കുപ്പായം കഫന്‍ പുടവയാക്കിയവര്‍
മതി
ഈ കുപ്പായമിട്ടത്
ഇപ്പോഴൂരിയെറിയാനായില്ലെങ്കില്‍
ഇനിയെന്നാണൂരിയെറിയുക?
ഇത്
നമ്മുടെ കാശ് കൊടുത്ത്
നാം നെയ്യിച്ച കുപ്പായമല്ല
ആരൊക്കെയൊ
നിര്‍ബന്ധിച്ചുടുപ്പിച്ചതാണ്.
ഇതില്‍
വഞ്ചനയുടെ രക്തക്കറയുണ്ട്
മദോന്മത്തതയുടെ
നുരയും പതയുമുണ്ട്.
പുറം തിളക്കിച്ചതും
അകം കറുപ്പിച്ചതുമായ
കൊടും ചതിയുടെ
നൂലുകള്‍ ചേര്‍ത്താണവര്‍
ഈ കുപ്പായം നെയ്യിച്ചത്.
പൂര്‍വികരില്‍ ചിലര്‍
തുടക്കത്തിലേയത്
തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു
ഈ കുപ്പായമവര്‍
ശരീരത്തിന്റെ
നാലയലത്ത്
അടുപ്പിച്ചില്ല.
അപ്പോള്‍
പോലീസിനെയും
പട്ടാളത്തെയുമിറക്കി
തെരുവു ഭാഷകര്‍ക്ക്
മൈക്ക് കെട്ടി
കുപ്പായത്തിന്റെ മഹത്വം
വിളംബരപ്പെടുത്തി.
നോക്കൂ,
നമ്മെ ഈ കുപ്പായമിടുവിച്ച്
ചുളുവില്‍
എന്തെല്ലാമാണ്
കടത്തിക്കൊണ്ടുപോയത്!
പൈതൃകം
പാരമ്പര്യം
ചരിത്രം
ശേഷിപ്പുകള്‍
അങ്ങനെയങ്ങനെ
നമുക്കവകാശപ്പെട്ട
എന്തെല്ലാമെന്തെല്ലാം....
ഓരോന്നും
നമ്മില്‍നിന്ന്
അന്യമാവുന്നത്
അല്ലെങ്കില്‍
അവയില്‍നിന്ന്
നാം അന്യമാക്കപ്പെടുന്നത്
നിര്‍വികാരതയോടെ
നോക്കിനിന്നു
കാരണം,
നമ്മെ ധരിപ്പിച്ച കുപ്പായം
നമ്മെ മൗനികളാക്കിയിരുന്നു.
ഇപ്പോള്‍ നമ്മള്‍
കുപ്പായത്തെ
കൂടുതല്‍ കൂടുതല്‍
ചേര്‍ത്തുപിടിക്കാന്‍
നിര്‍ബന്ധിക്കപ്പെടുകയാണ്
അല്ല,
പുതിയ പുതിയ
കുപ്പായക്കൈകളില്‍
നാം നമ്മെ ഒളിപ്പിച്ചുവെക്കുകയാണ്.
ഈ പൊതിഞ്ഞുകെട്ടിയ
കുപ്പായം തന്നെയാണ്
നമ്മുടെ കഫന്‍ പുടവ
നമ്മെയവര്‍ കൊന്നു കിടത്തിയത്
ഈ കുപ്പായത്തിനുള്ളിലാണ്.
നമുക്ക് ജീവനില്ല
നാം മരിച്ചവരാണ്
അല്ല,
മരണം അലങ്കാരമായി
ഇരന്നു വാങ്ങിയവരാണ്.
നമുക്ക്
ജീവനുണ്ടെങ്കില്‍
മണ്ണെണ്ണയൊഴിച്ച്
കത്തിക്കപ്പെടുന്നത്
സഹിച്ചിരിക്കാനാവുമോ?
നടുറോഡില്‍
ആവര്‍ത്തിക്കപ്പെടുന്ന
ആള്‍ക്കൂട്ടക്കൊലകള്‍
കണ്ടിരിക്കാനാവുമോ
ചേതനയറ്റ
പൊന്നുമോളുടെ മുമ്പില്‍
വിതുമ്പുന്ന മാതാവിന്റെ
കണ്ണുനീരിന് മുന്നില്‍ മൗനികളാകാനാവുമോ?
ഇല്ല,
നമുക്കിന്ന് ജീവനില്ല
നാം മരിച്ചവരാണ്
മതേതരത്വമെന്ന
കുപ്പായത്തിനുള്ളില്‍
മറവു ചെയ്യപ്പെട്ടവര്‍.
Comments