Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമോ?

മൗലാനാ സിറാജ് കരീം സലഫി

ഉത്തരോത്തരം പുരോഗതിയിലേക്ക് കുതിക്കുകയാണ് നമ്മുടെ കാലം. സുഖാസ്വാദനങ്ങള്‍ക്കും കായിക വിനോദങ്ങള്‍ക്കുമെല്ലാം എന്തെല്ലാം സൗകര്യങ്ങള്‍! സുഖസൗകര്യങ്ങളുടെ ഈ സമൃദ്ധിയിലും മനുഷ്യജീവിതം സ്വസ്ഥതയില്‍നിന്നും മനസ്സമാധാനത്തില്‍നിന്നും വളരെ അകലെയാണ്. സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെയും മറ്റു തിന്മകളുടെയും പ്രളയമാണ്. ഇതില്‍ നമ്മെ ഭീതിപ്പെടുത്തുന്നവിധം ഉയര്‍ന്നു പൊങ്ങിവരുന്ന ഒന്നാണ് ആത്മഹത്യ.
ഏതൊരു മനുഷ്യനും ഏറ്റവും വിലപ്പെട്ടത് അവന്റെ ജീവനാണ്. 'എവിടം വരെ ജീവനുണ്ടോ, അവിടം വരെ ഉലകമുണ്ട്' എന്നൊരു പഴമൊഴിയുണ്ട്. എന്നാല്‍ നല്ലൊരു ഭാഗം മനുഷ്യരും ശ്വാസമിടിപ്പ് നിലനിര്‍ത്തുന്നുണ്ടെങ്കിലും അവര്‍ മൃതപ്രായരായി തീര്‍ന്നിരിക്കുന്നു എന്നതാണ് സ്ഥിതി. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ പരിഭ്രമിച്ച്, അന്ധാളിച്ച് തങ്ങളുടെ ഇഷ്ടക്കാരില്‍നിന്നും ബന്ധുമിത്രാദികളില്‍നിന്നും ഒഴിഞ്ഞുമാറി തിരിച്ചുവരാനാകാത്ത ഇടത്തേക്ക് അവര്‍ യാത്രയാകുന്നു. ഇതിനെ നാം ആത്മാഹുതി എന്ന് വിളിക്കുന്നു.
ഒരു വ്യക്തി ബോധപൂര്‍വം, പ്രകൃതിനിയമത്തിന് വിരുദ്ധമായി സ്വയം നശിപ്പിക്കലാണ് ആത്മഹത്യ (Suicide). ഈ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അവനു തന്നെ. തന്റെ ജീവന്റെ യഥാര്‍ഥ ഉടമയെ മറന്ന്, തനിക്ക് ലഭിച്ച ഉടമസ്ഥ്വാവകാശം ദുര്‍വിനിയോഗം ചെയ്യുകയാണ് അയാള്‍. ആത്മഹത്യ പൊടുന്നനെ സംഭവിക്കുന്നതല്ല. വളരെ സമയമെടുത്ത് ഒരാളുടെ മനസ്സില്‍ രൂപംകൊള്ളുന്ന ആശയമാണത്. അതിന്റെ ലക്ഷണങ്ങള്‍ പുറത്തുകണ്ടേക്കാം. ശീലങ്ങളിലും പെരുമാറ്റങ്ങളിലുമുള്ള മാറ്റം, ബന്ധുമിത്രാദികളില്‍നിന്ന് അകലം പാലിക്കല്‍, ദിനചര്യകളിലെ അലംഭാവം, സാധനസാമഗ്രികള്‍ എറിഞ്ഞുടക്കല്‍, സമ്മാനങ്ങളും പാരിതോഷികങ്ങളും തിരികെ നല്‍കല്‍, അംഗീകാരങ്ങളും ആദരങ്ങളും വേണ്ടെന്നു വെക്കല്‍ പോലുള്ളവ ആത്മഹത്യാ പ്രവണതയുടെ സൂചനകളാണ്. ചിലപ്പോള്‍ തുറന്നു പറഞ്ഞെന്നു വരും; 'ഇനി കൂടുതല്‍ കാലം നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടായി ഞാന്‍ ഉണ്ടാവില്ല.'
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആത്മഹത്യാ പ്രവണത വല്ലാതെ വര്‍ധിച്ചിരിക്കുന്നു. നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും വിലപ്പെട്ട ജീവനെടുക്കുകയാണ്. ഇതിനെ കാര്യകാരണസഹിതം ചര്‍ച്ചക്കെടുക്കാന്‍ പോലും ലോകം ഭയക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ചില സംഘടനകള്‍ വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. 1990-ല്‍ ഐക്യരാഷ്ട്രസഭ ഒരു ആത്മഹത്യാ സുരക്ഷാ പോളിസി അംഗീകരിച്ചു. ഡിസംബര്‍ 10 ആഗോള ആത്മഹത്യാ ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ 2003-ല്‍ തീരുമാനിച്ചു.

ഞെട്ടിക്കുന്ന കണക്കുകള്‍
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ഏതാണ്ട് എല്ലാ വര്‍ഷവും 8 മുതല്‍ 10 ലക്ഷം വരെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഓരോ നാല്‍പതു സെക്കന്റിലും ഒരു ജീവന്‍ ആത്മഹത്യയിലൂടെ പൊലിയുന്നു. ലോകത്തെ ആകെ മനുഷ്യരുടെ മരണസംഖ്യയില്‍ എട്ടു ശതമാനം ആത്മഹത്യയിലൂടെയാണ്. ഒരു സര്‍വേ പ്രകാരം ലോകത്ത് ഓരോ മൂന്നു സെക്കന്റിലും ഒരു ആത്മഹത്യാ ശ്രമം നടക്കുന്നു. ഇതില്‍ ഒരാള്‍, ആത്മഹത്യാ ശ്രമത്തില്‍ വിജയിക്കുന്നു. 19 മുതല്‍ 29 വരെ വയസ്സുള്ള യുവാക്കളിലാണ് ആത്മഹത്യാ പ്രവണത കൂടുതല്‍. എഴുപതില്‍ കൂടുതല്‍ വയസ്സുള്ളവരിലും ആത്മഹത്യാ പ്രവണത കാണുന്നുണ്ട്. ആഗോളതലത്തില്‍ ആത്മഹത്യയുടെ കണക്കെടുത്താല്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടിയ ആത്മഹത്യാ നിരക്ക്. അവിടങ്ങളിലൊക്കെ സെക്യുലര്‍ ഭരണ വ്യവസ്ഥയാണ്. എല്ലാ അര്‍ഥത്തിലുമുള്ള വ്യക്തി, മത സ്വാതന്ത്ര്യവുമുണ്ട്. ദാരിദ്ര്യമില്ല, സാമ്പത്തിക പ്രശ്‌നങ്ങളില്ല. സുഭിക്ഷവും സമ്പന്നവുമാണ് അവ.

ഇന്ത്യനവസ്ഥ
പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഏതാനും വര്‍ഷങ്ങളായി ആശങ്കയുണര്‍ത്തുംവിധമാണ് ആത്മഹത്യാ നിരക്കിന്റെ വര്‍ധനവ്. ലോകാരോഗ്യ സംഘടനയുടെ കണക്കില്‍, ഇന്ത്യ ആത്മഹത്യാ നിരക്കില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. നാഷ്‌നല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് 2019-ല്‍ 135585 പേരും 2012-ല്‍ 135445 പേരും 2013-ല്‍ 134799 പേരും 2014-ല്‍ 13166 പേരും 2015-ല്‍ 133621 പേരും ആത്മഹത്യ ചെയ്തു. 2011-നു ശേഷം ആത്മഹത്യാ നിരക്കില്‍ അല്‍പം കുറവുണ്ടായി. എന്നാല്‍ 2015-ല്‍ പിന്നെയും വര്‍ധനവുണ്ടായി. 2015 വരെയുള്ള റിപ്പോര്‍ട്ടാണ് ലഭ്യമായിട്ടുള്ളത്. അതിനുശേഷം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആത്മഹത്യാ പ്രവണത ഗണ്യമായി വര്‍ധിച്ചു. കണക്കുകളനുസരിച്ച് ഓരോ എട്ട് മണിക്കൂറിലും ഇന്ത്യയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ സംഘടനയായ ധറാബെ ജാന്‍ ആന്ദോളന്‍ സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് മഹാരാഷ്ട്രയില്‍ മാത്രം 2013 മുതല്‍ ഇതുവരെ 2090 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യയില്‍ കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളാണ് മുന്‍നിരയില്‍. സൈനികരിലും ആത്മഹത്യാ പ്രവണതയുടെ നിരക്ക് അതിവേഗം കുതിക്കുകയാണ്. ഒരു റിപ്പോര്‍ട്ടനുസരിച്ച് മൂന്ന് സേനാ വിഭാഗങ്ങളിലായി ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലും ഞെട്ടലുളവാക്കുന്ന വിധമാണ് ആത്മഹത്യാ പ്രവണത ഉയരുന്നത്.
എന്തൊക്കെയാണ് ആത്മഹത്യക്ക് കാരണങ്ങളും പ്രേരണകളുമായിത്തീരുന്നത്?

സാമൂഹിക പ്രശ്‌നങ്ങള്‍
ആത്മഹത്യയുടെ മുഖ്യകാരണവും പ്രേരണയും സാമൂഹിക പ്രശ്‌നങ്ങള്‍ തന്നെയാണ്. കുടുംബത്തിലും സമൂഹത്തിലും നിത്യേന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമിടയില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഹനിക്കപ്പെടുക, വ്യക്തികള്‍ തമ്മില്‍ വിദ്വേഷവും വെറുപ്പും ഉടലെടുക്കുക, സമാധാനാന്തരീക്ഷം നഷ്ടമാവുക, അന്യായവും അതിക്രമങ്ങളും നടമാടുക, കൊലപാതകങ്ങള്‍ വര്‍ധിക്കുക, നീതിനിര്‍വഹണത്തിന്റെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുക, ദാമ്പത്യജീവിതം തൃപ്തികരമല്ലാതിരിക്കുക, ശരിയായ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരിക്കുക, സ്‌നേഹ പരിലാളനകള്‍ക്കു പകരം കുട്ടികള്‍ക്ക് ക്രൂരതയും അവഗണനയും മാതാപിതാക്കളില്‍നിന്ന് നേരിടേണ്ടി വരിക, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുക തുടങ്ങിയവ സാമൂഹിക പ്രശ്‌നങ്ങളാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ഈ പ്രതിസന്ധികളില്‍പെടുന്ന മനുഷ്യന് എല്ലാം വികൃതമായി തോന്നിയേക്കാം. ദുര്‍ബലചിത്തര്‍ സഹികെട്ട് ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുന്നു. കുടുംബസംഘര്‍ഷങ്ങളാണ് ആത്മഹത്യയുടെ മുഖ്യകാരണമെന്നു സാമൂഹികശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍
സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതിന്റെ രണ്ടാമത്തെ കാരണം. അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ലോകത്ത് പലയിടങ്ങളിലും ദാരിദ്ര്യവും പട്ടിണിയുമാണ്. നിരന്തരമായ പട്ടിണിയും ദാരിദ്ര്യവും അതുമൂലമുള്ള ഇല്ലായ്മയും വല്ലായ്മയും ഒരുപരിധിവരെ മനുഷ്യന്‍ സഹിച്ചേക്കും. തന്റെ ഉറ്റവരുടെയും ഉടയവരുടെയും അത്യാവശ്യങ്ങള്‍ പോലും നിര്‍വഹിക്കപ്പെടാതെ പോകുമ്പോള്‍, തന്റെ സ്വന്തം കൈകള്‍ കൊണ്ടുതന്നെ മരണത്തെ മാടിവിളിക്കേണ്ടിവരുന്നത് എത്രമാത്രം ദുഃഖകരമാണ്! തൊഴിലില്ലായ്മ, വിളനാശം, ജീവിതമാര്‍ഗം അടഞ്ഞുപോകല്‍, ജോലി നേടുന്നതില്‍ പരാജയപ്പെടല്‍ എന്നിവയും ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ഇന്ത്യയില്‍ പട്ടിണിയും ദാരിദ്ര്യവുമുള്ളേടത്തെല്ലാം തൊഴിലില്ലായ്മ രൂക്ഷമായിട്ടുണ്ട്. അവിടെയെല്ലാം വിളനാശവും കര്‍ഷകരുടെ ആത്മഹത്യയും നാം കാണുന്നു. ഇത് എല്ലാവരും ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. നാഷ്‌നല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച്, നമ്മുടെ രാജ്യത്ത് എല്ലാ ഓരോ ദിവസവും 46 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഈ സംഖ്യ കൂടാനാണ് സാധ്യത. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആത്മഹത്യ ചെയ്യുന്നവരില്‍ മുന്നില്‍ ഒരു വിഭാഗമാളുകള്‍ വരുമാനം കുറഞ്ഞ വിഭാഗങ്ങളില്‍പെട്ടവരാണ്. ഇത് തടയുന്നതിന് ഗവര്‍ണ്‍മെന്റിനോടൊപ്പം സാമൂഹിക പ്രവര്‍ത്തകരും രംഗത്തിറങ്ങണം.

മാനസിക പ്രശ്‌നങ്ങള്‍
മാനസിക പ്രശ്‌നങ്ങള്‍ ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. പുരോഗതി വന്നുകൊണ്ടിരിക്കുന്ന അതേ വേഗതയില്‍ മനുഷ്യര്‍ മാനസിക സംഘര്‍ഷങ്ങളിലും ചെന്നു ചാടുന്നുണ്ട്. ഉത്കണ്ഠകളും ആശങ്കകളും മനുഷ്യന്റെ സമനില തെറ്റാന്‍ കാരണമാവുന്നു. ഭൗതികവും മാനസികവുമായ ഉല്ലാസങ്ങള്‍ക്ക് പുതിയ പുതിയ സംവിധാനങ്ങള്‍ കണ്ടെത്തിയെങ്കിലും മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളെ നേരിടുന്നതില്‍ അവന്‍ പരാജിതനാവുന്നു. പരസ്പര മത്സരം, സഹകരണത്തിന്റെ അഭാവം, ചികിത്സ പ്രയാസകരമായ രോഗങ്ങള്‍ എന്നിവയും മനുഷ്യന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാണ്. ഈ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ലോകം വളരെ ഇടുങ്ങിയതായി അനുഭവപ്പെടുന്നു. അയാള്‍ ഒരാളെയും തന്റെ സഹായിയോ സഹകാരിയോ ആയി കാണുകയില്ല. പിരിമുറുക്കത്തിന്റെ പാരമ്യത്തില്‍ ഇനി തന്റെ മുന്നില്‍ ആത്മഹത്യ തന്നെ വഴി എന്നു ഉറപ്പിക്കുന്നു.

സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇന്ന് മനുഷ്യന്റെ അത്യാവശ്യങ്ങളിലൊന്നാണ്. ഇതുമൂലം മനുഷ്യബന്ധങ്ങള്‍ വളരെ എളുപ്പമായിരിക്കുന്നു. എന്നാല്‍ ഇവ രണ്ടിന്റെയും ദുരുപയോഗം യുവാക്കള്‍ക്കും കുട്ടികള്‍ക്കും ദുഃഖഹേതുകമായിത്തീരുകയും ചെയ്യുന്നു. ദുരുപയോഗവും അമിതോപയോഗവും മനുഷ്യരെ പരസ്പരം അകറ്റും. ഇത് മാനസികവും ശാരീരികവുമായ പലതരം രോഗങ്ങള്‍ക്കാണ് കാരണമാകുന്നത്. സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ആത്മഹത്യാ പ്രേരണക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് ആത്മഹത്യാ പ്രേരണ ഉണ്ടാക്കിയേക്കും. അഞ്ച് മണിക്കൂറും അതിലധികവും സ്മാര്‍ട്ട് ഫോണിലോ ഇന്റര്‍നെറ്റിലോ ചെലവഴിക്കുന്നവരാണ് 48 ശതമാനവും. ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 2010-നു ശേഷം 12 മുതല്‍ 18 വരെ വയസ്സുള്ള കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ ശ്രമങ്ങള്‍ വളരെ കൂടിയിട്ടുണ്ട്. പെണ്‍കുട്ടികളാണ് ഇതില്‍ മുന്‍പന്തിയില്‍. ഈ ആഗോള അപകടവലയുടെ ഗെയ്മുകളില്‍ കുരുങ്ങി നിരവധി യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കളെയും ഇഷ്ടക്കാരെയും കണ്ണീര്‍ക്കയത്തിലാഴ്ത്തി ആത്മഹത്യ ചെയ്യുന്നത് എന്തുമാത്രം സങ്കടകരം!

ലഹരി
ലഹരിയുടെ ഉപയോഗം സാര്‍വത്രികം മാത്രമല്ല, അത് ഫാഷന്‍ കൂടിയായിരിക്കുന്നു. ലഹരിയുടെ അടിമകള്‍ നിരുത്തരവാദികളും വിനാശങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവരുമായിരിക്കും. ലഹരി ഉപയോഗം ശാരീരികവും മാനസികവും വൈകാരികവുമായി വന്‍ദുരന്തങ്ങളാണ്. ലഹരിയുള്ളപ്പോഴും അതില്ലാത്തപ്പോഴും ലഹരിക്ക് അടിപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുന്ന നിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു. ഗവണ്‍മെന്റുകളോ സമൂഹമോ ഇതിനെതിരെ ആസൂത്രിതവും കാര്യക്ഷമവുമായ നടപടികള്‍ സ്വീകരിക്കുന്നതായി കാണുന്നില്ല.

എന്തുണ്ട് പരിഹാരം?
ചില കാരണങ്ങള്‍ മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. വേറെയും ധാരാളമുണ്ട്. ആത്മഹത്യയുടെ ഉയരുന്ന ഗ്രാഫ് കണ്ട് വ്യാകുലചിത്തരായ ധര്‍മബോധമുള്ള മനുഷ്യര്‍ പ്രശ്‌നം ഗൗരവത്തില്‍ ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകാരോഗ്യ സംഘടന 2020 ആവുമ്പോഴേക്കും ആഗോളതലത്തില്‍ ആത്മഹത്യാ നിരക്കില്‍ ഇരുപതു ശതമാനം കുറവുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഈ ഉദ്യമത്തില്‍ ലോകത്തിലെ 28 രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. ഇംഗ്ലണ്ടിലെ ലഹരി ഉപയോഗ ജാഗ്രതാ സമിതിയുടെ ഒരു പ്രസ്താവന ഇങ്ങനെയാണ്: ''ആത്മഹത്യയെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുന്ന ആളുകളോട് എങ്ങനെ വര്‍ത്തിക്കണമെന്ന് ജനം മനസ്സിലാക്കണം. സ്‌കൂള്‍ പഠനതലം മുതല്‍ ഇക്കാര്യത്തില്‍ ബോധവത്കരണം വേണം.''
ആത്മഹത്യ തടയുന്നതിനായി ഇസ്‌ലാമിക അധ്യാപനങ്ങള്‍ ധാരാളം നിര്‍ദേശങ്ങളും ഉപദേശങ്ങളും മുന്നോട്ടു വെക്കുന്നു. പരിഭ്രാന്തരും മനസ്സംഘര്‍ഷത്തില്‍പെട്ട് ഉഴലുന്നവരുമായ വ്യക്തികളുടെ ബന്ധുമിത്രാദികളോട് ഇസ്‌ലാം നിര്‍ദേശിക്കുന്നത്, അവരുടെ പ്രശ്‌നങ്ങള്‍ കാലേക്കൂട്ടി കണ്ടറിഞ്ഞ് അവര്‍ക്ക് സാധ്യമാകുന്നത്ര സാന്ത്വനവും സഹായങ്ങളും നല്‍കണമെന്നാണ്. ആത്മഹത്യാ പ്രവണതയില്‍നിന്ന് മോചനം ലഭിക്കാന്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

അധിക്ഷേപാര്‍ഹമായ തിന്മ
ജീവിതം അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണ്. ഈ ലോകവും അതിലെ സകലമാന അനുഗ്രഹങ്ങളും മനുഷ്യന്റെ ഉപയോഗത്തിനും ആസ്വാദനത്തിനുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ജീവിതത്തിന്റെയും മരണത്തിന്റെയുമൊക്കെ ഉടമസ്ഥത അല്ലാഹുവിന് അവകാശപ്പെട്ടതാണ്. ഏതെങ്കിലും നിലക്ക് ഇതില്‍ നടത്തുന്ന ഇടപെടലുകള്‍ ഈ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ആത്മഹത്യയും ഈ തരത്തിലുളള ഇടപെടലും ഈ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. അതൊരിക്കലും മാപ്പര്‍ഹിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ ഇസ്‌ലാം ആത്മഹത്യയെ അതിശക്തമായി വിലക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു: ''നിങ്ങള്‍ നിങ്ങളുടെ കരങ്ങളെ വിനാശത്തിലെറിയരുത്'' (അല്‍ബഖറ: 190). ''നിങ്ങള്‍ സ്വയം ആത്മവധം നടത്തിയേക്കരുത്. നിശ്ചയം അല്ലാഹു നിങ്ങളോട് അങ്ങേയറ്റം കരുണയുള്ളവനാകുന്നു'' (അന്നിസാഅ്: 29).
മരണമാഗ്രഹിക്കല്‍ ഇസ്‌ലാം വിലക്കിയിട്ടുള്ള കാര്യമാണ്. പിന്നെ എങ്ങനെയാണ് ആത്മഹത്യക്ക് അനുമതി ഉണ്ടാവുക? അനസി(റ)ല്‍നിന്ന്. റസൂല്‍ (സ) പറഞ്ഞു: ''തന്നെ ബാധിച്ച ഒരു വിഷമം കാരണം ആരും തന്നെ മരണം ആഗ്രഹിക്കരുത്. പ്രയാസം അതിഗുരുതരമാവുമ്പോള്‍ ഇത്രയേ പറയാവൂ; എന്റെ നാഥാ, ജീവിതമാണ് എനിക്ക് ഗുണമെങ്കില്‍ എന്നെ നീ ജീവിപ്പിക്കണം. മരണമാണ് എനിക്ക് ഗുണകരമെങ്കില്‍ മരണം നല്‍കണം'' (മുസ്‌ലിം 175, കിതാബുല്‍ ഈമാന്‍).
ആത്മഹത്യക്കാരന്‍ തന്റെ തന്നെ കൈകളാല്‍ ഈലോക ജീവിതത്തിന് അന്ത്യം കുറിക്കുകയാണ്. അത് പരലോകത്ത് കഠിനശിക്ഷക്ക് കാരണമാകും. അബൂഹുറൈറ(റ)യില്‍നിന്ന്. റസൂല്‍ (സ) പറഞ്ഞു: ''ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് തന്റെ ജീവനെടുത്തതെങ്കില്‍ നാളെ നരകത്തില്‍ നിത്യവാസിയായി അതേ ആയുധം അയാള്‍ തന്റെ വയറിലേക്ക് കുത്തിയിറക്കിക്കൊണ്ടിരിക്കും. ഒരുവന്‍ വിഷം കഴിച്ചാണ് തന്റെ ജീവന്‍ കെടുത്തിയതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ വിഷം പാനം ചെയ്തുകൊണ്ടേയിരിക്കേണ്ടിവരും. ഒരുവന്‍ മലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ മലയില്‍നിന്ന് ചാടി പിടഞ്ഞ് ദുരന്തം സഹിച്ചുകൊണ്ടേ ഇരിക്കേണ്ടിവരും'' (മുസ്‌ലിം 175, കിതാബുല്‍ ഈമാന്‍).
ഒരു വ്യക്തിക്ക് തന്റെ മാതാവിന്റെ ഗര്‍ഭാശയ കാലം മുതല്‍ മരണം വരേക്കുമുള്ള സംരക്ഷണമാണ് ഇസ്‌ലാം നല്‍കുന്നത്. സാഹചര്യം എന്തുതന്നെയായിരുന്നാലും ആത്മഹത്യ പോലുള്ളതിലേക്ക് തിരിയാന്‍ വിശ്വാസിക്ക് നിവൃത്തിയില്ല.

അല്ലാഹുവിലുള്ള വിശ്വാസം
അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വവും ഉടമസ്ഥതയും അന്നദാതാവെന്ന നിലയും അംഗീകരിച്ച് വിശ്വാസമര്‍പ്പിക്കുന്ന മനുഷ്യന് അസാധാരണമായ ശക്തിയും ശേഷിയുമാണ് കൈവരുന്നത്. ജീവിതത്തിലെ ഏതു പ്രശ്‌നവും പ്രതിസന്ധിയും മറികടക്കാനുള്ള വഴികള്‍ അതോടെ അവന്റെ മുന്നില്‍ തുറക്കപ്പെടുന്നു. ഭൂമി, ആകാശം, സൂര്യചന്ദ്രാദികള്‍, നക്ഷത്രങ്ങള്‍, നദികള്‍, വനങ്ങള്‍, മലകള്‍, മരങ്ങള്‍, ജന്തുജാലങ്ങള്‍ ഇവയെല്ലാറ്റിന്റെയും സ്രഷ്ടാവും ഉടമസ്ഥനും സംരക്ഷകനും ദൈവമാണ് എന്ന് വിശ്വസിക്കുന്ന ഒരാളെ ദുന്‍യാവില്‍ നിശ്ചിത സമയത്തേക്കു മാത്രമായി തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഏതു പ്രശ്‌നമാണ് തളര്‍ത്തുക? എങ്ങനെയാണ് നിരാശ പൂണ്ട് നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ തന്റെ വിലപ്പെട്ട ജീവന്‍ നശിപ്പിക്കാനാവുക?
''അല്ലാഹു എല്ലാറ്റിന്റെയും സ്രഷ്ടാവും എന്തും ഏറ്റെടുത്ത് നടത്താന്‍ പ്രാപ്തനുമാണ്'' (സൂറ അസ്സുമര്‍ 62). ''അല്ലാഹുവിന്റെ വാഗ്ദാനമാണ് ഭൂമിയിലുള്ള എല്ലാ ജീവനുള്ളതിനും അന്നം നല്‍കുമെന്നത്. അതവന്‍ സ്വയം ബാധ്യതയായി ഏറ്റെടുത്തിട്ടുള്ളതുമാണ്. അവ എവിടെ ജീവിക്കുന്നുവെന്നും എവിടെ ഒടുങ്ങുമെന്നും അവനറിയാം'' (സൂറ ഹൂദ് 6).
റസൂല്‍ (സ) പഠിപ്പിച്ചു: ''നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ട വിധം ഭരമേല്‍പ്പിച്ചു കഴിഞ്ഞാല്‍ പക്ഷികള്‍ക്ക് അന്നം ലഭിക്കുംപോലെ അവന്‍ നിങ്ങള്‍ക്കും അന്നം നല്‍കിയിരിക്കും. അവ രാവിലെ വയറൊട്ടിക്കൊണ്ട് പോകുന്നു. വൈകുന്നേരം നിറവയറുമായി തിരികെയെത്തുന്നു'' (തിര്‍മിദി 2344, കിതാബ് സുഹ്ദ്).

വിധിവിശ്വാസം
വിധിവിശ്വാസം ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും ഏതു സാഹചര്യത്തെയും നേരിടുന്നതിനുള്ള വിദ്യ പഠിപ്പിച്ചുതരുന്നു. പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മനക്കരുത്ത് പ്രദാനം ചെയ്യുന്നു. വിധിയില്‍ വിശ്വാസമുള്ളവന്‍, തന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സര്‍വതും തനിക്കായി വിധിക്കപ്പെട്ടതു തന്നെയാണെന്ന ബോധ്യം ഉള്ളവനായിരിക്കും. അത് അല്ലാഹുവിന്റെ വിധിയോടെ സംഭവിക്കുന്നു. അതില്‍നിന്ന് ഓടി രക്ഷപ്പെടുക അസാധ്യമെന്നും അവനറിയാം. അല്ലാഹു പ്രഖ്യാപിക്കുന്നു: ''പറയുക, നമുക്കായി എഴുതിയതല്ലാതെ നമ്മെ ഒന്നും തന്നെ ബാധിക്കുകയില്ല. അവനാണ് നമ്മുടെ യജമാനന്‍. ആ അല്ലാഹുവില്‍ ഭരമര്‍പ്പിച്ചുകൊള്ളട്ടെ'' (സൂറ അത്തൗബ 51). ''ഈ ഭൂമിയിലോ നിങ്ങള്‍ക്ക് തന്നെയോ എന്തെങ്കിലും അപകടം സംഭവിക്കുന്നുവെങ്കില്‍ അത് സംഭവിക്കുന്നതിനു മുമ്പ് തന്നെ അത് രേഖപ്പെട്ടിട്ടുള്ളതാണ്. അല്ലാഹുവിന് അത് എളുപ്പമാണ്'' (സൂറ അല്‍ഹദീദ് 22).

പരലോക വിശ്വാസം
മരണാനന്തരം നമുക്ക് മറ്റൊരു ജീവിതമുണ്ട്. ഇഹലോകത്ത് നാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യപ്പെടുക അപ്പോഴാണ്. ഈ വിശ്വാസം മനുഷ്യനെ ആത്മവിചിന്തനത്തിന് പ്രേരിപ്പിക്കും. തന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് നോക്കണമെന്ന അവബോധം സൃഷ്ടിക്കും. താന്‍ മറുലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടവനാണ് എന്ന ചിന്ത സദാ അവനെ പിന്തുടരും. ജീവിതത്തില്‍ ചെയ്ത നല്ല പ്രവൃത്തികളെ സംബന്ധിച്ച് അവന് പ്രത്യാശയുണ്ടാകും; ചീത്ത പ്രവൃത്തികളെ സംബന്ധിച്ച് ആശങ്കയും. പരലോകവിശ്വാസമെന്നാല്‍ തന്റെ സകല പ്രവൃര്‍ത്തികളും വിചാരണക്ക് വരും എന്ന വിശ്വാസമാണ്. അതിനാല്‍ പരലോകവിശ്വാസിയായ മനുഷ്യന്‍ ഒരു തെറ്റു ചെയ്യാന്‍ മുതിരുമ്പോള്‍ കാര്യമായി ചിന്തിക്കും, എന്താവും നാളെ പരലോകത്ത് ഇതിന്റെ പരിണതി? അല്ലാഹു പ്രഖ്യാപിക്കുന്നു: ''നിശ്ചയം, അവരുടെ മടക്കം എന്നിലേക്കാണ്. പിന്നെ അവരെ വിചാരണ ചെയ്യല്‍ നമ്മുടെ ചുമതലയും'' (സൂറ അല്‍ഗാശിയ 25,26). ''പരലോകനാളിനു വേണ്ടി നാം നീതിയുടെ ത്രാസ് സ്ഥാപിക്കും. ഒരാളോടും ഒട്ടും അക്രമം കാണിക്കുകയില്ല. കടുകുമണി തൂക്കമാണെങ്കിലും അതവിടെ ഹാജരാക്കപ്പെടും. വിചാരണക്കെടുക്കാന്‍ നാം എത്രയും മതിയായവന്‍ തന്നെയാണ്!'' (സൂറ അല്‍ അമ്പിയാഅ് 47).
ഇസ്‌ലാമിന്റെ ഈ അടിസ്ഥാന ആദര്‍ശത്തില്‍ അടിയുറച്ച വിശ്വാസമുള്ളവര്‍ക്ക് ആത്മഹത്യയെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. ഇക്കാരണത്താല്‍ തന്നെയാണ് മുസ്‌ലിം രാജ്യങ്ങളില്‍ ആത്മഹത്യയുടെ നിരക്ക് വളരെ കുറഞ്ഞു കാണുന്നത്.

ക്ഷമ വലിയ ശക്തിയാണ്
നിശ്ചയദാര്‍ഢ്യത്തോടെയും സ്ഥൈര്യത്തോടെയും ദൃഢചിത്തതയോടെയും പ്രശ്‌നങ്ങളെ സമീപിക്കുന്നതിനാണ് ക്ഷമ എന്നു പറയുക. പ്രതിസന്ധികളെ നേരിടാന്‍ സഹനം തന്നെയാണ് ശക്തി. പ്രതിസന്ധികളുടെ കുത്തൊഴുക്കിലും മലപോലെ ഉറച്ചുനില്‍ക്കും ഈ ക്ഷമാലു. ക്ഷമ മനുഷ്യത്വത്തിന്റെ തിരിച്ചറിവാണ്. വിലാപം ദൗര്‍ബല്യവും ഭീരുത്വത്തിന്റെ ലക്ഷണവുമാണ്. എല്ലാവിധ സന്തോഷസന്താപങ്ങളിലും ക്ഷമയാണ് മുറുകെ പിടിക്കേണ്ടത് എന്നാണ് ഇസ്‌ലാമിക അധ്യാപനം. അപ്പോള്‍ മനുഷ്യന് അല്ലാഹുവിന്റെ സഹായവും ലഭിച്ചുകൊണ്ടിരിക്കും: ''വിശ്വാസികളേ, നിങ്ങള്‍ ക്ഷമകൊണ്ടും നമസ്‌കാരം കൊണ്ടും സഹായം തേടുവിന്‍. അല്ലാഹു ക്ഷമിക്കുന്നവര്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പ്'' (അല്‍ബഖറ: 153). ''പ്രതിസന്ധിഘട്ടങ്ങളിലും ദുരിതപര്‍വത്തിലും യുദ്ധവേളയിലും ക്ഷമിക്കുന്നവരാണവര്‍. അവര്‍ തന്നെയാണ് സത്യവാന്മാര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തരും'' (അല്‍ബഖറ 177).

സ്വസ്ഥതയുടെ വഴികള്‍
മനസ്സമാധാനം കൈവരിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്ന ഏതാനും കാര്യങ്ങള്‍ ചുവടെ:
വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം: പ്രതിസന്ധികളില്‍പെട്ട് ഉഴലുന്നവര്‍, സങ്കടക്കടലുകളില്‍ നീന്തേണ്ടിവരുന്നവര്‍, മനോനില തകര്‍ന്നവര്‍ ഇവര്‍ക്കൊക്കെ സമാധാനത്തിലേക്കും ശാന്തിയിലേക്കുമുള്ള മാര്‍ഗങ്ങള്‍ വശ്യസുന്ദരമായി ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു: ''നാം ഈ ഖുര്‍ആനില്‍ ശമനവും കാരുണ്യവുമായത് വിശ്വാസികള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്'' (സൂറ അല്‍ ഇസ്‌റാഅ് 82). ''ഹേ ജനമേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്ന് ഗുണോപദേശവും നെഞ്ചകങ്ങളിലുള്ള പ്രയാസങ്ങള്‍ക്ക് ശമനമേകുന്നതുമായ കാര്യം വന്നെത്തിയിരിക്കുന്നു. അത് വിശ്വാസികള്‍ക്ക് സന്മാര്‍ഗ പ്രാപ്തവും കാരുണ്യവുമാണ്'' (അന്നിസാഅ് 29).
ദൈവസ്മരണയും പ്രാര്‍ഥനയും: നമ്മുടെ ദൗര്‍ബല്യം, അവശത, നാം അകപ്പെട്ട പ്രയാസങ്ങള്‍, പരീക്ഷണങ്ങള്‍, ദുരിതങ്ങള്‍ എന്നിവ എടുത്തോതി അല്ലാഹുവിനോട് സങ്കടമുണര്‍ത്തി പ്രാര്‍ഥിക്കണം. ഇങ്ങനെ സങ്കടഭാരം ഇറക്കിവെക്കുന്നതിലൂടെ മനുഷ്യമനസ്സിന് ആശ്വാസം ലഭിക്കും. അല്ലാഹു പറയുന്നു: ''അല്ലാഹുവിനെ ഓര്‍ക്കുന്നതിലൂടെയാണ് മനസ്സുകള്‍ ശാന്തമാവുന്നത്'' (അര്‍റഅ്ദ് 28).
'ആളുകള്‍ അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടിരുന്നാല്‍ മലക്കുകളുടെ പ്രാ
ര്‍ഥന ഉണ്ടാവും. ദൈവകൃപ അവര്‍ക്കു മേല്‍ ചൊരിയപ്പെടും. സാന്ത്വനം അവര്‍ക്കു മേല്‍ പെയ്തിറങ്ങും. അല്ലാഹു അവന്റെ അടുത്തുള്ള മലക്കുകളോട് അവരെ പറ്റി പറയും' എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
ദാനധര്‍മവും ജനസേവനവും: മാനസികവും മറ്റുമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ ദാനധര്‍മങ്ങള്‍ നല്‍കുന്നതും പട്ടിണി-പരിവട്ടവുമായി കഴിയുന്നവരെ സഹായിക്കുന്നതും സ്വസ്ഥതയും സമാധാനവും നല്‍കും. സഹായങ്ങള്‍ ലഭിച്ചവരുടെ പ്രാര്‍ഥനകള്‍ കൂടി അയാള്‍ക്ക് ലഭിച്ചേക്കും. അല്ലാഹു തന്റെ അടിമകളുടെ പ്രയാസമകറ്റുന്നവരെ സംബന്ധിച്ച് സംപ്രീതനാവും. അല്ലാഹു പറയുന്നു: ''സന്തോഷത്തിലും ദുരിതവേളയിലും ചെലവഴിക്കുന്നവര്‍, കോപം ഉള്ളില്‍ ഒതുക്കുന്നവര്‍, ജനങ്ങള്‍ക്ക് മാപ്പു നല്‍കുന്നവര്‍ ഇവ്വിധം നന്മ ചെയ്യുന്നവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്'' (ആലുഇംറാന്‍ 134).
''രാപ്പകല്‍ഭേദം കൂടാതെ, രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍, അവര്‍ക്ക് അവരുടെ നാഥന്റെ സമീപം അവരുടെ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടിവരില്ല ദുഃഖിക്കുകയും ചെയ്യേണ്ടിവരില്ല'' (അല്‍ബഖറ: 274). ഇമാം തിര്‍മിദി(റ) ഉദ്ധരിക്കുന്നു. ''നിശ്ചയം സ്വദഖ നാഥന്റെ കോപം കെടുത്തിക്കളയും. ദുര്‍മരണത്തില്‍നിന്ന് തടയുകയും ചെയ്യും.'' റസൂല്‍ (സ) പഠിപ്പിച്ചു: ''ഒരു അടിമ തന്റെ സഹജീവിയുടെ ഒരു ആപത്ത് അകറ്റിയാല്‍ അല്ലാഹു തന്റെ ആ അടിമയുടെ ആപത്ത് പരലോകത്ത് അകറ്റിക്കൊടുക്കും. ഒരു അത്യാവശ്യക്കാരന്റെ ആവശ്യനിര്‍വഹണത്തില്‍ സഹായിച്ചാല്‍ അയാളുടെ ഇഹത്തിലെയും പരത്തിലെയും ആവശ്യങ്ങളില്‍ അല്ലാഹു തന്നെ സഹായിക്കും. ഒരു ദാസന്‍ തന്റെ സഹജീവിയുടെ ഒരു കുറവ് മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെ കുറവ് നാളെ പരലോകത്ത് മറച്ചുവെക്കും.''
ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ജീവിതം അല്ലാഹുവില്‍നിന്നുള്ള മഹാ അനുഗ്രഹമാണ്. ഈ അനുഗ്രഹം മനുഷ്യന് ഒരിക്കല്‍ മാത്രമേ ലഭിക്കൂ. ഇങ്ങനെ ലഭിച്ച മഹാ അനുഗ്രഹത്തെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് നശിപ്പിക്കുക എന്നത് ബുദ്ധിശൂന്യതയാണ്. ജീവിതത്തില്‍ മനുഷ്യന് പ്രയാസവും ബുദ്ധിമുട്ടുമുണ്ട് എന്നത് ശരിയാണ്. അതുപോലെ ശരിയാണ്, അവന് ആഹ്ലാദകരമായ ഒട്ടനവധി അവസരങ്ങളും ലഭിച്ചിട്ടുണ്ട് എന്നത്. ചിലപ്പോള്‍ അവന്‍ അവഗണിക്കപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ പലപ്പോഴും അര്‍ഹിക്കുന്നതിലുമധികം അംഗീകാരവും ആദരവും അവനെ തേടിയെത്തിയിട്ടുണ്ടാവും. ഇതെല്ലാം സമചിത്തതയോടെ ഓര്‍ക്കുമ്പോഴാണ് മനുഷ്യന്റെ മുമ്പില്‍ യഥാര്‍ഥ കര്‍മവഴി തെളിഞ്ഞുവരിക.
ദുന്‍യാവില്‍ സമാധാനത്തോടെ ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ നാം നമ്മുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തണം. നമ്മുടെ ആവശ്യങ്ങളുടെ പട്ടിക ചുരുക്കണം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍കൊണ്ട് സംതൃപ്തരാവണം. എവിടെയാണ് നാം എത്തപ്പെട്ടതെങ്കിലും സ്ഥിരചിത്തരായി, സഹനം മുറുകെപ്പിടിച്ച് ഒരു നല്ല നാളേക്ക് വേണ്ടിയുള്ള ശ്രമം തുടരുക. അപ്പോള്‍ നിങ്ങള്‍ക്ക് ജീവിതാനന്ദം നുകരാന്‍ സാധിക്കും. സ്വാര്‍ഥതയും കേവല ഭൗതികമോഹങ്ങളുമാണ് നമ്മെ നയിക്കുന്നതെങ്കില്‍ സര്‍വത്ര സമൃദ്ധിയുണ്ടായാലും സ്ഥൈര്യവും സമാധാനവും കൈയെത്താ അകലത്ത് തന്നെയായിരിക്കുമെന്ന് ഓര്‍ത്തുവെക്കുക.

(അലീഗഢ് ഇദാറെ തഹ്ഖീഖ് വ തസ്വ്‌നീഫില്‍ സ്‌കോളറാണ് ലേഖകന്‍)
വിവ: മൂസ ഉമരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം