കശ്മീരിനെ വിഭജിച്ച് നാം നേടുന്നത് എന്ത്?
ഭരണഘടനപ്രകാരം തന്നെ കശ്മീര്‍ അനാവശ്യവും അവിഹിതവുമായ സവിശേഷ പദവി അനുഭവിച്ചുവരികയാണെന്നതായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലതുപക്ഷം പ്രചരിപ്പിച്ചുപോന്ന പ്രധാന മിഥ്യകളില്‍ ഒന്ന്. ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ലഭ്യമായിരുന്ന ആനുകൂല്യങ്ങളാണ് കശ്മീരിലെ സര്‍വ പ്രശ്‌നങ്ങളുടെയും അടിസ്ഥാനഹേതു എന്നും ഇവര്‍ പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്‍കൈയില്‍ ആ പ്രധാന വകുപ്പ് റദ്ദാക്കിയതോടെ ആര്‍.എസ്. എസ്സും ബി.ജെ.പിയും ഇനിയും പരാതി ഉന്നയിക്കില്ലെന്നു കരുതാം.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക മാത്രമല്ല അമിത് ഷായും സംഘവും ചെയ്തത്. കശ്മീര്‍ സംസ്ഥാനം തന്നെ അദ്ദേഹം നാമാവശേഷമാക്കിയിരിക്കുന്നു. സംസ്ഥാനത്തെ വെട്ടിമുറിച്ച് രണ്ട് 'ബന്തവസ്ഥാനുകള്‍'ക്ക് അങ്ങോര്‍ രൂപം നല്‍കിയിരിക്കുന്നു. ഈ നിയമനിര്‍മാണം വഴി കശ്മീരിന്റെ സുപ്രധാന മേഖലകളിലെല്ലാം ഭരണ നിര്‍വഹണത്തിനുള്ള പൂര്‍ണാധികാരം കേന്ദ്ര സര്‍ക്കാറിന് കൈവന്നിരിക്കുകയാണ്. ക്രമസമാധാന പാലനം പോലും കശ്മീരിലെ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് കൈകാര്യം ചെയ്യാനാകാത്ത അവസ്ഥ. പകരം ന്യൂദല്‍ഹിയിലെ ബ്യൂറോക്രാറ്റുകള്‍ക്കാകും സര്‍വ മേഖലകളുടെയും അധികാരം.
കശ്മീര്‍ ജനത മഹാ ഭാഗ്യവാന്മാരായിരുന്നില്ലേ? പ്രത്യേക ഭരണഘടനാ പദവി അനുഭവിച്ചുകൊണ്ട് അവര്‍ അത്യധികം പരിലാളിക്കപ്പെടുകയായിരുന്നല്ലോ? അതുവഴി അവര്‍ 'മനുഷ്യ പരിചകള്‍', പെല്ലറ്റുകളാല്‍ കാഴ്ച പോയവര്‍, വ്യാജ ഏറ്റുമുട്ടലിന്റെ ഇരകള്‍, ദുരൂഹ സാഹചര്യങ്ങളില്‍ കാണാതാകുന്നവര്‍, ദിനേന പീഡിപ്പിക്കപ്പെടുന്നവര്‍, 'പാതി വിധവകള്‍' (ഒമഹള ണശറീം)െ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് അര്‍ഹരായവുകയും ചെയ്തിരിക്കുന്നു. ഇനി മുതല്‍ അവര്‍ക്ക് പുതിയ രക്ഷാ നിയമങ്ങളുടെ പരിലാളനകള്‍ ആസ്വദിക്കാം!
ഒരു പോലീസ് രാജിനു അനുയോജ്യമായ നിയമ നടപടിക്രമങ്ങളാണ് കശ്മീരിനു വേണ്ടി അമിത് ഷാ ധൃതിയില്‍ കൈക്കൊണ്ടിരിക്കുന്നത്. നിഗൂഢ രീതിയില്‍ നടത്തിയ ഭരണഘടനാ ഭേദഗതി, ആവശ്യമായ ചര്‍ച്ചകളുടെ അഭാവം, അര്‍ധ രാത്രിയില്‍ കശ്മീരില്‍ നടത്തിയ അറസ്റ്റുകള്‍, ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയാന്‍ ഒറ്റയടിക്ക് 144 പ്രഖ്യാപിക്കല്‍, ഇന്റര്‍നെറ്റിനു മാത്രമല്ല ലാന്റ് ഫോണിനു വരെ ഏര്‍പ്പെടുത്തിയ വിലക്ക്. സൈനിക അട്ടിമറി വേളയിലോ കൊട്ടാര വിപ്ലവങ്ങളിലോ കേള്‍ക്കാറുള്ള നടപടികളാണ് മേല്‍ പറഞ്ഞവയൊക്കെയും. ഇതുവഴി നല്‍കപ്പെടുന്ന സന്ദേശം വ്യക്തമാണ്. കശ്മീരില്‍ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇടം അനുവദിക്കപ്പെടില്ല.
കശ്മീരിനെ രണ്ടായോ മൂന്നായോ വെട്ടിമുറിക്കണമെന്ന ആര്‍.എസ്.എസ്സിന്റെ പഴയ വിവേകശൂന്യമായ ആഹ്വാനമാണിപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടത്. കശ്മീരില്‍ ഭൂമി വാങ്ങാമെന്ന് സ്വപ്‌നം കണ്ടിരുന്നവര്‍ക്ക് ഇനി കാത്തിരുന്നു കാണാം-കശ്മീരിനു വേണ്ടിയുള്ള പുതിയ മാന്ത്രിക പരിഹാരം എത്രമാത്രം സാഫല്യം നേടും എന്നറിയാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും കാത്തിരിക്കാം.
കഴിഞ്ഞ 45 വര്‍ഷക്കാലത്തിനിടയിലെ 10 വര്‍ഷവും കേന്ദ്ര ഭരണത്തിന്റെ കടുത്ത അനുഭവം ആസ്വദിച്ചവരാണ് കശ്മീര്‍ ജനത. ഇനി അതിന്റെ കൂടുതല്‍ രൂക്ഷത മുറ്റിയ അനുഭവങ്ങള്‍ക്കു വേണ്ടി അവര്‍ക്ക് സജ്ജരാകാം. കഴിഞ്ഞ 12 മാസത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ രാഷ്ട്രപതിയെയും ഗവര്‍ണറെയും ഉപയോഗിച്ച് സംസ്ഥാനത്ത് നിരവധി ഇടപെടലുകള്‍ നടത്തുകയുണ്ടായി. എന്നാല്‍ തൊട്ട് മുന്‍ വര്‍ഷങ്ങളിലെ സ്ഥിതിഗതികളേക്കാള്‍ ഒരിഞ്ച് മാറ്റവും സൃഷ്ടിക്കാന്‍ ആ ഇടപെടലുകള്‍ സഹായകവുമായില്ല. തൊട്ടു മുന്‍വര്‍ഷങ്ങളിലാകട്ടെ മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി)യും ബി.ജെ.പിയും ചേര്‍ന്ന സഖ്യകക്ഷി ഭരണമായിരുന്നു സംസ്ഥാനത്ത് അധികാരം കൈയാളിയിരുന്നത് (2015-2018).മോദി കേന്ദ്രഭരണം കൈയടക്കിയ ആദ്യ അഞ്ചു വര്‍ഷക്കാലത്ത് സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം വഷളാവുകയായിരുന്നു. അക്രമങ്ങളും കലാപങ്ങളും മുമ്പില്ലാത്ത വിധം വ്യാപകമായി. മോദി ഭരണകൂടത്തിന്റ തെറ്റായ നയപരിപാടികളുടെ പ്രത്യാഘാതമായിരുന്നു അത്.
2019 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ നല്‍കിയ ഡാറ്റ പ്രകാരം തയാറാക്കിയ താഴെ കൊടുത്ത ഗ്രാഫ് സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ സംഭവിച്ച വന്‍ വര്‍ധനയുടെ കഥ പറയുന്നു (ഗ്രാഫ്).
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കല്‍, കശ്മീരിന്റെ സംസ്ഥാന പദവി കത്രിച്ചു കളയല്‍ എന്നീ സഹാസികതകളെ ആഘോഷിക്കുന്നവര്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തയാറാകേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഭരണഘടനാ വകുപ്പ് റദ്ദാക്കിയ അതേ ശക്തികള്‍ തന്നെയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി അധികാരം അടക്കിവാണിരുന്നത്. അന്ന് സംസ്ഥാനത്ത് മാറ്റങ്ങള്‍ നടപ്പാക്കാന്‍ സര്‍വാധികാരമുണ്ടായിരുന്ന അതേ ശക്തികള്‍ക്ക് ഭരണഘടനയെ നോക്കുകുത്തിയാക്കുന്നതിലൂടെ സംസ്ഥാനത്ത് ഏതു തരം വിപ്ലവമാണ് നടപ്പാക്കാന്‍ സാധിക്കുക? സുരക്ഷാ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കുക?
370-ാം വകുപ്പ് റദ്ദാക്കല്‍ എന്ന നിയമലംഘനം
കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിച്ചത് 370-ാം വകുപ്പ് വഴി അല്ലെന്ന് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ രാജ്യസഭയില്‍ മറുപടി നല്‍കുകയുണ്ടായി. 1947-ല്‍ ഒപ്പുവെച്ച കൂട്ടിച്ചേര്‍ക്കല്‍ കരാര്‍ ആണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിന്റെ ആധാരം എന്നാണ് അദ്ദേഹത്തിന്റെ ന്യായം. ഭരണഘടനയുടെ 370-ാം വകുപ്പ് പിന്നീട് പ്രാബല്യത്തില്‍ വന്നതാണെന്നും ഷാ ചൂണ്ടിക്കാട്ടി. എന്നാല്‍, 370-ാം വകുപ്പ് ആകാശത്തുനിന്ന് പൊട്ടിവീണ പ്രതിഭാസമായിരുന്നില്ല എന്ന യാഥാര്‍ഥ്യം ഷാ വെളിപ്പെടുത്തിയില്ല. കശ്മീരിലെ ഹരിസിംഗ് മഹാരാജാവും കേന്ദ്ര ഗവണ്‍മെന്റും നടത്തിയ വിലപേശല്‍ ചര്‍ച്ചയുടെ പ്രത്യക്ഷ ഉല്‍പന്നമായിട്ടായിരുന്നു 370-ാം വകുപ്പിന്റെ പിറവി. ഇന്ത്യ 1947 ആഗസ്റ്റ് 15-ന് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും നാട്ടുരാജ്യമായ ജമ്മു-കശ്മീര്‍ ഇന്ത്യയില്‍ ചേരാതെ സ്വതന്ത്ര രാജ്യമായി നിലകൊണ്ടുവരികയായിരുന്നു. എന്നാല്‍ പാകിസ്താനിലെ 'ഗോത്ര വര്‍ഗക്കാരുടെ' ആക്രമണത്തെ തുടര്‍ന്ന് ജുമ്മു-കശ്മീര്‍ ഇന്ത്യയില്‍ ചേരാന്‍ തീരുമാനിച്ചു. അങ്ങനെ കശ്മീര്‍ മഹാരാജാവും ഇന്ത്യയും 1947 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ചേരാനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. രാജ്യരക്ഷ, വിദേശകാര്യം, വാര്‍ത്താ വിനിയമം എന്നീ മേഖലകളിലെ നിയന്ത്രണം മാത്രമായിരിക്കും ഇന്ത്യക്കുണ്ടാവുക എന്ന മഹാ രാജാവിന്റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ടായിരുന്നു ഇന്ത്യ പ്രസ്തുത കരാറില്‍ കൈയൊപ്പ് ചാര്‍ത്തിയത്. ഇതര മേഖലകളിലെ ഭരണ നിര്‍വഹണം സസ്ഥാനത്തിന്റെ അധികാര പരിധിയിലായിരിക്കും. കരാറിലെ ഇത്തരം വ്യവസ്ഥകള്‍ അമിത് ഷായെ ഓര്‍മിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ലയന കരാറിന്റെ ഏഴാം ഖണ്ഡികയില്‍ ഹരിസിംഗ് രാജാവിന്റെ ഉപാധി ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:
''ഇന്ത്യയുടെ ഭാവി ഭരണഘടന അനുസരിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്ന യാതൊന്നും ഈ കരാറില്‍ ഇല്ല. ഭാവി ഭരണഘടന എന്റെ വിവേചനാധികാരത്തിന് വിലങ്ങിടുന്ന തരത്തില്‍ ഇന്ത്യയുമായി കരാറിലെത്താന്‍ നിര്‍ബന്ധിക്കുന്ന ഘടകങ്ങളും ഈ ഉടമ്പടിയില്‍ ഇല്ല.'' ഏറെ കൂടിയാലോചനകള്‍ക്കു ശേഷം കരുതലോടെ ആവിഷ്‌കരിച്ച വകുപ്പാണ് 370-ാമത്തേത്. ജമ്മു-കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്ത കരാറിലെ വ്യവസ്ഥകള്‍ മാനിച്ചുകൊണ്ട് ആ സംസ്ഥാനത്തിന്റെ ഇന്ത്യയിലെ സ്ഥാനം നിര്‍ണയിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കപ്പെട്ട വകുപ്പാണിത്. ഈ ലക്ഷ്യത്തിനു വേണ്ടി ശൈഖ് അബ്ദുല്ലയും മറ്റും ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ സന്നിഹിതരായിരുന്നു. അവര്‍ ഭരണഘടനയുടെ കരട് തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ ഗോപാല സ്വാമി അയ്യങ്കാര്‍, വല്ലഭായ് പട്ടേല്‍ തുടങ്ങിയവരുമായി ആശയവിനിമയവും തര്‍ക്കങ്ങളും നടത്തി. ആ തര്‍ക്കങ്ങള്‍ ചില ഘട്ടങ്ങളില്‍ തീക്ഷ്ണമാവുക പോലുമുണ്ടായി.
കശ്മീരിനു മാത്രമല്ല മറ്റു പല സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായി പ്രത്യേക സ്ഥാനം നല്‍കുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ഥ്യവും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി നാഗാലാന്റ്. 371 (എ) നാഗാലാന്റിലെ പരമ്പരാഗത നിയമങ്ങളുടെ പരിരക്ഷ ലക്ഷ്യമിട്ട് ആവിഷ്‌കരിക്കപ്പെട്ട പ്രത്യേക വകുപ്പാണെന്ന് ഓര്‍മിക്കുക. 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്ന 370-ാം വകുപ്പ് ഭരണഘടനയുടെ ചില ഭാഗങ്ങള്‍ കശ്മീരില്‍ നടപ്പാക്കണമെങ്കില്‍ കശ്മീര്‍ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയുടെ (ഭരണഘടനാ നിര്‍മാണ സഭ) അനുമതി കൂടി വാങ്ങിയിരിക്കണമെന്ന് പ്രത്യേകം അനുശാസിക്കുന്നു. ഭരണഘടന നടപ്പാക്കുമ്പോഴും മറ്റു ഉത്തരവുകള്‍ നടപ്പാക്കുമ്പോഴും അവ കശ്മീര്‍ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയുടെ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണെന്നും 370-ാം വകുപ്പ് നിര്‍ദേശിക്കുന്നു. രാഷ്ട്രപതിയുടെ ഉത്തരവുകളും മറ്റും നടപ്പാക്കാനുള്ള അന്തിമാധികാരം പ്രസ്തുത അസംബ്ലിക്കാണെന്നാണ് ഈ വ്യവസ്ഥകളുടെ സാരം. 370-ാം വകുപ്പ് 'താല്‍ക്കാലിക' പട്ടികയില്‍ ചേര്‍ത്തതിനാല്‍ അതിന് ഭരണഘടനയുടെ അടിസ്ഥാന പ്രാമാണികത ഇല്ലെന്ന ധാരണയും പലരും പ്രകടിപ്പിക്കുന്നതായി കാണാം. അതിനാല്‍ അത് അനായാസം റദ്ദാക്കാമെന്നും പലരും കണക്കുകൂട്ടുന്നു. എന്നാല്‍, ഈ വകുപ്പ് ഭേദഗതി ചെയ്യണമെങ്കില്‍ വിഷയം ആദ്യം ഭരണഘടനാ നിര്‍മാണസഭ വിളിച്ചുകൂട്ടി ചര്‍ച്ച സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. വകുപ്പ് റദ്ദാക്കേണ്ട ആവശ്യമില്ല എന്നാണ് സഭാ തീരുമാനമെങ്കില്‍ 370-ാം വകുപ്പ് സ്ഥിര സ്വഭാവമുള്ളതായി പരിണമിക്കുന്നു. ഭരണഘടനാ വിദഗ്ധനായ എ.ജി നൂറാനി 370-ാം വകുപ്പിനെ സംബന്ധിച്ച പ്രത്യേക ഗവേഷണ ഗ്രന്ഥം വരെ രചിക്കുകയുണ്ടായി. പ്രസിഡന്റിന് ഭരണഘടനാ വകുപ്പുകള്‍ നടപ്പാക്കണമെങ്കില്‍ കശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭ വിളിച്ചു ചേര്‍ത്ത് അഭിപ്രായ ഏകോപനം ഉണ്ടാക്കണമെന്നും അത്തരം ഏകോപനത്തിന്റെ അഭാവത്തില്‍ പ്രസിഡന്റിന്റെ ഉത്തരവുകള്‍ക്ക് കശ്മീരില്‍ നിയമസാധുത ഉണ്ടാകില്ലെന്നും നൂറാനി നിരീക്ഷിക്കുന്നു.
അമിത് ഷായുടെ കൗശലം
ഭരണഘടനയുമായി ബന്ധപ്പെട്ട മേല്‍ സൂചിപ്പിച്ച പ്രതിബന്ധങ്ങള്‍ മറികടക്കുന്നതിന് ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടു ഘട്ടങ്ങളുള്ള തന്ത്രം പയറ്റുകയായിരുന്നു. ആദ്യം രാഷ്ട്രപതിയെക്കൊണ്ട് അദ്ദേഹം ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 367-ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ഉത്തരവായിരുന്നു അത്. ഈ ഭേദഗതി ഉപയോഗിച്ച് 370-ാം വകുപ്പില്‍ പ്രതിപാദിക്കുന്ന കശ്മീര്‍ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയുടെ നിര്‍വചനം അദ്ദേഹം പുതുക്കി എഴുതി. ഇതു പ്രകാരം കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലി എന്നതിന്റെ വിവക്ഷ കശ്മീര്‍ ലെജിസ്‌ലേറ്റീവ് അസംബ്ലി (നിയമസഭ) എന്നായി പുനര്‍നിര്‍വചിക്കപ്പെട്ടു. വാസ്തവത്തില്‍ ഭരണഘടനാപരായി തെറ്റായ നടപടിയാണ് ഇവിടെ അവലംബിക്കപ്പെട്ടത്.
കോണ്‍ഗ്രസ് ഗവണ്‍മെന്റുകളടക്കം മുന്‍ ഭരണകൂടങ്ങള്‍ ചില ലഘുവായ തിരുത്തലുകള്‍ നടത്താറുണ്ടെങ്കിലും ഇത്രയേറെ മാരകമായൊരു ഭരണഘടനാ ലംഘനം നടത്തുന്നത് ഇതാദ്യമാണ്. കശ്മീരിലെ നിയമസഭ പിരിച്ചുവിട്ടതിനാല്‍ അതിന്റെയും കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭ വളരെ നേരത്തേ തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ അതിന്റെയും ഉത്തരവാദിത്തം വഹിക്കുന്ന പകരം വേദിയായി പാര്‍ലമെന്റിന് വര്‍ത്തിക്കാനാകുമെന്ന ന്യായവാദം അമിത് ഷാ നിരത്തുകയുണ്ടായി. സത്യത്തില്‍ നടുക്കമുളവാക്കുന്ന വ്യാഖ്യാനക്കസര്‍ത്ത് മാത്രമാണത്. ജമ്മു-കശ്മീരിനു വേണ്ടിയുള്ള ഭരണഘടന ജമ്മു-കശ്മീര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി സ്വീകരിക്കുന്നത് 1956-ലാണ്. കശ്മീര്‍ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലി 1957 ജനുവരി 26-ന് പ്രാബല്യത്തില്‍ വരത്തക്ക വിധം പിരിച്ചുവിട്ടു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭ അനിശ്ചിത കാലത്തേക്ക് സെഷന്‍ പിരിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭ അതിന്റെ അവസാന സിറ്റിംഗില്‍ പിരിച്ചുവിടല്‍ പ്രമേയത്തിലൂടെ പൂര്‍ണമായി പിരിച്ചുവിടുകയായിരുന്നു. പ്രസ്തുത സഭ എന്നെന്നേക്കുമായി പിരിച്ചുവിട്ടതിനാല്‍ 370-ാം വകുപ്പിനെ ദുര്‍ബലപ്പെടുത്താനോ ഭേദഗതി ചെയ്യാനോ സംവിധാനമില്ലെന്ന് വ്യക്തം. 370-ാം വകുപ്പ് താല്‍ക്കാലിക പട്ടികയില്‍ പെടുന്നുവെങ്കിലും ഭരണഘടനാ അസംബ്ലിയുടെ അഭാവത്തില്‍ അതിന് സ്ഥിരത കൈവന്നിട്ടുണ്ട് എന്ന വസ്തുതയും വിസ്മരിക്കാനാകില്ല.
ഒരു സംസ്ഥാനത്തിന്റെ തിരോധാനം
മോദി സര്‍ക്കാറിന്റെ നീക്കം ഫലത്തില്‍ പഴയ കശ്മീര്‍ സംസ്ഥാനത്തിന്റെ തിരോധാനത്തിന് തന്നെയാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി പുനര്‍നിശ്ചയിക്കുന്നതിനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുമുള്ള അധികാരം ആരാണ് കേന്ദ്ര സര്‍ക്കാറിനും പാര്‍ലമെന്റിനും പതിച്ചുനല്‍കിയത്?
ഭരണഘടനയുടെ മൂന്നാം ഖണ്ഡിക ഏകപക്ഷീയമായ ഇത്തരം നടപടികള്‍ക്ക് ഒരു നിലക്കും അനുമതി നല്‍കുന്നില്ല. ഭരണഘടനയുടെ മൂന്നാം ഖണ്ഡികയിലെ അനുശാസനം ഇപ്രകാരമാണ്:
''ഏതെങ്കിലും സംസ്ഥാനത്തിന്റെ വിസ്തൃതി വെട്ടിച്ചുരുക്കാനോ നാമധേയം മാറ്റാനോ ഉദ്ദേശിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പേ പ്രസ്തുത വിഷയങ്ങളിലെ കാഴ്ചപ്പാട് അറിയുന്നതിന് രാഷ്ട്രപതി അക്കാര്യം ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിയമ നിര്‍മാണസഭയിലേക്ക് റഫര്‍ ചെയ്യേണ്ടതാണ്.''
ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥ ഭദ്രമായി സംരക്ഷിക്കപ്പെടുന്നതിനുള്ള രക്ഷാ കവചമാണ് ഭരണഘടനയുടെ ഈ മൂന്നാം ഖണ്ഡിക. ഇപ്പോഴത്തെ കശ്മീര്‍ വിഭജന കാര്യത്തില്‍ ഈ അനുശാസനം മാനിക്കപ്പെടുകയുണ്ടായില്ല. കശ്മീര്‍ അസംബ്ലി പിരിച്ചുവിടുകയും അവിടെ രാഷ്ട്രപതി ഭരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കശ്മീര്‍ അസംബ്ലിയുടെ അധികാരാവകാശങ്ങള്‍ പാര്‍ലമെന്റിന് വന്നുചേര്‍ന്നിരിക്കുന്നു എന്ന സാങ്കല്‍പിക നിയമം ചമയ്ക്കുകയാണ് തന്റെ വിശദീകരണങ്ങളിലൂടെ അമിത് ഷാ ചെയ്തത്. എത്രമാത്രം അപകടകരമാണ് ഈ ലളിത യുക്തി എന്ന് ആലോചിച്ചുനോക്കുക. തമിഴ്‌നാട്ടിലോ പശ്ചിമ ബംഗാളിലോ അടുത്ത തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടു എന്നു സങ്കല്‍പിക്കുക. ആ സന്ദര്‍ഭത്തില്‍ ആ സംസ്ഥാനങ്ങളുടെ അസ്തിത്വം തന്നെ തകര്‍ക്കുന്ന രീതിയില്‍ അവയെ വിഭജിക്കുന്നതിനും അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റുന്നതിനും വേി വോട്ട് ചാര്‍ത്താന്‍ നമ്മുടെ പാര്‍ലമെന്റ് ഉദ്യുക്തമാകുമോ? ഭരണഘടനാവിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ മോദി സര്‍ക്കാറിന്റെ പുതിയ നീക്കത്തിന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലുങ്കു ദേശം, ആം ആദ്മി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്തു എന്നത് ആശ്ചര്യമുളവാക്കുന്നു. മോദി സര്‍ക്കാര്‍ അതിന്റെ ഒന്നാം ഊഴത്തില്‍ നിരവധി സ്വതന്ത്ര സ്വഭാവമുള്ള സ്ഥാപനങ്ങളുടെ ചുമലില്‍ കൈവെക്കുകയുണ്ടായി. ഏറക്കുറെ ഭദ്രമായി നിലനില്‍ക്കുന്ന നമ്മുടെ ഫെഡറല്‍ സംവിധാനത്തിനു നേരെയാണ് രണ്ടാമൂഴത്തിലെ കൈയേറ്റം എന്നു തോന്നുന്നു. മറ്റുള്ളവരുടെ പിഴകള്‍ക്ക് അടി കൊള്ളാന്‍ വിധിക്കപ്പെട്ട കുട്ടിയാണ് (Whipping boy - ഉന്നതകുലജാതരായ വിദ്യാര്‍ഥികള്‍ തെറ്റു വരുത്തുമ്പോള്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ പാശ്ചാത്യര്‍ നിയോഗിച്ചിരുന്ന കറുത്ത വര്‍ഗക്കാരനായ ബാലന്‍) കശ്മീര്‍. ഇന്ത്യന്‍ ഭരണവ്യവസ്ഥയെ ഹൈന്ദവവത്കരിക്കുന്നതിന് ദുരുപയോഗം ചെയ്യപ്പെടുകയാണ് കശ്മീര്‍. സംസ്ഥാനത്തെ രാഷ്ട്രീയ ക്രമസമാധാനാവസ്ഥകള്‍ വഷളാകുമ്പോഴും അന്യ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ ഇറക്കുമതി ചെയ്ത് കൂടുതല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനം. അധികാരം കൂടുതല്‍ തോതില്‍ യൂനിയന്‍ ഗവണ്‍മെന്റിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സെന്‍ട്രലൈസ്ഡ് രാഷ്ട്രം എന്നതായിരിക്കാം ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും അടുത്ത ലക്ഷ്യം. യൂനിയന്‍ എന്നതിന് 'സംഘ്' എന്നാണ് ഹിന്ദി, സംസ്‌കൃത ഭാഷകളിലെ പ്രയോഗം. അതേ, ഇപ്പോള്‍ ദേശവ്യാപകമായി വ്യക്തമായ മേല്‍ക്കോയ്മ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതും സംഘ് ശക്തികള്‍ തന്നെ.
(thewire.in പ്രസിദ്ധീകരിച്ച ലേഖനം)
Comments