Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

ആത്മാഭിമാനം നഷ്ടപ്പെട്ട ഓമനക്കുട്ടനും അന്ത്യവേദത്തിന്റെ അനശ്വര പാഠവും

ടി.ഇ.എം റാഫി വടുതല

പ്രവാചകനഗരം മദീന, ഇളംതണലില്‍ മഞ്ഞണിഞ്ഞു നില്‍ക്കുന്നു. ഈന്തപ്പനയോലകള്‍ കുളിര്‍കാറ്റേറ്റ് കൈകള്‍ കോര്‍ത്ത് ഉല്ലസിക്കുന്നു. കാര്‍കൂന്തലഴിച്ചിട്ട പനങ്കുലകളില്‍ ഈന്തപ്പഴം രക്തവര്‍ണം നിറഞ്ഞ് പഴുത്തു നില്‍ക്കുന്നു. പ്രവാചകവദനം ത്യാഗപരീക്ഷണങ്ങളുടെ കറുത്ത നാളുകള്‍ക്കു വിടചൊല്ലി ജനക്ഷേമനിര്‍ഭരമായ നല്ല നാളെകളെ ഓര്‍ത്ത് തൂമന്ദഹാസം പൊഴിക്കുന്നു. ധനാഢ്യനും ദരിദ്രനും പണ്ഡിതനും പാമരനും ഭരണകര്‍ത്താവും ഭരണീയനും യജമാനനും അടിമയും നേതാവും അനുയായിയും തുല്യനീതിയുടെ നിലാവെളിച്ചത്തില്‍ പ്രോജ്ജ്വല ശോഭ വിതറുന്നു. ധനികരില്‍നിന്ന് ദരിദ്ര സമൂഹത്തിലേക്ക് ഒഴുകുന്ന ഇസ്‌ലാമിന്റെ ജനക്ഷേമ പദ്ധതിയായ സകാത്ത് വിവിധ പ്രദേശങ്ങളില്‍നിന്ന് ഇടതടവില്ലാതെ എത്തി മദീന നഗരത്തില്‍ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സകാത്ത് കൊടുക്കുന്ന ധനികരും അതു പിരിച്ചെടുക്കുന്ന ഉദ്യോഗസ്ഥരും അതിന് നേതൃത്വം നല്‍കുന്ന ഭരണകൂടവും ഒരു മെയ്യും മനസ്സുമെന്നപോലെ മുന്നോട്ടു പോകുന്നു.
വിവിധ പ്രദേശങ്ങളിലെ സകാത്ത് പിരിക്കാന്‍ നബി ദൂതന്മാരെ നിയോഗിച്ചുകൊണ്ടിരുന്നു. വലീദുബ്‌നു ഉഖ്ബയെ സകാത്ത് ശേഖരിക്കാന്‍ നബി ബനൂ മുസ്തലഖിലേക്ക് അയച്ചു. സകാത്ത് നല്‍കാന്‍ തയാറായ പ്രസ്തുത ഗോത്രക്കാരില്‍നിന്നും സകാത്ത് കൈപ്പറ്റാതെ അദ്ദേഹം മടങ്ങിപ്പോന്നു. ബനൂ മുസ്തലഖ് ഗോത്രം പ്രവാചകനെതിരെ യുദ്ധത്തിനൊരുങ്ങുന്നുവെന്നും മതപരിത്യാഗികളായി പൂര്‍വ മതങ്ങളിലേക്ക് മടങ്ങിപ്പോയെന്നും അദ്ദേഹം തെറ്റായ വിവരം നല്‍കി. വാര്‍ത്തയുടെ നിജഃസ്ഥിതി മനസ്സിലാക്കാനും ബനൂമുസ്തലഖിനെ നിരീക്ഷിക്കാനും വേണ്ടി നബി പടച്ചവന്റെ പടവാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖാലിദുബ്‌നു വലീദിനെ നിയോഗിച്ചു. ജാഗ്രതയോടെ കാര്യങ്ങളെ നിരീക്ഷിക്കണമെന്നും ധൃതിപ്പെട്ട് നിയമം കൈയിലെടുക്കരുതെന്നും വാര്‍ത്തയുടെ സ്ഥിരീകരണത്തിന് സാവകാശം കൈക്കൊള്ളണമെന്നും അദ്ദേഹത്തെ പ്രത്യേകം ഉണര്‍ത്തി.
ബനൂ മുസ്തലഖിലേക്കു പുറപ്പെട്ട ഖാലിദും സംഘവും രാത്രിയോടെ അവിടെ എത്തിച്ചേര്‍ന്നു. അദ്ദേഹം രഹസ്യ നിരീക്ഷകരെ നിയോഗിച്ച് വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ബനൂമുസ്തലഖ് ഗോത്രം ഇസ്‌ലാമിനെ ശിരസ്സാ വഹിക്കുന്നുണ്ടെന്നും ദൈവിക സമര്‍പ്പണത്തിന്റെ ബാങ്കൊലി മുഴക്കി നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നുണ്ടെന്നുമായിരുന്നു കിട്ടിയ വിവരം. പിറ്റേന്ന് രാവിലെ ഖാലിദ്, ബനൂ മുസ്തലഖ് ഗോത്രക്കാരുടെ അടുത്തേക്ക് കയറിച്ചെന്നു. കേട്ടറിഞ്ഞ വാര്‍ത്തകള്‍ക്കപ്പുറം കണ്ടറിഞ്ഞ വിവരങ്ങള്‍ അദ്ദേഹത്തെ ആഹ്ലാദചിത്തനാക്കി. താന്‍ നേരിട്ടറിഞ്ഞ വിവരങ്ങളെല്ലാം പ്രവാചകസന്നിധിയില്‍ ചെന്ന് സുസ്‌മേരവദനനായി അദ്ദേഹം അവതരിപ്പിച്ചു. അപ്പോള്‍ വഹ്‌യിന്റെ  മാലാഖ ദിവ്യബോധനം പകര്‍ന്നുകൊടുക്കുകയായി:
''വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും ഏതെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്തു വന്നാല്‍ നിജഃസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും'' (അല്‍ഹുജുറാത്ത് 6).
ദുഷ്ടമനസ്സുകള്‍ പലതരം വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുമ്പോള്‍ വ്യക്തിയും സമൂഹവും സ്വീകരിക്കേണ്ട കര്‍ശനമായ നിലപാടും മാനദണ്ഡവും മുന്‍കരുതലായി ഉദ്‌ബോധിപ്പിക്കുകയാണ് പ്രസ്തുത സംഭവവും വേദസാരവും. തല്‍പര കക്ഷികള്‍ പരത്തുന്ന വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നതിനു മുമ്പ് അവയുടെ ഉറവിടങ്ങളേതെന്നു നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ എപ്പോഴും ആധികാരികവും വിശ്വസനീയവും അവലംബിക്കാന്‍ പറ്റുന്നതുമാവണം. നിഗമനങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും, സത്യത്തിന്റെ മഹത്വമോ വിശ്വാസ്യതയോ തെളിച്ചമോ ഉണ്ടാവുകയില്ല. തെറ്റിദ്ധാരണകളുടെ പുകനിറഞ്ഞ നെരിപ്പോടുകളില്‍ എരിഞ്ഞടങ്ങുന്നത് നിഷ്‌കളങ്കരായ വ്യക്തികളും അവരുടെ ആത്മാഭിമാനവുമായിരിക്കും. രോഗം പരത്തുന്ന ഈച്ചകളല്ല, രോഗശമനത്തിന്റെ മധുരൗഷധം നുകരുകയും പകരുകയും ചെയ്യുന്ന തേനീച്ചകളാണ് സുഭദ്രമായ സമൂഹത്തിന്റെ നിലനില്‍പിന് അസ്തിവാരം പണിയുന്നത്.
നിരന്തരം നുണകള്‍ പ്രചരിപ്പിച്ചും അസത്യത്തെ സത്യമാക്കി അവതരിപ്പിച്ചും മുന്നോട്ടുപോകുന്ന ദൃശ്യ-ശ്രാവ്യ-സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് വാര്‍ത്തകളുടെ സ്വീകരണത്തിലും സ്ഥിരീകരണത്തിലും അവധാനതയും സന്തുലിതത്വവും പുലര്‍ത്തിയേ മതിയാവൂ. വേദദര്‍ശനം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെയും മാനദണ്ഡങ്ങളെയും അവഗണിക്കുന്നത് സമൂഹത്തിന്റെ പ്രശാന്തത തകര്‍ക്കും. സന്നദ്ധസേവകരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ അതുവഴി അവമതിക്കപ്പെടും. ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തികളും സമൂഹവും ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും.
ആലപ്പുഴ കുറുപ്പന്‍കുളങ്ങരയിലെ കണ്ണിക്കാട് അംബേദ്കര്‍ കമ്യൂണിറ്റി ഹാള്‍ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസി ആയിരുന്നല്ലോ ഓമനക്കുട്ടന്‍. അധികാര കേന്ദ്രങ്ങളില്‍ നിഷ്‌ക്രിയരായിരുന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരില്‍നിന്ന് ക്യാമ്പിലേക്കാവശ്യമായ അവശ്യസാധനങ്ങള്‍ അളന്നുവാങ്ങി ഓട്ടോയില്‍ ക്യാമ്പിലെത്തിച്ച വകയില്‍ 70 രൂപ ഓട്ടോ കൂലി പിരിച്ച പാവപ്പെട്ട ഓമനക്കുട്ടനെയാണ് വാര്‍ത്താമാധ്യമങ്ങള്‍ കാട്ടുകള്ളനായി ചിത്രീകരിച്ചത്. വാര്‍ത്തകളെ പ്രഥമമായി ഒപ്പിയെടുക്കുന്നതും ആദ്യമായി സംപ്രേഷണം ചെയ്യുന്നതും തങ്ങളായിരിക്കണം എന്ന ചാനല്‍ മത്സരം എത്ര പെട്ടെന്നാണ് ഒരു മനുഷ്യന്റെ ആത്മാഭിമാനത്തെയും കര്‍മോത്സുകതയെയും സമര്‍പ്പണബോധത്തെയും തകര്‍ത്തു കളഞ്ഞത്! സത്യം ഉലകം ചുറ്റാന്‍ പാദരക്ഷ ധരിച്ചിറങ്ങുമ്പോള്‍ അസത്യം ലോകം ചുറ്റിവന്ന് പാദുകമഴിച്ചുവെക്കുന്ന ഈ കപടലോകത്ത് ഇതൊക്കെ സംഭവിച്ചില്ലെങ്കിലാണ് അത്ഭുതം.
വില്ലേജ് ഓഫീസറും തഹസില്‍ദാറും മന്ത്രിമാര്‍ വരെയും ആ ദുരിതാശ്വാസ ക്യാമ്പിലെ അഭയാര്‍ഥിക്കുമേല്‍ ചാടിവീണു. വെള്ള ധരിച്ചവരും കാക്കിയിട്ടവരും ഓടിയെത്തി. വാര്‍ത്താലേഖകര്‍ ക്യാമറാമാനോടൊപ്പം കുതിച്ചെത്തി. ചൂണ്ടയില്‍ സ്വര്‍ണമത്സ്യം കിട്ടിയ മുക്കുവനെപ്പോലെ ഇരകിട്ടിയ ആഹ്ലാദത്തില്‍ ചാനല്‍ സ്റ്റുഡിയോകളില്‍ വാര്‍ത്താവതാരകര്‍ പൗഡറും ലിപ്സ്റ്റിക്കുമിട്ട് കാത്തിരുന്നു. സംഘടനാ സങ്കുചിതത്വത്തിന്റെ പെരുച്ചാഴിപ്പൊത്തുകളില്‍ ഒളിച്ചിരുന്ന ചാവേറുകള്‍ എത്ര പെട്ടെന്നാണ് കുശുമ്പിന്റെ മൂഷികച്ചുണ്ടുമായി സാമൂഹികമാധ്യമങ്ങളില്‍ തലപൊക്കിയത്!
തോരാതെ പെയ്ത മഴയില്‍ കുടിലിനകത്തേക്ക് കയറിവന്ന ജലപ്രവാഹത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് വര്‍ഷംതോറും ക്യാമ്പില്‍ കഴിഞ്ഞുകൂടുന്ന ഓമനക്കുട്ടന്റെ നൊമ്പരമറിയാതിരുന്നവര്‍ എത്ര പെട്ടെന്നാണ് അദ്ദേഹത്തെ കള്ളനാക്കിയത്! ഓമനക്കുട്ടന്‍ കീഴാള പക്ഷത്തിന്റെ പ്രതിനിധിയായിപ്പോയതാണോ മഹാപാതകം? തൊലി കറുത്തുപോയതും ഹരിജനായി ജനിച്ച് ഹരിജന്‍ കോളനിയിലെ അന്തേവാസിയായതും അത്തരക്കാരെ കള്ളന്മാരാക്കാന്‍ വെമ്പുന്നവര്‍ക്ക് മാനദണ്ഡങ്ങളായി മാറുമല്ലോ.
ചാനലുകള്‍ കല്ലുവെച്ച നുണകള്‍ ചേരുവ ചേര്‍ത്ത് ആഘോഷിക്കുകയും പാര്‍ട്ടി സസ്‌പെന്റ് ചെയ്യുകയും അധികാരികള്‍ കണ്ണുരുട്ടി കൈകള്‍ ചൂണ്ടി താക്കീതു നല്‍കുകയും നിയമപാലകര്‍ അറസ്റ്റിന് ഒരുങ്ങുകയും ചെയ്തപ്പോള്‍ ഓമനക്കുട്ടന്റെ തുടിക്കുന്ന ഹൃദയത്തിനുള്ളില്‍ ഒരു ആത്മാഭിമാനി തേങ്ങിക്കരഞ്ഞിരുന്നില്ലേ? കറുത്ത കവിളുകളില്‍ അവഗണനയുടെ അശ്രുകണങ്ങള്‍ മഹാമാരി പോലെ പെയ്തിറങ്ങാനാണല്ലോ കീഴാളന്റെ തലവിധി. മാടപ്പുരക്കു മുന്നില്‍ വാഴക്കുല വെട്ടാന്‍ വന്നുനിന്ന നാട്ടുമൂപ്പനു മുന്നില്‍ കൈകൂപ്പി നിന്ന മാടപ്പുലയന്‍ ഉത്തരാധുനിക കാലത്തും സവര്‍ണ ക്യാമറക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നത് എത്ര നീചവും അപലപനീയവുമാണ്! അതും താന്‍ ചെയ്ത നിസ്വാര്‍ഥ ജനസേവനത്തെ കുബുദ്ധികള്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍. തിരശ്ശീലക്കു പിന്നില്‍ മറഞ്ഞിരുന്ന് തെമ്മാടികള്‍ പടച്ചുവിട്ട പച്ചക്കള്ളം ലോകം ചുറ്റിവന്നപ്പോഴേക്കും ഓമനക്കുട്ടന്റെ നിരപരാധിത്വം വെളിച്ചത്തുവന്നു. അപ്പോള്‍ വാര്‍ത്താമാധ്യമങ്ങള്‍ തിരുത്തി. അധികാരികള്‍ ക്ഷമാപണം നടത്തി. സാഹിത്യകാരന്മാര്‍ കവിതയെഴുതി. മാധ്യമപോരാളികള്‍ സഹതാപക്കണ്ണീരൊഴുക്കി. പക്ഷേ, ആ പച്ചമനുഷ്യന്റെ ആത്മാഭിമാനത്തെ ഏതു ഭരണകൂടത്തിനാണ് തിരിച്ചുകൊടുക്കാന്‍ കഴിയുക? മരുഭൂമിയുടെ വചനപ്രസാദമായി പ്രവാചകന്‍ മൊഴിഞ്ഞ തിരുവചനം എത്ര ഉദാത്തം; 'അവധാനത ദൈവികം, ആക്രാന്തം പൈശാചികം.' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌