Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

പ്രളയകേരളത്തിലെ സേവന യൗവനം

ബഷീര്‍ തൃപ്പനച്ചി

2018-ലെ മഹാ പ്രളയനാളുകളില്‍ കേരളത്തിലെ ചെറുപ്പം നിര്‍വഹിച്ച സേവനം ചരിത്രമാണ്. രക്ഷാ പ്രവര്‍ത്തനങ്ങളുടെയും പിന്നീട് നടന്ന ദുരിതാശ്വാസ- വിഭവ സമാഹരണങ്ങളുടെയും ജനകീയ ശുചീകരണങ്ങളുടെയും മുന്‍നിരയില്‍ അവരാണുണ്ടായിരുന്നത്. പ്രളയം ബാധിച്ച തെക്കന്‍ ജില്ലകളില്‍ മലബാറിലെ ചെറുപ്പം തമ്പടിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മഹാ പ്രളയത്തിന് ഒരു വര്‍ഷം പിന്നിട്ട 2019 ആഗസ്റ്റില്‍ മലബാറിലെ മലപ്പുറം ജില്ലയിലും വയനാട്ടിലും പ്രളയമാവര്‍ത്തിച്ചപ്പോള്‍ വീണ്ടും ആ ചെറുപ്പം വീടുവിട്ടിറങ്ങി. മലബാറിലെ പ്രളയം ബാധിക്കാത്ത പ്രദേശങ്ങളില്‍നിന്നുള്ള യുവാക്കള്‍ കൂട്ടംകൂട്ടമായി ദുരിത മേഖലകളിലേക്ക് സേവനത്തിന് ഒഴുകുകയായിരുന്നു. ശുചീകരണ ഉപകരണങ്ങളുമായി ലോറികളിലും ഗുഡ്‌സ് വാഹനങ്ങളിലുമായി റോഡില്‍ നിറഞ്ഞുനിന്ന ചെറുപ്പത്തിന്റെ നേര്‍ചിത്രങ്ങളാണ് ഈ വര്‍ഷം കണ്ട ഏറ്റവും മനോഹരമായ കാഴ്ച.
രാഷ്ട്രീയ-മത സംഘടനാ യുവജന കൂട്ടായ്മകളുടെ വിലാസത്തില്‍ മാത്രമായിരുന്നില്ല യുവാക്കള്‍ സേവനത്തിനിറങ്ങിയത്. ക്ലബുകള്‍ മുതല്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ വരെയും, ഗ്രാമങ്ങളിലെ ചെറുപ്പത്തിന്റെ നാട്ടുകൂട്ടായ്മകള്‍ മുതല്‍ സ്‌കൂള്‍ ബാച്ച് സംഘങ്ങള്‍ വരെയും സംഘടിച്ചെത്തിയവരിലുണ്ടായിരുന്നു. മലബാറിന് പുറത്തുനിന്ന് വരിവരിയായെത്തിയ ദുരിതാശ്വാസ വിഭവങ്ങള്‍ വഹിച്ചുള്ള വാഹനങ്ങളിലും ഏറെയും ചെറുപ്പക്കാരായിരുന്നു. ആ ജില്ലകളില്‍ വിഭവ സമാഹരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അവര്‍ തന്നെ. മലപ്പുറം ജില്ലയില്‍ ക്യാമ്പ് ചെയ്ത് സേവന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എറണാകുളത്തുനിന്നും തിരുവനന്തപുരത്തുനിന്നും വന്നവരധികവും യുവജന-വിദ്യാര്‍ഥി സംഘടനകള്‍ക്കു കീഴിലായിരുന്നു.
സാഹസികവും ത്യാഗപൂര്‍ണവുമായ സേവന- രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ചില ചെറുപ്പക്കാരെ ഈ പ്രളയകാലത്ത് പല ഇടങ്ങളില്‍നിന്നായി കണ്ടുമുട്ടുകയുണ്ടായി. വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയ ആഗസ്റ്റ് ഏഴ് ചൊവ്വാഴ്ച, തന്റെ കൈവശമുള്ള എയര്‍ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മലപ്പുറം സ്വദേശി അഖില്‍ നാസിം അതിലൊരാളാണ്. കഴിഞ്ഞ പ്രളയസമയത്ത് ബംഗ്ലൂരുവില്‍നിന്ന് ഐ.ആര്‍.ഡബ്ല്യുവിനായി അഖില്‍ നാസിം തന്നെ മുന്‍കൈയെടുത്ത് കൊണ്ടുവന്ന മോട്ടോര്‍ ബോട്ടില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ചെറുപ്പക്കാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പലതും സാഹസികമായിരുന്നു. മലപ്പുറം ടൗണിന്റെ തന്നെ ഭാഗങ്ങളായ കോട്ടപ്പടിയിലും കിഴക്കേത്തലയിലും വെള്ളം കയറിയപ്പോള്‍ പലരെയും ഈ ബോട്ടുകളിലാണ് രക്ഷപ്പെടുത്തിയത്. ഹോസ്പിറ്റലില്‍ വെള്ളം കയറിയപ്പോള്‍ പ്രസവിച്ച് കിടക്കുന്ന സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതും അഖിലിന്റെ നേതൃത്വത്തിലുള്ള യുവാക്കളായിരുന്നു. വാഴക്കാട് മുതല്‍ മമ്പാട് വരെ ഈ ബോട്ടുകളുമായി ഈ ചെറുപ്പക്കാരെത്തിയിരുന്നു. വിദഗ്ധ പരിശീലനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത ഇവര്‍ യൗവനത്തിന്റെ സാഹസികതയിലും ആവേശത്തിലും സ്വയം സമര്‍പ്പിക്കുകയായിരുന്നു. പ്രളയം കഴിഞ്ഞ് വെള്ളമിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചപ്പോള്‍ മലപ്പുറം ടൗണിലാരംഭിച്ച വളന്റിയര്‍ സംവിധാനത്തിന്റെ കണ്‍വീനറായതും ഇതേ അഖില്‍ നാസിം തന്നെ. ഇതെഴുതുമ്പോഴും അഖില്‍ വിഭവസമാഹരണ വിതരണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്. 
അഖില്‍ നാസിം പ്രളയകാല സേവന യൗവനത്തിന്റെ ഒരു പ്രതീകം മാത്രമാണ്. അത്തരം ഒട്ടേറെ പേര്‍ പല പ്രദേശങ്ങളിലുമായി ഈ ദുരന്ത സമയത്ത് സ്വയം സമര്‍പ്പിച്ചവരായുണ്ട്. പ്രളയക്കെടുതി അനുഭവിച്ച ഓരോ നാട്ടിലുമുള്ളവര്‍ക്കും ഇത്തരം ചെറുപ്പക്കാരുടെ വര്‍ത്തമാനം പറയാനുണ്ടാകും. മലപ്പുറം ജില്ലയിലെ ചില പ്രളയ മേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍ അത്തരം ചിലരെ കണ്ടുമുട്ടി. കീഴുപറമ്പ് അങ്ങാടിയിലുള്ള തന്റെ ഓഫീസ് വെള്ളം കയറി ചെളിയിലമര്‍ന്ന് കിടക്കുമ്പോള്‍ അതെല്ലാം മാറ്റിവെച്ച് ഒരു പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശംസുദ്ദീന്‍ കീഴുപറമ്പ് അതിലൊരു യുവാവാണ്. വെള്ളം കയറിയ തന്റെ വീട്ടിലെ ക്ലീനിംഗിനൊപ്പം മറ്റു വീടുകളിലെ ശുചീകരണങ്ങള്‍ക്കും വളന്റിയര്‍മാരെ സംഘടിപ്പിച്ച് ഓടിനടക്കുന്ന എളമരത്തെ റോഷിക് മറ്റൊരു ചെറുപ്പക്കാരന്‍. പേരറിയാത്ത ഒട്ടേറെ ചെറുപ്പക്കാരെ പലയിടത്തായി കണ്ടു. വെള്ളം കയറിയ വീടുകളിലെ ചെറുപ്പക്കാര്‍ തന്നെ സംഘടിച്ച് ഓരോ വീടും ഒന്നിച്ച് വൃത്തിയാക്കുന്ന കാഴ്ച. വീടുകളില്‍ ക്ലീനിംഗ് കഴിഞ്ഞ ശേഷം അവരുടെ നാട്ടിന്‍പുറങ്ങളിലെ കടകളും സ്ഥാപനങ്ങളും റോഡുകളും ഓവുചാലുകളും അവര്‍ തന്നെ വൃത്തിയാക്കുന്നു. ഇതിനിടയില്‍ മറ്റു പ്രദേശങ്ങളില്‍നിന്നെത്തിയ വളന്റിയര്‍മാരെ തങ്ങളുടെ നാട്ടിലെ അതിഥികളായി സ്വീകരിച്ച് അവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കാനും ഒടുവിലവര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കാനും ഈ ചെറുപ്പക്കാര്‍ മറന്നുപോകുന്നില്ല.
ഈ യുവാക്കള്‍ പ്രളയത്തില്‍ എവിടെ നിന്നോ ഒഴുകിവന്നതല്ല. അവരിവിടെ നമുക്കിടയില്‍ തന്നെ ഉണ്ടായിരുന്നു. മുതിര്‍ന്നവരില്‍ പലരുമവരെ പഴി മാത്രമേ പറഞ്ഞിരുന്നുള്ളൂ. അവരെ ചൂണ്ടിയാണ് പല മതപ്രഭാഷകരും തങ്ങളുടെ ഇഷ്ടവിഷയമായ 'വഴിതെറ്റുന്ന യൗവനം' എന്ന പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നത്. യൗവനം മനുഷ്യായുസ്സിലെ ഏറ്റവും കരുത്തുറ്റതും സുന്ദരവുമായ കാലഘട്ടമാണ്. മനസ്സാഗ്രഹിക്കുന്നത് ശരീരം കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാലം. ആ പ്രായത്തിലുള്ളവര്‍ക്ക് വ്യക്തിനിഷ്ഠമായ വ്യത്യസ്ത അഭിരുചികളുള്ളതിനൊപ്പം പൊതുവായ ചില ഇഷ്ടങ്ങളുണ്ട്. കായികക്ഷമത ആവശ്യമുള്ള പ്രവര്‍ത്തനങ്ങളും സാഹസികമായ ദൗത്യങ്ങളും കൂട്ടുകാരോട് കൂട്ടുചേര്‍ന്നുള്ള യാത്രകളും സേവനങ്ങളും അതില്‍ ചിലതാണ്. 
പഴി മാത്രം പറയുന്ന തലമുതിര്‍ന്നവരും അവരുടെ കൂട്ടായ്മകളും മതപ്രഭാഷകരുമെല്ലാം യൗവനത്തിന്റെ ഈ അഭിരുചികളെ ഉള്‍ക്കൊള്ളുന്ന അജണ്ടകള്‍ എത്രത്തോളം അവര്‍ക്കായി ഒരുക്കുന്നുണ്ട്? സെമിനാറുകളും സമര പ്രക്ഷോഭങ്ങളും ആത്മീയ സദസ്സുകളും മതപ്രഭാഷണ-പഠനവേദികളും കൊണ്ടു മാത്രം യുവാക്കളെ ആകര്‍ഷിക്കാനാവില്ല. അത്തരം വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ സ്വാഭാവികമായും ഏതെങ്കിലുമൊരു കൂട്ടായ്മയുടെ ഭാഗമായിത്തീരും. ഇവരല്ലാത്ത വലിയൊരു വിഭാഗം ചെറുപ്പത്തെ അരാഷ്ട്രീയവാദികളെന്നും വഴിതെറ്റിയവരെന്നും മുദ്രകുത്തുന്നതില്‍ എത്രത്തോളം ശരിയുണ്ട്? സേവനവും രോഗീപരിചരണവും മുഖ്യ അജണ്ടയാക്കിയ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനം രൂപം കൊണ്ടപ്പോള്‍ അതുവരെ ഒരു സാമൂഹിക സംഘാടനത്തിലും പങ്കാളികളായിട്ടില്ലാത്ത നൂറുകണക്കിന് യുവാക്കളാണതില്‍ കണ്ണിചേര്‍ന്നത്. നാട്ടിന്‍പുറങ്ങളിലെ പല ബ്ലഡ് ഡൊണോഴ്‌സ് ഫോറങ്ങളിലും വര്‍ധിച്ച യുവജന പ്രാതിനിധ്യം കാണാം. യുവാക്കള്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ ഒരു ജനകീയ സംവിധാനമുണ്ടായപ്പോള്‍ അവരതിന്റെ മുന്നണിയിലേക്ക് കയറിവന്നു. ഇനി യുവാക്കളുടെ ശാരീരിക കരുത്ത് ഉപയോഗപ്പെടുത്തി വീടുനിര്‍മാണമടക്കമുള്ള ജനസേവനം മുഖമുദ്രയാക്കുന്ന ജനകീയ വേദികള്‍ ഉയര്‍ന്നുവന്നാല്‍ അതിന്റെ മുന്‍പന്തിയിലും അവരുണ്ടാകും. ഈ പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിലും പുതിയ വീടുകള്‍ ഒരുക്കുന്നതിലും ഈ സേവന സന്നദ്ധരായ കേരളീയ യൗവനത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. അതിനുള്ള അജണ്ടകളും ആസൂത്രണങ്ങളും ജനകീയ വേദികളും രൂപപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മത-രാഷ്ട്രീയ സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ട്. യുവാക്കളോട് നമുക്ക് അവരുടെ ഭാഷയറിഞ്ഞും അഭിരുചി മനസ്സിലാക്കിയും ഇടപഴകാന്‍ കഴിഞ്ഞാല്‍ സമൂഹത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉാക്കാന്‍ കഴിയും. അതിനാല്‍ യൗവനത്തെ പഴി പറയുന്നത് നിര്‍ത്തി, നമുക്ക് നമ്മുടെ അജണ്ടകളും സംവിധാനങ്ങളും അവരുടെ അഭിരുചി കൂടി കണക്കിലെടുത്ത്  പുതുക്കിപ്പണിയാം. 

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌