Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

കശ്മീര്‍ വിഭജന ബില്‍ പരിഹാരമോ പ്രതിസന്ധിയോ?

എ.ആര്‍

ജമ്മു-കശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി എടുത്തുകളയുന്നതും പ്രദേശത്തെ രണ്ടായി വിഭജിക്കുന്നതും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തുന്നതുമായ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ഭൂരിപക്ഷത്തോടെ പാസ്സാക്കിയതു വഴി സ്വാതന്ത്ര്യലബ്ധി മുതല്‍ ഇന്ത്യയുടെ ഏറ്റവും സങ്കീര്‍ണമായ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമായി എന്നാണ് നരേന്ദ്രമോദി-അമിത്ഷാ ടീമും സംഘ്പരിവാറും കരുതുന്നുണ്ടാവുക. അനിശ്ചിതത്വവും ഭാവിയെക്കുറിച്ച ആശങ്കയും വേട്ടയാടി വന്ന ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ഇനിമേല്‍ വികസനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് മുമ്പോട്ടു പോകാം എന്നവര്‍ ആശ്വസിപ്പിക്കുന്നു. നാളിതുവരെ വികസനത്തിനായി നീക്കിവെച്ച രണ്ടുലക്ഷം കോടി രൂപ മൂന്നേ മൂന്ന് കുടുംബങ്ങള്‍ സ്വന്തമാക്കിയ ദുരനുഭവത്തിന് അറുതിയാവുകയാണെന്നും അവകാശപ്പെടുന്നുണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദുത്വ ബ്രിഗേഡും ഭരണകൂടവും മാത്രമല്ല എന്‍.ഡി.എക്ക് പുറത്ത് നില്‍ക്കുന്ന മായാവതിയുടെ ബി.എസ്.പിയും ജഗ്‌മോഹന്റെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും എ.ഐ.എ.ഡി.എം.കെയും കെജ്‌രിവാളുടെ ആം ആദ്മി പാര്‍ട്ടിയും ബില്ലിനെ പിന്തുണച്ചവരിലുണ്ട്. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി എന്ന നിലയില്‍ രാജ്യസഭയിലും ലോക്‌സഭയിലും ബില്ലിനെ എതിര്‍ത്തുവെങ്കിലും രാജ്യസഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കാലിത, ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ പാര്‍ട്ടി എം.പിമാര്‍ക്ക് വിപ്പ് നല്‍കാനുള്ള നിര്‍ദേശം  നിരാകരിച്ചു രാജിവെച്ചു. രാഹുലിന്റെ പിന്‍ഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ പരസ്യമായി ബില്ലിനെ അനുകൂലിച്ചു. 'ജനങ്ങളാണ് രാജ്യം, ഭൂപ്രദേശമല്ല' എന്ന് ട്വീറ്റ് ചെയ്ത രാഹുല്‍ഗാന്ധി പോലും കരുതലോടെയാണ് പ്രതികരിച്ചിരിക്കുന്നത്. ഇവ്വിധം വീക്ഷിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുവായ പിന്തുണ കശ്മീര്‍ വിഭജനത്തിനുണ്ട് എന്ന് മോദി സര്‍ക്കാറിന് ആശ്വസിക്കാനാവുമെങ്കിലും രാജ്യത്തിനകത്തും പുറത്തും പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് ആശങ്കിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്.
1947 ആഗസ്റ്റ് 14-ന് ഇന്ത്യ വിഭജിക്കപ്പെടുമ്പോള്‍ ജമ്മു-കശ്മീര്‍ രാജാ ഹരിസിങിന്റെ ഭരണത്തിലായിരുന്നു. തന്റെ നാട്ടുരാജ്യം സ്വതന്ത്രമായി നില്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും നിലപാടും. എന്നാല്‍ ഉപഭൂഖണ്ഡത്തിന്റെ നാട്ടുരാജ്യങ്ങള്‍ പൊതുവെ ഇന്ത്യയോടോ പാകിസ്താനോടോ ചേരാന്‍ നിര്‍ബന്ധിതമായപ്പോള്‍, അദ്ദേഹത്തിന് പുതിയൊരു ഭീഷണി നേരിടേണ്ടി വന്നു. പാകിസ്താനിലെ പഠാന്‍ ഗോത്രക്കാരുടെ കൃഷിയിടമായിരുന്നു ജമ്മുവിലെ വിശാലമായ ഒരു ഭൂപ്രദേശം മുഴുവന്‍. അത് നഷ്ടപ്പെടുമെന്ന ഭീതിയില്‍ അവര്‍ സായുധരായി ജമ്മുവിലേക്ക് കടന്നുകയറിയത് രാജാവില്‍ ഭീതിപരത്തി. കൈയേറ്റക്കാര്‍ക്ക് പാക് സേനയുടെ പിന്‍ബലവും ലഭിച്ചു. ചകിതനായ രാജാ ഹരിസിങ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യയുടെ ഭാഗമല്ലാത്ത ഒരു പ്രദേശത്തേക്ക് പട്ടാളത്തെ അയക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയ നെഹ്‌റു സര്‍ക്കാറിന്റെ നിലപാട് അംഗീകരിക്കാന്‍ രാജാവ് നിര്‍ബന്ധിതനായി. അദ്ദേഹം ഇന്ത്യയുമായുള്ള താല്‍ക്കാലിക ലയന കരാറില്‍ ഒപ്പുവെച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കൈയേറ്റക്കാരെയും പാക് പടയെയും തുരത്തി. അപ്പോഴേക്ക് പാകിസ്താന്റെ അധീനതയിലായി കഴിഞ്ഞിരുന്ന പ്രദേശം പാക് ഒക്യുപൈഡ് കശ്മീര്‍ അഥവാ ജഛഗ എന്ന പേരിലാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്. പാകിസ്താന്‍ അതിനെ ആസാദ് കശ്മീര്‍ എന്നും വിളിക്കുന്നു. സ്വതന്ത്ര കശ്മീര്‍ എന്നാണതിനര്‍ഥമെങ്കിലും പാകിസ്താന്‍ അനുവദിക്കാത്ത ഒരു സ്വാതന്ത്ര്യവും മുസഫറാബാദ് തലസ്ഥാനമായ പ്രവിശ്യക്കില്ല. ഇന്ത്യയോടുള്ള കശ്മീരിന്റെ ലയനം താല്‍ക്കാലികമാണെന്നും ജനഹിത പരിശോധനയിലൂടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവൂ എന്നുമായിരുന്നു നെഹ്‌റു സര്‍ക്കാര്‍, യുദ്ധ വിരാമത്തിന് ആഹ്വാനം ചെയ്ത ഐക്യരാഷ്ട്ര സഭക്ക് നല്‍കിയ ഉറപ്പ്. ആ ഉറപ്പ് പാലിക്കാന്‍ അന്നുമുതല്‍ ഇന്നു വരെ പാകിസ്താന്‍ യു.എന്നിലും പുറത്തും ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും നിരവധി തെരഞ്ഞെടുപ്പുകളിലൂടെ കശ്മീരിന്റെ ജനഹിതം വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിരിക്കെ ഇനിയൊരു ഹിതപരിശോധനക്ക് ആവശ്യമോ പ്രസക്തിയോ ഇല്ലെന്നാണ് ഇന്ത്യയുടെ സുദൃഢമായ നിലപാട്. ലോകവേദികളിലൊക്കെ കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി പാകിസ്താന്‍ ശബ്ദമുയര്‍ത്തി വന്നിട്ടുണ്ടെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലിനോ മധ്യസ്ഥ നീക്കത്തിനോ ഇന്ത്യ ഇതുവരെ വഴങ്ങിയിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുക എന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും ഉറച്ച നയം.
ചരിത്രം പരിശോധിച്ചാല്‍ മറ്റുചില പ്രദേശങ്ങളുടെ കാര്യത്തിലെന്നപോലെ ജമ്മു-കശ്മീര്‍ പ്രദേശത്തിന്റെ കാര്യത്തിലും ഒരു തീരുമാനമുണ്ടായിട്ട് മതിയായിരുന്നു ഇന്ത്യയുടെ വിഭജനം. അക്കാര്യത്തിന് ധൃതികാണിച്ചത് അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്രാജ്യത്വവാദികള്‍ ഏത് കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിര്‍ബന്ധിതമായപ്പോഴും വീണ്ടും അവര്‍ക്കിടപെടാന്‍ പാകത്തിന് ഒരു തര്‍ക്കപ്രശ്‌നം നിലനിര്‍ത്തിയാണ് വിടചൊല്ലിപ്പോവാറെന്നത് വസ്തുതയാണ്. കശ്മീരിനെ ചൊല്ലി 1948-ലെന്നപോലെ 1965-ലും 1999-ലും രണ്ടു രാജ്യങ്ങളും തമ്മില്‍ സൈനികമായി ഏറ്റുമുട്ടി. 1971-ലെ ബംഗ്ലാദേശ് യുദ്ധവും യഥാര്‍ഥത്തില്‍ കശ്മീര്‍ പ്രശ്‌നത്തിന്റെ പരോക്ഷ പ്രത്യാഘാതമായിരുന്നു. കശ്മീരില്‍ പാകിസ്താന്‍ തീവ്രവാദികളെയും വിഘടനവാദികളെയും സഹായിച്ചുകൊണ്ടിരുന്നതിനാല്‍ പൊറുതിമുട്ടിയ ഇന്ത്യ 1970-ല്‍ പാകിസ്താനില്‍നിന്ന് വേറിട്ടുപോവാന്‍ തീരുമാനിച്ച കിഴക്കന്‍ പാകിസ്താനെ സൈനികമായി സഹായിക്കുകയായിരുന്നു. ഈ യുദ്ധങ്ങളിലൊന്നിനും, അതേ തുടര്‍ന്ന് സമാധാനക്കരാര്‍ ഉണ്ടാക്കിയെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായില്ല. എന്നല്ല ജയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ എല്ലാ സായുധ തീവ്രവാദ സംഘങ്ങളും പാകിസ്താന്‍ കേന്ദ്രമാക്കി കശ്മീരിലെ സൈ്വരജീവിതം തകര്‍ക്കുകയാണിപ്പോഴും. അവരെ നിരായുധരാക്കി ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം നിറവേറ്റാന്‍ ഇന്നുവരെ പാകിസ്താന്‍ തയാറായിട്ടില്ല, അഥവാ അവര്‍ക്കത് സാധ്യമായിട്ടില്ല.
ഏറ്റവുമൊടുവില്‍ ഇന്ത്യാ-പാക് ബന്ധങ്ങള്‍ ഏറ്റവും മോശമായ സ്ഥിതിയിലെത്തി നില്‍ക്കെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയാറാണെന്ന യു.എന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫറാണ് മോദിസര്‍ക്കാറിനെ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരൊത്തുതീര്‍പ്പിനും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സന്നദ്ധനാവാനിടയില്ലെന്നിരിക്കെ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിച്ചുകൊണ്ട് പ്രതിസന്ധി അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. തങ്ങള്‍ അധികാരത്തിലേറിയാല്‍ ജമ്മു-കശ്മീരിന് പ്രത്യേക പദവി ഉറപ്പുവരുത്തുന്ന ഭരണഘടന 370, 35-എ വകുപ്പുകള്‍ എടുത്തുകളയുമെന്ന വാഗ്ദാനം ബി.ജെ.പി മാനിഫെസ്റ്റോയിലെ ഒരു മുഖ്യ ഇനമാണു താനും. പുതിയ ബില്ല് നിയമമാവുന്നതോടെ കശ്മീര്‍ മറ്റേത് സംസ്ഥാനത്തെയും പോലെ ഇന്ത്യയുടെ അനിഷേധ്യ ഭാഗമാവും. അരുണാചല്‍ പ്രദേശിന്റെ പേരില്‍ ചൈനക്കുള്ള അവകാശവാദം പോലെയാവും കശ്മീരിനെക്കുറിച്ച പാകിസ്താന്റെ അവകാശവാദവും. പക്ഷേ ഇപ്പറഞ്ഞത് ചിത്രത്തിന്റെ പോസിറ്റീവ് ഭാഗമാണ്. നെഗറ്റീവായി ചില വസ്തുതകളും കാണാതിരുന്നുകൂടാ.
ഒന്ന്, 370-ാം വകുപ്പ് എടുത്തുകളയാന്‍ ജമ്മു-കശ്മീര്‍ നിയമസഭയുടെ അഥവാ സര്‍ക്കാറിന്റെ അനുവാദം വേണമെന്നത് ലിഖിത രേഖയാണ്. കശ്മീരില്‍ ഇപ്പോള്‍ നിയമസഭയില്ല. പകരം കേന്ദ്രം നിയമിച്ച ഗവര്‍ണറാണ്. അദ്ദേഹത്തിന്റെ സമ്മതം വിവാദവിധേയമാണ്. പ്രശ്‌നം സുപ്രീംകോടതിയിലെത്തുകയും ചെയ്യും. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അത് സൂചിപ്പിച്ചുകഴിഞ്ഞു.
രണ്ട്, കശ്മീരിലെ ജനങ്ങളുടെ അംഗീകാരമോ സമ്മതമോ ഇല്ലാത്ത ഒരു നടപടിയെയും ലോകം പൊതുവെ നല്ല കണ്ണോടെ കാണില്ല. കശ്മീര്‍ ജനതയും നേതാക്കളും ഇപ്പോള്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ക്ക് വിധേയരായതുകൊണ്ട് എന്ത് ചിന്തിക്കുന്നു എന്ന് പറയാനാവില്ല. സ്ഥിതിഗതികളില്‍ അയവ് വന്നാല്‍ അവര്‍ എതിര്‍പ്പും പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ് സാധ്യത. അത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടവരുത്തും. ആഗോള ശ്രദ്ധയും പിടിച്ചുപറ്റും.
മൂന്ന്, ലോകത്ത് പ്രചാരത്തിലുള്ള പല ഭൂലോക മാപ്പുകളിലും കശ്മീരിനെ തര്‍ക്കപ്രദേശമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അത് തിരുത്തി കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ തയാറാവണമെങ്കില്‍ ഒടുവിലത്തെ നടപടി നിയമാനുസൃതമാണെന്ന് ബോധ്യപ്പെടുത്തണം.
നാല്, പാകിസ്താന്റെ പിടിയിലുള്ള കശ്മീര്‍ ഭൂവിഭാഗത്തിന്റെ കാര്യത്തില്‍ നാം മരണം വരെ പൊരുതുമെന്നൊക്കെ അകത്ത് ഘോഷിക്കുന്നുണ്ടെങ്കിലും സമാധാനപരമായിട്ടല്ലാതെ യുദ്ധത്തിലൂടെ അത് സാധ്യമാണെന്ന് ഇനിയും ബോധ്യപ്പെട്ടിട്ടു വേണം. അങ്ങനെ വരുമ്പോള്‍ പാക് അധീന കശ്മീരിലൂടെ സില്‍ക്ക് പാത പണിയാന്‍ കരാറുണ്ടാക്കിയ ചൈനയുടെ റോള്‍ വലിയ പ്രതിസന്ധിയായി മുമ്പില്‍ വരും.
അഞ്ച്, ജമ്മു-കശ്മീര്‍ സാധാരണ സംസ്ഥാനമായി പരിവര്‍ത്തിക്കുന്നതിന് പകരം കേവലം കേന്ദ്രഭരണ പ്രദേശമാകുന്നതിനോട് കശ്മീര്‍ ജനത പൊരുത്തപ്പെടാന്‍ ഒരു സാധ്യതയുമില്ല. തുടര്‍ന്നുണ്ടാവുന്ന ചെറുത്തുനില്‍പ് തീവ്രവാദി സംഘങ്ങള്‍ക്കാണ് വളമാവുക. എല്ലാറ്റിനും മറുപടി തോക്കുകളാണെങ്കില്‍ പിന്നെ ഇതേപ്പറ്റി പ്രശ്‌നപരിഹാരം എന്നെങ്ങനെ പറയും.'
ചുരുക്കത്തില്‍, അങ്ങേയറ്റം ദുരൂഹമാണ് മോദി-അമിത്ഷാ-ഡോവല്‍ ടീമിന്റെ പരിപാടികളും നടപടികളും. മാറ്റങ്ങള്‍ സമാധാനപരവും രക്തരഹിതവും ജനക്ഷേമകരവുമായിരിക്കണമെന്ന് അവരെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കാണ് കഴിയുക?

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌