ഖുര്‍ആനിക സത്യങ്ങള്‍ ശാസ്ത്രത്തിന്റെ ദര്‍പ്പണത്തില്‍
ഖുര്‍ആനിലെ ശാസ്ത്രസംബന്ധിയായ പരാമര്‍ശങ്ങളുടെ യഥാര്‍ഥ പൊരുളും വിശദാംശങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി മനുഷ്യന് കഴിഞ്ഞിരുന്നില്ല. അത് മനസ്സിലാക്കാനുള്ള ശാസ്ത്രീയ വികാസം മനുഷ്യരാശി നേടിക്കഴിഞ്ഞിരുന്നില്ല എന്നതാണ് കാരണം. ആധുനിക കാലത്ത് മാത്രമാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ഒട്ടുമിക്ക പ്രകൃതിതത്ത്വങ്ങളും മനസ്സിലാക്കാന്‍ മനുഷ്യന്‍ കഴിവാര്‍ജിച്ചത്. ശാസ്ത്ര-വൈജ്ഞാനിക ശാഖകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കെ, സാധാരണ ശാസ്ത്രജ്ഞന് പ്രത്യേക ഗവേഷണ പഠനങ്ങള്‍ കൂടാതെ ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധ്യമല്ലെന്നു വരെ പറയേണ്ടി വരും. ഖുര്‍ആന്‍ വചനങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിന് ഒരു വിശ്വവിജ്ഞാനകോശത്തിലെ അറിവ് മുഴുവന്‍ ആവശ്യമാണെന്നതാണ് പരമാര്‍ഥം.
പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഖുര്‍ആനിക പരാമര്‍ശങ്ങളുടെ പൊരുളന്വേഷിക്കാനുള്ള ശ്രമമാണ് ശാസ്ത്രജ്ഞനും അധ്യാപകനും കാര്‍ഷിക ശാസ്ത്രത്തില്‍ 30 വര്‍ഷമായി ഗവേഷകനുമായ പ്രഫ. പി.എ വാഹിദ് തന്റെ 'വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്ര വ്യാഖ്യാനം' എന്ന പുസ്തകത്തില്‍ നടത്തുന്നത്. ലിപി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ The Quran: Scientific Exegesis എന്ന ശാസ്ത്ര തഫ്‌സീറിന്റെ സംക്ഷിപ്ത മലയാള പതിപ്പ് കൂടിയാണ് ഇത്.
ഖുര്‍ആനിക സന്ദേശങ്ങളുടെ സാധുത ശാസ്ത്രീയമായി തെളിയിക്കുന്നതു കൂടാതെ, സ്രഷ്ടാവിന്റെ യുക്തിയെ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ഈ കൃതി സഹായകമാണ്. ഒരു നിഷ്പക്ഷ നിരീക്ഷകന് അവയുടെ ആധികാരികത ബോധ്യപ്പെടും. ദൈവാസ്തിത്വത്തിന്റെ ശാസ്ത്ര സ്ഥിരീകരണവും ഖുര്‍ആന്റെ ദിവ്യത്വവും സൃഷ്ടിയുടെ ദൈവികോദ്ദേശ്യവും സൃഷ്ടിപ്രക്രിയയുമെല്ലാം വിശദമായി മനസ്സിലാക്കിത്തരുന്നുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമുള്‍പ്പെടെ ജീവോല്‍പ്പത്തി സിദ്ധാന്തങ്ങള്‍ ശാസ്ത്രീയമായി അബദ്ധവും അതിനാല്‍തന്നെ ഖുര്‍ആനിന് വിരുദ്ധവുമാണെന്ന് വിലയിരുത്തുന്നു. ഖുര്‍ആന്റെ വെളിച്ചത്തില്‍, 'ദൈവിക പ്രോഗ്രാമി'ലൂടെയുള്ള ജീവിവര്‍ഗ സൃഷ്ടിപ്പിനെ വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഖുര്‍ആനെ ദൈവിക ലെന്‍സായി ക്, അതിലൂടെ സൃഷ്ടികളെ നിരീക്ഷിച്ച്, ശാസ്ത്രീയമായി വിലയിരുത്തി മനസ്സിലാക്കുമ്പോള്‍ ലഭിക്കുന്ന ചിത്രമാണ് മനുഷ്യപ്രപഞ്ച വ്യവസ്ഥകളുടെ യഥാര്‍ഥ ചിത്രം അഥവാ സ്രഷ്ടാവായ അല്ലാഹുവിന്റെ കാഴ്ചപ്പാട് എന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ വ്യക്തമാവും. ശാസ്ത്രത്തിന് ഇന്നും വിശദീകരിക്കാനാവാത്ത ജീവന്‍-മരണ പ്രതിഭാസങ്ങളെ വ്യക്തതയോടെ മനസ്സിലാക്കാനും ശാസ്ത്രീയമായി വിശദീകരിക്കാനും ഖുര്‍ആനിക വെളിപ്പെടുത്തലുകള്‍ സഹായിക്കു ന്നു. അതുപോലെ ഖുര്‍ആനിലെ പല വെളിപ്പെടുത്തലുകളും (ഉദാ:- ശൈത്വാന്‍, റൂഹ്, ഖല്‍ബ്, സ്വദ്ര്‍ മുതലായവ) മനസ്സിലാക്കാന്‍ ശാസ്ത്രവും സഹായിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പ്രപഞ്ചത്തിന്റെ അന്ത്യത്തെയും പുനഃസൃഷ്ടിപ്പിനെയും വ്യക്തമായി മനസ്സിലാക്കിത്തരുന്നുമുണ്ട് ഈ പുസ്തകം.
Comments