സമാന്തരം തേടുന്നവരുടെ നിഴല്‍യുദ്ധം
രാജ്യത്തെ മതേതര വിശ്വാസികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എത്രതന്നെ അഹിതകരമായാലും ശരി ഒരു യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ; 130 കോടി വരുന്ന ഇന്ത്യന്‍ ജനതയെ രാഷ്ട്രീയമായും സാംസ്‌കാരികമായും സ്വാധീനിക്കുന്നതില്‍ ഹിന്ദുത്വശക്തികള്‍ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയ അമ്പരപ്പിക്കുന്ന വിജയവും തുടര്‍ന്നു നടന്ന മന്ത്രിസഭാ രൂപവല്‍ക്കരണവും തങ്ങളിഛിക്കുന്നതെല്ലാം അനായാസം പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ചതും സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന ഇന്നു വരെ സംരക്ഷിച്ചുവന്ന ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നിഷ്പ്രയാസം എടുത്തുകളഞ്ഞതുമെല്ലാം ഒരു കാര്യം അസന്ദിഗ്ധമായി തെളിയിച്ചു; രാജ്യത്ത് സംഘ് പരിവാറിന്റെ അജ ഓരോന്നോരോന്നായി നടപ്പാക്കുന്നതിന്റെ മുന്നില്‍ പ്രസ്താവ്യമായ ഒരു തടസ്സവും ഇല്ലെന്ന്. പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും നിര്‍ണായക ഘട്ടങ്ങളിലും വിഷയങ്ങളിലും പതറുകയും ചകിതരാവുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പല പ്രമുഖരും ഇതിനകം ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോള്‍ അവശേഷിച്ചവരില്‍ തലമുതിര്‍ന്ന നേതാക്കള്‍ ചാഞ്ചാടുകയാണ്; ഒന്നുകില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയാടലില്‍ പതറി, അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിക്ക് ഇനി ഭാവിയില്ലെന്ന തിരിച്ചറിവില്‍. ശശി തരൂരിനെപ്പോലെ മതനിരപേക്ഷതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവില്ലെന്ന് ജനം വിശ്വസിച്ചവരുടെ വരെ സ്വരം മാറിത്തുടങ്ങിയതില്‍ അസ്വസ്ഥരാണ് അദ്ദേഹത്തെ ജയിപ്പിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പോലും. അതവര്‍ തുറന്നു പറയുമ്പോള്‍ 'എന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ട' എന്ന മറുപടിയിലടങ്ങിയ സൂചനകള്‍ അവരെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്ന് തീര്‍ച്ച.
ഇത് കേവലമായ അധികാരമോഹത്തിന്റെയും അവസരവാദത്തിന്റെയും മതേതര ജനാധിപത്യത്തോടുള്ള പ്രതിബദ്ധതക്കുറവിന്റെയും മാത്രം പ്രശ്‌നമല്ല. ഇത്ര ദയനീയമായ ഒരു പരാജയം പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. ഒമ്പതു പതിറ്റാണ്ടുകാലമായി ആര്‍.എസ്.എസ് നടത്തിവന്ന പരമാവധി ആസൂത്രിതവും പഴുതടച്ചതുമായ ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായുള്ള യത്‌നങ്ങളുടെ രൂപവും വൈപുല്യവും അത് ഭൂരിപക്ഷ മനസ്സുകളില്‍ ചെലുത്തിയ സ്വാധീനവും തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസടക്കമുള്ള മതേതര പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടു. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുടെ അനൈക്യവും ശൈഥില്യവുമാണ് കേവലം 32 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് നേടിക്കൊടുത്തതെന്നവര്‍ കണക്കുകൂട്ടി. ഹിന്ദി മേഖലയിലെ ചില സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാവിപ്പടക്ക് നേരിട്ട തിരിച്ചടി പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലിന് ശക്തിപകരുകയും ചെയ്തു. എന്നാല്‍ വെറും വോട്ട് വിഹിതം കണക്കുകൂട്ടി ഹിന്ദുത്വത്തിന്റെ ശക്തിയും പ്രഭാവവും അളക്കുന്നതിലെ പരമാബദ്ധം ഏറെ വൈകിയേ അവര്‍ക്ക് ബോധ്യപ്പെട്ടുള്ളൂ. ഇപ്പോഴും ജനതയില്‍ ഭൂരിപക്ഷം മാനസികമായി ഹിന്ദുത്വത്തിനടിപ്പെട്ടു എന്നു പറയാനാവില്ല. ഫാഷിസത്തിനെതിരെ പ്രത്യയശാസ്ത്രപരമായി വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പുറ്റ, മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭൂമികയില്‍ അടിയുറച്ച് ഭരണഘടനാ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ജനകീയ ശക്തി ഉയര്‍ന്നുവരുമെങ്കില്‍ തീര്‍ച്ചയായും ചിത്രം മാറും. പക്ഷേ, നിലവിലെ സാഹചര്യങ്ങളില്‍ അതിനുള്ള സാധ്യത എത്രത്തോളം?
അങ്ങനെ സംശയിക്കേണ്ടിയും ചോദിക്കേണ്ടിയും വരുന്നത് ജനകീയാടിത്തറ എത്രതന്നെ പരിമിതവും ബലഹീനവുമാണെങ്കിലും പ്രത്യയശാസ്ത്രപരമായ ദൃഢതയും തദടിസ്ഥാനത്തിലുള്ള കെട്ടുറപ്പും നിശ്ചയദാര്‍ഢ്യവും പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇടതുപക്ഷത്തിന്റെ ചാഞ്ചല്യവും ദിശാബോധമില്ലായ്മയും നിലനില്‍പിനായുള്ള വെപ്രാളവും പ്രകടമാവുമ്പോഴാണ്. ഏറ്റവും ഒടുവില്‍ വന്‍ഭൂരിപക്ഷത്തോടെ കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗികമായി അറിയിച്ചത് ശ്രദ്ധിച്ചപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനം അക്ഷരാര്‍ഥത്തില്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് വിലയിരുത്തേണ്ടി വരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒന്നൊഴികെ മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് പരാജയപ്പെട്ടത് നിശ്ചയമായും അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതും തന്നെ. അതിന്റെ കാരണങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും പതിവിലധികം ജാഗ്രതയോടെയും സൂക്ഷ്മമായും പാര്‍ട്ടി പഠിക്കാന്‍ ശ്രമിച്ചതും ബോധ്യപ്പെട്ട വീഴ്ചകള്‍ തിരുത്താന്‍ തീരുമാനിക്കുന്നതും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്തുകൊണ്ടും ചേര്‍ന്നതാണുതാനും. പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നതും നേതാക്കള്‍ സുഖിയന്മാരായതും പെരുമാറ്റത്തിലെ കാര്‍ക്കശ്യവുമൊക്കെ തുറന്ന ചര്‍ച്ചക്ക് വിധേയമായതും മറ്റു പാര്‍ട്ടികളില്‍ കാണാത്ത സ്വയം വിമര്‍ശനത്തിന്റെ ക്രിയാത്മക പ്രവണതകളാണ്. എന്നാല്‍, ലോക്‌സഭാ ഇലക്ഷനില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന്റെ, അഥവാ വോട്ട് വിഹിതം 12 ശതമാനത്തോളം കുറഞ്ഞതിന്റെ ഒരു പ്രധാന കാരണമായി ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണെന്ന കണ്ടെത്തലില്‍ അതിന് പ്രായശ്ചിത്തം ചെയ്യാനുള്ള വ്യഗ്രതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. എന്തു വിലകൊടുത്തും കോടതിവിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള മതേതരവാദികളും പുരോഗമനവാദികളും സ്വാഗതം ചെയ്തിരുന്നതാണ്. അതിനെതിരെ സംഘ്പരിവാര്‍ സംഘടിപ്പിച്ച പ്രകോപനപരമായ പ്രക്ഷോഭത്തെ തികഞ്ഞ അവസരവാദവും തത്ത്വരഹിതമായ നടപടിയുമായി പ്രബുദ്ധ കേരളം വിലയിരുത്തുകയും ചെയ്തിരുന്നു. ഹിന്ദുവനിതകളെ അണിനിരത്തി നവോത്ഥാന മതില്‍ പണിയുന്നതില്‍ സി.പി.എം കൈവരിച്ച വിജയം യാഥാസ്ഥിതിക-അന്ധവിശ്വാസ ശക്തികള്‍ക്കെതിരെ പുരോഗമനവാദികള്‍ കൈവരിച്ച വന്‍നേട്ടമായും പ്രശംസിക്കപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കാര്യങ്ങളെല്ലാം കൈവിട്ടതായി തോന്നിയ പാര്‍ട്ടി ശബരിമലയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ വിശ്വാസികളോടൊപ്പം എന്ന യു.ഡി.എഫ് മുദ്രാവാക്യത്തിന്റെ മുമ്പില്‍ കീഴടങ്ങി കളംമാറിച്ചവിട്ടുന്നതാണ് കണ്ടത്. ഇലക്ഷന്‍ ഫലങ്ങള്‍ നൈരാശ്യത്തിന്റെ പടുകുഴിയിലെത്തിച്ചപ്പോള്‍ മതവിശ്വാസികളുടെ നേരെയുള്ള മൗലിക സമീപനം തന്നെ മാറ്റിത്തിരുത്താന്‍ പാര്‍ട്ടി തയാറായതാണ് ഇപ്പോള്‍ കണ്‍മുമ്പിലുള്ള കാഴ്ച. സംഘ് പരിവാര്‍ പുറത്തെടുത്ത ഹിന്ദുത്വ അജണ്ടക്കു മുമ്പില്‍ ഇടതുപക്ഷം പതറുന്നുവെന്നും തികഞ്ഞ പിന്തിരിപ്പന്‍ നയങ്ങളെപ്പോലും തുറന്നെതിര്‍ക്കാനാവാതെ അടിയറവ് പറയുന്നുവെന്നും വേണം പുതിയ പാര്‍ട്ടി ലൈനില്‍നിന്ന് മനസ്സിലാക്കാന്‍.
അതിന്റെ ഭാഗം തന്നെയാണ് രാജ്യത്തിന്റെ മേല്‍ പൂര്‍വാധികം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ ചെയ്തികളെ തുറന്നുകാട്ടണമെങ്കില്‍ സമാന്തരമായി സാങ്കല്‍പിക മുസ്‌ലിം വര്‍ഗീയത ശക്തി പ്രാപിക്കുന്നു എന്ന പൊയ്‌വെടി കൂടി വേണമെന്ന തീര്‍ത്തും ഭീരുത്വപരമായ കണ്ടുപിടിത്തം.
'കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ജാതി-മത സംഘടനകളുടെ ശ്രമം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെട്ടുവരുന്നു. ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകള്‍ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.' സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതാണീ ആരോപണങ്ങള്‍ (ദേശാഭിമാനി 26 ആഗസ്റ്റ് 2019).
രാജ്യത്ത് സമ്പൂര്‍ണാധികാരം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസിന് തുല്യമോ അതിന്റെ പരിസരത്തു പോലും പറയാന്‍ പറ്റുന്നതോ ആയ ഒരു മുസ്‌ലിം വര്‍ഗീയ ശക്തി ഇന്ത്യാരാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാമാന്യ ചിന്താശക്തിയുള്ളവരാരും സമ്മതിക്കില്ല. കോടിയേരി പേരെടുത്തു പറഞ്ഞ സംഘടനകളിലൊന്നായ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യാ മഹാരാജ്യത്ത് ഒരു പഞ്ചായത്തെങ്കിലും ഭരിക്കുന്നില്ലെന്നതിരിക്കട്ടെ, ഏഴു പതിറ്റാണ്ട് കാലത്തിനിടയില്‍ വര്‍ഗീയ സ്വഭാവത്തിലുള്ള കാമ്പയിനോ പ്രക്ഷോഭമോ ആ സംഘടന നടത്തിയിട്ടുണ്ടെന്നതിന് തെളിവുകളില്ല. നൂറുകണക്കിന് അന്വേഷണ കമീഷനുകളില്‍ ഒന്നുപോലും അത് കണ്ടെത്തിയിട്ടുമില്ല. സി.പി.എം- ആര്‍.എസ്.എസ്, സി.പി.എം- മുസ്‌ലിം ലീഗ്, സി.പി.എം- കോണ്‍ഗ്രസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും കേരളത്തിന്റെ സൈ്വരജീവിതം അപകടപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ കഴിഞ്ഞിരിക്കെ അതിലൊന്നിലെങ്കിലും ജമാഅത്ത് പ്രവര്‍ത്തകന്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കണം.
ഹിന്ദു-മുസ്‌ലിം വര്‍ഗീയ സംഘര്‍ഷമെന്ന് വ്യാഖ്യാനിക്കാവുന്ന മാറാട് കൂട്ടക്കൊല സംഭവത്തെക്കുറി ച്ച ജോസഫ് കമീഷന്റെ റിപ്പോര്‍ട്ടില്‍ സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്ന് മറക്കരുത്. അതേസമയം ഇന്ത്യയിലാകെയും കേരളത്തില്‍ വിശേഷിച്ചും സാമുദായിക സൗഹാര്‍ദത്തിനും മതമൈത്രിക്കും മതങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും സംഘടനാ പോളിസിയില്‍ പ്രഥമ പരിഗണന നല്‍കി സജീവ കര്‍മരംഗത്തുള്ള ധാര്‍മിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി അവതരിപ്പിക്കുന്ന ജമാഅത്തിനോട് വൈരുധ്യാധിഷ്ഠിത ഭൗതികവാദികള്‍ക്ക് മൗലിക വിയോജിപ്പുണ്ടാവുക സ്വാഭാവികമാണ്. ഭിന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇടതുപാര്‍ട്ടികളുടെ നേതാക്കളും വക്താക്കളും സമ്പര്‍ക്കം പുലര്‍ത്തുകയും സംവാദങ്ങളിലേര്‍പ്പെടുകയും വേദികള്‍ പങ്കിടുകയും ചെയ്ത സത്യം നിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്ണനോ മുഖ്യമന്ത്രി പിണറായി വിജയനോ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളക്കോ സി.ഐ.ടി.യു അഖിലേന്ത്യാ നേതാവ് എളമരം കരീമിനോ ആവുമോ? ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്ക് മുസ്‌ലിം സമാന്തര വര്‍ഗീയതയെയാണ് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധീകരിക്കുന്നതെങ്കില്‍ സി.പി.എം നേതാക്കള്‍ ഗതകാല നിലപാടുകള്‍ക്ക് ജനങ്ങളോട് മാപ്പു പറയേണ്ടി വരും. അതേസമയം ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാര്‍ ശബരിമല പ്രശ്‌നത്തില്‍ തുടക്കത്തില്‍ സ്വീകരിച്ച ഭരണഘടനാപരവും ആര്‍ജവത്തോടുകൂടിയതുമായ നിലപാടിനെ പരസ്യമായി പിന്തുണച്ചവരാണ് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ മാധ്യമങ്ങളുമെന്ന് മറക്കരുത്. 2018-ലെയും 2019-ലെയും പ്രളയകാലങ്ങളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോട് സര്‍വാത്മനാ സഹകരിക്കുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്തിട്ടുള്ളത്. 'ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും' എന്ന അവസരവാദപരമായ നിലപാടെടുത്ത് കേന്ദ്രത്തില്‍ ഹിന്ദുത്വ സര്‍ക്കാരിനെയും സംസ്ഥാനത്ത് ഇടതു സര്‍ക്കാരിനെയും ഒരേയവസരം പിന്തുണക്കുന്ന ചില മതസംഘടനകളുടെ സമീപനമല്ല ജമാഅത്തെ ഇസ്‌ലാമിയുടേതെന്നും ഇതിനകം സി.പി.എമ്മിന് ബോധ്യപ്പെട്ടിരിക്കാനാണിട. തത്ത്വാധിഷ്ഠിതവും നീതിയുക്തവുമായ പിന്തുണയും സഹകരണവുമാണ് എക്കാലത്തും ജമാഅത്തിന്റെ നയം.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഫാഷിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള യത്‌നത്തിന്റെ ഭാഗമായി, ദേശീയതലത്തില്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ അത് യു.ഡി.എഫിനായി എന്നതും സി.പി.എമ്മിന്റെ പ്രകോപനത്തിന് ഒരു കാരണമാവാം. നേതൃതലത്തിലെ നിരന്തര സമ്പര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ യുക്തിസഹമായ ഇത്തരമൊരു നിലപാട് ജമാഅത്ത് സ്വീകരിക്കുമ്പോള്‍ ഇടതുപക്ഷത്തുനിന്ന് ഉത്തരവാദപ്പെട്ടവരാരും ഈ പ്രക്രിയയില്‍ പങ്കാളികളായില്ല എന്നത് ആരുടെ വീഴ്ചയാണെന്ന് സി.പി.എം സ്വയം പരിശോധിക്കണം. ന്യൂനപക്ഷങ്ങള്‍ പൊതുവെ സ്വീകരിച്ച മതനിരപേക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം എന്ന സമീപനത്തില്‍ കേരളത്തില്‍ ഇടതുമുന്നണി പുറത്താവാന്‍ കാരണമെന്തെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി ചര്‍ച്ചചെയ്തുവോ എന്നറിയില്ല. അതേസമയം പിണറായി വിജയന് മുഖ്യന്ത്രിയാകാന്‍ വഴിയൊരുക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ സാമാന്യ പിന്തുണ സി.പി.എം മുന്നണിക്കായിരുന്നു എന്നത് അംഗീകൃത യാഥാര്‍ഥ്യമാണ്. ആ പിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുവെങ്കില്‍ അതിനുള്ള കാരണം ചുരുങ്ങിയ പക്ഷം ഏകപക്ഷീയമല്ല എന്നെങ്കിലും സി.പി.എം നേതാക്കളും ബുദ്ധിജീവികളും തിരിച്ചറിയേണ്ടതായിരുന്നു. ഒരു മുസ്‌ലിം സമാന്തരത്തെ കൃത്രിമമായെങ്കിലും സൃഷ്ടിച്ചുകൊണ്ടേ ഹിന്ദുത്വശക്തികളെ നേരിടാനാവൂ എന്ന ചിന്ത ആര്‍ജവവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമുള്ള പാര്‍ട്ടികളില്‍നിന്ന് പ്രതീക്ഷിക്കേണ്ടതല്ല. ഭീരുത്വവും ആദര്‍ശപരമായ ബലഹീനതയും ആത്മവിശ്വാസമില്ലായ്മയുമാണ് ഇത്തരമൊരു പതനത്തിലേക്ക് ഇടതു പാര്‍ട്ടികളെ എത്തിക്കുക എന്ന് ഓര്‍മിപ്പിക്കട്ടെ. ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതും ന്യൂനപക്ഷ വര്‍ഗീയതയാണെന്ന പഴകിപ്പുളിച്ച വിതണ്ഡവാദം നഗ്നയാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ തകര്‍ന്നടിയുമ്പോഴും, സി.പി.എം നേതൃത്വത്തിന് നേരം പുലരുന്നില്ലെങ്കില്‍ ഘനാന്ധകാരത്തില്‍ തളക്കപ്പെടാനായിരിക്കും അവരുടെ വിധി എന്ന് സഹതപിക്കാനേ കഴിയൂ.
Comments