ബോകോ ഹറാമിന്റെ പിടി അയയുന്നു
തീവ്രവാദ സംഘടനയായ ബോകോ ഹറാമിനെ പരാജയപ്പെടുത്തിയെന്നാണ് നൈജീരിയയുടെ അവകാശവാദം. ബോര്‍നോ, യോബെ, അദാമാവ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ബോകോ ഹറാം പിന്‍വാങ്ങിയതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരിയുടെ സീനിയര്‍ അസിസ്റ്റന്റ് ഗര്‍ബ ശേഹു അറിയിച്ചു. ഈ ഗ്രാമപ്രദേശങ്ങളില്‍നിന്ന് അവരെ തുരത്താന്‍ സൈനിക നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015-ല്‍ മുഹമ്മദ് ബുഖാരി അധികാരമേറ്റതു മുതല്‍ രാജ്യത്ത് കൂടുതല്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ കഴിഞ്ഞെന്നാണ് ഭരണകൂട ഭാഷ്യം. മള്‍ട്ടി നാഷ്‌നല്‍ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് (MN JTF) ആണ് ബോകോ ഹറാം അടക്കമുള്ള വിമത - തീവ്രവാദ വിഭാഗങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് നേതൃത്വം നല്‍കുന്നത്.
മുഹമ്മദ് മര്‍വ മൈത്തത്‌സിനെ, ശൈഖ് മുഹമ്മദ് യൂസുഫ് എന്നിവരുടെ ആശയങ്ങളാണ് ബോകോ ഹറാമിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1970-കളില്‍ ഭരണകൂട നയങ്ങളോടും പാശ്ചാത്യ വിദ്യാഭ്യാസ രീതിയോടും വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സലഫി പണ്ഡിതന്‍ മുഹമ്മദ് മര്‍വ മൈത്തത്‌സിനെ നടത്തിയ പ്രക്ഷോഭം നൈജീരിയന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തി. മൈത്തത്‌സിനെ കലാപം എന്ന പേരില്‍ അറിയപ്പെട്ട ഈ ആഭ്യന്തര സംഘര്‍ഷത്തില്‍ അയ്യായിരത്തിലധികം പേരാണ് വധിക്കപ്പെട്ടത്. മുഹമ്മദ് മര്‍വയുടെ വധത്തിനു ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ പല ഗ്രൂപ്പുകളായി. 2003-ല്‍ നൈജീരിയന്‍ താലിബാന്‍ എന്ന വിഭാഗം രംഗത്തു വന്നത് ഭരണകൂടത്തിനെതിരെ സായുധാക്രമണം നടത്തിക്കൊാണ്. ഭരണകൂടം നൈജീരിയന്‍ താലിബാനെയും അടിച്ചമര്‍ത്തി. ഈ വിഭാഗത്തിന്റെ പ്രധാനികളിലൊരാളായ ശൈഖ് മുഹമ്മദ് യൂസുഫാണ് ജമാഅത്തു അഹ്‌ലിസ്സുന്നഃ ലിദ്ദഅ്‌വത്തി വല്‍ ജിഹാദ് അഥവാ ബോകോ ഹറാം എന്ന സംഘടന രൂപീകരിച്ചത്. 2009-ല്‍ മുഹമ്മദ് യൂസുഫ് പോലീസ് കസ്റ്റഡിയില്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മല്ലം സാനി ഉമര്‍ സംഘടനാ നേതാവായി. അബൂബക്ര്‍ ഇബ്‌നു മുഹമ്മദ് ശൈഖാവിയാണ് ഇപ്പോള്‍ ബോകോ ഹറാമിനെ നയിക്കുന്നത്. നൈജീരിയയുടെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലില്‍ ശൈഖാവി കൊല്ലപ്പെട്ടു എന്ന് ഒന്നിലധികം തവണ വാര്‍ത്ത വന്നുവെങ്കിലും അത് തെറ്റാണെന്ന് പിന്നീട് വ്യക്തമായി.
ബ്രിട്ടീഷ് സാമ്രാജ്യത്വം തദ്ദേശ വിദ്യാഭ്യാസക്രമത്തെ ഇടിച്ചുതാഴ്ത്തി കൊളോണിയല്‍ വിദ്യാഭ്യാസരീതിയും പാശ്ചാത്യ സംസ്‌കാരവും നൈജീരിയന്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് ബോകോ ഹറാം രംഗത്തു വന്നത്. പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ, ബോകോ ഹറാമെന്നാല്‍ 'പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധമാണ്' എന്നല്ല അര്‍ഥമെന്നും പടിഞ്ഞാറന്‍ സംസ്‌കാരത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു മല്ലം സാനി ഉമര്‍ വാദിക്കുന്നു. സായുധാക്രമണത്തിന് പുറമെ കൊള്ളയടിക്കല്‍, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, അടിമക്കച്ചവടം, ലൈംഗിക പീഡനം തുടങ്ങിയ ഇസ്‌ലാമികവിരുദ്ധ രീതികള്‍ സ്വീകരിച്ചതോടെ പൊതുസമൂഹത്തില്‍ ബോകോ ഹറാം കൂടുതല്‍ അനഭിമതരായി.
തീവ്ര സലഫീ കാഴ്ചപ്പാട്, വിമത സ്വരങ്ങളെ സൈന്യത്തെ വിട്ട് അടിച്ചമര്‍ത്തല്‍, അവികസനം, അധികാര ദുര്‍വിനിയോഗം എന്നിവയുടെ ഉല്‍പന്നമാണ് ബോകോ ഹറാമെന്ന് Searching For Boko Haram: A History of Violence in Central Africa (2018) എന്ന കൃതിയില്‍ സ്‌കോട്ട് മക് ഈച്ചന്‍ നിരൂപിക്കുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സുരക്ഷാ ഏജന്‍സികളെ കൂട്ടുപിടിച്ചുള്ള തീവ്രവാദവിരുദ്ധ യുദ്ധം ഫലം കില്ലെന്നാണ് Boko Haram: The Socio-Economic Drivers (2015) എന്ന ഹകീം ഒനാപാജോ എഡിറ്റ് ചെയ്ത കൃതിയില്‍ സമര്‍ഥിക്കുന്നത്. മതതീവ്രത മാത്രമല്ല നൈജീരിയയുടെ പ്രശ്‌നം. ഭരണകൂടങ്ങളുടെ ആഭ്യന്തര നയങ്ങള്‍ ബോകോ ഹറാം പോലുള്ള തീവ്രവാദ സംഘടനകള്‍ രൂപപ്പെടാനുള്ള സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് എഡ്‌ലൈന്‍ എസെ അനുഗ് വോം നിരീക്ഷിക്കുന്നുണ്ട്. ഭരണകര്‍ത്താക്കളുടെ അഴിമതി, രാഷ്ട്രീയമായ അരക്ഷിതാവസ്ഥ, സാമൂഹികവും സാമ്പത്തികവുമായ പ്രാന്തവല്‍ക്കരണവും അസന്തുലിതത്വവും - ഇവയും നൈജീരിയയില്‍ വിമത സംഘടനകള്‍ ശക്തിയാര്‍ജിക്കുന്നതിന് പ്രധാന കാരണങ്ങളാണെന്ന് എഡ്‌ലൈന്‍ എസെ അനുഗ് വോം എഴുതിയ The Boko Haram Insurgence In Nigeria: Perspectives from Within (2019) എന്ന പുസ്തകത്തില്‍ സമര്‍ഥിക്കുന്നു.
മുഖ്യധാരാ സലഫി പണ്ഡിതരും നൈജീരിയന്‍ മുസ്‌ലിംകളില്‍ ആഴത്തില്‍ സ്വാധീനമുള്ള സൂഫീ ത്വരീഖത്തുകളും ഹംസത് അല്ലമീനിനെ പോലുള്ള സാമൂഹിക പ്രവര്‍ത്തകരും ബോകോ ഹറാമിന്റെ സ്വാധീനം ദുര്‍ബലമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
Comments