Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

ചെമ്മലപ്പാറ അബ്ദുര്‍റഹ്മാന്‍ കുട്ടി

സി.പി ജസീന സഹീര്‍, കരിപറമ്പ്

തിരൂരങ്ങാടി ഏരിയയില്‍ കരിപറമ്പ് കാര്‍കുന്‍ ഹല്‍ഖയിലെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളാണ് ചെമ്മലപ്പാറ അബ്ദുര്‍റഹ്മാന്‍ കുട്ടി സാഹിബ്.
കരിപറമ്പ് പ്രദേശത്ത് പ്രസ്ഥാന ഘടകം ഔദ്യോഗികമായി നിലവില്‍ വരുന്നതിനു മുമ്പു തന്നെ ഗള്‍ഫില്‍ വെച്ച് പ്രസ്ഥാനഘടനയില്‍ സജീവമാവുകയും ഗള്‍ഫില്‍നിന്ന് തന്നെ കാര്‍കുന്‍ ആവുകയും ചെയ്തവരില്‍ ഒരാളായിരുന്നു അദ്ദേഹം. ദീര്‍ഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയ ശേഷം പ്രസ്ഥാന മാര്‍ഗത്തില്‍ സ്ഥിരസാന്നിധ്യമായിരുന്നു. നേതൃത്വം ഏല്‍പ്പിക്കുന്ന ഏതു കാര്യവും ഒരു മടിയും കൂടാതെ തന്നെ ഏറ്റെടുക്കുകയും ഭംഗിയായി ചെയ്യുകയും സമയനിഷ്ഠയുടെ കാര്യത്തില്‍ കണിശത പുലര്‍ത്തുകയും ചെയ്തു. തമാശക്ക്  കുട്ടികളോടു പോലും കളവ് പറയുന്നതിനെ നിരുത്സാഹപ്പെടുത്തുകയും കുട്ടികള്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കാന്‍ വീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹിറാ നഗര്‍ സമ്മേളനം നടക്കുന്ന സമയത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്നത്. ഞങ്ങള്‍ കുടുംബക്കാര്‍ ഒന്നിച്ചു സമ്മേളന നഗരിയില്‍ പ്രവേശിച്ചപ്പോള്‍ ദേഹമാസകലം പൊടിപിടിച്ച് തിരിച്ചറിയാനാകാത്ത വിധം ഡ്യൂട്ടി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഇന്നും മനസ്സിലെ മായാത്ത ചിത്രമാണ്. പ്രസ്ഥാന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കുടുംബത്തിലെ ഞങ്ങള്‍ക്ക് പ്രചോദനമായിരുന്നു. മരണശേഷം തൊട്ടടുത്തുള്ള സമസ്തയുടെ മദ്‌റസയില്‍ അവര്‍ അനുശോചന യോഗം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ വെച്ച് മദ്‌റസാ അധ്യാപകരും കമ്മിറ്റി അംഗങ്ങളും അബ്ദുര്‍റഹ്മാന്‍ കുട്ടി സാഹിബിനെ കുറിച്ച് പല അനുഭവങ്ങളും പറഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് പോലും അദ്ദേഹത്തിന്റെ ആഴത്തിലുള്ള വ്യക്തിബന്ധങ്ങളും ഇടപെടലുകളും തിരിച്ചറിയാന്‍ കഴിഞ്ഞത്.

 

എന്‍. മൊയ്തു ഹാജി (ഷിമോഗ മൊയ്തു ഹാജി)

കണ്ണൂര്‍ ജില്ലയിലെ വാരം പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു എന്‍. മൊയ്തു ഹാജി. പരിചയപ്പെടുന്ന ഏതൊരാളെയും വിസ്മയിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വളരെ ചെറിയ പ്രായത്തില്‍ നാടു വിട്ട് കര്‍ണാടകയിലെ ഷിമോഗയില്‍ എത്തിച്ചേരുകയും പരുക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങളെ അതിജയിച്ച് സാമ്പത്തിക സുസ്ഥിതി നേടിയെടുക്കുകയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രബോധകനാവുകയും ചെയ്തു അദ്ദേഹം. ചെറുപ്പത്തില്‍ ഷിമോഗയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തുകൊണ്ടിരിക്കെ ചായ കുടിക്കാനായി വന്ന ഒരാള്‍ മൗലാനാ മൗദൂദിയുടെ നിര്യാണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മൊയ്തുക്കാക്ക് മിഠായി നല്‍കി. ഒരാള്‍ മരിച്ചതിന് ഇത്രമാത്രം സന്തോഷിക്കുന്നതെന്തിന് എന്ന അന്വേഷണം മൊയ്തു ഹാജിയെ ഇസ്‌ലാമിക പ്രസ്ഥാനവുമായി അടുപ്പിക്കുകയായിരുന്നു. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ലീഗുകാരനായി തുടര്‍ന്ന് കൊണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമിയെ സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് രണ്ടു തവണ മുനിസിപ്പല്‍ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി. കര്‍ണാടകയില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ ആള്‍ബലമുള്ള സ്ഥലങ്ങളില്‍ പോലും സാധിക്കാത്ത പലതും ഷിമോഗയില്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മിച്ചതും ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹിലാല്‍ ഇംഗ്ലീഷ് സ്‌കൂള്‍ നിര്‍മിക്കാന്‍ സാധിച്ചതും അദ്ദേഹം ലീഗില്‍ സജീവമായ കാലത്താണ്.
1997-ല്‍ കേരള ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തിയ അദ്ദേഹം മുസ്‌ലിം ലീഗ് വിട്ട് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായി മാറി. നിരക്ഷരനായ അദ്ദേഹം മലയാളം, തമിഴ്, ഉര്‍ദു, കന്നട ഭാഷകള്‍ നന്നായി സംസാരിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുമായിരുന്നു. 2004-ല്‍ അംഗത്വ അപേക്ഷ നല്‍കിയതിനു ശേഷം വായിക്കാനുള്ള പുസ്തകങ്ങള്‍ മക്കളെ കൊണ്ടും സുഹൃത്തുക്കളെകൊണ്ടും വായിപ്പിച്ചു കേട്ട് മനസ്സിലാക്കിയാണ് അദ്ദേഹം മുലാഖാത്തുകളില്‍ പങ്കെടുത്തത്. തന്റെ ഹോട്ടലില്‍ എത്തുന്ന അമുസ്‌ലിം സുഹൃത്തുക്കള്‍ പോലും അദ്ദേഹത്തിന് പ്രബോധനം വായിച്ചുകൊടുക്കുമായിരുന്നു.
തിരക്കു പിടിച്ച ഹോട്ടല്‍ വ്യാപാരത്തിനിടയില്‍ എല്ലാ ദിവസവും വൈകീട്ട് നിശ്ചിത സമയം ഹോട്ടലില്‍നിന്ന് മാറിനില്‍ക്കും. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ബാഗില്‍ കരുതും. പരിചയപ്പെടുന്ന ആള്‍ ഏതു ഭാഷക്കാരനാണോ ആ ഭാഷയിലുള്ള പുസ്തകം നല്‍കും. സ്വന്തം പ്രവര്‍ത്തന തട്ടകമായ ഷിമോഗയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള വിസ്ഡം ഇംഗ്ലീഷ് സ്‌കൂളും പലിശരഹിത നിധിയും സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു.
കച്ചവടം പരാജയപ്പെട്ട് സാമ്പത്തികമായി തകര്‍ന്നുപോകുന്ന ആളുകളെ പണം നല്‍കിയും ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയും കൈപ്പിടിച്ചുയര്‍ത്താന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. ലളിതമായ ജീവിതം നയിച്ച അദ്ദേഹം വിലപിടിപ്പുള്ള എന്ത് വസ്തു ലഭിച്ചാലും അത് സ്വന്തമായി ഉപയോഗിക്കാതെ ഉടന്‍ ദാനം ചെയ്യുമായിരുന്നു. ഹലീമയാണ് ഭാര്യ. നൂര്‍ജഹാന്‍, സിദ്ദീഖ്, റഈസ് എന്നിവര്‍ മക്കളാണ്.

കെ.എം മഖ്ബൂല്‍, വാരം

 

വി.എം ഉസ്മാന്‍

ചാലക്കല്‍ ഇസ്‌ലാമിക് സെന്ററിന്റെ ശില്‍പികളും സാരഥികളുമായിരുന്ന ചാലക്കല്‍ സഹോദരന്മാരിലെ അവസാനത്തെ കണ്ണിയും മരവ്യവസായിയുമായിരുന്ന വി.എം ഉസ്മാന്‍ സാഹിബ് ദുല്‍ഹജ്ജ് 9-ന് അല്ലാഹുവിലേക്ക് യാത്രയായി. ആലുവയും പരിസരപ്രദേശവും കടന്ന് എറണാകുളം ജില്ലക്കപ്പുറത്തേക്ക് വ്യാപിച്ചു കിടന്ന അദ്ദേഹത്തിന്റെ സുഹൃദ്ബന്ധങ്ങള്‍ക്ക് തെളിവായിരുന്നു മരണാനന്തര ചടങ്ങിന് ഒഴുകിയെത്തിയ നാനാജാതിമതസ്ഥര്‍.
അശരണരുടെ അത്താണി, നിരാലംബരുടെ ആശ്വാസകേന്ദ്രം, അഗതികളുടെയും അനാഥരുടെയും സംരക്ഷകന്‍ തുടങ്ങിയ സവിശേഷതകള്‍ അദ്ദേഹത്തിന് നൈര്‍മല്യത്തിന്റെ മുഖം നല്‍കിയപ്പോള്‍ ഉറച്ച നിലപാടുകള്‍, ആര്‍ജവമുള്ള അഭിപ്രായങ്ങള്‍, കണിശമായ തീരുമാനങ്ങള്‍, സമയോചിതമായ തിരുത്തലുകള്‍, ആത്മാര്‍ഥമായ വിമര്‍ശനങ്ങള്‍, കൃത്യനിഷ്ഠ എന്നിവ അദ്ദേഹത്തിന് ഒരു കാര്‍ക്കശ്യക്കാരന്റെ പരിവേഷം നല്‍കി. പരന്ന വായന, ഉയര്‍ന്ന ചിന്ത, ഖുര്‍ആനിനോടുള്ള തീവ്രപ്രണയം, നമസ്‌കാരത്തിലെ ഏകാഗ്രത, നീളുന്ന പ്രാര്‍ഥനകള്‍, രോഗവും ക്ഷീണവും അവഗണിച്ചുകൊണ്ടുള്ള കല്യാണ-മരണവീടുകളിലെ കൃത്യമായ സാന്നിധ്യം, രോഗീ സന്ദര്‍ശനം, ആവശ്യക്കാരനെ കണ്ടെത്തി സഹായിക്കുന്ന വിശാലമനസ്‌കത എല്ലാം അനുകരണീയ മാതൃകകള്‍ തന്നെ.
ജ്യേഷ്ഠ സഹോദരങ്ങളോടൊപ്പം ആരോഗ്യവും സമ്പത്തും സമയവും ദൈവമാര്‍ഗത്തില്‍ അര്‍പ്പിച്ച് ഇസ്‌ലാമിക് സെന്ററിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും പിറവിയിലും വളര്‍ച്ചയിലും ചാലക്കല്‍ പ്രദേശത്തെ നിറസാന്നിധ്യമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം ആ മുഖത്ത് കാണാമായിരുന്നു.
അഞ്ചും ഏഴും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ പെരിയാര്‍ പുഴയില്‍ മുങ്ങിമരിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ കടുത്ത പരീക്ഷണം. വര്‍ഷങ്ങള്‍ക്കുശേഷം തുണയായി ലഭിച്ച മരുമകന്റെ ജീവന്‍ വാഹനാപകടത്തില്‍ പൊലിഞ്ഞപ്പോഴും പിടിച്ചുനില്‍ക്കാന്‍ കരുത്തായത് 'ക്ഷമയവലംബിക്കുക; അതാണെനിക്ക് പൊരുത്തം' എന്ന അദ്ദേഹത്തിന്റെ ഈമാനില്‍ പൊതിഞ്ഞ സ്‌നേഹസാന്ത്വനമായിരുന്നു എന്ന് പ്രിയപത്‌നി സാക്ഷ്യപ്പെടുത്തുന്നു. നഷ്ടപ്പെട്ട മക്കളുടെ ഓര്‍മക്കായാണ് തന്റെ ഭൂസ്വത്തിലൊരു ഭാഗം ഇസ്‌ലാമിക് സെന്ററിന് ദാനം ചെയ്തത്.
പാതി നിലച്ച ഹൃദയവുമായി നീണ്ട പതിനെട്ടു വര്‍ഷം പൂര്‍ണ ആരോഗ്യവാനെപ്പോലെ കര്‍മരംഗത്ത് സജീവ സാന്നിധ്യമറിയിച്ച അദ്ദേഹം രോഗിയായ ഭാര്യയെ തെല്ലും പ്രയാസപ്പെടുത്താതെയും സഹായത്തിന് ആരെയും കാത്തുനില്‍ക്കാതെയും സ്വയംപര്യാപ്തനായി മാറുകയായിരുന്നു.
നീണ്ടകാലം ചാലക്കല്‍ ഹല്‍ഖാ നാസിമായിരുന്ന അദ്ദേഹത്തിന് പ്രസ്ഥാന പരിപാടികള്‍ എന്നും ആവേശമായിരുന്നു. സംസ്‌കൃത ശ്ലോകങ്ങള്‍ അദ്ദേഹത്തിന്റെ ഹരമായിരുന്നു. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട സമയത്ത് കെ.എന്‍ അബ്ദുല്ല മൗലവി, പി.കെ ജമാല്‍ സാഹിബ് എന്നിവര്‍ എഴുതിയ കത്തുകള്‍ അവസാന നാളുകളില്‍ പലയാവൃത്തി വായിക്കുമായിരുന്ന അദ്ദേഹം കെ.എന്നിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'സ്വര്‍ഗകവാടത്തില്‍ കാത്തുനിന്ന് മാടിവിളിക്കുന്ന' മക്കളോടൊപ്പം ചേരാനുള്ള ധൃതിയിലും തയാറെടുപ്പിലുമായിരുന്നു എന്നു വേണം കരുതാന്‍.
ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ ട്രസ്റ്റ് അംഗവും ദാറുസ്സലാം സ്‌കൂള്‍ മാനേജറുമായിരുന്നു.
ഭാര്യ: പാനായിക്കുളം മഠത്തുംപടി കുടുംബാംഗം സുബൈദ. മക്കള്‍: ഹാരിസ് (ചാലക്കല്‍ സോമില്‍സ്), റശീദ, നജിയ (ടീച്ചര്‍, എച്ച്.ഐ.എച്ച്.എസ് എടവനക്കാട്), നസീറ, ഫാത്വിമ, ഫാസില.

റസിയ ചാലക്കല്‍

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌