Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

ജയില്‍പുള്ളികള്‍ക്ക് ക്ലാസ്സുകള്‍, ചുങ്കത്തെ പള്ളിനിര്‍മാണം

ഹൈദറലി ശാന്തപുരം

(പ്രവാസ സ്മരണകള്‍-6)

മര്‍കസുദ്ദഅ്‌വയുടെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതായിരുന്നു ജയില്‍പുള്ളികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള ബോധവത്കരണ ക്ലാസ്സുകള്‍. ജയിലിലെ ക്ലാസ്സിന് പ്രബോധകരില്‍നിന്ന് ഏതാനും പേരെ തെരഞ്ഞെടുത്തിരുന്നു. അവരില്‍ ഒരാളായ എനിക്ക് ദുബൈയിലെ ജുമൈറ ജയിലിലായിരുന്നു ഡ്യൂട്ടി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ജയില്‍ രണ്ടായി ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങളില്‍ വനിതകള്‍ക്ക് ക്ലാസ്സ് നടത്തിയിരുന്നുവെങ്കിലും കൂടുതല്‍ കാലം പുരുഷന്മാര്‍ക്കായിരുന്നു എന്റെ ക്ലാസ്സുകള്‍. ജയില്‍ സന്ദര്‍ശനവും ക്ലാസ്സും ഒരു നവ്യാനുഭവമായിരുന്നു. ജയില്‍ ജീവിതത്തെക്കുറിച്ചും ജയില്‍പുള്ളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ മാനസികാവസ്ഥകളെക്കുറിച്ചും നേരിട്ടറിയാന്‍ സന്ദര്‍ശനം സഹായകമായി. അറബ് രാജ്യങ്ങളില്‍നിന്നും വിവിധ ആഫ്രിക്കന്‍ നാടുകളില്‍നിന്നുമുള്ള സ്ത്രീകളാണ് ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. അവര്‍ക്കാവശ്യമെന്നു തോന്നിയ വിശ്വാസപരവും സംസ്‌കരണപരവുമായ വിഷയങ്ങളിലൂന്നിയായിരുന്നു ക്ലാസ്സുകള്‍. 
പുരുഷന്മാരില്‍ മലയാളികള്‍ക്ക് മാത്രമായിരുന്നു എന്റെ ക്ലാസ്സ്. മദ്‌റസ എന്ന പേരില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ സംവിധാനിക്കപ്പെട്ട സ്ഥലത്തായിരുന്നു അത്. ക്ലാസ്സുകള്‍ നടന്നിരുന്ന മദ്‌റസക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു യുവ അറബി പണ്ഡിതനുമുണ്ടായിരുന്നു. അദ്ദേഹവുമായി കൂടിയാലോചിച്ചാണ് ക്ലാസ്സുകളുടെ വിഷയങ്ങള്‍ നിശ്ചയിക്കുക. ജയിലിലെ എന്റെ ദൗത്യം അവസാനിച്ചപ്പോള്‍ എന്റെ സേവനങ്ങള്‍ക്ക് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ദുബൈ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ഒരു യോഗത്തില്‍ എനിക്ക് നല്‍കിയിരുന്നു.
ദുബൈയില്‍ പ്രവാസികള്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകള്‍ നടത്താനും ചില മത്സര പരീക്ഷകളില്‍ ജഡ്ജിയാകാനും അവസരം ലഭിച്ചിട്ടുണ്ട്. ദുബൈയിലെ ഐ.സി.സി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അല്‍ മജ്ദ് സ്‌കൂളില്‍ സ്ഥിര സ്വഭാവത്തോടെ മൂന്നു വര്‍ഷം അറബി ഭാഷയും ഇസ്‌ലാമിക വിഷയങ്ങളും പഠിപ്പിച്ചിട്ടുണ്ട്. യുനൈറ്റഡ് ഇംഗ്ലീഷ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏതാനും ബോധവത്കരണ ക്ലാസ്സുകള്‍ നടത്തിയതിനു പുറമെ ഇംഗ്ലീഷ് സ്പീക്കിംഗ് സ്‌കൂളില്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിന് ജഡ്ജിയായും ഇരുന്നിട്ടുണ്ട്.
വിവിധ സംഘടനകള്‍ക്ക് പ്രാതിനിധ്യമുള്ള കേന്ദ്രമായിരുന്നു അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍. ഈയുള്ളവന്‍ യു.എ.ഇയില്‍ എത്തിയ കാലത്ത് ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പൂര്‍വ വിദ്യാര്‍ഥിയായ കെ.എം ഇബ്‌റാഹീം മൗലവിയായിരുന്നു അതിന്റെ പ്രസിഡന്റ്. വിഭാഗീയതകളില്ലാത്ത സംഘടനയെന്ന നിലയില്‍ വ്യത്യസ്ത വീക്ഷാഗതിക്കാരായ പണ്ഡിതന്മാര്‍ അവിടെ വന്നിരുന്നു. എന്റെ ദിവസങ്ങള്‍ നീണ്ടുനിന്ന പ്രഭാഷണങ്ങളും ക്ലാസ്സുകളും അവിടെ വെച്ച് നടത്തിയിരുന്നു. 
ഞാന്‍ ദുബൈയിലെത്തുന്ന സമയത്ത് വിവിധ മുസ്‌ലിം സംഘടനകളുടെ പ്രാതിനിധ്യമുള്ള കേരള മുസ്‌ലിം ജമാഅത്ത് എന്ന ഒരു കൂട്ടായ്മ രൂപവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നു. ആറ്റക്കോയ പള്ളിക്കണ്ടി, എസ്.കെ മുഹമ്മദ്, മുഹ്‌യിദ്ദീന്‍ മദനി, ടൂറിസ്റ്റ് മൊയ്തീന്‍, തെരുവത്ത് ഖാദര്‍ മുതലായവരായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. ദേരയിലുണ്ടായിരുന്ന ടൂറിസ്റ്റ് ഹോട്ടലിലായിരുന്നു അതിന്റെ യോഗങ്ങള്‍ നടന്നിരുന്നത്. അതിന്റെ പല പരിപാടികളിലും സംബന്ധിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ചില കാരണങ്ങളാല്‍ ആ കൂട്ടായ്മക്ക് മുന്നോട്ടു പോകാന്‍ സാധിച്ചില്ല.
ദുബൈ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി എന്ന പേരില്‍ ജനസേവനപ്രധാനമായ ഒരു സംവിധാനവും മലയാളികളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. തെരുവത്ത് ഖാദര്‍, അഡ്വ. ഉസ്മാന്‍, കെ.ഇ പോക്കു, എസ്.കെ മുഹമ്മദ് തുടങ്ങിയവര്‍ അതിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. പ്രാദേശികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട വിവിധ വെല്‍ഫെയര്‍ അസോസിയേഷനുകളുടെ വാര്‍ഷിക യോഗങ്ങളിലേക്കും ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. തലശ്ശേരി, മാഹി, കണ്ണൂര്‍ അസോസിയേഷനുകള്‍ അവയില്‍ ചിലതാണ്.
ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന, ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവക്ക് യു.എ.ഇയില്‍ തുടക്കം കുറിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ ഈയുള്ളവന് സാധിച്ചിട്ടുണ്ട്. പ്രസ്തുത രണ്ട് സംവിധാനങ്ങളുടെയും പ്രഥമ പ്രസിഡന്റ് ഞാന്‍ തന്നെയായിരുന്നു. പെരിന്തല്‍മണ്ണയിലുണ്ടായിരുന്ന ശാന്തപുരം ലോഡ്ജിന്റെ രണ്ട് നില നിര്‍മിക്കുന്നതില്‍ യു.എ.ഇയിലെ പൂര്‍വ വിദ്യാര്‍ഥികളുടെ പങ്ക് വലുതായിരുന്നു. ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ശ്രദ്ധിക്കുന്നത് മഹല്ല് നിവാസികളിലെ നിര്‍ധനരായവര്‍ക്ക് സഹായമെത്തിക്കുന്നതിലാണ്. ഇരു സംഘടനകളും നാലു പതിറ്റാണ്ടുകള്‍ക്കു ശേഷവും സേവനം തുടരുന്നു.

ചന്ദ്രിക റീഡേഴ്‌സ് ഫോറം, കെ.എം.സി.സി
യു.എ.ഇയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ പ്രവാസ പോഷക സംഘടനയായിരുന്നു 'ചന്ദ്രിക റീഡേഴ്‌സ് ഫോറം.' പിന്നീട് മുസ്‌ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗ് 'കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍' (കെ.എം.സി.സി) എന്ന പേരില്‍ മറ്റൊരു സംഘടനയുണ്ടാക്കി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും അഖിലേന്ത്യാ മുസ്‌ലിം ലീഗും വേര്‍പിരിഞ്ഞു നില്‍ക്കുന്ന കാലത്ത് ചന്ദ്രിക റീേഡഴ്‌സ് ഫോറവും കെ.എം.സി.സിയും ഒരേസമയം നിലവിലുണ്ടായിരുന്നു. ഇരു സംഘടനകളും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രവാസി സംഘടനകളില്‍ ഒന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചു. കെ.എം.സി.സി എന്ന പേരാണ് പല കാരണങ്ങളാലും നല്ലത് എന്ന അഭിപ്രായമനുസരിച്ച് കെ.എം.സി.സിയെ നിലനിര്‍ത്തുകയും ചന്ദ്രിക റീഡേഴ്‌സ് ഫോറം പിരിച്ചുവിടുകയും ചെയ്തു. ഇരു സംഘടനകളുടെയും പ്രവര്‍ത്തകരുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. വിവിധ പരിപാടികളിലേക്ക് അവര്‍ എന്നെ ക്ഷണിക്കാറുണ്ടായിരുന്നു. 'ചന്ദ്രിക'യുടെ റമദാന്‍ സപ്ലിമെന്റിലും കെ.എം.സി.സിയുടെ സുവനീറിലും അഖിലേന്ത്യാ ലീഗിന്റെ മുഖപത്രമായിരുന്ന 'ലീഗ് ടൈംസി'ലും എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

പീസ് ലവേഴ്‌സ്
ദുബൈയില്‍ പീസ് ലവേഴ്‌സ് എന്ന പേരില്‍ മലയാളികളുടെ ഒരു കൂട്ടായ്മ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, വാണിജ്യ-വ്യവസായ പ്രമുഖര്‍, ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ മുതലായവര്‍ അംഗങ്ങളായ അഭ്യസ്തവിദ്യരുടെ കൂട്ടായ്മയാണിത്. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസ്സുകളും ചര്‍ച്ചകളും സംഘടിപ്പിച്ച് കൂട്ടായ ഡിന്നറിനു ശേഷം പിരിയുന്ന രീതിയാണ് ഇതിനുള്ളത്. ഡോ. ടി. അഹ്മദ്, ഡോ. ഖാസിം, അഡ്വ. നജീദ്, എം.സി ജലീല്‍, കെ.വി അബ്ദുന്നാഫിഅ്, അബ്ദുല്‍ ഗഫൂര്‍ (എടവനക്കാട്) തുടങ്ങിയ പേരുകള്‍ ഓര്‍മയില്‍ വരുന്നു. 

റമദാനിലെ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍
അറിവും ആത്മഹര്‍ഷവും പകര്‍ന്നു നല്‍കുന്നതായിരുന്നു റമദാന്‍ രാവുകളില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദുബ്‌നു റാശിദ് തുടക്കം കുറിച്ച മത്സരം ശ്രോതാക്കള്‍ക്ക് ഖുര്‍ആനികമായ പല അറിവുകളും പകര്‍ന്നുനല്‍കാന്‍ സഹായകമാണ്. പ്രസ്തുത പരിപാടി ആരംഭിച്ചതു മുതല്‍ ദുബൈ വിടുന്നതുവരെ നടന്ന എല്ലാ മത്സരങ്ങള്‍ക്കും സാക്ഷിയാകാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിവിധ നാട്ടുകാരും ഭാഷക്കാരും പ്രായക്കാരുമായ മത്സരാര്‍ഥികള്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത രീതിയിലും ശൈലിയിലുമുള്ള ഖുര്‍ആന്‍ പാരായണവും ഖുര്‍ആനിക വിജ്ഞാനീയങ്ങളില്‍ അഗ്രഗണ്യരായ പണ്ഡിതന്മാര്‍ അതിന് നടത്തുന്ന നിരൂപണങ്ങളും ഏറെ പ്രയോജനകരമായിരുന്നു. ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്ക് വന്‍തുക സമ്മാനമായി നല്‍കുന്നതിനു പുറമെ അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമിക സേവനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ 'അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വം' എന്ന പേരില്‍ ഉന്നത അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുന്ന പതിവുണ്ട്.
പ്രവാസികളെ മാത്രം ഉദ്ദേശിച്ച് ഉര്‍ദു, ബംഗാളി, മലയാളം ഭാഷകളില്‍ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍നിന്ന് ഒരു വര്‍ഷം അബ്ദുസ്സമദ് സമദാനിയാണ് പങ്കെടുത്തത്. ബംഗാളിയില്‍ ബംഗ്ലാദേശ് ജമാഅത്ത് നേതാവും സുപ്രസിദ്ധ പ്രഭാഷകനുമായ മൗലാനാ ദല്‍വാര്‍ ഹുസൈന്‍ സഈദിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ദുബൈ ഈദ്ഗാഹ് നിറഞ്ഞുകവിഞ്ഞ ജനസഞ്ചയമുണ്ടായിരുന്നു.
ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ നായകത്വം വഹിച്ചിരുന്നത് ആരിഫ് അബ്ദുല്‍കരീം, ഇബ്‌റാഹീം ബൂ മില്‍ഹ, ഡോ. സഈദ് ഹാരിബ് തുടങ്ങിയവരായിരുന്നു. എനിക്ക് അവരുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. ഒരു വര്‍ഷം ആരിഫ് അബ്ദുല്‍ കരീം എന്നെ വിളിച്ചു പറഞ്ഞു: ''ഈ വര്‍ഷത്തെ ഖുര്‍ആന്‍ പാരായണത്തോടനുബന്ധിച്ച് മലയാളത്തില്‍ ഒരു പ്രഭാഷണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അനുയോജ്യനായ ഒരു വ്യക്തിയുടെ പേര് നിങ്ങള്‍ നല്‍കുകയാണെങ്കില്‍ യാത്രാസംബന്ധമായ എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ചെയ്യാം.'' ദുബൈയിലെയും നാട്ടിലെയും പ്രസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷം ശൈഖ് മുഹമ്മദ് കാരകുന്നിന്റെ പേരാണ് ഞാന്‍ നിര്‍ദേശിച്ചത്. അതുപ്രകാരം 2003 നവംബര്‍ അഞ്ചിന് ശൈഖ് സാഹിബ് ദുബൈയിലെത്തി. ദേര ദുബൈയിലെ മസ്ജിദ് സര്‍ഊനി, ബര്‍ദുബൈയിലെ ശൈഖ് റാശിദ് ഓഡിറ്റോറിയം, ഷാര്‍ജയിലെ മസ്ജിദ് അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ് എന്നിവിടങ്ങളില്‍ നടത്തിയ വിജ്ഞാനദായകവും വികാരോജ്ജ്വലവുമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ വന്‍ ജനാവലി ശ്രോതാക്കളായി എത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബൈ വാണിജ്യ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഉര്‍ദു പ്രഭാഷണം നിര്‍വഹിക്കുന്നതിന് മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഗവണ്‍മെന്റ് അതിഥിയായി പങ്കെടുക്കുകയുണ്ടായി. പ്രഭാഷണം ശ്രവിക്കാന്‍ യു.എ.ഇയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് ധാരാളം ആളുകള്‍ സംബന്ധിച്ചു. ഖുര്‍ആന്‍ പാരായണമത്സരം സംഘടിപ്പിക്കപ്പെടാറുള്ള ദുബൈ ചേംബര്‍ ഓഫ് കൊമോഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി. മൗലാനയുടെ ഉര്‍ദു പ്രസംഗം മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാനുള്ള അവസരം ഈയുള്ളവനാണ് ലഭിച്ചത്.

മസ്ജിദ് സല്‍മാനുല്‍ ഫാരിസി
ശാന്തപുരം മഹല്ലിന്റെ ഹൃദയഭാഗമായ ചുങ്കത്ത് മസ്ജിദ് സല്‍മാനുല്‍ ഫാരിസി എന്ന ഒരു പള്ളിയുണ്ട്. അതിന്റെ നിര്‍മാണത്തിനു പിന്നില്‍ ഒരു പ്രത്യേക പശ്ചാത്തലമുണ്ട്. 
കേരളത്തിലെ മുസ്‌ലിം മഹല്ലുകള്‍ക്കിടയില്‍ പല നല്ല കാര്യങ്ങളിലും മുന്നില്‍ നടക്കുന്ന മഹല്ലാണ് ശാന്തപുരം. സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളില്‍ അത് മികച്ചുനില്‍ക്കുന്നതിനു പിന്നില്‍ പ്രധാനമായും മഹല്ല് കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്. മഹല്ല് വാര്‍ഡുകളായി തിരിച്ചിട്ടു്. ഓരോ വാര്‍ഡിലും ഓരോ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. മുള്ള്യാകുര്‍ശി, ശാന്തപുരം, പടിഞ്ഞാറേ പള്ളിക്കുത്ത്, കിഴക്കേ പള്ളിക്കുത്ത് എന്നീ വാര്‍ഡുകളില്‍ ചുങ്കം ഉള്‍പ്പെടുന്ന പടിഞ്ഞാറേ പള്ളിക്കുത്ത് ഒഴികെ എല്ലാ വാര്‍ഡുകളിലും ജുമുഅത്ത് പള്ളികളുണ്ടായിരുന്നു. പത്തൊമ്പതു വര്‍ഷം മുമ്പുവരെ പടിഞ്ഞാറേ പള്ളിക്കുത്ത് നിവാസികള്‍ ജുമുഅ നമസ്‌കാരത്തിനും മറ്റും ആശ്രയിച്ചിരുന്നത് മഹല്ലിനപ്പുറമുള്ള പള്ളികളെയാണ്. ത്യാഗസന്നദ്ധരായ പഴയ തലമുറയിലെ പലരും ശാന്തപുരം വാര്‍ഡിലെ കേന്ദ്ര മസ്ജിദില്‍ എത്തിച്ചേരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പുതിയ തലമുറയില്‍പെട്ട അധികപേരും വെള്ളിയാഴ്ചകളില്‍ ഖുത്വ്ബയുടെയോ നമസ്‌കാരത്തിന്റെയോ അവസാന സമയത്ത് സമീപത്തുള്ള പഴയ രീതിയിലുള്ള പള്ളിയില്‍ പോയി ഒരു ചടങ്ങെന്ന വണ്ണം നമസ്‌കരിച്ചുപോരുകയായിരുന്നു ചെയ്തിരുന്നത്. ജുമുഅ തന്നെ ഉപേക്ഷിക്കുന്നവരും കുറവായിരുന്നില്ല. അങ്ങനെ പടിഞ്ഞാറേ പള്ളിക്കുത്ത് വാര്‍ഡ് പല കാര്യങ്ങളിലും പിന്നിലായി.
ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ നാട്ടില്‍ വരുമ്പോള്‍ ചുങ്കത്ത് ഒരു ജുമുഅത്ത് പള്ളി അത്യാവശ്യമാണെന്ന് ഈയുള്ളവന് തോന്നാറുണ്ട്. പക്ഷേ അതിന് അനുയോജ്യമായ സ്ഥലം എവിടെനിന്ന് ലഭിക്കും?  ഒരിക്കല്‍ കെ.കെ മമ്മുണ്ണി മൗലവിയോട് പള്ളി നിര്‍മിക്കാന്‍ എത്ര സ്ഥലം വേണ്ടിവരുമെന്ന് അന്വേഷിച്ചപ്പോള്‍, പത്ത് സെന്റ് മതിയാവും എന്ന് അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ ചുങ്കം അങ്ങാടിയുടെ ഹൃദയഭാഗത്ത് എന്റെ കൈവശമുണ്ടായിരുന്ന സ്ഥലത്തെക്കുറിച്ച് ആലോചിച്ചു. ഭൂമിയുടെ ഒരു ഭാഗത്ത് വാടകക്ക് കൊടുക്കാനുള്ള പീടികമുറികളടങ്ങുന്ന ഒരു കെട്ടിടം മാത്രമേ നിര്‍മിച്ചിട്ടുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള സ്ഥലത്തുനിന്ന് പള്ളിക്കാവശ്യമായ സ്ഥലം കൊടുത്താലോ എന്ന് ആലോചിച്ചു. വീട്ടില്‍ വന്ന് ഭാര്യയോട് ഇക്കാര്യം ചര്‍ച്ച ചെയ്തു. പള്ളിക്ക് പത്തു സെന്റ് സ്ഥലം ആവശ്യമാണെങ്കില്‍ നിങ്ങളുടെ കൈവശമുള്ള സ്ഥലത്തു നിന്ന് അത് കൊടുക്കാമല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം. താമസിയാതെ പള്ളിക്കാവശ്യമായ സ്ഥലം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. പള്ളി നിര്‍മിക്കാനുള്ള സംഖ്യ എവിടെ നിന്ന് ലഭിക്കും എന്നായി പിന്നെ ആലോചന. എല്ലാം ദുബൈയില്‍ എത്തിയ ശേഷം ശ്രമിക്കാം എന്ന് തീരുമാനിച്ച് ദുബൈയില്‍ തിരിച്ചെത്തി. അവിടെ അല്‍ കറാമ സെന്ററില്‍ വനിതകള്‍ക്ക് ഒരു ക്ലാസ്സ് നടത്തുന്നുണ്ടായിരുന്നു. ക്ലാസില്‍ പങ്കെടുക്കുന്ന ഒരു സ്ത്രീ ക്ലാസ് കഴിഞ്ഞ ശേഷം വിവിധ വിഷയങ്ങളിലുള്ള സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. അതേ സ്ത്രീ തന്നെ ടെലിഫോണിലൂടെയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ആളുകളുടെ പേരോ നാടോ ഞാന്‍ ചോദിക്കുമായിരുന്നില്ല. ഞാന്‍ തിരിച്ചെത്തിയ ശേഷം ആ സഹോദരി ഫോണില്‍ വിളിച്ച് എന്നോട് പറഞ്ഞു: ''ഉസ്താദേ, ഞങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്നുണ്ട്. ഞങ്ങളെ പരിചയമുള്ള സ്ഥലത്താവരുത്. ചെയ്ത കാര്യം മറ്റുള്ളവര്‍ എടുത്തു പറഞ്ഞ് പ്രതിഫലം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകരുത്.'' ഞാനപ്പോള്‍ ചോദിച്ചു: ''ഒരു പള്ളിയായാലോ?'' അതാവാം എന്നായിരുന്നു മറുപടി. ''എന്നാല്‍ ഞാനിപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഒരു പള്ളിക്ക് സ്ഥലം വഖ്ഫ് ചെയ്ത് വന്നിരിക്കുകയാണ്. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഒരാളുടെ ചെലവില്‍ അതിലൊരു പള്ളി നിര്‍മിക്കാം.'' അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ''എനിക്ക് സമ്മതമാണ്. ഉസ്താദ് വഖ്ഫ് ചെയ്ത സ്ഥലത്ത് ഞങ്ങളൊരു പള്ളി നിര്‍മിക്കുക എന്നത് മഹാ ഭാഗ്യമാണ്.'' അപ്പോഴാണ് ആ സഹോദരിയുടെ പേരും നാടും മറ്റും മനസ്സിലാക്കിയത്. അവരുടെ ഭര്‍ത്താവ് അല്‍ഫുത്വയിം പള്ളിയില്‍ എന്റെ ജുമുആനന്തര പ്രഭാഷണം കേള്‍ക്കാറുണ്ട്. എങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹവുമായി ഫോണിലും കുടുംബവുമായി വീട്ടില്‍ ചെന്നും പരിചയപ്പെട്ടു. പള്ളിക്ക് പ്ലാന്‍ തയാറാക്കാന്‍ ഏര്‍പ്പാട് ചെയ്തു. നിര്‍മാണം ആരംഭിച്ച് ആറു മാസം കൊണ്ട് പണി പൂര്‍ത്തിയായി. 2000 ആഗസ്റ്റ് 27-നായിരുന്നു ഉദ്ഘാടനം.
ചുങ്കം പ്രദേശത്തെ പല ഇസ്‌ലാമിക പരിപാടികളും സംഘടിപ്പിക്കപ്പെടുന്നത് മസ്ജിദ് സല്‍മാനുല്‍ ഫാരിസി കേന്ദ്രമാക്കിക്കൊണ്ടാണ്. റമദാന്‍ മാസത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരിക്കും. പള്ളിയിലെ സമൂഹ നോമ്പുതുറക്കുള്ള എല്ലാ ചെലവും വഹിക്കുന്നത് പള്ളി നിര്‍മിച്ച കുടുംബം തന്നെയാണ്. ഇടക്കാലത്ത് പള്ളിയുടെ ചില പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംഖ്യ നല്‍കിയതും ഉദാരമതികളായ അതേ കുടുംബം. 

(തുടരും)

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌