Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ സംഘര്‍ഷങ്ങളും

ലോകം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നടന്നടുക്കുകയാണോ എന്ന ആശങ്ക ശക്തിപ്പെട്ടിരിക്കുന്നു. 2008-ലെ മാന്ദ്യത്തെ കവച്ചുവെക്കുന്നതായിരിക്കും അതെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഒരു വര്‍ഷത്തോളമായി അമേരിക്കയും ചൈനയും തമ്മില്‍ നടന്നുവരുന്ന വ്യാപാര യുദ്ധമാണ് അതിന് പ്രധാന നിമിത്തമാവുക എന്ന് എല്ലാവരും സമ്മതിക്കും. അടുത്ത വര്‍ഷം അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഒരു ഊഴം കൂടി തല്‍സ്ഥാനത്ത് തുടരണമെങ്കില്‍ ട്രംപിന് താന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കണം. അതും വ്യാപാര യുദ്ധത്തിന് കോപ്പു കൂട്ടാന്‍ ഒരു കാരണമാകാം എന്നേയുള്ളൂ. യഥാര്‍ഥത്തില്‍ ഇത്, അമേരിക്ക ചിരകാലമായി പിന്തുടരുന്ന മുഖ്യശത്രുവിനെ ഒതുക്കുക എന്ന വിദേശ നയത്തിന്റെ ഭാഗമാണ്. ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനകളില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നവരാണ് യഥാക്രമം അമേരിക്കയും ചൈനയും. ഇരു സമ്പദ്ഘടനകളും തമ്മില്‍ ജി.ഡി.പിയിലുള്ള അന്തരം കുറഞ്ഞുവരുന്നുണ്ടെന്നുള്ളതും യാഥാര്‍ഥ്യമാണ്. അമേരിക്കയെ മറികടക്കാനുള്ള ദീര്‍ഘകാല പദ്ധതികളുമായി ചൈന മുന്നോട്ടു പോവുകയുമാണ്.
ചൈന അമേരിക്കയിലേക്ക് കയറ്റിയയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ഇരുപത്തിയഞ്ചും മുപ്പതും ശതമാനം തീരുവ ചുമത്തുക എന്നതാണ് അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന തന്ത്രം. അമേരിക്ക ചൈനയിലേക്ക് കയറ്റിയയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അതേപോലെ തിരിച്ചും ഭാരിച്ച തീരുവ ചുമത്തുക എന്നതാണ് ഇതിനെതിരെയുള്ള മറുതന്ത്രം. അതാണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നതും. പക്ഷേ, ഈ കളിയില്‍ ചൈനക്കാണ് കൂടുതല്‍ ക്ഷതം പറ്റുക. കാരണം ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് അമേരിക്ക. ചൈനയിലേക്കുള്ള അമേരിക്കന്‍ കയറ്റുമതിയാകട്ടെ, ഇതിന്റെ പകുതി പോലും വരില്ല. എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ പലതും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടേതാണ് എന്ന മറുവാദവും ഉയരുന്നുണ്ട്. വെളുക്കാന്‍ തേക്കുന്നത് പാണ്ടായിത്തീര്‍ന്നേക്കുമെന്ന്. 
പോരാത്തതിന് ഇറ്റലി, ജര്‍മനി പോലുള്ള പ്രമുഖ യൂറോപ്യന്‍ രാഷ്ട്രങ്ങളും മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. യൂറോയുടെ നിലയും ഒട്ടും തൃപ്തികരമല്ല. വാചകമടിക്കുന്നുണ്ടെങ്കിലും വ്യാപാര യുദ്ധം ശക്തിപ്പെടുന്നതിനു മുമ്പ് തന്നെ ചൈനീസ് സമ്പദ്ഘടനയുടെ കുതിപ്പ് നിലച്ച് കിതക്കാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടനിലെ രണ്ട് പ്രധാനമന്ത്രിമാരുടെ സ്ഥാനം തെറിപ്പിച്ച ബ്രെക്‌സിറ്റ്, ഹോങ്കോംഗിലെ ചൈനീസ് വിരുദ്ധ ജനാധിപത്യ പ്രക്ഷോഭം തുടങ്ങിയ നിരവധി സംഭവവികാസങ്ങളും മാന്ദ്യത്തിന് കാരണമാകുന്നുണ്ട്. നമ്മുടെ നാടും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ഭരണകൂടവും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങളോ രാഷ്ട്രീയ നിലപാടുകളോ അല്ല ഇതിനു കാരണമെന്നും ലോകത്ത് പൊതുവെ കാണപ്പെടുന്ന മാന്ദ്യം പ്രതിഫലിക്കുക മാത്രമാണിവിടെ എന്നുമാണ് ഔദ്യോഗിക ഭാഷ്യം. ഇത് ശരിയല്ലെന്ന് മുന്‍കാലങ്ങളില്‍ മോദി ഭരണത്തെ അകമഴിഞ്ഞ് പിന്തുണച്ച വ്യവസായികളും ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ആള്‍ക്കൂട്ടക്കൊലകളിലൂടെയും മറ്റും സാമൂഹികാന്തരീക്ഷം നിരന്തരം പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് സംഘങ്ങളും അവയെ സംരക്ഷിക്കുന്ന ഗവണ്‍മെന്റ് മെഷിനറികളും നിക്ഷേപകരെ അകറ്റുന്നതില്‍ എത്രമാത്രം പങ്കു വഹിച്ചിട്ടുണ്ടെന്ന് കൃത്യമായും വിശദമായും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌