പലായനത്തിന്റെ പുതിയ വായനകള്‍
ഓരോ കാലത്തും വ്യത്യസ്ത രാഷ്ട്രീയ, സാംസ്‌കാരിക ധ്വനികള്‍ സ്വാംശീകരിക്കുന്ന ഒരു സംജ്ഞയാണ് ഹിജ്‌റ, അഥവാ പലായനം. മനുഷ്യ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഗതിമാറ്റിയ ഒരു ഹിജ്‌റയുണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അതൊരു ചരിത്രത്തിന്റെ തുടക്കമാണ്. തുടര്‍ന്നു പോന്നിരുന്ന ഒരു ചരിത്രത്തിന്റെയും കാലഗണനയുടെയും അന്ത്യവും. രണ്ട് രീതിയില്‍ പലായനങ്ങള്‍ സംഭവിക്കാം. ഒന്ന്, നിര്‍ബന്ധിതാവസ്ഥയില്‍. സ്വന്തം വിശ്വാസപ്രമാണങ്ങളനുസരിച്ച് തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ വരികയും അധികാരി വര്‍ഗങ്ങളുടെയും വരേണ്യ വിഭാഗങ്ങളുടെയും പീഡനം അസഹ്യമായിത്തീരുകയും ചെയ്യുമ്പോള്‍ വ്യക്തികളും കൂട്ടങ്ങളും പലായനത്തിന് നിര്‍ബന്ധിതരാവും. പ്രവാചകന്റെ അനുയായികള്‍ മക്കയില്‍നിന്ന് ആദ്യം എത്യോപ്യയിലേക്കും പിന്നീട് പ്രവാചകനോടൊപ്പം മദീനയിലേക്കും നടത്തിയ പലായനങ്ങള്‍ ഈ ഗണത്തില്‍പെടുന്നവയാണ്. മുന്‍കഴിഞ്ഞുപോയ ചില പ്രവാചകന്മാരും അവരുടെ അനുയായികളും ഇതേപോലെ പലായനങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന വലിയൊരു വിഭാഗം നേതാക്കളുടെയും അനുയായികളുടെയും പാശ്ചാത്യ ദേശങ്ങളിലേക്കുള്ള പറിച്ചുനടലിനെയും ഈ ഇനത്തില്‍ പെടുത്താം. ഏകാധിപത്യ ഭരണകൂടങ്ങളാണ് അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നത്.
രണ്ടാമത്തേത് സ്വമേധയാ നടക്കുന്ന പലായനങ്ങളാണ്. തൊഴില്‍ തേടിയുള്ള, മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാനുള്ള പലായനങ്ങള്‍. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് പൊതുവെ ഈ പലായനങ്ങള്‍ നടക്കുക. പ്രാന്തങ്ങളില്‍നിന്ന് കേന്ദ്രത്തിലേക്ക് (From Periphery to Center) എന്ന് ഈ യാത്രകളെ വിശേഷിപ്പിക്കാം. ഇസ്‌ലാമിക നാഗരികതയുടെ പുഷ്‌കലകാലത്ത് ഇത്തരം പലായനങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും മുസ്‌ലിം സ്‌പെയിനിലേക്കും ബഗ്ദാദിലേക്കുമായിരുന്നു. ധിഷണകളുടെ ഈ ഒഴുക്ക് (ഹിജ്‌റത്തുല്‍ ഉഖൂല്‍) ഇസ്‌ലാമിക നാഗരികതക്ക് വലിയ മുതല്‍ക്കൂട്ടാവുകയുണ്ടായി. ഇന്ന് അറബ് ധിഷണ പാശ്ചാത്യദേശങ്ങളിലേക്കാണ് പലായനം ചെയ്യുന്നത്. കഴിവും പ്രതിഭയുമുള്ള ദശലക്ഷക്കണക്കിന് അറബികളുണ്ട് പാശ്ചാത്യ ദേശങ്ങളില്‍ കഴിയുന്നവരായി. ഏകാധിപത്യം തിമിര്‍ത്താടുന്ന സ്വന്തം നാടുകളിലേക്ക് അവരാരും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല. മുസ്‌ലിം ലോകം പിന്നാക്കമായി തുടരുന്നതിന്റെ ഒരു പ്രധാന കാരണമാണ് ഈ മസ്തിഷ്‌ക ചോര്‍ച്ച (Brain Drain).
നിയമാനുസൃതമല്ലാത്ത പലായനങ്ങളുടെ ദുരന്തകഥകളാണ് ഇന്ന് മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജന്മനാട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട മനുഷ്യര്‍ ഇന്ന് ദശലക്ഷക്കണക്കിനാണ്. റോഹിങ്ക്യകള്‍ മുതല്‍ സിറിയന്‍ അഭയാര്‍ഥികള്‍ വരെ. ഇവര്‍ ബോട്ടുകളില്‍ കയറി മറ്റു രാജ്യങ്ങളില്‍ കരപറ്റാന്‍ ശ്രമിക്കുന്നു. ആരും അവരെ സ്വീകരിക്കാന്‍ തയാറാവാത്തതിനാല്‍ അവര്‍ കടലിലേക്കു തന്നെ തിരിച്ചയക്കപ്പെടുന്നു. ഈ അഭയാര്‍ഥികളുടെ പൗരത്വ പ്രശ്‌നം വലിയൊരു സമസ്യയാണ്. ഇതിനിടെ ആഭ്യന്തര പലായനങ്ങളും നിരവധി. വര്‍ഗീയ കലാപങ്ങളില്‍ സകലതും നഷ്ടപ്പെട്ട് രാഷ്ട്രത്തിന്റെ മറ്റു ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയാന്‍ വിധിക്കപ്പെട്ടവര്‍.
ഇങ്ങനെ പലതലങ്ങളില്‍ വായിക്കപ്പെടേണ്ട ഒന്നാണ് ഹിജ്‌റ. അതിന് നിഷേധാത്മക വശങ്ങളുള്ളതുപോലെ, പോസിറ്റീവായ വശങ്ങളും ധാരാളമുണ്ട്. രണ്ട് മുസ്‌ലിം വനിതകള്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇടം പിടിച്ചതും ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് ഒരു മുസ്‌ലിം തെരഞ്ഞെടുക്കപ്പെട്ടതും പലായനത്തിന്റെ സദ്ഫലങ്ങളാണ്.
ആധ്യാത്മികമായി പറഞ്ഞാല്‍, ഭൗതികതയോടും പ്രലോഭനങ്ങളോടും സലാം ചൊല്ലി പിരിയലാണ് ഹിജ്‌റ. അല്ലാഹുവിന് ജീവിതം സമര്‍പ്പിക്കുന്ന മുസ്‌ലിം ജന്മം കൊള്ളുന്നത് അങ്ങനെയാണ്. പുതിയൊരു ഹിജ്‌റ വര്‍ഷത്തിലേക്ക് നാം കാലെടുത്തുവെച്ചിരിക്കുന്നു. പലായനത്തിന്റെ നാനാര്‍ഥങ്ങളെക്കുറിച്ച് ഇത്തരം ആലോചനകള്‍ ഏറെ പ്രസക്തം തന്നെ.
Comments