Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

പ്രതിഭകളോടൊപ്പം സൗഹൃദം, സംവാദം

എം.വി മുഹമ്മദ് സലീം

(ജീവിതം-ഭാഗം 7)

ഖത്തര്‍ പഠനകാലത്ത് ഞങ്ങളും അറബ് വിദ്യാര്‍ഥികളും തമ്മിലുള്ള മത്സരം ഇഞ്ചോടിഞ്ചായിരുന്നു. അവസാന വര്‍ഷ പരീക്ഷയില്‍ എ. മുഹമ്മദലി സാഹിബിനും എനിക്കുമാണ് ക്ലാസിലെ ആദ്യ രണ്ട് റാങ്കുകള്‍. കേവലം ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് എനിക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടത്. 97.5 ശതമാനം മാര്‍ക്കുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മികവ് വളരെ പ്രകടമായ പരീക്ഷയായിരുന്നു അത്. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ ഒരു സാഹിത്യ മത്സരം സംഘടിപ്പിച്ചു. ഞാനതില്‍ ഉപന്യാസ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സമ്മാനം എനിക്കായിരുന്നു. ഞങ്ങളുടെ സ്ഥാപനത്തിന് സല്‍പേരുണ്ടാക്കിയ പ്രസ്തുത സംഭവം വന്ദ്യഗുരു യൂസുഫുല്‍ ഖറദാവി പല സന്ദര്‍ഭങ്ങളിലും അനുസ്മരിച്ചിട്ടുണ്ട്. 
എനിക്ക്   മാര്‍ക്ക് പ്രതീക്ഷിച്ചതിലും കുറയാന്‍ ഒരു പശ്ചാത്തലമുണ്ടായിരുന്നു. അക്കാലത്താണ് കുട്ടി ഹസന്‍ ഹാജി ഒരു സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയത്. മലയാളികള്‍ അദ്ദേഹത്തിന് പള്ളിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ അദ്ദേഹം മുജാഹിദിനെയും ജമാഅത്തിനെയും കണക്കിന് പ്രഹരിച്ചു. വഹാബികളെന്നും മൗദൂദികളെന്നും പതിവുപോലെ വിശേഷിപ്പിച്ച് നിരവധി ആരോപണങ്ങള്‍ അഴിച്ചുവിട്ടു. ഇദ്ദേഹം ഒരു വിവാദ പുരുഷനായതിനാല്‍ എ.വി അബ്ദുല്‍മജീദ് സാഹിബ് പ്രസംഗം റിക്കോര്‍ഡ് ചെയ്യാന്‍ രഹസ്യമായി ഏര്‍പ്പാട് ചെയ്തിരുന്നു. പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹം എന്നോട് ശൈഖ് ഇബ്‌നുഹജറിനെ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ശൈഖ് ഇബ്നുഹജറിനോട് പറഞ്ഞു: ''നാട്ടില്‍ ഞങ്ങള്‍ക്ക് തൗഹീദ് പ്രചരിപ്പിക്കാന്‍ പ്രയാസമാണ്. അവിടെ അധികവും ഞങ്ങള്‍ പിഴച്ചവരാണെന്ന് ധരിക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങളാണ്. ഞങ്ങള്‍ വഴിപിഴച്ചവരാണ് എന്ന് ഇവിടെ വന്നും അവരുടെ പണ്ഡിതര്‍ പ്രസംഗിച്ചു നടക്കുന്നു.'' എന്റെ സംസാരം കേട്ടപ്പോള്‍ ശൈഖിന് വലിയ വിഷമമായി. പ്രസംഗത്തിന്റെ അറബി പരിഭാഷ ഞാന്‍ തയാറാക്കി ശൈഖിന് നല്‍കി. അദ്ദേഹം കുട്ടി ഹസന്‍ ഹാജിയെയും കൂട്ടുകാരന്‍ വക്കീല്‍ അബ്ദുല്‍ ഖാദിറിനെയും കോടതിയിലേക്ക് വിളിപ്പിച്ചു. ശൈഖ് യൂസുഫുല്‍ ഖറദാവി, അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ എന്നിവരെയും, പരിഭാഷകനായി വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്ന് മുസ്ത്വഫാ ജബ്‌റിനെയും വിളിച്ചു വരുത്തി. 
വിചാരണ ആരംഭിച്ചു. കുട്ടിഹസന്‍ ഹാജിയുടെ  പ്രസംഗം പരിശോധിച്ചു. ശൈഖ് ചോദിച്ചു: ''വഹാബികളും മൗദൂദികളും വഴിപിഴച്ചവരാണ് എന്ന് സൂറത്തുന്നാസ് ഓതി താങ്കള്‍ പ്രസംഗത്തില്‍ പറയുന്നുണ്ടല്ലോ. ഏത് തഫ്സീറിലാണ് ആ അഭിപ്രായം പറഞ്ഞിട്ടുള്ളത്?'' കുട്ടി ഹസന്‍ ഹാജി പറഞ്ഞു: 'ഞങ്ങളുടെ നാട്ടിലെ പണ്ഡിതന്മാര്‍ അങ്ങനെ പറയാറുണ്ട്. അത് ഞാനും പറഞ്ഞുവെന്നേയുള്ളൂ.' പിന്നീടദ്ദേഹം ശൈഖിന്റെ ഒരു ലഘു കൃതിയില്‍ (അത് ഞാന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതായിരുന്നു) രക്തസാക്ഷികളെക്കുറിച്ച് വന്ന പരാമര്‍ശം എടുത്തു കാണിച്ച് 'ഇത് ശരിയല്ല. അവര്‍ ജീവിച്ചിരിക്കുന്നവരാണെന്ന് വിശുദ്ധ ഖുര്‍ആനിലുണ്ട്' എന്ന് പറഞ്ഞു. ശൈഖ് ചോദിച്ചു: ''എന്താണതിന്റെ പൊരുള്‍? അവര്‍ തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്നാണോ? അദൃശ്യ ലോകത്തുള്ള അവരുടെ ജീവിതവുമായി ഭൂനിവാസികള്‍ക്കെന്തു ബന്ധം?  അല്ലാഹുവിന് പകരം അവരെ വിളിച്ച് സഹായം തേടുന്നത് പ്രത്യക്ഷമായ ശിര്‍ക്കല്ലേ? നിങ്ങള്‍ ജനങ്ങള്‍ക്ക് നേര്‍മാര്‍ഗം കാണിച്ചു കൊടുക്കുന്നതിനു പകരം വഴികേടാണോ പഠിപ്പിക്കുന്നത്? മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ സല്‍പന്ഥാവിലേക്ക് തിരിച്ചുവരാന്‍ ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന സംഘടനകളെ നിങ്ങള്‍ താറടിച്ചു കാണിക്കുന്നതെന്തിനാണ്?'' 
ശൈഖ് യൂസുഫുല്‍ ഖറദാവി അവരോട് മനസ്സില്‍ തട്ടുന്ന രണ്ടു വാചകങ്ങള്‍ പറഞ്ഞു. ''ഇത്ര ദൂരം സഞ്ചരിച്ച് നിങ്ങളുടെ നാട്ടുകാരെ കണ്ടുമുട്ടിയപ്പോള്‍ അവര്‍ക്ക് നരകത്തില്‍നിന്ന് മോചനം നേടാനും സ്വര്‍ഗം ലഭിക്കാനും വഴികാട്ടുന്ന ഉപദേശമല്ലേ നിങ്ങള്‍ നല്‍കേണ്ടിയിരുന്നത്? നിങ്ങളുടെ നാട്ടിലെ അഭിപ്രായ വ്യത്യാസങ്ങളും പരസ്പര വൈരവും കടല്‍ കടത്തി കൊണ്ടുവരാനല്ലല്ലോ നിങ്ങള്‍ പണ്ഡിതന്മാര്‍ ശ്രമിക്കേണ്ടത്!'' 
മുസ്ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പവും ഭിന്നതയും കുത്തിപ്പൊക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത് എന്ന് ശൈഖിന് ബോധ്യപ്പെട്ടു. അവരെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ വിധിച്ചു. നാട്ടിലേക്ക് പോകാന്‍ വിധിച്ചാല്‍ പോകുന്നതുവരെ അയാള്‍ തടവിലായിരിക്കും. അതിനാല്‍ അവരുടെ മോചനവും യാത്രയും വേഗത്തിലാക്കാനും യാത്രാ കപ്പലിനു പകരം അവരുടെ ചെലവില്‍ വിമാനത്തിലാക്കാനും കുറേ പണിപ്പെടേണ്ടിവന്നു. പരീക്ഷാസമയത്ത് ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വ്യാപൃതനായിരുന്നു. അതുകൊണ്ട്  പരീക്ഷയില്‍ ഉദ്ദേശിച്ച ശതമാനം മാര്‍ക്ക് നേടാനായില്ല.  ഒന്നാം സ്ഥാനം നഷ്ടമായതിനെ കുറിച്ച് 'ഒരു മാര്‍ക്കല്ലേ, സാരമില്ല' എന്നായിരുന്നു വന്ദ്യ ഗുരുനാഥന്‍ യൂസുഫുല്‍ ഖറദാവിയുടെ ആശ്വാസവചനം. 
ശൈഖ് ഖറദാവിക്ക് ഞങ്ങളോട് പ്രത്യേക സ്നേഹമായിരുന്നു. യഥാര്‍ഥ  പിതൃവാത്സല്യം ആ ഗുരുനാഥനില്‍നിന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ശാന്തപുരം ഇസ്ലാമിയ കോളേജ് സന്ദര്‍ശിച്ച സന്ദര്‍ഭം. അന്ന് അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ഞങ്ങള്‍ ആദ്യത്തെ അഞ്ചു വിദ്യാര്‍ഥികളെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചു. ഖത്തറിലെ മതവിദ്യാലയത്തില്‍ അഭൂതപൂര്‍വമായ വൈജ്ഞാനിക ഉണര്‍വുണ്ടാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യം സഹായകമായി എന്ന് ശൈഖ് പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് ആവേശ ഭരിതരായി. ശൈഖിന്റെ പ്രഭാഷണങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ശിഷ്യന്മാരായ ഞങ്ങളായിരുന്നു. ഖറദാവി ആ പരിഭാഷയില്‍ ഏറെ സംതൃപ്തനായിരുന്നു. അദ്ദേഹം ഉദ്ദേശിച്ച ആശയം മുഴുവന്‍ ഒട്ടും ചോരാതെ സദസ്സിന് കൈമാറുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു.  കാരണം, സംസാരിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും ഒരേ ചിന്താധാരയിലുള്ളവരാണല്ലോ. 
വാര്‍ഷിക പരീക്ഷ കഴിഞ്ഞു. തുടര്‍ന്ന് പഠിക്കാന്‍  ഖത്തറില്‍ അന്ന് സൗകര്യം ഉണ്ടായിരുന്നില്ല. ഖത്തര്‍ യൂനിവേഴ്സിറ്റി  സ്ഥാപിതമായിട്ടില്ല. അതിനാല്‍ ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഖത്തറിലെ സുഊദി എംബസിയില്‍ എനിക്ക് ജോലി കിട്ടി. പോലീസിലും പട്ടാളത്തിലും ഇന്റര്‍വ്യൂവിന് പോയിരുന്നു. രണ്ട് സ്ഥലത്തും സെലക്ഷന്‍ കിട്ടി. എങ്കിലും സുഊദി എംബസിയില്‍ ശമ്പളവും ജോലി സൗകര്യവും കൂടുതലായിരുന്നു. അങ്ങനെ ഞാന്‍ എംബസിയിലെ ഉദ്യോഗസ്ഥനായി. എ. മുഹമ്മദലി, സി.ടി അബ്ദുര്‍റഹീം എന്നിവര്‍ പോലീസില്‍ ജോലി നേടി.  സാലിഹ് പൊന്നാനി ദുബൈയില്‍ ഒരു ജോലി ശരിപ്പെടുത്തി. കുറച്ച് കാലം തങ്ങിയ ശേഷം ഒ.പി ഹംസ മൗലവി നാട്ടിലേക്കു മടങ്ങി. 
പഠനകാലത്തു തന്നെ ഖത്തറിലെ പണ്ഡിതന്മാരുമായി ഞാന്‍ ബന്ധം സ്ഥാപിച്ചിരുന്നു. സുഊദി എംബസിയില്‍  ഉദ്യോഗം ലഭിച്ചതോടെ നാട്ടുകാരുമായി ധാരാളം ബന്ധങ്ങള്‍ ഉണ്ടായി.  പണ്ഡിതന്മാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചു. ഈ ബന്ധങ്ങളെല്ലാം പ്രസ്ഥാനത്തിനു വേണ്ടിയും നമ്മുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടിയും പിന്നീട് ഉപയോഗിക്കാന്‍ സാധിച്ചു. ശരീഅത്ത് കോടതികളുടെ തലവനായിരുന്നു ഖാദി അബ്ദുല്ലാഹിബ്‌നു സൈദ് ആല്‍ മഹ്മൂദ്. എംബസിയില്‍ ജോലി ലഭിച്ച ശേഷം അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു.  വലിയ പാണ്ഡിത്യവും വേറിട്ട കാഴ്ചപ്പാടുകളുമുള്ള വ്യക്തി. നമ്മുടെയും അവരുടെയും പഠനത്തിലെ വ്യത്യാസം ശൈഖുമായി സഹവസിച്ചപ്പോള്‍ കൂടുതല്‍ ബോധ്യപ്പെട്ടു. അദ്ദേഹം വായിച്ച ഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിന് കാണാതെ അറിയാം. ഓര്‍മശക്തിയുടെ മൂര്‍ച്ചയാണ് അതിനൊരു കാരണം. ഒരിക്കല്‍ നാട്ടില്‍നിന്നു വന്ന ഒരു പണ്ഡിതന്‍ പള്ളി ഇമാമിന്റെ ജോലി ലഭിക്കാന്‍ ശൈഖിനോട് ശിപാര്‍ശ ചെയ്യാന്‍ എന്നെ സമീപിച്ചു. പ്രഭാത നമസ്‌കാരം കഴിഞ്ഞാല്‍ വല്ലാതെ വൈകാതെ ശൈഖ് കോടതിയിലെത്തും. അപ്പോഴാണ് ഞാന്‍ സന്ദര്‍ശിക്കാറ്. നവാഗതനെയും കൂട്ടി ഞാന്‍ ശൈഖിനെ ചെന്നു കണ്ടു. പഠിച്ച ഗ്രന്ഥങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അദ്ദേഹം മഖാമാത്തുല്‍ ഹരീരി എന്നു പറഞ്ഞു. അപ്പോള്‍ ശൈഖ് അതില്‍നിന്ന് ഒന്നോ രണ്ടോ കഥകള്‍ കേള്‍പ്പിക്കാന്‍ പറഞ്ഞു. നമ്മുടെ പണ്ഡിതന്‍ മൗനിയായി. അദ്ദേഹം കഥകള്‍ കാണാതെ പഠിച്ചിട്ടില്ലല്ലോ. വെറുതെ വായിച്ച് അര്‍ഥം പറഞ്ഞ് പോയതല്ലേ? ഞാനിടപെട്ടു. ഞങ്ങള്‍ അറബി ഗ്രന്ഥങ്ങള്‍ കാണാതെ പഠിക്കുന്ന പതിവില്ല. അര്‍ഥവും വിശദീകരണവും മനസ്സിലാക്കിപ്പോവാറേ ഉള്ളൂ. ഉടനെ ശൈഖ് മഖാമാതുല്‍ ഹരീരിയില്‍നിന്ന് ഏതാനും കഥകള്‍ ഞങ്ങളെ കേള്‍പിച്ചു. ചെറുപ്പത്തില്‍ പഠിച്ചതാണ്. 
ശൈഖ് വെള്ളിയാഴ്ച നടത്തേണ്ട ജുമുഅ ഖുത്വ്ബ വ്യാഴാഴ്ച രാത്രി ഖത്തര്‍ റേഡിയോ പ്രതിനിധി റിക്കോര്‍ഡ് ചെയ്തു കൊ് പോകും. റിലെ സ്റ്റേഷനും മറ്റും ഉണ്ടാകുന്നതിനു മുമ്പാണത്. പിറ്റേന്ന് വൈകുന്നേരം ഖുത്വ്ബ റേഡിയോ  പ്രക്ഷേപണം ചെയ്യും. ഞങ്ങള്‍ പള്ളിയില്‍നിന്ന് കേട്ട അതേ പ്രസംഗം. വള്ളിപുള്ളി മാറ്റമില്ല. വാര്‍ധക്യസഹജമായ അവശതകള്‍ കാരണം അദ്ദേഹത്തിന്റെ കാഴ്ചക്കു മങ്ങലുണ്ടായിരുന്നു. എന്നാല്‍ ഹൃദിസ്ഥമാക്കിയതെല്ലാം ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നതിനാല്‍ കാഴ്ചക്കുറവ് ശൈഖിന് പ്രശ്‌നമല്ലാതായി. ശൈഖിന് ഒരു 'വായനക്കാരന്‍' ഉണ്ട്. ശൈഖിന്റെ മജ്‌ലിസിലേക്ക് അയാള്‍ എല്ലാ ദിവസവും വൈകുന്നേരം വരും. ഒരു മണിക്കൂര്‍ നേരം ഏതെങ്കിലും കിതാബ് വായിച്ചു കേള്‍പ്പിക്കും. കേട്ടത് അപ്പടി ശൈഖിന്റെ മനസ്സില്‍ പതിയും. പര്‍ദയുടെ വിഷയത്തില്‍ മുഖം മറയ്ക്കല്‍ സുന്നത്തല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇവ്വിഷയകമായി സയ്യിദ് മൗദൂദിയുടെ ഹിജാബ് എന്ന കൃതി അറബിയില്‍ ലഭ്യമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ തെളിവുകള്‍ പരിശോ ധിക്കാന്‍ പ്രസ്തുത ഗ്രന്ഥം ഒരിക്കല്‍  വായിക്കാന്‍ തെരഞ്ഞെടുത്തിരുന്നു. വായനക്കിടയില്‍ ചര്‍ച്ച നടക്കും. ഞാന്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കും. അതിനാല്‍ ശൈഖിന് എന്നോട് പ്രത്യേക അടുപ്പമായിരുന്നു. 
ഫിഖ്ഹില്‍ അദ്ദേഹത്തിന് ചില വേറിട്ട നിലപാടുകളുണ്ട്. ആ ആധുനിക  കാഴ്ചപ്പാടുകള്‍ വേഗത്തില്‍ ബോധ്യപ്പെട്ട ശിഷ്യനായിരുന്നു ഞാന്‍. ഹജ്ജില്‍ ജിദ്ദയില്‍നിന്ന് ഇഹ്റാമില്‍ പ്രവേശിക്കാം  എന്നാണ്  അദ്ദേഹത്തിന്റെ അഭിപ്രായം. ഇഹ്റാം എന്നാല്‍ ഇബാദത്തില്‍ പ്രവേശിക്കലാണ്. ഇഹ്റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഭൗതിക ചിന്തയും സംസാരങ്ങളും ഒഴിവാക്കണം. ഹറം, കഅ്ബ, ത്വവാഫ് തുടങ്ങിയവയിലേക്ക് മനസ്സ് കേന്ദ്രീകരിക്കണം. ഇഹ്റാമില്‍ പ്രവേശിക്കുന്നത് ജിദ്ദയില്‍നിന്നല്ലെങ്കില്‍ ഈ ഏകാഗ്രത ലഭിക്കുകയില്ല. എമിഗ്രേഷന്‍ പ്രക്രിയ പോലുള്ള പല കാര്യങ്ങളിലും ഹാജി വ്യാപൃതനാകേണ്ടിവരും. അതിനാല്‍ ഇഹ്‌റാം ജിദ്ദയില്‍നിന്നാവാം. ഉമര്‍ (റ) ഇറാഖില്‍നിന്ന് വരുന്നവര്‍ക്ക് ദാതു ഇര്‍ഖ് ഇഹ്‌റാമിന്റെ  കേന്ദ്രമാക്കിയത് കാലികമായ മാറ്റത്തിന് തെളിവാണ്..... തുടങ്ങിയ ന്യായങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. മൊറോക്കോയിലെ പണ്ഡിതന്മാര്‍ നേരത്തേ തന്നെ ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത്  ശൈഖിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അക്കാര്യം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ശൈഖിന് സന്തോഷമായി, അദ്ദേഹത്തിന്റെ അഭിപ്രായം അതുവഴി ബലപ്പെടുകയായിരുന്നു. 
ജംറകളില്‍ കല്ലെറിയുന്ന വിഷയത്തിലും അദ്ദേഹത്തിന്റെ വീക്ഷണം വ്യത്യസ്തമാണ്. ദുല്‍ഹജ്ജ് പതിനൊന്നും പന്ത്രണ്ടും തീയതികളില്‍ ളുഹ്‌റിനു ശേഷമേ കല്ലെറിയാവൂ എന്നാണ് ഫുഖഹാക്കളുടെ പൊതു അഭിപ്രായം. എന്നാല്‍ സ്വുബ്ഹ് നമസ്‌കരിച്ചതു മുതല്‍ കല്ലെറിയാം എന്നാണ് ശൈഖിന്റെ അഭിപ്രായം. നബി (സ) ളുഹ്ര്‍ നമസ്‌കാരശേഷമാണ് എറിഞ്ഞത്. ളുഹ്‌റിനു മുമ്പ് കല്ലെറിയാന്‍ പാടില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ മുന്നോട്ടുവെക്കുന്ന തെളിവ് ഇതാണ്. എന്നാല്‍ റസൂലിന്റെ കൂടെ ഹജ്ജ് ചെയ്തവര്‍ കല്ലേറ്, മുണ്ഡനം, ബലി തുടങ്ങിയ കര്‍മങ്ങള്‍ മുമ്പും പിമ്പും ചെയ്തതിനോട് തിരുമേനി പ്രതികരിച്ചത് 'അങ്ങനെ ചെയ്‌തോളൂ, അതിനൊന്നും വിരോധമില്ല' എന്നായിരുന്നു. ഉച്ചക്കു ശേഷം കുറച്ചു സമയം മാത്രമേ ഉള്ളൂ. അതിനിടയില്‍  ലക്ഷക്കണക്കിന് ഹാജിമാര്‍ കല്ലെറിയണം. ചെറിയ അകലങ്ങളിലാണ് മൂന്നു ജംറകള്‍. ഇക്കാരണത്താല്‍   കല്ലെറിയുന്നേടത്ത് എല്ലാ വര്‍ഷവും ധാരാളം പേര്‍ തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ സംഭവിക്കുന്നു. ഇതൊഴിവാക്കാന്‍ സമയ പരിധി വര്‍ധിപ്പിക്കണം- ഇതാണ് ശൈഖിന്റെ ന്യായം. തിരുമേനി പല കാര്യങ്ങളും ചെയ്യുമ്പോള്‍ 'അതിന്റെ സ്ഥലവും കാലവും വിശാലമാണ്, താന്‍ ചെയ്തതില്‍ പരിമിതമല്ല' എന്നു പഠിപ്പിച്ചിട്ടുണ്ട്. ദിവസം മുഴുവന്‍ കല്ലെറിയാം എന്ന് ചുരുക്കം. ശൈഖ് യൂസുഫുല്‍ ഖറദാവി ഈ ഫത്‌വക്ക് ശൈഖിനെ ശ്ലാഘിച്ച് പത്രത്തിലെഴുതി. ഞാന്‍ ശൈഖിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിച്ചു. അത് നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വിപ്ലവകരമായ അഭിപ്രായങ്ങള്‍ ആദ്യമൊന്നും സുഊദി പണ്ഡിതന്മാര്‍ അംഗീകരിച്ചിരുന്നില്ല. സു ഊദിയിലെ പണ്ഡിതന്മാരെ അദ്ദേഹം വിശേഷിപ്പിച്ചത്  'സുജനാഉല്‍ ഹുറൂഫ്' അഥവാ 'അക്ഷരങ്ങളുടെ തടവറയില്‍ കഴിയുന്നവര്‍' എന്നാണ്. 
മാസപ്പിറവിയാണ് മറ്റൊരു വിഷയം. ഭൂമിയില്‍ എവിടെ ചന്ദ്രോദയം ഉണ്ടായാലും മുസ്ലിംകള്‍ അതനുസരിച്ച് മാസം നിര്‍ണയിക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വ്യത്യസ്ത ഉദയസ്ഥാനങ്ങള്‍ ഇല്ല എന്ന് ശൈഖ് പറഞ്ഞു. ശാഫിഈ മദ്ഹബില്‍ ഉറച്ചുനില്‍ക്കുന്ന ശൈഖ് ഇബ്‌നുഹജര്‍ വിയോജിച്ചു. ആദ്യം എനിക്കും വിയോജിപ്പായിരുന്നു. ഉദയചന്ദ്രന്‍ എല്ലാ സ്ഥലത്തും കാണാനുള്ള പരിമിതി ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, വിഷയം കൂടുതല്‍ ഗഹനമായി പഠിച്ചപ്പോള്‍ എന്റെ അഭിപ്രായം ശരിയല്ലെന്നും ശൈഖിന്റെ കാഴ്ചപ്പാടാണ് ശരിയെന്നും എനിക്ക് ബോധ്യപ്പെട്ടു. 
ഖത്തറിലെ എന്റെ ആദ്യ മലയാള സാഹിത്യ സംരംഭം ശൈഖ് അഹ്മദ് ബിന്‍ ഹജറിന്റെ ഒരു ലഘു കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ്. 'ഏകദൈവ വിശ്വാസം' എന്നായിരുന്നു പരിഭാഷയില്‍ നല്‍കിയ പേര്. അറബിയില്‍ തത്വ്ഹീറുല്‍ ജനാനി വല്‍ അര്‍കാന്‍ അന്‍ ദറനിശ്ശിര്‍കി വല്‍ കുഫ്‌റാന്‍. ഹി. 1400-ല്‍ വിശുദ്ധ കഅ്ബാലയം പിടിച്ചടക്കി ഖിലാഫത്ത് പ്രഖ്യാപിച്ച ജുഹൈമാന്‍ അല്‍ ഉതൈബി താന്‍ മുസ്‌ലിം ലോകം കാത്തിരിക്കുന്ന മഹ്ദിയാണ് എന്ന് പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തില്‍ ശൈഖ് അബ്ദുല്ലാ ബിന്‍ സൈദ് ആല്‍മഹ്മൂദ് ബൃഹത്തായ ഒരു ഗ്രന്ഥം രചിച്ചു. 'മഹ്ദി എന്ന മിഥ്യ' എന്ന പേരില്‍ ഞാനത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തന്റെ ജുമുഅ ഖുത്വ്ബകള്‍ ക്രോഡീകരിച്ച് ധാരാളം വിഷയങ്ങളില്‍ ശൈഖിന്റെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലെല്ലാം അദ്ദേഹത്തിന്റെ വ്യതിരിക്തമായ കാഴ്ചപ്പാട് കാണാനാവും. 
ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്ന് ആവര്‍ത്തിച്ചു പറയുന്ന ശൈഖ് തന്റെ മനസ്സ് തുറന്ന ഒരു സന്ദര്‍ഭം ഓര്‍മയില്‍ വരുന്നു. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ശൈഖിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ഖത്തര്‍ ഭരണാധികാരി ശൈഖ് ഖലീഫയെ തുനീഷ്യയിലേക്ക് യാത്രയയച്ചത് അന്ന് പ്രഭാതത്തിലായിരുന്നു. മറ്റുള്ളവരോട് പറയാന്‍ കഴിയാത്ത തന്റെ ദുഃഖം ശൈഖ് ഞങ്ങളോട് പങ്കുവെച്ചു. തുനീഷ്യയിലെ മതമുക്ത രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ശിക്ഷണങ്ങള്‍ പരസ്യമായി നിഷേധിക്കുന്ന കാലമായിരുന്നു അത്. ഖത്തര്‍ ഭരണാധികാരി അവിടം സന്ദര്‍ശിക്കുന്നത് ഈ നിലപാടിനുള്ള അംഗീകാരമാണെന്നതിനാല്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശൈഖ് ശ്രമം നടത്തി. ഔദ്യോഗികമായി പ്രഖ്യാപിച്ച സന്ദര്‍ശനം റദ്ദാക്കല്‍ എളുപ്പമല്ല. 'ഇസ്‌ലാം ദുര്‍ബലമാണ്, മുസ്‌ലിംകള്‍ ദുര്‍ബലരാണ്' എന്ന രണ്ടു വചനങ്ങളില്‍ മനസ്സിലെ ദുഃഖം മുഴുവന്‍ ഒതുക്കിയ ശൈഖിന്റെ കണ്ണുകളില്‍നിന്ന് അശ്രു ധാരധാരയായി ഒഴുകി.
ഗള്‍ഫില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ആദ്യസംഘം ഞങ്ങളായിരുന്നു. ഞങ്ങള്‍ക്കു പിറകെ ചേന്ദമംഗല്ലൂരില്‍നിന്നും ശാന്തപുരത്തുനിന്നും ധാരാളം പഠിതാക്കളെത്തി.  ഒ. അബ്ദുല്ല, ഒ. അബ്ദുര്‍റഹ്മാന്‍, കെ. അബ്ദുല്ല ഹസന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ചേര്‍ന്ന് ഖുര്‍ആന്‍ ക്ലാസ് സംവിധാനം ഒരുക്കി. പ്രസ്ഥാനവുമായി നേരത്തേ ബന്ധമുണ്ടായിരുന്ന പി.കെ മുഹമ്മദലി, എ.വി അബ്ദുല്‍ മജീദ്, കേളോത്ത് അബ്ദുല്ല ഹാജി, ഈസക്കുട്ടി ഹാജി തുടങ്ങിയവര്‍ വാരാന്ത യോഗങ്ങളില്‍ ഞങ്ങളോടൊപ്പം സജീവമായി. ഖാസിം മൗലവി, അബ്ദുല്ലക്കുട്ടി മൗലവി എന്നിവരും ഖത്തറില്‍  വന്നെത്തിയപ്പോള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തനം ആരംഭിച്ചു. ഖാസിം മൗലവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ഹല്‍ഖ രൂപീകരിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ ഹല്‍ഖാ നാസിം. നാട്ടിലെ പല ഭാഗങ്ങളില്‍നിന്നും വരുന്ന  പ്രവര്‍ത്തകരെ ഞങ്ങള്‍ അതിലേക്ക് ബന്ധിപ്പിച്ചു. 'ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍' എന്നായിരുന്നു കൂട്ടായ്മയുടെ പേര്. സംഘടനക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാന്‍ പല ശ്രമങ്ങളും നടത്തി. വിദേശികള്‍ക്ക് സംഘടിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞില്ല. മതകാര്യ വകുപ്പിന്റെ ആശീര്‍വാദത്തോടെ ഇസ്‌ലാമിക്  അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു പോയി. കൂടുതല്‍ ആളുകള്‍ അതിലേക്ക് കടന്നുവന്നു. നിരവധി യൂനിറ്റുകളുണ്ടായി. ഇപ്പോള്‍ നാട്ടിലെ രീതിയില്‍തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അവസാനമായി പേരില്‍ ഒരു മാറ്റം വരുത്തിയിട്ടൂണ്ട്. സി.ഐ.സി എന്നാണ് പുതിയ പേര്. പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ വ്യത്യസ്ത സംവിധാനങ്ങളുണ്ട്, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളും. 
ഖാസിം മൗലവിക്കു ശേഷം അബ്ദുല്ലക്കുട്ടി മൗലവിയായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ്. ശേഷം കെ. അബ്ദുല്ല ഹസന്‍. പിന്നെ എ. മുഹമ്മദലി. ഇക്കാലത്തെല്ലാം ഞാന്‍ വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് എന്നെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. എനിക്ക് എടുത്തു പറയാവുന്ന ഒരു പരിഷ്‌കരണം കൊണ്ടുവരാന്‍ അല്ലാഹുവിന്റെ  അനുഗ്രഹമുണ്ടായി. പ്രവര്‍ത്തകരുടെ ചിരകാല സ്വപ്‌നമായിരുന്നു  സൗകര്യമുള്ള ഒരു ഓഫീസ്. 
പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറിയായിരുന്നു അതുവരെ ഓഫീസ്. ക്ലാസുകളും പരിപാടികളുമെല്ലാം അതില്‍തന്നെ. ഞങ്ങള്‍ ഓഫീസിനു വേണ്ടി ഒരു വലിയ ഫഌറ്റ്  വാടകക്കെടുത്തു. അതില്‍ ഒരു ഹാള്‍ നിര്‍മിച്ചു. പരിപാടികളെല്ലാം പുതിയ ഓഫീസ് ഹാളിലേക്ക് മാറ്റി. ഓഫീസ് ക്രമേണ വികസിച്ചു. തൊട്ടടുത്ത് പാകിസ്താന്‍കാരായ  പ്രവര്‍ത്തകരുടെ ഓഫീസും ഉണ്ടായിരുന്നു. 
ഓഫീസ് സൗകര്യം പല പ്രമുഖര്‍ക്കും സ്വീകരണം നല്‍കാന്‍ സഹായകമായി. ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, കെ.ഇ.എന്‍, ടി.കെ ഹംസ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി അനേകം നേതാക്കള്‍ക്ക് ഓഫീസില്‍  സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. 
മുജാഹിദ്-ജമാഅത്ത് അകല്‍ച്ച നാട്ടില്‍ ശക്തമായിക്കൊണ്ടിരുന്നു. അകല്‍ച്ചയുടെ അലകള്‍ ഗള്‍ഫിലുമുണ്ടായി. നാട്ടില്‍നിന്ന് പുതുതായി വരുന്ന മുജാഹിദ് പ്രവര്‍ത്തകരുടെ മനസ്സില്‍ ജമാഅത്ത് വിരോധം നിറഞ്ഞുനിന്നു. അത് അവര്‍ പല നിലക്കും പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും അവര്‍ക്ക് ഖത്തറില്‍ ഒരു നേതൃത്വമോ സംഘടിത രൂപമോ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ഗള്‍ഫിലുള്ള സാധാരണ മുജാഹിദ് പ്രവര്‍ത്തകരില്‍ ജമാഅത്ത് വിരോധം വളര്‍ന്നിട്ടുണ്ടായിരുന്നില്ല. പണ്ഡിതന്മാര്‍ക്കിടയില്‍ മാത്രമാണ് അത് നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ സംഘടിപ്പിക്കുന്ന ഏതു പരിപാടിയിലും എല്ലാവരും പങ്കെടുക്കുമായിരുന്നു. 
കുട്ടിഹസന്‍ ഹാജിയുടെ സംഭവത്തിനു ശേഷം മറ്റുള്ളവര്‍  മതപരിപാടികള്‍ നടത്തുമ്പോള്‍ സൂക്ഷ്മത  പാലിച്ചിരുന്നു. ആ സന്ദര്‍ഭത്തിലാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഖത്തറില്‍ വന്നത്. അവിടെ എത്തിയപ്പോള്‍ കുട്ടി ഹസന്‍ ഹാജിയുടെ കഥ അദ്ദേഹം കേട്ടു. അതിനാല്‍ അദ്ദേഹം ഒരു തന്ത്രം പ്രയോഗിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് മുഖേന എന്നെ ബന്ധപ്പെട്ടു. ഒരു പരിപാടി നടത്താന്‍ അനുവാദം വാങ്ങിക്കൊടുക്കണം എന്നാണ് ആവശ്യം. വിഷയം ഞാന്‍ ശൈഖ് ഇബ്നുഹജറുമായി ചര്‍ച്ച ചെയ്തു: 'നാട്ടില്‍ സ്വാധീനമുള്ള പണ്ഡിതനാണ്. നമ്മള്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ആളുകള്‍ താമസിക്കുന്ന മുറിയില്‍ അദ്ദേഹം രഹസ്യമായി പരിപാടി നടത്തും. അപ്പോള്‍ അദ്ദേഹം എന്താണ് പറയുന്നതെന്ന് നമുക്ക് അറിയാന്‍ കഴിയില്ലല്ലോ. മറിച്ച് നമ്മള്‍ അനുവാദം കൊടുക്കുകയാണെങ്കില്‍ അദ്ദേഹം എന്ത് പറയണമെന്ന് ശൈഖിന് നിര്‍ദേശിക്കാന്‍ കഴിയും.' എന്റെ അഭിപ്രായം ശൈഖിന് സ്വീകാര്യമായി. കാന്തപുരത്തെ ശൈഖ് ഇബ്നുഹജറിന്റെ അടുത്തേക്ക് ഞാന്‍ കൊണ്ടുപോയി. ശൈഖ്, കാന്തപുരത്തോട് പറഞ്ഞു: ''നിങ്ങളുടെ നാട്ടിലെ ധാരാളം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. നിങ്ങളെ പോലുള്ള പണ്ഡിതന്മാരുടെ വരവ് അവരുടെ മതപരമായ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തണം. അഭിപ്രായവ്യത്യാസങ്ങള്‍ പെരുപ്പിച്ചു കാണിക്കാനും ഭിന്നിപ്പില്‍നിന്ന് ഭിന്നിപ്പിലേക്ക് നയിക്കാനും നിങ്ങളാരും ശ്രമിക്കരുത്. അതിനാല്‍ ഇത്തരം മതപ്രഭാഷണമാണ് നിങ്ങള്‍ നിര്‍വഹിക്കേണ്ടത്.'' നിബന്ധന കാന്തപുരം അംഗീകരിച്ചു. അത്യന്തം സുന്ദരമായ നാലു പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി. പ്രഭാഷണങ്ങള്‍ നിരീക്ഷിക്കാന്‍ ശൈഖ് എന്നെ ചുമതലപ്പെടുത്തിയിരുന്നു. 
അഹ്‌ലുസ്സുന്നത്തിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഇസ്‌ലാമിക ജീവിതം നയിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാല്‍ മുസ്‌ലിംകള്‍ പരസ്പരം ഭിന്നിക്കുന്നതിനെ നാലു മദ്ഹബുകളിലെ അഭിപ്രായ വ്യത്യാസത്തോട് ഉപമിച്ചു. പരസ്പരം സഹകരിച്ചു ജീവിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ശ്രോതാക്കള്‍ ആവേശഭരിതരായ പ്രഭാഷണങ്ങള്‍! പ്രസംഗ പരിപാടി ഉദ്ഘാടനം ചെയ്തതും സമാപിപ്പിച്ചതും ഞാനായിരുന്നു. 
ഖത്തറിലെ മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ ഒരു പുതിയ അന്തരീക്ഷം സംജാതമാകാന്‍  സഹായകമാകേണ്ട ഒരു പരിപാടിയായിരുന്നു അത്.  എന്നാല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് മതരംഗത്തും രാഷ്ട്രീയ മേഖലയിലും ശത്രുക്കളുണ്ടായിരുന്നു. പൊതുജന ങ്ങളെ കൈയിലെടുക്കാന്‍ സാധിച്ച ഈ പരിപാടിയുടെ സല്‍ഫലം അദ്ദേഹം പ്രയോജനപ്പെടുത്തരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചന്ദ്രിക ദിനപത്രത്തില്‍ ഒരു റിപ്പോര്‍ട്ടു വന്നു; കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ജമാഅത്തെ ഇസ്‌ലാമിക്കാരുമായി സഹകരിച്ച് മതപ്രഭാഷണം നടത്തി! കാന്തപുരം അഖിലേന്ത്യാ  ലീഗിന്റെ സഹകാരിയായിരുന്നു. അതിനാല്‍ അദ്ദേഹം ചന്ദ്രികയുടെ റിപ്പോര്‍ട്ടിന് ഒരു മറുപടി ലീഗ് ടൈംസിന് അയച്ചു. പരിപാടിയില്‍ സുഊദി എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുത്തിരുന്നു, അയാള്‍ ജമാഅത്തുകാരനാണെന്ന് തനിക്ക് അറിയാമായിരുന്നില്ല എന്നായിരുന്നു വിശദീകരണം. 
എന്നാല്‍, കാന്തപുരത്തെ പരിപാടിക്കു മുമ്പ് വീട്ടില്‍ വിളിച്ച് സല്‍ക്കരിച്ചപ്പോള്‍ ഞങ്ങളുടെ ചര്‍ച്ചാവിഷയം ജമാഅത്തെ ഇസ്‌ലാമിയുമായി അദ്ദേഹത്തിനുള്ള വിയോജിപ്പിന്റെ  അടിസ്ഥാനങ്ങളായിരുന്നു. അതിനാല്‍ ഞാന്‍ ജമാഅത്തുകാരനാണെന്ന് അറിഞ്ഞിരുന്നില്ല എന്ന പ്രസ്താവന തികച്ചും വാസ്തവവിരുദ്ധമായിരുന്നു. ഒരു പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ അങ്ങനെ പറയാതെ വയ്യ എന്നതായിരുന്നു ഈ അവാസ്തവ പ്രസ്താവനയുടെ പശ്ചാത്തലം.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യവും സഹകരണവും സാധിക്കാന്‍ സഹായകമായ ഒരു സുവര്‍ണാവസരം പാഴായിപ്പോയ ദുഃഖത്തിലായിരുന്നു ഞാന്‍. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും വിലയിരുത്താനുമുള്ള ഹൃദയവിശാലത ഉണ്ടാക്കിയെടുക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭമായിരുന്നു നഷ്ടപ്പെട്ടത്. ചന്ദ്രികയുടെ റിപ്പോര്‍ട്ട് കാന്തപുരത്തെ തുടര്‍ന്നുള്ള യു.എ.ഇ സന്ദര്‍ശനത്തിലും അലോസരപ്പെടുത്തി. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ധാരാളം സമയം ഇതിന്റെ വിശദീകരണത്തിനായി ചെലവഴിക്കേണ്ടി വന്നു. ഞാന്‍ നാട്ടില്‍ വന്നപ്പോഴും പ്രശ്‌നം കെട്ടടങ്ങിയിരുന്നില്ല. പിന്നീട് കാന്തപുരവുമായി കുവൈത്ത് കരാര്‍ ഒപ്പുവെച്ചപ്പോള്‍ ഇതുപോലെ മനസ്സ് പ്രതീക്ഷാനിര്‍ഭരമായിരുന്നു. ദുഃഖകരം എന്നു പറയട്ടെ അതിന്റെ ഫലവും പ്രതീക്ഷിച്ചപോലെ മുസ്‌ലിം ഐക്യത്തിന്  മുതല്‍ക്കൂട്ടാക്കാന്‍ സാധിച്ചില്ല (കുവൈത്ത് കരാറിനെക്കുറിച്ച് വഴിയെ പരാമര്‍ശിക്കാം).
ശൈഖ് ഖറദാവിയില്‍നിന്ന് എനിക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രോത്സാഹനം നിസ്സീമമായിരുന്നു. ഞാന്‍ അത്രയും അര്‍ഹിക്കുന്നില്ല എന്ന് പലപ്പോഴും എന്റെ മനസ്സ് പറഞ്ഞു. ശിഷ്യന്മാരുമായി ഒത്തുചേരാന്‍ വിളിച്ചുചേര്‍ത്ത സംഗമങ്ങളില്‍ എനിക്ക് സ്ഥിരമായി എന്തെങ്കിലും പരിപാടി നല്‍കും. അവലോകനത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ സാഹിത്യ മത്സരത്തില്‍ ഖത്തറില്‍ ഒന്നാം സ്ഥാനം ഞാന്‍ കരസ്ഥമാക്കിയത് അനുസ്മരിക്കും. ശൈഖിനെ വീട്ടില്‍ സന്ദര്‍ശിക്കുമ്പോള്‍ വാര്‍ത്തകള്‍ സംക്ഷേപിക്കാന്‍ എന്നെ ഭരമേല്‍പിക്കും. കുടുംബ കാര്യങ്ങള്‍ വിശദമായി ആരാഞ്ഞശേഷം മത വിജ്ഞാനരംഗത്ത് എന്റെ മക്കളാരും ഇല്ലാത്തതില്‍ പരിഭവം പ്രകടിപ്പിക്കും. അവസാനം നടന്ന സംഗമത്തില്‍  ശിഷ്യന്മാരെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ എന്നെയാണ് തെരഞ്ഞെടുത്തത്  -  എന്നേക്കാള്‍ പ്രഗത്ഭരായ എത്രയോ ശിഷ്യന്മാര്‍ ശൈഖിനുണ്ട്. അവസാനമായി പ്രസിദ്ധീകരിച്ച ശൈഖിന്റെ അഞ്ചു വാള്യങ്ങളുള്ള ജീവിതാനുഭവങ്ങളില്‍ ഖത്തറിലെ മത വിദ്യാലയത്തിലെ എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ലേഖനം ചേര്‍ത്തിട്ടുണ്ട്. ജീവിതാനുഭവങ്ങളില്‍ പറഞ്ഞ പല സംഭവങ്ങളും ഞാനതില്‍ എഴുതിയിട്ടുണ്ട്.  ഇങ്ങനെ സ്‌നേഹം കൊണ്ടും പ്രോത്സാഹനം കൊണ്ടും വീര്‍പ്പുമുട്ടിക്കുന്ന പെരുമാറ്റമാണ് ഞാന്‍ അഭിവന്ദ്യനായ ഗുരുവില്‍നിന്ന് അനുഭവിച്ചറിഞ്ഞത്. ഇങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ സാധിച്ചാല്‍ നമ്മുടെ പല പ്രവര്‍ത്തകരെയും നന്നായി വളര്‍ത്തിക്കൊണ്ടുവരാനാവും. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഈ രംഗത്ത് പുതിയ ശീലം വളര്‍ന്നുവരേണ്ടതുണ്ടോ?  പ്രവര്‍ത്തകന്റെ പോരായ്മകള്‍ പ്രചരിപ്പിക്കുകയും നന്മകള്‍ക്കു നേരെ മൗനം ദീക്ഷിക്കുകയും ചെയ്യുന്നത് പ്രവര്‍ത്തകന്‍ മുരടിച്ചുപോകാന്‍ കാരണമാകും. 
ശൈഖ് അബ്ദുല്‍ മുഇസ്സില്‍നിന്നും ഇതുപോലെ സ്‌നേഹവും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. ഫലസ്ത്വീന്‍ പ്രശ്‌നത്തിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ജൂത സൈന്യങ്ങള്‍ക്കെതിരെ രണാങ്കണത്തില്‍ പൊരുതിയ അദ്ദേഹത്തില്‍നിന്ന് ഫലസ്ത്വീന്‍ പ്രശ്‌നത്തിന്റെ എഴുതപ്പെടാത്ത ചരിത്രം വായിച്ചെടുക്കാനായി. ഒരു തവണ കേരളം സന്ദര്‍ശിച്ച അനുഭവത്തില്‍നിന്ന് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളെയെല്ലാം പേരു പറഞ്ഞ് ഓര്‍ക്കുമായിരുന്ന അദ്ദേഹത്തിന്റെ കൂര്‍മമായ ഓര്‍മശക്തി അന്ത്യശ്വാസം വരെ നിലനിന്നു. ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും എന്തെല്ലാം പ്രാസ്ഥാനിക ചലനങ്ങള്‍ നടക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഗുണകാംക്ഷിയാ യിരുന്നു ശൈഖ് അബ്ദുല്‍ മുഇസ്സ്. മാധ്യമം പത്രം ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈജിപ്തില്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ പത്രം നടത്തി പരാജയപ്പെട്ട കഥ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. മാധ്യമം പിടിച്ചുനിന്നത് കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ മേന്മയായി ശൈഖ് പലരോടും പറയുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌