Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

മുസ്ത്വഫ ത്വഹ്ഹാന്‍ യശോധന്യമായ ജീവിതം

ശൈഖ് മുഹമ്മദ് കാരകുന്ന്

പ്രബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ് വിളിച്ചു പറയുമ്പോഴാണ് പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും പ്രസ്ഥാന നായകനുമായ മുസ്ത്വഫാ മുഹമ്മദ് ത്വഹ്ഹാന്റെ മരണവിവരം അറിയുന്നത്. ഓര്‍മകള്‍ നാല് പതിറ്റാണ്ടോളം പിറകോട്ടു പോയി. 1981 ജനുവരി ആദ്യവാരം കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ നടന്ന സിമി സംസ്ഥാന സമ്മേളനത്തില്‍ മുസ്ത്വഫാ ത്വഹ്ഹാന്‍ മുഖ്യാതിഥിയായിരുന്നു. അന്ന് അദ്ദേഹം ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (ഐ.ഐ.എഫ്.എസ്.ഒ) സെക്രട്ടറി ജനറലായിരുന്നു. ഇഫ്‌സോയുടെ ഏഷ്യന്‍ പ്രതിനിധിയും മലേഷ്യയിലെ ഇസ്‌ലാമിക യുവജന പ്രസ്ഥാനമായ അബിമിന്റെ നേതാവുമായ  ഖമറുദ്ദീന്‍ മുഹമ്മദ് നൂര്‍, വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) പ്രതിനിധി സകരിയ്യ ബശീര്‍, ആള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്റ് മുഫ്തി അതീഖുര്‍റഹ്മാന്‍  തുടങ്ങിയവര്‍ സംബന്ധിച്ച പ്രൗഢമായ പരിപാടിയില്‍ മുസ്ത്വഫാ ത്വഹ്ഹാന്‍ ഊന്നിപ്പറഞ്ഞത് മുസ്‌ലിം ഐക്യത്തെയും ഇസ്‌ലാമിക വൈജ്ഞാനിക വളര്‍ച്ചയുടെ അനിവാര്യതയെയും സംബന്ധിച്ചായിരുന്നു. അന്ന് മുസ്ത്വഫ ത്വഹ്ഹാനുമായി അത്ര അടുത്ത് ഇടപഴകാന്‍ സാധിച്ചിരുന്നില്ല.
ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ രണ്ടാം പാതി മുതല്‍ എണ്‍പതുകളുടെ രണ്ടാം പാതി വരെ ലോകമെങ്ങും ഇസ്‌ലാമിക വിദ്യാര്‍ഥി- യുവജന പ്രസ്ഥാനങ്ങളുടെ സുവര്‍ണകാലമായിരുന്നു. വിസ്മയകരമായ മുന്നേറ്റത്തിന്റെ കാലം. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഉള്‍പ്പെടെ  പല കലാശാലകളിലെയും വിദ്യാര്‍ഥി യൂനിയനുകള്‍ ഇസ്‌ലാമിക സംഘടനകളുടെ നിയന്ത്രണത്തിലായിരുന്നു. യൂറോപ്പിലെ ഫെഡറേഷന്‍ ഓഫ്  സ്റ്റുഡന്‍സ് ഇസ്‌ലാമിക്  സൊസൈറ്റീസ് (ഫോസിസ്), മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍ ഓഫ്. യു.എസ് ആന്റ് കനഡ (എം.എസ്.എ), പാകിസ്താനിലെ ഇസ്‌ലാമീ ജംഇയ്യത്തുത്ത്വലബാ, ബംഗ്ലാദേശിലെ ഇസ്‌ലാമീ ഛാത്രശിബിര്‍ പോലുള്ളവ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ കാലം. അന്ന്  ലോകമെങ്ങുമുള്ള ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയായി വര്‍ത്തിച്ചത് ഇഫ്‌സോയാണ്. 1969-ലാണ് അത് രൂപംകൊണ്ടത്. ഇഫ്‌സോയുടെ രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിച്ച മുസ്ത്വഫാ ത്വഹ്ഹാന്‍ അന്നുമുതല്‍ 1980 വരെ  കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1980-ല്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. അതുമുതല്‍ മരണംവരെ ആ പദവിയില്‍ തുടര്‍ന്നു. ശ്രദ്ധേയമായ എഴുപതിലേറെ ഗ്രന്ഥങ്ങള്‍ ഇഫ്‌സോ നൂറിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇംഗ്ലീഷിലും അറബിയിലും  വാര്‍ത്താ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മുസ്ത്വഫാ ത്വഹ്ഹാന്‍ സെക്രട്ടറി ജനറലായിരിക്കെ അല്‍പകാലം ഇഫ്‌സോവിന് സേവനം ചെയ്യാന്‍ എനിക്ക് അവസരം ലഭിക്കുകയുായി.
1981 ഫെബ്രുവരി 20, 21, 22 തീയതികളില്‍ ഹൈദരാബാദിലെ വാദിഹുദായില്‍ ജമാഅത്തെ ഇസ്‌ലാമി ആറാം അഖിലേന്ത്യാ സമ്മേളനം നടക്കുകയാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നാല്‍പതോളം പ്രമുഖ പണ്ഡിതന്മാരും ഇസ്‌ലാമിക സംഘടനാ നേതാക്കളും പ്രസ്ഥാന നായകരും പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം തുല്യതയില്ലാത്ത ത്യാഗത്തിന്റെ കഥപറയാനുള്ള സൈനബുല്‍ ഗസ്സാലിയായിരുന്നു. അതുകൊണ്ടുതന്നെ അവരെ  കേരള ക്യാമ്പില്‍ കൊണ്ടുവരണമെന്ന് എല്ലാവരും അതിയായി ആഗ്രഹിച്ചു. അവരെ ക്ഷണിക്കാനായി പി.എം.എ സലാം, എ.ഐ റഹ്മത്തുല്ല എന്നിവരോടൊപ്പം  ഡെക്കാന്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ പോയി. 
അവരെ ക്ഷണിച്ച ശേഷം പുറത്തിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് മുസ്ത്വഫാ മുഹമ്മദ് ത്വഹ്ഹാന്‍ ആ ഹോട്ടലിലുണ്ടെന്ന് വിവരം ലഭിച്ചത്. ഈ ലേഖകന്‍ വിവര്‍ത്തനം ചെയ്ത 'വഴിയടയാളങ്ങള്‍' ഇഫ്‌സോ അക്കാലത്ത് അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ടായിരുന്നു. വിലകൂടിയ കടലാസില്‍ അതിമനോഹരമായി അച്ചടിച്ച പ്രസ്തുത കോപ്പി എനിക്ക് അയച്ചുതരികയും ചെയ്തിരുന്നു. അതേത്തുടര്‍ന്ന്  ഞങ്ങള്‍ക്കിടയില്‍ കത്തിടപാടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നേരില്‍ കണ്ട് പേര് പറഞ്ഞപ്പോഴേക്കും ചിരകാല സുഹൃത്തിനെ പോലെ ആലിംഗനം ചെയ്ത് സ്വീകരിച്ച് അടുത്തിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അദ്ദേഹം ചോദിച്ചു: 'ഇഫ്‌സോയുടെ ചില പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ജോലി ഏറ്റെടുക്കാമോ?'
ഒഴിവ്  കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി ചെയ്യാമെന്ന് അറിയിച്ചു. അപ്പോള്‍ എന്താണ് ജോലിയെന്ന് അന്വേഷിച്ചു. അധ്യാപനമാണെന്ന് അറിയിച്ചപ്പോള്‍ ലീവെടുക്കാന്‍  ആവശ്യപ്പെട്ടു. വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും അറിയിച്ചു. അവിടെവെച്ചു തന്നെ  കോണ്‍ട്രാക്ട് തയാറാക്കി ഒപ്പിട്ടു. മൂന്നുമാസത്തെ വേതനവും നല്‍കി. എന്നാല്‍ ഒന്നര വര്‍ഷം മാത്രമേ ആ ജോലിയില്‍ തുടരാന്‍ സാധിച്ചുള്ളു.
ഇഫ്‌സോവിനു വേണ്ടി ജോലി ചെയ്ത ഒന്നര വര്‍ഷത്തിനകം അത്തൗഹീദ്, ജിഹാദ്, വ്യക്തി രാഷ്ട്രം ശരീഅത്ത്, ഇസ്‌ലാം സവിശേഷതകള്‍, ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങള്‍, നാല്‍പത് ഹദീസുകള്‍ എന്നിവ വിവര്‍ത്തനം ചെയ്തു. ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'വിധിവിലക്കുകള്‍'പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കെയാണ് ജോലി ഉപേക്ഷിക്കേണ്ടിവന്നത്. നേരത്തേ വിവര്‍ത്തനം ചെയ്ത വഴിയടയാളങ്ങള്‍, മതം ദുര്‍ബല ഹസ്തങ്ങളില്‍, മുസ്‌ലിം വിദ്യാര്‍ഥികളും ഇസ്‌ലാമിക നവോത്ഥാനവും, മതം പ്രായോഗിക ജീവിതത്തില്‍ എന്നിവ കൂടി ഇഫ്‌സോ പ്രസിദ്ധീകരിക്കുകയുണ്ടായി.
മുസ്ത്വഫാ ത്വഹ്ഹാനുമായുള്ള ബന്ധം അവിരാമം തുടര്‍ന്നു. ഒരിക്കല്‍ കുവൈത്ത് സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റെ ഓഫീസ് സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. മറ്റൊരു കുവൈത്ത് യാത്രയില്‍   ഫോണിലൂടെ സംസാരിച്ചുവെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. അത് അവസാന സംഭാഷണമാകുമെന്ന് കരുതിയതേയില്ല.
  ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി പഠിച്ചിരുന്ന അദ്ദേഹം തദ്‌സംബന്ധമായി പഠനം തയാറാക്കിയിട്ടുമുണ്ട്. പത്തോളം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മുസ്ത്വഫാ ത്വഹ്ഹാന്‍. കര്‍മോത്സുകതയുടെയും സമര്‍പ്പണ സന്നദ്ധതയുടെയും ആള്‍രൂപം
ജീവിതം മുഴുവന്‍ ഇസ്‌ലാമിന് സമര്‍പ്പിച്ച ആ  കര്‍മയോഗിയെ അല്ലാഹു  സ്വര്‍ഗത്തില്‍ അത്യുന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ-ആമീന്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം