കശ്മീരം (കവിത)
വി. ശഫ്‌ന മര്‍യം
പുറപ്പെടാന്‍
സ്വന്തമൊരു രാജ്യമില്ലാത്തതുകൊണ്ട്
ഹജ്ജിനെത്താത്തവരുണ്ട്.
ഓരോ ദുല്‍ഹജ്ജിലും
അവര്‍
ഹജ്ജിനു പോകുന്നുണ്ട്.
അനേകവര്‍ഷമായി
മോഹത്തിന്‍
അറഫയില്‍ നില്‍ക്കുന്നുണ്ട്.
മുസ്ദലിഫയിലേറെ
രാവുകള്‍ പാര്‍ത്തിട്ടുണ്ട്.
തെറ്റാലിയില്‍
കൊച്ചു കല്ലു കോര്‍ക്കുമ്പോള്‍
ജംറ നിനവില്‍ വരാറുണ്ട്.
ഓരോ കിനാവിലും
ഏഴായിരം
സഅ്‌യുകള്‍ ചെയ്യുന്നുണ്ട്.
വിദാഈ ത്വവാഫുകള്‍
ചെയ്തു തീരാനുണ്ട്.
ഞാനുമവരോടൊപ്പം
പുറപ്പെടുന്നുണ്ടിനി മുതല്‍
അത്ര ഹജ്ജുകളൊന്നും
വേണ്ടല്ലോ എനിക്കും,
പുറപ്പെടാന്‍
ഒരു രാജ്യമില്ലാതാകാന്‍.
Comments