Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

തീവ്രവാദം വേരുകള്‍ പടര്‍ത്തുന്നത് എവിടെയൊക്കെയാണ്?

കെ.കെ സുഹൈല്‍

മുസ്‌ലിംകളില്‍ ഭീകരവാദികള്‍ ഉണ്ടോ? ഭീകരവാദത്തെയും ഭീകരവിരുദ്ധ നിയമങ്ങളെയും സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ നിരന്തരം അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. ലോകത്തുള്ള എല്ലാ ആശയങ്ങളിലും മിതവാദവും തീവ്രവാദവുമുണ്ട്. ശാസ്ത്ര, സാമൂഹിക, രാഷ്ട്രീയ, മത മേഖലകളൊന്നും അതില്‍നിന്ന് മുക്തമല്ല. മത- മതേതര മേഖലകളില്‍ തീവ്രവാദമുണ്ട്. ഓരോ വിഭാഗത്തിലെയും പക്വമതികളായ പണ്ഡിതന്മാരാണ് ആശയങ്ങളെയും അനുയായികളെയും  സന്തുലിതമായ നിലപാടിലേക്ക് നയിക്കേത്.

ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍
ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളിലേക്ക് വരാം. 1970 മുതല്‍ ഇന്നു വരെ ലോകത്ത് നടന്ന മുഴുവന്‍ ഭീകരാക്രമണങ്ങളെയും കൃത്യമായി രേഖപ്പെടുത്തുന്ന ഒരു വെബ്സൈറ്റുണ്ട്. അമേരിക്കയിലെ  മേരിലാന്റ് യൂനിവേഴ്സിറ്റി, യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഹോംലാന്റ് സെക്യൂരിറ്റിയുമായി ചേര്‍ന്ന്  വിശദവിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വെബ്സൈറ്റാണത് - https://www.start.umd.edu/gtd/. ഈ വെബ്സൈറ്റില്‍ ഇന്ത്യ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം 2001 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിക്കുക. മൊത്തം 5805 ആക്രമണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടന്നിട്ടുള്ളതെന്നു കാണാം.
ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയം തീവ്രവാദ ആക്രമണങ്ങളെ പല രേഖകളിലും നാല് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന്: ഇടതുപക്ഷ തീവ്രവാദം. രണ്ട്: വിഘടനവാദം. മൂന്ന്: ഇസ്ലാമിക ജിഹാദീ തീവ്രവാദം. നാല്: മറ്റു പലവക. ഏറ്റവും കൂടുതല്‍ വരാനിടയുള്ള ഹിന്ദുത്വ ഭീകരതയെ ഇവര്‍ ഭീകരതയുടെ നിര്‍വചനത്തില്‍ പെടുത്തിയിട്ടില്ല താനും! 5805 ഭീകരാക്രമണങ്ങളില്‍ 42 ശതമാനവും നടത്തിയത് ഇടതുപക്ഷ തീവ്രവാദികളാണെന്ന് ഭരണകൂടം പറയുന്നു. അഥവാ നമ്മുടെ ഭരണകൂടം ഏറ്റവും കൂടുതല്‍ ആരോപിക്കുന്നത് ഇടതുപക്ഷ തീവ്രവാദമാണ് - 42 ശതമാനം. മറ്റു പലവക - 35 ശതമാനം. വിഘടനവാദികള്‍ - 22 ശതമാനം.   കഴിഞ്ഞ 15 വര്‍ഷത്തില്‍ 5805 ആക്രമണങ്ങളില്‍ ഇസ്‌ലാമിക ഭീകരവാദത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടതു പോലും കേവലം 0.93 ശതമാനമാണ്. ഒരു ശതമാനം പോലും ഇല്ല എന്നര്‍ഥം. യഥാര്‍ഥത്തില്‍ എത്രയുണ്ട് എന്ന് പഠനം നടത്തിയാല്‍ കിട്ടുന്ന ഉത്തരം അതിലും എത്രയോ ചെറുതായിരിക്കും. 2001 മുതല്‍ 2014 വരെയുള്ള കോടതിവിധികള്‍ പരിശോധിച്ചുനോക്കൂ. 0.93 ശതമാനത്തിന് അകത്തുള്ള 96 ശതമാനം കേസുകളും കോടതിയില്‍ പൂര്‍ണമായും തള്ളപ്പെട്ടതാണ്. കുറ്റം ആരോപിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞ് വിട്ടയക്കപ്പെടുകയും ചെയ്തു.
1985-ല്‍ ടാഡ എന്ന കരിനിയമം പ്രയോഗത്തില്‍ വന്നു. ശേഷം പോട്ട വന്നു. പിന്നെ യു.എ.പി.എ. ടാഡ പ്രകാരം പിടിക്കപ്പെട്ടവരില്‍ 99 ശതമാനവും നിരപരാധികളാണെന്ന് കോടതി വിധിയെഴുതി. പോട്ട  പ്രകാരം കുറ്റം ആരോപിക്കപ്പെട്ടവരില്‍ അഞ്ച് ശതമാനം മാത്രമാണ് കുറ്റവാളികളായി കോടതിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. യു.എ.പി.എ കേസുകളില്‍ 80 ശതമാനവും കള്ളക്കേസുകളാണെന്ന് വിധിച്ച് കോടതി തള്ളിക്കളഞ്ഞു. അഥവാ കഴിഞ്ഞ 35 വര്‍ഷത്തിനിടക്ക് ഭീകരവിരുദ്ധ നിയമപ്രകാരം മൊത്തം അറസ്റ്റ് ചെയ്യപ്പെട്ട 'ഭീകരവാദികളില്‍' കുറ്റവാളികളെന്ന് വിധിക്കപ്പെട്ടവര്‍  5 ശതമാനം പോലുമില്ല. 95 ശതമാനത്തിലേറെ  പേരും നിരപരാധികളാണെന്ന് കോടതിയില്‍തന്നെ തെളിഞ്ഞു എന്നര്‍ഥം. എന്നാല്‍ ഒരു സമുദായത്തെ കുറ്റവാളി സമൂഹമായി ചിത്രീകരിക്കാനും അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനും ഇവിടെയുള്ള ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്ക് സാധിച്ചു.

അഞ്ചു തരം ഭീകരവാദികള്‍
ഭീകരവാദ ആരോപണത്തിലെ വസ്തുത എന്താണ്? അഞ്ചു തരത്തിലുള്ള ഭീകരവാദികളെ മാധ്യമങ്ങള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
ഒന്ന്: നിരപരാധികള്‍. ഇക്കൂട്ടര്‍ എല്ലാ അര്‍ഥത്തിലും നിരപരാധികളാണ്. കള്ളക്കേസ് ചുമത്തി പോലീസ് ഇവരെ പിടികൂടുന്നു. ശേഷം മാനസിക പീഡനത്തിലൂടെയും  മൂന്നാം മുറയിലൂടെയും കുറ്റം സമ്മതിപ്പിക്കുന്നു. നിര്‍ബന്ധത്തിനു വഴങ്ങി കുറ്റസമ്മത  മൊഴിയില്‍ അവര്‍ ഒപ്പു വെക്കുന്നു. സംഝോതാ എക്സ്പ്രസ്, മക്കാ മസ്ജിദ്, മാലേഗാവ് 2006, മാലേഗാവ് 2008, അജ്മീര്‍ ദര്‍ഗ, അക്ഷര്‍ധാം മന്ദിര്‍ തുടങ്ങിയ കേസുകളില്‍ ഇതാണ് സംഭവിച്ചത്. ഇവരുടെ കുറ്റസമ്മതമൊഴി മറ്റു തെളിവുകളുമായി പൊരുത്തപ്പെടാത്തതുകൊണ്ട് ഇവര്‍ നിരപരാധികളാണെന്ന് കോടതിയില്‍ തെളിയുന്നു.
രണ്ട്: ഇന്‍ഫോര്‍മര്‍. സന്ദേശങ്ങള്‍ പോലീസിന് കൈമാറുക എന്നതാണ് ഇവരുടെ ഉത്തരവാദിത്തം. ഇവരില്‍ ചിലര്‍ ഏതോ ഒരു ഘട്ടത്തില്‍ എന്തോ കാരണത്താല്‍ ഈ പണിയില്‍നിന്ന് പിന്മാറാന്‍  ആഗ്രഹിക്കുന്നു. മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല എന്ന് പോലീസിനെ അറിയിക്കുന്നു. എങ്കില്‍ അവസാനമായി ഒരു ഇടപാട് കൂടി നടത്തണം എന്ന് പോലീസ് ഇവരോട് ആവശ്യപ്പെടുന്നു. അത് നിര്‍വഹിക്കുന്നതിനിടയില്‍ ഇവരെ കെണിയില്‍ കുടുക്കി തീവ്രവാദികളായി മുദ്രകുത്തുന്നു.
അഫ്സല്‍ ഗുരു കേസില്‍ സംഭവിച്ചത് മറ്റൊന്നുമല്ല എന്ന് നന്ദിത ഹക്‌സറും നിര്‍മലങ്ശു മുഖര്‍ജിയും തങ്ങളുടെ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടു്: 'ഇര്‍ഷാദ് അലി & മൗരിഫ് ഖമര്‍ സ്റ്റേറ്റ് ഓഫ് ദല്‍ഹി' എന്ന കേസ് മറ്റൊരു ഉദാഹരണമാണ്.
മൂന്ന്: ഇന്‍സ്റ്റിഗേറ്റേഴ്‌സ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നതാണ് ഇവരുടെ ചുമതല. പോലീസ് തന്നെയാണ് ഈ ചുമതല ഇവരെ ഏല്‍പിക്കുന്നത്. ഇവര്‍ മുസ്ലിം സമുദായത്തിലെ യുവാക്കളെ ആസൂത്രിതമായി പിന്തുടരുന്നു. ജിഹാദിനെ തെറ്റായി വ്യാഖ്യാനിച്ച് അവരില്‍ തീവ്രവാദ ചിന്തകള്‍ കുത്തിവെക്കുന്നു. ജിഹാദിന്റെ മാര്‍ഗം എന്ന പേരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ അമേരിക്കയില്‍ കാണാന്‍ സാധിക്കും. ട്രവര്‍ ആരണ്‍സന്‍ തന്റെ 'ടെറര്‍ ഫാക്ടറി' എന്ന ഗ്രന്ഥത്തില്‍ ഇത്തരം സംഭവങ്ങള്‍ മുഴുവന്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭീകരവാദ കേസുകളെ കുറിച്ച് വിശദീകരിക്കുന്ന അമിതാവ കുമാറിന്റെ പുസ്തകമാണ് എവിഡന്‍സ് ഓഫ് സസ്പീഷ്യസ്.
'ഇര്‍ഷാദ് അലി & മൗരിഫ് ഖമര്‍ സ്റ്റേറ്റ് ഓഫ് ദല്‍ഹി' എന്ന കേസ് അതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇര്‍ഷാദ് അലി പോലീസ് ഇന്‍ഫോര്‍മര്‍ ആയിരുന്നു. പിന്നീട് പോലീസ് അയാളെ കുടുക്കുന്നു. തീവ്രവാദിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. പിടിക്കപ്പെടുന്നതിനു മുമ്പ് പോലീസ്  അദ്ദേഹത്തെ ഏല്‍പിച്ചിരുന്ന പണി ഇന്‍സ്റ്റിഗേഷന്‍ ആയിരുന്നു. അദ്ദേഹം യുവാക്കളെ പിന്തുടര്‍ന്ന് ജിഹാദിന്റെ പേരില്‍ അക്രമത്തിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് എഴുതിയ കത്തില്‍ ഇതെല്ലാം ഇര്‍ഷാദ് അലി വ്യക്തമാക്കിയിരുന്നു. ദല്‍ഹി പോലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ഇര്‍ഷാദ് അലിയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിലൂടെ അക്കാര്യം തെളിയുകയുണ്ടായി. നിരപരാധിയെന്ന് വിധിച്ച് കോടതി അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു. ഈ രീതി ഇന്ത്യയിലുടനീളം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യുവാക്കളെ തന്ത്രപൂര്‍വം അക്രമത്തിലേക്ക് തള്ളിവിട്ട് അതിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യലാഭമുാക്കുന്നു. ഈ രീതി അങ്ങേയറ്റം അപകടകരം തന്നെ.
നാല്: ഭീകരവാദികളായി മുദ്രകുത്തപ്പെടുന്ന സാധാരണ കുറ്റവാളികള്‍. പോലീസ് ഒരു സാദാ ക്രിമിനലിനെ പിടികൂടുന്നു. പിടിക്കപ്പെട്ടവന്‍ കൊടുംഭീകരനാണെന്ന് ആരോപിച്ച് പത്രസമ്മേളനം നടത്തുന്നു. അതിലൂടെ കിട്ടുന്ന അംഗീകാരത്തിലും പ്രമോഷനിലും അവാര്‍ഡിലുമാണ് പോലീസിന്റ കണ്ണ്. പക്ഷേ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും ചാര്‍ജ്ഷീറ്റില്‍ ഉണ്ടാകില്ല. പിന്നീട് കോടതി രേഖകളിലും അത്തരം ആരോപണങ്ങള്‍ കാണുകയില്ല. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ഒടുവില്‍ കേവല കുറ്റവാളിയായി ശിക്ഷിക്കപ്പെടുകയോ വിട്ടയക്കപ്പെടുകയോ ചെയ്യുന്നു.
അഞ്ച്: ആക്രമണോത്സുകരായ തീവ്രവാദികള്‍ (Violent extremists). . ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നത് ഇവിടെയാണ്. പുതിയ കാലത്ത് മുസ്‌ലിം വിഭാഗങ്ങള്‍ നടത്തുന്ന സായുധ പോരാട്ടത്തെ രണ്ടായി തരംതിരിക്കാം. ഒന്ന്: ചെറുത്തുനില്‍പ്പ്. രാഷ്ട്രീയ, സൈനിക അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ സാധ്യതകളും അടയുന്ന സന്ദര്‍ഭത്തില്‍ പ്രതിരോധത്തിന്റെ അവസാനത്തെ ചുവടെന്ന നിലക്ക് സായുധ പോരാട്ടം സ്വീകരിച്ച സംഘങ്ങള്‍. അവര്‍ ലക്ഷ്യം വെക്കുന്നത് സൈന്യത്തെയാണ്.
രണ്ട്: സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്ന ഭീകര സംഘങ്ങള്‍. അല്‍ഖാഇദ, ഐസിസ്, ബോകോ ഹറാം, അന്നുസ്വ്റ, സിപ സ്വഹാബ തുടങ്ങിയവ ഉദാഹരണം. ഇവര്‍ നേര്‍ക്കുനേരെ പൊതുജനങ്ങളെ ലക്ഷ്യം വെക്കുന്നു. അവരെ വധിക്കാന്‍ തത്ത്വങ്ങള്‍ മെനയുന്നു. ഇത്തരം സംഘങ്ങളില്‍ ചേരാന്‍ പോകുന്ന വ്യക്തികളുടെ മാനസികാവസ്ഥയെ കുറിച്ച് കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയും ലോകത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ കിംഗ്സ് കോളേജ്  ലണ്ടന്റെ കീഴിലുള്ള ദ ഇന്റര്‍നാഷ്‌നല്‍ സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മാനസിക പിരിമുറുക്കവും അസ്വസ്ഥതയും മാനസികരോഗവുമാണ് ഒരു വിഭാഗം യുവാക്കളെ തീവ്രവാദ ആശയത്തിലേക്ക് എത്തിക്കുന്നതെന്ന്  പ്രസ്തുത പഠനങ്ങള്‍ തെളിയിക്കുന്നു.

ഭീകരവാദത്തിന്റെ അടിത്തറകള്‍
ഈ മുസ്‌ലിം ഭീകരവാദ സംഘങ്ങളുടെ ആശയാടിത്തറ പരിശോധിച്ചുനോക്കൂ. അഞ്ചു വിഷയങ്ങളില്‍ ഇവര്‍ ഒരുവശത്തും മുസ്‌ലിം സമുദായം മറുവശത്തും നിലയുറപ്പിക്കുന്നതായി കാണാം. അല്‍ വലാഉ വല്‍ ബറാഅ്, ജിഹാദ്, തക്ഫീര്‍, ഖിലാഫത്ത്, ഹിജ്റ എന്നിവയാണ് അവ. തങ്ങള്‍ പിന്‍പറ്റുന്നത് സലഫി ധാരയാണെന്ന് ഇവര്‍ വാദിക്കുന്നു. ഐസിസ് നേതാക്കളായ  അബൂ ഉമറുല്‍ ബഗ്ദാദി, അബൂഹംസ അല്‍ മുഹാജിര്‍  എന്നിവര്‍ തയാറാക്കി 2010-ല്‍ പുറത്തിറക്കിയ ഗ്രന്ഥ സമാഹാരമാണ് 'അല്‍ മജ്മൂഅ ലി ഖാദത്തി ദൗലത്തില്‍ ഇറാഖ് അല്‍ ഇസ്ലാമിയ്യ' (2010). അതില്‍ ഈ അഞ്ച് വിഷയങ്ങളും കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അമുസ്ലിംകളോട് നല്ല രീതിയില്‍ സഹവസിക്കരുത്, അവരുമായി ചങ്ങാത്തം പാടില്ല, അവരോട് ചിരിക്കരുത്, അവരുമായി യാതൊരു ബന്ധവും അനുവദനീയമല്ല... ഇങ്ങനെ പോകുന്നു ഇവരുടെ വാദങ്ങള്‍. അതിനു തെളിവായി മുന്നോട്ടുവെക്കുന്നത് 'അല്‍ വലാഉ വല്‍ ബറാഅ്' എന്ന ആശയമാണ്. വിദ്വേഷത്തിനും വെറുപ്പിനും  മതപരമായ അടിത്തറകള്‍ കെട്ടിച്ചമക്കാന്‍ അവര്‍ ശ്രമിക്കുന്നു.  ജിഹാദിന്റെ ന്യായം കുഫ്റ് ആണെന്ന് സിദ്ധാന്തിക്കുന്നു. എവിടെ കുഫ്റ് ഉണ്ടോ അവിടെ ജിഹാദ് അനിവാര്യമാണെന്നാണ് വാദം. കുഫ്റിനെ ഇല്ലായ്മ ചെയ്യലാണ് ഇവരുടെ കാഴ്ചപ്പാടില്‍ ജിഹാദ്. ജിഹാദ് പ്രതിരോധ പ്രവര്‍ത്തനമല്ല; കടന്നാക്രമണമാണെന്ന് ഇവര്‍ ശക്തമായി വാദിക്കുന്നു. ന്യൂനാല്‍ ന്യൂനപക്ഷമായ ഈ വിഭാഗം മുസ്ലികളില്‍ മഹാഭൂരിപക്ഷവും വഴിപിഴച്ചുപോയവരാണെന്ന് ആരോപിക്കുന്നു. ഭൂരിഭാഗം മുസ്ലിംകളെയും കാഫിറുകളായി മുദ്രകുത്തുന്നു. അല്ലെങ്കില്‍ മുര്‍തദ്ദ്, മുര്‍ജിഅ, മുനാഫിഖ്, മുബ്തദിഅ് തുടങ്ങിയ കോളങ്ങളിലേക്ക് ചേര്‍ക്കുന്നു. ഇന്ന് ലോകത്തുള്ള  മുസ്‌ലിംകളില്‍ മഹാഭൂരിഭാഗവും വധിക്കപ്പെടാന്‍ അര്‍ഹരാണെന്ന് പ്രഖ്യാപിക്കുന്നു. പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് അതിനാവശ്യമായ തെളിവുകള്‍ മെനെഞ്ഞെടുക്കുന്നു. ആയിരങ്ങള്‍ മാത്രമുള്ള ഗുണ്ടാ സംഘമാണ് ഇവര്‍. തങ്ങള്‍ തലവനായി നിശ്ചയിച്ച വ്യക്തിയെ ലോകത്തുള്ള മുഴുവന്‍ മുസ്ലിംകളും ഖലീഫയായി ബൈഅത്ത് ചെയ്യണമെന്ന് അവര്‍ ശഠിക്കുന്നു. ലോകത്തെമ്പാടുമുള്ള മുസ്ലിംകള്‍ സിറിയയിലേക്കോ ഇറാഖിലേക്കോ പലായനം ചെയ്യണമെന്ന് കല്‍പ്പിക്കുന്നു. അതാണത്രെ ഈ കാലഘട്ടത്തിലെ ഹിജ്റ!
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ, ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ്  തുടങ്ങിയവരുടെ ക്ലാസിക് ഗ്രന്ഥങ്ങളില്‍ ഇതിനെല്ലാം തെളിവുകള്‍ ഉെന്നാണ് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക. ആ ഗ്രന്ഥങ്ങള്‍ തെറ്റായി വായിക്കുകയോ ദുര്‍വ്യാഖ്യാനം നടത്തുകയോ ചെയ്യുകയാണ് യഥാര്‍ഥത്തില്‍.
ലോകത്തെ മുഖ്യധാരാ സലഫിസവുമായി ഇക്കൂട്ടര്‍ക്ക് വല്ല ബന്ധവുമുണ്ടോ? യാതൊരു ബന്ധവുമില്ല. ഇന്ന് ലോകത്തുള്ള സലഫി പ്രസ്ഥാനങ്ങളെ സാമൂഹിക-രാഷ്ട്രീയ മേഖലകളിലുള്ള അവരുടെ ഇടപെടല്‍ കണക്കിലെടുത്ത് ചിലര്‍ മൂന്നു ധാരകളായി വിഭജിക്കുന്നു്:
ഒന്ന്: സലഫിയ്യ ഇല്‍മിയ്യ. പ്രായോഗിക രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നു എന്നതാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത. മുസ്ലിം ഭരണാധികാരികള്‍ എന്നു വിളിക്കപ്പെടുന്ന ആര്‍ക്കെതിരെയും വിമത സ്വരം ഉയര്‍ത്താനോ പോരാടാനോ പ്രതിഷേധിക്കാനോ പാടില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ശിര്‍ക്ക് - ബിദ്അത്തുകളെ ഇല്ലായ്മ ചെയ്ത് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു അവസ്ഥ വന്നതിനു ശേഷം സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ ഇടപെട്ടാല്‍ മതിയെന്നാണവരുടെ നിലപാട്. സുഊദി അറേബ്യയിലെ ഔദ്യോഗിക മുഫ്തികളായ ശൈഖ് ഇബ്നു ബാസ്, സ്വാലിഹ് ഫൗസാന്‍, ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ ഉസൈമീന്‍, ശൈഖ് റബീഅ് ഹാദി അല്‍മദ്ഖലി തുടങ്ങിയവര്‍ ഉദാഹരണം.
രണ്ട്: സലഫിയ്യ ഹറകിയ. ആക്ടിവിസ്റ്റ് സലഫികള്‍. അഖീദയില്‍ സലഫിധാര മുറുകെപിടിക്കുന്നുണ്ടെങ്കിലും സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍  ഇഖ്‌വാന്‍ധാര പിന്തുടരുന്നവരാണെന്ന് ആദ്യം പറഞ്ഞ വിഭാഗത്തിലെ പണ്ഡിതന്മാര്‍ ഇവരെ മുദ്രകുത്തുന്നു. സുറൂര്‍ സൈനുല്‍ ആബിദീന്‍, സല്‍മാനുല്‍ ഔദ, ആഇദുല്‍ ഖര്‍നി, സഫറുല്‍ ഹവാലി,  അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്, അബ്ദുല്ല അസ്സബത്ത് തുടങ്ങിയവര്‍ ഈ ധാരയില്‍ പെടുന്നു. കുവൈത്തിലെയും അള്‍ജീരിയയിലെയും  സലഫി പാര്‍ട്ടികള്‍, ഈജിപ്തിലെ അന്നൂര്‍ പാര്‍ട്ടി എന്നിവ  ഈ ഗണത്തില്‍പെടുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് ഉദാഹരണമാണ്.
മൂന്ന്:  സലഫിയ്യ ജിഹാദിയ്യ. ഇസ്‌ലാമിക നിയമങ്ങള്‍ ഇല്ലാത്തിടത്ത്  ബലപ്രയോഗത്തിലൂടെ അവ നടപ്പിലാക്കണമെന്ന് വാദിക്കുന്ന വിഭാഗം. ലോക മുസ്‌ലിം സമൂഹത്തിലും സലഫി പ്രസ്ഥാനങ്ങളിലും നാമമാത്രമാണ് ഇവര്‍. മുസ്‌ലിം സമുദായത്തിനും സമാധാനസ്നേഹികളായ സമൂഹങ്ങള്‍ക്കുമെതിരെ ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ക്ലാസിക്കല്‍ സലഫി ഗ്രന്ഥങ്ങളിലെ വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചാണ് അവര്‍ തീവ്രവാദ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുന്നത്. മുസ്‌ലിം സമൂഹം അംഗീകരിച്ച ഒരു പണ്ഡിതനെ പോലും ഈ വിഭാഗത്തില്‍ കാണാനാവില്ല.
അബൂ മുഹമ്മദ് അല്‍ മഖ്ദീസി, അബൂ ബസീര്‍ അത്താര്‍തൂസി, അബൂ ഹംസ അല്‍മുഹാജിര്‍, അബൂ ഉമര്‍ അല്‍ബഗ്ദാദി, തുര്‍ക്കി ബിന്‍ അലി, അബൂ മുഹമ്മദ് അല്‍ അദ്നാനി, അയ്മന്‍ അല്‍ സവാഹിരി, അബൂബക്കര്‍ നാജി,  അബൂ മുസ്അബ് അസ്സൂരി, അബൂ ഖതാദ അല്‍ഫലസ്ത്വീനി, അബ്ദുല്‍ അസീസ് ബിന്‍ റാശിദ് അല്‍അന്‍സി, മുഹമ്മദ് ഖലീല്‍ അല്‍ഹുകൈമ, ഹാമിദ് ബിന്‍ അബ്ദുല്ല അല്‍അലി, നസര്‍ ബിന്‍ ഹമദ് അല്‍ഫവാദ്, സമൂദ് ബിന്‍ ഉഖ്ല അല്‍ശുഐബി തുടങ്ങിയ ഒരു കൂട്ടം എഴുത്തുകാരും പ്രഭാഷകരുമാണ് ഈ തീവ്രവാദ ആശയങ്ങള്‍ക്ക് സിദ്ധാന്തങ്ങള്‍ മെനയുന്നത്.  ഇവര്‍ മൂവായിരത്തിലധികം പുസ്തകങ്ങള്‍ വായനക്കാര്‍ക്കു മുമ്പാകെ വെക്കുന്നുണ്ട്. വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ആ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തുന്നു.

പ്രമാണ വായനയിലെ വൈകല്യങ്ങള്‍
പ്രമാണങ്ങള്‍ വായിക്കുന്നതിന് ഈ വിഭാഗം സ്വീകരിച്ച രീതിശാസ്ത്രം (Methodology)  അങ്ങേയറ്റം അപകടകരമാണ്. ഏടുകളിലെ വാചകങ്ങളെ ആശ്രയിക്കുമ്പോള്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ സ്വീകരിക്കുന്ന ഒരു തത്ത്വമുണ്ട്. അക്ഷര വായന നടത്തുന്നതിനു പകരം അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊരുള്‍ എന്താണെന്ന് കണ്ടെത്താന്‍ അവര്‍ ശ്രമിക്കും. ഒരുകാലത്ത് എഴുതപ്പെട്ട വാക്യങ്ങള്‍ മറ്റൊരു കാലത്ത് പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ അഞ്ചു നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്:
ഒന്ന്: ആ വാക്യങ്ങള്‍ എഴുതപ്പെട്ട ഭാഷയെക്കുറിച്ച് അഗാധ പാണ്ഡിത്യം ഉണ്ടാവുക.
രണ്ട്: അത് എഴുതപ്പെട്ട കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും എഴുതപ്പെട്ട സാഹചര്യവും  സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും ഗവേഷകന്‍ അറിഞ്ഞിരിക്കുക.
മൂന്ന്: ഇവ രണ്ടും മുന്നില്‍വെച്ച്  പ്രസ്തുത വാക്യങ്ങളില്‍നിന്ന് സിദ്ധാന്തം നിര്‍ധാരണം ചെയ്തെടുക്കാനുള്ള യുക്തിദീക്ഷ ഉണ്ടാവുക.
നാല്: എന്താണോ നിര്‍ധാരണം ചെയ്‌തെടുത്തത് അത് പ്രയോഗവല്‍ക്കരിക്കേണ്ട കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച്  കൃത്യമായ ബോധം ഉണ്ടാവുക.
അഞ്ച്: അത് ഫലപ്രദമായി പ്രയോഗവല്‍ക്കാനുള്ള ധിഷണ ഉണ്ടാവുക.
ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ തന്റെ 'ഇഅ്‌ലാമുല്‍ മുവഖിഈന്‍' എന്ന ഗ്രന്ഥത്തില്‍ ഇജ്ത്തിഹാദിനെ സംബന്ധിച്ച് വിവരിക്കുമ്പോള്‍ ഈ നിബന്ധനകള്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സുപ്രധാന സവിശേഷതയായ മധ്യമ നിലപാടിന് വിരുദ്ധമായി അത്യന്തം തീവ്രമായ നിലപാട് സ്വീകരിക്കുക എന്നതാണ് ഈ ഭീകരവാദികളുടെ മറ്റൊരു പ്രത്യേകത. ഇസ്‌ലാമിക നാഗരിക ചരിത്രം  വൈവിധ്യമുള്ള ഉള്ളടക്കങ്ങളാല്‍ സമ്പന്നമാണ്. അതെല്ലാം നിരാകരിച്ച് അധികാരം എന്ന ഒരൊറ്റ ബലതന്ത്രത്തിലേക്ക് ഇസ്‌ലാമിനെ ഒതുക്കുന്ന സമീപനമാണ് ഇവരില്‍ കാണുന്നത്. ഈ രീതിശാസ്ത്രം കൊളോണിയലിസത്തിന്റെയും ആധുനികതയുടെയും ഉല്‍പന്നമാണ്. ഈ രീതിശാസ്ത്രം സ്വീകരിക്കുന്നതിനാല്‍ പല പണ്ഡിതന്മാരും ഇവരെ സലഫിയ്യ ഹറഫിയ്യ  എന്ന് നാമകരണം ചെയ്യുന്നു. അഥവാ അക്ഷരപൂജകരായ സലഫികള്‍.

മാര്‍ദിന്‍ ഫത്വയുടെ യാഥാര്‍ഥ്യം
മറ്റൊന്നും പരിഗണിക്കാതെ കേവലം അക്ഷരങ്ങള്‍ മാത്രം അവലംബിച്ച് തെളിവുകള്‍ സമാഹരിക്കുന്നവര്‍ ചെയ്ത വേറൊരു അബദ്ധം സൂചിപ്പിക്കാം. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യയുടെ ഒരു ഫത്‌വയുണ്ട്. 'മാര്‍ദിന്‍ ഫത്‌വ' എന്നാണ് അത് അറിയപ്പെടുന്നത്. മംഗോളിയര്‍ മുസ്ലിം നാടുകളില്‍  ഇരച്ചുകയറി സര്‍വതും തകര്‍ത്തു തരിപ്പണമാക്കിയ സന്ദര്‍ഭം. ഇബ്നുതൈമിയ്യയുടെ ബാല്യകാലത്തായിരുന്നു ഈ സംഭവം. അദ്ദേഹത്തിന്റെ കുടുംബം കിഴക്കന്‍ തുര്‍ക്കിയിലെ മാര്‍ദിനില്‍നിന്ന് ദമസ്‌കസിലേക്ക് താമസം മാറി. ആക്രമണകാരികളായ മംഗോളിയര്‍ മുഴുവന്‍ ഇസ്ലാം സ്വീകരിക്കുന്നതിന് പിന്നീട് ചരിത്രം സാക്ഷ്യം വഹിച്ചു. മാര്‍ദിന്‍ പ്രദേശത്തിന്റെ ഭരണം ഒരു മംഗോളിയന്‍ രാജാവിന്റെ കൈയിലായിരുന്നു. അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചിരുന്നു. പക്ഷേ ഇസ്ലാമിക നിയമപ്രകാരം വിധി നടത്തിയിരുന്നില്ല.
ഇബ്നുതൈമിയ്യയോട്  അന്നാട്ടുകാര്‍ അതിനെക്കുറിച്ച് ഫത്‌വ ചോദിച്ചു: 'ആ രാജാവിനെ എന്താണ് ചെയ്യേണ്ടത്'? അദ്ദേഹം വിശദമായി ഒരു ഫത്‌വ എഴുതിക്കൊടുത്തു. ആ ഫത്‌വയില്‍ ഇങ്ങനെ ഒരു വാക്യമുണ്ട്: 'മുസ്ലിംകളെ മുസ്‌ലിംകളായി പരിഗണിക്കുകയും അമുസ്ലിംകളോട് യുദ്ധം നടത്തുകയും ചെയ്യുക.' ഐസിസ് പോലുള്ള തീവ്രവാദ സംഘങ്ങള്‍ തങ്ങളുടെ ചെയ്തികള്‍ക്ക് തെളിവായി ഉദ്ധരിക്കുന്നത് ഈ വാക്യമാണ്. അല്‍ജമാഅ അല്‍ ഇസ്ലാമിയ്യയുടെ  സൈദ്ധാന്തിക ആചാര്യനായ അബ്ദുസ്സലാം ഫര്‍റാജ് തന്റെ 'അല്‍ഫരീദ അല്‍ ഗാഇബ' എന്ന പുസ്തകത്തിലും അല്‍ഖാഇദയുടെ നിരവധി ഗ്രന്ഥങ്ങളിലും മുസ്ലിംകളെ തക്ഫീര്‍ ചെയ്യുന്നതിനും രാഷ്ട്രങ്ങളോട് യുദ്ധം ചെയ്യുന്നതിനും തെളിവായി ഇത് ഉപയോഗിക്കുന്നുണ്ട്. 2010-ല്‍ മാര്‍ദിന്‍ ഉലമാ കോണ്‍ഫറന്‍സ് നടക്കുന്ന സന്ദര്‍ഭം. മുകളില്‍ സൂചിപ്പിച്ച ഇബ്നുതൈമിയ്യയുടെ വാചകത്തില്‍ 'യുഖാത്തിലൂന്‍' (യുദ്ധം ചെയ്യുക) എന്ന പദം അവിടെ എഴുതപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്ന് ശൈഖ് ബിന്‍  ബയ്യ കോണ്‍ഫറന്‍സില്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ മറ്റുള്ളവരെല്ലാം അദ്ദേഹത്തെ വിമര്‍ശിച്ചു: 'എന്തിനാണ് താങ്കള്‍ ആ വാക്യത്തെ നിരാകരിക്കുന്നത്? അത് ഉള്‍ക്കൊള്ളുന്ന ആശയത്തെ വിമര്‍ശിച്ചാല്‍ പോരേ?' എന്നാല്‍ അദ്ദേഹം തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു.  
പിന്നീട് അദ്ദേഹം ദമസ്‌കസിലെ സാഹിരിയ ലൈബ്രറിയിലേക്ക് പോയി. പ്രസ്തുത ഫത്‌വയുടെ കൈയെഴുത്തുപ്രതി പരിശോധിച്ചു. 'യുഖാത്തിലൂന്‍' എന്ന വാക്കിന് പകരം 'യുആമിലൂന്‍' എന്നാണ്  കൈയെഴുത്ത്പ്രതിയില്‍ ഉള്ളത്. ഇബ്നുതൈമിയ്യയുടെ മറ്റു നാല് ഗ്രന്ഥങ്ങളിലും യുആമിലൂന്‍ എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. അഥവാ അമുസ്‌ലിംകളോട് സാധാരണ നിലയില്‍  ഇടപഴകുക എന്നാണ്  അതുകൊണ്ട് അര്‍ഥമാക്കുന്നത്; കൊല്ലുക എന്നല്ല! ഇവിടെ നോക്കൂ, വലിയൊരു തീവ്രവാദ ആശയം കെട്ടിപ്പടുക്കാന്‍ അവലംബമാക്കിയ വാക്ക് അച്ചടിപ്പിശകു മൂലം ഗ്രന്ഥത്തില്‍ കടന്നുകൂടിയതാണ്.  അക്ഷരങ്ങളെ മാത്രം ആശ്രയിച്ച് സിദ്ധാന്തം രൂപപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന അപകടം!

ഫത്വകളുടെ കാലബന്ധം
നിയമനിദാന ശാസ്ത്രം വിശദീകരിക്കുന്ന ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഒരു തത്ത്വമുണ്ട്: 'സ്ഥലകാല മാറ്റമനുസരിച്ച് ഫത്‌വയില്‍ മാറ്റം സംഭവിക്കും.' ഈ തത്ത്വം വിശദീകരിച്ചുകൊണ്ട് ഇബ്നുല്‍ ഖയ്യിം 'ഇഅ്‌ലാമുല്‍ മുവഖിഈനി'ല്‍ ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. 'ഫത്‌വയെ അല്ലാഹുവിന്റെ വിധി എന്ന് വിളിക്കുന്നതിനുള്ള വിലക്ക്' എന്നാണ് ആ അധ്യായത്തിന്റെ തലക്കെട്ട്.
ശരീഅത്തിന്റെ നിയമനിര്‍ദേശങ്ങള്‍ രണ്ടു തരത്തിലാണുള്ളത്:
ഒന്ന്: സവാബിത്ത് (costant). ഖണ്ഡിതവും വ്യക്തവുമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടവ. അവ മാറ്റങ്ങള്‍ക്ക് വിധേയമല്ല. എല്ലാ കാലത്തേക്കും ശാശ്വതമായ നിയമങ്ങള്‍. അതില്‍ വ്യാഖ്യാനസാധ്യതയുമില്ല.
2. മുതഗയ്യിറാത്ത് (Variables). പ്രമാണങ്ങളെ മുന്‍നിര്‍ത്തി പണ്ഡിതന്മാര്‍ ഇജ്തിഹാദിലൂടെ നിര്‍ധാരണം ചെയ്തെടുത്തവ. സ്ഥലകാല മാറ്റമനുസരിച്ച്  അവ മാറാന്‍ സാധ്യതയുണ്ട്. ഇവ വ്യാഖ്യാന സാധ്യതയുള്ള പ്രമാണങ്ങളാണ്. എന്നാല്‍ ശരീഅത്തിന്റെ പൊതുതത്ത്വങ്ങള്‍ക്കും ആത്മാവിനും നിരക്കുന്നതായിരിക്കണം വ്യാഖ്യാനങ്ങള്‍.
ഈ രണ്ടാമത്തെ ഇനമാണ് ഫത്വയുടെ മേഖല. ഒരു പണ്ഡിതന്‍ നല്‍കുന്ന ഫത്വക്ക് അദ്ദേഹം ജീവിച്ച സ്ഥലകാലവുമായി ബന്ധമുണ്ടാകും. അന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തിയാകാം ഫത്വ നല്‍കിയത്.  അതുകൊണ്ടുതന്നെ അവ ശാശ്വതവും ഖണ്ഡിതവുമായ വിധികളല്ല.  
എന്നാല്‍ നേരത്തേ പറഞ്ഞ തരത്തിലുള്ള തീവ്രവാദികള്‍ എല്ലാ ഫത്വകളെയും മാറ്റത്തിനു വിധേയമല്ലാത്ത ഖണ്ഡിത വിധികളായി പരിഗണിക്കുന്നു. അതിന് 'സലഫി മന്‍ഹജ്' എന്ന് പേരു നല്‍കുകയും ചെയ്യുന്നു.
ഐസിസിന്റെ ആശയങ്ങള്‍ വിശദീകരിക്കുന്ന 'അല്‍മജ്മൂഅ ലി ഖാദത്തി ദൗലത്തില്‍ ഇറാഖ് അല്‍ ഇസ്ലാമിയ്യ'യില്‍ ഇബ്നുതൈമിയ്യ, മുഹമ്മദുബ്നു അബ്ദില്‍ വഹാബ്, അഹ്മദുബ്നു അതീഖ്, അബ്ദുര്‍റഹ്മനുബ്നു സഅ്ദി തുടങ്ങിയ സലഫി പണ്ഡിതന്മാരെ ഉടനീളം ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെയാണ് തങ്ങളുടെ ഭീകരവാദ ആശയങ്ങള്‍ക്ക് അവര്‍ അടിത്തറ പാകിയിരിക്കുന്നത്. ഈ ഗ്രന്ഥത്തില്‍ ശീഈകളെയും മുസ്ലിം ബ്രദര്‍ഹുഡിനെയും മുര്‍തദ്ദുകളായി എണ്ണിയിരിക്കുന്നു. മൗലാനാ മൗദൂദി, സയ്യിദ് ഖുത്വ്ബ്, ഹസനുല്‍ ബന്നാ എന്നിവരെ എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ ശത്രുക്കളായി കാണുന്നത്? എന്തുകൊണ്ടാണ് ഇവര്‍ മുസ്ലിം ബ്രദര്‍ഹുഡിനെ ഇത്രയേറെ വെറുക്കുന്നത്? 'മുവാജഹ ഹാസിമ ബയ്നസ്സലഫിയ്യ അല്‍ ജിഹാദിയ്യ വല്‍ ഇഖ്‌വാനില്‍ മുസ്‌ലിമീന്‍' എന്ന ഗവേഷണ പുസ്തകത്തില്‍ മുഹമ്മദ് അബൂറുമ്മാന്‍, അക്‌റം ഹിജാസി എന്നിവര്‍ അതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
അക്ഷരപൂജകരായ തീവ്രവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഗുരുതരമാണെന്നു ചുരുക്കം. തങ്ങളെ അംഗീകരിക്കാത്ത മുഴുവന്‍ ആളുകളെയും കാഫിറുകളാക്കുകയും കൊല്ലുകയുമാണ് ഈ തെമ്മാടിക്കൂട്ടം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതര മതസ്ഥരോടൊപ്പം ബഹുസ്വര സമൂഹങ്ങളില്‍ സമാധാനപരമായി ജീവിക്കുന്നവര്‍ക്കിടയില്‍ പോലും ഇവര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തു വിതക്കുന്നു. തത്ത്വത്തില്‍ ഇതേ ആശയം തന്നെയാണ് ഇന്ത്യയിലെ ഹിന്ദുത്വ ഭീകരവാദികളുടേതും. ഈ വെറുപ്പിന്റെ ആശയത്തെ ശക്തിപ്പെടുത്തുകയാണ് അമേരിക്കയുടെ അജണ്ട. അതുവഴി മുസ്‌ലിം നാടുകളിലുടനീളം ആഭ്യന്തര യുദ്ധങ്ങള്‍ സൃഷ്ടിക്കാനുള്ള കുതന്ത്രം മെനയുകയാണ് അവര്‍. 'പ്രോജക്ട് ഫോര്‍ എ ന്യൂ മിഡിലീസ്റ്റ്', "Balkanisation' പോലുള്ള പദ്ധതികളിലൂടെ മുസ്‌ലിം നാടുകളെയും ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളെയും തുണ്ടംതുണ്ടമാക്കുകയെന്ന ഗൂഢ പദ്ധതിയും അമേരിക്കക്കു്. മാനവികതയിലും നീതിയിലും സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും  അധിഷ്ഠിതമായ ഇസ്ലാമിന്റെ യഥാര്‍ഥ സന്ദേശത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ഈയൊരു നിര്‍ണായക ഘട്ടത്തില്‍ മുസ്‌ലിം സമുദായത്തിന് സാധിക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌