Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

ജയ് ശ്രീറാമും ചില ചിന്തകളും

സന്ദീപ് റോയി

തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന പിറ്റേന്നുണ്ടായ ഒരു വിചിത്രാനുഭവം കൂട്ടുകാരി അത്ഭുതം വിടാതെ പങ്കുവെച്ചു. കൊല്‍ക്കത്തയിലെ അവളുടെ ജിംനേഷ്യക്കടുത്ത് ജോലിചെയ്യുന്ന ഒരു യുവതി ഓഫീസിനുളളില്‍ മുഷ്ടി ചുരുട്ടി ആഹ്ലാദത്തോടെ ജയ് ശ്രീറാം വിളിച്ചതാണ് കാര്യം. 'തന്റെ ട്രെയിനര്‍മാരോട് ജയ് ശ്രീറാം വിഷ് ചെയ്യുന്ന പെണ്‍കുട്ടിയെ എനിക്കും പരിചയമുണ്ട്' - ജയ് ശ്രീറാം വിളിയില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു എന്ന മട്ടില്‍ ഞാനും തിരിച്ചടിച്ചു. മതകീയ മുദ്രാവാക്യമായി ബംഗാളിസംസ്‌കാരത്തില്‍ എത്ര ആഴത്തിലും ശക്തിയിലുമാണ് ജയ് ശ്രീറാം കുടിയേറുന്നത് എന്ന ആശങ്ക കൂടിയാണ് ഇത്തരം സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. വല്ല യാത്രക്കുമൊരുങ്ങുമ്പോള്‍ ദുര്‍ഗാ ദേവിയുടെ അനുഗ്രഹമുണ്ടാവട്ടെ എന്ന അര്‍ഥത്തില്‍ അമ്മയോ വല്യമ്മയോ 'ദുര്‍ഗാ ദുര്‍ഗാ' എന്ന് ആശീര്‍വദിക്കാറുണ്ട്. ഇത്തരം മതകീയ സാംസ്‌കാരിക വചനങ്ങളില്‍ പൊതുവെ രാമന്‍ കടന്നുവരാറില്ല. ഇക്കാര്യം ബി.ജെ.പിക്കും നന്നായറിയാം. അതുകൊണ്ടാണ് ഇന്നും 'ജയ് മാ കാളി' എന്ന വിളിയും ബംഗാളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.    
ജയ് ശ്രീറാം വിളി മതകീയ പരിസരങ്ങളുടെ സീമകള്‍ ലംഘിച്ച് വര്‍ഗീയ ഇടങ്ങളിലേക്ക് കൂടി അധിനിവേശം വ്യാപിപ്പിച്ചിരിക്കുകയാണ്. മതകീയ മുദ്രാവാക്യത്തെ രാഷ്ട്രീയ കൊലവിളിയായി രൂപാന്തരപ്പെടുത്തിയതില്‍ മമത ബാനര്‍ജിക്കും പാര്‍ട്ടിക്കും അത്ര വേഗത്തില്‍ കൈ കഴുകി രക്ഷപ്പെടാനാവില്ല. ജയ് ശ്രീറാം വിളിച്ച ബി.ജെ.പി പ്രക്ഷോഭകരോട് കടുത്ത രീതിയില്‍ ദീദി പ്രതികരിച്ചത് വടി കൊടുത്ത് അടി വാങ്ങുന്നതു പോലെയായി. ഇതില്‍ മമതയുടെ ഉറക്കം കെടുത്താ നുള്ള വകുപ്പുന്നെ് തിരിച്ചറിഞ്ഞ ഹിന്ദുത്വ പ്രസ്ഥാനങ്ങളാവട്ടെ വേണ്ട പോലെ അവസരം മുതലെടുത്തു; അറസ്റ്റ് ചെയ്യുന്നതൊന്ന് കാണണമല്ലോ എന്ന മട്ടില്‍ ബി.ജെ.പി നേതാക്കളും അണികളും റാലികളില്‍ ജയ് ശ്രീറാം ആര്‍ത്തുവിളിച്ചു. പ്രതിഷേധത്തിന്റെ ഹിന്ദുത്വ മുഖമായതോടെ  വൈകാതെ അത് അടിത്തട്ടും ഏറ്റെടുത്തു. 10 ലക്ഷത്തിലേറെ ജയ് ശ്രീറാം കത്തുകളാണ് ബി.ജെ.പി മാത്രം ദീദിയുടെ പോസ്റ്റ് ബോക്‌സില്‍ നിറച്ചത്.
കാര്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. റാലികളില്‍ പരിസരം മറന്ന് വിളിക്കാനുള്ള വിശ്വാസത്തിന്റെയോ പ്രതിരോധത്തിന്റെയോ മുദ്രാവാക്യമെന്ന നിലയില്‍നിന്ന്, ആള്‍ക്കൂട്ടകൊലയുടെ താളമായി ജയ് ശ്രീറാം മാറുന്നത് അത്യന്തം അപകടകരം തന്നെ. ശാന്തസുന്ദരമായ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാന്‍ പൗരന്മാരോട് പ്രധാനമന്ത്രി ആവശ്യപ്പെടുമ്പോഴും കൊല്‍ക്കത്തയിലെ ലോക്കല്‍ ട്രെയിനില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് ഇരുപത് വയസ്സുകാരനായ മദ്‌റസാധ്യാപകന്റെ ജീവനും സ്വപ്‌നവും മൂക്കുകയറില്ലാത്ത ചിലര്‍ നിര്‍ദാക്ഷിണ്യം തല്ലിക്കെടുത്തുന്നു. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുപത് വയസ്സുകാരന്‍ പയ്യനെ കണ്ണില്‍ ചോരയില്ലാത്ത വിധം അടിച്ചൊതുക്കുന്ന വൈറല്‍ വീഡിയോയിലും 'ജയ് ശ്രീറാം, ജയ് ഹനുമാന്‍' വിളിയുടെ അധികാരസ്വരം ഉയര്‍ന്നു കേള്‍ക്കാം. അസമിലെ ബാര്‍പേട്ടയില്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി യാത്രക്കാരായ മുസ്‌ലിംകളെ കൊണ്ട് 'പാകിസ്താന്‍ മുര്‍ദാബാദ്...ഭാരത്മാതാ കീ ജയ്...ജയ് ശ്രീറാം' എന്നിങ്ങനെ പറയിപ്പിക്കുന്നത്, അല്‍പജ്ഞാനികളായ ചില ഹിന്ദുത്വ വലതുപക്ഷക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്യുന്നിടത്ത് വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. രാമന്റെ പേരില്‍ ഇത്തരം പീഡനങ്ങള്‍ക്കിരയാവുന്നവരില്‍ സമൂഹത്തിലെ നാനാതുറയില്‍നിന്നുള്ളവരുണ്ട്. പൂനെയില്‍ സംഘ്പരിവാറിന്റെ ഇര ഡോക്ടറാണെങ്കില്‍ ദല്‍ഹിയിലത് റോഷ്‌നി നിവാസിയായ മതപണ്ഡിതനാണ്.
നാള്‍ക്കുനാള്‍ ഭീഷണമായിത്തീരുന്ന ജയ് ശ്രീറാം വിളിച്ചുള്ള കൊലകള്‍ക്ക് ശക്തമായ പിന്‍ബലവും കാരണവുമുണ്ടെന്നാണ് ബി.ജെ.പിയുടെ ഭാഷ്യം. ജയ് ശ്രീറാം വിളിച്ചതിന് ബാന്‍ഗുരയിലെ 14 വയസ്സ് മാത്രം പ്രായമുള്ള ബാലനടക്കം മൂന്ന് പാര്‍ട്ടി അനുകൂലികളെ പശ്ചിമ ബംഗാള്‍ പോലീസ് വെടിവെച്ചുകൊന്നു എന്നാണ് ബി.ജെ.പി ആരോപിച്ചത്. ഹൗറ ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി അനുകൂലിയായ 42-കാരനെ കഴുത്ത് ഞെരിച്ച് വകവരുത്തിയെന്നും പ്രചരിപ്പിച്ചു. എല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും വാസ്തവവിരുദ്ധമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നൂറ് തവണ ആണയിട്ട് പറയുമ്പോഴേക്കും, ജയ് ശ്രീറാം വിളികള്‍ക്ക് പ്രത്യാക്രമണങ്ങള്‍ക്കുളള പ്രതിരോധത്തിന്റെ പൊയ്മുഖം നല്‍കപ്പെട്ടിരുന്നു.
ജയ്ശ്രീറാം വിളി ബി.ജെ.പിയുടെ പുതിയ ആയുധമല്ല. 1990-ല്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്നാരംഭിച്ച എല്‍.കെ അദ്വാനിയുടെ രഥയാത്രയിലുടനീളം കാതടപ്പിക്കുന്ന ശബ്ദത്തില്‍ ജയ്ശ്രീറാം മുഴങ്ങിയിരുന്നു. അന്നുതൊട്ടേ ഇന്ത്യയെ വരുതിയിലാക്കാനുള്ള മതകീയ സൂത്രവാക്യമാണ് അതെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടു്. വേരുകള്‍ ചരിത്രത്തിലേക്കാഴ്ത്തിയാണ് ബി.ജെ.പി പഴയ കുപ്പിയില്‍ പുതിയ വീഞ്ഞ് പാര്‍ന്ന് കണ്ണ് മഞ്ഞളിപ്പിക്കുന്നത്. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തെറിയപ്പെടുമ്പോള്‍ ജയ്ശ്രീറാം വിളിയുടെ ആവേശവും അകമ്പടിയും പ്രതിധ്വനിച്ചിരുന്നു. അതോടെ ജയ്ശ്രീറാം ഹിന്ദുത്വവികാരത്തിന്റെയും വോട്ട്ബാങ്കിന്റെയും സ്വരമായി, ഹിന്ദുത്വ വിജയത്തിന്റെ ധ്വനിയായി, ഭൂരിപക്ഷത്തിന്റെ അധികാര ശബ്ദമായി വളര്‍ന്നു. പുതിയ ലോക്‌സഭാ തെരെഞ്ഞെടുപ്പു വിജയം കൂടി ആയതോടെ ന്യൂനപക്ഷങ്ങളുടെ ഇടമല്ല ഇന്ത്യയെന്ന ഭരണകൂടത്തിന്റെ തന്നെ താക്കീതുപത്രമായി ആ വിളി തിടംവെച്ചുകൊണ്ടിരിക്കുന്നു.
ഹിന്ദുത്വയുടെ ബാനറില്‍ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെട്ട 'ജയ് ശ്രീറാം' വിളിയെ ബംഗാളി ഐക്കണായ 'ജയ് ബംഗ്ലാ' ഉപയോഗിച്ച് കൂകി തോല്‍പ്പിക്കാനുറച്ചിരിക്കുകയാണ് മമത. ആ വ്യാമോഹം എത്ര കാലം ഉാകുമെന്ന് കണ്ടറിയണം. കേവല രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് മെജോറിറ്റേറിയന്‍ സംസ്‌കാരത്തിന്റെ വിളിയായി ക്രമേണ ജയ് ശ്രീറാം രൂപാന്തരപ്പെടുന്നുവെന്നത് കാണാതിരുന്നുകൂടാ. ജിംനേഷ്യയിലുണ്ടായ വിചിത്രാനുഭവം ക്രമേണ കൊല്‍ക്കത്തയിലെ പച്ചക്കറിക്കാരിലും വ്യാപകമാകുന്നതോടെ പൊതു ഇടങ്ങളിലേക്കു കൂടി അത് ഇറങ്ങിവരും. ബി.ജെ.പിയുടെ മുദ്രാവാക്യത്തിനൊത്ത് തിരിച്ച് ഒച്ചയിടാന്‍ ദീദിയുടെ വായയില്‍ എത്ര നാള്‍ വെള്ളം കാണും? 

(2019 ജൂലൈ 20-ന് ദ ഹിന്ദു പ്രസിദ്ധീകരിച്ച ലേഖനം)
വിവ: സ്വാലിഹ് കുഴിഞ്ഞൊളം

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌