Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

ദൈവിക വിശേഷണങ്ങളും കര്‍മങ്ങളും എങ്ങനെ മനസ്സിലാക്കണം?

ഇമാം ഇബ്‌നുതൈമിയ്യ

ളാഹിര്‍ (പ്രത്യക്ഷാര്‍ഥം) എന്നത് അത്ര പെട്ടെന്ന് പിടിതരാത്ത, വ്യാഖ്യാന പഴുതുകളുള്ള ഒരു സംജ്ഞയാണ്. മനുഷ്യന്റെ ശുദ്ധ പ്രകൃതം (ഫിത്വ്‌റ) അതിന് നല്‍കുന്ന ഒരു അര്‍ഥമുണ്ട്. ഭാഷാപരമായ വേരുകള്‍ ചികഞ്ഞുപോയാലും മുന്‍കാലക്കാരുടെ സംവാദങ്ങള്‍ പരതിയാലും നാം അതേ അര്‍ഥത്തിലാണ് എത്തിച്ചേരുക. പക്ഷേ പില്‍ക്കാലക്കാരായ ചിലര്‍ ആ അര്‍ഥത്തിലൊന്നുമല്ല ളാഹിര്‍ എന്ന് പ്രയോഗിക്കുക. 'കാരുണ്യവാനായ തമ്പുരാന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു' എന്ന ഖുര്‍ആനിക പ്രയോഗത്തിന് അവര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍നിന്ന് അത് മനസ്സിലാവും.
ഇത്തരം ഖുര്‍ആനിക സൂക്തങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ നാം മറക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്; ദൈവം എന്ന അസ്തിത്വം മറ്റെല്ലാറ്റില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സത്തയിലോ ഗുണങ്ങളിലോ പ്രവൃത്തികളിലോ മറ്റൊന്നുമായും അവന് യാതൊരു തര സാദൃശ്യമോ താരതമ്യമോ ഇല്ല. സ്രഷ്ടാവ് അനന്തനും അനാദിയുമാണ്. ബാക്കിയുള്ളതൊക്കെ സൃഷ്ടിക്കപ്പെട്ടതാണ്. ഇത് രണ്ടും കൂട്ടിക്കലര്‍ത്താന്‍ പറ്റുകയില്ല. പിന്നീടുണ്ടായിത്തീര്‍ന്ന ഒരു കാര്യവും ദൈവത്തിലേക്ക് ചേര്‍ത്തുവെക്കാനാവില്ല. ഉണ്ടാവുക എന്നതു തന്നെ അപൂര്‍ണതയെ കുറിക്കുന്നുണ്ട്. സൃഷ്ടികളുടെ ഗുണവിശേഷങ്ങള്‍ പോലെ തന്നെയാണ് ദൈവത്തിന്റെ ഗുണവിശേഷങ്ങളും എന്നു പറയുന്നവന്‍ മഹാ അബദ്ധത്തില്‍ വീണിരിക്കുന്നു; അല്ലെങ്കില്‍ വെറും കള്ളമാണ് അയാള്‍ പറയുന്നത്. ഇത് അഹ്‌ലുസ്സുന്നയുടെ വിശ്വാസപ്രമാണമാണ്. മറിച്ച് പറയുന്നവര്‍ ഒന്നുകില്‍ കളവ് പറയുന്നു, അല്ലെങ്കില്‍ അബദ്ധത്തില്‍ ചാടിയിരിക്കുന്നു.
ദൈവമഹത്വത്തിനും ശക്തിവിശേഷത്തിനും ചേരുന്ന വിധത്തില്‍ ളാഹിറിനെ വ്യാഖ്യാനിച്ചാലേ അത് സ്വീകരിക്കാന്‍ നിവൃത്തിയുള്ളൂ. ദൈവത്തിന്റെ നാമങ്ങള്‍, വിശേഷണങ്ങള്‍ (അറിവ്, ജീവന്‍, കേള്‍വി, കാഴ്ച, സംസാരം, ഇഛാശക്തി, സ്‌നേഹം, കോപം, സന്തോഷം പോലുള്ളവ) എന്നിവയെക്കുറിച്ച് പറയുമ്പോഴും ഈ ബോധം വേണം.
'ഞാന്‍ എന്റെ കൈകള്‍ കൊണ്ട് സൃഷ്ടിച്ച ഒരുവന്റെ മുന്നില്‍ സാഷ്ടാംഗം ചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?' എന്ന ഖുര്‍ആനിക പരാമര്‍ശവും (38:75) 'എല്ലാ രാത്രിയും നമ്മുടെ നാഥന്‍ ഏറ്റവും താഴെയുള്ള ആകാശത്തേക്ക് ഇറങ്ങിവരും' (സ്വഹീഹ് ബുഖാരി, ഹിസാബ്: 38) എന്ന ഹദീസ് പരാമര്‍ശവും പ്രപഞ്ചനാഥന് ചേരുന്ന വിധത്തിലാണ് നാം വ്യാഖ്യാനിക്കാന്‍ ശ്രമിക്കേണ്ടത്. ഈ പ്രയോഗങ്ങളൊക്കെ മനുഷ്യനെക്കുറിച്ചാവുമ്പോള്‍ ഒരു ശരീരഭാഗമോ സംഭവമോ ആണ്. കാരണം നമ്മുടെ അസ്തിത്വം ഇവയുമായി ചേര്‍ത്തുവെക്കാന്‍ പറ്റുന്ന നിലയിലാണ്. ഇപ്പറയുന്നതൊക്കെ ദൈവത്തെക്കുറിച്ചാവുമ്പോള്‍ അവന്റെ അസ്തിത്വപരവും വിശേഷണപരവുമായ എല്ലാ പ്രത്യേകതകളും മുന്‍നിര്‍ത്തിയാവണം 'കൈകളെ'യും 'ഇറങ്ങലി'നെയും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്. സത്ത (ദാത്ത്), അസ്തിത്വം (വുജൂദ്), യാഥാര്‍ഥ്യം (ഹഖീഖത്ത്) തുടങ്ങിയ പ്രയോഗങ്ങളൊക്കെ ദൈവത്തെക്കുറിച്ചാവുമ്പോള്‍ യാതൊരു പിഴവോ ന്യൂനതയോ ഇല്ലാത്ത ഒരു മഹാസമ്പൂര്‍ണതയെ കുറിക്കുന്നുണ്ട്. പലതരം പോരായ്മകളുള്ള സൃഷ്ടികളുടെ അസ്തിത്വവുമായി, സൃഷ്ടി യാഥാര്‍ഥ്യങ്ങളുമായി അവക്ക് യാതൊരു താരതമ്യവുമില്ല. ''തന്റെ തന്നെ അറിവാല്‍ അതിനെ ഇറക്കിത്തന്നിരിക്കുന്നു.'' (4:166), ''അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ഉറച്ച ശക്തിയുള്ളവനും'' (51:58), ''ഞാന്‍ എന്റെ കൈകള്‍ കൊണ്ട് സൃഷ്ടിച്ച...'' (38:75) ''കാരുണ്യവാനായ അല്ലാഹു സിംഹാസനത്തിലേറിയിരിക്കുന്നു'' (20:5)- ഇത്തരം സൂക്തഭാഗങ്ങള്‍ മനസ്സിലാക്കുന്നേടത്തും ഇപ്പറഞ്ഞതൊക്കെ ബാധകമാണ്. എല്ലാം ഒരേ ഇനത്തില്‍പെട്ടവ തന്നെ.
ആദ്യകാലങ്ങളില്‍ ജഹ്മീ വിഭാഗക്കാര്‍ ദൈവത്തിന് അറിവ്, ശക്തി പോലുള്ള ഗുണവിശേഷണങ്ങളൊന്നുമില്ല എന്ന് വാദിച്ചിരുന്നു. മുഖം, കൈ പോലുള്ള അവയവങ്ങളുണ്ടെന്നതും അവര്‍ നിഷേധിച്ചു. ഇതൊക്കെ മനുഷ്യരെ സംബന്ധിച്ചേടത്തോളം ആകസ്മിക സംഭവങ്ങള്‍ ആണ്. പില്‍ക്കാലക്കാരായ വേറെ ചിലര്‍, നമ്മെ സംബന്ധിച്ച് ആകസ്മികതകളാണെങ്കിലും അറിവ്, ശക്തി പോലുള്ള ഗുണങ്ങള്‍ ദൈവത്തിനുണ്ടെന്ന് സമര്‍ഥിച്ചു. നമ്മുടെ കാര്യത്തില്‍ അവയവങ്ങളായിട്ടുള്ളവ ദൈവത്തിന് ഉണ്ടാകില്ലെന്നും വാദിച്ചു. നമുക്ക് അവയവങ്ങളായ കൈ പോലുള്ളവ ദൈവത്തിനും ഉണ്ടെന്നു പറയുന്നവര്‍ വരെ പില്‍ക്കാലക്കാരിലുണ്ട്.
എന്നാല്‍ അല്‍ഖത്ത്വാബി1, അബൂബക്ര്‍ അല്‍ഖത്വീബ്2 പോലുള്ള സലഫികള്‍ പറഞ്ഞത്, മുന്‍കാലക്കാര്‍ മനസ്സിലാക്കിയ പോലെ ഖുര്‍ആനിലെയും ഹദീസിലെയും പരാമര്‍ശങ്ങള്‍ മനസ്സിലാക്കണമെന്നാണ്. അതായത് വിശേഷണങ്ങളെ അവയുടെ മുഖവിലക്കെടുക്കണം. അതേസമയം, അവയുടെ സ്വഭാവവും പ്രകൃതവും എന്ത് എന്ന് നമുക്കറിയില്ല. അവ എങ്ങനെയായിരിക്കുമെന്ന് മനുഷ്യന് വിഭാവനം ചെയ്യാനുമാവില്ല. 'കൈകള്‍' എന്നാല്‍ ശക്തി ആണെന്നോ, 'കേള്‍വി' എന്നാല്‍ അറിവാണെന്നോ അവര്‍ വിശ്വസിക്കുന്നുമില്ല. ദൈവസത്തയെക്കുറിച്ച ഒരാളുടെ നിലപാടെന്തോ അതില്‍നിന്നുതന്നെ ഉത്ഭൂതമാകുന്നതാവണം ഗുണവിശേഷണങ്ങളെ സംബന്ധിച്ച അയാളുടെ വീക്ഷണവും. ആദ്യം പറഞ്ഞതിനെ പൂര്‍ണമായ രൂപത്തില്‍ അനുഗമിക്കുന്നതാവണം രണ്ടാമതു പറഞ്ഞത്. ദൈവാസ്തിത്വം എന്നു പറയുമ്പോള്‍ രൂപസംബന്ധി(കൈഫിയ്യ)യായ യാതൊന്നും നാം ചര്‍ച്ച ചെയ്യാറില്ലല്ലോ. അതുപോലെ ഗുണവിശേഷണങ്ങളെക്കുറിച്ച് പറയുമ്പോഴും ഈ അസ്തിത്വത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അത് രൂപസംബന്ധിയായ ചര്‍ച്ചയിലേക്ക് വഴിമാറിക്കൂടാ.
രണ്ടു വിഷയങ്ങളുണ്ട് ഇവിടെ: ഒന്ന്, ഭാഷാപരം. രണ്ട്, തത്ത്വചിന്താപരം. രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പറയുകയാണെങ്കില്‍, 'ഇസ്തിവാഇ' (ഉപവിഷ്ടനാവല്‍)നെക്കുറിച്ച് മൂന്ന് അഭിപ്രായങ്ങള്‍ ഉള്ളതായി കാണാം. 'കരുണാവാരിധിയിയായ തമ്പുരാന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി' എന്നാണല്ലോ ഖുര്‍ആന്‍ (20:5) പറഞ്ഞത്.
ഒരഭിപ്രായം, മറ്റു ജീവികളെപ്പോലെത്തന്നെ അല്ലെങ്കില്‍ അവയുടെ ചെയ്തികളോട് സദൃശമായ രീതിയില്‍ സിംഹാസനത്തില്‍ ആസനസ്ഥനായി എന്നാണ്. അതൊരു ആകസ്മികതയാണ്, ദൈവം എന്ന നിലക്ക് ഒരു ന്യൂനതയുമാണ്. ദൈവത്തെ മാനുഷീകരിക്കുന്ന കൂട്ടര്‍ (മുശബ്ബിഹ/മുജസ്സിമ അഥവാ മിവേൃീുീാീൃുവശേെ)െ ഈ വാദക്കാരാണ്. അവര്‍ ദൈവത്തെ ഒരു ശരീരമായി കാണുന്നു. ഈ വാദഗതി ഖുര്‍ആന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ പരമാബദ്ധമാണ്. രണ്ടാമത്തെ അഭിപ്രായം: യഥാര്‍ഥ അര്‍ഥത്തില്‍ ദൈവം എവിടെയും ഉപവിഷ്ടനാകുന്നില്ല. സിംഹാസനത്തില്‍ ഇരിക്കുന്ന ഒരു ദൈവവുമില്ല. ആകാശങ്ങള്‍ക്ക് മുകളിലുമല്ല ദൈവം ഉള്ളത്. ജഹ്മികള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ അബദ്ധവീക്ഷണമാണിത്. അവര്‍ ദൈവിക ഗുണവിശേഷണങ്ങളെ അപ്പാടെ നിഷേധിക്കുന്നു. ഇത് പ്രവാചകാ
ധ്യാപനങ്ങളുമായി നേര്‍ക്കു നേരെ ഏറ്റുമുട്ടുന്ന വീക്ഷണമാണ്. ഇബ്‌നു ഖുതൈ്വബ3 സാക്ഷ്യപ്പെടുത്തുന്നത്, അറബികളും അനറബികളും ഇസ്‌ലാമിന് മുമ്പുള്ളവരും ഇസ്‌ലാമിനു ശേഷമുള്ളവരുമൊക്കെ ദൈവം തങ്ങള്‍ക്കു മീതെ ആകാശലോകങ്ങളിലാണെന്ന് വിശ്വസിച്ചിരുന്നു എന്നാണ്.
മൂന്നാമത്തെ വീക്ഷണം: ദൈവം അവന്റെ ശക്തിവിശേഷങ്ങള്‍ക്ക് ചേരുംവിധത്തില്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. അവന്‍ ആകാശങ്ങള്‍ക്കു മുകളിലാണ്, സിംഹാസനത്തിലാണ്; പ്രപഞ്ചത്തെയും കവിഞ്ഞുനില്‍ക്കുന്ന സിംഹാസനം. 'ഇസ്തിവാ' ഉണ്ട്; പക്ഷേ, അതിനെക്കുറിച്ച രൂപസംബന്ധിയായ (ാീറമഹശ്യേ) ഒന്നും നമുക്ക് അറിഞ്ഞുകൂടാ. നമ്മളതില്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ആ പ്രവൃത്തിയെ നിഷേധിക്കുന്നത് പുതുനിര്‍മിതി (ബിദ്അത്ത്)യായി കണക്കാക്കുകയും ചെയ്യുന്നു. ഉമ്മു സലമ4, റബീഅത്തുബ്‌നു അബീ അബ്
ദിര്‍റഹ്മാന്‍5, മാലികു ബ്‌നു അനസ്6 എന്നിവരൊക്കെ ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുള്ളതുമാണ്. ഇതാണ് പൊതുമുസ്‌ലിം സമൂഹത്തിന്റെ വിശ്വാസം. പ്രത്യക്ഷാര്‍ഥം (ളാഹിര്‍) എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഈയൊരു ആശയമാണ്. ദൈവിക ഗുണങ്ങളെ നിഷേധിക്കാതെയും അതേസമയം ദൈവത്തെ മാനുഷീകരിക്കാതെയും തങ്ങളുടെ ശുദ്ധപ്രകൃതത്തില്‍നിന്ന് ഉത്ഭൂതമാകുന്ന വീക്ഷണം.
നിരവധി പ്രവാചക വചനങ്ങളും പണ്ഡിതാഭിപ്രായങ്ങളുമൊക്കെ ഈ മൂന്നാമത്തെ വീക്ഷണത്തെയാണ് പിന്തുണക്കുന്നത്. മുസ്‌ലിം മുഖ്യധാരയില്‍ തലമുറകളായി ഇതിനെ ചോദ്യം ചെയ്യുന്ന ഒരഭിപ്രായ പ്രകടനവും ഉണ്ടായിട്ടില്ല. ഈ പോയിന്റില്‍ എല്ലാവരും ഒന്നിക്കുന്നു. ഇവിടെയൊന്നും പ്രത്യക്ഷാര്‍ഥമല്ല ഉദ്ദേശിച്ചിട്ടുള്ളത് എന്നോ ഈ ഖുര്‍ആനിക സൂക്തത്തെ, അല്ലെങ്കില്‍ ഹദീസിനെ അതിന്റെ മുഖവിലയില്‍ എടുക്കേതില്ലെന്നോ ആരും പറഞ്ഞിട്ടില്ല. ളാഹിറിന് പ്രത്യക്ഷാര്‍ഥം ഉദ്ദേശിക്കപ്പെടുന്നില്ലെങ്കില്‍, പ്രവാചകനും ശേഷമുള്ള പണ്ഡിതന്മാരുമൊക്കെ അക്കാര്യം സമുദായത്തോട് വ്യക്തമായിത്തന്നെ പറയുമായിരുന്നല്ലോ.
ഇനി ഭാഷാപരമായി ചിന്തിക്കാം. വാക്കുകള്‍ രണ്ടു തരമുണ്ട്: ഒന്ന്, വളരെ ലളിതമായി ഒരു വസ്തുവിനെ കുറിക്കുന്നത്. സിംഹം, കഴുത, സമുദ്രം, നായ പോലുള്ളവ ഉദാഹരണങ്ങള്‍. അതേസമയം, ഇന്നയാള്‍ ദൈവത്തിന്റെ സിംഹമാണ്, പ്രവാചകന്റെ സിംഹമാണ് എന്നൊക്കെ നാം പറയാറുണ്ട്. വിഡ്ഢിയെ ചിലപ്പോള്‍ കഴുത എന്നു വിളിക്കും. മഹാപണ്ഡിതനോ മനുഷ്യസ്‌നേഹിയോ ആയ വ്യക്തിയെ സമുദ്രം എന്നു വിളിക്കും. സിംഹത്തെ നായ എന്നും വിളിച്ചെന്നിരിക്കും. ഇതൊക്കെ അലങ്കാരങ്ങളും രൂപകങ്ങളുമാണ്. യഥാര്‍ഥ അര്‍ഥം ഉദ്ദേശിക്കപ്പെടുന്നില്ല ഇവിടെ. യഥാര്‍ഥ അര്‍ഥമല്ല ഉദ്ദേശിച്ചിരിക്കുന്നത് എന്നതിന് സൂചനകള്‍ ആ വാക്യത്തില്‍ കണ്ടെന്നുമിരിക്കും.
ഉദാഹരണത്തിന് പ്രവാചകന്റെ വാക്കുകള്‍ കാണുക: അബൂത്വല്‍ഹയുടെ കുതിരയെപ്പറ്റി പ്രവാചകന്‍ പറഞ്ഞു: ''തീര്‍ച്ചയായും നാമതിനെ കണ്ടിരിക്കുന്നത് സമദ്രമായാണ്'' (സ്വഹീഹ് ബുഖാരി, ഹിബ: 32). ഖാലിദുബ്‌നുല്‍ വലീദിനെക്കുറിച്ച്: ''നിഷേധികള്‍ക്കെതിരെ ഊരപ്പെട്ട വാളുകളിലൊന്നാണ് തീര്‍ച്ചയായും ഖാലിദ്'' (ബുഖാരി, ഫളാഇലു അസ്വ്ഹാബിന്നബി: 25). ഉസ്മാനെക്കുറിച്ച്: ''ദൈവം താങ്കളെ വസ്ത്രം ധരിപ്പിക്കും....'' (സുനനു ഇബ്‌നു മാജ, മുഖദ്ദിമ: 11). ഇബ്‌നു അബ്ബാസ് ഇങ്ങനെ പറഞ്ഞതായി വന്നിട്ടുണ്ട്: ''കറുത്ത കല്ല് (ഹജറുല്‍ അസ്‌വദ്) ഭൂമിയിലെ ദൈവത്തിന്റെ കൈയാണ്. അത് സ്പര്‍ശിക്കുന്നവന്‍ ദൈവത്തോട് അനുസരണ പ്രതിജ്ഞ ചെയ്യുകയാണ്.'' ഇവിടെയെല്ലാം മേല്‍വാക്കുകള്‍ക്ക് യഥാര്‍ഥ അര്‍ഥമല്ല; മറ്റൊരു അര്‍ഥതലമാണുള്ളത്. അതേസമയം പറയുന്ന വ്യക്തിയുടെ ഉദ്ദേശ്യം വളരെ വ്യക്തവുമാണ്. കേള്‍ക്കുന്നവര്‍ക്കൊക്കെ പൊരുള്‍ എളുപ്പം പിടികിട്ടും. ഒരാളും അതിനെ ഭാഷാര്‍ഥത്തില്‍ എടുക്കുകയുമില്ല. ഇതൊരു അര്‍ഥസാധ്യത മാത്രമല്ല, യഥാര്‍ഥ അര്‍ഥം (നസ്സ്വ്) തന്നെയാണ്.
രണ്ടാം ഇനത്തില്‍ പെടുന്ന വാക്കുകള്‍ ചില ബന്ധങ്ങളെ കുറിക്കുന്നു. ആ വാക്കുകളും വളരെ ഋജുവും ലളിതവുമാണ്. ഏറ്റവും ഉയര്‍ന്ന, ഏറ്റവും താഴ്ന്ന, മീതെ, താഴെ പോലുള്ള വാക്കുകള്‍ ഉദാഹരണം. മറ്റൊന്നുമായി ബന്ധപ്പെടുത്തിയെങ്കില്‍ മാത്രമേ ഇവക്ക് അര്‍ഥം ഉണ്ടാവുകയുള്ളൂ. അറിവ്, സ്‌നേഹം, കഴിവ്, കഴിവില്ലായ്മ, കേള്‍വി, കാഴ്ച ഇവക്കൊക്കെയും ഒരു അസ്തിത്വവുമായി ബന്ധപ്പെടുത്തുമ്പോള്‍ മാത്രമേ അര്‍ഥം കൈവരുന്നുള്ളൂ.
'ഇസ്തിവാഅ്' എന്ന വാക്കിനെക്കുറിച്ചാണല്ലോ നാം പറഞ്ഞുവരുന്നത്. ഇരുന്നു, ഉദാഹരണത്തിന് കട്ടിലില്‍ ഇരുന്നു/ ഉപവിഷ്ടനായി എന്ന അര്‍ഥത്തില്‍ 'ഇസ്തവാ' എന്ന വാക്ക് അറബികള്‍ ഉപയോഗിക്കാറില്ല. ഇതല്ലാത്ത അര്‍ഥത്തില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ അതിന് ആലങ്കാരികാര്‍ഥമാവും വന്നു ചേരുക. ഇല്‍മ്-അറിവ്- എന്ന വാക്കിനെക്കുറിച്ചും ഇങ്ങനെ പറയാവുന്നതാണ്. ഒരാള്‍ ആര്‍ജിച്ചെടുത്തതോ അയാളില്‍ അനിവാര്യമായിത്തന്നെ ഉള്ളതോ ആയ ഒന്നിനെയല്ല അറബികള്‍ ഇല്‍മ് എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് പ്രയോഗിക്കുന്നുണ്ടെങ്കില്‍ അത് ഭാഷാപരമായി അങ്ങനെയാണെന്ന് വിധിതീര്‍പ്പ് കല്‍പിക്കാം. മറ്റു സന്ദര്‍ഭങ്ങളില്‍ ആ പ്രയോഗം അലങ്കാരം/രൂപകം ആയി മാറുകയും ചെയ്യും. ചിലപ്പോള്‍ 'ഇസ്തവാ' എന്ന് പ്രയോഗിക്കുക അകര്‍മക ക്രിയയായിട്ടായിരിക്കും. 'അദ്ദേഹം-മൂസാ-യൗവനം പ്രാപിക്കുകയും പക്വതയെത്തുകയും (ഇസ്തവാ) ചെയ്തപ്പോള്‍....' (28:14) എന്ന സൂക്തഭാഗം ഉദാഹരണം. ചിലപ്പോള്‍ അതിനൊപ്പം 'ഇലാ' എന്ന ഉപസര്‍ഗം (ുൃലുീശെശേീി) ചേര്‍ന്നു വന്നിരിക്കും; 'പിന്നെ ആകാശത്തേക്ക് അവന്‍ തിരിഞ്ഞു (ഇസ്തവാ ഇലാ...), അത് ധൂമം ആയിരുന്നു' (4:11) എന്ന സൂക്തഭാഗം പോലെ. 'അലാ' (മേല്‍) എന്ന ഉപസര്‍ഗം വെച്ചുകൊണ്ട് ദൈവത്തിലേക്കും മനുഷ്യനിലേക്കും ആ ക്രിയ ചേര്‍ത്തുപറഞ്ഞിരിക്കും മറ്റു ചിലപ്പോള്‍. ഒരു സന്ദര്‍ഭത്തില്‍ 'ഇസ്തവാ' പ്രയോഗിച്ചത് ഭാഷാപരമായ അര്‍ഥത്തിലാണെന്നും മറ്റൊരു  സന്ദര്‍ഭത്തില്‍ അത് ആലങ്കാരികമാണെന്നും വാദിക്കാന്‍ യാതൊരു ന്യായവുമില്ല. 'ഇസ്തവാ' എന്ന് ദൈവത്തോട് ചേര്‍ത്തു പറയുമ്പോള്‍, ആ പ്രവൃത്തിയുമായി ബന്ധപ്പെട്ട അവന്റെ സൃഷ്ടികളുടെ ഗുണവിശേഷങ്ങളൊന്നും അവനിലേക്ക് ഒരിക്കലും ചേര്‍ക്കാവതല്ല. 'ആകാശത്തെ നാം (നമ്മുടെ) കൈകള്‍ കൊണ്ട് നിര്‍മിച്ചു' (51:47), 'നമ്മുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയ....' (36:71), 'അദ്ദേഹത്തിന് നാം പലകകളില്‍ എഴുതിക്കൊടുത്തു...'' (7:145) എന്നൊക്കെ പറയുമ്പോഴും സൃഷ്ടിജാലങ്ങളുടെ പ്രവൃത്തികളുമായി അവക്ക് യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലാക്കണം.
ഈ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് നിര്‍മാതാവ്, രൂപകല്‍പന നടത്തുന്നവന്‍, എഴുത്തുകാരന്‍, ജോലിയെടുക്കുന്നവന്‍ തുടങ്ങിയ മനുഷ്യഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കാന്‍ പറ്റുമോ? ഈ പ്രവൃത്തികളൊന്നും അവയുടെ പ്രത്യക്ഷാര്‍ഥത്തില്‍ (ളാഹിര്‍) അല്ല എടുക്കേണ്ടത് എന്നാണോ പറയേണ്ടത്? അതല്ലെങ്കില്‍, ഓരോ അസ്തിത്വത്തിനും ചേരുന്ന വിധത്തില്‍ ആ പ്രവൃത്തികളെ വ്യാഖ്യാനിക്കുകയാണോ വേണ്ടത്? ദൈവത്തിന്റെ സത്ത അവന്റെ സൃഷ്ടികളുടെ സത്തയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണല്ലോ. അതുപോലെ തന്നെയാണ് ദൈവത്തിന്റെ പ്രവൃത്തിയും ഇടപെടലും നിര്‍മാണവും രൂപകല്‍പനയുമെല്ലാം. 'ഃ എന്നൊരാള്‍ എന്തോ ഉണ്ടാക്കി/എഴുതി' എന്ന് നാം പറയുമ്പോള്‍ ആ പ്രവൃത്തി ചെയ്തയാളെക്കുറിച്ച് നമുക്ക് ഒരു വിവരവുമില്ലെങ്കില്‍ അത് എന്തു തരം പ്രവൃത്തിയായിരിക്കുമെന്ന്, പ്രവൃത്തി എന്ന മാനദണധം മാത്രം വെച്ച് നമുക്ക് മനസ്സിലാക്കിയെടുക്കാനാവില്ല. പ്രവൃത്തിയെ അതിന്റെ കര്‍ത്താവുമായി ബന്ധിപ്പിക്കുമ്പോള്‍ മാത്രമാണ് അതെന്താണെന്ന് നമുക്ക് വ്യക്തമാവുക. സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും അസ്തിത്വവും പ്രവൃത്തിയും തീര്‍ത്തും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞാല്‍ പല സങ്കീര്‍ണ പ്രശ്‌നങ്ങളുടെയും കുരുക്കഴിഞ്ഞുകിട്ടും; അല്ലാത്തവര്‍ ആശയക്കുഴപ്പത്തിന്റെ കുരുക്കുകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യും (ഫതാവാ 33:175-186).
 

കുറിപ്പുകള്‍
1.    ഹമദുബ്‌നു മുഹമ്മദു ബ്‌നു ഇബ്
റാഹീം, അബൂസുലൈമാന്‍ അല്‍ ഖത്ത്വാബി (319/931- 389/998). പ്രമുഖ ഫഖീഹ്, മുഹദ്ദിസ്. കാബൂള്‍ നിവാസി. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സഹോദരന്‍ സൈദുബ്‌നുല്‍ ഖത്ത്വാബിലേക്ക് ഇദ്ദേഹത്തിന്റെ വംശപരമ്പര എത്തിച്ചേരുന്നു. സുനനു അബീദാവൂദിന് മആലിമുസ്സുനന്‍ എന്ന വ്യാഖ്യാനമെഴുതി. ബയാനു ഇഅ്ജാസില്‍ ഖുര്‍ആന്‍, ഇസ്വ്‌ലാഹു ഗലത്വില്‍ മുഹദ്ദിസീന്‍, ഗരീബുല്‍ ഹദീസ് തുടങ്ങിയ കൃതികളും ഉണ്ട്.
2.    അഹ്മദു ബ്‌നു അലി ബ്‌നു സാബിത്, അബൂബക്ര്‍ അല്‍ ഖത്വീബ് (392/1002-463/1072). പ്രമുഖ ഹദീസ് പണ്ഡിതന്‍, ചരിത്രകാരന്‍. മക്കക്കും കൂഫക്കുമിടയിലെ ഗാസിയയില്‍ ജനിച്ചു. മരണം ബഗ്ദാദില്‍. പതിനാലു വാള്യങ്ങളുള്ള 'ബഗ്ദാദിന്റെ ചരിത്രം' ആണ് അദ്ദേഹത്തിന്റെ പ്രകൃഷ്ട കൃതി. അല്‍കിഫായ ഫീ ഇല്‍മിര്‍രിവായ എന്ന കൃതി ഹദീസ് വിജ്ഞാനീയ ശാഖയിലും വളരെ പ്രശസ്തമാണ്.
3.    ഇബ്‌നു മുഹമ്മദ് അബ്ദുല്ലാഹിബ്‌നു മുസ്‌ലിം ഇബ്‌നു ഖുതൈ്വബ അദ്ദീനവാരി (213/828-277/889). ജനനം ബഗ്ദാദില്‍. കൂഫയില്‍ സ്ഥിരതാമസം. ദീനവാരില്‍ ജഡ്ജിയായിരുന്നു. ധാരാളമായി എഴുതി. അദബുല്‍ കാതിബ്, അശ്ശിഅ്‌റു വശ്ശുഅറാഅ്, അല്‍ മആരിഫ് എന്നിവ അദ്ദേഹത്തിന്റെ അറബിസാഹിത്യരചനകളാണ്. മുഖാലഫുല്‍ ഹദീസ് (ഹദീസ്), മുശ്കിലുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പഠനം) എന്നിവയും പ്രശസ്തം.
4.    ഉമ്മുസലമ (28/596-62/681). മക്കാ ജീവിതകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചു. ഭര്‍ത്താവ് അബൂസലമയോടൊത്ത് അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. പിന്നെ മദീനയില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ മരണശേഷം പ്രവാചകന്‍ അവരെ വിവാഹം ചെയ്തു.
5.    അബൂഉസ്മാന്‍ റബീഅത്തുബ്‌നു അബ്ദിര്‍റഹ്മാന്‍ (136/735). 'റബീഅത്തുര്‍റഅ്‌യ്' എന്ന പേരില്‍ പ്രശസ്തനായി. പ്രമുഖ ഫഖീഹ്.
6.     മാലികുബ്‌നു അനസു ബ്‌നു മാലിക് (179/795). മാലികു മദ്ഹബിന്റെ സ്ഥാപകന്‍. മുവത്വ എന്ന ഹദീസ് സമാഹാരമാണ് ഏറെ പ്രശസ്തം. തഫ്‌സീറു ഗരീബില്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയാണെങ്കിലും അതിപ്പോള്‍ നിലവിലില്ല.

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌