Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

പൊരുളറിഞ്ഞ് ഫുര്‍ഖാന്‍ റിയാലിറ്റി ഷോ...

അബ്ദുര്‍റസാഖ് പുലാപ്പറ്റ

കേരള മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് നേതൃത്വം നല്‍കിയ 'ഖുര്‍ആനറിയാം പൊരുളറിയാം' കാമ്പയിന്‍ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു. ഒരു വര്‍ഷം നീണ്ടുനിന്ന കാമ്പയിന്‍ വിദ്യാര്‍ഥികളിലും പൂര്‍വ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മജ്ലിസ് നേതൃത്വം നല്‍കുന്ന മദ്‌റസകളില്‍ 'ഖുര്‍ആനറിയാം പൊരുളറിയാം' കാമ്പയിന്റെ മത്സരങ്ങള്‍ നടന്നു. മദ്‌റസാതലം മുതല്‍ സംസ്ഥാനതലം വരെ, വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയവരാണ് അവസാന റൗണ്ടില്‍ എത്തിയത്. പങ്കെടുത്ത കുട്ടികളുടെ എണ്ണത്തേക്കാള്‍ രക്ഷിതാക്കളും കുടുംബങ്ങളും പരിപാടിയില്‍ സജീവ സാന്നിധ്യമായി.
മദ്‌റസാ കാമ്പയിനില്‍ ശ്രദ്ധിക്കപ്പെട്ട ഇനമായിരുന്നു ഫുര്‍ഖാന്‍ റിയാലിറ്റി ഷോ. 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയായിരുന്നു മത്സരം. വിജയിക്കുന്നവര്‍ക്ക് പരിശുദ്ധ ഉംറ നിര്‍വഹിക്കാനുള്ള അവസരമാണ് സംഘാടകര്‍ ഒരുക്കിയത്.   
ഖുര്‍ആനെ മുന്‍നിര്‍ത്തി നടന്ന ധാരാളം സംഗമങ്ങള്‍, പരിശീലന കളരികള്‍, കുടുംബ സദസ്സുകള്‍ എന്നിവയെല്ലാം നന്മയുടെ പുസ്തകത്തിലെ മികച്ച ഏടുകളായിരുന്നു. ഒരു  ലക്ഷത്തില്‍പരം ആളുകളാണ് യൂ റ്റിയൂബിലൂടെ മത്സരം കണ്ടത്. കാഴ്ചയുടെ ലോകത്ത് നന്മയുടെ നാമ്പായി ആ പ്രദര്‍ശനം മാറി.  
മീഡിയ വണ്‍ ചാനലിലൂടെയാണ് റിയാലിറ്റി ഷോ സംപ്രേഷണം ചെയ്തത്. വിശുദ്ധ റമദാന്റെ പകലിരവുകളെ ഖുര്‍ആന്റെ ഈണംകൊണ്ട് അലംകൃതമാക്കാന്‍ അതിലൂടെ സാധിച്ചു. മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത നന്മയുടെ വസന്തമായി മാറുകയായിരുന്നു റിയാലിറ്റി ഷോ. ഖുര്‍ആന്‍ പണ്ഡിതന്മാരുടെ ജഡ്ജിംഗ് പാനല്‍, മത - സാംസ്‌കാരിക മേഖലകളിലെ പ്രശസ്ത നേതാക്കളുടെ സാന്നിധ്യം, മികച്ച സെറ്റിംഗ്‌സ്... എല്ലാം പരിപാടിയുടെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.
ഫുര്‍ഖാന്‍ റിയാലിറ്റി ഷോയിലെ സീനിയര്‍ വിഭാഗത്തില്‍ സുമയ്യ നജീബും (അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യ വെസ്റ്റ് ചേന്ദമംഗല്ലൂര്‍, കോഴിക്കോട്) ജൂനിയര്‍ വിഭാഗത്തില്‍ മര്‍യം അസ്സഹ്‌റയുമാണ് (അല്‍മദ്‌റസത്തുസ്സാനവിയ്യ ശാന്തപുരം, മലപ്പുറം) ജേതാക്കള്‍. 24 എപ്പിസോഡുകളായി പ്രക്ഷേപണം ചെയ്ത റിയാലിറ്റി ഷോയിലെ അവസാന എപ്പിസോഡിലാണ് ഫലപ്രഖ്യാപനം നടന്നത്.
റിയാലിറ്റി ഷോയില്‍ ഖുര്‍ആന്‍ പാരായണം, ഹിഫഌ, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ വിഷയങ്ങളുടെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. കേരളത്തിനകത്തും പുറത്തും ഗള്‍ഫ് നാടുകളിലുമുള്ള മജ്‌ലിസ് മദ്‌റസകളിലെ അമ്പതിനായിരത്തോളം വിദ്യാര്‍ഥികളില്‍നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 205 വിദ്യാര്‍ഥികള്‍ക്ക് അതത് മേഖലകളില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് എലിമിനേഷനിലൂടെ 60 പേരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് നിരന്തര പരിശീലനം നല്‍കി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആറു പേരെ വീതം ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. അവരെ അഞ്ചു ദിവസത്തെ ഗ്രൂമിംഗിലൂടെ റിയാലിറ്റി ഷോയിലേക്ക് സജ്ജമാക്കുകയായിരുന്നു.
സീനിയര്‍ വിഭാഗത്തില്‍ മിസ്ബാഹുല്‍ഹഖ് (കോഴിക്കോട്), സ്വഫാ സിദ്ദീഖ് (കണ്ണൂര്‍), ഫാത്വിമ വഫാ (എറണാകുളം), അമല്‍ സകരിയ്യാ (മലപ്പുറം), റവാന്‍ റശീദ് (കോഴിക്കോട്) എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ പി. മുഹമ്മദ് ശാദിന്‍ (എറണാകുളം), കെ. ഹസ്‌ന ശബ്‌നം (മലപ്പുറം), ഹവ്വ ഖദീജ ഖാലിദ് (കോഴിക്കോട്), ടി.എം മുഹമ്മദ് ഹനാന്‍ (എറണാകുളം) എം. ഫന്നാന്‍ നവാസ് (ബംഗളൂരു) എന്നിവരുമായിരുന്നു ഇതര മത്സരാര്‍ഥികള്‍.
വൈ. ഇര്‍ശാദ്, ടി.പി.എ അസീസ് (പ്രൊഡ്യൂസേഴ്‌സ്), സമീര്‍ വല്ലപ്പുഴ, ജലീല്‍ കരുവാരകുണ്ട്, ഹൈദറലി മഞ്ഞപ്പെട്ടി, പി.കെ നൗഷാദ്, പി.എം ശരീഫുദ്ദീന്‍ തുടങ്ങിയവരായിരുന്നു റിയാലിറ്റി ഷോയുടെ അണിയറ ശില്‍പികള്‍. ലീന്‍ മര്‍യം, സുമയ്യ സമീര്‍ എന്നിവര്‍ അവതാരകരായിരുന്നു.
ഹാഫിള് അബ്ദുല്ലാ തിരൂര്‍ക്കാട്, ഹാഫിള് മൊയ്തു നദ്‌വി ഫുര്‍ഖാനി, ഹാഫിള് റഹ്മത്തുല്ലാ മഗ്‌രിബി, ബശീര്‍ മുഹ്‌യിദ്ദീന്‍, അബ്ദുര്‍റഹ്മാന്‍ പൊറ്റമ്മല്‍, ഹാഫിള് നഹാസ് മാള, ശരീഫ് കൊച്ചിന്‍ എന്നിവരായിരുന്നു ജൂറി പാനലില്‍. ടി.കെ ഉബൈദ്, പി.കെ ജമാല്‍, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഡോ. ജമീല്‍ അഹ്മദ് തുടങ്ങിയവര്‍ അതിഥികളായെത്തി.
കുന്ദമംഗലം മാക്കൂട്ടം ചാരിറ്റബ്ള്‍ ട്രസ്റ്റാണ് ജേതാക്കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള ഉംറ പാക്കേജ് സ്‌പോണ്‍സര്‍ ചെയ്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി