Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

അറിവും അനുശാസനയും

ഇമാം ഇബ്‌നുതൈമിയ്യ

ദൈവത്തെ, അവന്റെ ഏകതയെ, മതത്തിന്റെ മറ്റു അടിസ്ഥാന സിദ്ധാന്തങ്ങളെ മനസ്സിലാക്കാനുള്ള വഴി ഏതാണ് എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ദൈവത്തിന്റെ നിയമവ്യവസ്ഥ, അഥവാ ശര്‍അ് ആണോ നമുക്കവയെക്കുറിച്ച് വിവരം നല്‍കുന്നതും നമ്മുടെ ബാധ്യതകള്‍ എന്തൊക്കെയെന്ന് നിര്‍വചിക്കുന്നതും? അല്ലെങ്കില്‍ ഇതൊക്കെ നമ്മുടെ യുക്തി പ്രയോഗിച്ചാല്‍ തന്നെ മനസ്സിലാകുമെന്നും, അവ നിര്‍ബന്ധമാക്കുക മാത്രമാണ് ശര്‍അ് ചെയ്തത് എന്നുമാണോ? അതുമല്ലെങ്കില്‍, ഇവയെക്കുറിച്ചെല്ലാം വിവരം ലഭിക്കാനും എന്തൊക്കെ ചെയ്യാന്‍ നാം അനുശാസിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാനും യുക്തിതന്നെ മതി എന്നാണോ? ഈവിഷയകമായി ഇങ്ങനെ മൂന്ന് അഭിപ്രായങ്ങള്‍ പൊന്തിവന്നിട്ടുണ്ട്. ഫിഖ്ഹിലെ വിവിധ ചിന്താ പ്രസ്ഥാനങ്ങളില്‍പെട്ടവര്‍ പൊതുവെ ഈ മൂന്ന് വീക്ഷണങ്ങളിലൊന്ന് ഉയര്‍ത്തിപ്പിടിക്കുന്നതായാണ് കാണാറുള്ളത്.
ഒന്നാമത്തെ വിഭാഗം പറയുന്നത്, അറിവിന്റെ ഉറവിടവും അനുശാസന(തക്‌ലീഫ്)യുടെ അടിസ്ഥാനവും ശര്‍അ് മാത്രമാണ്, മറ്റൊന്നുമല്ല എന്നാണ്. സാലിമിയ്യ1 വിഭാഗവും ശൈഖ് അബുല്‍ഫറജ് മഖ്ദീസി2യെപ്പോലുള്ളവരും ഈ അഭിപ്രായക്കാരാണ്. ഇമാം അഹ്മദിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇതേ അഭിപ്രായമാണെന്നാണ് കരുതപ്പെടുന്നത്. ഇബ്‌നു ദിര്‍ബാസ്3, ഇബ്‌നു ശുക്ര്‍4 എന്നിവരും ശാഫിഈ മദ്ഹബിലെ മറ്റു ധാരാളം പേരും ഈ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഹദീസ്-ഫിഖ്ഹ് പണ്ഡിതന്മാരില്‍നിന്നുള്ള വചനശാസ്ത്ര വിമര്‍ശകരും പൊതുവെ ഈ അഭിപ്രായം പങ്കുവെക്കുന്നു. ഈ വിഷയത്തിലാണ് ഹമ്പലിക്കാരനായ സ്വദഖതുബ്‌നുല്‍ ഹുസൈനും5 അഹ്മദുബ്‌നു ഹമ്പലിന്റെ അനുയായികളില്‍ ചിലരും തമ്മിലും, അബുല്‍ ഫറജുബ്‌നു ജൗസി6യും ഹമ്പലികളിലെ മറ്റൊരു വിഭാഗവും തമ്മിലും വാദകോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഈ കക്ഷികളില്‍ ആദ്യവിഭാഗം, ജ്ഞാനത്തിന്റെയും അനുശാസനയുടെയും ഉറവിടം ശര്‍അ് ആണെന്ന് വാദിക്കുന്നു. രണ്ടാമത്തെ ഗ്രൂപ്പാവട്ടെ, അറിവിന്റെ ഉറവിടം യുക്തിയാണെന്ന് വാദിക്കുകയും അനുശാസിക്കുന്നത് ശര്‍അ് തന്നെയെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അല്‍ ആമിദി7 അറിവിന്റെ ഉറവിടത്തെക്കുറിച്ച് മൂന്ന് അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്: ഒന്ന്, യുക്തി മാത്രം മതി. ദിവ്യവെളിപാട് (അസ്സംഅ്) ആവശ്യമില്ല; അര്‍റാസി8 വാദിക്കും പോലെ. രണ്ട്, ദിവ്യവെളിപാടാണ് ജ്ഞാനസ്രോതസ്സ്. അതായത് ഖുര്‍ആനും സുന്നത്തും. മൂന്ന്, ധാര്‍മിക ജ്ഞാനത്തിന്റെ രണ്ട് ഉറവിടങ്ങള്‍ തന്നെയാണ് വെൡപാടും യുക്തിയും. ഇതില്‍ ആമിദി മുന്‍ഗണന കൊടുക്കുന്നത് മൂന്നാമത്തെ അഭിപ്രായത്തിനാണ്; അതാണ് ശരിയും.
രണ്ടാമത്തെ വിഭാഗം, അനുശാസനം ശര്‍അ് കൊണ്ട് മാത്രമേ സാധ്യമാവൂ എന്ന് പറയുമ്പോള്‍ തന്നെ, യുക്തിയും ഒരു വിവരസ്രോതസ്സാണ് എന്ന് അംഗീകരിക്കുന്നു. അശ്അരി9, അദ്ദേഹത്തിന്റെ അനുയായികള്‍, അബൂയഅ്‌ല,10 ഇബ്‌നുസ്സുഗ്‌നി,11 ഇബ്‌നു അഖീല്‍12 പോലുള്ളവര്‍ ഈ വീക്ഷണഗതിക്കാരാണ്. മൂന്നാമത്തെ വിഭാഗത്തെ സംബന്ധിച്ചേടത്തോളം ജ്ഞാനത്തിന്റെ ഉറവിടവും അനുശാസനത്തിന്റെ ഉപകരണവുമൊക്കെ യുക്തിതന്നെയാണ്. മുഅ്തസില-കര്‍റാമിയ്യ വിഭാഗങ്ങള്‍ക്കും അബുല്‍ ഹസന്‍ അല്‍ ആമിദി, അബുല്‍ ഖത്ത്വാബ്13 പോലുള്ള പണ്ഡിന്മാര്‍ക്കും ഈ അഭിപ്രായമാണ്. മാലികീ, ശാഫിഈ, ഹനഫീ ചിന്താധാരയിലെ ഒരു വിഭാഗത്തിനും ഈ അഭിപ്രായമുണ്ട്. അബൂഹനീഫക്കു വരെ ഈ അഭിപ്രായമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. മുഅ്തസില വിഭാഗവും അബൂബക്ര്‍ റാസി,14 അബുല്‍ ഖത്ത്വാബ് പോലുള്ള പണ്ഡിതന്മാരും വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത്, പ്രവാചകസന്ദേശം വന്നെത്തിയിട്ടില്ലാത്ത സമൂഹങ്ങള്‍ വരെ, അവര്‍ യുക്തിയുടെ തേട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്നതിനാല്‍ ശിക്ഷിക്കപ്പെടുമെന്നാണ്.
ഒരു പ്രവൃത്തി അതിന്റെ ഉള്ളടക്കം പരിശോധിച്ച് അത് നന്മയാണോ തിന്മയാണോ, അനുവദിക്കപ്പെട്ടതാണോ നിരോധിക്കപ്പെട്ടതാണോ എന്നൊക്കെ യുക്തിയിലൂടെ മനസ്സിലാക്കാനായേക്കുമെന്നത് ശരിയാണ്. പക്ഷേ, ആ ഒരു ന്യായത്തിന്റെ പേരില്‍ മാത്രം അല്ലാഹു ഒരു ജനവിഭാഗത്തെയും ശിക്ഷിക്കുകയില്ല; അവര്‍ക്ക് തന്റെ സന്ദേശം ലഭിച്ചു എന്ന് ഉറപ്പാക്കിയിട്ടല്ലാതെ. അല്ലാഹു പറയുന്നു: ''ഒരു സന്ദേശവാഹകനെ അയക്കാതെ നാമൊരു ജനവിഭാഗത്തെയും ശിക്ഷിക്കുകയില്ല'' (ഖുര്‍ആന്‍ 17:15). ഇത് ദൈവത്തില്‍നിന്നുള്ള ഒരു പൊതു പ്രഖ്യാപനമാണ്. ചിലതൊക്കെ ഇതിന്റെ പരിധിയില്‍ വരും, ചിലത് വരില്ല എന്നൊന്നും പറയാനൊക്കില്ലല്ലോ.
(കിതാബുന്നുബുവ്വ 3/162)


കുറിപ്പുകള്‍

1. അബൂഅബ്ദില്ല മുഹമ്മദുബനു സാലിം (മ. 297/909), അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് അബുല്‍ ഹസന്‍ (മ. 350/961) എന്നിവരുടെ അനുയായിവൃന്ദമാണ് സാലിമിയ്യ. മുഹമ്മദു ബ്‌നു സാലിം പ്രശസ്ത സ്വൂഫി പണ്ഡിതനായ സഹ്‌ലുബ്‌നു അബ്ദില്ല തുസ്താരിയുടെ ശിഷ്യനാണ്. സാലിമിയ്യ വിഭാഗത്തിലെ ഏറ്റവും പ്രശസ്തന്‍, ഖൂത്തുല്‍ ഖുലൂബ് എന്ന വിഖ്യാത സ്വൂഫികൃതിയുടെ കര്‍ത്താവായ അബൂത്വാലിബ് മക്കി (മ. 386/996) ആണ്. അഹ്‌ലുസ്സുന്ന, മുഅ്തസില, സ്വൂഫി വിഭാഗങ്ങളില്‍നിന്നെല്ലാം അദൈ്വത ചായ്‌വുള്ള ആശയങ്ങള്‍ ഇവര്‍ കടമെടുക്കുന്നുണ്ട്.
2. അല്‍ മഖ്ദിസി, ശാം മേഖലയില്‍ തന്റെ കാലത്തെ ഹമ്പലികളുടെ നേതാവായിരുന്നു. ശീറാസില്‍ ജനനം. ബഗ്ദാദില്‍ വന്ന് ഖാദി അബൂയഅ്‌ലയില്‍നിന്ന് ഫിഖ്ഹ് പഠിച്ചു. ജറൂസലമില്‍ സ്ഥിരതാമസമാക്കി. അവിടെ വെച്ച് തന്നെ മരണപ്പെട്ടു (486/1093). അത്തബ്‌സ്വിറ ഫീ ഉസ്വൂലിദ്ദീന്‍, അല്‍ മിന്‍ഹാജ്, അല്‍ ഈളാഹ് എന്നിവ പ്രധാന കൃതികള്‍.
3. തന്റെ കാലത്തെ പ്രധാന ശാഫിഈ പണ്ഡിതനാണ് ഇബ്‌നു ദിര്‍ബാസ് (516/1123-602/1206). ഇറാഖിലെ മൂസ്വിലിനടുത്ത അല്‍ മറൂജില്‍ ജനനം. ദമസ്‌കസിലും ഈജിപ്തിലും ഖാദിയായി. 20 വാള്യങ്ങളുള്ള അല്‍ ഇസ്തിസ്ഖാ ലി മദാഹിബില്‍ ഫുഖഹാഅ് പ്രധാന കൃതി.
4. അബ്ദുല്ലാഹിബ്‌നു അലി ബ്‌നു അല്‍ ഹുസൈന്‍ സൈഫുദ്ദീന്‍ ശൈബി(മ. 622/1225)യാണ് ഇബ്‌നു ശുക്ര്‍ എന്നറിയപ്പെടുന്നത്. പടിഞ്ഞാറന്‍ ഈജിപ്തില്‍ ജനനം. ഫിഖ്ഹില്‍ പ്രാവീണ്യം.
5. സ്വദഖതുബ്‌നുല്‍ ഹുസൈന്‍ (477/1084-573/1170) തത്ത്വശാസ്ത്രകാരന്മാരുടെ സ്വാധീനമുണ്ടായിരുന്ന ചരിത്രകാരനാണ്. സുഗ്‌നിയുടെ താരീഖിന് അദ്ദേഹം അനുബന്ധം എഴുതിയിട്ടുണ്ട്.
6. ഇബ്‌നുല്‍ ജൗസി (മ. 597/1202) ഹമ്പലീ പണ്ഡിതനാണ്. ഖുര്‍ആന്‍, ഹദീസ്, ജീവചരിത്രം, ചരിത്രം എന്നീ വിഷയങ്ങളില്‍ ധാരാളമായി എഴുതി. അദ്ദേഹത്തിന്റെ സാദുല്‍ മസീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്; സ്വിഫാതുസ്സ്വഫ്‌വ മഹദ്‌വ്യക്തികളുടെ ജീവചരിത്രവും.
7. ആമിദി(മ. 631/1233)യുടെ പ്രധാന കൃതികളാണ് അല്‍ ഇഹ്കാമു ഫീ ഉസ്വൂലില്‍ അഹ്കാം (ഫിഖ്ഹ്), അബ്കാറുല്‍ അഫ്കാര്‍ ഫീ ഇല്‍മില്‍ കലാം (ദൈവശാസ്ത്രം) എന്നിവ.
8. ഫഖ്‌റുദ്ദീന്‍ റാസി (544/1150-606/1210) പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും അശ്അരീ -ശാഫിഈ ചിന്താധാരയിലെ പ്രധാനിയുമാണ്. റയ്യില്‍ ജനനം. പലയിടങ്ങളില്‍ ജീവിച്ചു. അറബിയിലും പേര്‍ഷ്യനിലും രചന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയാണ് മഫാതീഹുല്‍ ഗൈബ്.
9. അലിബ്‌നു ഇസ്മാഈലുബ്‌നു ഇസ്ഹാഖ് അല്‍ അശ്അരി (260/873-324/935) അശ്അരീ ചിന്താധാരയുടെ സ്ഥാപകനാണ്. അദ്ദേഹം തന്റെ ഇബാനഃ എന്ന കൃതിയില്‍ സംക്ഷിപ്തമായി പറഞ്ഞ കാര്യങ്ങള്‍ കിതാബു ലുംഅയില്‍ വിശദീകരിച്ചിട്ടുണ്ട്.
10. അബൂയഅ്‌ല (380/990- 458/1060) പ്രശസ്ത ഹമ്പലീ പണ്ഡിതനാണ്. ബഗ്ദാദില്‍ ജഡ്ജിയായിരുന്നിട്ടുണ്ട്. ഭരണനിര്‍വഹണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെപ്പറ്റി അദ്ദേഹം വിശദമായി എഴുതി.
11. ബഗ്ദാദിലെ പ്രമുഖ ഹമ്പലി പണ്ഡിതനായിരുന്നു അബുല്‍ഹസന്‍ ഇബ്‌നുസ്സുഗ്‌നി (455/1063-527/1132).
12. ബഗ്ദാദില്‍ ഹമ്പലീ നേതാവായിരുന്ന ഇബ്‌നു അഖീലി(431/1040-513/1119)ന്റെ പ്രശസ്ത രചനയാണ് കിതാബുല്‍ ഫുനൂന്‍.
13. ഹമ്പലീ പണ്ഡിതനാണ് അബുല്‍ ഖത്ത്വാബ് (432/1041-510/1116). അത്തൗഹീദ് ആണ് പ്രശസ്ത കൃതി.
14. മുഹമ്മദു ബ്‌നു സകരിയ്യ അബൂബക്ര്‍ റാസി (251/965-311/923). റയ്യില്‍ ജനിച്ച പ്രമുഖ വൈദ്യശാസ്ത്രകാരന്‍. അല്‍ഹാവിയാണ് പ്രധാന കൃതി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം