Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

ഹിജ്‌റയിലെ മാതൃകകള്‍, പാഠങ്ങള്‍

അബ്ദലാവി ലഖ്‌ലാഫ

ഇസ്ലാമിന്റെ ജന്മഗേഹമായ മക്കയില്‍നിന്ന് മദീനയിലേക്കുള്ള നബിയുടെ ഹിജ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ശത്രുക്കളുമായും ചതിപ്രയോഗം നടത്തുന്നവരുമായുമുള്ള ഏറ്റുമുട്ടലുകളിലും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ സാമൂഹികാവസ്ഥകളിലും ഇത് വലിയ സ്വാധീനമാണുണ്ടാക്കിയത്. വിശ്വാസത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു പറ്റം വിശ്വാസികള്‍ ഒരു വശത്ത്. ഇസ്ലാമിനെ മുളയിലേ നുള്ളിക്കളയാനുള്ള പദ്ധതികളുമായി നിഷേധികളും അവരുടെ സഹായികളായി ജൂതഗോത്രങ്ങളും മറുവശത്തും. മദീനയിലേക്കുള്ള ഹിജ്റ ആദ്യത്തേതായിരുന്നില്ല. മക്കാ ജീവിതകാലത്ത് സ്വഹാബികളില്‍ വലിയ പീഡനങ്ങള്‍ നേരിട്ടവര്‍ക്ക് എത്യോപ്യയിലേക്ക് ഹിജ്റ പോകാന്‍ നബി (സ) അനുവാദം നല്‍കിയിരുന്നു. എത്യോപ്യയിലെ ഭരണാധികാരിയുടെ ഗുണവിശേഷങ്ങള്‍ കേട്ട് ദീനിന്റെ വക്താക്കളെ അദ്ദേഹം പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് നബി അത് ചെയ്തത്. 
മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഹിജ്റയുടെ പല പ്രത്യേകതകളും ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. മുസ്ലിംകള്‍ക്ക് ഈ ലോകത്ത് വലിയ സുകൃതമായും പരലോകത്ത് പാപമോചനവും രക്ഷയുമായും ഹിജ്റ മാറുമെന്ന് അല്ലാഹു വ്യക്തമാക്കുന്നു: ''ഉപദ്രവിക്കപ്പെട്ട ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്ക് ഈ ലോകത്ത് നാം വലിയ നന്മകള്‍ ഒരുക്കിവെച്ചിട്ടുണ്ട്'' (അന്നഹ്ല്‍ 41), ''പലായനം ചെയ്യുകയും വീടുകളില്‍നിന്ന് പുറത്താക്കപ്പെടുകയും എന്റെ മാര്‍ഗത്തില്‍ ഉപദ്രവങ്ങളേല്‍ക്കേണ്ടിവരികയും പോരാടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവര്‍ക്ക് ഞാന്‍ എല്ലാ തെറ്റുകളും പൊറുത്തുകൊടുക്കുന്നതാണ്'' (ആലുഇംറാന്‍ 195).
ഇസ്ലാമിക രാഷ്ട്രത്തിന്റെ തുടക്കം മാത്രമല്ല, പുതുചരിത്രത്തിന്റെ പ്രാരംഭം കൂടിയാണ് ഹിജ്റ. താമസസ്ഥലം മാറുക എന്നൊരു ചെറുകാര്യമായല്ല, മഹത്തായ ചരിത്ര സംഭവമായാണ് അതിനെ കണക്കാക്കുന്നത്. അലി (റ) ഇക്കാര്യം വ്യക്തമാക്കുന്നു്: ''ഹിജ്റ സത്യത്തെയും മിഥ്യയെയും വേര്‍തിരിച്ചു. അതുകൊണ്ട് നിങ്ങള്‍ അതിനെ അടിസ്ഥാനമാക്കി ചരിത്രമെഴുതുക.'' ഇസ്ലാം ചരിത്രാവബോധത്തിന് നല്‍കുന്ന പരിഗണനയും നമുക്കിതില്‍നിന്ന് മനസ്സിലാക്കാം. നബി(സ)യുടെയും സച്ചരിതരായ അനുചരന്മാരുടെയും ഹിജ്റയില്‍നിന്ന് ഇന്നത്തെ മുസ്ലിംകള്‍ക്ക് പാഠങ്ങളു്; അവ മനസ്സിലാക്കിയിരിക്കണം.

ഹിജ്റ: സച്ചരിതരുടെ മഹത്തായ ചര്യ

ഖുര്‍ആന്‍ വരച്ചുവെച്ച ചരിത്രഭൂപടത്തില്‍ മര്‍ദനങ്ങളില്‍നിന്നും ഫിത്നകളില്‍നിന്നും രക്ഷതേടി ദീനിനെ സംരക്ഷിക്കാന്‍ നടത്തിയ ധാരാളം പലായനങ്ങള്‍ കാണാം. പ്രത്യേക കാലത്തോടോ ദേശത്തോടോ മാത്രം ബന്ധപ്പെട്ട ഒരു കാര്യമല്ലിത്. പ്രാപഞ്ചിക നടപടിക്രമം പോലെ നിലനില്‍ക്കുന്ന ഒരു കാര്യമാണ് ഹിജ്റ. പ്രവാചകന്‍ എത്യോപ്യയിലേക്ക് നടത്താന്‍ ഉദ്ദേശിച്ച പലായനം അദ്ദേഹം ആവിഷ്‌കരിച്ച ഒരു പുത്തന്‍ കാര്യമായിരുന്നില്ല. നബിയുടെ പിതാമഹന്‍ ഇബ്റാഹീം നബിയുടെ പാരമ്പര്യമാണിത്. തന്റെ സമൂഹം അവര്‍ക്കൊപ്പം ജീവിക്കാന്‍ സമ്മതിക്കാതായപ്പോള്‍ അദ്ദേഹം പലായനം ചെയ്യുകയുായി. ഖുര്‍ആന്‍ പറയുന്നു: ''ഇബ്റാഹീം പറഞ്ഞു: ഞാന്‍ എന്റെ റബ്ബിലേക്ക് ഹിജ്റ ചെയ്യുകയാണ്. അവന്‍ അജയ്യനും യുക്തിജ്ഞനുമല്ലോ'' (അല്‍അന്‍കബൂത്ത് 26), ''അദ്ദേഹം പറഞ്ഞു: ഞാന്‍ എന്റെ റബ്ബിലേക്ക് പോവുകയാണ്. അവന്‍ എനിക്ക് വഴികാണിക്കും'' (അസ്സ്വാഫാത് 99). ഇവിടെ ഹിജ്റയെ നേര്‍മാര്‍ഗം തേടുന്നതിനോടും ആരാധനക്കുള്ള തടസ്സങ്ങള്‍ മറികടക്കുന്നതിനോടുമാണ് ചേര്‍ത്തു പറഞ്ഞിരിക്കുന്നത്. 
ഇതുപോലെത്തന്നെയാണ് ഗുഹാവാസികളുടെ സംഭവവും. അവര്‍ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാനായി എല്ലാ സുഖസൗകര്യങ്ങളും വിട്ട് ഗുഹയില്‍ അഭയം തേടുകയാണ്. അല്ലാഹു പറയുന്നു: ''ഇവര്‍, നമ്മുടെ ജനത  അവനു പുറമെ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുന്നു. അവരെ സംബന്ധിച്ച് ഒരു വ്യക്തമായ ലക്ഷ്യം ഇവര്‍ കൊണ്ടുവരാത്തത് എന്താണ്? അല്ലാഹുവിന്റെ മേല്‍ കളവു കെട്ടിച്ചമയ്ക്കുന്നവനേക്കാള്‍ അക്രമിയായിട്ടുള്ളവന്‍ ആരാണുള്ളത്?' (അവര്‍ തമ്മില്‍ പറഞ്ഞു:) 'അവരെയും അല്ലാഹുവിനെ ഒഴിച്ച് അവര്‍ ആരാധിച്ചുവരുന്നതിനെയും നിങ്ങള്‍ വിട്ടകന്നുനിന്ന സ്ഥിതിക്ക് ഇനി, (ആ) ഗുഹയില്‍ ചെന്ന് അഭയം പ്രാപിക്കുവിന്‍; നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തെ നിങ്ങള്‍ക്ക് വിശാലപ്പെടുത്തിത്തരികയും, നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് (വേണ്ടുന്ന) സൗകര്യം ശരിപ്പെടുത്തിത്തരികയും ചെയ്യുന്നതാണ്'' (അല്‍കഹ്ഫ് 15,16). ഗുഹാവാസികളുടെ പലായനം കാരണം അവരെ അല്ലാഹു ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും എന്നെന്നും സ്മരിക്കപ്പെടുന്നവരായി നിലനിര്‍ത്തുകയും ചെയ്തു. 
യൂസുഫ് നബിയുടേത് വേറിട്ട ഹിജ്റയായിരുന്നു. മ്ലേഛതകളില്‍നിന്നും ഭൗതികാസ്വാദനങ്ങളില്‍നിന്നും സംശുദ്ധിയുടെ ജയിലിലേക്കാണ് അദ്ദേഹം പലായനം ചെയ്തത്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ! ഇവര്‍ (ഈ സ്ത്രീകള്‍) എന്നെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനേക്കാള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു കാരാഗൃഹമാണേ!'' (യൂസുഫ് 33).

നബിയുടെ ഹിജ്റ: സച്ചരിതരുടെ ചര്യയുടെ സാക്ഷാല്‍ക്കാരം

പലായനം ഏറെ പ്രയാസങ്ങള്‍ നിറഞ്ഞതാണ്. ഏതൊന്നിനോട് മനുഷ്യന്‍ ഇണങ്ങിയാലും പിന്നെ അത് ഉപേക്ഷിക്കാന്‍ അവന് വലിയ പ്രയാസമായിരിക്കും. അതുകൊാണ് മക്ക വിട്ടുപോരുമ്പോള്‍ നബി(സ) മക്കയെ അഭിസംബോധന ചെയ്ത് ദുഃഖത്തോടെ ഇങ്ങനെ പറയുന്നത്: ''അല്ലാഹുവിന്റെ ഭൂമിയില്‍ ഏറ്റവും ഉത്തമമായതാണ് നീ. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഭൂമിയുമാണ്. ഇവര്‍ എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ലായിരുന്നു.'' മനുഷ്യന് തന്റെ ജന്മനാടിനോടുള്ള ഹൃദയബന്ധം പറിച്ചെറിയാനാകാത്തതാണ്. അതിനാല്‍ ഹിജ്റ അല്ലാഹുവിനു വേണ്ടി മാത്രമുള്ളൊരു ഉപേക്ഷിച്ചുപോക്കാണ്. മക്കയില്‍ തനിക്കും തന്റെ അനുയായികള്‍ക്കും തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ വെച്ചുപുലര്‍ത്താന്‍ സ്വാതന്ത്ര്യമില്ലാതായപ്പോഴാണ് നബിയുടെ ഹിജ്റ. ഡോ. സഈദ് റമദാന്‍ ബൂത്വി തന്റെ ഫിഖ്ഹുസ്സീറ എന്ന കൃതിയില്‍ കുറിക്കുന്നു: ''നബി(സ)യുടെ അനുയായികള്‍ മക്കയില്‍ ആദ്യം കൊടിയ പീഡനങ്ങളുടെയും പരിഹാസങ്ങളുടെയും പരീക്ഷണം നേരിട്ടു. അങ്ങനെ അവര്‍ക്ക് നബി പലായനം ചെയ്യാനുള്ള അനുമതി നല്‍കി. അപ്പോള്‍ അവര്‍ നാടും വീടും ധനവും വിഭവങ്ങളും ഉപേക്ഷിക്കുകയെന്ന പരീക്ഷണത്തെ അഭിമുഖീകരിച്ചു. ഈ പരീക്ഷണഘട്ടത്തില്‍ ത്യാഗത്തിന്റെ മികച്ച മാതൃകയായിത്തീര്‍ന്നു റോമക്കാരനായ സുഹൈബ്.  അല്ലാഹുവിന്റെ സമീപത്തുള്ളത് മാത്രം ആഗ്രഹിച്ച് അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം മക്കയില്‍ ഉപേക്ഷിച്ചാണ് മദീനയിലേക്ക് വരുന്നത്. ആ ത്യാഗത്തെ പ്രശംസിച്ച് നബി (സ) പറഞ്ഞു: സുഹൈബ് ലാഭം നേടി.''
നബി(സ)യും അനുചരന്മാരും തങ്ങളുടെ മുന്‍കഴിഞ്ഞ സച്ചരിതരെ പോലെത്തന്നെ അല്ലാഹുവിനു വേണ്ടി തങ്ങളുടെയെല്ലാ ഭൗതിക നേട്ടങ്ങളും സൗകര്യങ്ങളും ഉപേക്ഷിക്കുന്നതാണ് ഹിജ്റയില്‍ കാണാനാവുക. 

നബിയുടെ ഹിജ്റ: കാരണങ്ങളും മാര്‍ഗങ്ങളും

അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കാരണങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. എല്ലാ കാരണങ്ങള്‍ക്കും ഫലങ്ങളും. ഹിജ്റ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ആത്മാഭിമാനത്തിന് വേണ്ടിയായിരുന്നു.  നബി(സ) ഹിജ്റക്ക് പൊതു അനുവാദം നല്‍കിയതോടെ അബൂബക്ര്‍ സിദ്ദീഖ് (റ) മറ്റെല്ലാ സ്വാഹാബികളെയും പോലെ ഹിജ്റ പോകാന്‍ തിരക്കുകൂട്ടി. അപ്പോള്‍ നബി (സ) അദ്ദേഹത്തോട് യാത്ര വൈകിപ്പിക്കാന്‍ നിര്‍ദേശിച്ചു. അല്ലാഹു താങ്കള്‍ക്ക് ഹിജ്റയില്‍ ഉത്തമനായൊരു കൂട്ടാളിയെ നിശ്ചയിച്ചേക്കാമെന്ന് പറയുകയും ചെയ്തു. അപ്പോള്‍ അബൂബക്ര്‍ ആ കൂട്ടാളി നബിയാകാന്‍ ആഗ്രഹിക്കുകയും ആ യാത്രക്കായി രണ്ട് ഒട്ടകങ്ങളെ വാങ്ങിവെക്കുകയും ചെയ്തു. അബൂബക്ര്‍ തന്റെ ധനവും സന്താനങ്ങളുമെല്ലാം ഈ മഹാസംഭവത്തിനായി നീക്കിവെച്ചു. അങ്ങനെ ഒട്ടകങ്ങള്‍ക്കു പുറമെ മക്കളായ അബ്ദുല്ല, അസ്മാഅ്, ഭൃത്യന്‍ ആമിറു ബ്നു ഫുഹൈറ തുടങ്ങി എല്ലാവരും ഈ സംഭവത്തില്‍ പങ്കാളികളായി. 
മദീനയെ ഹിജ്റയുടെ ലക്ഷ്യസ്ഥാനമായി നിശ്ചയിക്കുന്നതു മുതല്‍ നബിയുടെ പലായനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നുണ്ട്. ഉബാദത്തുബ്നു സ്വാമിത്ത് മരണ ഉടമ്പടി എന്ന് വിശേഷിപ്പിച്ച ഒന്നാം അഖബ ഉടമ്പടിയോടെയാണ് മദീനയെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കുന്നത്. അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തുകയും സൂക്ഷിക്കാനേല്‍പിച്ച സാധനങ്ങള്‍ തിരിച്ചേല്‍പിക്കാന്‍ നബി അദ്ദേഹത്തെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തതും ഹിജ്റ നല്‍കുന്ന പാഠങ്ങളിലൊന്നാണ്. ഏതു പ്രതിസന്ധിയിലും മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് അവര്‍ക്ക് തിരിച്ചുനല്‍കിയിരിക്കണം. 
അബൂബക്‌റിന്റെ വീടിന്റെ പിന്‍വാതിലിലൂടെ സൗര്‍ ഗുഹയിലേക്കാണ് യാത്ര പുറപ്പെടുന്നത്. മൂന്നു ദിവസം അവിടെ. മക്കയിലെ നിഷേധികളെ കുറിച്ചുള്ള വിവരങ്ങളറിയിക്കാന്‍ അബ്ദുല്ലാഹിബ്നു അബീബക്‌റിനെ ഏല്‍പിച്ചു. പകല്‍ നിഷേധികള്‍ക്കിടയിലൂടെ നടന്ന് കിട്ടുന്ന വാര്‍ത്തകള്‍ രാത്രി നബിയെ അറിയിക്കുകയാണ് അദ്ദേഹം ചെയ്തത്. അബ്ദുല്ല പോകുന്ന വഴിയിലെ അദ്ദേഹത്തിന്റെ കാല്‍പാടുകള്‍ മായ്ക്കാന്‍ ഭൃത്യന്‍ ആമിര്‍ ആടുകളുമായി പിറകെ പോകും. ഇരട്ട അരപ്പട്ടക്കാരിയെന്ന് അറിയപ്പെട്ട അസ്മാഅ് ഭക്ഷണം ആ അരപ്പട്ടകളില്‍ കെട്ടി നബിക്കും തന്റെ പിതാവിനും എത്തിച്ചുകൊിരുന്നു. വഴികാട്ടിയായി മുസ്‌ലിമല്ലാത്ത ഒരാളെയാണ് നബിയും അബൂബക്‌റും ഏര്‍പ്പാടാക്കിയിരുന്നത്.

ഹിജ്റയില്‍നിന്നുള്ള പാഠങ്ങളും മാതൃകകളും

പണ്ഡിതന്മാര്‍ ഹിജ്യുടെ പാഠങ്ങളെയും അതിന്റെ ഗഹനമായ പൊരുളുകളെയും കുറിച്ച് ധാരാളം എഴുതിയിട്ടു്. ചിലത് ഇവിടെ എടുത്തെഴുതാം.
1. മുന്നൊരുക്കങ്ങള്‍ ഭരമേല്‍പിക്കലിനെതിരല്ല.
അല്ലാഹുവിന്റെ കല്‍പനയെന്ന നിലയില്‍ അല്ലാഹുവില്‍ ആത്മാര്‍ഥതയോടെ, നിഷ്‌കളങ്കമായി  ഭരമേല്‍പിക്കുന്ന പക്ഷം അല്ലാഹു തന്നെ ഹിജ്‌റ വിജയിപ്പിക്കും. എന്നാല്‍ അതല്ല നബി ചെയ്തത്. മറിച്ച്, തനിക്കാവുന്ന എല്ലാ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും ചെയ്തു. സാധാരണ യാത്ര ചെയ്യാത്ത മറ്റൊരു വഴിയിലൂടെ യാത്ര ചെയ്തു. രാത്രിയാണ് പുറപ്പെട്ടത്. ഇതിനെ കുറിച്ച് ഇബ്നുഹജര്‍ പറയുന്നു: ''തവക്കുല്‍ ആസൂത്രണങ്ങള്‍ നടത്തുന്നതിനെ തടയുന്നില്ല. കാരണം ഒരുക്കങ്ങള്‍ ശാരീരികമാണ്, തവക്കുല്‍ മാനസികവും.'' ശൈഖ് അബൂ മുഹമ്മദ് ബ്നു അബീ ജംറ മുന്നൊരുക്കങ്ങള്‍ തവക്കുലിന് മുമ്പ് അനിവാര്യമാണെന്ന് പറയുന്നു: ''ഒരാള്‍ക്ക് അനുവദനീയമായ മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതെല്ലാം ചെയ്യണം. അവ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തവക്കുലില്ല. ഇനി അയാള്‍ക്ക് മുന്നൊരുക്കങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ അയാള്‍ അല്ലാഹുവിന്റെ വിധിയില്‍ വിശ്വസിച്ച് അതില്‍ തൃപ്തിപ്പെടണം.'' 
2. രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കാം.
അബൂബക്‌റിനെ അറിയുന്ന ഒരാള്‍ ഹിജ്‌റക്കിടെ നബിയെയും അബൂബക്‌റിനെയും കണ്ടപ്പോള്‍ അബൂബക്ര്‍ നബിയെ പരിചയപ്പെടുത്തി അദ്ദേഹത്തോട് പറഞ്ഞു: 'അദ്ദേഹം വെള്ളത്തില്‍നിന്നാണ്, എന്റെ വഴികാട്ടിയാണ്.' ഇത് ആ വഴിപോക്കനെ തെറ്റിദ്ധരിപ്പിക്കലാണെങ്കിലും പറഞ്ഞത് സത്യമാണ്. നബി വെള്ളത്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും സ്വര്‍ഗത്തിലേക്ക് വഴികാട്ടുന്നവനാണ് അദ്ദേഹമെന്നുമാണ് അബൂബക്ര്‍ ഉദ്ദേശിച്ചത്. ഇത്തരത്തില്‍ ഭാഷയില്‍ വിദൂരമായ കാര്യം ഉദ്ദേശിച്ച് ചില കാര്യങ്ങള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പറയാവുന്നതാണ്. അതിന് തൗരിയ എന്നാണ് പറയുക. ഇതിനെകുറിച്ച് ഇബ്നുതൈമിയ്യ പറയുന്നു: ''ഉപദ്രവം തടയല്‍ നിര്‍ബന്ധമാണ്. തൗരിയ കൊണ്ടല്ലാതെ അത് സാധ്യമല്ലെങ്കില്‍ തൗരിയയും നിര്‍ബന്ധമാണ്. ഒരാളുടെ രക്തം ചിന്തുന്നത് ഒഴിവാക്കുന്നതുപോലുള്ള കാര്യങ്ങള്‍ ഉദാഹരണം.'' 
ഇബ്നുഹജര്‍ പറയുന്നു: ''അക്രമം ഇല്ലാതാക്കാനോ അവകാശം നേടാനോ ആണെങ്കില്‍ ഇത് പ്രയോഗിക്കാം. സത്യത്തെ ഇല്ലാതാക്കാനോ അര്‍ഹമല്ലാത്തത് നേടാനോ ആണെങ്കില്‍ അത് പാടില്ല.''
ഇമാം നവവി പറയുന്നു: ''അവശ്യസന്ദര്‍ഭങ്ങളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്. ഒരാളുടെയും അവകാശം അതുകൊണ്ട് നഷ്ടമാവരുത് എന്നത് ഇതിന്റെ നിബന്ധനയാകുന്നു.''
3. ഉപദ്രവം ഭയക്കാത്ത സന്ദര്‍ഭത്തില്‍ നിഷേധിയുടെയും സഹായം സ്വീകരിക്കാം. 
ഹിജ്റയില്‍ നബി(സ) അബ്ദുല്ലാഹിബ്നു ഉറൈഖിത്വ് എന്ന നിഷേധിയെ തന്റെ വഴികാട്ടിയായി നിശ്ചയിക്കുകയുായി. 
4. അല്ലാഹുവിന്റെ സഹായത്തിലും പിന്തുണയിലും ദൃഢവിശ്വാസം.  ഈ യാഥാര്‍ഥ്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ''രണ്ടു പേരില്‍ ഒരാളായിക്കൊണ്ട് അദ്ദേഹത്തെ ആ അവിശ്വസിച്ചവര്‍ (നാട്ടില്‍നിന്ന്) പുറത്താക്കിയ സന്ദര്‍ഭം. അവര്‍ രണ്ടു പേരും (ആ) ഗുഹയിലായിരുന്നപ്പോള്‍, അദ്ദേഹം തന്റെ ചങ്ങാതിയോട് പറഞ്ഞു: വ്യസനിക്കേണ്ട, നിശ്ചയമായും അല്ലാഹു നമ്മുടെ കൂടെയുണ്ട്'' (അത്തൗബ 40). നബി  അബൂബക്‌റിനെ ഇങ്ങനെ ആശ്വസിപ്പിക്കുന്നുമുല്ലോ: ''മൂന്നാമനായി അല്ലാഹുവുണ്ടെങ്കില്‍ (ഗുഹയില്‍ തനിച്ചുള്ള) രണ്ടു പേരെ കുറിച്ച് താങ്കളെന്താണ് കരുതുന്നത്.'' 
5. പള്ളി ഇസ്ലാമിലെ എല്ലാ കാര്യങ്ങളുടെയും കേന്ദ്രമാണ്. നബിയെയും കൂട്ടുകാരനെയും അല്ലാഹു രക്ഷിച്ച് മദീനയിലെത്തിച്ചപ്പോള്‍ അവിടെ ആദ്യം ചെയ്തത് പള്ളി നിര്‍മിക്കുകയാണ്. അതായിരുന്നു മദീനയില്‍ നബി നടപ്പാക്കിയ എല്ലാ പദ്ധതികളുടെയും കേന്ദ്രം. വിധികള്‍, ഭരണനിര്‍വഹണം എന്നിവ മുതല്‍ അന്‍സാരികള്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ സാഹോദര്യമുണ്ടാക്കിയതുമെല്ലാം ഇവിടെവെച്ചായിരുന്നു. 

ഹിജ്റയുടെ മഹത്തായ ഫലങ്ങള്‍
ഫിത്നകളില്‍നിന്ന് രക്ഷനേടി അല്ലാഹുവിനെ നിര്‍ഭയമായി ആരാധിക്കാനാകുന്ന സ്ഥലത്തെത്തുകയെന്നത് പ്രധാന ഫലമായിരുന്നു. വേറെയും ഫലങ്ങള്‍ പണ്ഡിതന്മാര്‍ എടുത്തുപറഞ്ഞിട്ടു്:
1. ദീനിന്റെ വ്യാപനവും ഫിത്‌നകളില്‍നിന്നുള്ള മോചനവും.
2. ഹിജ്റയോടൊപ്പം രക്തസാക്ഷിത്വത്തിനുള്ള പ്രതിഫലവും ലഭിക്കും. ''ആരെങ്കിലും തന്റെ വീട്ടില്‍നിന്ന് അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിലേക്കും 'ഹിജ്റഃ' പോകുന്നവനായി പുറപ്പെടുകയും, (എന്നിട്ട്) പിന്നീടവന് മരണം പിടിപെടുകയും ചെയ്യുന്നപക്ഷം, തീര്‍ച്ചയായും അവന്റെ പ്രതിഫലം അല്ലാഹുവിന്റെ മേല്‍ (ബാധകമായി) സ്ഥിരപ്പെട്ടു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അന്നിസാഅ് 100).
3. അല്ലാഹുവിന്റെ അനുഗ്രഹം തേടല്‍. അല്ലാഹു പറയുന്നു: ''നിശ്ചയമായും, വിശ്വസിച്ചവരും ഹിജ്റ ചെയ്തവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്തവരും, അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍ബഖറ 218).
4. വിഭവങ്ങളധികരിക്കാനും നിന്ദ്യത ഇല്ലാതാക്കാനുമുള്ള മാര്‍ഗമാണ് ഹിജ്റ. ''നിശ്ചയമായും, തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നവരായ നിലയില്‍ മലക്കുകള്‍ യാതൊരു കൂട്ടരെ (മരണപ്പെടുത്തി) പിടിച്ചെടുക്കുന്നുവോ, (അവരോട്) അവര്‍ മലക്കുകള്‍ പറയും; 'നിങ്ങള്‍ എന്തിലായിരുന്നു (നിലകൊണ്ടിരുന്നത്)?' അവര്‍ പറയും: 'ഞങ്ങള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നു.' മലക്കുകള്‍ പറയും: 'അല്ലാഹുവിന്റെ ഭൂമി വിശാലമായതായിരുന്നില്ലേ? നിങ്ങള്‍ക്ക് പലായനം ചെയ്യാമായിരുന്നില്ലോ?' അവരുടെ സങ്കേതം നരകമത്രെ. അത് എത്ര മോശപ്പെട്ട പര്യവസാനം!' (അന്നിസാഅ് 97).
ഇന്ന് ലോകത്ത് മുസ്ലിംകളുടെ അവസ്ഥ നമുക്കറിയാം. പലതരത്തില്‍ ശത്രുക്കളുടെ അക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും അവര്‍ ഇരകളായിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും നിന്ദ്യരും പതിതരുമാണ് അവര്‍. മറുവശത്ത് മുസ്ലിംകള്‍ ക്ഷണികമായ ഭൗതിക നേട്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയുമാണ്. അവര്‍ തീര്‍ന്നുപോകുന്ന ചെറിയ ആസ്വാദനങ്ങളിലും ദുര്‍വ്യയങ്ങളിലും മുഴുകിയിരിക്കുന്നു. അവര്‍ ചിന്തിക്കുന്നില്ല.  സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും അവര്‍ വളരെ താഴെയാണ്. ഇത്തരമൊരു അവസ്ഥയില്‍നിന്ന് ഹിജ്റ ചെയ്‌തേ മതിയാവൂ. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കും അവന്റെ സുരക്ഷക്കും വേണ്ടിയുള്ള പോരാട്ടവും അനിവാര്യമാണ്. അതിലൂടെ മാത്രമേ മുസ്ലിം സമുദായത്തിന് രക്ഷയുള്ളൂ. 
കടന്നുപോയ വര്‍ഷത്തേക്കാള്‍ ഉത്തമമായൊരു വര്‍ഷത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. 

(മൊറോക്കന്‍ അക്കാദമിഷ്യനാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌