Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

സമ്മേളനങ്ങളിലെ പങ്കാളിത്തം

ഹൈദറലി ശാന്തപുരം

(പ്രവാസ സ്മരണകള്‍-7)

യു.ഇ.എയിലെ പ്രവാസ ജീവിതകാലത്ത് നാട്ടില്‍ നടക്കുന്ന സുപ്രധാന സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അംഗീകൃത ലീവ് അഡ്ജസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അത് സാധിച്ചിരുന്നതെങ്കിലും, ചില സമ്മേളനങ്ങളില്‍ ദാറുല്‍ ഇഫ്തായുടെ ചെയര്‍മാന്‍ ശൈഖ് ഇബ്‌നുബാസിന്റെ അനുമതിയോടെ അതിന്റെ ഔദ്യോഗിക പ്രതിനിധി എന്ന നിലക്കാണ് സംബന്ധിച്ചത്.

ആലിയാ അറബിക്കോളേജ് 38-ാം വാര്‍ഷിക സമ്മേളനം
കാസര്‍കോട് ആലിയാ അറബിക്കോളേജിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു 1978 ഡിസംബര്‍ 29,30 തീയതികളില്‍ നടന്ന 38-ാം വാര്‍ഷിക സമ്മേളനം. ധാരാളം അറബി പണ്ഡിതന്മാരും ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം നേതാക്കളും അതില്‍ സംബന്ധിക്കുകയുണ്ടായി. 
ആലിയാ പ്രിന്‍സിപ്പല്‍ കെ.വി അബൂബക്കര്‍ ഉമരി മാസങ്ങള്‍ക്കു മുമ്പുതന്നെ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്തിയിരുന്നു. അദ്ദേഹം ദുബൈയിലെത്തിയപ്പോള്‍ എന്നെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സ്വന്തം നിലയില്‍ വരാന്‍ സാധ്യമാവില്ലെന്നും ഓഫീസില്‍നിന്ന് സമ്മതം ലഭിക്കുകയാണെങ്കില്‍ സംബന്ധിക്കാമെന്നും ഞാനേറ്റു. എന്നെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ശൈഖ് ഇബ്‌നുബാസിന് നല്‍കാനും നിര്‍ദേശിച്ചു. കെ.വി അബൂബക്കര്‍ ഉമരി രിയാദിലെത്തി ശൈഖ് ഇബ്‌നു ബാസിനെ കണ്ട് മൂന്ന് കാര്യങ്ങള്‍ക്ക് അപേക്ഷ നല്‍കി. ആലിയാ സമ്മേളനത്തിലേക്ക് ദാറുല്‍ ഇഫ്തായുടെ ഔദ്യോഗിക പ്രതിനിധിയെ അയച്ചുതരണം, എന്നെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം, സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ശൈഖിന്റെ സന്ദേശം വേണം. ഇതായിരുന്നു മൂന്ന് ആവശ്യങ്ങള്‍. ശൈഖ് മൂന്നും അംഗീകരിച്ചു. ദാറുല്‍ ഇഫ്തായുടെ പ്രതിനിധിയായി ശൈഖ് ഇസ്മാഈല്‍ അതീഖിനെയാണ് അയക്കാന്‍ തീരുമാനിച്ചത്. സുവനീറിലേക്ക് ഒരു സന്ദേശം എഴുതിത്തരികയും ചെയ്തു.
ആലിയയുടെ 38-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായത് അന്താരാഷ്ട്ര ഇസ്‌ലാമിക വിദ്യാഭ്യാസ സമ്മേളനമായിരുന്നു. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മക്ക), ദാറുല്‍ ഇഫ്താ (രിയാദ്), ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി (മദീന), ഇമാം മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റി (രിയാദ്), ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹ് (കുവൈത്ത്), ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹ് (ദുബൈ), ഈജിപ്ഷ്യന്‍ എംബസി (ദല്‍ഹി) എന്നിവയുടെ പ്രതിനിധികള്‍ക്കു പുറമെ ലോക്‌സഭാ സ്പീക്കര്‍ കെ.എസ് ഹെഗ്‌ഡെ, കേന്ദ്രമന്ത്രിമാരായിരുന്ന സുല്‍ഫികറുല്ലാ, ഫസ്‌ലുര്‍റഹ്മാന്‍, കര്‍ണാടക വിദ്യാഭ്യാസമന്ത്രി സുബ്ബയ്യ ഷെട്ടി, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ ഡോ. അന്‍സാരി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഇഹ്തിശാം അഹ്മദ് നദ്‌വി, കെ.സി അബ്ദുല്ല മൗലവി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.കെ അബ്ദുല്ല സാഹിബ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറി കെ.പി മുഹമ്മദ് മൗലവി, മുഹമ്മദ് അബുസ്സ്വലാഹ് മൗലവി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ഇഅ്ജാസ് അഹ്മദ് അസ്‌ലം തുടങ്ങിയ ദേശീയ നേതാക്കളും സമ്മേളനത്തില്‍ സംബന്ധിച്ചു.

അന്താരാഷ്ട്ര ഇസ്‌ലാമിക സാഹിത്യ സെമിനാര്‍
1981 മാര്‍ച്ച് 17,18,19 തീയതികളില്‍ ലഖ്‌നൗവിലെ ദാറുല്‍ ഉലൂമില്‍ ഒരു അന്താരാഷ്ട്ര ഇസ്‌ലാമിക സാഹിത്യ സെമിനാര്‍ നടക്കുകയുണ്ടായി. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ ഇസ്‌ലാമിക ലോകത്തെ പ്രമുഖ എഴുത്തുകാരും പണ്ഡിതന്മാരും സംബന്ധിച്ചിരുന്നു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി നടത്തിയ സ്വാഗത പ്രസംഗത്തില്‍, ചരിത്രത്തിലൊരിക്കലും അറബി ഭാഷ ആശയവിനിമയ മാധ്യമമല്ലാതിരുന്ന ഇന്ത്യയില്‍ എങ്ങനെയാണ് അറബി ഭാഷ പ്രചരിച്ചതെന്നും അറബി ഭാഷയില്‍ കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതന്മാരുണ്ടയതെന്നും വിവരിക്കുകയുണ്ടായി.
ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഞങ്ങളുടെ മുദീര്‍ ശൈഖ് ഉമറുബ്‌നു അബ്ദില്‍ അസീസ് അല്‍ ഉസ്മാന് ക്ഷണം ലഭിച്ചിരുന്നു. അദ്ദേഹം സെമിനാറില്‍ പങ്കെടുക്കാനും പരിഭാഷകനായി എന്നെ പങ്കെടുപ്പിക്കാനും ശൈഖ് ഇബ്‌നുബാസിനോട് അനുവാദം തേടുകയുണ്ടായി. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും സെമിനാറില്‍ സംബന്ധിച്ചു. യു.എ.ഇയില്‍നിന്ന് ഞങ്ങളുടെ സഹയാത്രികരായി ദൈദിലെ ഖാദി ശൈഖ് അലിബ്‌നു സ്വാലിഹ് അല്‍ മിഹ്ഫീതിയും അദ്ദേഹത്തിന്റെ പരിഭാഷകനായി ഹുസൈന്‍ ദീനാറുമുണ്ടായിരുന്നു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും കടമേരി കോളേജ് പ്രിന്‍സിപ്പലായിരുന്ന കുഞ്ഞബ്ദുല്ല കടമേരിയും അന്ന് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥികളായിരുന്നു.

ഹൈദരാബാദിലെ ആറാം അഖിലേന്ത്യാ സമ്മേളനം
ദാറുല്‍ ഇഫ്തായുടെ അനുമതിയോടെ പങ്കെടുത്ത ഒരു സുപ്രധാന സമ്മേളനമായിരുന്നു ഹൈദരാബാദിലെ വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആറാം അഖിലേന്ത്യാ സമ്മേളനം. 1981 ഫെബ്രുവരി 21,22,23 തീയതികളില്‍ നടന്ന സമ്മേളനം ജനബാഹുല്യം കൊണ്ടും സഹോദര സമുദായാംഗങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം കൊണ്ടും വിദേശ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. മുപ്പതിനായിരം വനിതകളും രണ്ടായിരം അമുസ്‌ലിംകളുമടക്കം ലക്ഷക്കണക്കില്‍ ആളുകളാണ് അതില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ പ്രതികൂല നിലപാട് കാരണം വിദേശ പ്രതിനിധികളില്‍ അധിക പേരുടെയും യാത്ര തടയപ്പെട്ടുവെങ്കിലും വിവിധ രാജ്യങ്ങളില്‍നിന്നുള്ള പതിനഞ്ചോളം വിദേശ പ്രതിനിധികള്‍ സംബന്ധിച്ചു. സൈനബുല്‍ ഗസ്സാലി, ഇറാനിലെ ഇപ്പോഴത്തെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനാഈ, റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല അബ്ദുല്‍ മുഹ്‌സിന്‍ അത്തുര്‍ക്കി എന്നിവര്‍ വിദേശ പ്രതിനിധികളില്‍ പ്രമുഖരാണ്.
അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് എനിക്കീ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത്. സമ്മേളനത്തോട് ബന്ധപ്പെട്ട മരിക്കാത്ത ചില ഓര്‍മകള്‍ കൂടി ഇവിടെ കുറിക്കാം:
ഞാന്‍ ദുബൈയില്‍നിന്ന് നാട്ടിലെത്തി ഭാര്യയെയും രണ്ടു വയസ്സ് പ്രായമുള്ള നാലാമത്തെ മകള്‍ മാജിദയെയും കൂട്ടി തുടര്‍ ദിവസം വിമാന മാര്‍ഗമാണ് സമ്മേളനത്തിന് പോയത്. വിമാനമിറങ്ങി ജമാഅത്തിന്റെ സംസ്ഥാന ഓഫീസ് കണ്ടുപിടിച്ച് അവിടെ അന്വേഷിച്ച ശേഷം സമ്മേളന നഗരിയിലെത്തിയപ്പോള്‍ കേരളത്തില്‍നിന്നുള്ള സമ്മേളന പ്രതിനിധികള്‍ക്കുള്ള ക്യാമ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയോ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. കേരളത്തില്‍നിന്നുള്ള പ്രതിനിധികളെ വഹിച്ചുകൊണ്ടുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ വൈകിയതായിരുന്നു കാരണം. സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ട്രെയിനിന്റെ യാത്ര, അധികൃതര്‍ വഴിയിലുടനീളം മനഃപൂര്‍വം വൈകിപ്പിക്കുകയും വെള്ളവും വെളിച്ചവും നല്‍കാതെ പ്രയാസപ്പെടുത്തുകയുമാണുണ്ടായത്. ട്രെയിന്‍ എത്തിയ ശേഷമാണ് ക്യാമ്പിന്റെ പണി പൂര്‍ത്തീകരിക്കുകയും സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തത്.
മറ്റൊരു സംഭവം സൈനബുല്‍ ഗസ്സാലിയുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ സ്റ്റേജില്‍ ഇരിക്കുകയോ വനിതകള്‍ പുരുഷന്മാരെ അഭിമുഖീകരിച്ച് പ്രസംഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന ധാരണ നിലനില്‍ക്കുന്ന കാലം. സൈനബുല്‍ ഗസ്സാലിയെ സ്റ്റേജില്‍ പുരുഷന്മാരുടെ കൂടെ ഇരുത്തുന്നത് ശരിയല്ല എന്ന നിലപാടാണ് അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് എടുത്തത്. സൈനബുല്‍ ഗസ്സാലിയെ മറക്കു പിന്നില്‍ സ്ത്രീകളുടെ കൂടെ ഇരുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അവസാനം പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി സ്റ്റേജിലെ രണ്ടാം നിരയുടെ ഒരറ്റത്ത് സ്ഥലമനുവദിക്കുകയാണുണ്ടായ്വത്. അവരുടെ പ്രസംഗം പൊതു സദസ്സിനു പകരം സ്ത്രീകള്‍ക്ക് മാത്രമുള്ള സദസ്സിലാക്കുകയും ചെയ്തു.
സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വിഷയത്തിലും പുരുഷന്മാര്‍ താടി വളര്‍ത്തുന്ന കാര്യത്തിലും തീവ്രത വെച്ചു പുലര്‍ത്തുന്ന ആളായിരുന്നു മുഹമ്മദ് യൂസുഫ് സാഹിബ്. ഒരു സംഭവം ഓര്‍ക്കുന്നു: ശാന്തപുരത്ത് നടന്ന ജമാഅത്ത് അംഗങ്ങളുടെ തര്‍ബിയത്ത് ക്യാമ്പ്. പള്ളിയിലായിരുന്നു ക്യാമ്പ്. പള്ളിയുടെ ഗ്രൗണ്ട് ഫ്‌ളോറില്‍ പുരുഷന്മാരും ഒന്നാം നിലയില്‍ സ്ത്രീകളുമാണ് ഇരുന്നിരുന്നത്. അഖിലേന്ത്യാ അമീറായിരുന്നു ഉദ്ഘാടകന്‍. ഞാന്‍ അദ്ദേഹത്തിന്റെ വിവര്‍ത്തകനും. പ്രസംഗശേഷം വനിതാ പ്രതിനിധികളോട് മാത്രം ചില കാര്യങ്ങള്‍ പറയണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. അവര്‍ ഇരിക്കുന്ന സ്ഥലത്ത് അദ്ദേഹം എന്നെയും കൂട്ടി പോയി. അവിടെ ചെന്ന് അവരുമായി അഭിമുഖമായി നിന്ന് സംസാരിക്കുന്നതിനു പകരം ഒരു ഭാഗത്തേക്ക് അല്‍പം ചെരിഞ്ഞുനിന്ന് തല താഴ്ത്തിയാണ് സംസാരിച്ചത്. സംസാരം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ എന്നോട് ചോദിച്ചു: ''ഹൈദറലി സാഹിബേ, ഇവിടത്തെ സ്ത്രീകളാരും മുഖം മറക്കാത്തതെന്തേ? അംഗങ്ങളില്‍ പലര്‍ക്കും താടിയില്ലല്ലോ. എന്താണവര്‍ താടി വളര്‍ത്താത്തത്?'' ഞാന്‍ പറഞ്ഞു: ''ഈ രണ്ടു കാര്യങ്ങളും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളാണ്. ഡോ. യൂസുഫുല്‍ ഖറദാവിയെ പോലുള്ള പ്രമുഖ പണ്ഡിതന്മാര്‍ക്ക് സ്ത്രീകള്‍ക്ക് മുഖം മറക്കല്‍ നിര്‍ബന്ധമല്ല എന്ന അഭിപ്രായമാണുള്ളത്. താടിയുടെ കാര്യത്തില്‍ പലരും നോക്കുന്നത് സയ്യിദ് ഖുത്വ്ബിനെ പോലെയുള്ളവരിലേക്കാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വജീവന്‍ നല്‍കി രക്തസാക്ഷിത്വം വരിച്ച ശഹീദ് സയ്യിദ് ഖുത്വ്ബിന് താടിയുണ്ടായിരുന്നില്ലല്ലോ.'' 'ആളെ നോക്കിയല്ല ശറഇലെ വിധികള്‍ തീരുമാനിക്കേണ്ടത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന അംഗങ്ങളുടെ പ്രത്യേക യോഗത്തിലുണ്ടായ ഒരഭിപ്രായ പ്രകടനം കൂടി ഓര്‍ക്കുന്നു. അംഗങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരമായപ്പോള്‍ മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാന്‍ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു: ''നമ്മുടെ ജമാഅത്തെ ഇസ്‌ലാമിക്ക് ഇന്ത്യയില്‍ ഒരു അമീറുണ്ടായിരിക്കണം. ഇപ്പോഴത്തെ അമീര്‍ വിദേശത്തെ അമീറാണ്.'' മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് നിരന്തരം വിദേശപര്യടനം നടത്തി ജമാഅത്തിനെ വിവിധ നാടുകളില്‍ പരിചയപ്പെടുത്തുന്ന കാലമായിരുന്നു അത്. ചിരിയോടെയാണ് എല്ലാവരും പ്രസ്തുത അഭിപ്രായപ്രകടനം ശ്രവിച്ചത്. അമീര്‍ തന്റെ വിദേശയാത്രകളുടെ പ്രസക്തിയും ആവശ്യകതയും സദസ്സിന് ബോധ്യപ്പെടുത്തിക്കൊടുത്തു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌