ദിനാജ്പൂര്‍ ഒരു സാംസ്‌കാരിക ഭൂപടം
പശ്ചിമ ബംഗാളിലെ ദിനാജ്പൂരിനെക്കുറിച്ച് നേരത്തേ വല്ലാതെയൊന്നും കേട്ടിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് അതിക്രമങ്ങള്‍ ഉണ്ടാകാറുള്ള സംഘര്‍ഷ മേഖലകളിലൊന്ന് എന്ന ധാരണ മാത്രമേയുള്ളൂ. വളരെ യാദൃഛികമായാണ് ഈ പ്രദേശം സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. ഇന്നാട്ടുകാരനായ അബ്ദുല്‍ വാഹിദിന്റെ വിവാഹത്തില്‍ പങ്കുകൊള്ളാനായിരുന്നു യാത്ര. അബ്ദുല്‍ വാഹിദ് രണ്ടു വര്‍ഷമായി കീഴുപറമ്പ് കുനിയില്‍ മസ്ജിദുല്‍ ഹുദായില്‍ ഇമാമായി സേവനമനുഷ്ഠിച്ചുവരികയാണ്. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മഹല്ല് കമ്മിറ്റി പ്രതിനിധികളായി അല്‍ഹുദാ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി അബ്ദുല്‍ കരീം മാസ്റ്റര്‍, മഹല്ല് കമ്മിറ്റി സെക്രട്ടറി അനീസുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടെ ഞങ്ങള്‍ മൂന്ന് പേര്‍ യാത്ര തിരിക്കുകയായിരുന്നു. പാലക്കാട്ടുനിന്നോ ചെന്നൈയില്‍നിന്നോ ട്രെയിന്‍ കയറിയാല്‍ രണ്ട് രാപ്പകലുകള്‍ നീളുന്ന യാത്രക്കു ശേഷം ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ഇറങ്ങാം. അവിടെനിന്ന് ഏതാനും കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ദിനാജ്പൂരായി.
ഷെഡ്യൂള്‍ പ്രകാരം രാത്രി മൂന്നു മണിക്കാണ് കിഷന്‍ഗഞ്ചില്‍ എത്തുക. 'ആ സമയത്ത് ദിനാജ്പൂരിലേക്ക് ടാക്‌സി കിട്ടും. പക്ഷേ അന്നേരം പോകുന്നത് അപകടമാണ്.' വഴിക്കൊള്ളക്കാര്‍ ഉണ്ടാകുമോ? അബ്ദുല്‍ വഹിദ് ഒന്നും തെളിച്ചു പറഞ്ഞില്ല. എല്ലാവര്‍ക്കും ചെറിയൊരു ഉള്‍ഭയം. എന്തായാലും, ട്രെയിന്‍ ഇറങ്ങിയാലുടന്‍ ടാക്‌സി ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചു. ബാക്കി വഴിയില്‍ വെച്ചു കാണാം. പക്ഷേ ആശങ്കകള്‍ അസ്ഥാനത്താക്കി ട്രെയിന്‍ പതിവു പോലെ വൈകി; മൂന്ന് മണിക്കൂറോളം. കിഷന്‍ഗഞ്ചില്‍ ട്രെയിനിറങ്ങുമ്പോള്‍ നേരം നല്ല പോലെ വെളുത്തിരുന്നു. 'കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് രണ്ട് ടി.എം.സിക്കാര്‍ കൊല്ലപ്പെട്ട സ്ഥലമാണിത്.' ബിഹാറിനോട് ചേര്‍ന്ന പശ്ചിമബംഗാള്‍ നഗരമായ ധരംപൂര്‍ പിന്നിടുമ്പോള്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. മറ്റൊരു അപായ സൂചന.
ഒടുങ്ങാത്ത രാഷ്ട്രീയ സംഘര്‍ഷങ്ങള്‍
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബംഗാളി ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. തെരഞ്ഞെടുപ്പു കാലത്ത് അത് തെരുവുയുദ്ധം തന്നെയാവും പലയിടങ്ങളിലും. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള ടി.എം.സി -ബി.ജെ.പി സംഘര്‍ഷം പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ലാത്ത സമയത്തായിരുന്നു ഞങ്ങളുടെ വരവ്. ബി.ജെ.പി ദിനാജ്പൂര്‍ മേഖലയില്‍ അത്ര വലിയ സാന്നിധ്യമല്ല. എന്നിട്ടും ഉത്തര ദിനാജ്പൂര്‍ ജില്ല ഉള്‍പ്പെടുന്ന റായ്ഗഞ്ച് ലോക്‌സഭാ സീറ്റില്‍ (ഈ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് സംബ്ലി മണ്ഡലങ്ങളില്‍ അഞ്ചും ഉത്തര ദിനാജ്പൂരില്‍നിന്നുള്ളതാണ്) ഇത്തവണ ചരിത്രത്തിലാദ്യമായി ബി.ജെ.പി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. മണ്ഡലത്തിലെ മുസ്‌ലിം വോട്ടുകള്‍ ടി.എം.സി, സി.പി.എം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വിഭജിച്ചുപോയതാണ് ഈ അപ്രതീക്ഷിത വിജയത്തിന് കാരണമെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആര്‍ അധികാരത്തില്‍ വന്നാലും എതിര്‍കക്ഷികളെ അടിച്ചൊതുക്കുന്ന രാഷ്ട്രീയമാണ് അവര്‍ പയറ്റുക. ഒരു കാലത്ത് കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്നു ബംഗാള്‍. ഇന്ദിരാ ഗാന്ധിയുടെയും അവര്‍ സംസ്ഥാനത്ത് പ്രതിഷ്ഠിച്ച പാവ മുഖ്യമന്ത്രിമാരുടെയും അധികാര ദുര്‍വിനിയോഗം കടുത്ത ജനരോഷം വിളിച്ചുവരുത്തി. അത് മുതലെടുത്താണ് സി.പി.എം മൂന്നര പതിറ്റാണ്ടോളം കാലം സംസ്ഥാന രാഷ്ട്രീയം അടക്കിവാണത്. അന്നൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മുപ്പത് ശതമാനത്തോളം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തകള്‍ വായിച്ചതോര്‍ക്കുന്നു. എന്തൊരു സല്‍ഭരണം എന്ന് തോന്നിപ്പോകും. പക്ഷേ സത്യം അതല്ല. എതിര്‍കക്ഷികളെ നോമിനേഷന്‍ പോലും കൊടുക്കാന്‍ അനുവദിക്കാതെ ആട്ടിപ്പായിക്കുന്നതുകൊണ്ടാണ് ഇങ്ങനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. അതേപണി ഇപ്പോള്‍ മമത ബാനര്‍ജി തിരിച്ചു ചെയ്യുമ്പോള്‍ അത് സി.പി.എമ്മുകാര്‍ക്ക് സഹിക്കുന്നില്ല. ബി.ജെ.പിക്കാര്‍ അക്കാര്യത്തില്‍ വളരെ മുന്നിലെത്തി എന്നു വേണം അനുമാനിക്കാന്‍. ബംഗാളിന്റെ അയല്‍ സംസ്ഥാനവും ഒരുകാലത്ത് സി.പി.എം കോട്ടയുമായിരുന്ന ത്രിപുരയില്‍ അവിടത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 80 ശതമാനം സീറ്റുകളും ഒരു എതിരാളിയും മത്സരിക്കാനില്ലാതെയാണ് നേടിയെടുത്തത്!
ഇതുപോലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പുകാലത്ത് ദിനാജ്പൂരിലും പതിവാണ്. ബംഗാളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അബ്ദുല്‍ വാഹിദും വോട്ട് ചെയ്യാനായി നാട്ടിലേക്ക് തിരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സി.പി.എമ്മിന് വോട്ട് ചെയ്യുന്നവരാണ്. വോട്ട് ചെയ്യാനാവാതെ, വളരെ നിരാശയോടെയാണ് അബ്ദുല്‍ വാഹിദ് മടങ്ങിവന്നത്. വോട്ട് ചെയ്യാന്‍ പോയ സി.പി.എം അനുഭാവികളെ ടി.എം.സിക്കാര്‍ നന്നായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്‍ വാഹിദിന്റെ ഗ്രാമമായ അങ്കാര്‍ഭാഷയില്‍നിന്ന് എത്രയോ കാലമായി അദ്ദേഹത്തിന്റെ ഒരു ബന്ധുവാണ് ജയിച്ചുവരാറുള്ളത്. ആ ബന്ധുവിന്റെ വിളിപ്പേര് തന്നെ 'സി.പി.എം മെമ്പര്‍' എന്നാണ്. ശരിക്കുള്ള പേര് പറഞ്ഞാല്‍ ആരും അറിയില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് അദ്ദേഹത്തെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും ടി.എം.സിക്കാര്‍ സമ്മതിച്ചില്ലത്രെ. 'മെമ്പര്‍' കൂളായി തോല്‍ക്കുകയും ചെയ്തു.
ബംഗാളിലെ 'മലബാര്‍'
ഇത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളേ മീഡിയക്ക് വിഷയമാകാറുള്ളൂ. ആ വക സംഘര്‍ഷങ്ങള്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ പരത്തിയിട്ടുണ്ട്. അതില്‍ പെട്ട് ഇവിടെയുള്ള സാധാരണ മനുഷ്യരുടെ ജീവിതം എത്രമാത്രം ദുരിതപൂര്‍ണമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേകം അടയാളപ്പെടുത്തേണ്ട ഒരു സാംസ്‌കാരിക ഭൂപടം ദിനാജ്പൂര്‍ മേഖലക്കുണ്ട്. പശ്ചിമ ബംഗാളില്‍ ഈ മേഖല ഇപ്പോള്‍ രണ്ട് ജില്ലകളാണ്- ഉത്തര ദിനാജ്പൂരും ദക്ഷിണ ദിനാജ്പൂരും. ബംഗ്ലാദേശിലും ഇതേ പേരില്‍ ഒരു ജില്ലയുണ്ട്. അവിടത്തെ പതിനാറ് വടക്കന്‍ ജില്ലകളില്‍ ഏറ്റവും വലുത്. ഇന്ന് ബിഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമായ കിഷന്‍ഗഞ്ചും പുര്‍ണിയ ജില്ലയുമൊക്കെ ഒരു കാലത്ത് ദിനാജ്പൂരിന്റെ ഭാഗമായിരുന്നു.
1786-ല്‍ ബ്രിട്ടീഷുകാരാണ് ദിനാജ്പൂര്‍ ഭരണമേഖലക്ക് രൂപം നല്‍കുന്നത്. അവിഭക്ത ബംഗാളിലെ ഏറ്റവും വലിയ ജില്ലയായിരുന്നു അത്. 4586 ച. മൈല്‍ വിസ്തീര്‍ണം. ബഗൂറ, മാള്‍ഡ, ഇന്നത്തെ ബംഗ്ലാദേശിലെ രാജ്ശാഹിയുടെ ചില ഭാഗങ്ങള്‍ വരെ അതില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നെ ഇതിന്റെ ഓരോരോ ഭാഗങ്ങള്‍ പല കാലങ്ങളിലായി തൊട്ടടുത്തുള്ള ജില്ലകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1947-ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ദിനാജ്പൂരിന്റെ വലിയ ഭാഗം പശ്ചിമ ബംഗാളിന്റെ ഭാഗമായി; ബാക്കി ഭാഗം ബംഗ്ലാദേശിന്റെയും.
ദിനാജ്പൂര്‍ വിഭജനത്തിന് പിന്നിലൊരു കഥയുണ്ടെന്ന് മുഹമ്മദ് കലീമുദ്ദീന്‍ ബൂര്‍ണാപൂരി പറഞ്ഞു. ഇന്ത്യ വിഭജിക്കപ്പെടുമ്പോള്‍ ദിനാജ്പൂര്‍ മേഖലയെ കിഴക്കന്‍ പാകിസ്താന്റെ ഭാഗമായാണത്രെ ബ്രിട്ടീഷുകാര്‍ കണക്കാക്കിയിരുന്നത്. പക്ഷേ പേരെഴുതിയപ്പോള്‍ തെറ്റി. അതിര്‍ത്തിയായി നിശ്ചയിച്ചിരുന്നത് 'സാഗര്‍' എന്ന സ്ഥലമായിരുന്നു. പക്ഷേ 'നാഗര്‍' എന്നാണെഴുതിയത്. അങ്ങനെയും ഒരു സ്ഥലമുണ്ട്; കുറേ ഇപ്പുറത്ത്. ആ ഒരൊറ്റ അക്ഷരത്തിന്റെ വ്യത്യാസത്തിലാണത്രെ ദിനാജ്പൂരിന്റെ ഇത്രയും ഭാഗങ്ങള്‍ പശ്ചിമ ബംഗാളിന് ലഭിച്ചത്. 'സാഗറി'ലേക്കാണ് കയര്‍ പിടിച്ചിരുന്നതെങ്കില്‍ മേഖല മൊത്തം ബംഗ്ലാദേശിലേക്ക് പോകുമായിരുന്നെന്നാണ് കലീമുദ്ദീന്‍ പറയുന്നത്. ഇതൊരു കഥയോ നാട്ടുവര്‍ത്തമാനമോ ആകാം. പക്ഷേ ഒരേ സംസ്‌കാരവും ജീവിത രീതികളും പങ്കുവെക്കുന്നവരാണ് ഇരു രാഷ്ട്രങ്ങളിലായി കഴിയുന്ന ദിനാജ്പൂര്‍ നിവാസികള്‍.
മുഹമ്മദ് കലീമുദ്ദീന്‍ വിവാഹം കഴിച്ച സ്ഥലം ഇപ്പോള്‍ ബംഗ്ലാദേശ് ദിനാജ്പൂരിന്റെ ഭാഗമാണ്. അദ്ദേഹം പഠിച്ചതും മുപ്പത് കൊല്ലം പഠിപ്പിച്ചതും മുമ്പ് ഇന്ത്യന്‍ ദിനാജ്പൂരിന്റെ ഭാഗമായിരുന്ന ബിഹാറിലെ പുര്‍ണിയയില്‍. അതുകൊണ്ടാണ് പേരിന്റെ അവസാനം 'ബൂര്‍ണാപൂരി' എന്ന് വന്നത്. ഞങ്ങള്‍ ഒരാഴ്ചയിലധികം താമസിച്ച അങ്കാര്‍ഭാഷ എന്ന ഉള്‍ഗ്രാമത്തില്‍നിന്ന് ആദ്യമായി ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തില്‍ അറിവ് നേടിയ വ്യക്തി ഇദ്ദേഹമാണ്. മാവിന്‍ചുവട്ടില്‍ ഇരുന്നുകൊണ്ട് അദ്ദേഹം പഴയകാലം ഓര്‍മിച്ചു. ക്രമസമാധാനനില പറ്റേ അവതാളത്തിലായ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് രേഖകളിലും അതിന്റെ സൂചനകള്‍ കാണാം. അന്നത്തെ കിഴക്കന്‍ പാകിസ്താനില്‍നിന്ന് ആളുകള്‍ കൂട്ടമായെത്തി പണവും വിഭവങ്ങളും തട്ടിപ്പറിച്ചുകൊണ്ടുപോകുമായിരുന്നു. ചെറുക്കുന്നവരെ വെടിവെക്കും. അതിര്‍ത്തിയൊക്കെ മുള്‍വേലി കെട്ടി വരുന്നേ ഉണ്ടായിരുന്നുള്ളൂ. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ അലയൊലികളും ഗ്രാമത്തെ പിടിച്ചുകുലുക്കി. അക്കാലത്ത് കൂട്ടക്കൊലകള്‍ നടന്ന ഒരു ഗ്രാമവും ഞങ്ങള്‍ സന്ദര്‍ശിച്ചു- ഫൂല്‍ബാരി. അങ്കാര്‍ഭാഷ ഗ്രാമത്തില്‍നിന്ന് പത്ത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുള്‍വേലി കെട്ടിയ ബംഗ്ലാദേശ് അതിര്‍ത്തി കാണാം. അങ്ങോട്ടുമിങ്ങോട്ടും നുഴഞ്ഞുകയറ്റം സാധ്യമാവാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലുമായി ചിതറിക്കിടക്കുന്ന ദിനാജ്പൂര്‍ മേഖലക്ക് അരനൂറ്റാണ്ട് മുമ്പുള്ള മലബാര്‍ മുസ്‌ലിം ജീവിതവുമായി എന്തൊക്കെയോ സാദൃശ്യങ്ങളുണ്ടെന്ന് തോന്നി. പാരമ്പര്യമായി കിട്ടിയ സാംസ്‌കാരികത്തനിമ അതേപടി കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടെയുള്ള മുസ്‌ലിം സമൂഹം; മുഗള ഭരണത്തിന്റെ അടയാളങ്ങളിലൊന്നായ പാര്‍സി ഭാഷ വരെ. മദ്‌റസകളില്‍ പോകുന്ന കുട്ടികള്‍ നിര്‍ബന്ധമായും പാര്‍സി അക്ഷരമാലയും അത്യാവശ്യം പാര്‍സി വാക്കുകള്‍ കൂട്ടി വായിക്കാനും പഠിച്ചിരിക്കണം. ഉയര്‍ന്ന മതപഠനത്തിന് ദീനീ സ്ഥാപനങ്ങളില്‍ ചെന്നാലും പാര്‍സി ഒരു മുഖ്യ വിഷയമാണ്. ഇതൊക്കെ വിവരിക്കുമ്പോള്‍ അങ്കാര്‍ഭാഷ സ്വദേശിയും ഞങ്ങളുടെ ഗൈഡുമായ അബ്ദുല്ല (അദ്ദേഹം നാദാപുരത്ത് ഒരു പള്ളിയില്‍ ഇമാമാണ്) അല്‍പം രോഷാകുലനായി കാണപ്പെട്ടു. ഇങ്ങനെ പാര്‍സി അടിച്ചേല്‍പിക്കുന്നത് എന്തിനാണ്? കുട്ടികള്‍ക്ക് പില്‍ക്കാലത്ത് അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
പ്രയോജനമുണ്ടോ ഇല്ലേ എന്നതല്ല പ്രധാനം. ഔദ്യോഗിക ഭാഷ പാര്‍സിയായിരുന്ന മുഗളന്മാരുടെ കാലം മുതല്‍ക്കേ തുടര്‍ന്നുവരുന്ന രീതിയാണിത്. അതില്‍ മാറ്റം വരുത്തുക വയ്യ. പാഠ്യപദ്ധതിയില്‍ കാലം സ്തംഭിച്ചുനില്‍ക്കുന്നു എന്നൊക്കെ നമുക്ക് വിമര്‍ശിക്കാമെങ്കിലും കുറ്റിയറ്റുപോകുമായിരുന്ന ഒരു ഭാഷയെയും സംസ്‌കാരത്തെയും ഏതെങ്കിലുമൊരര്‍ഥത്തില്‍ ഈ 'കാലബോധമില്ലാത്തവര്‍' ചില പോക്കറ്റുകളിലെങ്കിലും നിലനിര്‍ത്തുന്നുണ്ടല്ലോ.
ഉര്‍ദു ഭാഷയോടും അവര്‍ക്ക് ഇതേ പ്രണയമുണ്ട്. മലയാളികള്‍ ബംഗാളികളെ രണ്ടായി തിരിക്കാറുണ്ട്; ഉര്‍ദു അറിയുന്നവരും അറിയാത്തവരും. തലസ്ഥാന നഗരമായ കൊല്‍ക്കത്തയില്‍നിന്നും മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളില്‍നിന്നുമൊക്കെ ധാരാളം പേര്‍ കേരളത്തില്‍ ജോലി തേടിയെത്തുന്നുണ്ട്. അവര്‍ക്ക് പൊതുവെ ഉര്‍ദു/ഹിന്ദുസ്ഥാനി അറിഞ്ഞുകൂടാ. മദ്‌റസകളിലോ സ്‌കൂളുകളിലോ അവര്‍ ഉര്‍ദു പഠിക്കുന്നില്ല. തൊഴിലാവശ്യങ്ങള്‍ക്കും മറ്റും സ്വന്തമായി പഠിച്ചെടുക്കുന്നവരുണ്ടാകാം. എന്നാല്‍, ദിനാജ്പൂര്‍ മേഖലയിലെ മുസ്‌ലിംകള്‍ അങ്ങനെയല്ല. അവര്‍ മദ്‌റസകളില്‍ വെച്ച് ഉര്‍ദു പഠിക്കുന്നു. ബോധന മാധ്യമവും ഉര്‍ദുവാണ്. ഏതു സാധാരണക്കാരനും ഉര്‍ദു അറിയാം. ഉച്ചാരണത്തില്‍ ബംഗ്ലാ കലര്‍ന്നിരിക്കുമെന്നു മാത്രം. മനസ്സിലാക്കിയെടുക്കാന്‍ അല്‍പം പ്രയാസപ്പെടും. ജുമുഅ ഖുത്വ്ബയും പള്ളിയില്‍ നടക്കുന്ന ഉദ്‌ബോധനങ്ങളും ഉര്‍ദുവില്‍ തന്നെ. മേഖലയിലെ പ്രധാന ദീനീ മദ്‌റസകള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. ബ്രോഷറുകളും ബോര്‍ഡുകളുമെല്ലാം ഉര്‍ദുവില്‍. ജുമുഅക്ക് പോയ ഒരു പള്ളിയില്‍ ഭാരവാഹികളുടെ നിര്‍ബന്ധം കാരണം ഈ കുറിപ്പുകാരന് ഉര്‍ദുവില്‍ രണ്ട് വാക്ക് മിമ്പര്‍ പടിയിലിരുന്ന് സംസാരിക്കേതായും വന്നു! ജുമുഅ ഖുത്വ്ബ ഉര്‍ദുവിലാണെന്ന് പറഞ്ഞല്ലോ. മിമ്പര്‍പടിയില്‍ ഇരുന്നാണ് അത് നിര്‍വഹിക്കുക. നമ്മുടെ നാട്ടില്‍ നടക്കുന്ന 'തറ' പ്രസംഗം പോലെ. പിന്നെ എഴുന്നേറ്റു നിന്ന് അറബിയില്‍ ഹംദും സ്വലാത്തും പ്രാര്‍ഥനകളും പൂര്‍ത്തിയാക്കും.
മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ ഇവിടെയും ഉര്‍ദു ഒട്ടും സുരക്ഷിത സ്ഥാനത്തല്ല. അതിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇന്നാട്ടുകാരനും ഞങ്ങളുടെ ഗൈഡുമായ അബ്ദുല്ല പറയുന്നത്. ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ ഏകദേശം പത്തു ശതമാനം സ്‌കൂളുകള്‍ ഉര്‍ദു മീഡിയത്തിലാണ്. അത് കുറച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ ജില്ലയിലെ വലിയ നഗരങ്ങളിലൊന്നായ ഇസ്‌ലാംപൂരിലെ ഒരു സ്‌കൂളില്‍ ഉര്‍ദു മീഡിയം അധ്യാപകനെ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒരാളുടെ മരണത്തിലാണ് കലാശിച്ചത്. ഉര്‍ദുവിരുദ്ധതക്ക് ആക്കം കൂട്ടുന്ന തരത്തിലായിരുന്നു ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നീക്കങ്ങളെന്നും അബ്ദുല്ല കുറ്റപ്പെടുത്തുന്നു. പല പ്രദേശങ്ങളെയും ദിനാജ്പൂരില്‍നിന്ന് വെട്ടിമാറ്റിയത് ഉര്‍ദുവിനെ പുറന്തള്ളാന്‍ കൂടിയായിരുന്നു. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയില്‍നിന്ന് ഉര്‍ദു ഏതാണ്ട് പൂര്‍ണമായി പുറന്തള്ളപ്പെട്ട നിലയിലാണ്.
അതേസമയം ദിനാജ്പൂരില്‍ ഒരിടത്തും ഉര്‍ദു സംസാര ഭാഷയല്ല. അവര്‍ സംസാരിക്കുന്നത് ബംഗാളിയുമല്ല. സുരാജ്പൂരി എന്ന ലിപിയില്ലാ ഭാഷയാണ്. ഇതൊരു ബിഹാരി ഭാഷയാണെന്നു പറയാം. അതേസമയം കമതപുരി, അസമി, ബംഗാളി, മൈഥിലി ഭാഷകളുമായി വളരെ സാമ്യമുള്ളതും. ബിഹാറില്‍ പുര്‍ണിയ ഡിവിഷനിലും (കിഷന്‍ഗഞ്ച്, കതിഹാര്‍, പുര്‍ണിയ, അരാരിയ ജില്ലകള്‍) മൈഥിലി മേഖലയിലുമാണ് ഇതിന് പ്രചാരമുള്ളത്. പശ്ചിമ ബംഗാളിലെ ഉത്തര ദിനാജ്പൂര്‍, ദക്ഷിണ ദിനാജ്പൂര്‍ ജില്ലകളിലും ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുഡിയിലും ബംഗ്ലാദേശിലെ ദിനാജ്പൂര്‍ ജില്ലയിലും ഇതാണ് സംസാര ഭാഷ. മുസ്‌ലിംകളുടെ സംസാരത്തില്‍ ഉര്‍ദു വാക്കുകള്‍ കൂടുതലായിരിക്കും. 'ടീക് ഛെ', 'ബുലാഛെ' എന്നൊക്കെ ഇടക്കിടെ പറയുന്നത് കേള്‍ക്കാം. പഴയകാലത്തെ നമ്മുടെ അറബി-മലയാളം പോലുള്ള ഒരു പ്രാദേശിക ഭാഷാ വകഭേദമാകാം. കൊല്‍ക്കത്തയില്‍ പോയി ഈ ഭാഷ സംസാരിച്ചാല്‍ നിങ്ങള്‍ ഏതു ഭാഷയാണ് സംസാരിക്കുന്നതെന്ന് ഒറിജനല്‍ ബംഗാളികള്‍ ചോദിക്കുമത്രെ.
അവര്‍ക്ക് സാമൂഹിക മൂലധനമുണ്ട്
യാത്രയില്‍ സാധാരണ പുസ്തകങ്ങള്‍ കരുതാറുണ്ട്.സമകാലിക രാഷ്ട്രമീമാംസാ പരികല്‍പ്പനകളെക്കുറിച്ച സാമാന്യം വലിയ ഒരു പുസ്തകമായിരുന്നു ഇത്തവണ വായിക്കാന്‍ തെരഞ്ഞെടുത്തത്. അതിലൊരു പരികല്‍പ്പന വളരെ ആകര്‍ഷകമായി തോന്നി. സാമൂഹിക മൂലധനം (Social Capital). ജെയ്ന്‍ ജേക്കബ്‌സ്, പിയറി ബോര്‍ഡിയു, ജെയിംസ് കോള്‍മാന്‍, റോബര്‍ട്ട് പുട്‌നം തുടങ്ങിയവര്‍ വികസിപ്പിച്ചെടുത്തത്. പൊതു ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു സമൂഹത്തെ പ്രാപ്തമാക്കുന്ന മൂല്യങ്ങളും ശേഷികളും എന്ന് ഒറ്റ വാക്കില്‍ ഇതിനെ നിര്‍വചിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിച്ചുകൊണ്ടാണ് സാമൂഹിക മൂലധനം ആര്‍ജിക്കാനാവുക. അതില്‍ പ്രധാനം ഒരു സമൂഹം ആര്‍ജിച്ചെടുക്കുന്ന പരസ്പരവിശ്വാസം തന്നെ. അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ (Reciprocity) എത്രത്തോളമുണ്ട്? പരസ്പരം വിശ്വാസത്തിലെടുക്കാനും അംഗീകരിക്കാനും സമൂഹത്തിലെ അംഗങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അവര്‍ തമ്മിലെ പരസ്പരവിശ്വാസം ദുര്‍ബല(Thin)മാണോ, അതോ സുദൃഢ(Thick)മാണോ?
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പ്രകൃതിവിഭവങ്ങളെയും മനുഷ്യവിഭവങ്ങളെയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന, അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന ചാലകശക്തിയാണ് സാമൂഹിക മൂലധനം എന്ന് പറയുന്നത്. ഈ ആശയത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയ റോബര്‍ട്ട് ഡേവിഡ് പുട്‌നം ഒരു പുസ്തകമെഴുതിയിട്ടുണ്ട് - Bowling Alone: The Collapse and Revival of American Community എന്ന പേരില്‍. അദ്ദേഹം പറയുന്നത് പൗര, സാമൂഹിക, കൂട്ടായ്മാ ബന്ധങ്ങള്‍ തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ക്കേ അമേരിക്കയില്‍ തകര്‍ന്നുതുടങ്ങിയിരുന്നുവെന്നും ഇപ്പോഴത് കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു എന്നുമാണ്. ഇത്തരം ബന്ധങ്ങളും പരസ്പരവിശ്വാസവും കാത്തുസൂക്ഷിച്ച മേഖലകളില്‍ വലിയ പുരോഗതി ഉണ്ടാക്കാനായിട്ടുണ്ടെന്നും തന്റെ വിമര്‍ശകര്‍ക്ക് മറുപടിയായി അദ്ദേഹം എഴുതുന്നു.
പരമ്പരാഗതമായി നാം മനസ്സിലാക്കിവെച്ചതല്ല യഥാര്‍ഥ വികസന സൂചികകള്‍ എന്നര്‍ഥം. സാമൂഹിക മൂലധനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ അമേരിക്ക വികസിക്കുന്ന സമൂഹമല്ല, തകരുന്ന സമൂഹമാണ്. പക്ഷേ വേറെ ചില മാനദണ്ഡങ്ങള്‍ വെച്ച് നാമതിനെ വികസിത സമൂഹമായി കാണുകയും ചെയ്യുന്നു. പരമ്പരാഗത വികസന സൂചികകള്‍ വെച്ചുനോക്കുകയാണെങ്കില്‍ ദിനാജ്പൂര്‍ മേഖല വളരെ പിന്നാക്കമാണ്. പക്ഷേ ഈ പറഞ്ഞ തരത്തിലുള്ള സാമൂഹിക മൂലധനം വളരെ കൂടുതലാണെന്ന് ഈ യാത്ര ഞങ്ങളെ ബോധ്യപ്പെടുത്തി.
നമ്മുടെ നാട്ടില്‍ തൊഴിലന്വേഷിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ പെരുമാറ്റം വ്യംഗ്യമായെങ്കിലും പരദേശി സ്പര്‍ധ (Xenophobia) യാല്‍ സ്വാധീനിക്കപ്പെട്ടുപോയിട്ടുണ്ട്. അണ്ണാച്ചി, ബംഗാളി എന്നൊക്കെ പറയുമ്പോള്‍ ആ സംസാരരീതിയില്‍ തന്നെ ഒരുതരം പുഛവും താഴ്ത്തിക്കെട്ടലും ഉള്ളടങ്ങിയിട്ടുണ്ട്. ഈ മനുഷ്യര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന മൂല്യങ്ങളും അവര്‍ സ്വായത്തമാക്കിയ കഴിവുകളും സത്യസന്ധമായി വിലയിരുത്താന്‍ ഇതൊരു തടസ്സമാണ്. ബംഗാളി സമൂഹത്തെക്കുറിച്ച് സെനോഫോബിയ നിര്‍മിച്ചെടുത്ത ഒരുപാട് മുന്‍ധാരണകള്‍ തിരുത്താന്‍ ഈ യാത്ര സഹായകമായി എന്നത് ആഹ്ലാദകരമാണ്.
ഏറ്റവും വലിയ സാമൂഹിക മൂലധനം എന്നു പറയുന്നത് ദൃഢമായ പരസ്പരബന്ധങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന പരസ്പരവിശ്വാസവുമാണ്. അങ്കാര്‍ഭാഷ പോലുള്ള ദിനാജ്പൂര്‍ ഗ്രാമങ്ങളില്‍ അത് വേണ്ടുവോളമുണ്ട്. ഇവി ടെയുള്ള ഓരോ ഗ്രാമവും അരനൂറ്റാണ്ട് മുമ്പുള്ള സ്വഛമായ കേരളീയ ഗ്രാമാന്തരീക്ഷത്തെ ഓര്‍മിപ്പിക്കും. പ്രധാന നിരത്തുകളിലും ഇടവഴികളിലുമെല്ലാം നിരത്തി പശുക്കളെയും ആടുകളെയും കുറ്റിയിലോ മരത്തിലോ കെട്ടിയിട്ടിരിക്കുന്നതു കാണാം. അവക്ക് പ്രത്യേകം ആലയോ മറ്റോ ഒന്നും ഉണ്ടാവില്ല. ചാണകവും മൂത്രവും റോഡിലേക്ക് ഒലിച്ചിറങ്ങി കിടക്കുന്നതു കാണുമ്പോള്‍ ആദ്യമൊക്കെ വല്ലാത്ത മനംപിരട്ടലുണ്ടാകും. പിന്നെയത് ശീലമാകും. ഓരോ ദിവസവും അവര്‍ ചാണകം വാരി കൃഷിയിടത്തില്‍ കൊണ്ടുപോയി ഇടുകയാണ് ചെയ്യുന്നത്. വീട്ടുമുറ്റത്തേക്ക് കയറിയാലും അവിടെയുമുണ്ടാകും ആടുകളും പശുക്കളും കോഴികളും ധാരാളം. പിന്നെ അലഞ്ഞു നടക്കുന്ന നായകളും. അവ ഓരിയിടുകയോ കോഴികളെ ഓടിക്കുകയോ ഒന്നും ചെയ്യില്ല. സമാധാനപ്രിയരാണ്. പുറമെനിന്ന് വരുന്നവര്‍ക്ക് ഈ മൃഗങ്ങളും കോഴികളും ആരുടേതാന്നെന്ന് തിരിച്ചറിയാന്‍ പോലും പ്രയാസം.
വീടുകള്‍ അടുത്തടുത്താണ്. അതിരടയാളം തിരഞ്ഞുപോയാല്‍ നാം കഷ്ടപ്പെടുകയേ ഉള്ളു. അവര്‍ക്ക് അറിയുമായിരിക്കും. രണ്ട് വീടുകളുടെ ഭിത്തികള്‍ക്കിടയിലൂടെ കഷ്ടിച്ച് നൂണ്ടുപോകാം. ഈയൊരു ബന്ധം വീട്ടുകാര്‍ തമ്മിലുമുണ്ട്. ഞങ്ങള്‍ കല്യാണത്തിന് പങ്കെടുക്കാനായി ചെന്നെത്തിയ വീട്ടില്‍ ആ വീട്ടുകാര്‍ക്കു തന്നെ കിടക്കാന്‍ ഇടമില്ല. തൊട്ടടുത്തുള്ള അബ്ദുല്ലയുടെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചത്.
ഞങ്ങള്‍ ഒരാഴ്ചയിലധികം താമസിച്ച അങ്കാര്‍ഭാഷ ഗ്രാമത്തില്‍ കാണാനാവുക കഠിനാധ്വാനികളായ കര്‍ഷകരെയാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമൊക്കെ കൃഷിപ്പണിക്ക് ഇറങ്ങും. രാത്രിയും ചിലപ്പോള്‍ ചോളത്തണ്ടുകള്‍ കറ്റയായി കെട്ടിവെക്കുന്നതു കാണാം. ഭൂമിയാണെങ്കിലോ വളരെ നിരന്നത്. നിരത്താന്‍ ഒരൊറ്റ കുന്നുപോലുമില്ല. മണല്‍ത്തരികള്‍ കലര്‍ന്ന കറുത്ത മണ്ണാണ്. ശരിക്കും എക്കല്‍ മണ്ണ്. കിഴക്കന്‍ ഹിമാലയത്തിന്റെ താഴ്‌വര പ്രദേശമാണല്ലോ അത്. വിത്തിട്ട് കൊടുത്താല്‍ മതി, പൊന്ന് വിളയും. നാല് പൂ വരെ കൃഷിയിറക്കാറുണ്ടത്രെ ചിലപ്പോള്‍. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചോളം കൊയ്‌തെടുക്കുന്ന സമയമാണ്. ചോളം മെതിയന്ത്രങ്ങളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അതിനു മുമ്പ് ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പായിരുന്നു. വീടുകളുടെ വരാന്തകളില്‍ ഉരുളക്കിഴങ്ങ് ചാക്കുകള്‍ അട്ടിയിട്ടിരിക്കുന്നു.
അബ്ദുല്‍ വാഹിദ് പറയാറുണ്ടായിരുന്നു, നിങ്ങള്‍ തിന്നുന്ന അരിയൊന്നും ഞങ്ങള്‍ തിന്നാറില്ല. അവിടെ എത്തിയപ്പോഴാണ് അപ്പറഞ്ഞത് എന്താണെന്ന് മനസ്സിലായത്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍തന്നെ മേത്തരം അരി ഉല്‍പാദിപ്പിക്കുന്ന മേഖലയാണ് ദിനാജ്പൂര്‍. 'കത്തരിവോഗ്' അരി പ്രശസ്തമാണ്. നമ്മള്‍ ചെയ്യുന്നത് പോലെ പുഴുങ്ങിയ അരി കൊണ്ടല്ല, സ്വന്തം വയലില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചയരി കൊണ്ടാണ് അവര്‍ ചോറ് വെക്കുക. അരി പ്രത്യേക രീതിയില്‍ വറുത്ത് പൊലിപ്പിച്ചെടുക്കലും പതിവാണ്. 'മൂഡി' എന്നാണതിന് പറയുക. അത് കറി പാര്‍ന്നും മാങ്ങയില്‍ കുഴച്ചുമൊക്കെ തിന്നാം. ഗോതമ്പുല്‍പാദനത്തിലും മേഖല ഒട്ടും പിറകിലല്ല.
മാങ്ങ കാലത്താണ് ഞങ്ങളിവിടെ എത്തുന്നത്. മാങ്ങ നിറച്ച വണ്ടികള്‍ (വെള്ളമടിക്കുന്ന മോട്ടോറും സ്‌പെയര്‍ പാര്‍ട്ടുകളും വാങ്ങി ഇവര്‍ സ്വന്തമായി നിര്‍മിക്കുന്ന വണ്ടികളാണ്. പറ്റ്‌ന വരെ വന്നുപോയാലും പോലീസൊന്നും കൈകാണിക്കാന്‍ വരില്ല!) അതിരാവിലെ വീട്ടുമുറ്റങ്ങളില്‍ പുറപ്പെടാനായി ഒരുങ്ങിനില്‍ക്കുന്നുണ്ടാവും. അബ്ദുല്ല ഒരുപാട് ഇനം മാങ്ങകളുടെ പേര് പറഞ്ഞു. ഒന്നും ഓര്‍മയിലില്ല. വിക്കിപീഡിയ നോക്കിയപ്പോള്‍, 'കോസ്ബ' എന്നൊരു ഇനമാണത്രെ ഏറ്റവും മുന്തിയത്. മാവുകള്‍ അധികം ഉയരം വെക്കില്ല. പറിച്ചെടുക്കാന്‍ സൗകര്യമാണ്. കീടനാശിനിയോ രാസവളമോ വേണ്ട. ഞങ്ങളുടെ മുഖ്യ ഭക്ഷണം ഒരാഴ്ചക്കാലം മാങ്ങതന്നെ. പിന്നെ ലിച്ചീസ് എന്നവര്‍ വിളിക്കുന്ന ഒരുതരം ഞാവല്‍ പഴവും. ദിനാജ്പൂര്‍ കര്‍ഷകരുടെ ഒരു നാട്ടുമൊഴിയു്. ഗോല ബോറ ധന്‍, ഗോയല്‍ ബോറ ഗൊരു, പുകുര്‍ ബോറ മച്ച് (അട്ടിവെച്ച നെല്‍കറ്റകള്‍, ആല നിറയെ പശുക്കള്‍, മീന്‍ തുള്ളി കളിക്കുന്ന കുളങ്ങള്‍). ആ സമൃദ്ധി ഒരു സ്വപ്നമല്ല, യാഥാര്‍ഥ്യമാണ്.
പാടശേഖരത്തിന് നടുക്കെത്തിയപ്പോള്‍ അബ്ദുല്ല രണ്ടാള്‍ താഴ്ചയുള്ള ഒരു സ്ഥലത്തേക്ക് വിരല്‍ ചൂണ്ടി- ഞങ്ങളുടെ പുഴ. തെളിവായി തൊട്ടപ്പുറത്ത് പുതുതായി പണിതീര്‍ത്ത പാലവും കാണിച്ചുതന്നു. പുഴ എന്ന് പറയുന്ന സ്ഥലത്ത് ഒട്ടും വെള്ളമുണ്ടായിരുന്നില്ല. അവിടെ എന്തൊക്കെയോ കൃഷി ചെയ്ത് കൊയ്‌തെടുത്തതിന്റെ അടയാളവുമുണ്ടായിരുന്നു. മഴക്കാലത്ത് മാത്രമേ അതില്‍ വെള്ളമുണ്ടാവുകയുള്ളൂ. വേനല്‍ക്കാലത്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഒരുതരം ഭാരമുള്ള കുളച്ചണ്ടി അവിടെ പറ്റിപ്പിടിച്ചു കിടക്കും. കര്‍ഷകര്‍ വെള്ളം വറ്റിയ ഈ നദിയിലേക്കിറങ്ങി കുളച്ചണ്ടി മുഴുവന്‍ വാരിവലിച്ച് നീക്കി അവിടെ കൃഷിയിറക്കും. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്, അസമില്‍ പ്രളയമുണ്ടായ സമയത്ത് തനിക്ക് അയച്ചുകിട്ടിയ ഒരു വീഡിയോ ക്ലിപ്പ് അബ്ദുല്‍ വാഹിദ് കാണിച്ചുതന്നു. ആ പുഴ ഉദരം മറിഞ്ഞൊഴുകുന്നു! ഈ സമയത്താണ് അവരുടെ മീന്‍പിടിത്തം. അസമില്‍നിന്നെവിടെ നിന്നോ പുറപ്പെടുന്ന ഈ നദിയിലൂടെ നല്ലയിനം മത്സ്യങ്ങളും നീന്തിവരും. കുളങ്ങളിലും മീന്‍ വളര്‍ത്താറുണ്ട്. വലിയ പാത്രത്തില്‍ വെള്ളം നിറച്ച് ജീവനോടെയാകും ഇവയെ വില്‍ക്കാനായി മാര്‍ക്കറ്റില്‍ കൊണ്ടുവരിക. അശേഷമില്ല കൃത്രിമം. ഫോര്‍മാലിനിട്ട് വിറങ്ങലിപ്പിച്ച മത്സ്യം കഴിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ സ്ഥിതി ആലോചിച്ചുപോയി.
കഠിനാധ്വാനികളായ ജനങ്ങള്‍. പ്രകൃതി കനിഞ്ഞു നല്‍കുന്ന വിഭവങ്ങളുടെ ധാരാളിത്തം. എന്നിട്ടും എന്തുകൊണ്ട് ദിനാജ്പൂര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലകളിലൊന്നായി?
(തുടരും)
Comments