സമഗ്രാധിപത്യ കാമ്പസുകളിലെ ജനാധിപത്യ ഹിംസകള്‍
''മരണാവസ്ഥയില്‍നിന്നും ഞങ്ങള്‍ തിരിച്ചുവന്നു. ആസ്പത്രിയില്‍ എത്തിച്ച ഞങ്ങള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പല ശ്രമങ്ങളും അവര്‍ നടത്തി. ഞങ്ങളെ കാണാന്‍ ആരൊക്കെ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടു കൊടുക്കാന്‍ പെണ്‍കുട്ടികളെ രഹസ്യമായി ഏര്‍പ്പാടു ചെയ്തു. മാസങ്ങളോളം ഞങ്ങള്‍ ചികിത്സയിലായിരുന്നു. അപ്പുവിനെയും ജയചന്ദ്രനെയും നാട്ടില്‍ കൊണ്ടുപോയി, ചികിത്സിച്ചു. ഞങ്ങള്‍ക്കെതിരെ അവര്‍ വാര്‍ത്ത കൊടുത്തു. അഭിമാനി എന്നു പേരുള്ള ഒരു പത്രത്തില്‍ മാത്രം വാര്‍ത്ത വന്നു. ഹോസ്റ്റലില്‍ കയറി നക്‌സലൈറ്റുകള്‍ അവരെ ആക്രമിച്ചു എന്നായിരുന്നു ആ കള്ള വാര്‍ത്ത. ഞങ്ങളില്ലാത്ത തക്കത്തില്‍ ഹോസ്റ്റല്‍ ഇലക്ഷന്‍ നടത്താന്‍ വാര്‍ഡനോട് അവര്‍ ആവശ്യപ്പെട്ടു'' (ജാഗ, എം.ബി മനോജ്).
തൊണ്ണൂറുകളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പരമ്പരാഗത ഇടതു രാഷ്ട്രീയത്തില്‍നിന്ന് മാറി പുതിയ വിദ്യാര്‍ഥി രാഷ്ട്രീയ പ്രതിനിധാനം നിര്‍വഹിക്കുമ്പോഴുണ്ടായ സംഘര്‍ഷങ്ങളാണ് 'ജാഗ' എന്ന നോവലില്‍ എം.ബി മനോജ് ചിത്രീകരിക്കുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയം എപ്പോഴും ഒരു പൊതു ചര്‍ച്ചയായി ഉയര്‍ന്നുവരാറുള്ളത് കാമ്പസ് അതിക്രമങ്ങളും സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ്. മാധ്യമങ്ങളും സിനിമകളും കാമ്പസുകളിലെ ഹിംസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ദൃശ്യത കൊടുക്കാറുള്ളത്. കേരളത്തിലെ കാമ്പസ് അതിക്രമസംഭവങ്ങളില്‍ എപ്പോഴും ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കാറുള്ളത് ഇടതു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളാണ്. തിരുവനന്തപുരം എം.ജി കോളേജ് പോലെയുള്ള കാമ്പസുകളില്‍ എ.ബി.വി.പി നടപ്പിലാക്കുന്ന ഫാഷിസവും ഇതര കാമ്പസുകളില്‍ എസ്.എഫ്.ഐ നടപ്പിലാക്കുന്ന ഫാഷിസവും തമ്മില്‍ ആശയത്തിലല്ലാതെ പ്രയോഗത്തില്‍ വ്യത്യാസം കാണുക സാധ്യമല്ല. മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളെയും ഇതര രാഷ്ട്രീയ ശബ്ദങ്ങളെയും ഹിംസയുടെ വ്യത്യസ്ത പ്രയോഗങ്ങളിലൂടെ അവര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഏറ്റവും അവസാന ഉദാഹരണങ്ങളാണ് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ നടന്ന രണ്ട് സംഭവങ്ങള്‍. ഒന്ന്, ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നിഖില എസ്.എഫ്.ഐയുടെ അസഹ്യമായ മാനസിക പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ര്, ഇക്കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമം നടന്നു. ഇരു സംഭവങ്ങളെയും തുടര്‍ന്ന് യൂനിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഇനിയെങ്കിലും സമൂഹം ഗൗരവത്തില്‍ കാണേണ്ടതുണ്ട്.
കേരളത്തില്‍ യൂനിവേഴ്സിറ്റി കോളേജില്‍ മാത്രം അരങ്ങേറുന്ന സംഭവങ്ങളായി വിഷയത്തെ കാണുന്നത് സത്യസന്ധമല്ല. അസഹനീയതയുടെ മൂര്‍ധന്യതയില്‍ അണപൊട്ടിയൊഴുകിയ പ്രതിഷേധമാണ് യൂനിവേഴ്സിറ്റി കോളേജില്‍ കണ്ടത്. ഒരര്‍ഥത്തില്‍ കാമ്പസുകളിലെ എസ്.എഫ്.ഐ സമഗ്രാധിപത്യത്തിന്റെ ഏറ്റവും ഭീകരമായ പ്രയോഗങ്ങള്‍ നടക്കുന്നത് യൂനിവേഴ്സിറ്റി കോളേജിലാകാം. അഖിലിനെ കുത്തിയ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പേരെടുത്തു പറയുന്ന യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ 13 പേരുണ്ട്. കോളേജില്‍ 'റൗണ്ട്‌സ്' എടുക്കുക, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ ഭീഷണിപ്പെടുത്തുക, സംഘടനാ മുഖപത്രത്തിന് ഭീഷണിപ്പെടുത്തി വരി ചേര്‍ത്തു പണം പിരിക്കുക, തങ്ങളുടെ ചൊല്‍പടിക്ക് നിന്നില്ലെങ്കില്‍ പരീക്ഷ എഴുതിപ്പിക്കില്ലെന്ന ഭീഷണി മുഴക്കുക, തലസ്ഥാന നഗരിയില്‍ നടക്കുന്ന സംഘടനാ പരിപാടികളിലും മാര്‍ച്ചുകളിലും വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെ അവരുടെ ആര്‍ത്തവ പ്രയാസങ്ങള്‍ പോലും പരിഗണിക്കാതെ മണിക്കൂറുകളോളം പൊരിവെയിലത്തു നിര്‍ത്തി വെള്ളം പോലും കൊടുക്കാതെ പീഡിപ്പിക്കുക, വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് കുശലം പറയുന്നത് പോലും അധികാരപ്രയോഗത്തിലൂടെ നിയന്ത്രിക്കുക തുടങ്ങി പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട് പാര്‍ട്ടി ഭരണം നിലനിര്‍ത്തുകയെന്നതാണ് ഈ യൂനിറ്റ് കമ്മിറ്റിയുടെ പണി. നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നല്‍കിയ മറുപടി പ്രകാരം 187 വിദ്യാര്‍ഥികളാണ് കഴിഞ്ഞ 5 വര്‍ഷക്കാലയളവിനുള്ളില്‍ യൂനിവേഴ്സിറ്റി കോളേജില്‍നിന്നും പഠനം പൂര്‍ത്തിയാക്കാതെ പിരിഞ്ഞുപോയത്. അതില്‍ അവസാനത്തെ പേര് മാത്രമാണ് നിഖിലയുടേത്. അഖിലിനെ കുത്തിയ കേസിലെ പ്രതി നസീം മുമ്പ് തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് പോലീസിനെ മര്‍ദിച്ച സംഭവത്തിലും പ്രതിയായിരുന്നു. ഭരണ സ്വാധീനം ദുരുപയോഗപ്പെടുത്തിയും നിയമനടപടിക്രമങ്ങളെ ബൈപ്പാസ് ചെയ്തും കാമ്പസ് ക്രിമിനലിസത്തെ പോറ്റി വളര്‍ത്തുന്നതില്‍ സര്‍ക്കാരിനും പങ്കുണ്ട്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ് വധശ്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചില വാദങ്ങളുണ്ട്. അഖില്‍ വധശ്രമ സംഭവത്തെ യൂനിവേഴ്സിറ്റി കോളേജില്‍ മാത്രം പരിമിതമായ, ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കുന്നു. കോളേജിലെ ചില എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മാത്രം പ്രശ്‌നമായും അവതരിപ്പിക്കുന്നു. കേരളത്തിലെ ഇടതു രാഷ്ട്രീയ ആധിപത്യമുള്ള കാമ്പസുകളുടെ ജനാധിപത്യ അനുഭവങ്ങളെടുത്ത് പരിശോധിച്ചാല്‍ ഈ വാദങ്ങളുടെ പൊള്ളത്തരം എളുപ്പം ബോധ്യപ്പെടും.
നാട്ടകം ഗവണ്‍മെന്റ് കോളേജ്, എം.ജി യൂനിവേഴ്സിറ്റി കാമ്പസ്, ഇടുക്കിയിലെ മുട്ടം പോളിടെക്‌നിക് കോളേജ്, ആലപ്പുഴ എസ്.ഡി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കുസാറ്റ്, തൃശൂര്‍ കേരളവര്‍മ കോളേജ്, പാലക്കാട് വിക്‌റ്റോറിയ കോളേജ്, മടപ്പള്ളി കോളേജ്, പേരാമ്പ്ര സി കെ.ജി കോളേജ്, പയ്യന്നൂര്‍ കോളേജ്, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി നിരവധിയു് ഇടതു സമഗ്രാധിപത്യത്തിന്റെ ഹിംസകളെ കുറിച്ച വാര്‍ത്തകള്‍ നിരന്തരം കേള്‍പ്പിക്കുന്ന കാമ്പസുകള്‍. എതിര്‍ക്കുന്നവരെ വളരെ വ്യവസ്ഥാപിതമായും ആസൂത്രിതമായും വേട്ടയാടാനുള്ള സംഘടനാ മെക്കാനിസം അവര്‍ക്കുണ്ട്. തങ്ങളുടെ സംഘടനയില്‍പെട്ട ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കൊണ്ട് റാഗിംഗ് കള്ളപ്പരാതികള്‍ കൊടുപ്പിച്ചും വിദ്യാര്‍ഥിനികളെ കൊണ്ടും ദലിത് വിദ്യാര്‍ഥികളെ കൊണ്ടും ദുഷ്ട ലാക്കോടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചും ഈ വേട്ടയാടല്‍ പല രീതിയില്‍ നടക്കുന്നുണ്ട്. നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും നിലക്കു നിര്‍ത്താനും അവര്‍ക്കറിയാം. മഹാരാജാസിലെ ആയുധപ്പുരയില്‍ കൈ വെച്ചപ്പോഴാണ് അവിടത്തെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പാലയാട് കാമ്പസില്‍ ഇതിനെതിരില്‍ ശബ്ദിച്ച അധ്യാപികക്ക് പിന്നീട് ജോലി തന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെയും കേരളവര്‍മ കോളേജിലെയും പ്രിന്‍സിപ്പല്‍മാര്‍ പരാതിയുന്നയിച്ചു രംഗത്തിറങ്ങിയിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മുദ്രാവാക്യം മുഴക്കുമ്പോഴും പ്രയോഗത്തില്‍ സമഗ്രാധിപത്യവും സ്റ്റാലിനിസവുമാണ് കാണാനുള്ളത്.
ഇവര്‍ ആര്‍ത്തവ പ്രശ്‌നങ്ങളെ കുറിച്ച് പുരോഗമനപരമായി സംസാരിക്കും; ആര്‍ത്തവകാരികളുടെ ശാരീരിക പ്രയാസങ്ങളെ പോലും മുഖവിലക്കെടുക്കാതെ ഭീഷണിപ്പെടുത്തി അവരെ ജാഥക്കിറക്കും. സംഘടനാ സമ്മേളന നഗരിക്ക് രോഹിത് വെമുലയുടെ പേര് കൊടുക്കും; മഹാരാജാസ് കോളേജില്‍ രോഹിത് സ്‌ക്വയര്‍ സ്ഥാപിക്കുന്ന വിദ്യാര്‍ഥികളെ സംഘടിതമായി മര്‍ദിക്കുകയും അത് തകര്‍ക്കുകയും ചെയ്യും. ഭക്ഷണ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിക്കുകയും പോസ്റ്റര്‍ ഇറക്കുകയും ചെയ്യും; ദാദ്രിയിലെ അഖ്‌ലാഖിനെ കുറിച്ച് കോളേജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞ തലശ്ശേരി പാലയാട് കാമ്പസിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചു ബോധം കെടുത്തും. നീല്‍സലാമും ലാല്‍സലാമും കൂട്ടിച്ചേര്‍ത്തു മുദ്രാവാക്യം വിളിക്കും; ദലിത് രാഷ്ട്രീയം പറയുന്നവനെ കഞ്ചാവുകാരനായും മാവോയിസ്റ്റായും പറയുന്നവളെ 'മോശക്കാരി'യായും ചിത്രീകരിക്കും. ഇതിന് സംഘടനാ നെറ്റ്വര്‍ക്കിലെ എല്ലാ സങ്കേതങ്ങളും ഉപയോഗപ്പെടുത്തും. 'ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലുള്ളത് മാനവ രക്തം' എന്ന പ്രത്യക്ഷത്തില്‍ കേള്‍ക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുന്ന മുദ്രാവാക്യങ്ങളും ഇക്കൂട്ടര്‍ കാമ്പസുകളില്‍ മുഴക്കാറുണ്ട്. ഇതുവഴി മതപരവും ജാതിപരവും ലിംഗപരവുമായ പ്രശ്‌നങ്ങളെയും പ്രതിനിധാനങ്ങളെയും സമര്‍ഥമായി പൈശാചികവത്കരിക്കാനും സാധിക്കുന്നു. മടപ്പള്ളി കോളേജില്‍ എസ്.എഫ്.ഐ ഇതര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ സല്‍വയെ, അവര്‍ ധരിച്ച പര്‍ദയെ മുന്‍നിര്‍ത്തി അധിക്ഷേപിച്ചത് അതിന്റെ ഭാഗമാണ്. കോളേജില്‍ വെച്ച് നമസ്‌കരിക്കുന്നതും ജാതി പ്രശ്‌നങ്ങളെ കുറിച്ച് ചോദ്യമുന്നയിക്കുന്നതും സ്ത്രീപക്ഷ രാഷ്ട്രീയ ശബ്ദങ്ങള്‍ മുഴക്കുന്നതും പ്രാദേശിക വിവേചനങ്ങളെ കുറിച്ച് ശബ്ദിക്കുന്നതുമെല്ലാം വര്‍ഗീയതയായും ജാതീയതയായും വിഘടനവാദമായും ചിത്രീകരിച്ച്, അവര്‍ക്കെതിരിലുള്ള ഏത് ഹിംസയും പൊതുസ്വീകാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ക്കില്ല.
കാമ്പസ് അതിക്രമങ്ങളും ജനാധിപത്യവും ചര്‍ച്ച ചെയ്യുമ്പോള്‍ പരിഹാരത്തെ കുറിച്ചാണ് നാം ഗൗരവത്തില്‍ ആലോചിക്കേണ്ടത്. അഖിലിനെതിരിലുള്ള വധശ്രമത്തിനു ശേഷം യൂനിറ്റ് കമ്മിറ്റി പിരിച്ചു വിടലോ ഭാരവാഹികളെ മാറ്റലോ അല്ല മൗലികമായ പരിഹാരം. അത് വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്. കാമ്പസുകളില്‍ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ വിശാലത കൈക്കൊള്ളാന്‍ തയാറുാേ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണാതെ വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം സാധ്യമാക്കുക എന്നതാണ് പ്രധാനം. തെറ്റുകളെ ന്യായീകരിക്കുന്ന സംഘടനാ കേഡറിസത്തിനു പകരം തെറ്റുകളും വീഴ്ചകളും ഏറ്റു പറയുകയും അവ ആത്മാര്‍ഥതയോടെ തിരുത്തുകയും ചെയ്യുന്ന തുറന്ന സമീപനമാണ് പരിഹാരം. നിഗൂഢതകള്‍ക്കും അതാര്യതകള്‍ക്കും പകരം സുതാര്യതയാണ് സ്വീകരിക്കേണ്ടത്.
പുറന്തള്ളിയും പക വീട്ടിയും ഹിംസയെ സ്വാഭാവികവത്കരിക്കുന്നതിനു പകരം, സംവാദത്തിലൂടെയും സഹനത്തിലൂടെയും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കാനാവണം. ഈ മൗലികമായ അഴിച്ചുപണിയലുകള്‍ക്ക് കാമ്പസ് ഫാഷിസത്തിന്റെ വക്താക്കള്‍ സന്നദ്ധരാകുമെങ്കില്‍ മാത്രമേ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന സംഘടനാ അച്ചടക്ക നടപടികള്‍ കൊ് വല്ല പ്രയോജനവുമുള്ളൂ.
(ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments