ഒരൊറ്റ മഴയില്‍
ഈ ഒരൊറ്റ മഴയില്‍
ഒരു വേലിക്കപ്പുറത്തു നിന്നും
നാമെന്നുമുതിര്‍ത്തിരുന്ന കൊലവിളികള്‍
നേര്‍ത്തു നേര്‍ത്തില്ലാതാവുന്നുണ്ട്
ഈ ഒരൊറ്റ മഴയില്‍
അപരിഹാര്യമായ നമ്മുടെ
വര്‍ഷപ്പഴക്കങ്ങളാല്‍ നരച്ച
അതിര്‍ത്തിത്തര്‍ക്കങ്ങള്‍ തീര്‍പ്പിലാവുന്നുണ്ട്
ഈ ഒരൊറ്റ മഴയില്‍
മല തുരക്കാനുള്ള നമ്മുടെ ത്വരയും
പുഴ നികത്താനുള്ള നമ്മുടെ ദുരയും
ഒഴുക്കില്‍പെടുന്നുണ്ട്
ഈ ഒരൊറ്റ മഴയില്‍
നാമന്യോന്യമുയര്‍ത്തിക്കെട്ടിയ
വെറുപ്പിന്റെ അസ്തിവാരങ്ങള്‍
കടപുഴകുന്നുണ്ട്
ഈ ഒരൊറ്റ മഴയില്‍
നിന്റെ ജീവനെടുക്കാന്‍
മൂര്‍ച്ചകൂട്ടിയ എന്റെ കത്തിമുനകള്‍
തുരുമ്പെടുക്കുന്നുണ്ട്
ഈ ഒരൊറ്റ മഴയില്‍
നിന്റെ വളപ്പിലേക്ക് ചാഞ്ഞുനില്‍ക്കുന്ന
എന്റെ മരച്ചില്ലകള്‍
പൊഴിച്ചിട്ട കരിയിലകളെക്കുറിച്ച
പെരുംതര്‍ക്കങ്ങള്‍ നേര്‍ത്തില്ലാതാവുന്നുണ്ട്
ഈ ഒരൊറ്റ മഴയില്‍
നിന്റെ മതവും എന്റെ മതവും
ഒരു പുതപ്പിനുള്ളില്‍ അന്തിയുറങ്ങുന്നതും
നിന്റെ ജാതിയും എന്റെ ജാതിയും
ഒരു വറ്റ് പകുത്ത് പശിയടക്കുന്നതും
നിന്റെ ദേഹവും എന്റെ ദേഹവും
മണ്ണിന്നാഴങ്ങളില്‍ ഊളിയിടുന്നതും
മഴമുകിലുകള്‍ നോക്കിയിരിക്കുന്നുണ്ട്
പ്രകൃതിയെ നോവിച്ച നമ്മുടെ
കൈകള്‍ക്ക് ബലക്ഷയം ബാധിക്കുന്നതും
നാം പച്ചക്ക് തുരന്നുതിന്ന
മലയുടെ കിനാവുകള്‍
നമ്മുടെ സ്വപ്‌നങ്ങളുടെ മേല്‍
ഉരുള്‍പൊട്ടി ഇടറിവീഴുന്നതും
നോവു പോല്‍ ബാക്കിയാവുന്നുണ്ട്;
തുള്ളിമുറിയാത്ത ഈയൊരൊറ്റ മഴയില്‍.....
Comments