Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

ദൈവദൂതന്മാര്‍ എന്തുകൊണ്ട് മനുഷ്യര്‍?

ജി.കെ എടത്തനാട്ടുകര

മനുഷ്യന്‍ എവിടെനിന്ന് വന്നു? എന്തിന് ഇങ്ങോട്ടു വന്നു? ഇനി എങ്ങോട്ടു പോകുന്നു? തുടങ്ങിയ മൗലികമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ദൈവം നിയോഗിച്ച മനുഷ്യരായിരുന്നു പ്രവാചകന്മാര്‍ അഥവാ ദൈവദൂതന്മാര്‍. യഥാര്‍ഥ ദൈവവുമായി മനുഷ്യനെ ചേര്‍ത്തുനിര്‍ത്തി മനുഷ്യത്വത്തെ, അഥവാ മാനവിക മൂല്യങ്ങളെ അതിന്റെ പൂര്‍ണതയിലേക്ക് നയിക്കാനുള്ള ദൈവിക നടപടിക്രമമാണത്. 'എന്റെ നിയോഗലക്ഷ്യം മാനവിക മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ്' എന്ന് മുഹമ്മദ് നബി പറഞ്ഞത് അതുകൊണ്ടാണ്.
താന്‍ പച്ചയായ മനുഷ്യനാണെന്ന് ജനങ്ങളോട് തുറന്നുപറയാന്‍ ദൈവം മുഹമ്മദ് നബിയോട് ആജ്ഞാപിക്കുന്നതായി ഖുര്‍ആനിലുണ്ട്: ''പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്....'' (8:110).
സാധാരണ മനുഷ്യരില്‍നിന്ന് ദൈവദൂതന്മാര്‍ക്കുള്ള വ്യത്യാസം, അവര്‍ക്ക് ദിവ്യബോധനം, അഥവാ ദിവ്യവെളിപാട് (വഹ്‌യ്) ലഭിക്കുന്നു എന്നതാണ്.
എന്തുകൊണ്ട് ദൈവദൂതന്മാര്‍ മനുഷ്യരായി? ഉത്തരം ലളിതമാണ്: 'പഠിപ്പിക്കേണ്ടത് മനുഷ്യരെയാണ്; പഠിപ്പിക്കേണ്ട വിഷയം മാനുഷിക വിഷയങ്ങളുമാണ്.' മാത്രമല്ല, പ്രവാചകന്മാരിലൂടെ അറിയിക്കുന്ന ദൈവിക വെളിപാടുകള്‍ കേവല തത്ത്വങ്ങളല്ല; മനുഷ്യന്റെ കര്‍മജീവിതത്തെ ധാര്‍മികവല്‍ക്കരിക്കാനുള്ളതാണ്. അതിനാല്‍തന്നെ ദിവ്യവെളിപാടുകള്‍ക്കനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ ജീവിച്ച് മാതൃക കാണിക്കല്‍ ഒരനിവാര്യതയാണ്. അതാകുന്നു പ്രവാചകന്മാരുടെ 'ഡ്യൂട്ടി.' ചുരുക്കത്തില്‍, പ്രവാചകന്മാരുടെ ജീവിതമാകുന്നു മനുഷ്യര്‍ക്കുള്ള നേര്‍മാര്‍ഗത്തിന്റെ മാതൃക. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''തീര്‍ച്ചയായും പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്'' (33:21).
ദൈവദൂതന്മാര്‍ മനുഷ്യര്‍ക്കുള്ള ദിവ്യവെളിപാടുകള്‍ ഏറ്റുവാങ്ങിയ മനുഷ്യരായിരുന്നു; ദൈവാവതാരങ്ങളോ ദൈവപുത്രന്മാരോ ആയിരുന്നില്ല. ദൈവവുമായി ബന്ധപ്പെട്ടുള്ള മനുഷ്യന്റെ തെറ്റായ ഊഹങ്ങള്‍ മാത്രമാണത്. യജുര്‍വേദത്തിലെ അജ ഏക പാത്' (ജനിക്കാത്ത ഏക രക്ഷകന്‍), 'അകായം' (ശരീരരഹിതന്‍) എന്നീ ദൈവിക വിശേഷണങ്ങള്‍ അത്തരം കാഴ്ചപ്പാടുകളെ നിരാകരിക്കുന്നുണ്ട്.
ദൈവപുത്രനെന്ന് പില്‍ക്കാലത്ത് തെറ്റിദ്ധരിക്കപ്പെട്ട യേശുക്രിസ്തു അഥവാ ഈസാ നബി നേരത്തേതന്നെ ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. അത് ബൈബിള്‍ പുതിയ നിയമത്തില്‍ ഇങ്ങനെ വായിക്കാം. യേശു പറയുന്നു: ''എന്നാല്‍, ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോട് സംസാരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു'' (യോഹന്നാന്‍ 8:40).
'അവന്‍ (ദൈവം) ആരുടെയും പിതാവുമല്ല, പുത്രനുമല്ല' (112:3) എന്ന് പറഞ്ഞുകൊണ്ട് ഖുര്‍ആനും ഈ തെറ്റിദ്ധാരണ തിരുത്തിയിട്ടുണ്ട്. മാത്രമല്ല, യേശുവിന്റെ ശിഷ്യന്മാരും യേശുവിനോട് പ്രാര്‍ഥിക്കുന്നതായി ബൈബളില്‍ ഇല്ല. യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി കാണുന്നുണ്ടു താനും.
ദൈവം എന്തുകൊണ്ട് ദൈവപുത്രനായോ അവതാരമായോ നേരിട്ട് മനുഷ്യര്‍ക്കിടയില്‍ വരികയില്ല? കാരണം വളരെ വ്യക്തം. മനുഷ്യര്‍ക്കാവശ്യം സന്മാര്‍ഗ ജീവിതത്തിന്റെ മാതൃകയാണ്; കേവലം സാന്മാര്‍ഗിക ഉപദേശങ്ങളല്ല. പക്ഷികളെ മാതൃകയാക്കാന്‍ മത്സ്യങ്ങള്‍ക്കാവില്ല, മൃഗങ്ങളെ മാതൃകയാക്കാന്‍ പക്ഷികള്‍ക്കും കഴിയില്ല, മനുഷ്യനെ മാതൃകയാക്കാന്‍ മൃഗങ്ങള്‍ക്കും കഴിയുകയില്ല എന്നപോലെ സ്രഷ്ടാവിനെ മാതൃകയാക്കാന്‍ സൃഷ്ടികള്‍ക്കെങ്ങനെ കഴിയും? അതിനാല്‍ മനുഷ്യര്‍ക്ക് മുമ്പില്‍ മാതൃകയാവേണ്ടത് ദൈവമല്ല, ഉത്തമരായ മനുഷ്യര്‍ തന്നെയാണ്. അങ്ങനെയുള്ള മനുഷ്യരാണ് പ്രവാചകന്മാര്‍.

ദൈവദൂതന്മാര്‍ സര്‍വത്ര
മനുഷ്യരെ സന്മാര്‍ഗം പഠിപ്പിക്കാന്‍ ദൈവം തെരഞ്ഞെടുത്ത മനുഷ്യരായിരുന്നു ദൈവദൂതന്മാര്‍. ലോകജനതക്ക് മുഴുവനായി മുഹമ്മദ് നബിയെ നിയോഗിക്കുന്നത് ഏതാണ്ട് ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അതിനും ഏതാണ്ട് അറുനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് യേശുക്രിസ്തു (ഈസാ നബി) നിയോഗിക്കപ്പെടുന്നത്. അതിനു മുമ്പ് മോശാ പ്രവാചകന്‍ (മൂസാ നബി), അബ്രഹാം പ്രവാചകന്‍ (ഇബ്‌റാഹീ നബി) തുടങ്ങി ലക്ഷത്തില്‍പരം പ്രവാചകന്മാരെ ദൈവം മനുഷ്യരെ സന്മാര്‍ഗം പഠിപ്പിക്കാനായി പല സമൂഹങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: ''എല്ലാ സമൂഹങ്ങളിലേക്കും നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്'' (16:36). അപ്പോള്‍ സ്വാഭാവികമായും ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവുമെന്നുറപ്പാണ്. ദൈവികം എന്ന് വിശ്വസിച്ചുപോരുന്ന 'വേദങ്ങള്‍' ഇവിടെയുമുണ്ട്. വേദങ്ങള്‍ മനുഷ്യനിര്‍മിതമല്ലെന്നാണ് പൊതുവിശ്വാസം. 'ശ്രുതി' എന്നും വേദത്തിന് പേരുണ്ട്. വേദമന്ത്രങ്ങള്‍ മഹര്‍ഷിമാര്‍ ഈശ്വരനില്‍നിന്നും ഗ്രഹിച്ചതിനാലാണത്രെ ഈ പേര് വന്നത്. മാത്രമല്ല, ''വേദം ഈശ്വരനില്‍നിന്നുത്ഭവിച്ച് തപോധനരായ മഹര്‍ഷിമാര്‍ അത് ദര്‍ശിക്കുകയും ശ്രവിക്കുകയും ചെയ്തു. അതിനാല്‍ മഹര്‍ഷിമാരെ 'മന്ത്രിദ്രഷ്ടാക്കള്‍' എന്നു പറയുന്നു'' (സാധുശീലന്‍ കെ. പരമേശ്വരന്‍ പിള്ള, ഹിന്ദുധര്‍മപരിചയം, പേജ് 164, ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര). ഇതിനര്‍ഥം ദൈവത്തില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നവര്‍ ഇവിടെയുണ്ടായിരുന്നു എന്നാണ്.
പ്രവാചകന്മാരെ ദൈവം നിയോഗിക്കുന്നത് മനുഷ്യന്റെ കര്‍മജീവിതത്തെ ധാര്‍മികവല്‍ക്കരിക്കാനാണ്. അഥവാ മനുഷ്യന്റെ യഥാര്‍ഥ ധര്‍മത്തെ പഠിപ്പിക്കാനും അത് സ്ഥാപിക്കാനുമാണ്. ധര്‍മസംസ്ഥാപനാര്‍ഥം വരുന്ന 'അവതാര പുരുഷന്‍'മാരെ പറ്റി സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിങ്ങനെ: ''ഹിന്ദു മതത്തിലെ അവതാരത്തിന് പാശ്ചാത്യ മതങ്ങളിലെ പ്രവാചകന്റെയോ മഹാ നേതാവിന്റെയോ സ്ഥാനമാണുള്ളത്'' (സാന്‍ഫ്രാന്‍സിസ്‌കോ പ്രസംഗം, 8:4-1900).
ഇന്ത്യാ ചരിത്രത്തില്‍ ശ്രദ്ധേയനായ ഒരു മഹാപുരുഷനാണ് ശ്രീബുദ്ധന്‍. സിദ്ധാര്‍ഥ രാജകുമാരനാണ് പിന്നീട് ബുദ്ധനായി മാറുന്നത്. ബോധമുദിച്ചവന്‍, ബോധമുണ്ടായവന്‍ എന്നൊക്കെയാണ് 'ബുദ്ധന്‍' എന്ന പദത്തിനര്‍ഥം. സിദ്ധാര്‍ഥന് ബോധോദയമുണ്ടായത് ഒരു വൃക്ഷച്ചുവട്ടില്‍ വെച്ചാണെന്ന് പറയപ്പെടുന്നു. അതിനാല്‍ ആ വൃക്ഷം 'ബോധിവൃക്ഷം' എന്നറിയപ്പെട്ടു.
ബുദ്ധന്റെ ശിഷ്യന്മാരില്‍ പ്രധാനിയായിരുന്ന അനന്ദന്‍ ഒരിക്കല്‍ ബുദ്ധനോട് ചോദിച്ചു: 'താങ്കള്‍ പോയിക്കഴിഞ്ഞാല്‍ ആരാണ് ഞങ്ങളെ പഠിപ്പിക്കുക?'
'ലോകത്തു വന്ന ബുദ്ധന്മാരില്‍ ഞാന്‍ ആദ്യത്തെ ബുദ്ധനോ അവസാനത്തെ ബുദ്ധനോ അല്ല. സമയമെത്തിയാല്‍ പരിശുദ്ധനും വിജ്ഞനും ബുദ്ധിമാനുമായി ഒരു ബുദ്ധന്‍ ലോകത്ത് വരും.....' എന്ന് 'ദിഗാനികായ' എന്ന ബുദ്ധഗ്രന്ഥത്തിലുണ്ട്.
തോട്ടം രാജശേഖരന്റെ 'ബോധി' എന്ന ബുദ്ധമതസംബന്ധമായ ഗ്രന്ഥത്തില്‍ ഗുരുവിനോട് 'ബോധിസ്വത്വ'നെ(ബുദ്ധന്‍)ക്കുറിച്ച് ചോദിക്കുമ്പോള്‍ പറയുന്ന മറുപടി: ''പറയാം. ആദിബുദ്ധനില്‍നിന്നാണ് തുടക്കം പൂര്‍വ-പശ്ചിമ-ഉത്തര-ദക്ഷിണ ദേശങ്ങളിലും മധ്യസ്ഥാനത്തും ജന്മജന്മാന്തരങ്ങളിലെ സുകൃതങ്ങളിലൂടെ ബോധിസ്വത്വന്മാര്‍ ഓരോരോ കാലത്ത് അവതരിച്ചു....'' (അധ്യായം 4, പേജ് 29).
ഈ പറഞ്ഞതിനര്‍ഥം 'ബുദ്ധന്‍' എന്നത് ഒരു വ്യക്തിയുടെ പേരല്ല; മനുഷ്യനെ സന്മാര്‍ഗത്തില്‍ നയിക്കാന്‍ വെളിപാട് ലഭിച്ച മനുഷ്യനാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്ന പ്രവാചകന്മാരും മനുഷ്യനെ സന്മാര്‍ഗത്തില്‍ നയിക്കാന്‍ ദിവ്യവെളിപാട് ലഭിച്ചിരുന്ന മനുഷ്യരാണ്.
മാത്രമല്ല, മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടും ബുദ്ധന്റെ അധ്യാപനങ്ങളില്‍ ഉണ്ടായിരുന്നതായി പ്രമാണങ്ങള്‍ പറയുന്നുണ്ട്: ''സല്‍ക്കര്‍മം ചെയ്യുന്നവന്‍ ഇഹത്തിലും പരത്തിലും ആനന്ദിക്കും. ഇരുലോകത്തും അവന്‍ ആനന്ദം അനുഭവിക്കുന്നു. പുണ്യമാണ് തന്റെ കര്‍മങ്ങള്‍ എന്ന തിരിച്ചറിവില്‍ അവന്‍ അധികമധികം ആനന്ദിച്ചുകൊണ്ടേയിരിക്കും'' (ധര്‍മപദ: 16, യമകവഗ്ഗ).
ബുദ്ധന്‍ ശിഷ്യന്മാരോട് പറയുന്നു: ''ദീക്ഷിക്കളേ, ഏറ്റവും അപ്രിയകരം, ഏറ്റവും സന്താപകരം, ഏറ്റവും വൃത്തികെട്ടത് എന്ത് എന്നതിനെക്കുറിച്ച് പറയാമോ? അത് ശരിക്കും നരകത്തെക്കുറിച്ചാണ് പറയാവുന്നത്. അതായത് ഭിക്ഷുക്കളേ, നരകത്തിലെ ദുഃഖത്തെക്കുറിച്ച് ഉപമിക്കുക സുഖകരമായ കാര്യമല്ല'' (ബുദ്ധവചനാമൃതം, പേജ് 295, ആര്‍.എന്‍ പിള്ള, കറന്റ് ബുക്‌സ്).
ദൈവമില്ലാതെ മരണാനന്തരം കര്‍മങ്ങള്‍ക്ക് രക്ഷാശിക്ഷകള്‍ നിശ്ചയിക്കല്‍ അസാധ്യമാണ്. അതിനാല്‍ ബുദ്ധന്‍ ദൈവമില്ലെന്നല്ല പറഞ്ഞിരിക്കുക, ദൈവങ്ങളില്ല എന്നായിരിക്കും.
ദുഃഖനിര്‍മാര്‍ജനത്തിലേക്ക് നയിക്കുന്ന സത്യത്തിന്റെ വഴിയെ സംബന്ധിച്ച് ശിഷ്യന്മാരോട് പറയുന്നു:
''അതാണ് ഭിക്ഷുക്കളേ ആര്യ അഷ്ടാംഗികമാര്‍ഗം. അതായത്
ശരിയായ വീക്ഷണം
ശരിയായ വിചാരം
ശരിയായ ഭാഷണം
ശരിയായ കര്‍മം
ശരിയായ ഉപജീവനം
ശരിയായ വ്യായാമം
ശരിയായ അവബോധം
ശരിയായ ഏകാഗ്രത'' (ബുദ്ധവചനാമൃതം, പേജ് 372).
മനുഷ്യന്റെ നേര്‍ബുദ്ധി അംഗീകരിക്കുന്നതും പ്രവാചകാധ്യാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നവയുമാണീ കാര്യങ്ങള്‍. അതിനാല്‍ ബുദ്ധന്മാര്‍ പ്രവാചകന്മാരാവാനുള്ള സാധ്യത നിരാകരിക്കാനാവില്ല.
എന്നാല്‍, പില്‍ക്കാലത്ത് ദൈവത്തെക്കുറിച്ചും ദൈവിക സന്മാര്‍ഗത്തെക്കുറിച്ചും പറയാന്‍ വന്ന പ്രവാചകന്മാരെത്തന്നെ മനുഷ്യര്‍ ദൈവങ്ങളാക്കിയ സംഭവങ്ങള്‍ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് യേശുക്രിസ്തു.
യേശുക്രിസ്തു ഒരു പ്രവാചകനായിരുന്നു എന്ന കാര്യം ഖുര്‍ആന്‍ പലയിടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. അഞ്ചാം അധ്യായം ഏഴാം വാക്യത്തില്‍ പറയുന്നു: ''മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവദൂതനല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യസന്ധയായിരുന്നു. അവരിരുവരും ആഹാരം കഴിക്കുകയും ചെയ്തിരുന്നു. നാം സത്യദൃഷ്ടാന്തങ്ങള്‍ എവ്വിധമാണവര്‍ക്ക് വെളിപ്പെടുത്തി വിവരിച്ചുകൊടുക്കുന്നതെന്ന് നോക്കുക. എന്നിട്ടും അവരെങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നതെന്നും ശ്രദ്ധിക്കുക'' (5:75).
ബൈബിളില്‍ തന്നെയുള്ള യേശുവിന്റെ അധ്യാപനങ്ങള്‍ ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതായി കാണാം. യേശു പറഞ്ഞു: 'എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രെ' എന്ന് ബൈബിള്‍ പുതിയ നിയമം, യോഹന്നാന്‍ സുവിശേഷം 7:16-ലും 'എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു. അവനോടു കേട്ടതു തന്നെ ഞാന്‍ ലോകത്തോടും സംസാരിക്കുന്നു' എന്ന് 8:28-ലും കാണാം.
യേശുക്രിസ്തു തന്റെ പിതൃനഗരത്തില്‍ വന്ന് പള്ളിയില്‍ ഉണ്ടായിരുന്നവരോട് ഉപദേശിച്ചു: ''ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും സ്വന്തം ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല'' (മത്തായി 2:10,11).
വ്യക്തമായി താനൊരു പ്രവാചകനാണെന്ന് ഇത്രയൊക്കെ യേശു പറഞ്ഞിട്ടും ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നിയോഗിതനായ ഈ മഹാപ്രവാചകനെ ജനം ദൈവപുത്രനാക്കിക്കളഞ്ഞു. എന്നിരിക്കെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നിയോഗിതരായ മറ്റു പ്രവാചകന്മാരെ ജനം ദൈവങ്ങളോ ദൈവാവതാരങ്ങളോ മറ്റോ ആക്കി മാറ്റിയതില്‍ അത്ഭുതപ്പെടാനില്ല.
പിന്‍കുറി:
ചോദ്യം: മുഹമ്മദ് നബിയെ മറ്റുള്ളവര്‍ അധിക്ഷേപിക്കുന്നതുപോലെ മുഹമ്മദ് നബിയുടെ അനുയായികള്‍ രാമനെയോ കൃഷ്ണനെയോ ക്രിസ്തുവിനെയോ ഒന്നും അധിക്ഷേപിക്കാറില്ല. എന്തുകൊണ്ട്?
ഉത്തരം: പ്രവാചകത്വം ഒരു സാര്‍വലൗകിക യാഥാര്‍ഥ്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. സമൂഹങ്ങള്‍ ആരാധിച്ചുപോരുന്ന പല മഹാന്മാരും പ്രവാചകന്മാരോ പ്രവാചകന്മാരെ പിന്‍പറ്റിയ മഹാന്മാരോ ആണ്. വിശ്വാസികളുടെ ലക്ഷണമായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 'ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല' എന്നവര്‍ പറയും' (2:285).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം