പ്രളയകാലത്ത് മാനവികത വിളംബരം ചെയ്യുന്ന മസ്ജിദുകള്‍
ളുഹ്ര്‍ നമസ്‌കാരത്തിനാണ് ഞങ്ങള്‍ ആ പള്ളിയില്‍ കയറിയത്. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ സാധാരണ ഗതിയില്‍ മനസ്സിന് കുളിര്‍മയും സമാധാനവുമാണ് അനുഭവപ്പെടുക. പക്ഷേ, ഈ പള്ളിയിലേക്ക് കടക്കുമ്പോള്‍ മനസ്സില്‍ ഒരു തരം നടുക്കവും ഭീതിയുമാണ് തോന്നുന്നത്. പ്രദേശവാസികള്‍ പറഞ്ഞുകേട്ടതിനനുസരിച്ച് ഈ പള്ളിയില്‍ പ്രവേശിക്കാനാകുമെന്ന് നിനച്ചതല്ല. പള്ളിക്കു പുറത്തെ റോഡില്‍ മൃതദേഹങ്ങളുമായി ഏതാനും ആംബുലന്‍സുകള്‍ നിരനിരയായി കിടപ്പുണ്ട്. പള്ളിമുറ്റത്തുമുണ്ട് മറ്റൊരു ആംബുലന്‍സ്. വണ്ടിയുടെ പാതിതുറന്ന ജനലിലൂടെ പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ ഒരു മൃതശരീരം കണ്ടു. കൂടുതല്‍ നേരം നോക്കിനില്‍ക്കാനായില്ല. മനസ്സ് കൂടുതല്‍ അശാന്തമാകുന്നതുപോലെ. ശ്മശാനമൂകമായ അന്തരീക്ഷം. പ്രാര്‍ഥനക്കെത്തുന്ന വിശ്വാസികളേക്കാള്‍ കൂടുതല്‍ പോലീസുകാരും റെസ്‌ക്യൂ പ്രവര്‍ത്തകരുമാണ് ഇവിടെ. അംഗശുദ്ധി വരുത്തവെ, പള്ളിക്കകത്ത് നിറഞ്ഞുനില്‍ക്കുന്ന ദുര്‍ഗന്ധം സഹിക്കവയ്യാതെ സുഹൃത്ത് ഷാജഹാന്‍ പറഞ്ഞു; 'നമുക്ക് ഇവിടെ നമസ്‌കരിക്കണ്ട. മറ്റെവിടെയെങ്കിലും പോയി നമസ്‌കരിക്കാം.' സുഹൃത്തിന്റെ നിര്‍ദേശം സ്‌നേഹത്തോടെ നിരസിച്ചുകൊണ്ട് ഞാന്‍ അവിടെ തന്നെ നമസ്‌കരിക്കണമെന്ന് ശഠിച്ചു. താഴെ നിലയില്‍ നമസ്‌കരിക്കാന്‍ നില്‍ക്കവെ, ചിലര്‍ മുകളിലെ നിലയിലേക്കു പോകാന്‍ ആവശ്യപ്പെട്ടു.
പള്ളിയുടെ പ്രധാന ഹാളിനപ്പുറമുള്ള ഈ ചുവരിനപ്പുറം മണ്ണിനടിയില്‍പെട്ട് അഴുകിയ മൃതദേഹങ്ങളുണ്ട്. അത് പരത്തുന്ന ദുര്‍ഗന്ധമാണ് പള്ളിയില്‍. ഈ പള്ളിയുടെ ഒരു ഭാഗം (സ്ത്രീകള്‍ക്കുള്ള നമസ്‌കാരസ്ഥലം) കഴിഞ്ഞ കുറച്ചുദിവസങ്ങളായി താല്‍ക്കാലിക പോസ്റ്റ്‌മോര്‍ട്ടം റൂമായി പരിണമിച്ചിരിക്കുകയാണ്. നിലമ്പൂര്‍ കവളപ്പാറയില്‍ ഒരാഴ്ച മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിലടിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവരുന്നത് ഈ പള്ളിയിലേക്കാണ്. പല മൃതദേഹങ്ങളും ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയതും ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ടതുമാണ്. പള്ളിയോട് തൊട്ടു ചേര്‍ന്നുള്ള കൃഷി ആപ്പീസിന്റെ വരാന്തയില്‍ സന്ദര്‍ശകര്‍ക്കായുള്ള കസേരകളില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരമ്മയും മകളുമിരിപ്പുണ്ട്. പള്ളിമുറ്റത്തെ ആംബുലന്‍സില്‍ ഏറ്റവുമൊടുവില്‍ എത്തിയ മൃതദേഹം, ആ അമ്മയുടെയും മകളുടെയും അടുത്ത ബന്ധുവിന്റേതാകാം. ഭര്‍ത്താവിന്റെ മൃതദേഹം തിരിച്ചറിയേണ്ടി വരുന്ന ഭാര്യയും, അഛന്റെ മൃതദേഹം തിരിച്ചറിയാന്‍ കാത്തുനില്‍ക്കേണ്ടിവരുന്ന മകളുമൊക്കെ കുറച്ചു ദിവസങ്ങളായി മനസ്സുലക്കുന്ന സങ്കടക്കാഴ്ചകളാണിവിടെ.
ഒരു നാടിനെ മുഴുവന്‍ ബാധിച്ച ദുരന്തത്തില്‍, ആ നാട്ടിലെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി, പോസ്റ്റ്‌മോര്‍ട്ടത്തിനായി പള്ളി വിട്ടുകൊടുത്തത് പോത്തുകല്ല് ജംഇയ്യത്തുല്‍ മുജാഹിദീന്‍ മഹല്ലാണ്. ഈ നാട് ഒന്നടങ്കം അഭിമുഖീകരിച്ച ഒരു ദുരന്തത്തെ അതിജീവിക്കാന്‍, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി മാനവികതയുടെ കവാടം തുറന്നിരിക്കുകയാണീ പള്ളി. ഒരാളുടെ മൃതദേഹം കൊണ്ടുപോകുന്നതു കണ്ട് എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിച്ച പ്രവാചകമാതൃകയുടെ കാലിക സാക്ഷാത്കാരമാണിത്. മദ്‌റസയിലെ ഡെസ്‌ക്കുകള്‍ ചേര്‍ത്തുവെച്ചാണ് ഈ പള്ളിയില്‍ താല്‍ക്കാലിക പോസ്റ്റ്‌മോര്‍ട്ടം ടേബിളുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്. വിശ്വാസികള്‍ക്ക് നമസ്‌കരിക്കാന്‍ വേണ്ടി മാത്രമല്ല ഇസ്‌ലാമിന്റെ പള്ളി, ഒരു നാടിനെ ഒന്നാകെ ബാധിച്ച ദുരിതപര്‍വത്തില്‍ ആശ്വാസകേന്ദ്രമാവുക കൂടിയാണത്. അടിസ്ഥാനപരമായി ദൈവാരാധനക്കു വേണ്ടിയുള്ള പ്രാര്‍ഥനാഗേഹങ്ങളാണ് പള്ളികള്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് ആവശ്യാനുസരണം ആശുപത്രിയായും സാംസ്‌കാരിക കേന്ദ്രമായും ദുരിതാശ്വാസ കേന്ദ്രമായുമൊക്കെ മാറും. അനിവാര്യഘട്ടത്തില്‍ അതൊരു പോസ്റ്റ്‌മോര്‍ട്ടം റൂമായും പരിണമിക്കും. അവിടെ മുസ്‌ലിംകളുടെ മൃതദേഹം മാത്രമല്ല, മറ്റു മതസ്ഥരുടെ മൃതദേഹങ്ങളും കൊണ്ടുവരപ്പെടും. അത് സമൂഹത്തിന്റെ പൊതുവായ ആവശ്യമാകുമ്പോള്‍ വിശേഷിച്ചും. അതാണിപ്പോള്‍ ഈ പള്ളിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. പ്രളയകാലത്ത് മനുഷ്യസ്‌നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉജ്ജ്വല മാതൃക തീര്‍ത്തപള്ളി എന്ന നിലയില്‍ പോത്തുകല്ല് ജംഇയ്യത്തുല്‍ മുജാഹിദീന്‍ മസ്ജിദ് ഇനിയുള്ള കാലം കേരള മുസ്‌ലിം ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുക തന്നെ ചെയ്യും.
*******
പെരുന്നാള്‍ തലേന്നാള്‍ നാട്ടിലെ പള്ളിയില്‍ ളുഹ്ര്‍ നമസ്‌കാരത്തിനെത്തിയതായിരുന്നു. നമസ്‌കാര ശേഷം, അടിയന്തരമായി വിളിച്ചുചേര്‍ക്കപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ അറിയിപ്പ് കിട്ടി. പള്ളിക്കു മുന്നിലെ മദ്‌റസാ കോമ്പൗണ്ടിലാണ് യോഗം. മലബാറില്‍ പെട്ടെന്നുണ്ടായ പ്രളയദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുള്ള ഒരു സേവനസംഘത്തെ സംഘടിപ്പിക്കാന്‍ വേിയാണ്. മഹല്ല് ഖത്വീബിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍, നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്കു പുറമെ, വ്യത്യസ്ത മത-രാഷ്ട്രീയ-സംഘടനാ പശ്ചാത്തലമുള്ളവരുമുണ്ട്. യോഗത്തിനിടയില്‍ പെയ്ത ശക്തമായ മഴ മൂലം, യോഗം പള്ളിക്കകത്തേക്ക് മാറ്റിവെക്കേണ്ടി വന്നു. യോഗത്തില്‍ പങ്കെടുത്ത സഹോദര സമുദായാംഗങ്ങള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനുള്ള അവസരമുണ്ടായത് അങ്ങനെയാണ്. അവിചാരിതമായി മുസ്‌ലിം പള്ളിയില്‍ പ്രവേശിക്കാന്‍ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ച് ഷിനില്‍ എന്ന യുവാവ് സാമൂഹിക മാധ്യമത്തില്‍ ഇങ്ങനെയെഴുതി: ''സഹോദരങ്ങളേ, കുന്നുംപുറത്തെ അയ്പ്പൂഞ്ഞോന്റെ മകന്‍ ഷിനില്‍ എന്ന ഒരു സാധാരണ ഹൈന്ദവനാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിനം ഇന്നെനിക്ക് സമ്മാനിച്ച ദൈവത്തിന് നന്ദി. എന്റെ ചെറുപ്പകാലം മുതല്‍ ഞാനാഗ്രഹിക്കുന്ന ഒരു കാര്യം ഇന്നെനിക്ക് നേരില്‍ കാണിച്ചുതന്നു എന്റെ ദൈവം. മമ്പുറം മഖാമും ബീമാപള്ളിയും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടത്തെ പള്ളികളില്‍ പ്രവേശിക്കാതിരുന്നത് അത് തെറ്റാണെന്നുള്ള വിശ്വാസം കൊണ്ടാണ്. പക്ഷേ, ഞങ്ങളുടെ നാട്ടു മഹല്ലിലെ എനിക്കേറ്റവും പ്രിയപ്പെട്ട പള്ളി, അതില്‍ കയറി പള്ളിയുടെ അകം കാണണമെന്ന കുഞ്ഞുനാള്‍ മുതലുള്ള ആഗ്രഹമാണ് ഇന്ന് സഫലമായത്. യോഗത്തിനിടക്ക് പെയ്ത മഴ, എന്റെ ആഗ്രഹസഫലീകരണത്തിന് ദൈവം കനിഞ്ഞരുളിയ മഴയാണെന്നേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ.'' മനസ്സിലെ നിഷ്‌കളങ്കമായ ഒരാഗ്രഹം കൂടി പങ്കുവെച്ചാണ് ഷിനില്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്: ''ഒരു ദിനം ദൈവനിശ്ചയപ്രകാരം ഞാനും മരിക്കും. എന്റെ മരണവിവരം എന്റെ പ്രിയപ്പെട്ട പള്ളിയുടെ മൈക്കിലൂടെ വിളിച്ചു പറയുകയും അങ്ങനെ നാട്ടുകാരറിയുകയും വേണമെന്ന ഒരാഗ്രഹം കൂടി എനിക്കുണ്ട്.''
പള്ളിയില്‍ ഒന്നു പ്രവേശിക്കാനായത് ഒരു സാധാരണക്കാരനായ ഹൈന്ദവ സഹോദരന്റെ മനസ്സിലുണ്ടാക്കിയ സന്തോഷവും ആഹ്ലാദവും എത്ര വലുതാണെന്ന് ഷിനിലിന്റെ വാക്കുകളില്‍നിന്ന് വായിക്കാം. ആലുവക്കടുത്തുള്ള ശ്രീഭൂതപുരം ഗ്രാമവാസിയാണ് ഷിനില്‍. താന്‍ ചെറുപ്പകാലം മുതല്‍ കാണുന്ന, ദിവസവും അഞ്ചു നേരത്തെ ബാങ്കുവിളി കേള്‍ക്കുന്ന പള്ളിയുടെ ഉള്ളകം ഒന്നു കാണണമെന്ന് ഷിനില്‍ ആഗ്രഹിച്ചതും അതിന് അദ്ദേഹത്തിന് അവസരം ലഭിച്ചതും ചൊവ്വര ചുള്ളിക്കാട് മഹല്ലിനു കീഴിലെ മസ്ജിദുത്തൗഹീദിലാണ്. ഇതര മതസ്ഥര്‍ ഒരിക്കലും പ്രവേശിച്ചുകൂടാത്തതാണ് നമ്മുടെ പള്ളികള്‍ എന്നും, അങ്ങനെ ചെയ്താല്‍ അശുദ്ധമായിപ്പോകുമെന്നുമൊക്കയുള്ള അബദ്ധധാരണകള്‍ ഷിനിലിനെപ്പോലെ സമൂഹത്തില്‍ അനേകം പേര്‍ക്കുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കി സഹോദര സമുദായാംഗങ്ങളുടെ ഹൃദയം കവരാന്‍ നമ്മുടെ നിസ്സാരമായ ചെറിയ പ്രവര്‍ത്തനങ്ങള്‍ മതിയായേക്കും. സഹോദര സമുദായാംഗങ്ങളെക്കൂടി ചേര്‍ത്തുനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ മഹല്ലുകള്‍ ആവിഷ്‌കരിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
മഹല്ലിലെ മുസ്‌ലിംകളെ മാത്രമല്ല, മുഴുവനാളുകളെയും ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരം ചൊവ്വര ചുള്ളിക്കാട് മഹല്ലിന് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ പ്രളയകാലത്ത്, നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഈ പള്ളിമുറ്റത്തെ മദ്‌റസയില്‍ ഒരുമിച്ചുണ്ടുറങ്ങിക്കഴിഞ്ഞവരാണ്. കാലഘട്ടത്തിലെ പ്രളയത്തെ അതിജീവിക്കാന്‍ മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ഈ മേല്‍ക്കൂരക്ക് കീഴിലിരുന്നാണ് അവരവരുടെ ദൈവങ്ങളോട് ഉള്ളുരുകി പ്രാര്‍ഥിച്ചത്. ഉദ്ഹിയ്യത്ത് മാംസവിതരണം ഇവിടെ മുസ്‌ലിംകളില്‍ മാത്രം പരിമിതമല്ല. ഇതര സമുദായംഗങ്ങളിലും ഇപ്പോള്‍ ഗണ്യമായ ജനസംഖ്യയുള്ള ഇതര സംസ്ഥാനതൊഴിലാളികളിലും അത് വിതരണം ചെയ്യപ്പെടുന്നു. മഹല്ല് ഇവിടെ മുസ്‌ലിംകളുടേതു മാത്രമല്ല, ഈ പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടേതു കൂടിയാകുന്നതിന്റെ സദ്ഫലങ്ങളാണിതൊക്കെയും.
*****
ചുള്ളിക്കാട് മഹല്ലിന്റെ ആഹ്വാനം ചെവിക്കൊണ്ടു പ്രളയബാധിതരെ സഹായിക്കാന്‍ ഈ സേവനദൗത്യസംഘത്തില്‍ നൂറോളം പേര്‍ അണിനിരന്നു. രണ്ട് ദിവസം നീണ്ടുനിന്ന ശുചീകരണപ്രവര്‍ത്തനത്തിന് സുസജ്ജരായി വന്നവരില്‍ വിവിധ മത-സംഘടനാ- രാഷ്ട്രീയ പശ്ചാത്തലമുള്ളവരുണ്ടായിരുന്നു. അവരില്‍ സഹോദര സമുദായത്തില്‍പെട്ട ആന്റണി ചേട്ടനും അഭിലാഷുമുണ്ടായിരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. നിലമ്പൂരിനടുത്ത് അകമ്പാടം, മൈലാടിയിലെ മുജാഹിദ് പള്ളിയിലായിരുന്നു ഞങ്ങളുടെ താമസം. ഭക്ഷണവും കുളിയും താമസവുമെല്ലാം പള്ളിയില്‍തന്നെ. വിശ്വാസികള്‍ക്കെന്നപോലെ, പള്ളിയില്‍ ഏതു ഭാഗത്ത് ഇരിക്കാനും കിടന്നുറങ്ങാനുമുള്ള സ്വാതന്ത്ര്യം ആന്റണി ചേട്ടനും അഭിലാഷിനുമുണ്ടായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവലോകന യോഗത്തില്‍, ആന്റണി ചേട്ടനും രണ്ടു വാക്ക് സംസാരിക്കാന്‍ വേണ്ടി മിഹ്‌റാബിനു ചാരത്തേക്ക് ക്ഷണിക്കപ്പെട്ടു. ആദ്യമുണ്ടായിരുന്ന അപരിചിതത്വം മാറി, എല്ലാവരും ഏകോദര സഹോദരന്മാരെ പോലെ, ദുരിതബാധിതരെ സഹായിക്കാനിറങ്ങിയത് മറക്കാനാകാത്ത ജീവിതാനുഭവമാണെന്ന് ആന്റണിചേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. അഭിലാഷും തന്റെ സന്തോഷം കുറഞ്ഞ വാക്കുകളില്‍ രേഖപ്പെടുത്തി. ആന്റണി ചേട്ടന്നും അഭിലാഷിനും ജീവിതത്തിലെ ആദ്യാനുഭവങ്ങളായിരുന്നു മുസ്‌ലിം പള്ളിയിലെ താമസം.
മഹല്ലുകള്‍ ഒരു പ്രദേശത്തെ മുസ്‌ലിംകളുടെ മാത്രമല്ല, മുഴുവന്‍ ജനങ്ങളുടേതുമാകേണ്ട കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം നല്‍കപ്പെടുന്ന ഇടങ്ങള്‍ കൂടിയാകണം അത്. ജനങ്ങളുടെ ആശ്രയവും അത്താണിയുമാകണം അത്. വളരെ എളുപ്പത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്നതും എന്നാല്‍ നമ്മുടെ പരിഗണനയില്‍ തീരെ വരാത്തതുമായ നിരവധി കാര്യങ്ങളുണ്ട് മഹല്ലുകള്‍ക്കും പള്ളികള്‍ക്കും ചെയ്യാനായിട്ട്. ഇതര മതവിശ്വാസികളെക്കൂടി ഉള്‍ക്കൊള്ളുന്ന പൊതുവായ കാര്യങ്ങള്‍ കൂടി മഹല്ലുകളുടെ പ്രധാന അജണ്ടകളില്‍ ഇടംപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments