പറയാന്‍ പ്രമുഖ പത്രപ്രവര്‍ത്തകയും എഫ്.ടി മീറ്റിലെ പ്രഭാഷകയുമായ ഷാഹിന നഫീസ തന്നെ വേണ്ടി വന്നു.
രണ്ടു കവര്‍ സ്റ്റോറികളും അവസരോചിതം. ഡിങ്കമതത്തിലെ ഡോഗ്മയും ഡോഗ്മാറ്റിസവും ചര്‍ച്ച ചെയ്ത ഡോ. പി.എ അബൂബക്കര്‍ എഴുതിയ കവര്‍‌സ്റ്റോറി സൂക്ഷ്മമായി യുക്തിവാദികളുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എടുത്തുകാണിക്കുന്നു.

 


ഇസ്‌ലാമിക കലാലയങ്ങള്‍ നമ്മുടെ പ്രതീക്ഷകള്‍ തന്നെയാണ്

പുതിയ കാലത്തിന്റെ തിരിച്ചറിവുകളുള്ള ഒരു തലമുറയെ ഡിസൈന്‍ ചെയ്യാന്‍ കഴിയുന്നു എന്ന അനുഭവമാണ് ഇസ്‌ലാമിയ കോളജുകള്‍ നല്‍കുന്നത്. സുഹൃത്ത് സുബൈര്‍ കുന്ദമംഗലത്തിന്റെ കത്ത് 'ഇസ്‌ലാമിയ കോളേജുകള്‍ അടച്ചുപൂട്ടാന്‍ സമയമായോ?' (ലക്കം 3119) വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വംശീയ വിദ്വേഷത്തിന്റെയും വര്‍ഗീയ ഫാഷിസത്തിന്റെയും അനുഭവകാലത്ത്, യാഥാര്‍ഥ്യബോധ്യമുള്ള (Realistic), വൈജ്ഞാനിക ഉള്ളടക്കമുള്ള (Academically Competent), തീവ്രതയില്ലാത്ത (Cognitively Matured), നിരാശപ്പെടാത്ത (Optimistic)  ഒരു തലമുറയെ രൂപപ്പെടുത്തുക തന്നെയാണ് ഇക്കാലത്തെയും ഇസ്‌ലാമിക കലാലയങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യം.  അതിന് വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന രീതിയിലേക്ക് കരിക്കുലവും സിലബസ്സും വികസിപ്പിക്കുകയും പുതിയ ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യുകയുമാണ് അടിയന്തരമായി നടക്കേണ്ടത്. 
അധ്യാപനവും അധ്യാപന മാധ്യമവും കാലികമായും ശാസ്ത്രീയമായും പുതുക്കണം. അറിവിന്റെ അടിസ്ഥാന സ്രോതസ്സുകള്‍ (ഖുര്‍ആന്‍, ഹദീസ്) മാറ്റമില്ലാതിരിക്കെ അവയുടെ കാലികവും സാന്ദര്‍ഭികവുമായ വായനക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കിയാല്‍ എല്ലാതരം വിജ്ഞാനങ്ങള്‍ക്കുമുള്ള അസ്തിവാരമാവും. ഭൗതിക വിദ്യാഭ്യാസത്തെ (ജോലിക്ക് വേണ്ടിയുള്ള അറിവ്) അടിമുടി പരിഷ്‌കരിക്കേണ്ടി വരുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ പരിമിതിയാണ്; അതേസമയം ആ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പഠന-പ്രായോഗിക  നവീകരണങ്ങള്‍ അനുകരണീയങ്ങളാണ്. ഇത്തരം നവീനമായ രീതികളെ  ഇസ്‌ലാമിക വിദ്യാഭ്യാസത്തിലേക്ക് സന്നിവേശിപ്പിച്ചാല്‍ പ്രശ്‌നപരിഹാരമായി. ഇസ്‌ലാമികവിദ്യാഭ്യാസത്തെ ഇപ്രകാരം ഡിസൈന്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ ആത്മാഭിമാനമുള്ളവരായിത്തീരും. അതേസമയം ജീവിക്കാനാവശ്യമായ പഠനമെന്ന രീതിയില്‍ ഭൗതികവിദ്യാഭ്യാസത്തെ സംവാദാത്മകമായി സമീപിക്കാനും പരമിതികളെ മറികടക്കാനും അവര്‍ പ്രാപ്തരാവുകയും ചെയ്യും. 
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ തെരഞ്ഞെടുക്കുന്നതാണ് ഇത്തരം കലാലയങ്ങള്‍  എന്നോ അല്ലെങ്കില്‍ ഇവിടെ അഡ്മിഷന്‍ കിട്ടുന്നവര്‍ ക്വാളിറ്റി ഇല്ലാത്തവരാണ് എന്നോ ഉള്ള നിരീക്ഷണം ശരിയല്ല എന്നതാണ് അനുഭവം. അടുത്ത കാലത്ത് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ്, നല്ല മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും ഇസ്‌ലാമിക വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്ഥാപനങ്ങളുടെ 2019-20 അക്കാദമിക വര്‍ഷത്തെ അഡ്മിഷന്‍ ലിസ്റ്റ് പരിശോധിച്ചാല്‍തന്നെ ഇത് ബോധ്യമാവും. പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാവാമെന്നിരിക്കെ അത് പൊതു വിലയിരുത്തലിന് അടിസ്ഥാനമായിക്കൂടാ. 
ഓരോ കലാലയത്തിന്റെയും വിഭവങ്ങളും അനുഭവങ്ങളുമാണ് ഏത് നൈപുണിയുള്ള വിദ്യാര്‍ഥിയെയാണ്  ഡിസൈന്‍ ചെയ്യേണ്ടത് എന്ന് നിര്‍ണയിക്കേണ്ടത്. 'എല്ലായിടത്തേക്കും എന്തിനും പറ്റിയ പഠിപ്പ്' അപൂര്‍ണമോ ആഴമില്ലാത്തതോ ആയിരിക്കും. അതേസമയം ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസം എല്ലാവര്‍ക്കും കിട്ടിയിരിക്കുകയും വേണം. സയന്‍സില്‍ മികവുള്ള ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. അവര്‍ക്ക് നല്‍കേണ്ട ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ ഖുര്‍ആനിലെ ശാസ്ത്ര സംബന്ധിയായ നിരീക്ഷണങ്ങളുമായി ചേര്‍ത്ത് പഠിപ്പിച്ചാല്‍ അവരെങ്ങനെ രണ്ട് വിഷയങ്ങളിലും താല്‍പര്യമില്ലാത്തവരാവും? ഇസ്‌ലാമിക കലാലയങ്ങളുടെ വാതിലുകള്‍, പ്രതീക്ഷയോടെ പുതിയ ആകാശങ്ങളിലേക്ക് തുറന്ന് കൊടുത്താലറിയാം  പുതുതലമുറയുടെ പുതുമ.  

എ.കെ ഹാരിസ്

 

കുടുംബ-സദാചാര തകര്‍ച്ച യുക്തിവാദത്തിലൂടെ

കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രബോധനത്തിന്റെ രീതി അഭിനന്ദനാര്‍ഹമാണ്. യുക്തിവാദ സംബന്ധമായ ലേഖനങ്ങള്‍ (ലക്കം 15) ആണ് ഈ കത്തിന് ആധാരം. ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ ഇസ്‌ലാമിന്റെ മഹിതാശയങ്ങള്‍ക്കെതിരെ അസഹിഷ്ണുതയുടെ പട നയിച്ച പലരുമുണ്ട്. അവരുടെ ആധുനിക മുഖമാണ് കോര്‍പ്പറേറ്റുകള്‍ക്കും വര്‍ഗീയവാദികള്‍ക്കും വിടുവേല ചെയ്യുന്ന യുക്തിയില്ലാത്ത 'യുക്തിവാദികള്‍'.
ഇസ്‌ലാമോഫോബിയ സൈറ്റുകളില്‍നിന്ന് കടമെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്ന കാപട്യത്തിന്റെയും കള്ളത്തരത്തിന്റെയും വിചിത്ര വാദങ്ങള്‍ ലക്ഷ്യം വെക്കുന്നത് എന്താണെന്ന് സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും.
ശാസ്ത്രത്തിന്റെ കുത്തകക്കാരാണെന്ന മൗഢ്യത്തിലും അഹന്തയിലും വിരാജിക്കുന്ന ഇവര്‍ അതിന്റെ മറവില്‍ നടത്തുന്ന സെമിനാറുകളിലൂടെ വിജ്ഞാനദാഹികളായ യുവതയെ ആകര്‍ഷിച്ച് തങ്ങളുടെ ലക്ഷ്യത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്.
യുക്തിവാദികളുടെ കേരള ആചാര്യന്‍ സി. രവിചന്ദ്രന്റെ യൂട്യൂബ് പ്രഭാഷണത്തില്‍ ഈയിടെ കേട്ട ഒരു വാചകം ഇങ്ങനെ: 'നിങ്ങള്‍ എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിയുക. പ്രധാനമായും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ മറന്നേക്കുക. കുടുംബം നിങ്ങളുടെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ അത് ചെറിയ ഒരു നഷ്ടമാണ്. പക്ഷേ കുടുംബത്തിന് പുറത്ത് നിങ്ങളെ ആവശ്യമുള്ള വലിയൊരു ലോകം ഉണ്ട്. അതിലേക്ക് നിങ്ങള്‍ വരിക.' കുടുംബത്തെ ചേര്‍ത്തു നിര്‍ത്താനും കുടുംബത്തോടു ചേര്‍ന്നുനില്‍ക്കാനും മതം പഠിപ്പിക്കുമ്പോള്‍ എത്ര അധഃപതിച്ച കാഴ്ചപ്പാടുകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്? വിദ്യാസമ്പന്നരായ, വിജ്ഞാനദാഹികളായ യുവജനമാണ് സദസ്സിലുള്ളത്. ഒരു കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയും കഠിന പരിശ്രമവുമാണ് ഈ യുവത, അവര്‍ നേടിയ വിദ്യാഭ്യാസം. സദാചാര സാംസ്‌കാരിക തകര്‍ച്ചയുടെ ആസന്ന വിപത്തുകളെ തടയിടാന്‍ ധാര്‍മികതയുള്ള ഒരു സമൂഹത്തിനേ കഴിയൂ. പ്രബോധനം വാരിക ഈ പ്രവര്‍ത്തനം പേജുകളില്‍ മാത്രം ഒതുക്കാതെ ജാഗ്രത്തായി കര്‍മപഥത്തിലേക്കും ഇറങ്ങണം. തീര്‍ച്ചയായും നന്മയുടെയും സമാധാനത്തിന്റെയും സഹകാരികള്‍ ഒപ്പം ഉണ്ടാകും.

ഉമ്മു മൈമൂന്‍ മണക്കാട്

 

കാലോചിതമായ എഴുത്ത്

എം.വി മുഹമ്മദ് സലീം മൗലവി എഴുതിയ ഖത്വീബും ഖുത്വ്ബയും സംബന്ധിച്ച ലേഖനം ഏറെ പ്രസക്തമായി. മറ്റു ചിന്തകള്‍ മാറ്റിവെച്ച് ജുമുഅ ദിവസം സ്രഷ്ടാവിന്റെ ഭവനത്തില്‍ സ്രഷ്ടാവിനെക്കുറിച്ചു മാത്രമുള്ള ചിന്തയില്‍ കഴിയുന്ന വിശ്വാസികളെ ആനുകാലിക വിഷയങ്ങള്‍ ചേര്‍ത്ത് പരിശുദ്ധ ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ബോധവത്കരിക്കാന്‍ കഴിവുള്ള ഖത്വീബുമാരെ തന്നെ തെരഞ്ഞെടുക്കുന്നതില്‍ അതത് കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതേ അവസരം ഖത്വീബ്, ഇമാം, മുഅദ്ദിന്‍ എന്നീ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ വേതനം കാലഘട്ടത്തിലെ ജീവിതച്ചെലവ് കണക്കിലെടുത്ത് തന്നെയാണ് നിശ്ചയിക്കുന്നത് എന്ന് പരിപാലന കമ്മിറ്റികള്‍ ഉറപ്പ് വരുത്തണം. പള്ളിയില്‍ പണിയെടുക്കുന്നവര്‍ പള്ളിക്ക് പുറത്ത് മുതലാളിമാരുടെ ലാളന കാത്ത് കഴിയേണ്ടവരായി മാറാന്‍ കമ്മിറ്റി ഒരിക്കലും അനുവദിച്ചുകൂടാ. 'ജീവിതമെഴുത്ത്' തടസ്സപ്പെട്ടതില്‍ താല്‍ക്കാലികമായി അല്‍പം മനോവൈഷമ്യം ഉണ്ടായെങ്കിലും അതിനെ മറികടക്കുന്നതായി അദ്ദേഹത്തിന്റെ തന്നെ ഈ ലേഖനം.

എസ്.കെ മാഹി

 

പരിസ്ഥിതിയും പ്രവാസികളും

ഗള്‍ഫ് പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ നാസര്‍ ഊരകം കേരള പ്രവാസികള്‍ പരിസ്ഥിതി  നാശത്തില്‍ വരുത്തിയ പങ്കിനെ കുറിച്ച് എഴുതിയ  ലേഖനം (ലക്കം 3117) ശ്രദ്ധേയമായി. ഗള്‍ഫ് പണത്തിന്റെ പിന്‍ബലത്തിലുള്ള ആഢംബര ജീവിതം ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ടിക്കുന്നത്. വിശാല വീട്ടിനുള്ളില്‍ കഴിഞ്ഞു കൂടുന്ന കുടുംബം വീടിന് പുറത്ത് എന്തു സംഭവിക്കുന്നു എന്നറിയുന്നില്ല. അറിയാന്‍ താല്‍പര്യവുമില്ല. ടൈല്‍സ് ഇട്ട മുറ്റത്ത് ഇലകള്‍ വീഴുന്നത് ശല്യമായി കാണുന്ന ഇത്തരക്കാര്‍ സ്വന്തം വീട്ടിലെ മരങ്ങള്‍ നശിപ്പിക്കുക  മാത്രമല്ല, തൊട്ട വീട്ടിലെ മരങ്ങള്‍ മുറിക്കാന്‍ ഉപാധി വെക്കുന്നതും - ഉണക്കിക്കളയാന്‍ കൂടോത്രം ചെയ്തതും എനിക്കറിയാം. കുഞ്ഞുങ്ങള്‍ ഉപയോഗിച്ച നാപ്കിന്‍സ് അടക്കം പ്ലാസ്റ്റിക്ക് മാലിന്യം ജല സ്രോതസ്സുകളിലും, മലമടക്കുകളിലും നിക്ഷേപിക്കുന്നവരിലും  ഈ ഗള്‍ഫ് സമ്പന്ന വര്‍ഗത്തില്‍ ഉള്‍പ്പെട്ടവര്‍ ഉണ്ടെന്നത് ഖേദകരം തന്നെ. ജല സാന്നിധ്യമുള്ളിടങ്ങളിലും, മാളങ്ങളിലും മലമൂത്ര വിസര്‍ജനം വിലക്കിയ, വിശുദ്ധ ഗ്രന്ഥത്തിന്റെ നേര്‍ അവകാശികളായ ബഹുഭൂരിപക്ഷം, മലബാര്‍ മേഖലാ ജില്ലാ പ്രവാസി കുടുംബങ്ങളിലെ അകത്തളങ്ങളില്‍ നടക്കുന്ന യാഥാര്‍ഥ്യങ്ങളാണ് വിവരിച്ചത്.

സി.എച്ച് അബൂബക്കര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം