Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

ഇഹ്‌സാന്‍ ആത്മാവിന്റെ സൗന്ദര്യബോധമാണ് 

ശമീര്‍ബാബു കൊടുവള്ളി

ജീവിതം സൗന്ദര്യത്താല്‍ ഹര്‍ഷോന്മുഖമാകുന്നത് മൂന്നു ചേരുവകള്‍ ചേരുമ്പോഴാണ്. ധര്‍മബോധം, വ്യവസ്ഥാബോധം, ദര്‍ശനബോധം എന്നിവ. നന്മകളും തിന്മകളും നിറഞ്ഞതാണ് ജീവിതം. നന്മ എന്താണെന്നും തിന്മ എന്താണെന്നും ദൈവവും ദൂതനും പഠിപ്പിച്ചുതന്നിട്ടുണ്ട്. അവര്‍ കല്‍പിച്ച ധര്‍മങ്ങളും വിരോധിച്ച അധര്‍മങ്ങളുമാണ് ആത്യന്തികമായ നന്മകളും തിന്മകളും. നന്മകള്‍ ധ്യാനപൂര്‍വം പകര്‍ത്തിയും തിന്മകള്‍ ശ്രദ്ധാപൂര്‍വം വര്‍ജിച്ചുമാണ് ജീവിതം കരുപ്പിടിപ്പിക്കേണ്ടത്. നന്മകളെ കൃത്യമായി തിരിച്ചറിയലും അതിന്റെ വഴിത്താരയിലുള്ള ജീവിതത്തിന്റെ ആവിഷ്‌കാരവുമാണ്  ധര്‍മബോധം. 
നന്മകള്‍ക്ക് കലാപരമായ ഭദ്രത ഉണ്ടാവണം. നന്മകളില്‍ ഉണ്ടാവേണ്ട ശില്‍പഭദ്രതക്ക് പറയുന്ന പേരാണ് വ്യവസ്ഥാബോധം. ഉദാഹരണത്തിന് നീതി. നീതിനിര്‍വഹണം ഒരു നന്മയാണ്. സാധ്യമായ അളവില്‍ നീതി സ്ഥാപിക്കുമ്പോഴാണ് അത് കൂടുതല്‍ അഴകുള്ള നന്മയായി മാറുന്നത്. ആരാധന, കര്‍മം, സ്വഭാവം എന്നിവയൊക്കെ നന്മകളാണ്. വ്യവസ്ഥാബോധം അവയില്‍ അലിഞ്ഞുചേരണം. നന്മകളുടെ കാര്യത്തില്‍  ധര്‍മബോധത്തിനും വ്യവസ്ഥാബോധത്തിനുമൊപ്പം ദര്‍ശനബോധവും അനിവാര്യമാണ്. നന്മയിലേര്‍പ്പെടുമ്പോള്‍ ദൈവത്തെ താനും തന്നെ ദൈവവും കാണുന്നുണ്ടെന്ന ഉയര്‍ന്ന ബോധമാണ് ദര്‍ശനബോധം. 
ജീവിതത്തില്‍ ദീക്ഷിക്കേണ്ട ആത്മീയസൗന്ദര്യത്തിന് ഇഹ്‌സാന്‍ എന്നാണ് പറയുക. 'ഹുസ്‌നി'ല്‍നിന്നുള്ളതാണ് 'ഇഹ്‌സാന്‍.' പ്രധാനമായും മൂന്ന് അര്‍ഥങ്ങളാണ് അതിനുള്ളത്. ഒന്ന്, നന്മചെയ്യല്‍. തിന്മയുടെ വിപരീതം എന്ന ഈ അര്‍ഥത്തില്‍. രണ്ട്, വ്യവസ്ഥയും ചിട്ടയും (ഇഹ്കാം, ഇത്ഖാന്‍). ചെയ്യുന്ന നന്മ ഭദ്രതയോടെ നിര്‍വഹിക്കലാണിത്. മൂന്ന്, ദര്‍ശനം (റുഅ്‌യത്ത്). നന്മയിലേര്‍പ്പെടുമ്പോള്‍ ദൈവം തന്നെയും താന്‍ ദൈവത്തെയും കാണുന്നുവെന്ന ബോധമാണിത്. ആത്മീയസൗന്ദര്യത്തെ മികച്ച രീതിയില്‍ വിശുദ്ധ വേദവും തിരുചര്യയും അടയാളപ്പെടുത്തിയിട്ടുണ്ട്: ''നീതിപു
ലര്‍ത്താനും ഇഹ്‌സാന്‍ ചെയ്യാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം നല്‍കാനും ദൈവം നിങ്ങളോട് കല്‍പിക്കുന്നു'' (അന്നഹ്ല്‍ 90). ''ദൈവം മുഴുവന്‍ കാര്യത്തിലും സൗന്ദര്യം രേഖപ്പെടുത്തിയിരിക്കുന്നു'' (രിയാദുസ്സ്വാലിഹീന്‍). 
നന്മയുടെ നിര്‍വഹണം ആത്മീയസൗന്ദര്യത്തിലേക്കുള്ള ഒന്നാമത്തെ ചുവടുവെപ്പാണ്. വിശുദ്ധ വേദം പറയുന്നു: ''നിങ്ങള്‍ നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെയാണ്. തിന്മ ചെയ്താല്‍ അതിന്റെ ദോഷവും നിങ്ങള്‍ക്കുതന്നെയാണ്'' (അല്‍ഇസ്രാഅ് 7). സൂക്തത്തില്‍ നന്മയുടെ നിര്‍വഹണത്തിനാണ് ഇഹ്‌സാനെന്ന പദം പ്രയോഗിച്ചിരിക്കുന്നത്. അതാവട്ടെ 'ഇസാഅത്ത്' അഥവാ തിന്മയുടെ വിപരീതമാണ്. നന്മകള്‍  ചിട്ടയോടെ നിര്‍വഹിക്കുന്നതിനും ഇഹ്‌സാന്‍ പ്രയോഗിച്ചിട്ടുണ്ട്. മാതാപിതാക്കളോട് സുന്ദരമായ രീതിയില്‍ പെരുമാറണമെന്നാണ് വിശുദ്ധ വേദത്തിന്റെ പാഠം: ''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കളോട് സുന്ദരമായി വര്‍ത്തിക്കുക'' (അല്‍ഇസ്രാഅ്  23). മാതാപിതാക്കളോടുള്ള ഇഹ്‌സാനിന്റെ രൂപമെന്തെന്ന് സൂക്തം തുടര്‍ന്ന് പറയുന്നുണ്ട്: ''അവരില്‍ ഒരാളോ രണ്ടു പേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ഛെ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: എന്റെ നാഥാ! ചെറുപ്പകാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ നീ അവരോട് കരുണ കാണിക്കേണമേ'' (അല്‍ഇസ്രാഅ് 23, 24). ദൈവികസൃഷ്ടിപ്പിലെ കലാപരമായ ശില്‍പഭദ്രതയെ കുറിക്കാന്‍ ഇഹ്‌സാനെന്ന പദമാണ് വിശുദ്ധ വേദം പ്രയോഗിച്ചിരിക്കുന്നത്: ''താന്‍ സൃഷ്ടിച്ച എല്ലാറ്റിനെയും സുന്ദരമാക്കിയവന്‍'' (അസ്സജ്ദ 7), ''അവന്‍ നിങ്ങള്‍ക്ക് രൂപം നല്‍കുകയും നിങ്ങളുടെ രൂപത്തെ ഏറ്റവും സുന്ദരമാക്കുകയും ചെയ്തു'' (അല്‍മുഅ്മിനൂന്‍  60), ''നിശ്ചയം, മനുഷ്യനെ ഏറ്റവും  സുന്ദരമായ ഘടനയില്‍ സൃഷ്ടിച്ചു'' (അത്തീന്‍ 4).
ദര്‍ശനബോധം ആത്മീയസൗന്ദര്യത്തിന് നിറംപകരുന്ന ചേരുവയാണെന്ന് നാം ഗ്രഹിക്കുന്നത്, പ്രവാചകന്‍ ജിബ്‌രീലിന് ഇഹ്‌സാന്‍ എന്താണെന്ന് നിര്‍വചിച്ചുകൊടുക്കുമ്പോഴാണ്. അവിടുന്ന് പറയുകയുണ്ടായി: ''ദൈവത്തെ നീ കാണുന്നുന്നെപോലെ അവനെ ആരാധിക്കലാണ് ആത്മീയസൗന്ദര്യം. യഥാര്‍ഥത്തില്‍ നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ തീര്‍ച്ചയായും നിന്നെ കാണുന്നുണ്ട്''(ബുഖാരി, മുസ്‌ലിം). ഈ പ്രവാചകവചനത്തിലെ ഇബാദത്ത് എന്ന പ്രയോഗം നമസ്‌കാരം, നോമ്പ്, ഹജ്ജ് പോലുള്ള നിയതമായ ആരാധനകളില്‍ പരിമിതമല്ല. ജീവിതത്തെ മുച്ചൂടും ചൂഴ്ന്നുനില്‍ക്കുന്ന ആശയമാണ് ഇബാദത്ത്. ഇഹ്‌സാന്‍ നിര്‍വചിച്ച മറ്റൊരു പ്രവാചകവചനത്തില്‍ ഇബാദത്തിനു പകരം 'ഖുശൂഅ്' (ദൈവഭയം) എന്നാണ് വന്നത്.  ഇബാദത്തിനെയും ദൈവഭയത്തെയും ആരാധനകളില്‍ പരിമിതപ്പെടുത്തിയാല്‍ ആരാധനകളല്ലാത്ത വേളയില്‍ ആത്മീയസൗന്ദര്യം വേണ്ടതില്ലെന്നു വരും. അതാവട്ടെ ഇസ്‌ലാമിന്റെ ഇഹ്‌സാന്‍ സങ്കല്‍പ്പത്തിന് എതിരാണുതാനും.
പ്രവാചകവചനത്തില്‍ ഇഹ്‌സാന്‍ പ്രയോഗിച്ചത് ദര്‍ശനബോധത്തിനാണ്. നന്മ അനുഷ്ഠിക്കുമ്പോള്‍ ദര്‍ശനബോധം അനിവാര്യമാണ്. ദര്‍ശനത്തിന് റുഅ്‌യത്ത് എന്ന പദമാണ് പ്രയോഗിച്ചത്. മൂന്നു തവണ ഈ പ്രയോഗം പ്രവാചകവചനത്തില്‍ കടന്നുവരുന്നുണ്ട്. മൂന്നും വ്യത്യസ്തമായ അര്‍ഥങ്ങളിലാണ് പ്രയോഗിച്ചത്. ഒന്നാം പ്രയോഗം: 'ദൈവത്തെ നീ ദര്‍ശിക്കുംപോലെ അവനെ ആരാധിക്കലാണ് ആത്മീയസൗന്ദര്യം'. ദൈവത്തെ അകംകാഴ്ചയില്‍ കാണുന്ന അവസ്ഥയാണിത്. അഥവാ വസ്തുനിഷ്ഠമല്ലാതെ, ആത്മീയമായി ദൈവത്തെ അനുഭവിക്കലാണിത്. രണ്ടാം പ്രയോഗം: 'യഥാര്‍ഥത്തില്‍ നീ അവനെ ദര്‍ശിക്കുന്നില്ലെങ്കിലും'. ഇവിടെ റുഅ്‌യത്തിന്റെ അര്‍ഥം വസ്തുനിഷ്ഠമായ ദര്‍ശനമെന്നാണ്. ദൈവത്തിന്റെ സത്തയും അസ്തിത്വവും വസ്തുനിഷ്ഠമായി കാണല്‍ അസാധ്യമാണ്. എന്നാല്‍ ആത്മീയദര്‍ശനം സാധ്യവുമാണ്. മൂന്നാം പ്രയോഗം: 'അവന്‍ തീര്‍ച്ചയായും നിന്നെ ദര്‍ശിക്കുന്നുണ്ട്'. ദൈവം സാധകനെ ദര്‍ശിക്കുന്ന വിവരണമാണിത്. വസ്തുനിഷ്ഠമായും ആത്മനിഷ്ഠമായും എന്നല്ല, സര്‍വരൂപത്തിലും ദൈവം ഓരോ മനുഷ്യനെയും ദര്‍ശിക്കുന്നുണ്ട്. താന്‍ ദൈവത്തെയും ദൈവം തന്നെയും ദര്‍ശിക്കുന്നുവെന്ന ബോധത്തോടെ നന്മകള്‍ ക്രമീകരിക്കുമ്പോഴാണ് അവ ലക്ഷണമൊത്ത നന്മകളായി മാറുന്നത്.
ജീവിതത്തിന്റെ ഓരോ ഇടനാഴിയും സൗന്ദര്യബോധത്താല്‍ തിളക്കവും തെളിച്ചവുമുള്ളതായിരിക്കണം. ആരാധന, സ്വഭാവം, കര്‍മം തുടങ്ങി എല്ലാറ്റിലും ആത്മീയസൗന്ദര്യം ഉാവണം. ആത്മീയമായും ശാരീരികമായും വിശുദ്ധി പ്രദാനം ചെയ്യുന്ന ഒരു ആരാധനയാണല്ലോ അംഗസ്‌നാനം. അംഗസ്‌നാനത്തിന് അതിന്റെ സൗന്ദര്യമുണ്ട്: 'സുന്ദരമായി അംഗസ്‌നാനം ചെയ്യുകയും തുടര്‍ന്ന് സ്വത്വത്തിന്റെയും ശരീരത്തിന്റെയും പൂര്‍ണശ്രദ്ധയോടെ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുന്നവന് സ്വര്‍ഗം ഉറപ്പാണ്' (മുസ്‌ലിം). സമര്‍പ്പണത്തില്‍ ദീക്ഷിക്കേണ്ട സൗന്ദര്യത്തെപ്പറ്റി പ്രവാചകന്‍: 'നിങ്ങളിലാരെങ്കിലും തന്റെ സമര്‍പ്പണത്തെ സുന്ദരമാക്കിയാല്‍ അയാളുടെ എല്ലാ നന്മകളും പത്തു മുതല്‍ എഴുപത് ഇരട്ടിവരെയായി രേഖപ്പെടുത്തുന്നതാണ്. അയാള്‍ ചെയ്യുന്ന തിന്മ അതിന് തുല്യമായും രേഖപ്പെടുത്തും' (ബുഖാരി). കര്‍മങ്ങളില്‍ വേണ്ട സൗന്ദര്യത്തെ സംബന്ധിച്ച് പ്രവാചകന്‍: 'ദൈവം മുഴുവന്‍ കാര്യത്തിലും സൗന്ദര്യം രേഖപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ വധിക്കുകയാണെങ്കില്‍ സുന്ദരമായി വധിക്കുക. അറുക്കുകയാണെങ്കില്‍ സുന്ദരമായി അറുക്കുക. കത്തി മൂര്‍ച്ച കൂട്ടുകയും ഉരുവിന് ആശ്വാസമേകുകയും ചെയ്യുക' (രിയാദുസ്സ്വാലിഹീന്‍). 
ആത്മീയസൗന്ദര്യത്തിന്റെ ചേരുവകളായ ധര്‍മബോധം, വ്യവസ്ഥാബോധം, ദര്‍ശനബോധം എന്നിവ സത്തയില്‍ ഭിന്നമല്ല. മുസ്‌ലിം ആര്‍ജിക്കുന്ന   അനുഭൂതിദായകമായ അവസ്ഥയുടെ ഭാഗമായി അവ ഒരേസമയം രൂപമാര്‍ജിക്കുകയാണ് ചെയ്യുന്നത്. പ്രസ്തുത അവസ്ഥ ഉത്കൃഷ്ടമായ പദവിയാണ്. അപൂര്‍വം പേര്‍ക്കേ അത് എത്തിപ്പിടിക്കാനാവൂ. ധ്യാനപൂര്‍ണമായ ഏകാഗ്രതയും പ്രാര്‍ഥനാനിര്‍ഭരമായ വിചാരവും അതിനാവശ്യമാണ്. ആത്മീയമായ ഈ പദവി ആര്‍ജിച്ചുകഴിഞ്ഞാല്‍ ധര്‍മബോധവും വ്യവസ്ഥാബോധവും ദര്‍ശനബോധവും ഒന്നിച്ചൊന്നായി മാത്രമേ അനുഭവപ്പെടുകയുള്ളൂ.

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌