Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

ഖത്തറിലെ ജ്ഞാനാന്വേഷണങ്ങള്‍

എം.വി മുഹമ്മദ് സലീം

(ജീവിതം-ഭാഗം 6) 

ഖത്തര്‍ വീണുകിട്ടിയ ഒരവസരമാണ്; അത് നന്നായി  ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. പഠിക്കാനും വളരാനും എന്തൊക്കെ സൗകര്യങ്ങളുണ്ട് എന്നന്വേഷിച്ചു. ഇഖ്‌വാന്‍കാരനായ ഉസ്താദ് ഹുസ്‌നിക്കായിരുന്നു ലൈബ്രറിയുടെ ചുമതല. സൗമ്യനായ അദ്ദേഹം ഉത്കൃഷ്ട സ്വഭാവഗുണങ്ങളുടെ ഉടമയായിരുന്നു. അദ്ദേഹം എല്ലാവിധ പ്രോത്സാഹനവും ഞങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. വളരെയേറെ സൗകര്യങ്ങളുള്ള ഗ്രന്ഥാലയം. പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ലൈബ്രേറിയനായ പരിചയം വെച്ച് വിലയിരുത്തുകയാണെങ്കില്‍ ഈ ലൈബ്രറി തികച്ചും വ്യത്യസ്തമാണ്. ജീവിതത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത എത്രയെത്ര ഗ്രന്ഥങ്ങള്‍! വിദേശ ഭാഷകളില്‍നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നിരവധി പുസ്തകങ്ങള്‍. പൗരാണിക ഗ്രന്ഥങ്ങള്‍ മാത്രമാണ് അന്ന് കേരളത്തിലെ കോളേജുകളില്‍ ഉണ്ടായിരുന്നത്.
യൂറോപ്പിലെ ജ്ഞാനാഭ്യുദയത്തിനു ശേഷം ലോകത്ത് സാംസ്‌കാരിക കൈമാറ്റം നടക്കുന്ന കാലം. പൗരസ്ത്യ വിജ്ഞാനങ്ങള്‍ പടിഞ്ഞാറിന്റെ കൈയില്‍. കുരിശുയുദ്ധത്തിന്റെ പശ്ചാത്തല സന്നാഹമായി മുസ്‌ലിംകളുടെ ശക്തികേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഓറിയന്റലിസ്റ്റുകള്‍ കിണഞ്ഞു ശ്രമിച്ചു.  അവരില്‍ പലരും ഇസ്‌ലാമില്‍ ആകൃഷ്ടരായി. അവരുടെ രചനകള്‍ ഇസ്‌ലാമിക ഗ്രന്ഥാലയത്തിന് വലിയ മുതല്‍ക്കൂട്ടായി മാറി. ഈ ഗ്രന്ഥങ്ങളത്രയും അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. അവയെല്ലാം ലൈബ്രറിയില്‍ ഉണ്ടായിരുന്നു. ലൈബ്രറി എന്റെ ലോകമായി മാറി. ഓരോ പുസ്തകവും ആകാംക്ഷയോടെ മറിച്ചുനോക്കും. എല്ലാം എനിക്ക് പുതുമയുള്ളതായിരുന്നു. 
കലാലയത്തില്‍ രാവിലെ അസംബ്ലി നടക്കും. അസംബ്ലിയില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ അഞ്ചു മിനിറ്റ് സംസാരിക്കും; പ്രഭാതവചനം. മിക്ക വിദ്യാര്‍ഥികളും എഴുതിക്കൊണ്ട് വന്ന് നോക്കി വായിക്കാറാണ് പതിവ്. അങ്ങനെ എന്റെ ഊഴവുമെത്തി. ഞാന്‍ പ്രസംഗം എഴുതിയുണ്ടാക്കി. രണ്ടു പ്രാവശ്യം വായിച്ചു. പോക്കറ്റിലിട്ട് ചെന്നു. കാണാതെ പ്രസംഗിച്ചു. കടലാസിലെ കുറിപ്പ്  നോക്കാതെ സംസാരിച്ചത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ചര്‍ച്ചയായി. അവര്‍ അത് വലിയ കാര്യമായി കണ്ടു. മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി. പിന്നീട് പലരും എന്റെ ലൈന്‍ സ്വീകരിക്കാന്‍ ശ്രമിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മികവ് എന്ന നിലയിലാണ് സ്ഥാപനം അതിനെ വിലയിരുത്തിയത്. 
ഞങ്ങള്‍ ചെന്ന് ഏറെ വൈകാതെ സ്ഥാപനത്തിന്റെ വാര്‍ഷിക യോഗം നടന്നു.  മന്ത്രാലയത്തിലെ പ്രഗത്ഭ പണ്ഡിതന്മാര്‍ അതില്‍ സംബന്ധിച്ചു. സ്ഥാപനത്തിന്റെ ചുമതലയുള്ള അധ്യാപകന്‍ ഞങ്ങളോട് പറഞ്ഞു: 'നിങ്ങള്‍ ഇന്ത്യന്‍ ഭാഷയില്‍ സംസാരിച്ചുകൊള്ളൂ.' എന്റെ മറുപടി ഇതായിരുന്നു: 'ഞാന്‍ അറബിയില്‍ സംസാരിക്കാം. എന്റെ കൂട്ടുകാരന്‍ മലയാളത്തില്‍ സംസാരിക്കും. അതു ഞാന്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാം.' വിദ്യാഭ്യാസത്തെക്കുറിച്ച് പത്തു മിനിറ്റ് ഞാന്‍ അറബിയില്‍ പ്രസംഗിച്ചു. കൈയില്‍ കുറിപ്പൊന്നും ഇല്ലാതെയാണ് അവതരിപ്പിച്ചത്. മന്ത്രാലയത്തില്‍നിന്ന് വലിയ അനുമോദനം ലഭിച്ചു. 
സി.ടി അബ്ദുര്‍റഹീം എന്നോട് ചോദിച്ചു: 'ഞാന്‍ എന്താണ് പറയുക?' ഞാന്‍ പറഞ്ഞു: 'വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന പുസ്തകം വെച്ച് സംസാരിക്കുക. ഇന്ന് മുസ്ലിം സമൂഹം ഉപ്പൂപ്പാക്ക് ആനയുണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുകയാണല്ലോ. അത് അല്‍പം  വിശദീകരിക്കുകയും ചെയ്യുക.' മലയാളം മനസ്സിലാകുന്ന ഒരാള്‍ മാത്രമാണ് സദസ്സിലുള്ളത്. ഞങ്ങളുടെ സതീര്‍ഥ്യന്‍ സ്വാലിഹ് സാഹിബ്. അതിനാല്‍   സി.ടി മലയാളത്തില്‍ സധൈര്യം ഭംഗിയായി സംസാരിച്ചു. ഞാനത് അറബിയിലേക്ക് പരിഭാഷപ്പെടുത്തി. മന്ത്രാലയത്തിലെ ഉന്നത പണ്ഡിതനായ ശൈഖ് അബ്ദുല്‍ മുഇസ്സ് ഉച്ചത്തില്‍ അനുമോദിച്ചു. കൂട്ടത്തില്‍ മറ്റുള്ളവരും. അങ്ങനെ ഞങ്ങള്‍ക്ക് പ്രസംഗത്തിനും പരിഭാഷക്കും ഒപ്പം കൈയടി കിട്ടി.  
ഖത്തര്‍ പഠനകാലത്ത് അല്‍ ഇഖ്വാനുല്‍ മുസ്ലിമൂനെ അടുത്തറിയാന്‍ അവസരം ലഭിച്ചു. ഫലസ്ത്വീനെയും വിമോചന മുന്നണിയെയും കൂടുതല്‍ പരിചയപ്പെട്ടു. ഫലസ്ത്വീന്‍ പ്രശ്നത്തിന്റെ ആഴം അക്കാലത്താണ് വ്യക്തമായി ബോധ്യപ്പെടുന്നത്. ഖത്തറില്‍ ധാരാളം ഫലസ്ത്വീന്‍ അഭയാര്‍ഥികള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിലെ വാര്‍ഡന്‍ സഅ്ദ് ഫലസ്ത്വീനിയായിരുന്നു. ഒരു ഒഴിവുകാലം. എല്ലാവരും നാട്ടിലേക്ക് പുറപ്പെടുന്ന തിരക്കിലാണ്. 'നിങ്ങള്‍ നാട്ടിലേക്ക് പോകുന്നില്ലേ?' സ്‌നേഹത്തോടെ ഞാന്‍  ചോദിച്ചു. ചോദ്യം കേട്ടതും അദ്ദേഹം നിശ്ശബ്ദനായി. മൗനിയായി കുറച്ച് നേരം ഇരുന്നു. കണ്ണുകള്‍ നിറഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തുള്ള വിദ്യാര്‍ഥികള്‍ സ്വന്തം നാട്ടിലേക്കു പോകുന്നു. പക്ഷേ അദ്ദേഹത്തിന് പോകാന്‍ നാടില്ല. അല്ലെങ്കില്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയുന്നില്ല. അദ്ദേഹം തളര്‍ന്ന് ബെഡില്‍ കിടന്നു. ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കു തോന്നി. ആ ഒറ്റ സംഭവത്തിലൂടെ ഫലസ്ത്വീന്‍ പ്രശ്നത്തിന്റെ ഗൗരവം ബോധ്യമായി.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ പല വകുപ്പുകളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ളത് ഇന്ത്യയിലാണ്. ഇക്കാര്യം അവിടെ പലര്‍ക്കും അറിയില്ല. ഞാനത് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതം. കേരളത്തില്‍ മാത്രം അന്ന് 35 അറബിക്കോളേജുകള്‍ ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അതിലേറെ അത്ഭുതം. ശുദ്ധ അറബിയിലാണ് ഞാന്‍ സംസാരിച്ചത്. അതും അവരില്‍ കൗതുകമുണര്‍ത്തി (ഞങ്ങള്‍ക്ക് സംസാരഭാഷ അറിയില്ല, അതിനാലാണ് ഗ്രന്ഥഭാഷയില്‍ സംസാരിക്കുന്നത് എന്നവര്‍ക്ക്  മനസ്സിലായോ എന്തോ!). നമ്മുടെ നാട്ടിലെ വൈജ്ഞാനിക സംരംഭങ്ങള്‍ അവര്‍ക്ക് വിശദമായി പരിചയപ്പെടുത്തി. ഇതെല്ലാം അവര്‍ക്ക് പുതിയ അറിവുകളായിരുന്നു.
ഒരു ദിവസം ഖത്തര്‍ റേഡിയോ പ്രതിനിധി ഹോസ്റ്റലില്‍ വന്നു. ഇന്ത്യയെക്കുറിച്ച് വിശദമായ ഒരഭിമുഖം നടത്തി. അറബിയിലുള്ള അഭിമുഖം ഖത്തര്‍ റേഡിയോ പ്രക്ഷേപണം ചെയ്തു. ആള്‍ ഇന്ത്യാ റേഡിയോ വിവര്‍ത്തനത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യാനും ഖസ്വീദത്തുല്‍ ബുര്‍ദ ആകര്‍ഷകമായി പാടി അര്‍ഥവും വിശദീകരണവും നല്‍കാനും നേരത്തേ അവസരം നല്‍കിയിരുന്നു. എന്റെ ഇത്തരം  പരിപാടികളില്‍ അധികൃതര്‍ക്ക് താല്‍പര്യവുമുായിരുന്നു. ആയിടക്കാണ് ഗള്‍ഫിലേക്ക് പോകേിവന്നത്. ഖത്തര്‍ റേഡിയോ റമദാന്‍ മാസങ്ങളില്‍ ഹ്രസ്വമായ മലയാള പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്തത് ആ നഷ്ടബോധം നികത്തി. പിന്നീടാണ് ഖത്തര്‍ ടെലിവിഷനില്‍ വര്‍ഷങ്ങളോളം മലയാള പ്രഭാഷണം നടത്താന്‍ അവസരമൊരുങ്ങിയത്. ഇതര ഗള്‍ഫ് രാജ്യങ്ങളിലും ഈ പ്രഭാഷണങ്ങള്‍ കേള്‍ക്കാമായിരുന്നുവെന്ന് പിന്നീട് അറിയാന്‍ സാധിച്ചു. 
ഷാര്‍ജ സ്വദേശിയായ ശൈഖ്  മുബാറക് സൈഫുന്നാഖി ഖത്തറില്‍ ഇടക്കിടെ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന് ഇന്ത്യയുമായി നല്ല ബന്ധമാണ്. ബോംബെയില്‍ പല തവണ വന്നിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തില്‍ വന്ന് അറബി പുസ്തകങ്ങള്‍ വാങ്ങാറുണ്ട്. ഇന്ത്യയില്‍  അറബി ഗ്രന്ഥങ്ങള്‍ ലഭ്യമാകുന്ന പ്രധാന സ്ഥലമാണ് സൂറത്ത്. ഇന്ത്യയിലെ പണ്ഡിതന്മാരോട് വലിയ ആദരവാണ് അദ്ദേഹത്തിന്. അറബികളുടെ പാണ്ഡിത്യവും നമ്മുടെ നാട്ടിലെ സാധാരണ പണ്ഡിതന്മാരുടെ പാണ്ഡിത്യവും തമ്മില്‍ വലിയ അന്തരമുണ്ട്. നമുക്ക് ഏതു വിഷയത്തില്‍ അഭിപ്രായം പറയണമെങ്കിലും കിത്താബ് മറിച്ചു നോക്കണം. അവര്‍ അങ്ങനെയല്ല. വായിച്ചതും പഠിച്ചതും വെള്ളം പോലെ ഏതു സമയവും പുനരാവിഷ്‌കരിക്കും. ഏതു കിത്താബില്‍, എത്രാമത്തെ പേജ് എന്ന് വരെ പറഞ്ഞുതരും. 
മുബാറക് സൈഫുന്നാഖി സ്ഥാപനത്തില്‍ വന്ന് ഞങ്ങളെ പരിചയപ്പെട്ടു. മതകാര്യ കോടതിയിലെ ഖാദി ശൈഖ് അഹ്മദുബ്നു ഹജര്‍ അദ്ദേഹത്തിന്റെ സുഹൃത്താണ്. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ഖത്തറിലെത്തിയിട്ടുണ്ടെന്ന് ശൈഖ് ഇബ്നുഹജറിനെ ശൈഖ് മുബാറക് അറിയിച്ചു. 'നമ്മള്‍ പഠിച്ചതുപോലെ പൗരാണിക ഗ്രന്ഥങ്ങള്‍ പഠിച്ചവരാണ് അവര്‍' എന്നും സൂചിപ്പിച്ചു. വെള്ളിയാഴ്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ശൈഖ് ഇബ്നുഹജര്‍ ഞങ്ങളെ ക്ഷണിച്ചു. ഞങ്ങളെ ഹോസ്റ്റലില്‍നിന്ന് കൊണ്ടുപോകാന്‍ ശൈഖ് തന്നെ ഏര്‍പ്പാട് ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഗംഭീര സദ്യ, രുചികരമായ വിഭവങ്ങള്‍! ഹോസ്റ്റലിലെ ഭക്ഷണം മാത്രമല്ലേ ഞങ്ങള്‍ക്കറിയൂ. 
ശേഷം ശൈഖ് ഞങ്ങളെയെല്ലാം വിശദമായി പരിചയപ്പെട്ടു. ഇന്ത്യയിലെ ഇസ്‌ലാമിക വിദ്യാഭ്യാസം, തൗഹീദിന്റെ സംസ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകള്‍, കേരളത്തിലെ മദ്ഹബുകള്‍, മുസ്‌ലിംകള്‍ക്ക് ഇന്ത്യയിലുള്ള പ്രബോധന പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നിങ്ങനെ ആഴവും പരപ്പുള്ള അന്വേഷണങ്ങള്‍. ഒരുവിധം ശൈഖിനെ തൃപ്തിപ്പെടുത്തുന്ന മറുപടി നല്‍കി. 
എന്റെ വൈജ്ഞാനിക യാത്രയിലെ വഴിത്തിരിവായിരുന്നു ആ കൂടിക്കാഴ്ച. ശൈഖ് ഇബ്നുഹജറുമായുള്ള എന്റെ ബന്ധം ശക്തിപ്പെട്ടു. ഒഴിവു ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നത് പതിവാക്കി. ശാഫിഈ മദ്ഹബിലെ ചില ഗ്രന്ഥങ്ങള്‍ ഒരിക്കല്‍ കൂടി വായിച്ചു കേള്‍ക്കാന്‍  അദ്ദേഹത്തിന് ആഗ്രഹം. ഞാന്‍ വായിച്ചുകൊടുക്കും. അദ്ദേഹം ശ്രദ്ധിക്കും. പൂര്‍വകാല വിദ്യാഭ്യാസത്തിന്റെ ഒരു രീതിയായിരുന്നു അത്. ശിഷ്യന്‍ വായിക്കുക, ഗുരു ശ്രദ്ധിക്കുക. ഇടക്ക് ചര്‍ച്ചയും നടക്കും. വ്യാകരണം പാലിച്ചുള്ള വായന അദ്ദേഹത്തിന് ഇഷ്ടമായി.
പുസ്തകങ്ങളെ പ്രണയിച്ച ആ പണ്ഡിതന്റെ വീട്ടില്‍ ഒരു ലൈബ്രറി ഉണ്ട്. അന്നുവരെ അറബി ഭാഷയില്‍ ഇറങ്ങിയിട്ടുള്ള എല്ലാ പുസ്തകങ്ങളും അതില്‍ ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഭൂമിയില്‍ ഒരാളോടും ഒരു സഹായവും അദ്ദേഹം ചോദിക്കില്ല. പക്ഷേ, പുതിയൊരു കിത്താബ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍, അത് ലഭിക്കാന്‍ ആരുടെ സഹായവും തേടും. ആ ലൈബ്രറിയിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല. അതാണ് അദ്ദേഹത്തിന്റെ നയം. എന്നാല്‍ എനിക്ക് ലൈബ്രറി ഉപയോഗിക്കാന്‍ അനുവാദം കിട്ടി. ഒരപൂര്‍വ ബഹുമതിയായി അത്യാവശ്യമുള്ള പുസ്തകങ്ങള്‍ പുറത്തു കൊണ്ടുപോകാനും എനിക്ക് സമ്മതം തന്നു. ഒഴിവുകാലത്ത് അദ്ദേഹത്തിന്റെ മകന്‍ യൂസുഫിനെ അറബി ഗ്രാമറും ഇംഗ്ലീഷും പഠിപ്പിക്കുന്ന ചുമതലയും എന്നില്‍ വന്നുചേര്‍ന്നു.  ശൈഖിന്റെ കൂടെയുള്ള സഹവാസം എന്റെ വൈജ്ഞിക വികാസത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. ശീഈകള്‍, അലവികള്‍, മുഅ്തസിലികള്‍, ഇബാദികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ വിശ്വാസ വ്യതിയാനം സൂക്ഷ്മമായി ഗ്രഹിക്കാന്‍ ശൈഖിന്റെ വിശദീകരണം സഹായകമായി. 
ഞാന്‍ വെള്ളിയാഴ്ച ശൈഖിന്റെ ഖുത്വ്ബ കേള്‍ക്കാന്‍ പോവുക പതിവായിരുന്നു. ഖുത്വ്ബയുടെ അവസാനം നാലു ഖലീഫമാരെ അനുസ്മരിച്ച ശേഷം ശൈഖ് പ്രാര്‍ഥിക്കും; 'അല്ലാഹുവേ ഞങ്ങള്‍ക്ക് അവരോടുള്ള സ്‌നേഹം പ്രദാനം ചെയ്യേണമേ, അവരെ ചീത്ത വിളിക്കുന്നതില്‍നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണേ.' പ്രാര്‍ഥനയുടെ ഈ അവസാന ഭാഗം എനിക്ക് പുതുമയുള്ളതായിരുന്നു. ഞാന്‍ ശൈഖിനോട് വിശദീകരണം തേടി. 'നിനക്കറിയില്ലേ? ശീഈകള്‍ മൂന്ന് ഖലീഫമാരെയും ശപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നു. ആ മഹാപാതകത്തില്‍ പെടാതിരിക്കാനുള്ള പ്രാര്‍ഥനയാണത്.' 
'മുഅ്തസിലി' ചിന്താധാരയുടെ ഒരു വിഭാഗമാണ് ഒമാനിലും അള്‍ജീരിയയിലും ധാരാളം അനുയായികളുള്ള ഇബാദി മദ്ഹബ്. ഇവരും അഹ്‌ലുസ്സുന്നയും തമ്മിലുള്ള അഭിപ്രായാന്തരങ്ങള്‍ ശൈഖിന് നന്നായറിയാമായിരുന്നു. ഒരു ദിവസം ഒമാനിലെ സ്ഥാനഭ്രഷ്ടനായ ഭരണാധികാരി ഇമാം താലിബ് ശൈഖിനെ സന്ദര്‍ശിക്കാനെത്തി. അതിഥി സല്‍ക്കാരം കഴിഞ്ഞ് അവര്‍ വൈജ്ഞാനിക ചര്‍ച്ച തുടങ്ങി. ഞാന്‍ ശ്രദ്ധിച്ചു കേട്ടു. സത്യവിശ്വാസികള്‍ അന്ത്യനാളില്‍ അല്ലാഹുവിനെ കാണുകയില്ല എന്നാണ് ഇമാം വാദിച്ചത്. ഹദീസുകളുടെ വെളിച്ചത്തില്‍ ശൈഖ് കാണുമെന്നും. മൂസാ നബിയോട് 'ലന്‍ തറാനി' (നീ എന്നെ ഒരിക്കലും കാണുകയില്ല) എന്ന ഖുര്‍ആന്‍ വചനമാണ് ഇമാമിന്റെ തെളിവ്. ചര്‍ച്ച എവിടെയുമെത്താതെ പിരിഞ്ഞു. രാത്രി ഞങ്ങള്‍ തനിച്ച് വായിക്കാനിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'സ്വര്‍ഗവാസികള്‍ ഭൂമിയിലെ മനുഷ്യരേക്കാള്‍ പല പ്രത്യേകതകളും ഉള്ളവരല്ലേ. പരലോകത്തിലെ കണ്ണുകൊണ്ട് കാണും എന്നാണല്ലോ ഹദീസുകളില്‍ വന്നതിന്റെ പൊരുള്‍. അത് ഖുര്‍ആനിന് വിരുദ്ധമാവില്ലല്ലോ.' ഈ വാദ രീതി ശൈഖിന് ഇഷ്ടമായി.   
മതകാര്യവകുപ്പിന്റെ അധ്യക്ഷനായിരുന്നു ശൈഖ് അബ്ദുല്ല ഇബ്‌റാഹീം അന്‍സാരി. വിജ്ഞാനകുതുകിയായ മഹാ പണ്ഡിതന്‍. അനേകം കൈയെഴുത്തുപ്രതികള്‍ പരിശോധിച്ച് പുനഃപ്രസീദ്ധീകരിച്ച അദ്ദേഹം സ്വയം സ്വീകരിച്ച പേര്‍ 'വിജ്ഞാന സേവകന്‍' എന്നര്‍ഥമുള്ള ഖാദിമുല്‍ ഇല്‍മ് എന്നായിരുന്നു. ആഗോള മുസ്‌ലിംകളെ സഹോദരന്മാരായി കാണുകയും ആ സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുന്ന സാത്വികന്‍. ഒരിക്കല്‍ സകാത്തിന്റെ പ്രാധാന്യം വിവരിക്കുമ്പോള്‍ ഖത്തറിലെ ഒരു ധനികന്റെ ഉദാഹരണമെടുത്ത് അദ്ദേഹം, ഇസ്‌ലാം പറയുന്ന പ്രകാരം സകാത്ത് നല്‍കിയാല്‍ ബംഗ്ലാദേശില്‍ ഒരു ദരിദ്രനും അവശേഷിക്കുകയില്ല എന്നു സമര്‍ഥിച്ചത്  ഇപ്പോഴും ഓര്‍ക്കുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, സുഡാന്‍ തുടങ്ങി ധാരാളം ദരിദ്രരാജ്യങ്ങളില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.  
ശൈഖിന്റെ വീടിനടുത്തുള്ള പള്ളിയില്‍ വ്യാഴാഴ്ച മഗ്‌രിബ് നമസ്‌കാരാനന്തരം ഒരു ഖുര്‍ആന്‍ പാരായണ വേദിയുണ്ട്. 'നദ്‌വത്തുല്‍ ഖുര്‍ആന്‍' എന്നാണ് ആ സംഗമത്തിന്റെ പേര്. ആര്‍ക്കും സംബന്ധിക്കാവുന്ന വേദിയാണത്. മതപണ്ഡിതന്മാര്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ എല്ലാ തുറകളിലുമുള്ളവര്‍ വിശുദ്ധ ഖുര്‍ആന്‍ ഊഴമനുസരിച്ച് പാരായണം ചെയ്യും. തെറ്റുകള്‍ ശൈഖ് തിരുത്തിക്കൊടുക്കും. അവസാനം ഒരു പണ്ഡിതന്‍ അന്ന് പാരായണം ചെയ്ത വചനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഒരു ഭാഗം വിശദീകരിക്കും. 
പ്രതികൂല സാഹചര്യത്തില്‍ ഖുര്‍ആന്‍ പഠിക്കാന്‍ കഴിയാതെ പോയ ധാരാളം പേര്‍ 'നദ്‌വ'യിലൂടെ ഖുര്‍ആനിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പ്രഗത്ഭരായ പല പണ്ഡിതരെയും പരിചയപ്പെടാനും ആ സംഗമം പ്രയോജനപ്പെട്ടിട്ടുണ്ട്. ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, അലീവ മുസ്ത്വഫാ, യൂസുഫുല്‍ ഖറദാവി തുടങ്ങി അനേകം പ്രഗത്ഭര്‍ നദ്‌വയില്‍ സംബന്ധിച്ച് സാരോപദേശം നല്‍കുക പതിവായിരുന്നു. എന്നെ ആദ്യമായി ഈ വേദിയിലെത്തിച്ചത് വന്ദ്യഗുരു ശൈഖ് അലീവ മുസ്ത്വഫാ ആയിരുന്നു. ഞാന്‍ പാരായണം ചെയ്തപ്പോള്‍ ചില സൂക്ഷ്മമായ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹം എന്നെ ധാരാളം  പ്രോത്സാഹിപ്പിച്ചു. പിന്നീട് ഞാന്‍ നദ്‌വയിലെ നിത്യസന്ദര്‍ശകരില്‍ ഒരാളായി. തജ്‌വീദിലെ അതിസൂക്ഷ്മമായ വശങ്ങള്‍ പോലും മിനുക്കിയെടുക്കാന്‍ അതുവഴി സാധിച്ചു.
ഏതു പ്രശ്‌നവും എപ്പോള്‍ ചെന്ന് അവതരിപ്പിക്കാനും പരിഹാരം തേടാ
നും തക്ക വിധം അന്‍സാരിയുമായുള്ള ബന്ധം വളര്‍ന്നു. ഖത്തറിലെ മലയാളികള്‍ക്ക് എപ്പോഴും കയറിച്ചെല്ലാവുന്ന മജ്‌ലിസായിരുന്നു അദ്ദേഹത്തിന്റേത്.  സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം തേടിയെത്തുന്നവര്‍ക്ക് മതകാര്യവകുപ്പിന്റെ ശിപാര്‍ശാ പത്രം അനിവാര്യമായിരുന്നു. വിശ്വസ്തരായ ആര് പരിചയപ്പെടുത്തിയാലും ശൈഖ് ശിപാര്‍ശ ചെയ്യും. മതകാര്യ ഓഫീസില്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. 
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കാല്‍മുട്ടുവേദനക്ക് ചികിത്സിക്കാന്‍ ഞാന്‍ ശൈഖിനെ പ്രേരിപ്പിച്ചു. അദ്ദേഹം യാത്രക്ക് തയാറായി. കൂടെ വരണമെന്ന് എന്നോടാവശ്യപ്പെട്ടു. എനിക്ക് സുഊദി എംബസിയില്‍നിന്ന് ലീവ് കിട്ടില്ലെന്നുറപ്പായപ്പോള്‍ ഞാന്‍ സി.ടി അബ്ദുര്‍റഹീമിന്റെ പേര് നിര്‍ദേശിച്ചു. അദ്ദേഹത്തിന് ഖത്തര്‍ പോലീസിലായിരുന്നു ജോലി. അതിനാല്‍ ശൈഖിന്റെ ആവശ്യം പരിഗണിച്ച് ലീവ് പെട്ടെന്ന് പാസ്സായി. ശൈഖിന്റെ സന്ദര്‍ശനം ഒരു മഹാസംഭവമാക്കാന്‍ സി.ടി നടത്തിയ ശ്രമം ശ്ലാഘനീയമാണ്. അദ്ദേഹം ഖത്തറില്‍നിന്ന് വളര്‍ത്തിയെടുത്ത പുതിയ സൗഹൃദങ്ങള്‍ അതിനു സഹായകമായി. ദയാപുരത്തെ വിദ്യാഭ്യാസ സ്ഥാപനം ഈ സന്ദര്‍ശനത്തിന്റെ സല്‍ഫലങ്ങളിലൊന്നാണ്.
ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി ശൈഖിനുണ്ടായിരുന്ന അടുപ്പം പ്രസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു. മര്‍ഹൂം കെ. മൊയ്തു മൗലവി ഖത്തര്‍ സന്ദര്‍ശിച്ചതു മുതല്‍ ശൈഖ് അദ്ദേഹത്തോട് പ്രത്യേകം സൗഹൃദം സ്ഥാപിച്ചു. കുറ്റിയാടിയിലെ പള്ളി പുതുക്കിപ്പണിയാന്‍ ശൈഖ് മുന്‍കൈയെടുത്തു. തഫ്ഹീമുല്‍ ഖുര്‍ആന്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ഒരു പദ്ധതിക്ക് ശൈഖ് രൂപം നല്‍കുകയും മര്‍ഹും ഖലീല്‍ ഹാമിദിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. പരിഭാഷയുടെ ഒന്നാം വാള്യം മാത്രമാണ് പൂര്‍ത്തിയായതായി അറിയാന്‍ കഴിഞ്ഞത്. മതകാര്യവകുപ്പ് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലാക്കി പുനഃസംവിധാനിക്കുന്നതുവരെ അതിന്റെ  അധ്യക്ഷന്‍ ശൈഖ് അന്‍സാരി തന്നെയായിരുന്നു. 
(തുടരും)

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌