കുന്നിറക്കം
ആരോ തട്ടിക്കൊണ്ടുപോയി
തെരുവിലുപേക്ഷിച്ച
മക്കളെ തേടി
ഒരമ്മയിറങ്ങുമ്പോള്‍,
അവള്‍, കണ്ണീരിനാല്‍ അന്ധയും
ഉള്ളിരമ്പലിനാല്‍
ബധിരയുമായിരിക്കും.
ആര്‍ത്തലക്കുന്നവളുടെ
ഉള്ളാഴങ്ങളിലുള്ളവ
കലങ്ങിമറിയുന്നതും
ആഴ്ത്തിക്കളയുന്നതുമായിരിക്കും.
തെരുവിലുള്ളതെല്ലാം
പഴകിയതും
പിന്നിക്കീറിയതുമല്ലെന്ന്
ആശ്വസിപ്പിക്കുന്നുണ്ടൊരു
തെരുവോരക്കാരന്‍.
കീറിയാലും പിന്നെയും തുന്നിയെടുക്കാമെന്ന്
ചെരിപ്പു കുത്തുന്ന മറ്റൊരുവള്‍..
കുഞ്ഞുകുടുക്കകളും
കളിപ്പാട്ടങ്ങളും
'കരയല്ലേ.... കരയല്ലേ'
എന്നവളോട് .
കാരുണ്യം നിറച്ച
കരങ്ങളൊക്കെയും
'കൂടെയുണ്ടെന്ന്' വീണ്ടും വീണ്ടും...
കണ്ണീരടങ്ങിയെങ്കിലും
കണ്ടെടുക്കാനാകാത്ത
മക്കളെക്കുറിച്ചുള്ള വ്യഥയും,
ഉള്ളം തുരക്കുന്നവന്റെ
ദുരയോടുള്ള പകയും
ഉള്ളില്‍ കുമിഞ്ഞുകൂടുന്നുണ്ട്.
കുന്നുപോല്‍
കനം വെക്കുന്നതെന്തും
ഒരുനാള്‍ ഉള്ളുപൊട്ടിയൊലിക്കാന്‍
ഒരു സാധ്യത പിന്നില്‍
അവശേഷിപ്പിക്കുന്നുണ്ട്.
Comments