'നിങ്ങള്‍ക്ക് പണമുണ്ട്; ഞങ്ങള്‍ക്ക് ഭൂമിയും'
(ദിനാജ്പൂര്‍ ഒരു സാംസ്‌കാരിക ഭൂപടം-2)
ഉത്തര്‍ ദിനാജ്പൂരിനെക്കുറിച്ച മാനവിക വികസന റിപ്പോര്‍ട്ടില്‍ (2005) ഇങ്ങനെ കാണാം: ''ഗാല്‍പോഖര്‍ 1, ഗാല്‍പോഖര്‍ 2, കറന്‍ദിഗി, ഇസ്‌ലാംപൂര്‍ എന്നീ ബ്ലോക്കുകളില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും താഴ്ന്ന സാക്ഷരതാ നിരക്കാണുള്ളത്. ഇസ്‌ലാംപൂര്‍ സബ് ഡിവിഷനില്‍ പെടുന്ന ഈ പ്രദേശങ്ങള്‍ ഉത്തര ദിനാജ്പൂര്‍ ജില്ലയെ 2001-ലെ സെന്‍സസ് പ്രകാരം സാക്ഷരതയില്‍ ഇന്ത്യയിലെ 595 ജില്ലകളില്‍ 494-ാം സ്ഥാനത്തേക്ക് താഴ്ത്തുന്നു. 1991-ലെ സെന്‍സസില്‍ ജില്ല സാക്ഷരതയില്‍ 523-ാം സ്ഥാനത്തായിരുന്നു എന്നുമോര്‍ക്കണം... മുസ്‌ലിംകള്‍ ധാരാളമായി താമസിക്കുന്ന പ്രദേശങ്ങളാണിത്. ഗ്രാമങ്ങളില്‍ പട്ടിണി വളരെ വ്യാപകമാണ്.... ഇസ്‌ലാംപൂര്‍ സബ് ഡിവിഷനില്‍ ഗണ്യമായ സാന്നിധ്യമുള്ള മുസ്‌ലിം സമുദായത്തിലെ ദുര്‍ബല വിഭാഗങ്ങളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് ഈ ജില്ല അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധി... പശ്ചിമ ബംഗാള്‍ മുസ്‌ലിംകളുടെ മൊത്തം സാക്ഷരത 58 ശതമാനം ആണെങ്കില്‍ ഉത്തര ദിനാജ്പൂര്‍ ജില്ലയിലത് 36 ശതമാനം മാത്രമാണ്. അത്ര വലിയ അന്തരമാണ് നിലനില്‍ക്കുന്നത്.'' ഈ റിപ്പോര്‍ട്ട് ഊന്നിപ്പറയുന്ന മറ്റൊരു കാര്യം ഈ ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള ദാരിദ്ര്യവും പട്ടിണിയുമാണ്. ഗാല്‍പോഖര്‍ ഒന്നാം ബ്ലോക്കിലെ 46.7 ശതമാനം കുടുംബങ്ങളും ദാരിദ്ര്യരേഖക്കു താഴെയാണത്രെ. ഗാല്‍പോഖര്‍ രണ്ടാം ബ്ലോക്കാകട്ടെ ജില്ലയിലെ ഏറ്റവും അവികസിത പ്രദേശവും.
ജനങ്ങളുടെ ബോധമില്ലായ്മയും താല്‍പര്യമില്ലായ്മയുമാണോ ഈ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം? അതൊരു കാരണമേ അല്ലെന്ന് ബിഹാര്‍ കിഷന്‍ഗഞ്ച് സ്വദേശിയായ സര്‍വര്‍ അഅ്‌സം പറയുന്നു. ബിഹാറിലും പശ്ചിമ ബംഗാളിലുമായി ചിതറിക്കിടക്കുന്ന ദിനാജ്പൂര്‍ മേഖലയെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് റെയില്‍വേ ജീവനക്കാരന്‍ കൂടിയായ സര്‍വര്‍. യുവാക്കളുടെ തൊഴില്‍ പരിശീലനത്തിനായി അദ്ദേഹം കിഷന്‍ഗഞ്ചില്‍ ഒരു ഐ.ടി.ഐ നടത്തുന്നുണ്ട്. മൂന്ന് സി.ബി.എസ്.ഇ സ്‌കൂളുകളും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു. ഉത്തര ദിനാജ്പൂര്‍ ജില്ലയിലും അദ്ദേഹത്തിന് സ്ഥാപനങ്ങളുണ്ട്. ഞങ്ങളുടെ ദിനാജ്പൂര്‍ യാത്രയില്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''മേഖലയുടെ പിന്നാക്കാവസ്ഥയെക്കുറിച്ച പൂര്‍ണ ചിത്രം നല്‍കുന്ന ഒരു ലേഖനം ഒരാഴ്ചക്കകം ഞാന്‍ താങ്കള്‍ക്ക് അയച്ചുതരുന്നുണ്ട്.'' അത്രയും സമയം കാത്തിരിക്കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പിന്നാക്കാവസ്ഥയുടെ രണ്ടു മൂന്ന് പ്രധാന കാരണങ്ങളെപ്പറ്റി മാത്രം സംസാരിച്ചു.
ഒന്നാമത്തെ കാരണം, പശ്ചിമ ബംഗാള്‍-ബിഹാര്‍ സംസ്ഥാന ഭരണകൂടങ്ങളുടെ കടുത്ത അവഗണന തന്നെ. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഈ അവഗണന ഏറ്റവും കൂടുതല്‍. ഇനി ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷി താല്‍പര്യമെടുത്താല്‍ തന്നെ ബ്യൂറോക്രസി ഇടങ്കോലിടും. ആകെ പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു കിടക്കുന്ന ഒരു ഉള്‍നാടന്‍ റോഡിലൂടെ ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ സുഹൃത്തും ഗൈഡുമായ അബ്ദുല്ല പറഞ്ഞു: 'ഈ റോഡ് ടാര്‍ ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടില്ല.' കോണ്‍ട്രാക്ടര്‍ക്കെതിരെ പരാതി കൊടുത്തുകൂടേ എന്ന് ചോദിച്ചപ്പോള്‍, അനുവദിക്കുന്ന തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോണ്‍ട്രാക്‌റും ചേര്‍ന്നാണ് അടിച്ചുമാറ്റുന്നതെന്ന് അബ്ദുല്ല കുറ്റപ്പെടുത്തി. പരാതിപ്പെട്ടിട്ട് ഒരു കാര്യവുമില്ല. സ്ഥലം എം.എല്‍.എയോട് പരാതിപ്പെടാമല്ലോ എന്ന് പറഞ്ഞപ്പോള്‍, അതൊക്കെ എം.എല്‍.എയുടെ പണിയാണോ എന്ന മട്ടിലായിരുന്നു അബ്ദുല്ലയുടെ പ്രതികരണം. ടി.എം.സിക്കാരന്‍ കൂടിയായ അബ്ദുല്ല, ഗാല്‍പോഖര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി.എം.സി എം.എല്‍.എ ഗുലാം റബ്ബാനിയുടെ സുഹൃത്ത് കൂടിയാണ്. തെരഞ്ഞെടുപ്പു കാലത്ത് അദ്ദേഹത്തിനു വേണ്ടി പ്രസംഗിക്കാന്‍ പോയിട്ടുണ്ട്. എന്നിട്ടും ജനപ്രതിനിധികള്‍ വഴി രാഷ്ട്രീയ സമ്മര്‍ദം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഇനിയും അവര്‍ ചിന്തിച്ചിട്ടില്ല.
ബിഹാറിലും പശ്ചിമ ബംഗാളിലുമായി ഏകദേശം മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളും പതിനഞ്ചോളം നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ദിനാജ്പൂര്‍ മേഖല. ഇവിടെനിന്ന് ജയിച്ചുപോയവരൊന്നും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഗ്രാമങ്ങളിലൂടെയുള്ള യാത്രകള്‍ നമ്മെ ബോധ്യപ്പെടുത്തും. ഉത്തര ദിനാജ്പൂരിനെ പ്രതിനിധീകരിക്കുന്ന റായ്ഗഞ്ച് ലോക്‌സഭാ മണ്ഡലം 1962 മുതല്‍ 1991 വരെ തുടര്‍ച്ചയായി എട്ടു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് ജയിപ്പിച്ചുവിട്ടുകൊണ്ടിരുന്നത്. പിന്നെയത് സി.പി.എമ്മിന്റെ കുത്തക സീറ്റായി. കോണ്‍ഗ്രസിലെ സിദ്ധാര്‍ഥ് ശങ്കര്‍ റായ്, ഗുലാം യസ്ദി, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, സി.പി.എമ്മിലെ മുഹമ്മദ് സലീം, സുബ്രത മുഖര്‍ജി തുടങ്ങിയ പ്രമുഖരെല്ലാം ഇവിടെനിന്ന് ജയിച്ചുപോയിട്ടുണ്ട്. അവര്‍ക്ക് പലതും ചെയ്യാമായിരുന്നു. ഒന്നും ചെയ്തില്ല. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരു പറഞ്ഞ് ജയിച്ചുകയറിയ ഇവര്‍ ഒന്നും ചെയ്തില്ലെങ്കില്‍, ഇപ്പോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ ദേബശ്രീ ചൗധരിയില്‍നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്!
ദിനാജ്പൂര്‍ മേഖലയുടെ പിന്നാക്കാവസ്ഥക്ക് രണ്ടാമത്തെ കാരണമായി സര്‍വര്‍ അഅ്‌സം പറഞ്ഞത്, ഇരു സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളില്‍നിന്ന് ഈ മേഖല വളരെ അകെലയാണ് എന്നതാണ്. പശ്ചിമ ബംഗാളിന്റെ വടക്കേ അറ്റത്താണ് ഉത്തര ദിനാജ്പൂര്‍. അതു കഴിഞ്ഞ് മലകള്‍ നിറഞ്ഞ ഡാര്‍ജിലിംഗ് ജില്ലയാണ്. അതാണ് ഏറ്റവും വടക്കുള്ളത്. ഉത്തര ദിനാജ്പൂരില്‍നിന്ന് 492 കിലോമീറ്റര്‍ ഉണ്ട് തലസ്ഥാന നഗരിയായ കൊല്‍ക്കത്തയിലേക്ക്. ഇന്നത്തെ കാലത്ത് അതൊന്നും ഒരു ദൂരമല്ലായിരിക്കാം. പക്ഷേ റെയില്‍വേ ക്രോസിംഗുകളും മറ്റുമായി ട്രാഫിക് ജാമുകള്‍ നിത്യശാപമായ പശ്ചിമ ബംഗാള്‍ റോഡുകളിലൂടെ ബസ് യാത്ര അതീവ ദുഷ്‌കരമാണ്. ദക്ഷിണ ദിനാജ്പൂരിലെ ഒരു 'വിഷന്‍ 2026' പ്രോജക്ട് സന്ദര്‍ശിക്കാന്‍ പോയ അനുഭവം ഞങ്ങളുടെ മുന്നിലുണ്ട്. ഈ സീസണിലെ ഏറ്റവും ചൂടുള്ള ഒരു ദിവസമാണ് ഞങ്ങള്‍ ബസ് വഴി ദക്ഷിണ ദിനാജ്പൂരിലേക്ക് പുറപ്പെട്ടത്. നട്ടുച്ച നേരത്ത് ഒരു റെയില്‍വേ ക്രോസിംഗിന് ഇപ്പുറം വണ്ടി ഒരു മണിക്കൂറിലധികം നിര്‍ത്തിയിട്ടു. തീവണ്ടി കടന്നുപോയിട്ടും വണ്ടികള്‍ ബ്ലോക്ക് കാരണം അരിച്ചരിച്ചാണ് നീങ്ങുന്നത്. ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു. കുപ്പിവെള്ളം തലയില്‍ കമിഴ്ത്തി. അവിടത്തുകാരായ യാത്രക്കാര്‍ ഇതൊന്നും അത്ര പ്രശ്‌നമാക്കുന്നതായി തോന്നിയില്ല. അവര്‍ക്കിത് ശീലമാണല്ലോ. ഈ കടുത്ത ചൂടിനെ പേടിച്ച് അടുത്ത ദിവസം ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്ന മാള്‍ഡ, മുര്‍ശിദാബാദ് യാത്ര റദ്ദാക്കുക വരെ ചെയ്തു. റോഡ് യാത്ര വളരെ സമയം നഷ്ടപ്പെടുത്തുന്നതുകൊണ്ടാവാം, കൊല്‍ക്കത്തയിലേക്ക് എത്ര ദൂരമുണ്ടെന്ന് ചോദിച്ചാല്‍ ഇത്ര കിലോമീറ്റര്‍ ഉണ്ട് എന്നല്ല അവര്‍ മറുപടി പറയുക, അങ്ങോട്ടെത്താന്‍ ഇത്ര മണിക്കൂര്‍ എടുക്കുമെന്നാണ്! ദിനാജ്പൂര്‍ ജില്ലയോട് ചേര്‍ന്നു കിടക്കുന്ന ബിഹാര്‍ നഗരമായ കിഷന്‍ഗഞ്ചിന്റെ സ്ഥിതിയും ഇതുതന്നെ. തലസ്ഥാനമായ പറ്റ്‌നയിലേക്ക് അവിടെനിന്ന് 373 കിലോമീറ്റര്‍ ദൂരമേ ഉള്ളൂവെങ്കിലും, സമയദൈര്‍ഘ്യം മണിക്കൂര്‍ കണക്കിന് പറഞ്ഞാല്‍ കുറച്ചധികം ഉണ്ടാവും. ഭരണകൂടങ്ങളുടെ മനപ്പൂര്‍വമുള്ള അവഗണനക്കു പുറമെ ഭൂമിശാസ്ത്രപരമായ ഈ അപ്രാപ്യത (കിമരരലശൈയശഹശ്യേ) കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.
ഒരു വെള്ളപ്പൊക്കബാധിത പ്രദേശമാണിത്; പ്രത്യേകിച്ച് ബിഹാര്‍ മേഖലയില്‍. ഇതാണ് സര്‍വര്‍ അഅ്‌സം പറഞ്ഞ മൂന്നാമത്തെ കാരണം. മഴ കനത്താല്‍ അവരുടെ കുടിലുകളും കൃഷിയും മറ്റു സമ്പാദ്യങ്ങളുമെല്ലാം പുഴയെടുക്കും. രക്ഷാ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തന്നെ വേണ്ട പോലെ നടന്നിട്ടുണ്ടാവില്ല. പിന്നെയല്ലേ പുനരധിവാസം! പ്രളയദുരിതത്താലും മറ്റും എല്ലാം നഷ്ടപ്പെടുകയും തൊഴിലില്ലാതാവുകയും ചെയ്യുന്ന ഈ ദരിദ്ര കുടുംബങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട മറ്റു ഭാഗങ്ങളിലേക്ക് കുടിയേറുകയാണ് ചെയ്യുക. ഉത്തര ദിനാജ്പൂരില്‍ ഞങ്ങള്‍ താമസിച്ച അങ്കാര്‍ഭാഷ എന്ന ഉള്‍ ഗ്രാമത്തില്‍ പോലും മുര്‍ശിദാബാദ് ജില്ലയില്‍നിന്ന് കുടിയേറിയവര്‍ ഒന്നിച്ചു താമസിക്കുന്ന ഒരിടമുണ്ട്. 'മുഹാജിറുകള്‍' എന്നാണ് അവരെ വിളിക്കുന്നത്. അവരുടേത് മിക്കവാറും ഓലപ്പുരകളായിരിക്കും. മേല്‍ക്കൂരയായി തകര ഷീറ്റ് ഇടുന്നുണ്ടെങ്കില്‍ സാമ്പത്തികമായി അല്‍പം മെച്ചമാണെന്ന് മനസ്സിലാക്കാം. ഇവരധികവും കര്‍ഷകത്തൊഴിലാളികളോ പുറം സംസ്ഥാനങ്ങളില്‍ കൂലിപ്പണിക്ക് പോകുന്നവരോ ആണ്.
പാഴാകുന്ന സമ്പാദ്യങ്ങള്‍
ഈ യാത്രയില്‍ കേരളത്തില്‍ നേരത്തേ ജോലി ചെയ്തിരുന്ന പലരെയും നേരില്‍ കണ്ടു. നല്ല അഭിപ്രായമാണ് അവര്‍ക്ക് കേരളത്തെക്കുറിച്ച്. ഇതുപോലെ ദല്‍ഹിയിലേക്കും പഞ്ചാബിലേക്കുമൊക്കെ കൂട്ടത്തോടെ അവര്‍ ജോലിക്ക് പോകുന്നുണ്ട്. ദല്‍ഹിയില്‍ അവര്‍ക്ക് മുഖ്യമായും വഴിയോര കച്ചവടവും ടൈലറിംഗ് പണിയുമാണ്. ഒരു ജീന്‍സ് തയ്ച്ചാല്‍ അവര്‍ക്ക് കിട്ടുക പതിനഞ്ച് രൂപയാണ്. ദിവസം അമ്പതു വരെ ജീന്‍സുകള്‍ തയ്ക്കുന്നവരുണ്ട്. മുതലാളിമാരുടെ ലാഭം എത്രയാണെന്ന് നോക്കൂ. ഓരോ ജീന്‍സും എത്ര രൂപക്കാണ് അവര്‍ വിറ്റുകൊണ്ടിരിക്കുന്നത്! കൃഷിയിറക്കാനും കൊയ്യാനുമൊക്കെയാണ് അവര്‍ പഞ്ചാബിലേക്ക് പോവുക. ഇരുട്ടും വരെ പണിയെടുത്താലും അവര്‍ക്ക് കിട്ടുക മുന്നൂറ് രൂപ മാത്രം.
ഇങ്ങനെ അധ്വാനിച്ചുണ്ടാക്കുന്ന പണം മലയാളികളെപ്പോലെ വലിയ വീട് കെട്ടിപ്പൊക്കാനൊന്നും അവര്‍ ഉപയോഗിക്കുന്നില്ല. പല വീടുകളും സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടിയിട്ടുണ്ട്. നല്ല ധനസ്ഥിതിയുള്ളവരുടെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെയും വരെ വീടുകളുടെ തറ 'പരുക്കനിട്ട' നിലയിലായിരിക്കും. ഒന്നിലും മാര്‍ബിളോ ടൈല്‍സോ പതിച്ചതായി കണ്ടിട്ടില്ല. ചുമരുകളും ചെത്തിത്തേച്ചിട്ടുണ്ടാവില്ല. പക്ഷേ ഒരു കല്യാണം വന്നാല്‍ സ്ഥിതി മാറും. ഇങ്ങനെ സ്വരൂക്കൂട്ടിവെച്ചതൊക്കെ കല്യാണം കഴിയുമ്പോഴേക്ക് ധൂളിയായിട്ടുണ്ടാവും. ഞങ്ങളുടെ ഇമാം കല്യാണം കഴിക്കുന്ന വീട്ടില്‍ രണ്ട് പെണ്‍കുട്ടികളുടെ കല്യാണം നടക്കുന്നുണ്ടായിരുന്നു. ഒരു ബന്ധുവിനോട് കല്യാണച്ചെലവ് എത്രയാകുമെന്ന് ചോദിച്ചു: ''ഒരു എട്ടു ലക്ഷം രൂപയെങ്കിലുമാവും.'' സ്ത്രീധനത്തുകയൊന്നുമല്ല അവിടത്തെ വലിയ ചെലവ്, അതൊക്കെ കുറച്ചേ വരൂ. അതിന് തുല്യമായ തുക മഹ്‌റും വസ്ത്രങ്ങളുമൊക്കെയായി വരന്‍ തിരിച്ചുകൊടുക്കേണ്ടിയും വരും. ഭക്ഷണത്തിനും പന്തലൊരുക്കാനും ആര്‍ഭാടങ്ങള്‍ക്കുമൊക്കെയാണ് പണം ചെലവാകുന്നത്. രണ്ടു മൂന്ന് കല്യാണങ്ങള്‍ കഴിയുമ്പോഴേക്ക്, കൈയില്‍ രണ്ടോ മൂന്നോ ഏക്കര്‍ ഭൂമിയുണ്ടെങ്കില്‍ അതൊക്കെ വിറ്റിട്ടുണ്ടാവും.
ഈ താങ്ങാനാവാത്ത ചെലവുകളില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടണമെന്നുണ്ട്. പക്ഷേ അതിന് ഉതകുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളൊന്നും മത സംഘടനകളോ മറ്റോ നടത്തുന്നതായി കാണുന്നില്ല. ഇവിടെയുള്ള മതസ്ഥാപനങ്ങളധികം തബ്‌ലീഗ് ജമാഅത്തിന്റേതാണ്. അഹ്‌ലെ ഹദീസിന്റെ സ്ഥാപനങ്ങളും ചിലയിടങ്ങളിലുണ്ട്. പലതരം ബിദ്അത്തുകള്‍ കൊണ്ടുനടക്കുന്ന ബറേല്‍വികള്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലുണ്ട്. കേരളത്തില്‍നിന്നുള്ള സമാന ചിന്താഗതിക്കാരായ ഒരു സംഘമാണ് അവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത്. ''ആളുകള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഞങ്ങള്‍ അക്കാര്യത്തില്‍ ജാഗരൂകരാണ്''-അബ്ദുല്ല പറഞ്ഞു.
ജനം ഒരുക്കമാണ്; പക്ഷേ...
2019 ജനുവരി മൂന്നിന് അഖ്ബാറെ മശ്‌രിഖ് എന്ന ഉര്‍ദു പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടിന്റെ കട്ടിംഗ് അബ്ദുല്ല അയച്ചുതന്നിരുന്നു. 'ഗോല്‍പോഖറിലും ചക്കുലിയയിലും ഡിഗ്രി കോളേജുകള്‍ ഇല്ലാത്തതിനാല്‍ അധിക വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കും പഠനം നിര്‍ത്തേണ്ടിവരുന്നു' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഗോല്‍പോഖറും ചക്കുലിയയും നിയമസഭാ മണ്ഡലങ്ങളാണെന്ന് ഓര്‍ക്കണം. 'ഞങ്ങളുടെ ചുറ്റുമുള്ള അഞ്ചെട്ടു ഗ്രാമങ്ങളിലെ ഏതാണ്ടെല്ലാ വീടുകളും എനിക്കറിയാം. സയന്‍സില്‍ ബിരുദമെടുത്ത ഒരാള്‍ പോലും അവിടെയെങ്ങുമില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.' അബ്ദുല്ല തന്റെ നാടിന്റെ ദുര്‍ഗതിയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. പ്രഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കാര്യം പറയാനുമില്ല. അതിനുള്ള സകല സാധ്യതകളും ഭരണകൂടം തന്ത്രപൂര്‍വം അടക്കുകയാണോ എന്നും സംശയിക്കണം. സെക്കന്ററി സ്‌കൂളുകളില്‍ പഠിക്കണമെങ്കില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യണം. അവിടെ ചേര്‍ന്നാല്‍ തന്നെ ഹ്യൂമാനിറ്റീസോ കൊമേഴ്‌സോ എടുക്കേണ്ടിവരും. സയന്‍സ് ഗ്രൂപ്പുള്ള സ്‌കൂളുകള്‍ വളരെ വിരളം. അതിനാല്‍ അബ്ദുല്ല തന്റെ ഒരു അനുജനെ എഞ്ചിനീയറിംഗ് കോഴ്‌സിനായി കൊല്‍ക്കത്തയിലേക്ക് പറഞ്ഞയച്ചിരിക്കുകയാണ്. അബ്ദുല്ലയുടെ കുടുംബത്തിന് ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും, അനുജന്മാരെ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം കേരളത്തില്‍ വന്ന് രാവും പകലും കഷ്ടപ്പെടുന്നത്.
പിന്നാക്കാവസ്ഥയെക്കുറിച്ച നീറിപ്പിടിച്ച ചിന്തകളുമായി നടക്കുന്ന വേറെയും ധാരാളം പേരുണ്ട് ഇവിടെ. അബ്ദുല്ലയുടെ മാമു (അമ്മാവന്‍) മുഹമ്മദ് ഫരീദ് ആലം അവരിലൊരാളാണ്. ചെറുപ്പക്കാരന്‍. ബല്‍ബസ്തി ഷാപൂരില്‍ അദ്ദേഹം ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്; സ്വന്തം ഭൂമിയില്‍, സ്വന്തം ചെലവില്‍. മുന്നൂറോളം വിദ്യാര്‍ഥികള്‍. മോഡേണ്‍ ചില്‍ഡ്രന്‍സ് അക്കാദമി എന്നാണ് പേര്. ഫീസിനത്തില്‍ കിട്ടുക ഓരോ കുട്ടിയില്‍നിന്നും ഇരുന്നൂറോ നൂറ്റമ്പതോ രൂപയാണ്. പറ്റേ ദരിദ്രരായവരില്‍നിന്ന് അതും പ്രതീക്ഷിക്കേണ്ടതില്ല. എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ എന്ന വേവലില്‍ എല്ലാ നഷ്ടവും സഹിച്ച് സ്‌കൂള്‍ നടത്തിക്കൊണ്ടുപോവുകയാണ്. ഗവണ്‍മെന്റ് തിരിഞ്ഞുനോക്കില്ല. തകര ഷീറ്റിട്ട ക്ലാസ് മുറികള്‍. പല ഷീറ്റുകളും കാറ്റു പിടിച്ച് ഇളകി നില്‍ക്കുന്നു.
അദ്ദേഹം ഞങ്ങളെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യം പത്തേക്കര്‍ നിരന്ന ഭൂമി കാണിച്ചുതന്നു. പിന്നെ എട്ടേക്കറോളം വരുന്ന മറ്റൊരു പ്ലോട്ട്. ''ഞാന്‍ ഈ സ്ഥലമൊക്കെ വിട്ടുകൊടുക്കാന്‍ തയാറാണ്. നിങ്ങള്‍ സ്‌കൂള്‍, അല്ലെങ്കില്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന മറ്റെന്തെങ്കിലും ഇവിടെ സ്ഥാപിക്കണം. ഞങ്ങള്‍ക്ക് ഭൂമിയുണ്ട്, പണമില്ല. നിങ്ങള്‍ക്ക് പണമുണ്ട്, ഭൂമിയില്ല. നമ്മള്‍ ഒത്തുപിടിച്ചാല്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് അത് കളമൊരുക്കും.''
താന്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്‌കൂളും അത് നില്‍ക്കുന്ന ഒന്നരേക്കര്‍ ഭൂമിയും വിട്ടുനല്‍കാനും ഫരീദ് ആലം തയാറാണ്. എന്‍.ജി.ഒ, ട്രസ്റ്റ് എന്നൊക്കെ പറഞ്ഞപ്പോള്‍ അതിനെക്കുറിച്ചൊന്നും അവര്‍ക്ക് യാതൊരു ധാരണയുമില്ല. പിന്നാക്കാവസ്ഥയെക്കുറിച്ച് പത്രത്തില്‍ എഴുതാമെന്നും സുമനസ്സുകളുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചാണ് ഞങ്ങള്‍ തിരിച്ചുപോന്നത്.
ഞങ്ങള്‍ തിരിച്ചുവരാനിരിക്കുന്ന ദിവസം രാവിലെ അബ്ദുല്ല നിര്‍ബന്ധപൂര്‍വം തിക്‌രിബാരി എന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി. അവിടെയൊരു സ്ഥാപനമുണ്ട്-ഫൈദുല്‍ ഖുര്‍ആന്‍. ഒരുപക്ഷേ ദിനാജ്പൂര്‍ മേഖലയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാലയം. സ്ഥാപിതമായത് 1998-ല്‍ ആണെങ്കിലും അതൊരു കോളേജായി ഉയര്‍ത്തപ്പെടുന്നത് 2008-ല്‍ ആണ്. മാള്‍ഡ, ദക്ഷിണ ദിനാജ്പൂര്‍, ഉത്തര ദിനാജ്പൂര്‍, ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി, കൂച്ച് ബിഹാര്‍ എന്നീ ആറ് പശ്ചിമ ബംഗാള്‍ ജില്ലകളിലെവിടെയും ഇത്രയും വലിയ ദീനീ സ്ഥാപനമില്ല എന്നാണ് അതിന്റെ ഭാരവാഹികള്‍ അവകാശപ്പെടുന്നത്. അതിനാല്‍ ദീനീ ഉപരിപഠനത്തിനായി ധാരാളം കുട്ടികള്‍ ഇങ്ങോട്ടു വരുന്നു. പക്ഷേ, അവരില്‍ പകുതി പേരെ പോലും അക്കമഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ല. വേണ്ടത്ര ബില്‍ഡിംഗുകളില്ല. സ്ഥാപന മേധാവി മുംതാസ് ആലം മസാഹിരി, അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ മുഫ്തി മുഹമ്മദ് ഹുദൈഫ, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുള്ള ഖാരി നയ്യാര്‍ ഇഖ്ബാല്‍ എന്നിവരുമായി വിശദമായി സംസാരിക്കാന്‍ അവസരം ലഭിച്ചു.
പിന്നാക്കാവസ്ഥയുടെ ഞെട്ടിക്കുന്ന കണക്കുകളാണ് അവരും നിരത്തിക്കൊണ്ടിരുന്നത്. ഏറ്റവും ദരിദ്രമായ ആഫ്രിക്കയിലെ സബ്‌സഹാറന്‍ രാജ്യങ്ങളേക്കാളും ഒഡിഷയിലെ ഏറ്റവും പിന്നാക്കമുള്ള കലഹന്ദി മേഖലയേക്കാളും ദിനാജ്പൂര്‍ പിന്നിലാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെച്ച് തന്നെ പറയാനാവും. സാക്ഷരതയില്‍ ദിനാജ്പൂര്‍ അത്ര മേശമൊന്നുമല്ല എന്ന മിത്തിനെയാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തകര്‍ത്തുകളഞ്ഞത്. ഫൈദുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനം നിലകൊള്ളുന്ന ബ്ലോക്കില്‍ നാലു ശതമാനത്തില്‍ താഴെ കുട്ടികളേ പ്രാഥമിക വിദ്യാഭ്യാസം പോലും നേടുന്നുള്ളൂ. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്‌കൂള്‍ സമയങ്ങളില്‍ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ റോഡരികില്‍ കൂട്ടം കൂടി നില്‍ക്കുന്നത് കാണാം. അവര്‍ സ്‌കൂളില്‍ പോകാത്തത്, പോകാന്‍ സ്‌കൂള്‍ ഇല്ലാത്തതുകൊണ്ടാണ്. പ്രാഥമിക വിദ്യാലയങ്ങള്‍ പോലും ഇവിടെ പല ഗ്രാമങ്ങളിലും ഇല്ല. ഉള്ള സ്‌കൂളുകളില്‍തന്നെ ഏതാനും അധ്യാപകരും ധാരാളം കുട്ടികളും. കിട്ടുന്ന വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ എന്തായിരിക്കുമെന്ന് ഇതില്‍നിന്ന് ഊഹിക്കാം.
കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കിലും മദ്‌റസകളില്‍ പോകുന്നുണ്ടല്ലോ, അവിടെ നിന്ന് മതപാഠങ്ങള്‍ക്കു പുറമെ അത്യാവശ്യം കണക്കും ഇംഗ്ലീഷും സാമൂഹിക ശാസ്ത്രവും അവര്‍ പഠിക്കുന്നുണ്ടല്ലോ എന്നായിരുന്നു പിന്നെയുള്ള ആശ്വാസം. അത് ഇല്ലാതാക്കുകയായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ നാലു ശതമാനം മാത്രമേ മദ്‌റസകളില്‍ പോകുന്നുള്ളൂ എന്നാണ് കമ്മിറ്റി കണ്ടെത്തിയത്. കണക്കുകള്‍ നിരത്തിയ ശേഷം ഫൈദുല്‍ ഖുര്‍ആന്‍ ഭാരവാഹികളും പറഞ്ഞത് ഇങ്ങനെയാണ്: ''മതപഠനത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്നത് ശരി. പക്ഷേ സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അഭ്യുന്നതിക്കു വേണ്ടി എന്തു പ്രോജക്ട് കൊണ്ടുവന്നാലും ഞങ്ങള്‍ സ്വീകരിക്കാം. അതിനു വേണ്ടി ഭൂമി വിട്ടു നല്‍കാനും ഞങ്ങള്‍ തയാര്‍.''
വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന ശോച്യാവസ്ഥയെക്കുറിച്ച് ഇപ്പോള്‍ നല്ല ബോധ്യമുണ്ട്. സര്‍വര്‍ അഅ്‌സമിനെപ്പോലെ, ഫരീദ് ആലമിനെപ്പോലെ, അബ്ദുല്ലയെപ്പോലെ തങ്ങളാലാവുന്നത് ചെയ്തുകൊണ്ടിരിക്കുന്നവരും കുറവല്ല. അതത് പ്രദേശങ്ങളില്‍ സ്വാധീനമുള്ള സംഘടനകളെയും വ്യക്തികളെയും സഹകരിപ്പിച്ചും ഏകോപിപ്പിച്ചും മുന്നോട്ടുപോയാലേ ഏതു പ്രോജക്ടും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തൂ. ദക്ഷിണ ദിനാജ്പൂരിലെ ബുന്‍യാദ്പൂര്‍ നഗരത്തിന്റെ പ്രാന്തത്തിലുള്ള ഒരു വിഷന്‍ 2026 പ്രോജക്ട് സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുായി. അതിന്റെ നടത്തിപ്പു ഭാരം മുഴുവന്‍ ഏതാനും വ്യക്തികളുടെ ചുമലിലാണ്. അവരാണെങ്കിലോ മറ്റുള്ളവരെപ്പോലെ വളരെ ദരിദ്രരും. കുട്ടികള്‍ നല്‍കുന്ന ഫീസ് മാത്രമാണ് വരുമാനം. അധ്യാപകരുടെ ശമ്പളം എത്രയായിരിക്കുമെന്ന് ഊഹിക്കാം. അതിനാല്‍തന്നെ സ്‌കൂളിന്റെ യാതൊരു തരത്തിലുള്ള വിപുലനവും സാധ്യമാകുന്നില്ല. ടിന്‍ഷീറ്റ് മേഞ്ഞ ക്ലാസ് റൂമുകളാണ് ഇപ്പോഴും. ഒരു ഉദാരമതി നല്‍കിയ ചെറിയ തുക ഞങ്ങള്‍ അവരെ ഏല്‍പിക്കുകയുണ്ടായി. ആ തുക കൊണ്ടാണ് അവിടെ വാട്ടര്‍ടാങ്ക് ഫിറ്റ് ചെയ്തതും പ്ലംബിംഗ് നടത്തിയതും. സമുദായത്തിന്റെ ഒരു പൊതു സംരംഭമായി അതിനെ രൂപകല്‍പന ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനേ എന്നു തോന്നി.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ദക്ഷിണ ദിനാജ്പൂരിനേക്കാള്‍ എത്രയോ പിന്നിലുള്ള ഉത്തര ദിനാജ്പൂരില്‍ വിഷന്റെയോ മറ്റേതെങ്കിലും കൂട്ടായ്മയുടെയോ എന്തെങ്കിലും പ്രോജക്ടുകള്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. അവരത് ആഗ്രഹിക്കുന്നുണ്ട്. കഠിനാധ്വാനികളും അര്‍പ്പണബോധമുള്ളവരുമായ ഈ ജനതക്ക് അത്തരം പ്രോജക്ടുകള്‍ വിജയിപ്പിച്ചെടുക്കാനായേക്കും. നമ്മുടെ ഒരു താങ്ങ് ആണ് അവര്‍ പ്രതീക്ഷിക്കുന്നത്.
(അവസാനിച്ചു)
Comments