Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

മുസ്ത്വഫ മുഹമ്മദ് ത്വഹ്ഹാന്‍ (1940-2019) ഇസ്തംബൂളിന് കടപ്പെട്ട ധന്യജീവിതം

അലാഅ് അബുല്‍ ഐനൈന്‍ (അനാത്വുലി)

''വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ട്, ഒരു കൂട്ടുകാരനായി. തന്റെ ജീവിതദൗത്യം നിര്‍വഹിക്കുന്നതിനു വേണ്ടി, ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരാളായിട്ടല്ലാതെ എനിക്കദ്ദേഹത്തെ കാണാനേ കഴിഞ്ഞിട്ടില്ല. അദ്ദേഹമെന്നും യുവാക്കള്‍ക്ക് പ്രചോദനവും വഴികാട്ടിയുമായിരുന്നു. ആഗോള ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന് വഴിവെട്ടിത്തെളിച്ചവരില്‍ പ്രധാനി. എല്ലാ ഇസ്‌ലാമിക സംരംഭങ്ങളുടെയും സഹായി.'' എഴുപത്തിയൊമ്പതാം വയസ്സില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് ഇസ്തംബൂളില്‍ മരണപ്പെട്ട പ്രമുഖ ഇസ്‌ലാമിക ചിന്തകനും പ്രബോധകനുമായ മുസ്ത്വഫ മുഹമ്മദ് ത്വഹ്ഹാനെ അനുസ്മരിച്ചുകൊണ്ട് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉപാധ്യക്ഷന്‍ ഇബ്‌റാഹീം മുനീര്‍ പറഞ്ഞ വാക്കുകള്‍. ഒരു മഹദ്ജീവിതത്തെ കുറഞ്ഞ വാക്കുകളില്‍ സംക്ഷേപിച്ചു പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളില്‍ ഉന്നത പഠനത്തിനായി ഇസ്തംബൂളിലെത്തിയതു മുതല്‍ ഈ നഗരവുമായി ത്വഹ്ഹാന് ആദര്‍ശപരവും വൈചാരികവുമായ ബന്ധമുണ്ട്. താന്‍ സ്‌നേഹിച്ച ഈ മണ്ണില്‍, ഇസ്തംബൂളിലെ 'മര്‍കസ് അഫന്‍ദി' ഖബ്‌റിസ്ഥാനില്‍ അദ്ദേഹം ഖബ്‌റടക്കപ്പെടുകയും ചെയ്തു. ഇതേ മഖ്ബറയില്‍ തന്നെയാണ് തുര്‍ക്കി പ്രധാനമന്ത്രിയായിരുന്ന, പഠനകാലം മുതലേ ത്വഹ്ഹാന്‍ ആദരിച്ചുപോന്നിരുന്ന നജ്മുദ്ദീന്‍ അര്‍ബകാന്റെ ഖബ്‌റുമുള്ളത്. അങ്ങനെ താന്‍ സ്‌നേഹിച്ചയാളോടൊപ്പം മറമാടപ്പെടാനുള്ള ഭാഗ്യവുമുണ്ടായി.
1940-ല്‍ വടക്കന്‍ ലബനാനിലെ കൂശാ എന്ന പ്രദേശത്താണ് മുസ്ത്വഫാ ത്വഹ്ഹാന്റെ ജനനം. സ്വന്തം നാട്ടില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം 1959-ല്‍ അദ്ദേഹം തുര്‍ക്കിയിലെത്തി. 1964-ല്‍ ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു.
തുര്‍ക്കി പഠനകാലത്തെക്കുറിച്ച്, 'ഞാനറിയുന്ന തുര്‍ക്കി, സുല്‍ത്താന്‍ മുതല്‍ അര്‍ബകാന്‍ വരെ' (തുര്‍കിയ അല്ലത്തീ അറഫ്തു മിനസ്സ്വുല്‍ത്വാന്‍ ഇലാ അര്‍ബകാന്‍) എന്ന പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''ഈ ഘട്ടത്തിലാണ് വിധി എന്നെ ഇസ്തംബൂളിലെ എഞ്ചിനീയറിംഗ് കോളേജില്‍ എത്തിച്ചത്. തുര്‍ക്കി രാഷ്ട്രീയത്തിന്റെ അരങ്ങില്‍ തന്നെയാണ് ഞാന്‍ കസേരയിട്ട് ഇരിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനവുമായി (അര്‍ബകാന്‍) വളരെ ചേര്‍ന്നു നിന്നുകൊണ്ട്, സംഭവങ്ങളെ നിരീക്ഷിച്ചുകൊണ്ട്... തുര്‍ക്കിക്ക് അകത്തും പുറത്തുമുള്ളവര്‍ എന്നെ ചൂണ്ടി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വക്താവ് എന്നുവരെ പറയാന്‍ തുടങ്ങി. ഉസ്താദ് അര്‍ബകാന് എന്നെ വലിയ കാര്യമായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയിലും കര്‍മകുശലതയിലും ഞാന്‍ അത്ഭുതം കൂറിക്കൊണ്ടുമിരുന്നു.''
ഇതേ കൃതിയില്‍ സ്വന്തത്തെക്കുറിച്ചുള്ള ഒരു വിവരണം ഇങ്ങനെയാണ്: ''ഇസ്‌ലാമിക ഖിലാഫത്ത് എന്ന ആ കേന്ദ്രവിഷയമുണ്ടല്ലോ, അതിനു വേണ്ടി എല്ലാ കാലത്തും നിലകൊണ്ടിട്ടുണ്ട് ഞാന്‍. ഇതിനെ ചുറ്റിപ്പറ്റിയാണ് യഥാര്‍ഥത്തില്‍ തര്‍ക്കങ്ങളും വിവാദങ്ങളും ഉടലെടുക്കുന്നത്, തുര്‍ക്കിയില്‍ മാത്രമല്ല, മുസ്‌ലിം ലോകത്തൊട്ടാകെ. പാശ്ചാത്യരും അവരുണ്ടാക്കിയ സ്ഥാപനങ്ങളും കടന്നാക്രമിച്ചത് ഉസ്മാനികളെയായിരുന്നു; പ്രത്യേകിച്ച് ഉസ്മാനി ഖലീഫയായ സുല്‍ത്താന്‍ അബ്ദുല്‍ഹമീദിനെ... മറുവശത്ത് ഇസ്‌ലാമിസ്റ്റുകളാവട്ടെ, ആ പ്രതാപകാല ചരിത്രത്തിലേക്ക് ഊളിയിടുകയും ചെയ്തു. ലോകത്ത് ഇസ്‌ലാമിന് പ്രചാരം നേടിക്കൊടുത്ത ഉസ്മാനി സംരംഭങ്ങളെ അവര്‍ നെഞ്ചേറ്റി. കൃത്യമായ ദിശാബോധം അവര്‍ക്കുണ്ടായിരുന്നു. തുര്‍ക്കിയിലെ ഈ ഇസ്‌ലാമിക നവജാഗരണത്തിന് വളരെ സമര്‍ഥമായ നേതൃത്വം നല്‍കുകയായിരുന്നു പ്രഫ. അര്‍ബകാന്‍.''
ഇസ്തംബൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ത്വഹ്ഹാന്‍ കുവൈത്ത് ഓയില്‍ കമ്പനിയിലെ റിഫൈനറിയില്‍ 1979 വരെ ജോലി ചെയ്തു. 1969-ല്‍ ഇന്റര്‍ നാഷ്‌നല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (കകഎടഛ) രൂപീകരിക്കപ്പെട്ടപ്പോള്‍ അതില്‍ പങ്കാളിയായി. 1969, 1971, 1975, 1977 എന്നീ വര്‍ഷങ്ങളില്‍ അതിന്റെ ജനറല്‍ സെക്രേട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1980 ജൂലൈ മാസത്തില്‍ 'ഇഫ്‌സോ'യുടെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെ ആ പദവിയില്‍ അദ്ദേഹം തുടരുകയും ചെയ്തു.
ഇഫ്‌സോയുടെ കീഴില്‍ 'ഇസ്‌ലാമിക് ബുക് പ്രോജക്ടി'ന് തുടക്കം കുറിച്ചതും ത്വഹ്ഹാന്‍ തന്നെ. പ്രശസ്ത ഇസ്‌ലാമിക കൃതികള്‍ എഴുപതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഒരു പരമ്പര തന്നെയായിരുന്നു അത്. മാത്രമല്ല, 1969-ല്‍ പ്രസിദ്ധീകരണം തുടങ്ങിയതു മുതല്‍, ഒരേസമയം ഇംഗ്ലീഷിലും അറബിയിലും പ്രസിദ്ധീകരിച്ചിരുന്ന 'അല്‍ അഖ്ബാര്‍' എന്ന മാഗസിന് നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്തു. രിയാദില്‍ വെച്ച് 'വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്' എന്ന കൂട്ടായ്മ രൂപവത്കരിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. അതിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ അംഗവുമായിരുന്നു. മരിക്കുമ്പോള്‍ ടഛഡ എന്നറിയപ്പെടുന്ന വിദ്യാര്‍ഥി സംഘടനാ ഫെഡറേഷന്റെ സെക്രട്ടറി ജനറലായിരുന്നു.
പ്രാസ്ഥാനിക ചിന്തയില്‍ ചില കനപ്പെട്ട രചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, ടര്‍ക്കിഷ്, ഇന്തോനീസി, കുര്‍ദിഷ്, പാര്‍സി, ഫിലിപ്പൈനി, മലായ് പോലുള്ള നിരവധി ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യപ്പെടുകയുമുണ്ടായി. 'ഇസ്‌ലാമിക പ്രസ്ഥാനം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികള്‍' (തഹദ്ദിയാതുന്‍ സിയാസിയ്യ തുവാജിഹുല്‍ ഹറകത്തല്‍ ഇസ്‌ലാമിയ്യ- 1998), 'സ്വഭാവരൂപവത്കരണത്തില്‍ ശിക്ഷണത്തിന്റെ പങ്ക്' (അത്തര്‍ബിയത്തു വ ദൗറുഹാ ഫീ തശ്കീലിസ്സുലൂക്-2006), 'പ്രവാചക മാതൃകയില്‍ കുട്ടികളുടെ ശിക്ഷണം' (തര്‍ബിയത്തുല്‍ അബ്‌നാഅ് വിഫ്ഖ മന്‍ഹജിന്നുബുവ്വ- 2009) എന്നിവയാണ് അവയില്‍ പ്രധാനം. 'പ്രവാചക പാഠശാലയില്‍ സത്യവിശ്വാസികളുടെ മാതാക്കള്‍', 'പ്രബോധനപാതയിലെ സ്ത്രീ', 'മധ്യമ ഇസ്‌ലാമിക ചിന്ത', 'സമയ കൈകാര്യം' എന്നീ ശീര്‍ഷകങ്ങളിലും കൃതികളുണ്ട്.
ആ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ വ്യക്തികളും സംഘടനകളും മുസ്ത്വഫ ത്വഹ്ഹാന്‍ നല്‍കിയ ചിന്താപരവും വൈജ്ഞാനികവുമായ സംഭാവനകളെ എടുത്തു പറഞ്ഞിട്ടുണ്ട്. സമകാലിക ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മഹാമേരുക്കളിലൊരാളായി അദ്ദേഹം പു
കഴ്ത്തപ്പെട്ടു. താന്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം കഴിച്ചുകൂട്ടിയ ഇസ്തംബൂള്‍ നഗരത്തെക്കുറിച്ച് അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെ: ''ഈ പുണ്യ പുരാതന നഗരിയില്‍ ഞാന്‍ എന്റെ ജീവിതത്തിലെ പ്രധാന ദിനങ്ങള്‍ കഴിച്ചുകൂട്ടി. പുതിയ പുതിയ മേഖലകളിലേക്ക് എന്റെ ഉള്‍ക്കണ്ണ് തുറന്നത് അക്കാലത്താണ്. പുതിയ ആശയങ്ങളെ താലോലിച്ച കാലം. ആറു വര്‍ഷം കഴിഞ്ഞ് നഗരം വിട്ടു പോരുമ്പോള്‍ ഞാന്‍ പുതിയൊരു മനുഷ്യനായിക്കഴിഞ്ഞിരുന്നു.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം