Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

പ്രബോധനം ജീവിതം തന്നെയാവണം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

(ഇസ്‌ലാമിക പ്രസ്ഥാനവും സമുദായ ഉത്ഥാനവും - 2)

സാമൂഹിക ശക്തിയുടെ രാമത്തെ ഘടകമാണ് ധാര്‍മിക ശക്തി. ആദര്‍ശവിഭാഗം ഏതൊരു ആദര്‍ശത്തിലാണോ വിശ്വസിക്കുന്നത് അവരുടെ ജീവിതത്തിലൂടെ അത് പ്രകാശിതമാവുക എന്നതാണ് ധാര്‍മിക ശക്തിയുടെ താല്‍പര്യം. അതിനെയാണ് പ്രായോഗിക സാക്ഷ്യം എന്നു വിളിക്കുന്നത്. അത് വിശദീകരിക്കുന്നതിനായി മുമ്പെഴുതിയ എന്റെ  ലേഖനത്തിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്:
''പ്രബോധക സംഘം വ്യക്തിപരമായും  സാമൂഹികമായും ഇസ്‌ലാമിന്റെ മാതൃകയും അതിന്റെ പ്രായോഗിക രൂപവുമായിത്തീരുകയും പ്രബോധകന്റെ നിലപാടുകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും ഇസ്‌ലാമിനെ മനസ്സിലാക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മൗലാനാ മൗദൂദി പ്രായോഗിക സാക്ഷ്യം എന്ന സംജ്ഞയിലൂടെ ഇതിനെ വിശദീകരിച്ചിട്ടു്; പ്രവാചകന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായതുപോലെ നിങ്ങളും ജനങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടി, നിങ്ങള്‍ നീതി സ്ഥാപിക്കുകയും അല്ലാഹുവിന് സാക്ഷികളാവുകയും ചെയ്യുക എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍. നീതിക്കു  വേണ്ടി രംഗത്തു വരുന്നതും അല്ലാഹുവിന് സാക്ഷിയാകുന്നതും തമ്മില്‍ ഒരു ബന്ധമുണ്ട്. നീതിയും ന്യായവും ഉയര്‍ത്തിപ്പിടിക്കാനുള്ള  പ്രയത്‌നത്തിലൂടെയാണ്  ഇസ്‌ലാമിന്റെ  ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ആളുകളുടെ മുന്നില്‍ തുറന്നുവെക്കപ്പെടുക  എന്ന ബന്ധമാണത്. ഇസ്മാഈല്‍ റാജി ഫാറൂഖി Lifestyle Evangelism എന്ന ഒരു സംജ്ഞ പ്രയോഗിച്ചിരുന്നു.  നിങ്ങള്‍ സമൂഹത്തില്‍ ഇടപഴകുകയും അവരോടൊപ്പം തിന്നുകയും കുടിക്കുകയും  അവരുടെ കൂടെ  ജീവിക്കുകയും നിങ്ങളുടെ ജീവിത രീതിയിലൂടെ ആളുകള്‍ ഇസ്‌ലാമിനെ മനസ്സിലാക്കുകയും അങ്ങനെ നിങ്ങളുടെ ജീവിതരീതി തന്നെ ഇസ്‌ലാമിന്റെ പ്രബോധനമാവുകയും ചെയ്യുക എന്നതാണ് അതിന്റെ താല്‍പര്യം. സാമൂഹിക ഇടപെടലിലൂടെ പ്രബോധനം (Evangelism through Social  Engagement)  എന്ന മറ്റൊരു സംജ്ഞയുമുണ്ട്. നിങ്ങള്‍ സമൂഹത്തില്‍ ക്രിയാത്മകമായ ജീവിതം നയിക്കുകയും സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സക്രിയമായി ഇടപെടുകയും  ഈ ഇടപെടലുകള്‍ വഴി നിങ്ങളുടെ സ്വാധീനം സമൂഹത്തില്‍ അവശേഷിപ്പിക്കുകയും ചെയ്യുക എന്നാണ് അതിന്റെ താല്‍പര്യം....
''ലോകത്തുടനീളം പൊതുവായും  നമ്മുടെ രാജ്യത്തും തെക്ക്, തെക്കു കിഴക്കന്‍ ഏഷ്യയിലും പ്രത്യേകിച്ചും ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ ഈ രണ്ടു രീതികളും, അതായത് ജീവിതരീതിയിലൂടെയുള്ള പ്രബോധനവും (Lifestyle Evangelism)  സാമൂഹിക ഇടപെടലിലൂടെയുള്ള പ്രബോധനവും (Evangelism through Social  Engagement)  പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നാണ് ആഗോള പ്രബോധന ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. സ്വഹാബികളുടെ ജീവിതരീതി, മുസ്‌ലിം ഭരണാധികാരികളുടെ നീതിബോധവും സമഭാവനയും, സൂഫികളുടെ മനുഷ്യ സ്‌നേഹവും ദീനാനുകമ്പയും, തീരപ്രദേശത്തെ കച്ചവടക്കാരുടെ സത്യസന്ധതയും ധാര്‍മികതയും എന്നിവയെല്ലാം ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ വഹിച്ച പങ്ക് സുവിദിതമാണല്ലോ.''

മനോഭാവ(Attitude)ത്തിന്റെ ശക്തി

സയ്യിദ് മൗദൂദി 'അടിസ്ഥാന മാനവിക മൂല്യങ്ങള്‍' എന്ന ശീര്‍ഷകത്തിനു കീഴില്‍ വിശദീകരിച്ച കാര്യങ്ങളാണ് മനോഭാവത്തിന്റെ ശക്തി  എന്നതിന്റെ താല്‍പര്യം. ഏതൊരു സമൂഹത്തെയും കരുത്തരാക്കുകയും നേതൃപദവിയിലെത്തിക്കുകയും ചെയ്യുന്ന മാനുഷിക ഗുണത്തിന്റെ പേരാണത്. ഈമാന്‍, സല്‍ക്കര്‍മങ്ങള്‍ എന്നിവക്കു ശേഷം താഴെ പറയുന്ന മൂന്ന് ഗുണങ്ങള്‍ ലോകത്ത് വിജയിക്കാനും  ഉന്നതി പ്രാപിക്കാനും അനിവാര്യമായി ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്:
ഒന്ന്, ക്ഷമ. പരിശുദ്ധ ഖുര്‍ആന്‍ ക്ഷമയെ വിജയത്തിനുള്ള പ്രഥമോപാധിയാക്കിയിരിക്കുന്നു: ''മര്‍ദിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയെ, നാം അനുഗ്രഹിച്ച്  കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ  ഇസ്രായേല്‍ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദാനം പൂര്‍ത്തിയായി. അവര്‍ ക്ഷമ പാലിച്ചതിനാലാണിത്. ഫറോവയും അവന്റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു.''1 പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും തരണം ചെയ്യുക മാത്രമല്ല ക്ഷമ. ഇമാം ഗസാലി വ്യക്തമാക്കിയതുപോലെ, ക്ഷമ ഇസ്‌ലാമിക ധാര്‍മികതയുടെ സമഗ്രമായ ശീര്‍ഷകമാണ്. അധിക ധാര്‍മിക ഗുണങ്ങളും ക്ഷമയുടെ ഫലമാണ്. ക്ഷമ കാമനകളെയും  പ്രലോഭനങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവിന്റെ പേരാണ്. കാമനകള്‍ക്ക് വശംവദമാകുന്നത് അക്ഷമയാണ്. ആഗ്രഹങ്ങളുടെ മുമ്പില്‍ തലകുനിക്കുന്നതും അക്ഷമയാണ്. അപ്രകാരം വികാരത്തിനടിപ്പെടുന്നതും അക്ഷമയാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  ബുദ്ധിയും വിവേകവും ബോധവും  ഒപ്പം  യുക്തിദീക്ഷയും ഉപയോഗിക്കുന്നതിന്റെ  പേരാണ്  ക്ഷമ. മനുഷ്യന് തന്റെ  മേല്‍ നിയന്ത്രണമുണ്ടാവുകയും ബോധപൂര്‍വമായ തീരുമാനമില്ലാതെ ഒരടിയും മുന്നോട്ടു വെക്കാതിരിക്കുകയുമാണ് ക്ഷമ. ഇന്ന് നാം തീരുമാന ശേഷി, മനോനിയന്ത്രണം, മനഃശക്തി എന്നെല്ലാം പറയുന്ന ഗുണങ്ങളും ക്ഷമയുടെ ഫലമായി ഉണ്ടായിവരുന്നതാണ്. വ്യക്തിജീവിതത്തിലെ പോലെ സാമൂഹിക പ്രകൃതത്തിലും ഈ ഗുണങ്ങളുണ്ടാകേണ്ടതുണ്ട്. ഏതെങ്കിലും ഗ്രൂപ്പ് പെട്ടെന്ന് പ്രകോപിതരാകുന്നുെങ്കില്‍, അവര്‍ പ്രകോപനത്താല്‍ കൂടുതലൊന്നും ആലോചിക്കാതെ  എന്തെങ്കിലും ചെയ്യാന്‍ ചാടിപ്പുറപ്പെടുന്നുെങ്കില്‍ അത് സാമൂഹികമായ അക്ഷമയാണ്. അതുപോലെ, ഏതെങ്കിലും വിഭാഗം എളുപ്പത്തില്‍ ഭയന്നുപോകുന്നതും  എന്നിട്ട് ഏതൊരു പ്രവര്‍ത്തനമാണോ ബോധപൂര്‍വം ചെയ്യേണ്ട സമയത്ത്  ചെയ്യേണ്ടത് അത് ഭയം കാരണം ചെയ്യാതിരിക്കുന്നതും അക്ഷമയാണ്. ബോധത്തെ  നിഷേധാത്മക വികാരം കീഴടക്കുന്നതിന്റ പേരാണ് അക്ഷമ. പ്രകോപനവും ഒരു നിഷേധാത്മക വികാരമാണ്. അത്യാവേശവും നിഷേധാത്മക വികാരമാണ്. ഭയവും കാപട്യവും നിഷേധാത്മക വികാരമാണ്. ഈ വികാരങ്ങളെയെല്ലാം ബോധപൂര്‍വം നിയന്ത്രണത്തില്‍ വെക്കുന്നതിന്റെ പേരു തന്നെയാണ് ക്ഷമ. ഈ ഗുണങ്ങള്‍ സാമൂഹികമായി ഏതെങ്കിലും സമൂഹത്തില്‍ ജന്മം കൊണ്ടാല്‍ അത് വലിയ ശക്തിയായി മാറുന്നു. ഈ ശക്തിയും സാമൂഹിക ശക്തിയുടെ ഒരു പ്രധാന ഭാഗമാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനകാല ചരിത്രവായന പറഞ്ഞു തരുന്നത്, അവരുടെ പല പരാജയങ്ങളുടെയും കാരണം ഈ ശക്തി അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
 ര്, തവക്കുല്‍. സഹായത്തിനും  പിന്തുണക്കും ഏതൊരു കാര്യം ഖുര്‍ആന്‍ ഉപാധിയാക്കിയിട്ടുണ്ടോ അതില്‍ പ്രധാനപ്പെട്ട ഒന്ന് തവക്കുല്‍ എന്ന ഗുണമാണ്. ''അല്ലാഹുവിനോട് ഭക്തി കാണിക്കുന്നവന്  അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും.അവന്‍ വിചാരിക്കാത്ത  വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും.''2
തവക്കുലിന്റെ താല്‍പര്യം മനുഷ്യന്‍ തന്റെ ലക്ഷ്യം  നേടാന്‍ സാധ്യമായ എല്ലാ ആസൂത്രണങ്ങളും നടത്തിയ ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയാണ്. പ്രവാചകന്‍ ചൂണ്ടിക്കാട്ടിയതുപോലെ, ആസൂത്രണത്തെ വിട്ടുള്ള ഒരു തവക്കുലുമില്ല. ഒട്ടകത്തെ അഴിച്ചുവിട്ടു കൊണ്ടാണോ അതോ അതിനെ കെട്ടിയിട്ട ശേഷമാണോ തവക്കുല്‍ എന്ന  ഒരാളുടെ ചോദ്യത്തിന് ആദ്യം ഒട്ടകത്തെ കെട്ടൂ എന്നിട്ട് തവക്കുല്‍ ചെയ്യൂ എന്നാണല്ലോ പ്രവാചകന്‍ മറുപടി പറഞ്ഞത്.3
തവക്കുല്‍ വ്യക്തികളുടെയും സമൂഹങ്ങളുടെയും പല ദൗര്‍ബല്യങ്ങളെയും  ഇല്ലാതാക്കുന്നു. വിഭവങ്ങളെയും പ്രയത്‌നങ്ങളെയും കുറിച്ച് അശ്രദ്ധമായിരിക്കുക എന്നത്  ഒരു ദൗര്‍ബല്യമാണ്. തവക്കുല്‍ എന്ന ഗുണം പരിശ്രമവും ആസൂത്രണവും പൂര്‍ണതയില്‍ ചെയ്യാന്‍ താല്‍പര്യപ്പെടുകയും ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ നമ്മെ പ്രാപ്തമാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ ദൗര്‍ബല്യം തീരുമാനശേഷിയുടെ കുറവാണ്. പ്രതിസന്ധിയുടെയും പ്രയാസത്തിന്റെയും ഘട്ടങ്ങളില്‍ പൊതുവെ ആളുകള്‍ തീരുമാനമെടുക്കാന്‍ മടിക്കും. വരാന്‍ സാധ്യതയുള്ള അപകടത്തെ കുറിച്ച ഭയമാണ് അവരെ തീരുമാനമെടുക്കുന്നതില്‍നിന്ന് തടയുന്നത്. മനസ്സുറപ്പില്ലാത്ത ഈ അവസ്ഥ അധികം വ്യക്തികളുടെയും സമൂഹങ്ങളുടെയും വലിയൊരു ദൗര്‍ബല്യവും അവരുടെ കാല്‍വിലങ്ങുമാണ്. എന്നാല്‍ തവക്കുല്‍ ഈ കാല്‍വിലങ്ങുകളില്‍നിന്ന് മോചനം നല്‍കുന്നു. ''ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍  അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. അല്ലാഹു തഖ്‌വയുള്ളവരെ ഇഷ്ടപ്പെടുന്നു.''4 ചിന്തിച്ചും ആലോചിച്ചും കൂടിയാലോചിച്ചും ഒരു തീരുമാനത്തിലെത്തിയാല്‍ പിന്നീട് ഒട്ടും ആശങ്കകളില്ലാതെ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയാണ് തവക്കുല്‍.
റിസ്‌ക് ഏറ്റെടുക്കാനുള്ള ശേഷി മനുഷ്യന് പ്രദാനം ചെയ്യുന്നതും തവക്കുലാണ്. അതും വിജയത്തിന്റെ അനിവാര്യോപാധിയാണ്.
തവക്കുല്‍ വ്യക്തികളെയും സമൂഹങ്ങളെയും  സാധ്യതകളിലേക്ക് കേന്ദ്രീകരിക്കുന്നു. ദുര്‍ബലരും പരാജയപ്പെട്ടവരുമായ വ്യക്തികളുടെയും സമൂഹങ്ങളുടെയും ഒരു ദൗര്‍ബല്യം അവരുടെ ശ്രദ്ധ കൂടുതലും ബാഹ്യമായ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലുമായിരിക്കും എന്നതാണ്. രാവും പകലും അവര്‍ കരഞ്ഞു പറഞ്ഞുകൊണ്ടിക്കുന്നത് പ്രതിസന്ധികളെ കുറിച്ച് മാത്രമായിരിക്കും. ബാഹ്യമായ പ്രശ്‌നങ്ങള്‍ കാരണം തങ്ങള്‍ക്ക് വിജയിക്കാനും  മുന്നോട്ടു പോകാനും യാതൊരു സാധ്യതയുമില്ല എന്നാണ് അവരുടെ വിചാരം. രാവിലെയും വൈകുന്നേരവും ശത്രുക്കളുടെ കുതന്ത്രങ്ങളെയും യഥാര്‍ഥവും അയഥാര്‍ഥവുമായ ഗൂഢാലോചനകളെയും കുറിച്ച് അവര്‍ വിലപിച്ചുകൊണ്ടിരിക്കും. വിജയം കൈവരിക്കുന്ന വ്യക്തികളുടെ സവിശേഷത, അവരുടെ ദൃഷ്ടി ഉറപ്പായും  നേടിയെടുക്കാന്‍ കഴിയുന്നതും സാധ്യതയുള്ളതുമായ തങ്ങളുടെ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചിരിക്കും എന്നതാണ്. അത് നേടിയെടുക്കാനായിരിക്കും അവരുടെ കൂടുതല്‍ ശ്രദ്ധയും.  അവര്‍ക്ക് സാധിക്കാത്ത കാര്യങ്ങളെ കുറിച്ച്  അവര്‍ കൂടുതല്‍ ചിന്തിക്കുകയോ പറയുകയോ ഇല്ല. ഈ സ്പിരിറ്റ് നല്‍കുന്നത് തവക്കുലാണ്. സാധ്യതയുടെ അവസാനം വരെ പരിശ്രമിച്ചതിനു ശേഷം  അവരുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ അല്ലാഹുവിന് വിട്ടുകൊടുക്കുന്നതും തവക്കുലാണ്. ഈ ചിന്താഗതി തീര്‍ത്തും വ്യത്യസ്തമായ ഒരു പാരഡൈമാണ്. ഈ പാരഡൈം വ്യക്തികളെയും സംഘടനകളെയും പ്രായോഗികവാദികളും പ്രതീക്ഷയുള്ളവരുമാക്കിത്തീര്‍ക്കുന്നു.
 മൂന്ന്, തൗബ. ഖുര്‍ആന്‍ തൗബയെയും വിജയത്തിന്റെ അനിവാര്യോപാധിയാക്കിയിരിക്കുന്നു.  ''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരിക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു  മടങ്ങുക. എങ്കിലവന്‍ മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്കിപ്പോഴുള്ള ശക്തി വളരെയധികം വര്‍ധിപ്പിച്ചുതരും.''5 സാമൂഹിക ജീവിതത്തില്‍ തൗബ സ്വയം മാറാനുള്ള ശേഷിയുടെ പേരാണ്. ഏതൊക്കെ സാമൂഹിക ഗുണങ്ങളാണോ വിജയത്തിന് അനിവാര്യമായത്  അവയിലൊരു പ്രധാന ഗുണമാണ് നാം നമ്മുടെ  നിലപാടുകളെയും സമീപനങ്ങളെയും സ്വയം വിചാരണ ചെയ്യുകയും, സ്വയം മാറാന്‍ തടസ്സമായി വര്‍ത്തിക്കുന്ന എന്തെങ്കിലും ദൗര്‍ബല്യങ്ങളുണ്ടെങ്കില്‍ അവ പരിശോധിക്കുകയും ചെയ്യുക എന്നത്.
അധഃപതനവും  ദൗര്‍ബല്യവും സമൂഹങ്ങളെ ജീര്‍ണതകള്‍ക്കിരയാക്കുന്നു. മാറ്റത്തെ തടയാനുള്ള പ്രവണത അവര്‍ക്കിടയില്‍ ശക്തമായിരിക്കും. അവര്‍ക്ക് അവരുടെ ദൗര്‍ബല്യങ്ങളെ കുറിച്ച് ബോധമുണ്ടാകും. ആവശ്യമായ മാറ്റത്തെ കുറിച്ചും ബോധക്കുറവൊന്നുമില്ല. പക്ഷേ പ്രസ്തുത ബോധ്യമനുസരിച്ച് മുഴുവന്‍ സമൂഹവും മാറുക പ്രായോഗികമായി അസാധ്യമാണെന്നാണ് അവര്‍ വിചാരിക്കുന്നത്. ഈ ജീര്‍ണത വളരെ വലിയ ഒരു ദൗര്‍ബല്യമാണ്. അത്തരം ചിന്താഗതി പുലര്‍ത്തുന്ന ഒരു സമൂഹത്തിനും കാലത്തിന്റെ താല്‍പര്യങ്ങളെ  മനസ്സിലാക്കാനുള്ള ശേഷിയുണ്ടായിരിക്കുകയില്ല.
ഖുര്‍ആന്‍ വിശ്വാസികളുടെ ഗുണമായി പറയുന്നത്, അവര്‍ അല്ലാഹുവിലേക്ക് മടങ്ങുന്നവരും തൗബ ചെയ്യുന്നവരുമാണെന്നാണ്. തൗബ ചെയ്യാത്തവരെ അക്രമിയായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. ''ആരെങ്കിലും തൗബ ചെയ്തില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.''6 തൗബയുടെ പദാര്‍ഥം മടങ്ങുക എന്നാണ്. എളുപ്പത്തില്‍ സ്വയം മാറാനും സ്റ്റാറ്റസ്‌കോയെ ഭേദിക്കാനും കഴിവുണ്ടാവുകയും  നല്ലതും കാലം ആവശ്യപ്പെടുന്നതുമായ ഏതൊരു മാറ്റവും എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും തൗബ വലിയൊരു ശക്തിയാണ്. ഇതും സാമൂഹിക ശക്തിയുടെ ഒരു പ്രധാന ഭാഗമാണ്. ഇപ്രകാരം  മനോഭാവത്തിന്റെ ശക്തിയും ക്ഷമ, തവക്കുല്‍, ഈമാന്‍ എന്നീ ഗുണങ്ങളാല്‍ പുഷ്ടിപ്പെടും. ഈ മൂന്ന് ഗുണങ്ങളും കൂടി ചേര്‍ന്നാണ് സാമൂഹിക ശക്തി വര്‍ധിക്കാന്‍ കാരണമാകുന്ന മനോഭാവ(Attitude‑)ത്തിന് ജന്മം നല്‍കുന്നത്.

പ്രയോജനകാരിതയും കൈമാറ്റത്തിനുള്ള ശേഷിയും (Beneficial Role and Exchange Power)

ഇതാണ് സാമൂഹിക ശക്തിയുടെ നാലാമത്തെ ഘടകം. ഒരു ഗ്രൂപ്പിന് മുഴുവന്‍ സമൂഹത്തിനും ഉപകാരം ചെയ്യാനുള്ള ശേഷി  ഉണ്ടോ എന്നതിനെ കൂടി ആശ്രയിച്ചുനില്‍ക്കുന്നു ആ വിഭാഗത്തിന്റെ സാമൂഹിക ശക്തി. പുതിയ സാമൂഹിക ശാസ്ത്രത്തിലും സാമൂഹിക മനഃശാസ്ത്രത്തിലും  അതിനെ ഋഃരവമിഴല ജീംലൃ അഥവാ കൈമാറ്റ ശക്തി എന്നാണ് വിളിക്കുന്നത്. അതായത് ഏതെങ്കിലും വിഭാഗത്തിന്റെ സാമൂഹിക ശക്തി അവരെ സമൂഹത്തിലെ ഇതര ഘടകങ്ങള്‍  എത്രത്തോളം ആശ്രയിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കപ്പെടുക. സമൂഹത്തിലെ പല ആവശ്യങ്ങളും നിങ്ങളെയും  നിങ്ങളുടെ സേവനങ്ങളെയും  നിങ്ങളുടെ  കഴിവുകളെയും ആശ്രയിച്ചു നില്‍ക്കുന്നുവെങ്കില്‍ അതിന്റെ ഫലമായി സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ധിക്കും. പല കാര്യങ്ങളിലും സമൂഹം നിങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കും. അങ്ങനെയാണ് നിങ്ങള്‍ സമൂഹത്തെ നയിക്കാനുള്ള യോഗ്യത നേടുന്നത്. ഉപകാരം ചെയ്യുന്നവനേ നിലനില്‍ക്കൂ എന്ന തത്ത്വം ഖുര്‍ആന്‍ ഹൃദയാവര്‍ജകമായ ഒരുദാഹരണത്തിലുടെ ഇപ്രകാരം വ്യക്തമാക്കുന്നു: ''അവന്‍ മാനത്തു നിന്ന് വെള്ളമിറക്കി. അങ്ങനെ അരുവികളിലൂടെ അവയുടെ വലുപ്പത്തിന്റെ തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരക്കുന്നവയില്‍നിന്നും ഇതുപോലുള്ള പതയുണ്ടാകാറുണ്ട്. ഇപ്രകാരമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത്  ബാക്കിയാവുകയും ചെയ്യും. ഇവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു.''7 സാമൂഹിക ശക്തി ആര്‍ജിക്കണമെങ്കില്‍ നിങ്ങള്‍ സമൂഹത്തിന് നല്‍കുന്നവരായി  മാറേണ്ടത് അനിവാര്യമാണ്.

മനുഷ്യര്‍ക്ക് പ്രയോജനം ചെയ്യണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമായും നിങ്ങളില്‍ ഉണ്ടായിരിക്കണം: ഒന്ന്, ഉപകാരം ചെയ്യാനുള്ള വികാരം. രണ്ട്, അതിനുള്ള കഴിവ്. വിജ്ഞാനവും സാങ്കേതിക വിദ്യയും മറ്റ് കഴിവുകളുമാണ് ഇവിടെ സമൂഹ ശക്തിയാര്‍ജിക്കാന്‍ പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഗ്രൂപ്പിന് ഈ കഴിവുകളെല്ലാം ഉണ്ടാവുകയും അവരില്‍ മനുഷ്യ സേവന വികാരം തുടിച്ചുനില്‍ക്കുകയുമാണെങ്കില്‍ സമൂഹം അവരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും. ഈ ആശ്രയം  അവരുടെ സാമൂഹിക ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. ഏതെങ്കിലും വിഭാഗത്തിന്  കച്ചവടത്തില്‍ നൈപുണ്യം ഉണ്ടെങ്കില്‍ സാധനങ്ങള്‍ക്ക് സമൂഹത്തിലെ മറ്റുള്ളവര്‍ അവരെ ആശ്രയിക്കും. സമൂഹത്തില്‍ നല്ല വിദ്യാഭ്യാസമുള്ളവര്‍ കൂടുതലുണ്ടെങ്കില്‍ സമൂഹത്തിന്റ വൈജ്ഞാനികമായ ആവശ്യങ്ങള്‍ അവരുമായി ബന്ധപ്പെട്ടിരിക്കും. ഇന്ന് ലോകതലത്തിലും ദേശീയതലത്തിലും ചില ചെറിയ ഗ്രൂപ്പുകള്‍ തങ്ങളുടെ എണ്ണത്തേക്കാള്‍ കവിഞ്ഞ സ്വാധീനം നേടിയെടുക്കാനും സാമൂഹിക ശക്തി കൈവരിച്ചവരാകാനുമുള്ള അടിസ്ഥാന കാരണം, അവരുടെ ഉയര്‍ന്ന യോഗ്യതകള്‍ മൂലം  സാമൂഹിക സേവനം അവരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സമൂഹത്തിന് അവരിലുള്ള ഈ ആശ്രിതത്വം അവരുടെ സാമൂഹിക ശക്തിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഈ ചര്‍ച്ചയില്‍നിന്നെല്ലാം മുസ്‌ലിംകളുടെ പുരോഗതിക്കും ഉയര്‍ച്ചക്കുമുള്ള പദ്ധതികള്‍ രൂപപ്പെട്ടുവരുമെന്ന് ഞാന്‍ വിചാരിക്കുന്നു. വിദ്യാഭ്യാസം, കച്ചവടം എന്നീ മേഖലകളിലെ പുരോഗതി തീര്‍ച്ചയായും മുസ്‌ലിംകളുടെ പുരോഗതിയിലെ ഒരു വശം തന്നെയാണ്. എന്നാല്‍ അതൊരു ചെറിയ വശം മാത്രമാണ്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമുമായി ബന്ധമുണ്ടാവുക എന്നതാണ് പുരോഗതിക്ക് ഒഴിച്ചുകൂടാനാകാത്തത്. ഇസ്‌ലാമിന്റെ ആദര്‍ശ ശക്തി തന്നെയാണ് അവരുടെ യഥാര്‍ഥ ശക്തി. ആ ശക്തിയെ പൂര്‍ണമായും ഉപയോഗപ്പെടുത്തണം. അതിനുള്ള രീതി അവര്‍ സ്വയം ഇസ്‌ലാമിലുള്ള വിശ്വാസം ദ്യഢമാക്കുകയും കാപട്യത്തെയും വൈരുധ്യത്തെയും വലിച്ചെറിയുകയും ഇസ്‌ലാമില്‍ അടിയുറച്ചു നില്‍ക്കുകയും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍  ഐക്യം പുലര്‍ത്തുകയും ഇസ്‌ലാമിനു വേണ്ടി ശക്തമായ വ്യവഹാരങ്ങള്‍ രൂപപ്പെടുത്തുകയും എല്ലാ മാധ്യമങ്ങളെയും ഇസ്‌ലാമിന്റെ പ്രബോധനത്തിനായി ഉപയോഗപ്പെടുത്തുകയും  ഇപ്രകാരം ആദര്‍ശത്തിന്റെ കരുത്ത്  വളര്‍ത്തിയെടുക്കുകയുമാണ്.

ആദര്‍ശ ശക്തിയോടൊപ്പം സാമൂഹിക ശക്തിയുടെ പ്രധാന ഉറവിടം  ധാര്‍മിക ശക്തിയാണ് എന്ന്  പറഞ്ഞല്ലോ. അതിന് മുസ്‌ലിംകള്‍  സാമൂഹികമായി പരിഷ്‌കരിക്കപ്പെടുകയും അവര്‍ ഇസ്‌ലാമിന്റെ മാത്യകകളായിത്തീരുകയും ചെയ്യേണ്ടതുണ്ട്. അവരുടെ സാമൂഹിക മനോഭാവം ക്ഷമ, തവക്കുല്‍, പശ്ചാത്താപം എന്നീ ഗുണങ്ങളില്‍ അധിഷ്ഠിതമാകണം. വികാര നിയന്ത്രണം, ക്രിയാത്മക ചിന്ത, സ്വയം മാറാനുള്ള ശേഷി എന്നിവയുണ്ടാവുകയും സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യാനുള്ള കഴിവ്  വളര്‍ത്തുന്ന വിധം ധാര്‍മികമായി പരിശീലനം നേടുകയുമാണ് അതിന്റെ താല്‍പര്യം. 

(അവസാനിച്ചു)

വിവ. കെ.ടി ഹുസൈന്‍ 

 

കുറിപ്പുകള്‍

1.    അല്‍അഅ്‌റാഫ് 137
2.    അത്ത്വലാഖ് 3,4
3.    സുനനുത്തിര്‍മിദി
4.    ആലു ഇംറാന്‍ 159
5.    ഹൂദ് 52
6.    അല്‍ഹുജുറാത്ത് 11
7.    അര്‍റഅ്ദ് 17

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌