Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

നാസര്‍ പൂവല്ലൂര്‍

സഫ പൂവല്ലൂര്‍

ഇക്കഴിഞ്ഞ ആഗസ്റ്റ് 22-ന് ഈ ലോകത്തുനിന്നും യാത്രയായ അബ്ദുന്നാസര്‍ പൂവല്ലൂര്‍ എന്ന എന്റെ പിതാവ് ഹൃദ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം സ്‌നേഹം പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു.
അധ്വാനശീലനായിരുന്നു ഉപ്പ. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയ അദ്ദേഹം മങ്ങാട്ടുപുലം ദേശത്തെ ആദ്യ എസ്.എസ്.എല്‍.സി ഫസ്റ്റ് ക്ലാസ്സുകാരനായിരുന്നു. പി.എസ്.എം.ഒ കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം എലൈറ്റ് കോളേജില്‍നിന്ന് ഉര്‍ദു ഭാഷയില്‍ പ്രിലിമിനറി, ഹയര്‍, അദീബെ ഫാസില്‍ ബിരുദങ്ങള്‍ നേടി. അദീബെ ഫാസിലില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കുകാരനായിരുന്നു. എല്‍.ടി.ടി ബിരുദം നേടിയ ശേഷം ചെമ്മങ്കടവ് ഹൈസ്‌കൂളില്‍ അധ്യാപകനായി പരിശീലനം നടത്തി. ഓട്ടോ ഓടിച്ചാണ് പഠനത്തിനുള്ള പണം സമ്പാദിച്ചത്. ഓട്ടോയുടെ പിന്‍സീറ്റില്‍ പ്രാക്ടിക്കലിനായുള്ള ചാര്‍ട്ടുകളും മഷിപ്പേനകളും മറ്റു പഠന സാമഗ്രികളുമെല്ലാം ഉണ്ടാകുമായിരുന്നുവത്രെ. പിന്നീട് ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ അധ്യാപകനായി അവസരം കിട്ടാതെ ഓട്ടോക്കാരനാവുകയും കച്ചവടക്കാരനാവുകയുമാണ് ചെയ്തത്.
എല്‍.ടി.ടി പഠനകാലത്ത് സെക്കന്റ് ലാംഗ്വേജ് ആയി ഉപ്പ തെരഞ്ഞെടുത്തത് പേര്‍ഷ്യന്‍ ആയിരുന്നു. സ്ഥാപനത്തില്‍ പേര്‍ഷ്യന്‍ പഠിപ്പിക്കാന്‍ അധ്യാപക തസ്തികയുണ്ടായിരുന്നില്ലെങ്കിലും ഉപ്പ പരന്ന വായനയിലൂടെ പേര്‍ഷ്യന്‍ ഭാഷ ഒറ്റക്ക് പഠിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. കടയിലെ ബില്ലെഴുതുന്ന ബുക്ക് ലെറ്റുകളില്‍ ഉപ്പാന്റെ കുറുകവിതകള്‍ നിറഞ്ഞുനിന്നു. മിക്കവയും പ്രസിദ്ധീകരിക്കപ്പെടാത്തവ. 'മലബാര്‍ വിശേഷം' പോലുള്ള പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ടായിരുന്നു.
ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്ന അദ്ദേഹം വ്യക്തിജീവിതത്തില്‍ വളരെയേറെ സൂക്ഷ്മത പാലിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗമാളുകളോടും വലുപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടു. നിരക്ഷരരായ അയല്‍ സംസ്ഥാന തൊഴിലാളികള്‍ പണം സൂക്ഷിക്കാനും മറ്റു പല ആവശ്യങ്ങള്‍ക്കും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. റെക്‌സിനുകള്‍ കച്ചവടം ചെയ്യുന്ന തന്റെ കടയിലിരുന്ന് അദ്ദേഹം ഒരുപാട് പേരോട് ദീനിനെക്കുറിച്ച് സംസാരിച്ചു. തമിഴ്, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, അറബി ഭാഷകള്‍ അറിയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലെ മുതിര്‍ന്നവര്‍ക്ക് ഹിന്ദി-മലയാളം സാക്ഷരത ക്ലാസുകള്‍ നടത്തിയിരുന്നു. ബൈബിളും ഗീതയും സ്വഹീഹുല്‍ ബുഖാരിയും തുഹ്ഫത്തുല്‍ മുജാഹിദീനും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ പരന്ന വായന. അദ്ദേഹത്തിന്റെ ശ്രമഫലമായി പലരും പ്രസ്ഥാനത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അവസാന വര്‍ഷങ്ങളില്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. യുക്തിവാദികളെ സംവാദ ഗ്രൂപ്പുകളിലൂടെ നേരിടാറുണ്ടായിരുന്നു. ഭാര്യ ഖദീജ. മക്കള്‍: മാഹിറ, മുഫീദ, സഫ.

 


നിയാസ്

കിഴിശ്ശേരിക്കടുത്ത് നീറ്റിക്കല്‍ താമസിച്ചിരുന്ന നിയാസ് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വഴി സന്മാര്‍ഗത്തിലെത്താന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ്. അസുഖം ബാധിച്ച് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നിട്ടും അദ്ദേഹം ആത്മധൈര്യം കൈവിടാതെ ജീവിച്ചു.
കൊണ്ടോട്ടിയില്‍ വന്ന കാലത്ത് അബ്ദുര്‍റഹ്മാന്‍ സാഹിബും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും നല്‍കിയ പരിഗണനയെ പ്രാര്‍ഥനാപൂര്‍വം സ്മരിക്കാറുണ്ടായിരുന്നു അദ്ദേഹം. ബിലാലിനെയും മറ്റും ചരിത്രത്തില്‍ വായിച്ചപ്പോഴാണ് നിസ്സാരനായ തനിക്ക് കിട്ടിയ പരിഗണനയുടെ അര്‍ഥം തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറയുമായിരുന്നു. ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ടിട്ടും കൊണ്ടോട്ടി മസ്ജിദുല്‍ ഇഹ്‌സാനിലെ ജുമുഅ ഖുത്വ്ബ ശ്രവിക്കാന്‍ വലിയ ആവേശത്തോടെ എത്തുമായിരുന്നു. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.

അബൂബക്കര്‍ മുള്ളുങ്ങല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം