Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

രാഷ്ട്രത്തിന്റെ ജനാധിപത്യപരത അളക്കേണ്ടത് എങ്ങനെ?

റാശിദ് ഗന്നൂശി

പുതിയ കാലത്ത് രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ച ഏതൊരു ചര്‍ച്ചയെയും നമുക്ക് ജനാധിപത്യ വ്യവസ്ഥയില്‍നിന്ന് വേര്‍പ്പെടുത്തി നിര്‍ത്താനാവുകയില്ല. കാരണം മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലഭ്യമാവാന്‍ ഇന്ന് പൗരന്മാരുടെ കൈവശമുള്ള ഏറ്റവും മികച്ച ടൂള്‍ ജനാധിപത്യ ഭരണസംവിധാനം തന്നെയാണ്. ഒരു രാഷ്ട്രമീമാംസാ ചിന്തകന്റെ ദൃഷ്ടിയില്‍, അത് ഏറ്റവും തിന്മ കുറഞ്ഞ സംവിധാനമാണ്. നമുക്ക് ചിന്തിക്കാനുള്ളത് ഇതാണ്; ജനാധിപത്യത്തിന്റെ കാതല്‍ എന്ന് പറയാവുന്ന അടിസ്ഥാന തത്ത്വങ്ങള്‍ എന്തൊക്കെയാണ്? അത് മാറ്റങ്ങള്‍ക്ക് വിധേയമാണോ? മാറ്റങ്ങള്‍ക്ക് പ്രേരണയായി വര്‍ത്തിച്ച ഘടകങ്ങള്‍ എന്തൊക്കെ?
ആദ്യം നമുക്ക് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറകള്‍ പരിശോധിക്കാം. ഒരുപറ്റം ദാര്‍ശനികരും നിയമജ്ഞരും രാഷ്ട്രമീമാംസകരും ചേര്‍ന്ന് കൃത്രിമമായി പടച്ചുണ്ടാക്കിയ ഒന്നല്ല ജനാധിപത്യ സംവിധാനം. ദൂരവ്യാപക പ്രത്യാഘാതമുളവാക്കിയ ഒരു ചരിത്രമാറ്റത്തിന്റെ ഉല്‍പ്പന്നമാണത്. അതിന്റെ അധിക നിയമവ്യവസ്ഥകളും സ്വീകരിച്ചിരിക്കുന്നത് മധ്യയുഗത്തിലെ യൂറോപ്യന്‍ രാഷ്ട്രീയ ഘടനകളില്‍നിന്നാണ്. മൊത്തം മനുഷ്യ നാഗരികതയുടെ സ്വാധീനവും അതില്‍ പ്രതിഫലിച്ചുകാണാം. ഈ ആശയവുമായി യോജിക്കുന്ന പലതും അത് മുന്‍കാല നാഗരികതകളില്‍നിന്ന് സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് പുതിയൊരു വ്യവസ്ഥ രൂപംകൊള്ളുന്നത്. ഉല്‍പ്പാദനത്തിലും വാര്‍ത്താ വിനിമയത്തിലുമൊക്കെ ഉണ്ടായ വലിയ വളര്‍ച്ച അതിനെ സ്വാധീനിച്ചിട്ടുണ്ട്. മറ്റൊരു സ്വാധീനം, കുരിശുയുദ്ധകാലത്ത് മുസ്‌ലിം സമൂഹങ്ങളുമായുള്ള ഇടപഴക്കത്തിലൂടെ ഉണ്ടായിത്തീര്‍ന്നതാണ്. ജനാധിപത്യത്തിന്റെ സാമൂഹിക മൂല്യ സംഹിത രൂപപ്പെടുത്തുന്നതില്‍ ഇസ്‌ലാമിക നാഗരികതക്ക് വലിയ സ്വാധീനമുണ്ട്. ഇതെല്ലാം ചേര്‍ന്നപ്പോഴാണ് സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥ രൂപപ്പെട്ടത്.1 മുസ്‌ലിം ലോകവുമായി ഉണ്ടായ ഈ ബാന്ധവം യൂറോപ്പിന് കടുത്ത ഷോക്ക് തന്നെയായിരുന്നു. ഫ്യൂഡലിസത്തിന്റെ സുഷുപ്തിയില്‍നിന്നും കത്തോലിക്കാ മതത്തിന്റെ ബോധക്ഷയത്തില്‍നിന്നും വരേണ്യ രാജാക്കന്മാരുടെ സര്‍വാധിപത്യത്തില്‍നിന്നും യൂറോപ്പിനെ തട്ടിയുണര്‍ത്തിയ ആഘാതം.
യൂറോപ്പിലെ ജ്ഞാനോദയ ചിന്തക്ക് പഴയ കാലത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരെ നടത്തപ്പെട്ട ഈ വിപ്ലവത്തില്‍ നേതൃപരമായ പങ്കുണ്ടെന്നത് അനിഷേധ്യം തന്നെയാണ്. എന്തും ചെയ്യാന്‍ അധികാരമുള്ള രാജാക്കന്മാരുടെ പിടിയിലകപ്പെട്ട ഒരു നാഗരികതയെ സംബന്ധിച്ചേടത്തോളം, അത് മുന്നോട്ടു വെക്കുന്ന ലക്ഷ്യം മനുഷ്യനെ സര്‍വാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുക എന്നതായിരിക്കും. വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ആ വിപ്ലവം സമത്വത്തിനു വേണ്ടി മുറവിളി കൂട്ടും. ചര്‍ച്ചിന്റെയും ഫ്യൂഡലിസത്തിന്റെയും മുമ്പില്‍ മനുഷ്യന് വിലയുണ്ടെന്ന് ഊന്നിപ്പറയാന്‍ അത് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കും. അധികാരം രാജാവിനല്ല, ജനങ്ങള്‍ക്കാണെന്ന് അത് ഉദ്‌ഘോഷിക്കും. ഏകശിലാത്മകതയല്ല, ബഹുസ്വരതയാണ് വേണ്ടതെന്ന് പറയും. കേന്ദ്രീകരണവും സര്‍വാധിപത്യവും തടയാന്‍ അധികാര വികേന്ദ്രീകരണം നടന്നേ പറ്റൂ എന്ന് ശഠിക്കും. ലിബറല്‍ ഡെമോക്രസിയുടെ ഉള്ളടക്കം പരിശോധിച്ചാല്‍ നമുക്കത് വ്യക്തമാവും. അതിന്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം: ജനാധികാരം, തെരഞ്ഞെടുപ്പ്, അധികാരകേന്ദ്രങ്ങളെ വേര്‍പ്പെടുത്തല്‍, പൗരസ്വാതന്ത്ര്യം (അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, ബഹുകക്ഷി സമ്പ്രദായം തുടങ്ങിയവ). ഭരിക്കപ്പെടുന്നവരെ ശാക്തീകരിച്ച് സമ്മര്‍ദശക്തിയാക്കി ഭരണാധികാരികള്‍ക്ക് അഭിമുഖമായി നിര്‍ത്തുകയും അവരെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുക എന്നതാണ് ആശയപരമായി അതിന്റെ രത്‌നച്ചുരുക്കം.
രണ്ടാം ലോകയുദ്ധം വരെ പാശ്ചാത്യ ജനാധിപത്യത്തിന്റെ മുഖ്യ ഉള്ളടക്കം നേരത്തേ പറഞ്ഞ സ്വാതന്ത്ര്യം, സമത്വം, ജനപ്രാതിനിധ്യം, ബഹുകക്ഷിത്വം, മത്സരം എന്നിവയായിരുന്നു. യുദ്ധാനന്തരം സാമ്പത്തികവും സാങ്കേതികവും രാഷ്ട്രീയവും സാമൂഹികവുമായ വലിയ മാറ്റങ്ങള്‍ ഈ ജനാധിപത്യഘടനയെ തകിടം മറിച്ചുവെന്നു പറയാം. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സാമൂഹിക സംഘര്‍ഷത്തില്‍ നിഷ്പക്ഷ നിലപാട് അതിന് സ്വീകരിക്കാന്‍ കഴിയാതെ വന്നു. പലപ്പോഴും ആഭ്യന്തരവും വൈദേശികവുമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ അതിന്റെ റോള്‍ പരിമിതപ്പെട്ടുപോയി. പൊതുജനാഭിപ്രായവും പ്രബലമായ പ്രഫഷണല്‍ സംഘങ്ങളുടെയും മറ്റു പലതരത്തിലുള്ള സംഘടനകളുടെയും ആവിര്‍ഭാവമെല്ലാം പുതിയൊരു ശാക്തിക സന്തുലനത്തിലേക്ക് രാഷ്ട്രത്തെ കൊണ്ടെത്തിച്ചു. ഈ മാറ്റം ഉള്‍ക്കൊണ്ടാലേ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയൂ എന്ന നില വന്നു. മനുഷ്യാവകാശ പ്രഖ്യാപനങ്ങളും ഭരണം ജനങ്ങള്‍ക്ക് എന്ന ആശയവും പാര്‍ലമെന്റ് സംവിധാനങ്ങളും ഭരിക്കാനുള്ള അവകാശം ഭരണകക്ഷിയായ ഭൂരിപക്ഷത്തിന്, എതിര്‍ക്കാനുള്ള അവകാശം പ്രതിപക്ഷമായ ന്യൂനപക്ഷത്തിന് എന്ന ചട്ടവുമെല്ലാം ഒടുവില്‍ ബഹുജനങ്ങളും ഭരണസംവിധാനവും തമ്മിലുള്ള നിരന്തര ബന്ധമായി രൂപാന്തരപ്പെട്ടു. ബഹുജനത്തിന് ശബ്ദമുയര്‍ത്താം, ഭരണകൂടം അതിന് മറുപടി പറയേണ്ടതായും വരും. ഇതു വഴി പൊതുഭരണ സംവിധാനങ്ങളില്‍ കാര്യമായി ഇടപെടാനും തങ്ങളുടെ ഭാഗധേയ നിര്‍ണയത്തില്‍ പങ്കാളികളാകാനുമുള്ള അവസരം ബഹുജനങ്ങള്‍ക്ക് ലഭിച്ചു. കേവലം പ്രതിനിധികളെ തെരഞ്ഞെടുത്തയക്കാനുള്ള അവകാശം മാത്രമായിരുന്നില്ല അത്. ആവശ്യമായതെല്ലാം ഉറപ്പു വരുത്താനുള്ള ഒരു സാമൂഹിക-സാമ്പത്തിക ഗ്യാരന്റിയും സുതാര്യമായ രീതിയിലുള്ള പൊതു ഭരണവും വിവരക്കൈമാറ്റവും പ്രദാനം ചെയ്യുന്ന ഒന്നായി ജനാധിപത്യസംവിധാനം മാറുകയുണ്ടായി.2
എന്നാല്‍ ഇസ്‌ലാമിക ചിന്തകനായ മാലിക് ബിന്നബി, ജനാധിപത്യഘടനയുടെ സത്ത എന്ത് എന്ന് നിര്‍ണയിക്കുന്ന കാര്യത്തില്‍ വളരെ മുമ്പില്‍ സഞ്ചരിക്കുകയുണ്ടായി. സാമൂഹിക, രാഷ്ട്രീയ, ധാര്‍മിക, ആത്മീയ തലങ്ങളില്‍ മുഴുവന്‍ സമൂഹത്തിന്റെയും ഒരു ശിക്ഷണ വ്യവസ്ഥയായിട്ടാണ് അദ്ദേഹം ജനാധിപത്യത്തെ കാണുന്നത്. അധികാരം ജനങ്ങളിലെത്തിക്കുന്ന കേവല പ്രക്രിയയോ, അധികാരം ജനങ്ങള്‍ക്കാണെന്ന് ഭരണഘടനയില്‍ എഴുതിവെക്കലോ മാത്രമല്ല ജനാധിപത്യം. ഇംഗ്ലണ്ടില്‍ ഭരണഘടനയിലെ ഏതെങ്കിലും പരാമര്‍ശമല്ല- അങ്ങനെ കൃത്യമായ പരാമര്‍ശം ഇല്ലെന്നും പറയാം- ഇംഗ്ലീഷ് ജനതയുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഉറപ്പു വരുത്തുന്നത്. മറിച്ച്, ബ്രിട്ടീഷ് ജനതയുടെ മനോഘടന തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഗ്യാരന്റിയായി നിലകൊള്ളുന്നത്.3 ഇബ്‌നുഖല്‍ദൂന്റെ പിന്‍ഗാമിയായ മാലിക് ബിന്നബി എന്ന ഈ അള്‍ജീരിയന്‍ ദാര്‍ശനികന്‍ ജനാധിപത്യബോധത്തിന്റെ ഉറവിടമന്വേഷിച്ച് യൂറോപ്യന്‍ നവോത്ഥാന ചരിത്രത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. അമേരിക്കയില്‍ നടന്ന മനുഷ്യാവകാശ പ്രഖ്യാപനത്തോടെയാണ് ആ ജനാധിപത്യബോധം പൊട്ടിയൊഴുകാന്‍ തുടങ്ങുന്നത്. അതായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന് പ്രചോദനമായിത്തീര്‍ന്നതും. ആ ജനാധിപത്യബോധം തന്നെ യൂറോപ്പിലെ നവോത്ഥാനത്തിലും മതപരിഷ്‌കരണ പ്രസ്ഥാനത്തിലും ഉള്ളടങ്ങിയിട്ടുണ്ട്.  കലാ-ധൈഷണിക-ആത്മീയ മണ്ഡലങ്ങളില്‍ ഒരു പുതിയ യൂറോപ്യന്‍ വ്യക്തിക്ക് ജന്മം കൊടുത്തതും അതുതന്നെ. ഓരോ പൗരനെയും ആദരിക്കാനുള്ള വിശാലമനസ്സ് വളര്‍ന്നുവരുന്നതും അങ്ങനെയാണ്.4
ചുരുക്കം പറഞ്ഞാല്‍, ജനാധിപത്യ ഘടനക്ക് രൂപവുമുണ്ട്, ഉള്ളടക്കവുമുണ്ട്. ജനാധിപത്യം അതിന്റെ രൂപം ആര്‍ജിക്കുന്നത്, അധികാരം ജനങ്ങള്‍ക്ക്, അവരാണ് എല്ലാ നിയമനിര്‍മാണത്തിന്റെയും സ്രോതസ്സ് എന്ന പ്രഖ്യാപനത്തില്‍നിന്നാണ്. ഈ ആശയത്തിന്റെ പ്രായോഗിക രൂപമാണ് ഭരണഘടനകളില്‍ എഴുതിച്ചേര്‍ക്കുക. ഓരോ രാജ്യത്തിന്റെയും സവിശേഷതയനുസരിച്ച്, ഈ രൂപഘടനയുടെ വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. സമത്വം, തെരഞ്ഞെടുപ്പ്, അധികാര കേന്ദ്രങ്ങളുടെ വിഭജനം, രാഷ്ട്രീയ ബഹുസ്വരത, അഭിപ്രായപ്രകടനത്തിനും സംഘം ചേരാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള ഭൂരിപക്ഷത്തിന്റെ അവകാശം, എതിര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം എന്നു തുടങ്ങി ഓരോ പൗരന്നും ലഭിക്കേണ്ട സാമൂഹിക സുരക്ഷാപദ്ധതികള്‍ ഉള്‍പ്പെടെയുള്ള മൗലിക വിഷയങ്ങളില്‍ എല്ലാ ജനാധിപത്യ ഭരണഘടനകളും ഏകീഭാവം പുലര്‍ത്തുന്നു.
ജനാധിപത്യത്തിന്റെ ഉള്ളടക്കം എന്നു പറയുന്നത്, മനുഷ്യനെന്ന നിലക്ക് ഒരാള്‍ക്ക് ലഭിക്കുന്ന അംഗീകാരവും ആദരവുമാണ്. അത് പൊതുഭരണ സമ്പ്രദായത്തില്‍ തന്റെ അന്തസ്സും അവകാശങ്ങളും ഉറപ്പു വരുത്തണം. രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന കാര്യത്തില്‍ തന്റെ ഈ പങ്കാളിത്തം കൊണ്ട് ഭരണാധികാരികളെ സ്വാധീനിക്കാന്‍ കഴിയണം. സ്വേഛാധിപത്യത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നും രക്ഷ ലഭിക്കണം. തന്റെ ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള ഭരണീയരുടെ അവകാശം കൂടിയാണത്.5
മനുഷ്യാന്തസ്സിനെ ആദരിക്കുകയും അത് സംരക്ഷിക്കാനായി ഒരു കൂട്ടം സാമൂഹിക രക്ഷാകവചങ്ങള്‍ പണിതീര്‍ക്കുകയും ചെയ്യുന്ന വ്യവസ്ഥയേതോ അതാണ് ഏറ്റവും മികച്ചത് എന്നു പറയേണ്ടതില്ല. തന്റെ കഴിവുകള്‍ പുറത്തെടുക്കാനും അവ വികസിപ്പിക്കാനും അങ്ങനെ രാഷ്ട്രഭാഗധേയത്തില്‍ തന്റെ പങ്കു നിര്‍വഹിക്കാനും അത് മനുഷ്യനെ പ്രാപ്തനാക്കുന്നു. അത് സംഭവിക്കുമ്പോള്‍ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഭരിക്കുന്നവരും ഭരണീയരും തമ്മിലുള്ള വിടവ് നേര്‍ത്തുനേര്‍ത്ത് വരും. ഭരണാധികാരി അപ്പോള്‍ നിയമപരമായി സമൂഹത്തിന്റെ സേവകന്‍ മാത്രമായിരിക്കും. അല്ലെങ്കില്‍ സമൂഹമെന്ന ഈ വലിയ കുടുംബത്തിലെ ഒരു സാധാരണ വ്യക്തി. പിതാവിന്റെയോ രക്ഷിതാവിന്റെയോ വലിയ ജ്യേഷ്ഠന്റെയോ സ്ഥാനത്തുള്ള ഒരാള്‍. ജനാധിപത്യത്തിന്റെ മികച്ച ഉള്ളടക്കം എന്നു പറയുന്നത് പ്രാതിനിധ്യ വ്യവസ്ഥയല്ല; മറിച്ച് സാമൂഹികമായും രാഷ്ട്രീയമായും ഒരു പൗരന് ലഭിക്കുന്ന പങ്കാളിത്തമാണ്. അതായത് ഭരണീയര്‍ ഭരണകര്‍ത്താക്കളാവുക എന്നതാണ്. തങ്ങള്‍ തങ്ങള്‍ക്കു വേണ്ടി ലക്ഷ്യം വെക്കുന്നതൊക്കെ അവര്‍ക്ക് സ്വയമേവ നേടിയെടുക്കാനാവണം.6 പൊതുകാര്യത്തില്‍ ജനകീയ പങ്കാളിത്തം എത്രത്തോളമുണ്ട് എന്ന് നോക്കിയാണ് ഏതൊരു ഘടനയുടെയും ജനാധിപത്യപരത അളക്കുക. ഈ പങ്കാളിത്തം ഉയരുമ്പോഴാണ് ഒരു ജനാധിപത്യഘടന മറ്റൊന്നിനേക്കാള്‍ ഉയരെ ആകുന്നത്.

നിയമവും മതവും
മനുഷ്യചരിത്രം പഠിച്ചാല്‍ ദൈവത്തിന് വഴിപ്പെടാതെ ജീവിച്ച ഒരു ജനസമൂഹവും കഴിഞ്ഞുപോയിട്ടില്ലെന്ന് വ്യക്തമാവും. ചിലപ്പോള്‍ ഒരു ദൈവമേ കാണൂ. മറ്റു ചിലപ്പോള്‍ പല ദൈവങ്ങളായിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഇങ്ങനെ ഒരു ഉന്നത അധികാര കേന്ദ്രത്തിന് വിധേയപ്പെടുക വഴിയാണ് നിയമം എന്ന ആശയം തന്നെ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയങ്ങളിലും ദൈവേഛ എന്ത് എന്ന് പറയുന്നത് മതത്തിന്റെ ആളുകളായിരിക്കും. ഇതായിരുന്നു നിയമത്തിന്റെ സ്വഭാവം; അത് ആദരിക്കപ്പെടാനുള്ള നിമിത്തവും. ആദ്യ നിയമത്തിന്റെ നിദാന തത്ത്വങ്ങളെല്ലാം മതകീയമായിരുന്നു എന്ന് കാണാന്‍ കഴിയും. ഏതൊരു സമൂഹത്തിലും മതത്തെ അവലംബിച്ചും അതുമായി ചേര്‍ന്നുനിന്നുമാണ് നിയമാവിഷ്‌കാരം ഉണ്ടായിട്ടുള്ളത്. മതത്തിന്റെ ആളുകള്‍ തന്നെയായിരുന്നു നിയമത്തിന്റെ ആളുകളും.7 പൗരോഹിത്യവും കണ്‍കെട്ടു വിദ്യയും ആഭിചാരവുമൊക്കെ സ്ഥാനം കൈയടക്കിയത് മതക്കുപ്പായം അണിഞ്ഞുകൊണ്ടാണ്. പക്ഷേ യഥാര്‍ഥ മതം അതൊന്നുമായിരുന്നില്ല. അത് പ്രവാചകന്മാര്‍ക്ക് വെളിപാടായി അവതരിച്ചുകിട്ടിയ മതമായിരുന്നു. ജനങ്ങളെ ദൈവത്തിന്റെ അടിമത്തത്തിലേക്ക് മാത്രം ക്ഷണിക്കുക എന്നതായിരുന്നു അതിന്റ ലക്ഷ്യം. ചില നിയമ വ്യവസ്ഥകളും സ്വഭാവ രീതികളും സ്വീകരിച്ചുകൊണ്ടു മാത്രമേ അത് സാധ്യമാവുമായിരുന്നുള്ളൂ. ദേഹേഛകളില്‍നിന്നകറ്റി ദൈവേഛക്ക് വിധേയപ്പെടുത്തുന്ന ആ നിയമസംവിധാനത്തിന്റെ പേരാണ് ശരീഅത്ത്. എന്നാല്‍ മിക്ക നാഗരികതകളിലും മതം ദൈവത്തിന്റെ പേരില്‍ സംസാരിക്കുന്ന ഒരു സ്ഥാപനമായി വളരുകയായിരുന്നു. മതത്തെ വ്യാഖ്യാനിക്കാനുള്ള കുത്തക അത് കൈയടക്കിവെച്ചു. തങ്ങളുടെ ഭരണത്തിന് പരിശുദ്ധിയുടെ വര്‍ണം ചാലിച്ചുകിട്ടുന്നതിനായി രാജാക്കന്മാര്‍ മതസ്ഥാപനങ്ങളുമായി കൈകോര്‍ത്തു. അങ്ങനെ ദൈവേഛ രാജേഛയായി. ഭരണാധികാരികള്‍ ഇഛിക്കുന്നതെന്തോ അതു തന്നെയായി നിയമം. അങ്ങനെ രാജാക്കന്മാര്‍ പറയാന്‍ തുടങ്ങി; ഞാനാണ് രാഷ്ട്രം, ഞാന്‍ ഭൂമിയില്‍ ദൈവത്തിന്റെ തണല്‍ എന്നൊക്കെ. കൂട്ടാളികളായ പുരോഹിതന്മാര്‍ തങ്ങള്‍ പറയുന്നതു തന്നെ മതം എന്നും വാദിച്ചു. മതം, രാഷ്ട്രീയം, ഭരണാധികാര തത്ത്വങ്ങള്‍ എന്നിവക്കെല്ലാം വലിയ ശാപമായിത്തീര്‍ന്നു ഈ പരിണാമം.
അതിനാല്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി പാശ്ചാത്യനാടുകളില്‍ നടന്ന വിപ്ലവങ്ങളെല്ലാം നിയമ വ്യവസ്ഥയെ പുരോഹിതന്മാരുടെയും രാജാക്കന്മാരുടെയും പിടിയില്‍നിന്ന് മോചിപ്പിച്ച് അതിനെ നിയമാനുസൃത രൂപത്തിലേക്ക് കൊണ്ടുവരാനായിരുന്നു എന്നത് ഒട്ടും യാദൃഛികമോ അമ്പരപ്പുളവാക്കുന്നതോ അല്ല. ദൈവത്തില്‍നിന്ന് നേരിട്ട് തങ്ങള്‍ക്ക് കിട്ടി എന്ന് രാജാക്കന്മാര്‍ അവകാശപ്പെട്ട മേലധികാരങ്ങളില്‍നിന്ന് അവരെ പുറത്താക്കാനുമായിരുന്നു ആ രാഷ്ട്രീയ വിപ്ലവങ്ങള്‍. ഇവരില്‍ ചില രാജാക്കന്മാര്‍ തങ്ങള്‍ തന്നെ ദൈവം എന്നു പോലും അവകാശപ്പെട്ടിരുന്നു, ഫറോവയെപ്പോലെ. നിങ്ങളുടെ ഉടയതമ്പുരാന്‍ ഞാന്‍ എന്നാണല്ലോ അയാള്‍ ജനങ്ങളോട് വിളിച്ചു പറഞ്ഞത്. എനിക്കു ശേഷം മറ്റൊരു അധികാരശക്തി ഇല്ല എന്നര്‍ഥം. പേര്‍ഷ്യന്‍-ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരും അഹങ്കാരത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. അവര്‍ ഇഛിക്കുന്നതെന്തോ അതു തന്നെയായിരുന്നു നിയമവും. പില്‍ക്കാലത്തേക്ക് വരികയാണെങ്കില്‍ ഫ്രഞ്ച് വിപ്ലവത്തിനു മുമ്പ് ഫ്രാന്‍സിലെ രാജാവായിരുന്നു പൊതു ഭരണത്തിനുള്ള നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നത്. പക്ഷേ ആ നിയമങ്ങള്‍ രാജാവിന് ബാധകമായിരുന്നില്ല.8 സര്‍വാധികാരങ്ങളുടെയും ഉടമ രാജാവ് തന്നെയായിരുന്നു. അതുകൊണ്ടാണ് പില്‍ക്കാല വിപ്ലവങ്ങളുടെയെല്ലാം ലക്ഷ്യം പൗരോഹിത്യത്തില്‍നിന്നും രാജഭരണത്തില്‍നിന്നുമുള്ള വിമോചനം ആയിത്തീര്‍ന്നത്. അവര്‍ കൈയടക്കിവെച്ച അധികാരം ജനങ്ങളിലേക്കും അവരുടെ പ്രതിനിധികളിലേക്കും കൈമാറാനുള്ള വിപ്ലവങ്ങള്‍. വ്യക്തിയധികാരം നിയമാധികാരത്തിന് വഴിമാറുന്നു. ഇന്ന് നിയമാനുസൃത രാഷ്ട്രം എന്നറിയപ്പെടുന്ന പാശ്ചാത്യ ദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം എന്നു പറയുന്നത് ഇതാണ്.9

  
കുറിപ്പുകള്‍
1.    Maurice Duverger - Institutions Politiques et droit Constitutionnel (Paris, 1980) P: 43
2.    അതേ പുസ്തകം പേ: 12
3.    മാലിക് ബിന്നബി - അല്‍ ഇസ്‌ലാമു വദ്ദിമുഖ്‌റാത്വിയ്യ (അറബി പരിഭാഷ: റാശിദ് ഗന്നൂശി, നജീബ് റയ്ഹാന്‍ - 1983), പേ: 14-15
4.    അതേ പുസ്തകം പേ: 14-15
5.    അബ്ബാസ് മഹ്മൂദ് അല്‍ അഖാദ് - അദ്ദിമുഖ്‌റാത്വിയ്യതു ഫില്‍ ഇസ്‌ലാം (കെയ്‌റോ, 1981) പേ: 52
6.    അബൂത്വാലിബ് - അല്‍ മര്‍ജിഉ ഫില്‍ ഖാനൂനി ദസ്തൂരി വല്‍ മുഅസ്സസാത്തുസ്സിയാസിയ്യ, പേ: 30.
7.    അല്ലാലുല്‍ ഫാസി- മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വമകാരിമുഹാ (1979 റിബാത്ത്) പേ: 18-19
8.    മഹ്മൂദ് ഹില്‍മി- നിളാമുല്‍ ഹുക്മില്‍ ഇസ്‌ലാമി മുഖാരിനന്‍ ബിന്നുളുമില്‍ മുആസ്വറ (കെയ്‌റോ, 1973), പേ: 116
9.    മുഹമ്മദ് ത്വാഹാ ബദവി - ബഹ്‌സുന്‍ ഫിന്നിളാമിസ്സിയാസി അല്‍ ഇസ്‌ലാമി (ബൈറൂത്ത്, 1991) പേ: 32

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌