Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

നിയമാനുസൃതത്വവും പരമാധികാരവും

റാശിദ് ഗന്നൂശി

സമകാലിക പാശ്ചാത്യ രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് രണ്ട് അസ്തിവാരങ്ങളിലാണ്. ഒന്ന്, നിയമാനുസൃതത്വം, രണ്ടാമത്തേത് പരമാധികാരവും. നവീന പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഊറ്റം കൊള്ളാറുള്ളത് തങ്ങള്‍ക്കുള്ളത് നിയമാനുസൃതത്വമുള്ള ഭരണകൂടമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് ഭരണകൂട വ്യവഹാരങ്ങള്‍ക്കെല്ലാം സുസ്ഥിരവും സുഭദ്രവുമായ ഒരു നിയമവ്യവസ്ഥയും ചട്ടക്കൂടുമുണ്ടായിരിക്കും. ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൗരന്മാര്‍ക്ക് സ്വതന്ത്രരായ ന്യായാധിപന്മാരെ സമീപിക്കാം.1 ഇതാണ് നിയമാനുസൃതത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ആധുനിക പാശ്ചാത്യ രാഷ്ട്രത്തിന്റെ മുഖ്യ ധര്‍മവും അതാണ്.2 ഭരണാധികാരികള്‍ എത്രയായിരുന്നാലും നിയമം അവരുടെ അധികാരപരിധി നിര്‍ണയിച്ചിരിക്കും.3 ഇത് നിഷേധാത്മക വശമാണ്. അതായത് നിയമാനുസൃത ചട്ടക്കൂടുകള്‍ക്ക് വിരുദ്ധമായി രാഷ്ട്രം ഒന്നും ചെയ്തുകൂടാ. ഇതിന്റെ ധനാത്മക വശം എന്നു പറയുന്നത്, സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും സമുന്നത ലക്ഷ്യങ്ങളെയും രാഷ്ട്രം മാനിക്കുക എന്നതാണ്.4 അങ്ങനെയാവുമ്പോള്‍ പൊതുതാല്‍പര്യങ്ങള്‍ക്ക് അനുഗുണമായിത്തീരും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ മൂല്യങ്ങള്‍ സംരക്ഷിക്കുകയും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യുന്ന ആ രാഷ്ട്രീയ ഘടനയെ അതിന്റെ നീതിബോധത്താല്‍ തന്നെ ജനം സ്വമേധയാ അംഗീകരിക്കാന്‍ തയാറാവും.5
ഇനി പരമാധികാരത്തെ കുറിച്ചാണ്. പരമാധികാരം രാഷ്ട്രത്തിനു തന്നെയാണ്. അതിനു മീതെ മറ്റൊരു അധികാരമില്ല; പ്രത്യേകിച്ച് നിയമനിര്‍മാണത്തില്‍. എല്ലാവര്‍ക്കും മീതെ നില്‍ക്കുന്ന അധികാരമാണത്; എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥമായ അധികാരവും.6 ഭരണാധികാരി -അത് വ്യക്തിയോ ഗ്രൂപ്പോ ആകാം-ക്കാണ് പരമാധികാരമുണ്ടാവുക. നിയമവ്യവസ്ഥ മാറ്റാനുള്ള അധികാരവും ആ അധികാരിയില്‍ നിക്ഷിപ്തമായിരിക്കും. മറ്റു അധികാരങ്ങളെല്ലാം ഇതിനു വിധേയമായിട്ടു മാത്രം. മധ്യയുഗങ്ങളില്‍ ഈ പരമാധികാരം യൂറോപ്പില്‍ പോപ്പിനായിരുന്നു. യേശുവിന്റെ പ്രതിനിധി എന്ന നിലക്കായിരുന്നു ഈ അധികാരം. അതിനു മുമ്പ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കും ഇതേ അധികാരമുണ്ടായിരുന്നു. തന്റെ ഇഛാനുസൃതമുള്ള പരമാധികാരം. ഇതിന്റെ പിന്തുടര്‍ച്ചയായിട്ടാണ് ആധുനിക ദേശരാഷ്ട്രവും ഉടലെടുക്കുന്നത്. അതിന് രണ്ടു തരത്തില്‍ നിയമാനുസൃതത്വമുണ്ടെന്ന് വാദിക്കപ്പെട്ടു. അതായത്, ഇതിനേക്കാള്‍ വലിയ മറ്റൊരു പരമാധികാര കേന്ദ്രമില്ല; ഈ പരമാധികാരം ചോദ്യം ചെയ്യപ്പെടാത്തതുമാണ്. ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തര ഘടനയില്‍ ഏറ്റവും വലിയ നിയമനിര്‍മാണാധികാരമാണിത്. വൈദേശികമായി, മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ ഒരു നിയമാവലിയും പാലിക്കാന്‍ അത് ബാധ്യസ്ഥമാവുന്നുമില്ല. ഏതു രാജ്യവുമായും യുദ്ധം പ്രഖ്യാപിക്കാന്‍ അതിന് അവകാശമുണ്ട്; തോല്‍പ്പിക്കപ്പെട്ട രാജ്യത്തിന്റെ ഭൂമി കൂട്ടിച്ചേര്‍ക്കാന്‍ വരെ.7
അപ്പോള്‍ പരമാധികാരം എന്നത് ഒരു നിയമപരികല്‍പ്പനയാണ്. നിയമത്തിന് സാധൂകരണം നല്‍കുക എന്നതാണത്. നിയമമാവട്ടെ ഭരണാധികാരിയില്‍നിന്ന് ഉണ്ടാവുന്നതും. ഭരണാധികാരി ഒരു വ്യക്തിയാവാം; സംഘമാവാം. കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന ഒരു ഭരണകേന്ദ്രമാണത്. അത് പുറപ്പെടുവിക്കാത്ത ഒന്നും നിയമമാവുകയില്ല.8 ഭരണാധികാരി പറയുന്നതാണ് നിയമമെങ്കില്‍, ആരാണ് ഭരണാധികാരി? അത് കണ്ടെത്താന്‍ ഒരു കൂട്ടം നിയമസംഹിതകളിലേക്കു പോകണം. ആ നിയമങ്ങള്‍ക്ക് എങ്ങനെ സാധൂകരണവും ആധികാരികതയും കിട്ടി എന്ന ചോദ്യവും അവിടെ ഉയരും. ചുരുക്കം പറഞ്ഞാല്‍, പരമാധികാരം എന്നത് നിയമങ്ങള്‍ക്ക് സാധൂകരണം ഉണ്ടാകാന്‍ വേണ്ടി കൊണ്ടുവരപ്പെടുന്ന ഒന്നാണ്.9
പരമാധികാരത്തെക്കുറിച്ച ഈ വിഭാവന ഒരു സമസ്യയായി നിലനില്‍ക്കുകയാണെങ്കിലും, അതിന്റെ വക്താക്കള്‍ക്കിടയില്‍ അതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിന്റെ പ്രായോഗികപരതയാണ് കാരണം. നിയമത്തിന്റെ പൊരുള്‍ എന്നു പറയുന്നത്, ജസ്റ്റിസ് ഹോംസ് വ്യക്തമാക്കുന്നപോലെ, യുക്തിചിന്തയല്ല, അനുഭവമാണ്.10 പരമാധികാരത്തെക്കുറിച്ച ഈ നിരുപാധിക സങ്കല്‍പത്തിന്, അതില്‍നിന്നുണ്ടാവുന്ന കല്‍പ്പനകള്‍ക്ക് നിയമസാധുത നല്‍കാനും എല്ലാവരും അതിന് വിധേയപ്പെടണമെന്ന് ആജ്ഞാപിപ്പിക്കാനും അതൊക്കെ ആ അധികാര കേന്ദ്രത്തില്‍നിന്ന് വരുന്നു എന്ന ന്യായം മാത്രം മതി. അത്തരം നിയമാവിഷ്‌കാരങ്ങള്‍ ധാര്‍മികതയോടും മതമൂല്യങ്ങളോടും നീതിസങ്കല്‍പത്തോടും ഏതളവില്‍ ഏറ്റുമുട്ടിയാലും ശരി. പാശ്ചാത്യ ലോകത്തെ മഹാചിന്തകരാണ് ഈയൊരു സങ്കല്‍പത്തെ അരക്കിട്ടുറപ്പിച്ചിട്ടുള്ളതും. ആ ചിന്തകരില്‍ ഇംഗ്ലീഷുകാരനായ ഹോബ്‌സ് ഉണ്ട്, ഇറ്റലിക്കാരനായ മാക്കിയവെല്ലി ഉണ്ട്, ജര്‍മന്‍കാരനായ ഹെഗല്‍ ഉണ്ട്. ഉദാഹരണത്തിന് ഹെഗല്‍ പറഞ്ഞത് എന്താണെന്നു നോക്കാം: ''മനുഷ്യചരിത്രത്തെ ഭരിക്കുന്ന ചിന്ത എന്ന് പറയുന്നത് ധിഷണയാണ്. ചിന്തകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് ഇത് സാധ്യമാവുന്നത്. ധിഷണ കൈവരിക്കുന്ന ഉയര്‍ന്ന തലമാണ് ദേശരാഷ്ട്രത്തിന്റെ രൂപവത്കരണം എന്നത്. രാഷ്ട്രം എന്ന ഈ കേവല യാഥാര്‍ഥ്യം അതില്‍ നിവസിക്കുന്നവര്‍ക്കും മീതെയാണ് നിലയുറപ്പിക്കുക. സമുന്നത ലക്ഷ്യങ്ങള്‍ക്കായി അവരൊക്കെയും ആ രാഷ്ട്രത്തിന് വഴിപ്പെട്ടേ പറ്റൂ. ദേശരാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ മനുഷ്യനെയും അവന്റെ ചിന്തകളെയും മുന്നോട്ടു നയിക്കുന്ന അനിവാര്യ പ്രതിഭാസമായി കണ്ടാല്‍ മതി. എന്നാല്‍ രാഷ്ട്രവും പൗരനും തമ്മിലുള്ള സംഘര്‍ഷം എവിടെയും വിഭാവനം ചെയ്യപ്പെടുന്നില്ല. കാരണം, രാഷ്ട്രമായിരിക്കും എപ്പോഴും സത്യത്തിന്റെ പാതയില്‍. രാഷ്ട്രമെന്നത് സ്വതന്ത്രവും നിരുപാധികവുമായ ചിന്തയുടെ ഉല്‍പന്നമാണ്. അതിന്റെ ഇഛയാണ് ധാര്‍മികതയുടെ മാനദണ്ഡം. അതിന്റെ പ്രവൃത്തിയാണ് സത്യത്തെ നിര്‍ണയിക്കുക.''11 പണത്തിനും അധികാരത്തിനും വേണ്ടി ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ നടന്ന യുദ്ധങ്ങള്‍ക്ക് (അത് നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും താല്‍പ്പര്യങ്ങളെ ബലികഴിച്ചുകൊണ്ടുള്ളതാണെങ്കിലും) ഈ രാഷ്ട്ര വിഭാവനയുമായി വളരെ പ്രകടമായ ബന്ധമുണ്ട്. രാഷ്ട്രം ദൈവത്തിന്റെ സ്ഥാനം കൈയേല്‍ക്കുകയാണ്. രാഷ്ട്രം തന്നെയാണ് നിയമാനുസൃതത്വത്തിന്റെ ഉറവിടം. എല്ലാറ്റിനും നിയമാനുസൃതത്വം നല്‍കുന്നതും രാഷ്ട്രമാണ്. ആരുടെ മുമ്പിലും അതിന് ഉത്തരം ബോധിപ്പിക്കേണ്ടതില്ല. അതിനാല്‍ ആ രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്നവന്/ചെയ്യുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിച്ചുകൊണ്ടിരിക്കും. ദേശരാഷ്ട്രപരമായ ഈ അഹന്തയും ചര്‍ച്ചിന്റെയും ഫ്യൂഡല്‍ പ്രഭുക്കളുടെയും പിടിയില്‍നിന്ന് മോചിതരാകണമെന്ന ഉല്‍ക്കടമായ അഭിലാഷവുമാണ് ഈ നിരുപാധിക അധികാര കേന്ദ്രത്തിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്. അതിനെ ചുറ്റിപ്പറ്റിയുള്ള അവ്യക്തതകളോ12 മിഥ്യാധാരണകളോ13 ഒന്നും ഇവിടെ പ്രശ്‌നമാകുന്നില്ല.
മേലെ മറ്റൊരു അധികാര ശക്തിയുമില്ലാത്ത, ആരോടും മറുപടി പറയേണ്ടതില്ലാത്തതാണ് പരമാധികാര സങ്കല്‍പമെങ്കിലും നിയമം ഉയര്‍ത്തിപ്പിക്കാനും പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി അധികാരികളുടെ വ്യവഹാരങ്ങളെ നിയന്ത്രിക്കാനും സ്വതന്ത്ര കോടതിയും മാധ്യമസ്ഥാപനങ്ങളും കൊണ്ടുവരാനും ജനങ്ങള്‍ക്ക് അഭിപ്രായപ്രകടന സ്വാതന്ത്ര്യം നല്‍കാനുമൊക്കെ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അധികാരങ്ങള്‍ വിഭജിച്ചുനല്‍കാനും അത് നിഷ്‌കര്‍ഷ പുലര്‍ത്തി. ഇതൊക്കെ ഉള്ളതോടൊപ്പം തന്നെ നിരവധി യുദ്ധങ്ങള്‍ക്ക് ഈ രാഷ്ട്രസങ്കല്‍പം കാരണമായി എന്നതും കാണാതിരുന്നുകൂടാ. ശക്തന്മാര്‍ ദുര്‍ബലരുടെ മേല്‍ ആധിപത്യം പുലര്‍ത്താനും അത് വഴിയൊരുക്കി. നാസി, ഫാഷിസ്റ്റ്, പ്രോലിറ്ററേറ്റ് സര്‍വാധിപത്യങ്ങള്‍ക്ക് വഴിയൊരുക്കിയതും ഈ രാഷ്ട്രസങ്കല്‍പം തന്നെ. രാഷ്ട്രങ്ങളെ കടന്നാക്രമിച്ച് കോളനിവല്‍ക്കരിക്കാനും അത് നല്ലൊരു ന്യായീകരണമായി. വിവരസാങ്കേതിക വിദ്യകളില്‍ കുതിച്ചുചാട്ടമുണ്ടാവുകയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും രാഷ്ട്രങ്ങളുടെ പൊതു താല്‍പര്യങ്ങള്‍ പ്രമുഖസ്ഥാനം കൈവരിക്കുകയും ഏതൊരു സമൂഹത്തെയും ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള മാരകായുധങ്ങള്‍ നിര്‍മിക്കപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍, രാഷ്ട്രത്തിന് കല്‍പ്പിച്ചുനല്‍കുന്ന പരമാധികാരത്തിന് നിയന്ത്രണങ്ങള്‍ വെക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു. അങ്ങനെയാണ് അന്താരാഷ്ട്ര കരാറുകളും ആഗോള മനുഷ്യാവകാശ പ്രഖ്യാപനങ്ങളുമൊക്കെ ജന്മമെടുക്കുന്നത്. പ്രകൃതിനിയമം എന്ന ആശയമാണ് ഇതിന് അടിത്തറ. അതായത്, ഏതു കാലത്തും ഏത് നാട്ടിലും ജീവിക്കുന്ന മനുഷ്യന്റെ അടിസ്ഥാന പ്രകൃതം ഒന്നാണ്. മനുഷ്യപ്രകൃതിയെക്കുറിച്ച് ആഴത്തില്‍ ആലോചിച്ചാല്‍ ചില സുസ്ഥിര ധാര്‍മികാടിത്തറകളില്‍ അത് നിലയുറപ്പിച്ചിട്ടുള്ളതായി കാണാം. മനുഷ്യനുണ്ടാക്കുന്ന നിയമങ്ങളെ നിയന്ത്രിക്കാനും ചിട്ടപ്പെടുത്താനും ഈ അടിസ്ഥാന മനുഷ്യപ്രകൃതത്തിന് കഴിയുമെന്നാണ് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. രാഷ്ട്രനിയമത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നായിരിക്കും മനുഷ്യപ്രകൃതത്തില്‍ തന്നെയുള്ള ഈ ധാര്‍മികവ്യവസ്ഥ. ഇതുവെച്ച് മനുഷ്യനിര്‍മിത വ്യവസ്ഥ അധാര്‍മികമാണെന്നോ അതിക്രമപരമാണെന്നോ നിര്‍ണയിക്കാനാവും. അപ്പോള്‍ ഒരു മനുഷ്യനിര്‍മിത വ്യവസ്ഥ നിയമാനുസൃതവും നീതിയുക്തവുമാണെങ്കില്‍, അത് ഈ അടിസ്ഥാന മനുഷ്യപ്രകൃതിയുമായി ഒത്തുപോകുന്നതാവണം.14
ഈ പ്രകൃതിവാദ ചിന്താധാര പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വേരുറപ്പിച്ചപ്പോള്‍, സമൂഹത്തേക്കാള്‍ മുമ്പിലാണ് അത് വ്യക്തിയെ പ്രതിഷ്ഠിച്ചത്. ഉയര്‍ന്നതും മഹത്തരമായതും ഒരാളുടെ വ്യക്തിസത്തയാണെന്നു വന്നു. സമൂഹം വ്യക്തിയെ സേവിച്ചുകൊള്ളണം. വ്യക്തി മനുഷ്യനെന്ന നിലക്കുള്ള തന്റെ പ്രകൃതത്തില്‍നിന്ന് തന്റെ അവകാശങ്ങള്‍ എന്തൊക്കെയെന്ന് നിര്‍ണയിക്കുന്നു. ഭരണകൂടമല്ല അവ എന്തൊക്കെയെന്ന് നിശ്ചയിച്ചുകൊടുക്കേണ്ടത്. കാരണം രാഷ്ട്രം ഉണ്ടാവും മുമ്പേ വ്യക്തിയുണ്ട്, വ്യക്തിയുടെ അവകാശങ്ങളുണ്ട്. അതിനാല്‍, അവയില്‍ ഒരു തരത്തിലുള്ള കൈയേറ്റം നടത്താനും രാഷ്ട്രത്തിന് അവകാശമില്ല.15 രാഷ്ട്രം അത് ചെയ്താല്‍ സമൂഹത്തിന് അതിലുള്ള വിശ്വാസം നഷ്ടപ്പെടുകയും അവര്‍ ആ അവകാശങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്യും.
ഈ പ്രകൃതിവാദം കാടുകയറി ഏതറ്റം വരെ പോയി എന്ന് ചോദിച്ചാല്‍, ഏത് സ്വേഛാധിപതിക്കും തന്റെ ഇംഗിതങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ പാകത്തില്‍ ആര്‍ക്കും എടുത്തണിയാവുന്ന അയഞ്ഞ മേല്‍ക്കുപ്പായമായി അത് മാറി. പക്ഷേ പിന്നീടത് അടിസ്ഥാന ജനാധിപത്യ അവകാശങ്ങളുടെ ഉരക്കല്ലായി മാറിയപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നു. അങ്ങനെ പ്രകൃതിവാദികളുടെ ഈ ആശയങ്ങള്‍ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലും ഭരണഘടനകളിലും ഇടംപിടിച്ചു. ഇതു വെച്ച് ഭരണകൂടം ഇറക്കുന്ന ഉത്തരവുകളെ പരിശോധിക്കും, മനുഷ്യന്റെ പ്രകൃതിപരമായ അവകാശങ്ങളെ മാനിക്കുന്നുണ്ടോ എന്ന് നോക്കും.
തദ്ദേശീയമായ പ്രത്യേകതകള്‍ക്കു മീതെ ഈ പ്രകൃതിനിയമത്തെ പ്രതിഷ്ഠിക്കുകയാണ് അന്താരാഷ്ട്രനിയമങ്ങള്‍ ചെയ്തത്. പക്ഷേ രാഷ്ട്ര പരമാധികാരവാദികള്‍ രാഷ്ട്രത്തെ തളര്‍ത്തുന്ന വലിയൊരു ന്യൂനതയായാണ് ഇതിനെ കണ്ടത്. കാരണം ഈ സ്വഭാവത്തിലുള്ള അന്താരാഷ്ട്ര നിയമം അംഗീകരിക്കുകയെന്നാല്‍ രാഷ്ട്രത്തിനു പുറത്തുള്ള ഒരു അധികാരശക്തിക്ക് വിധേയപ്പെടുക എന്നാണല്ലോ. അതിനാല്‍ പരമാധികാരം രാഷ്ട്രത്തിനാണ് എന്ന് വാദിക്കുന്നവര്‍, അതില്‍ നിയന്ത്രണം വരുത്തുകയും രാഷ്ട്രത്തെ താഴെ നിര്‍ത്തുകയും ചെയ്യുന്ന ഏത് അന്താരാഷ്ട്ര നിയമത്തെയും ശക്തമായി എതിര്‍ക്കും. എന്നാല്‍, കടലാസില്‍ അന്താരാഷ്ട്ര നിയമത്തിന് മേല്‍ക്കൈ ഉണ്ടായാലും പ്രയോഗത്തില്‍ പലപ്പോഴും അതില്ലെന്നതാണ് വാസ്തവം. ഹേഗ് ഇന്റര്‍നാഷ്‌നല്‍ കോര്‍ട്ടിന്റെ കാര്യമെടുക്കാം. ബന്ധപ്പെട്ട രണ്ടു കക്ഷികളും ഈ കോടതിയില്‍വെച്ച് പ്രശ്‌നം തീര്‍പ്പാക്കാം എന്ന് അംഗീകരിച്ചാല്‍ മാത്രമേ അതിന് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. പരമാധികാരത്തോടെ നിലവില്‍ വരുന്ന പാശ്ചാത്യ രാഷ്ട്രങ്ങളും അവക്ക് പുറത്തുള്ള അന്താരാഷ്ട്ര നിയമസംവിധാനങ്ങളും പരസ്പരം സമരസപ്പെട്ടാലും ഇല്ലെങ്കിലും, പരമാധികാരമെന്ന ആധുനിക രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അത് പരിമിത പരമാധികാരമാണോ എന്നാണ് ഒരു സംശയം. ആ പരമാധികാരത്തെ പരിമിതപ്പെടുത്തുന്ന മൂല്യസംഹിതയേത് എന്നതാണ് മറ്റൊരു ചോദ്യം. അത് പ്രകൃതിനിയമമാണോ? ധാര്‍മിക നിയമമാണോ? അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളാണോ? അന്താരാഷ്ട്ര നിയമമാണോ? അല്ലെങ്കില്‍ വെളിപാടു വഴി നമ്മിലേക്കെത്തുന്ന ദൈവിക പരമാധികാരമാണോ?
ഒരു കാര്യം ഉറപ്പാണ്. പാശ്ചാത്യ രാഷ്ട്ര സങ്കല്‍പത്തില്‍ പരമാധികാരം രാഷ്ട്രത്തിനു തന്നെയാണ്. പൊതു തെരഞ്ഞെടുപ്പുകളിലൂടെ അതിന് ജനകീയസമ്മതിയും അവര്‍ നേടിയെടുക്കുന്നു. പക്ഷേ, ഒരു ചോദ്യം ബാക്കിയാവുന്നു. നിയമാനുസൃതത്വം, പരമാധികാരം എന്നീ രണ്ട് പരികല്‍പ്പനകളിലൂടെ സ്ഥാപിതമാവുന്ന രാഷ്ട്രത്തില്‍ ഇതര രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മേല്‍ കൈയേറ്റം നടത്താനുള്ള മനുഷ്യന്റെ ത്വരയെ ഏതു ശക്തിക്കാണ് തടുക്കാനാവുക? പാശ്ചാത്യ രാഷ്ട്ര സങ്കല്‍പത്തില്‍ ഇതിന് തൃപ്തികരമായ ഒരു ഉത്തരം കണ്ടെത്തുക സാധ്യമല്ല.

 
കുറിപ്പുകള്‍
1.    ജാക് ദോന്‍ദിയേ ദി വോബര്‍ - അദ്ദൗല (അറബി പരിഭാഷ, 1982).
2.    സെനിസ് ലോയ്ഡ് - ഫിക്‌റതുല്‍ ഖാനൂന്‍ (അറബി പരിഭാഷ സലീ സ്വുവൈസ്വ്) പേ: 40
3.    ബദവി - ബഹ്‌സുന്‍ ഫിന്നിളാമില്‍ ഇസ്‌ലാമി, പേ: 111
4.    അതേ പുസ്തകം പേ: 112
5.    അബ്ദുല്‍ വഹാബ് കയാലി - മൗസ്വൂഅത്തുസ്സിയാസ (1979), പേ: 451
6.    അബ്ദുല്‍ഹമീദ് മുതവല്ലി - അല്‍ഖാനൂനുദ്ദസ്തൂരി വല്‍ അന്‍ളിമതുസ്സിയാസ്സിയ്യ, പേ: 135
7.    ലോയ്ഡ് - ഫിക്‌റത്തുല്‍ ഖാനൂന്‍, പേ: 204-208.
    ചുറ്റും നിഗൂഢതകള്‍ നിറഞ്ഞ ഒരു ആശയമായിട്ടാണ് ലോയ്ഡ് രാഷ്ട്രം എന്ന സംജ്ഞയെ നിര്‍വചിക്കുന്നത്. അതേക്കുറിച്ച് സൂക്ഷ്മമായി ആലോചിക്കും തോറും അതൊരു പ്രഹേളികയായി മാറും.
8.    ലോയ്ഡ് - അതേ പുസ്തകം
9.    അതേ പുസ്തകം
10.    അതേ പുസ്തകം, പേ: 242
11.    വോബര്‍ - അദ്ദൗല, പേ: 15
12.    അതേ പുസ്തകത്തില്‍ (പേ: 14-15) ഇങ്ങനെയും എഴുതിയിരിക്കുന്നു: ''രാഷ്ട്രത്തെ നിര്‍വചിക്കുക എന്നത് വളരെ പ്രയാസകരമാണ്. അത് അഹന്തയുടെയും വിനയത്തിന്റെയും ഒരു സങ്കരമാണ്. അതില്‍ വ്യക്തിയുടെ അധികാരമുണ്ട്, പൊതുസ്വീകാര്യമായ ഘടനയുമുണ്ട്. അധികാരികളുടെ ഇഛ നിലനില്‍ക്കുമ്പോള്‍ തന്നെ, പൊതുസേവനത്തിനുള്ള ആത്മാര്‍ഥ യത്‌നങ്ങളും ഒരു ഭാഗത്തുണ്ട്. സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ആ രാഷ്ട്രം ഉത്കണ്ഠപ്പെടുമ്പോഴും, യാതൊന്നും ആ രാഷ്ട്രത്തിന് ബാധകമാവുന്നുമില്ല. ഇത് ഭരണാധികാരിക്ക് ഉത്തരവാദിത്തമൊഴിയാനുള്ള പഴുതു നല്‍കുന്നു. പൊതുസ്വീകാര്യമായ ഒരു നിലപാട് രാഷ്ട്രം സ്വീകരിക്കുന്നുണ്ടെങ്കിലും, അതൊരു പ്രഹേളികയായി നിലനില്‍ക്കുന്നു. കാരണം ചരിത്രം ഓരോ രാഷ്ട്രത്തിനും തീര്‍ത്തും വ്യത്യസ്തമായ ഒരു അസ്തിത്വവും രീതിയുമാണ് നല്‍കുന്നത്..... ജോര്‍ജ് ബോര്‍ദോ (ഏലീൃഴല െആീൃറലമൗ) എന്ന നിയമജ്ഞന്‍ തമാശയായി ചോദിച്ചിട്ടുണ്ട്: നിങ്ങളിലാരെങ്കിലും ഒരു രാഷ്ട്രത്തെ കണ്ടിട്ടുണ്ടോ?''
13.    ഫ്രഞ്ച് ചിന്തകനായ റൂസ്സോ രാഷ്ട്രത്തിന് നിയമാനുസൃതത്വം നല്‍കാന്‍ ഒരു ശ്രമം നടത്തി നോക്കുന്നുണ്ട്. ജനങ്ങള്‍ പ്രകൃതിക്കിണങ്ങുന്ന വിധത്തില്‍ ജീവിച്ച ഒരു കാലം അദ്ദേഹം വിഭാവനം ചെയ്യുന്നു. അന്ന് എല്ലാ വ്യക്തികളും സ്വതന്ത്രരായിരുന്നു. ആ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ, പൊതുജീവിതം കരുപ്പിടിപ്പിക്കാന്‍ അവര്‍ ഒരു സാമൂഹിക കരാറില്‍ ഏര്‍പ്പെട്ടു. പൊതുതാല്‍പ്പര്യത്തിന് തങ്ങളുടെ വ്യക്തിപരമായ ചില സ്വാതന്ത്ര്യങ്ങള്‍ വേണ്ടെന്നു വെക്കാന്‍ അവര്‍ സന്നദ്ധരായി. അങ്ങനെയാണ് നിയമവും അധികാരവുമൊക്കെ ഉണ്ടായത്. തദ്ദേശീയരുടെ പൊതുതാല്‍പ്പര്യത്തിന്റെ പ്രതിഫലനമായതിനാല്‍ ഈ സംവിധാനത്തിന് നിയമസാധുതയും കൈവരുന്നു....
    പോസിറ്റിവിസ്റ്റുകള്‍, റൂസ്സോയുടെ വാദങ്ങളെ കേവലം ഭാവനയും മിഥ്യാധാരണയുമെന്ന് ആരോപിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. ലോയ്ഡിന്റെ ഫിക്‌റതുല്‍ ഖാനൂന്‍ (അറബി പരിഭാഷ, പേ: 239) എന്ന കൃതി കാണുക.
14.    സുലൈമാന്‍ അത്ത്വമാവി - അല്‍ വജീസു ഫീ നിളാമില്‍ ഹുകുമി വല്‍ ഇദാറ, പേ: 35
15.    യഹ്‌യ - അല്‍ മുത്വവ്വല്‍ ഫില്‍ ഖാനൂനിദ്ദുസ്തൂരി. അബ്ദുല്‍ ഹകീം ഹസന്‍ ഐലിയുടെ അല്‍ ഹുര്‍രിയ്യാത്തുല്‍ ആമ്മ എന്ന പുസ്തകത്തില്‍നിന്ന് ഉദ്ധരിച്ചത്. പേ: 17.

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌