Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

പാശ്ചാത്യ ജനാധിപത്യം മികവുകളും വീഴ്ചകളും

റാശിദ് ഗന്നൂശി

ജനാധിപത്യത്തെ ജനങ്ങളുടെ ഭരണം എന്ന് നിര്‍വചിക്കുമ്പോള്‍ മുഴുവന്‍ ആളുകള്‍ക്കും അതില്‍ പങ്കാളിത്തമുണ്ടാവും എന്നാണ് വിഭാവന ചെയ്യപ്പെടുന്നത്. പക്ഷേ, അത് ഉണ്ടാവുകയില്ല. പ്രായപൂര്‍ത്തിയെത്താത്തവരും പല കാരണങ്ങളാല്‍ പൗരാവകാശം തടയപ്പെട്ടവരുമായ വലിയൊരു വിഭാഗം അതില്‍ പങ്കാളികളാകാത്തതുകൊണ്ട് അതൊരു അസംഭവ്യതയാണ് എന്ന് നമുക്ക് വാദിക്കാമെങ്കിലും, അത് മാത്രമല്ല കാരണം. ആര്‍ക്കൊക്കെ രാഷ്ട്രീയ പങ്കാളിത്തം നല്‍കണം എന്ന കാര്യത്തില്‍ നിയതവും സുസ്ഥിരവുമായ മാനദണ്ഡങ്ങളൊന്നുമില്ല എന്നതും പ്രശ്‌നമാണ്. പുരാതന ഏഥന്‍സ് ദേശരാഷ്ട്രത്തില്‍ ഇത്തരം രാഷ്ട്രീയാവകാശങ്ങള്‍ ലഭിച്ചിരുന്നത് ഇരുപതിനായിരം പേര്‍ക്കായിരുന്നു. യഥാര്‍ഥത്തില്‍ അവിടെ മൂന്ന് ലക്ഷത്തി ഇരുപതിനായിരം പേര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അടിമകള്‍, സ്ത്രീകള്‍, വിദേശികള്‍ ഇവര്‍ക്കൊന്നും രാഷ്ട്രീയാവകാശങ്ങളുണ്ടായിരുന്നില്ല. അങ്ങനെ ബഹുഭൂരിപക്ഷവും പുറത്തായി. ബ്രിട്ടനില്‍ വളരെക്കാലം തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ ഭാഗഭാക്കായത് ധനികര്‍ മാത്രമായിരുന്നു. 1928 വരെ ബ്രിട്ടനിലും 1945 വരെ ഫ്രാന്‍സിലും സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. സ്വിറ്റ്‌സര്‍ലാന്റില്‍ 1971 വരെ സ്ത്രീകള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ കറുത്തവര്‍ക്കും വെളുത്തവര്‍ക്കും രാഷ്ട്രീയാവകാശങ്ങള്‍ ഒരുപോലെയായിരുന്നില്ല.
ഇനി വോട്ടും മറ്റു രാഷ്ട്രീയ അവകാശങ്ങളും ഉള്ളവരുടെ കാര്യം തന്നെ എടുക്കാം. വന്‍ റിയല്‍ എസ്റ്റേറ്റ് ശൃംഖലകള്‍, പ്രിന്റ്-ദൃശ്യ മാധ്യമങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവയുടെ ഉടമകളുടെയും പലതരത്തിലുള്ള സമ്മര്‍ദഗ്രൂപ്പുകള്‍ കൊണ്ടുനടക്കുന്നവരുടെയും വോട്ടും, തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും തൊഴിലൊന്നുമില്ലാത്തവരുടെയും വോട്ടും താത്ത്വികമായി തുല്യമാണ്. അവസാനം പറഞ്ഞ വിഭാഗങ്ങളായിരിക്കുമല്ലോ ബഹുഭൂരിപക്ഷവും. എന്നാല്‍, ജനാധിപത്യ സംവിധാനത്തില്‍ ആദ്യം പറഞ്ഞ, എണ്ണത്തില്‍ വളരെക്കുറവായ ആ വിഭാഗമുണ്ടല്ലോ, അവരുടെ കൈയിലായിരിക്കും കടിഞ്ഞാണ്‍. അവര്‍ തെളിക്കുന്നിടത്തേക്ക് പോകും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനം. ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍ നടത്തപ്പെടുന്ന ഭരണസംവിധാനം എന്നൊക്കെപ്പറയുന്ന മാതൃകാദര്‍ശനം പുലരാനുള്ളതല്ല എന്നര്‍ഥം. ജനങ്ങളുടെ ഭരണം എന്നതിന് ചില തിരുത്തലുകളുമായി വന്നിട്ടുണ്ട് പില്‍ക്കാലത്തെ ചില രാഷ്ട്രമീമാംസാ ചിന്തകര്‍. അവരുടെ കാഴ്ചയില്‍ ജനാധിപത്യഭരണം എന്നാല്‍ ജനങ്ങളുടെ ഭരണമല്ല. പല ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഭരണസംവിധാനമായിരിക്കും നിലവില്‍ വരിക. തെരഞ്ഞെടുക്കപ്പെടുന്നവരും രാഷ്ട്രീയ നേതാക്കളുമൊക്കെ ചേര്‍ന്ന ഒരു വിഭാഗം മാറിമാറി ഭരിച്ചുകൊണ്ടിരിക്കും. വിവിധ സംഘടനകള്‍ക്കും താല്‍പ്പര്യ ഗ്രൂപ്പുകള്‍ക്കും സംവദിക്കാനുള്ള അവസരമുണ്ടാകും. ഭൂരിപക്ഷം വോട്ടര്‍മാരുടെയും അഭിപ്രായം നോക്കിയായിരിക്കും മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഭരണമാറ്റമുണ്ടാവുക. സമൂഹത്തിന്റെ പേരില്‍ ഒരു വിഭാഗമാളുകള്‍ നടത്തുന്ന ഭരണം എന്ന് പ്രായോഗിക ജനാധിപത്യത്തെ വിശേഷിപ്പിക്കാം.1 പരമ്പരാഗത ജനാധിപത്യസങ്കല്‍പത്തിന്റെ വിമര്‍ശകരില്‍ ചിലര്‍, ഈ സംവിധാനത്തിലെ ഈ ജനപ്രാതിനിധ്യത്തെ തന്നെ സംശയത്തോടെയാണ് കാണുന്നത്. ഈ ഭരണവര്‍ഗത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ജനപ്രാതിനിധ്യം രാഷ്ട്രീയ ബോധത്തോടെ, സ്വതന്ത്രമായി ജനങ്ങള്‍ നല്‍കിയതാണോ? അല്ലെങ്കില്‍ ജനങ്ങളെ വഞ്ചിച്ചും വഴിതെറ്റിച്ചും അവരുടെ അജ്ഞത ചൂഷണം ചെയ്തും ഉണ്ടാക്കിയെടുത്തതാണോ? ശരിയാണ്, പാശ്ചാത്യ ഡെമോക്രസി രാഷ്ട്രീയ സമത്വം കൊണ്ടുവരികയും ഫ്യൂഡലിസ്റ്റ് വിവേചനങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കാലക്രമത്തില്‍ പാശ്ചാത്യ ജനാധിപത്യം സാമ്പത്തിക അസമത്വം വളര്‍ത്തിക്കൊണ്ടുവരികയുണ്ടായി. അതൊരു നവ ഫ്യൂഡല്‍ക്രമമായി രൂപാന്തരപ്പെട്ടിരിക്കുന്നു. മൂലധനത്തെയും വന്‍കുത്തകകളെയും ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും മാത്രമല്ല, പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ വരെ വമ്പിച്ച സ്വാധീനമാണ് അവ ചെലുത്തിക്കൊണ്ടിരിക്കുന്നത്.2
എന്നുവെച്ച്, ജനപ്രതിനിധികളും രാഷ്ട്രത്തലവന്മാരും മന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടികളും പത്രങ്ങളുമൊക്കെ, മാര്‍ക്‌സിസ്റ്റ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നതു പോലെ, കാപിറ്റലിസ്റ്റുകളുടെ കൈയിലെ വെറും കളിപ്പാവകള്‍ മാത്രമാണെന്നാണോ? ദുഃഖകരമെന്നു പറയട്ടെ, ഇസ്‌ലാമിസ്റ്റുകളിലെ ഒട്ടും കുറച്ചല്ലാത്ത ഒരു വിഭാഗത്തിനും ഈ അഭിപ്രായമുണ്ട്. പ്രമുഖ ഭരണഘടനാ വിദഗ്ധനും ഇടതുപക്ഷ സഹയാത്രികനുമായ മോറിസ് ദുവര്‍ജെ (Maurice Duverger) ഈ വാദത്തെ തള്ളിക്കളയുന്നു. വന്‍കിടക്കാര്‍ വലിയ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന കാര്യം അദ്ദേഹവും അംഗീകരിക്കുന്നുണ്ട്. പക്ഷേ വന്‍കിടക്കാരുടെ സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്കെതിരെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വോട്ടര്‍മാരായ പൊതുജനങ്ങള്‍ക്കും സാധിക്കും. ഈ രണ്ടു സമ്മര്‍ദങ്ങളെയും കണക്കിലെടുത്ത് ഏറക്കുറെ സന്തുലിതമായ ഒരു തീരുമാനമേ ഭരണാധികാരികള്‍ക്ക് എടുക്കാന്‍ സാധിക്കൂ.
അതുപോലെത്തന്നെ, നിലവിലുള്ള ജനാധിപത്യഘടന പൂര്‍ണ ജനാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്നും മനസ്സിലാക്കണം. അതൊരു അര്‍ധ ജനാധിപത്യം (Pluto democratique)  ആണ്. കാരണം അത് ഊന്നിനില്‍ക്കുന്നത് ജനഹിതത്തിലാണ്, അതേസമയം പണത്തിലുമാണ്. സ്ഥിതിഗതികള്‍ മാറുന്നതിനനുസരിച്ച് പുതിയ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുകയും ചെയ്യും. നിയമനിര്‍മാണ സംവിധാന(പാര്‍ലമെന്റ്)ത്തിനു മേല്‍ നിര്‍വാഹക വിഭാഗം(Executive) മേല്‍ക്കൈ നേടുക എന്നതാണ് അതിലൊന്ന്. അത് കേന്ദ്രഭരണത്തെ ശക്തിപ്പെടുത്തും; ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നുകൊണ്ടായിരിക്കും ആ ശക്തിപ്പെടല്‍. ഇത് കേന്ദ്ര-സംസ്ഥാന സംഘര്‍ഷങ്ങള്‍ക്ക് കളമൊരുക്കും. മുന്‍കാലങ്ങളില്‍ രാജാവിനെതിരെ നടന്ന സമരങ്ങള്‍, സംസ്ഥാനങ്ങള്‍ക്ക് അവകാശങ്ങള്‍ വകവെച്ചുകിട്ടാന്‍ കേന്ദ്രാധികാരത്തിനു നേരെയുള്ള നീക്കം കൂടിയായിരുന്നു. പരമ്പരാഗത ജനാധിപത്യഘടനയില്‍ അധികാരം ലജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മേല്‍ പിടിമുറുക്കുകയില്ലെന്നതിന് ഈ അധികാരവിഭജനം ഒരു ഗാരന്റിയും നല്‍കുന്നില്ല. എന്നാലും നാം നേരത്തേ പറഞ്ഞ പോലെ, വരേണ്യ വര്‍ഗങ്ങളുടെ കൈകളില്‍ അമരുകയില്ല മുഴുവന്‍ അധികാരങ്ങളും; ജനഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് തീരുമാനങ്ങളില്‍ സന്തുലിതത്വം പുലര്‍ത്താന്‍ ഭരണവര്‍ഗം നിര്‍ബന്ധിതമാവും.
മാര്‍ക്‌സിയന്‍ ജനാധിപത്യ സങ്കല്‍പത്തെക്കുറിച്ചും ഇവിടെ പറയേണ്ടതുണ്ട്. പാശ്ചാത്യ ജനാധിപത്യത്തെ അത് രൂക്ഷമായി വിമര്‍ശിക്കുന്നു. പാശ്ചാത്യനാടുകളില്‍ ജനാധിപത്യത്തിന്റെ പുറന്തോട് മാത്രമേയുള്ളൂ എന്നാണ് വിമര്‍ശം. യഥാര്‍ഥ അധികാരമെല്ലാം മുതലാളിത്ത ശക്തികളുടെ കൈകളിലാണ്. ഇങ്ങനെയായിരിക്കുന്ന കാലത്തോളം സമൂഹത്തിന് അതിന്റെ സ്വാതന്ത്ര്യങ്ങളൊന്നും ലഭ്യമാവുകയില്ല. കാപിറ്റലിസ്റ്റുകള്‍ക്ക് വിടുവേല ചെയ്യുക മാത്രമായിരിക്കും ഈ ഭരണകൂടം ചെയ്യുക. അതിനാല്‍ സമൂഹത്തിന് സ്വാതന്ത്ര്യം തിരിച്ചുകിട്ടണമെങ്കില്‍, ഉല്‍പാദനോപകരണങ്ങളെ സ്വതന്ത്രമാക്കുകയും വ്യക്തി ഉടമസ്ഥതയില്‍നിന്ന് പൊതു ഉടമസ്ഥതയിലേക്ക് അവ കൊണ്ടുവരികയും വേണം. ഈ ആശയം ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് 'ഡെമോക്രസി'യുടെ ചിത്രം നാം കണ്ടതാണ്. ഇപ്പറഞ്ഞതൊന്നുമല്ല സംഭവിച്ചത്. പൊതു ഉടമസ്ഥതക്കു പകരം ഏകപാര്‍ട്ടി ഉടമസ്ഥതയാണ് നിലവില്‍വന്നത്. ചിലപ്പോള്‍ പാര്‍ട്ടി പോലുമല്ല; പാര്‍ട്ടിയിലെ പ്രബലരായ ഏതാനും പേര്‍ മാത്രം. അല്ലെങ്കില്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ ഒരാള്‍ മാത്രം. അയാളുടെ കൈയിലായിരിക്കും സര്‍വാധികാരങ്ങളും. പൗരന്മാര്‍ എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയിട്ടുണ്ടാവും. സാമ്പത്തിക, സാംസ്‌കാരിക, മാധ്യമ, സൈനിക, സുരക്ഷാ മേഖലകളെയെല്ലാം പാര്‍ട്ടി തന്നെയായിരിക്കും അടക്കിഭരിക്കുക. പൊതു ഉടമസ്ഥത, ബഹുജനങ്ങളുടെ സ്വാതന്ത്ര്യം പോലുള്ള വീരവാദങ്ങളൊക്കെ എത്രമാത്രം പരിഹാസ്യമായെന്നു നോക്കൂ. പ്രതിഷേധിക്കാനും പണിമുടക്കാനും സംഘം ചേരാനുമുള്ള സ്വാതന്ത്ര്യം പോലും ബഹുജനങ്ങള്‍ക്ക് നഷ്ടമായി. പിന്നെ എങ്ങനെ ഭരണകൂടങ്ങളെ സമ്മര്‍ദത്തിലാക്കാനാണ്! നിസ്സംഗരായി, ഒന്നും ചെയ്യാനില്ലാതെ അരിച്ചെത്തുന്ന മരണത്തെ കാത്തിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ദൗര്‍ബല്യങ്ങള്‍
ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനപങ്കാളിത്തം എത്ര വര്‍ധിച്ചാലും, അതിന്റെ മാനങ്ങള്‍ ദേശീയ വൃത്തത്തിനപ്പുറം പോവുകയില്ല. അതിനാല്‍ തന്നെ ദേശീയതയുമായോ വംശീയതയുമായോ ഒക്കെ അത് ചേര്‍ന്നുനില്‍ക്കുന്നതു കാണാം. സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ ഏറ്റവും മികച്ച ജനാധിപത്യ സംവിധാനത്തില്‍പോലും ദേശപരിധിക്കപ്പുറം പോവുകയില്ല. ആ രാഷ്ട്രത്തിലെ ആധിപത്യം വാഴുന്നവരുടെ കൈകളിലായിരിക്കും എല്ലാം. ഏറ്റവും പഴക്കമുള്ള ജനാധിപത്യം എന്ന് നാം കൊട്ടിഘോഷിക്കുന്നത് ഏതു രാഷ്ട്രങ്ങളെക്കുറിച്ചാണോ, ആ രാഷ്ട്രങ്ങളാണ് ചരിത്രത്തില്‍ ഇതര സമൂഹങ്ങളോട് ഏറ്റവും ക്രൂരമായി പെരുമാറിയിരുന്നതും അവരെ പൈശാചിക രീതിയില്‍ അടിച്ചമര്‍ത്തിയിരുന്നതും എന്നു കാണാന്‍ കഴിയും. കാരണം അത്തരം രാഷ്ട്രങ്ങള്‍ ഒരു തരത്തിലുള്ള മൂല്യസംഹിതയിലും വിശ്വസിക്കുന്നില്ല. എല്ലാം പിടിച്ചടക്കി അനുഭവിക്കണം എന്നേ അവര്‍ക്കുള്ളൂ. ശക്തിയാണ് എല്ലാം തീരുമാനിക്കുന്നത്. ആ രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന ജനസമൂഹങ്ങള്‍ അസ്വസ്ഥരും ശിഥിലമാക്കപ്പെട്ടവരുമായിരിക്കും. ആര്‍ത്തികളാണ് അവരെ നയിക്കുക. അവയുടെ പൂരണത്തിന് എന്ത് തരം ശക്തിപ്രയോഗവും തട്ടിപ്പും വഞ്ചനയുമാകാം. കാരണം ഈ ആര്‍ത്തികളെ നിയന്ത്രിക്കുന്ന ഒരു മൂല്യസംഹിതയും വ്യക്തിജീവിതത്തിലോ സമൂഹജീവിതത്തിലോ ഇല്ല. ദുര്‍ബലരായ ന്യൂനപക്ഷങ്ങള്‍ക്ക് അവിടെ രക്ഷ കിട്ടുകയില്ല. കാരണം ഭൂരിപക്ഷത്തിന്റെ ഇംഗിതമാണ് അവിടെ പവിത്രീകരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുക. അതിനെതിരെ ഒന്നും ചെയ്യാനാവുകയില്ല. ശക്തന്‍ അതിജീവിക്കും എന്ന ന്യായപ്രകാരം ഇത്തരം വിഭാഗങ്ങള്‍ ഒതുക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യും. വിജയിയുടെ താല്‍പര്യമെന്തോ അതായിരിക്കും സത്യത്തിന്റെ മാനദണ്ഡം.3
ജനാധിപത്യത്തിന്റെ പുറന്തോടുണ്ടായതുകൊണ്ട് കാര്യമില്ലെന്നര്‍ഥം. ആ പേരില്‍ പല രാഷ്ട്രങ്ങളും നിലനില്‍ക്കുന്നുണ്ടാവും. ശരിക്കും സമയമെടുത്തു പഠിച്ചാലേ അതിന്റെ തനിനിറം എന്തെന്ന് വ്യക്തമാവൂ. അതിന്റെ മൂല്യവ്യവസ്ഥയും ദര്‍ശനവും സംസ്‌കാരവും ജനങ്ങളുമായുള്ള ബന്ധങ്ങളും പഠനവിധേയമാക്കണം. പാര്‍ലമെന്റ്, തെരഞ്ഞെടുപ്പ്, ഭൂരിപക്ഷത്തിന്റെ ഭരണം തുടങ്ങിയവയൊക്കെ ഏറ്റവും ഭീകരമായ സ്വേഛാധിപത്യ ഘടനയിലും ഇന്ന് നിങ്ങള്‍ കണ്ടെന്നിരിക്കും. ഒക്കെ പുറംപൂച്ചുകള്‍ മാത്രം. മറ്റു ജനതതികള്‍ക്കു മേലുള്ള കടന്നുകയറ്റം, ലൈംഗിക അരാജകത്വം, അഴിമതി, തട്ടിപ്പ്, ദുര്‍ഭരണം ഇതിനൊക്കെ നിയമപരിരക്ഷ നല്‍കുന്ന ജനാധിപത്യ ഘടനകളെയും കണ്ടെത്താനാവും. ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യങ്ങളെന്ന് വിളിക്കപ്പെടുന്ന ബ്രിട്ടനിലും ഫ്രാന്‍സിലും കോളനി കാര്യങ്ങള്‍ക്കായുള്ള മന്ത്രാലയങ്ങള്‍ ഉണ്ടായിരുന്നില്ലേ കുറേകാലം? ചൂതാട്ടത്തിനും സ്വവര്‍ഗ ലൈംഗികതക്കും ഭ്രൂണഹത്യക്കും ഈ ജനാധിപത്യ രാജ്യങ്ങള്‍ അനുവാദം നല്‍കുന്നില്ലേ? അതീവ ദുര്‍ബല രാജ്യങ്ങള്‍ക്കു മേല്‍ എന്തെല്ലാം മനുഷ്യത്വവിരുദ്ധമായ വ്യവസ്ഥകളാണ് കടത്തിന്റെയും മറ്റും പേരില്‍ ഈ രാഷ്ട്രങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്? ഈ കഠോര വ്യവസ്ഥകളുടെ ഫലമായി ശ്വാസം മുട്ടുന്ന രാഷ്ട്രങ്ങളില്‍- ലോക ജനസംഖ്യയില്‍ നാലിലൊന്നും ഇവിടെയാണ് താമസിക്കുന്നത്- മില്യന്‍ കണക്കിനാളുകള്‍ ഓരോ വര്‍ഷവും മരിച്ചൊടുങ്ങുന്നതിന് മേല്‍പ്പറഞ്ഞ രാഷ്ട്രങ്ങള്‍ തന്നെയല്ലേ മുഖ്യകാരണക്കാര്‍? ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ പാശ്ചാത്യ ജനാധിപത്യത്തിന്റെ നേട്ടങ്ങള്‍ മങ്ങിപ്പോകുന്നില്ലേ?
ഇത് ജനാധിപത്യ സംവിധാനത്തെ ബാധിച്ച ഒരു രോഗമാണ്. തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ്, ഭൂരിപക്ഷം, ബഹുകക്ഷി സമ്പ്രദായം, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നുമല്ല രോഗബീജമുള്ളത്. അതുള്ളത് പാശ്ചാത്യ ഭൗതികതയിലും അവരുടെ ദേശീയവാദപരമായ ദര്‍ശനങ്ങളിലുമാണ്. ആ ദര്‍ശനം ആദ്യമായി ശരീരത്തെയും ആത്മാവിനെയും വേര്‍പ്പെടുത്തി (ദെക്കാര്‍ത്തിന്റെ ദര്‍ശനം). ആത്മാവിനെ അവഗണിക്കുക മാത്രമല്ല, കുഴിച്ചുമൂടി. ദൈവത്തോട് യുദ്ധപ്രഖ്യാപനം നടത്തി. ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കാനായിരുന്നു ഈ യുദ്ധം. പിന്നെ പ്രപഞ്ചത്തിലും മനുഷ്യനിലും ബാക്കിയുണ്ടായിരുന്നത് പദാര്‍ഥം, ചലനം, ആസ്വാദനം, മേല്‍ക്കോയ്മ നേടല്‍, സംഘര്‍ഷം, ശക്തന്റെ നിയമം എന്നിവ മാത്രമായിരുന്നു. അതിനാല്‍ ഈ ദുരന്തത്തിനുള്ള കാരണങ്ങളെ ജനാധിപത്യ ഘടനയിലോ അതിന്റെ അറിയപ്പെട്ട സംവിധാനങ്ങളിലോ പരതരുത്. അധികാര കേന്ദ്രീകരണത്തിന്റെ മൂര്‍ത്ത രൂപമായ ലൂയിസ് പതിനാലാമനില്‍നിന്നും ഞാനാണ് പാര്‍ട്ടി എന്നു പറയുന്ന നവ സ്വേഛാധിപതികളില്‍നിന്നും ഞാനല്ലാതെ മറ്റൊരു പടച്ചവന്‍ നിങ്ങള്‍ക്കുണ്ടോ എന്ന് ചോദിച്ച ഫറോവയുടെ പിന്മുറക്കാരില്‍നിന്നും അധികാരം ഭരിക്കപ്പെടുന്നവരിലേക്ക് കൊണ്ടുവരാന്‍ ഈ സംവിധാനം വിജയകരമായി പ്രയോഗിക്കാനാവും എന്നാണ് മനസ്സിലാവുന്നത്. സ്വേഛാധിപത്യത്തിനും നവ അടിമത്തത്തിനും കൂച്ചുവിലങ്ങിടാന്‍ ജനാധിപത്യത്തിനു സാധിക്കും, അതിന്റെ ദര്‍ശനവും നിലപാടും ഉയര്‍ന്ന മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി പുതുക്കിപ്പണിതാല്‍. ആ മൂല്യങ്ങളില്‍ സ്രഷ്ടാവുമായി നിതാന്ത ബന്ധം പുലര്‍ത്തുന്ന ആത്മീയ, ധാര്‍മിക തലങ്ങളും ഉണ്ടാവണം. ജനാധിപത്യത്തിന്റെ ആ പുതിയ തത്ത്വശാസ്ത്രം ഓരോ മനുഷ്യന്റെയും അന്തസ്സിനെ പവിത്രമായി കാണുന്നതായിരിക്കും. സ്വേഛാധിപത്യത്തിന്റെയോ നവ അടിമത്തത്തിന്റെയോ ചതിക്കുഴികളിലേക്ക് ആ ജനാധിപത്യ സംവിധാനം വീണുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യും.4 മനുഷ്യന്റെ ആത്മീയവും ഭൗതികവും, വ്യക്തിപരവും സാമൂഹികവുമായ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ജനാധിപത്യ ദര്‍ശനം. ഇസ്‌ലാമിനു മാത്രമേ അങ്ങനെയൊരു ദര്‍ശനം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ പ്രയോഗത്തില്‍ ഇന്നത് എവിടെയും നിലവിലില്ല. അതിന്റെ അഭാവത്തില്‍ പാശ്ചാത്യ ജനാധിപത്യ സംവിധാനം തന്നെയാണ് ഇന്ന് ഏറ്റവും ഉത്തമമായി തോന്നിയിട്ടുള്ളത്. എന്തൊക്കെയാലും ജനവിഭാഗങ്ങള്‍ക്ക് സ്വന്തം ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശം അത് നല്‍കുന്നുണ്ട്. സ്വേഛാധിപത്യമായാലും തരക്കേടില്ല, ന്യൂനതകളുള്ള ഈ ജനാധിപത്യം വേണ്ട എന്ന നിലപാട് ശരിയല്ല. പോരായ്മകളുള്ള സ്വാതന്ത്ര്യമാണ് സ്വേഛാധിപത്യത്തേക്കാള്‍ ഉത്തമം. ന്യൂനതകളുള്ള ഈ നിയമ വ്യവസ്ഥയാല്‍ ഭരിക്കപ്പെടുന്ന സമൂഹമായിരിക്കും തന്നിഷ്ടക്കാരായ ഏകാധിപതികളാല്‍ ഭരിക്കപ്പെടുന്നവരേക്കാള്‍ ഉത്തമര്‍.5
ജനാഭിലാഷങ്ങളെ ചവിട്ടിമെതിക്കുന്ന സ്വേഛാധിപതികള്‍, ചിലയാളുകളെ മുമ്പില്‍ നിര്‍ത്തി തെരഞ്ഞെടുപ്പു സംവിധാനം ഹറാമാണെന്നും അത് പാശ്ചാത്യരെ അനുകരിക്കലാണെന്നുമൊക്കെ ഫത്‌വ കൊടുപ്പിക്കാറുണ്ട്! ഇസ്‌ലാമിസ്റ്റുകള്‍ ഇതിനെ അപ്പാടെ തള്ളിക്കളയുന്നു. വിവേകവും ജ്ഞാനവുമൊക്കെ വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. നീതിയും പൊതുതാല്‍പര്യവും സംരക്ഷിക്കപ്പെടുന്നുണ്ടോ, എങ്കില്‍ അതു തന്നെയാണ് ദൈവിക നിയമവ്യവസ്ഥയുടെ ലക്ഷ്യവും. ഇസ്‌ലാമിക മൂല്യസമുച്ചയത്തിലെ ശൂറാ സംവിധാനം പ്രയോഗവല്‍ക്കരിക്കാനുള്ള മികച്ച ടൂള്‍ ആണ് ജനാധിപത്യം. അതേസമയം ശൂറാ എന്ന മൂല്യവ്യവസ്ഥയിലൂടെ ജനാധിപത്യക്രമത്തില്‍ നാം നമ്മുടേതായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യും. മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തിലെ എഞ്ചിനീയറിംഗും ക്ഷേത്രഗണിതവുമൊക്കെ തങ്ങളുടേതായ ടൂളുകളാക്കി മാറ്റിയാണല്ലോ പാശ്ചാത്യര്‍ അവരുടെ നാഗരികത പടുത്തുയര്‍ത്തിയത്. ആശയങ്ങളെയും മൂല്യങ്ങളെയും അവര്‍ ഉപകരണങ്ങളാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. പാശ്ചാത്യര്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ പാശ്ചാത്യമായതുകൊണ്ട് നാം വേണ്ടെന്നു വെക്കുന്നുണ്ടോ? അല്ലെങ്കില്‍, 'ഈ തിരിച്ചുകിട്ടിയിരിക്കുന്നതൊക്കെയും ഞങ്ങളുടെ തന്നെ ചരക്കുകളാണ്' (ഹാദിഹി ബിളാഅത്തുനാ റുദ്ദത്ത് ഇലൈനാ), കളഞ്ഞുപോയ ഞങ്ങളുടെ വൈജ്ഞാനിക പൈതൃകമാണ് എന്നാണോ പറയുക?
ശൂറ, ബൈഅത്ത്, നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും പോലുള്ള ഇസ്‌ലാമിന്റെ രാഷ്ട്രീയ മൂല്യസങ്കല്‍പങ്ങളെടുത്തു പരിശോധിച്ചാല്‍ അവയൊക്കെയും നീതിയും സ്വഛമായ ജീവിതവും ഉറപ്പു വരുത്താന്‍ വേണ്ടിയാണെന്നു കാണാം. പാശ്ചാത്യ ഡമോക്രസിയുടെ ടൂളുകള്‍ വ്യത്യസ്ത രാഷ്ട്രീയ, ചിന്താ ഭൂമികകളില്‍ വെച്ചാണ് രൂപം കൊണ്ടിട്ടുള്ളതെന്നത് ശരിയാണ്. മതവിരുദ്ധമായ സെക്യുലരിസം, വംശീയാധിഷ്ഠിതമായ ദേശീയവാദം, ലാഭവും പ്രയോജനവാദവും അധികാരവും ആധിപത്യ മനോഭാവവും നിയന്ത്രിക്കുന്ന മൂല്യഘടന, രാഷ്ട്രത്തില്‍നിന്ന് മതത്തെ വേര്‍പ്പെടുത്തല്‍, മനുഷ്യനെ ദൈവവല്‍ക്കരിക്കല്‍ ഈയൊരു ആശയഭൂമികയിലാണ് നിലവിലുള്ള ജനാധിപത്യ സംവിധാനം രൂപപ്പെട്ടുവന്നതെങ്കിലും, ഇതൊന്നും തന്നെ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളല്ല എന്ന് മനസ്സിലാക്കണം. അതേസമയം ആ ഘടനക്കകത്ത് ജനഹിതം മാനിക്കപ്പെടുന്നുണ്ട്, പൗരന്മാര്‍ക്കിടയില്‍ തുല്യത കല്‍പ്പിക്കപ്പെടുന്നുണ്ട്, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്, ഭൂരിപക്ഷം കിട്ടുന്നവര്‍ മാറിമാറി അധികാരത്തില്‍ വരുന്നുണ്ട്, പ്രതിപക്ഷത്തിന് എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്നുണ്ട്. ഇതൊന്നും അടിസ്ഥാനപരമായി ഇസ്‌ലാമിക മൂല്യങ്ങളോട് ഇടഞ്ഞുനില്‍ക്കുന്നുമില്ല. പാശ്ചാത്യ രാഷട്രീയ ചിന്താഭൂമിക ജനാധിപത്യത്തിന് ഒരു ആവിഷ്‌കാരം നല്‍കിയതുപോലെ, ഇസ്‌ലാമിക ചിന്താഭൂമികയിലും അതിനൊരു ആവിഷ്‌കാരം സാധ്യമാണ്. മനുഷ്യനെയും പ്രപഞ്ചത്തെയും കുറിച്ച ഒരു പുതിയ തത്ത്വശാസ്ത്രം ജനാധിപത്യത്തിന് സംഭാവന ചെയ്യാനും അതിന് സാധിക്കും. പാശ്ചാത്യ ജനാധിപത്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കൊളോണിയല്‍ അധിനിവേശം, യുദ്ധങ്ങള്‍, വലിയൊരു വിഭാഗം മനുഷ്യരെ പട്ടിണിക്കിടല്‍, അധാര്‍മിക ജീവിതം സമ്മാനിക്കുന്ന മാരക രോഗങ്ങള്‍, പരിസ്ഥിതി നാശം, കുടുംബത്തിന്റെയും സാമൂഹികതയുടെയും തകര്‍ച്ച, വ്യക്തിയുടെ അപകടം ക്ഷണിച്ചുവരുത്തുന്ന ഒറ്റപ്പെടല്‍, ദുര്‍ബലര്‍ക്ക് മേല്‍ ശക്തര്‍ ആധിപത്യം വാഴല്‍ തുടങ്ങിയ തിന്മകളെ നിര്‍മാര്‍ജനം ചെയ്യുകയുമാവാം. ക്രിസ്ത്യന്‍ മൂല്യമണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ ഡെമോക്രസിയും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഒരു സോഷ്യലിസ്റ്റ് ഡമോക്രസിയും, യഹൂദ മൂല്യമണ്ഡലത്തില്‍ ഒരു ജൂത ഡെമോക്രസിയും സാധ്യമെങ്കില്‍, എന്തുകൊണ്ട് ഇസ്‌ലാമിക മൂല്യമണ്ഡലത്തില്‍ ഒരു ഇസ്‌ലാമിക് ഡെമോക്രസി സാധ്യമാവുകയില്ല? അത് സാധ്യമാണ്. ഇതാണ് നമ്മുടെ നിലപാട്. മുസ്‌ലിം സമൂഹത്തിന് മാത്രമല്ല, മനുഷ്യകുലത്തിനു മുഴുവന്‍ അത് വലിയൊരു അനുഗ്രഹമായിരിക്കും. ജനാധിപത്യത്തിന്റെ ഇന്നുവരെയുള്ള നാഗരിക പാരമ്പര്യത്തില്‍നിന്നുള്ള വിഛേദനമൊന്നും അതിന് വേണ്ടതില്ല. ജനാധിപത്യത്തിന്റെ ഇന്നുവരെയുള്ള എല്ലാ നല്ല പാരമ്പര്യങ്ങളെയും നാം സ്വാംശീകരിക്കും. അതിന്റെ വിനാശകരമായ നിഷേധാത്മക വശങ്ങള്‍ മാത്രമേ കൈയൊഴിയേണ്ടതുള്ളൂ. 'നല്ലതൊക്കെയും നിലനിര്‍ത്തിക്കൊണ്ടുള്ള പുതിയ ആവിഷ്‌കാരം' (ഇഹ്തിഫാളുന്‍ മഅത്തജാവുസ്)6 എന്നത് ഒരു പരിവര്‍ത്തന നിയമം (സുന്നത്ത്) തന്നെയാണ്. മുന്‍കഴിഞ്ഞുപോയ പ്രവാചകന്മാര്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കുകയാണല്ലോ അന്ത്യപ്രവാചകന്‍ ചെയ്തത്.

 

കുറിപ്പുകള്‍

1.    അബൂത്വാലിബ് - അല്‍ മര്‍ജിഉ ഫീ ഖാനൂനിദ്ദസ്തൂരി വ മുഅസ്സസാതിഹി അസ്സിയാസിയ്യ, പേ: 34
2.    Duverger - Institutions Politiques et droit Constitutionel, p. 56
3.    ഹെഗലും ഡാര്‍വിനും നീത്‌ഷെയുമൊക്കെ ദുര്‍ബലരുടെ ചെലവില്‍ ശക്തരുടെ നിയമനിര്‍മാണത്തെ ന്യായീകരിച്ചവരാണ്. അമേരിക്കയില്‍ കറുത്തവരുടെയും റെഡ് ഇന്ത്യക്കാരുടെയും അവസ്ഥയെന്തെന്ന് നോക്കുക. ഫ്രാന്‍സില്‍ മൊറോക്കന്‍ വംശജര്‍ക്കുമുണ്ട് ഇതേ അനുഭവം. തങ്ങളുടേത് ജനാധിപത്യ ഭരണകൂടമാണ് എന്ന് വാദിക്കുന്ന രാഷ്ട്രങ്ങളാണല്ലോ ഫലസ്ത്വീനിലും ബോസ്‌നിയയിലും വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്നത്. ജനാധിപത്യലേബലൊട്ടിച്ച രാഷ്ട്രങ്ങളുടെ പിന്തുണയും അവര്‍ക്കുണ്ട്. ഇത് പാശ്ചാത്യ ജനാധിപത്യത്തിന്റെ മനുഷ്യത്വവിരുദ്ധ മുഖമാണ്. വളരെയേറെ ന്യൂനതകളുള്ള ജനാധിപത്യ ഘടനയാണെന്നതാണ് വിമര്‍ശം. പക്ഷേ, രാഷ്ട്രഘടനയെ മൊത്തത്തില്‍ ഒരു മര്‍ദനോപകരണമായി മാത്രം കാണുന്ന അറബ് സ്വേഛാധിപത്യത്തേക്കാള്‍ ഈ ന്യൂനതകളുള്ള ജനാധിപത്യം ആയിരം മടങ്ങ് മെച്ചമാണെന്നും പറയണം.
4.    ബിന്നബി - അല്‍ഇസ്‌ലാമു വദ്ദിംഖ്‌റാത്വിയ്യ
5.    കൂടുതല്‍ വായനക്ക്: ഫത്ഹി ഉസ്മാന്റെ അല്‍ ഫിക്‌റുല്‍ ഇസ്‌ലാമി വത്തത്വവ്വുര്‍, ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ. ഇബ്‌നു ഖല്‍ദൂന്‍ ഭരണ സ്വരൂപങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്: 1. പ്രകൃത്യാ ഉള്ള ഭരണം. ശക്തന്മാര്‍ക്കായിരിക്കും അപ്പോള്‍ അധികാരം. 2. ധിഷണയുടെ ഭരണം. യുക്തിജ്ഞരും ധിഷണാശാലികളുമാവും അതിന് നേതൃത്വം കൊടുക്കുക. 3. നിയമാനുസൃത ഭരണം. ദൈവ പ്രാതിനിധ്യ വ്യവസ്ഥ എന്നു പറയുന്നതും അതു തന്നെ. ഈ വിഭജനപ്രകാരം, ജനാധിപത്യ വ്യവസ്ഥ വരുന്നത് രണ്ടാം ഗണത്തിലാണ്.
6.    റാശിദ് ഗന്നൂശി - മഖാലാത്ത് (പാരീസ്, ദാറുല്‍ കര്‍വാന്‍, 1984)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌