Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

ഖുര്‍ആന്‍ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്?

ഇമാം ഇബ്‌നുതൈമിയ്യ

ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് തന്നെ വ്യാഖ്യാനിക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. ഖുര്‍ആന്‍ ഒരിടത്ത് സൂചിപ്പിച്ചത് മറ്റൊരിടത്ത് വിശദീകരിച്ചിരിക്കും. ഒരിടത്ത് ചുരുക്കിപ്പറഞ്ഞത് മറ്റൊരിടത്ത് വിപുലപ്പെടുത്തി പറഞ്ഞിരിക്കും. ഈ രീതി അവലംബിക്കുന്നത് സഹായകരമാവില്ല എന്നു കണ്ടാല്‍ സുന്നത്തിലേക്ക് / പ്രവാചകചര്യയിലേക്ക് തിരിയണം. ഖുര്‍ആന്റെ വ്യാഖ്യാനമാണല്ലോ സുന്നത്ത്. ഇമാം അബ്ദുല്ല മുഹമ്മദു ബ്‌നു ഇദ്‌രീസ് അശ്ശാഫിഈ1 പറഞ്ഞു: ''പ്രവാചകന്‍ പറയുന്നതെല്ലാം അദ്ദേഹം ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കിയെടുത്തതാണ്.'' അല്ലാഹു പറയുന്നു: ''നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്'' (4:105). വീണ്ടും: ''വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചു മനസ്സിലാക്കട്ടെ!'' (16:44), ''നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള കാര്യങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണ്. വിശ്വസിക്കുന്ന ജനത്തിന് നേര്‍വഴി കാട്ടാനും. ഒപ്പം അനുഗ്രഹമായും'' (16:64). അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്: ''എനിക്ക് ഖുര്‍ആനും അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു.''2 'മറ്റൊന്ന്' എന്ന് പറഞ്ഞിരിക്കുന്നത് സുന്നത്തിനെക്കുറിച്ചാണ്. ഖുര്‍ആന്‍ പോലെ വഹ്‌യ് മുഖേന ലഭിക്കുന്നതാണ് സുന്നത്തും. പക്ഷേ ഖുര്‍ആന്‍ പോലെ അത് പ്രവാചകനെ പാരായണം ചെയ്ത് കേള്‍പ്പിക്കുന്നില്ല എന്നു മാത്രം. ഇതിന് അനുകൂലമായി ഇമാം ശാഫിഈയും മറ്റു പണ്ഡിതന്മാരും നിരവധി വാദമുഖങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ അതൊക്കെയും ഇവിടെ എടുത്തു ചേര്‍ക്കാന്‍ നിവൃത്തിയില്ല.
ഒരിക്കല്‍ പ്രവാചകന്‍ തന്റെ അനുചരനായ മുആദുബ്‌നു ജബലിനെ യമനിലേക്ക് അയക്കുമ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: 'ഒരു പ്രശ്‌നം വന്നാല്‍ താങ്കള്‍ എങ്ങനെ വിധിതീര്‍പ്പ് നടത്തും?' മുആദ് പറഞ്ഞു: 'അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ചായിരിക്കും എന്റെ വിധിതീര്‍പ്പ്.' പ്രവാചകന്‍ ചോദിച്ചു: 'ആ വിഷയം ദൈവിക ഗ്രന്ഥത്തില്‍ കണ്ടില്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യുക?' മുആദ്: 'പ്രവാചകചര്യ എന്തു പറയുന്നു എന്നു നോക്കും.' പ്രവാചകന്‍ വീണ്ടും: 'പ്രവാചക ചര്യയിലും കണ്ടില്ലെങ്കിലോ?' മുആദ്: 'ഞാന്‍ യുക്തിവിചാരം ചെയ്ത് കണ്ടെത്തും.' അപ്പോള്‍ മുആദിനെ തോളില്‍ തട്ടി അഭിനന്ദിച്ച് പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്‍ ഇഷ്ടപ്പെടുന്നതെന്തോ അത് ചെയ്യാന്‍ പ്രേരിതനായല്ലോ ദൈവദൂതന്റെ ദൂതന്‍; സര്‍വസ്തുതിയും അല്ലാഹുവിന്!' ഇത് ഹദീസ് സമാഹാരങ്ങളായ മുസ്‌നദിലും സുനനിലും പ്രബലമായ നിവേദക പരമ്പരയോടെ വന്നിട്ടുള്ള ഹദീസാണ്.
ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും സഹായം ലഭിക്കുന്നില്ലെങ്കില്‍ പിന്നെ നോക്കേണ്ടത് സ്വഹാബികളുടെ വാക്കുകളെയാണ്. അവര്‍ക്കാണല്ലോ ഖുര്‍ആന്‍ കൂടുതല്‍ നന്നായറിയുക. കാരണമവര്‍ ഖുര്‍ആന്‍ അവതരണത്തിന് സാക്ഷികളാണ്. ഏതൊക്കെ സന്ദര്‍ഭങ്ങളിലായിരുന്നു ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണമെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. സ്വഹാബികളില്‍ തന്നെ നേതൃസ്ഥാനത്തുണ്ടായിരുന്ന ആദ്യത്തെ നാല് ഖലീഫമാരെയും അബ്ദുല്ലാഹിബ്‌നു മസ്ഊദി3 നെപ്പോലുള്ള പണ്ഡിതന്മാരെയുമാണ് ആദ്യം പരിഗണിക്കേണ്ടത്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''പങ്കുകാരാരുമില്ലാത്ത അല്ലാഹുവാണ, ഖുര്‍ആനിലെ ഏതൊരു സൂക്തവും നിങ്ങള്‍ പറഞ്ഞോളൂ, അത് ഏതു കാര്യത്തില്‍, എവിടെ വെച്ച് ഇറങ്ങി എന്ന് എനിക്ക് നന്നായറിയാം. ഖുര്‍ആന്‍ എന്നേക്കാള്‍ കൂടുതല്‍ അറിയുന്ന ആള്‍ ഉണ്ടെന്നറിഞ്ഞാല്‍, എനിക്കയാളിലേക്ക് എത്തിച്ചേരാന്‍ പറ്റുമെങ്കില്‍, തീര്‍ച്ചയായും ഞാന്‍ അയാളെ കണ്ടിരിക്കും.''4
മറ്റൊരു പ്രധാന ഖുര്‍ആന്‍ പണ്ഡിതനാണ് പ്രവാചകന്റെ പിതൃവ്യപുത്രനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്.5 അദ്ദേഹത്തിന് തുണയായി പ്രവാചകന്റെ ഒരു പ്രാര്‍ഥനയുണ്ട്; ''അല്ലാഹുവേ, എനിക്ക് ഇസ്‌ലാമില്‍ ജ്ഞാനം നല്‍കിയാലും; അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ ഖുര്‍ആന്റെ ആശയം ഗ്രഹിപ്പിച്ചാലും.''6 അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നു: ''എത്ര മികച്ച ഖുര്‍ആന്‍ വ്യാഖ്യാതാവാണ് ഇബ്‌നു അബ്ബാസ്!''
ഖുര്‍ആനിലോ സുന്നത്തിലോ പ്രവാചക സഹചാരികളുടെ വാക്കുകളിലോ ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ പല പണ്ഡിതന്മാരും, സ്വഹാബികള്‍ക്കു ശേഷമുള്ള തലമുറയിലെ മുജാഹിദു ബ്‌നു ജുബൈറി7നെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ നോക്കും. മികച്ച ഖുര്‍ആന്‍ വ്യാഖ്യാതാവായിരുന്നു മുജാഹിദ്. മുജാഹിദ് പറഞ്ഞതായി അബ്ബാനുബ്‌നു സ്വാലിഹില്‍നിന്ന് മുഹമ്മദു ബ്‌നു ഇസ്ഹാഖ് ഉദ്ധരിക്കുന്നു: ''ഞാന്‍ ഇബ്‌നു അബ്ബാസിനോടൊപ്പം ഇരുന്ന് ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ മൂന്ന് വട്ടം വായിച്ചിട്ടുണ്ട്. ഓരോ സൂക്തം ഓതിക്കഴിയുമ്പോഴും ഞാന്‍ അതേക്കുറിച്ച് ഇബ്‌നു അബ്ബാസിനോട് ചോദിക്കും.'' അതുകൊണ്ടാണ് സ്വുഫ്‌യാന്‍ അസ്സൗരി8 പറഞ്ഞത്: ''മുജാഹിദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം കിട്ടുമെങ്കില്‍ അത് മതിയാവും.''
മുജാഹിദിനു പുറമെ പില്‍ക്കാല തലമുറയിലെ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്മാരാണ് സഈദുബ്‌നു ജുബൈര്‍,9 ഇബ്‌നു അബ്ബാസിന്റെ വിമോചിത അടിമ ഇക്‌രിമ,10 അത്വാഉബ്‌നു അബീ റബീഅ,11 ഹസന്‍ ബസ്വരി,12 മസ്‌റൂഖു ബ്‌നുല്‍ അജ്ദഅ്,13 സഈദു ബ്‌നുല്‍ മുസയ്യിബ്,14 അബുല്‍ ആലിയ,15 റബീഉബ്‌നു അനസ്,16 ഖത്താദ,17 ളഹ്ഹാകുബ്‌നു മുഹാസിം18 തുടങ്ങിയവര്‍. അവര്‍ക്ക് ശേഷമോ, അവര്‍ക്കും ശേഷമോ വന്ന തലമുറയില്‍പെട്ട പണ്ഡിതന്മാരായാലും അവരുടെ വ്യാഖ്യാനവും പരിഗണനീയം തന്നെ.
ശുഅ്ബയും19 മറ്റു ചിലരും ഇങ്ങനെ പറയുന്നുണ്ട്: ''നിയമനിര്‍ധാരണത്തില്‍ പില്‍ക്കാലക്കാര്‍(താബിഊന്‍)ക്ക് ആധികാരികത അവകാശപ്പെടാനാവില്ല എന്നിരിക്കെ, എങ്ങനെയാണ് അവര്‍ക്ക് തഫ്‌സീറില്‍ ആധികാരികത അവകാശപ്പെടാനാവുക?'' അദ്ദേഹം ഉദ്ദേശിച്ചത് ഒരുപക്ഷേ ഇതായിരിക്കാം: താബിഈ (പില്‍ക്കാലക്കാരന്‍) ആയ ഒരാള്‍ക്ക് അദ്ദേഹത്തോട് വിയോജിക്കുന്ന മറ്റൊരു താബിഈക്കെതിരെ തന്റെ അഭിപ്രായം ആധികാരികമായി സ്ഥാപിക്കാനാവില്ല. അത് ശരിയുമാണ്. പക്ഷേ, താബിഉകള്‍ എല്ലാവരും ഒരു കാര്യത്തില്‍ ഒന്നിക്കുകയാണെങ്കില്‍ അതിനൊരു ആധികാരികത കൈവരുമല്ലോ. പക്ഷേ ഭിന്നിച്ചു കഴിഞ്ഞാല്‍ ഈ ആധികാരികത നഷ്ടമാവുകയും ചെയ്യും. ഇങ്ങനെ പരസ്പരം ഭിന്നാഭിപ്രായം പുലര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ പിന്നെ നോക്കേണ്ടത് ഖുര്‍ആനിലെയും സുന്നത്തിലെയും അറബി ഭാഷാ പ്രയോഗങ്ങളിലേക്കാണ്. മൊത്തം അറബി സാഹിത്യവുമായും പ്രവാചകാനുചരന്മാരുടെ വാക്കുകളുമായും ബന്ധിപ്പിച്ചും അത്തരം പ്രയോഗങ്ങളെ പഠിക്കാം.
കേവല യുക്തിവിചാരത്തിലൂടെ മാത്രം ഖുര്‍ആന്‍ വ്യാഖ്യാനിക്കരുത്. അത് അനുവദനീയമല്ല. ദൈവദൂതന്‍ പറഞ്ഞു: ''വേണ്ടപോലെ വിവരമില്ലാതെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവന്‍ നരകത്തില്‍ തനിക്കൊരു ഇരിപ്പിടം ഒരുക്കുകയാണ് ചെയ്യുന്നത്'' (സുനന്‍ തിര്‍മിദി- തഫ്‌സീര്‍, മുസ്‌നദ് അഹ്മദ് ക, 233, 269). മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് ഇങ്ങനെ: ''കേവലം യുക്തി വെച്ച് ഖുര്‍ആനെക്കുറിച്ച് സംസാരിക്കുന്നവന്‍ പാപിയാണ്; അവന്‍ പറയുന്നത് ശരിയായിരുന്നാല്‍ പോലും.'' ഈ ഹദീസ്, അപൂര്‍വ ഇനത്തില്‍ (ഗരീബ്) പെട്ടതാണെന്ന് തിര്‍മിദി പറഞ്ഞിട്ടുണ്ട്.20 എങ്കിലും നിരവധി പണ്ഡിതന്മാര്‍ കേവല യുക്തി കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.
മുജാഹിദോ ഖത്താദയോ അതുപോലുള്ള പണ്ഡിതന്മാരോ ഖുര്‍ആന്‍ വ്യാഖ്യാനമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തദ്‌വിഷയകമായി നേടിയ അറിവിന്റെ വെളിച്ചത്തില്‍ തന്നെയാണെന്ന് നമുക്ക് മനസ്സിലാക്കാം. അവര്‍ കേവലം യുക്തിവിചാരം നടത്തുകയായിരുന്നില്ല. അവരെ സംബന്ധിച്ച റിപ്പോര്‍ട്ടുകളിലെല്ലാം കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവര്‍ വ്യാഖ്യാനം പറയാറുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ കേവലം യുക്തി വെച്ചാണ് ഒരാള്‍ ഖുര്‍ആനെ സംബന്ധിച്ച് സംസാരിക്കുന്നതെങ്കില്‍ അയാള്‍ അറിവിന്റെ അടിസ്ഥാനത്തിലല്ല അത് ചെയ്യുന്നതെന്നും പിന്തുടരാന്‍ കല്‍പിക്കപ്പെട്ട വഴി അയാള്‍ അതിലംഘിച്ചുവെന്നും മനസ്സിലാക്കാം. ഇനി അയാള്‍ പറയുന്നത് ശരിയാണെങ്കില്‍തന്നെ, നിര്‍ദിഷ്ട വഴി ഉപേക്ഷിച്ചതിനാല്‍ അയാള്‍ തെറ്റുകാരനായിത്തീര്‍ന്നിരിക്കുന്നു.
ഖുര്‍ആന്‍ സൂക്തങ്ങളുടെ പൊരുള്‍ നന്നായി ഉള്‍ക്കൊണ്ടും, ഭാഷാ പ്രയോഗങ്ങളെക്കുറിച്ചും അവയില്‍ ഉള്ളടങ്ങിയ നിയമവിധികളെക്കുറിച്ചും നല്ല പോലെ മനസ്സിലാക്കിയുമാണ് ഒരാള്‍ വ്യാഖ്യാനത്തിന് മുതിരുന്നതെങ്കില്‍ അതില്‍ അപാകമൊന്നുമില്ല. അത്തരം തഫ്‌സീറുകളാണല്ലോ നമുക്ക് ലഭിച്ചിട്ടുള്ളതും. നേരത്തേ പറഞ്ഞതുമായി ഇത് ഏറ്റുമുട്ടുന്നില്ല. ഈ വ്യാഖ്യാതാക്കള്‍ തങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു, അറിയാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പോയില്ല. എല്ലാവര്‍ക്കും ബാധകമായ തത്ത്വമാണിത്. അറിയാത്ത കാര്യം ആരും പറയരുത്. അതേസമയം അറിയുന്ന കാര്യം പറയുകയും വേണം; പ്രത്യേകിച്ച്, ആരെങ്കിലും അക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍. അപ്പോഴത് ഒരു ബാധ്യതയായിത്തീരും. ''ഓര്‍ക്കുക: വേദം കിട്ടിയവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ'' (3:187). ഒരു ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: ''തനിക്കറിയാവുന്ന ഒരു കാര്യം ഒരാള്‍ വന്ന് ചോദിച്ചിട്ട് അത് മറച്ചുവെക്കുന്നവന് നാളെ വിധിദിനത്തില്‍ അവന്റെ നാവില്‍ തീ കൊണ്ടുള്ള കടിഞ്ഞാണ്‍ അണിയിക്കപ്പെടും'' (സുനനുത്തിര്‍മിദി, ഇല്‍മ്: 3, സുനനു അബീദാവൂദ്, ഇല്‍മ്: 9).
ഇബ്‌നു അബ്ബാസ് പറഞ്ഞതായി ഇബ്‌നുജരീര്‍ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: ''തഫ്‌സീര്‍ നാലിനമുണ്ട്. ഒന്ന്, അറബികള്‍ക്ക് ഭാഷയിലൂടെ വെളിപ്പെട്ടു കിട്ടുന്നവ. രണ്ട്, തനിക്ക് മനസ്സിലായില്ല എന്ന് ഒരാള്‍ക്കും പറഞ്ഞൊഴിയാന്‍ പറ്റാത്തവ. മൂന്ന്, പണ്ഡിതന്മാര്‍ക്കു മാത്രം മനസ്സിലാകുന്നവ. നാല്, ദൈവത്തിനു മാത്രം അറിയുന്നവ''21 (ഫതാവാ 13:363-375).

കുറിപ്പുകള്‍
1. അബ്ദുല്ല മുഹമ്മദു ബ്‌നു ഇദ്‌രീസു ബ്‌നു അബ്ബാസ് അശ്ശാഫിഈ (150/767-204/819) ശാമില്‍ (ഫലസ്ത്വീനില്‍) ജനിച്ചു. വളര്‍ന്നതും പഠിച്ചതും മക്കയില്‍. മദീനയില്‍ ഇമാം മാലികിനോടൊപ്പവും ഇറാഖില്‍ ഇമാം മുഹമ്മദ് ശൈബാനിയോടൊപ്പവും ഫിഖ്ഹ് പഠിച്ചു. 199/814-ല്‍ ഈജിപ്തില്‍ സ്ഥിരതാമസമാക്കുകയും തന്റേതായ ഫിഖ്ഹ് ചിന്താധാരക്ക് അടിത്തറയിടുകയും ചെയ്തു. അദ്ദേഹത്തിന്റെ രിസാല എന്ന കൃതി ഫിഖ്ഹിന്റെ അടിസ്ഥാനങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഫിഖ്ഹില്‍ ഹദീസിനുള്ള പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്യുന്നു. താന്‍ നിര്‍ധാരണം ചെയ്‌തെടുത്ത നിയമവിധികള്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് അല്‍ ഉമ്മ് എന്ന കൃതിയില്‍.
2. അബൂദാവൂദിന്റെ സുനന്‍, സുന്നത്ത്: 5; അഹ്മദിന്റെ മുസ്‌നദ് 4:131.
3. അബൂ മസ്ഊദ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് (മരണം 32/652) ആദ്യം ഇസ്‌ലാം സ്വീകരിച്ച ആറ് പേരില്‍ ഒരാളാണ്. പ്രവാചകന് സേവനം ചെയ്തുകൊണ്ട് വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഖുര്‍ആനെ സംബന്ധിച്ച് ഏറ്റവും അറിവുള്ള സ്വഹാബി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഉമറുബ്‌നുല്‍ ഖത്ത്വാബ് തന്റെ ഭരണകാലത്ത് ഇബ്‌നു മസ്ഊദിനെ കൂഫയിലേക്ക് അയച്ചു; അവിടത്തുകാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനു വേണ്ടി. അവിടെ അദ്ദേഹം ഖാദിയും ഗവണ്‍മെന്റ് ഖജനാവിന്റെ മേല്‍നോട്ടക്കാരനും ആയിരുന്നു.
4. ഇബ്‌നുജരീറിന്റെ ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയില്‍ ഖുര്‍ആന്‍ 1:280.
5. 'ഖുര്‍ആന്റെ വക്താവ്' എന്ന പേരിലാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസ് (മരണം 68/687) അറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നാലാമത്തെ സ്വഹാബി. നല്ലൊരു പാഠഗ്രാഹി (ഫഖീഹ്) കൂടിയായിരുന്നു അദ്ദേഹം. എല്ലാ പില്‍ക്കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇബ്‌നു അബ്ബാസിന്റെ വ്യാഖ്യാനങ്ങളെ മുഖവിലക്കെടുക്കാറുണ്ട്. പക്ഷേ അദ്ദേഹത്തിലേക്ക് ചേര്‍ത്തു പറയുന്ന പല വാക്കുകളും അദ്ദേഹത്തിന്റേതല്ല. ഇബ്‌നു അബ്ബാസിന്റെ വ്യാഖ്യാനങ്ങള്‍ എന്ന പേരില്‍ അബൂത്വാഹിര്‍ മുഹമ്മദു ബ്‌നു യഅ്ഖൂബ് അല്‍ഫിറോസാബാദി സമാഹരിച്ചതൊന്നും യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റേതല്ല.
6. സ്വഹീഹു ബുഖാരി, വുദൂഅ്: 10, സ്വഹീഹ് മുസ്‌ലിം, ഫദാഇലുസ്സ്വഹാബ: 138, മുസ്‌നദ് അഹ്മദ് 1:266, 314, 328, 335.
7. മുജാഹിദ് ബ്‌നു ജുബൈര്‍ അല്‍ മക്കി (21/642-104/722), മഹാനായ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു അബ്ബാസിന്റെ ഏറ്റവും പ്രമുഖനായ ശിഷ്യനാണ്. മുജാഹിദിന്റെ വ്യാഖ്യാനക്കുറിപ്പുകള്‍ 'തഫ്‌സീര്‍ മുജാഹിദ്' എന്ന പേരില്‍ അബ്ദുര്‍റഹ്മാന്‍ അത്ത്വാഹിര്‍ മുഹമ്മദ് അസ്സൂറത്തി (മജ്മഉല്‍ ബുഹൂസ്, ഇസ്‌ലാമാബാദ്, പാകിസ്താന്‍) സമാഹരിച്ചിട്ടുണ്ട്.
8. അബൂ അബ്ദില്ല സ്വുഫ്‌യാനു ബ്‌നു മശ്‌റൂഖ് അസ്സൗരി (97/716-101/778)യെ 'അമീറുല്‍ മുഅ്മിനീന്‍ ഫില്‍ ഹദീസ്' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ജനിച്ചതും വളര്‍ന്നതും കൂഫയില്‍. അബ്ബാസി ഖലീഫ നല്‍കിയ ഖാദിസ്ഥാനം സ്വീകരിക്കാന്‍ വിസമ്മതിച്ചു. 144/761-ല്‍ കൂഫ വിട്ടു. ശിഷ്ടകാലം മക്കയിലും മദീനയിലുമായി കഴിച്ചുകൂട്ടി. അദ്ദേഹത്തിന്റെ കൃതികളില്‍ രണ്ട് ഹദീസ് സമാഹാരങ്ങളുണ്ട്; ഒന്ന് വലുതും ഒന്ന് ചെറുതും.
9. അബൂ അബ്ദുല്ല സഈദു ബ്‌നു ജുബൈര്‍ (45/665-95/714) അബ്‌സീനിയന്‍ വംശജനാണ്. ബനൂ അസദ് ഗോത്രത്തിന്റെ ആശ്രിതനായി കൂഫയില്‍ താമസമുറപ്പിച്ചു. ഖുര്‍ആന്‍ പഠനത്തില്‍ ഗുരുനാഥന്മാരായി സ്വീകരിച്ചത് അബ്ദുല്ലാഹിബ്‌നു അബ്ബാസിനെയും അബ്ദുല്ലാഹിബ്‌നു ഉമറിനെയും. സ്വഹാബികള്‍ക്കു ശേഷമുള്ള തലമുറയില്‍ (താബിഊന്‍) ഏറ്റവും നന്നായി ഖുര്‍ആന്‍ അറിയുന്ന പണ്ഡിതന്‍. കൂഫയില്‍നിന്ന് ആളുകള്‍ അഭിപ്രായങ്ങള്‍ ആരായാനായി ഇബ്‌നു അബ്ബാസിന്റെ അടുക്കലെത്തുമ്പോള്‍ അദ്ദേഹം അത്ഭുതത്തോടെ ചോദിക്കും: 'നിങ്ങളുടെ അടുത്ത് സഈദു ബ്‌നു ജുബൈര്‍ ഇല്ലേ, പിന്നെ എന്തിന് ഇങ്ങോട്ട് പോന്നു?' അബ്ദുല്‍ മലികു ബ്‌നു മര്‍വാനെതിരെ അബ്ദുര്‍റഹ്മാനു ബ്‌നു അശ്അസ് പടനീക്കം നടത്തിയപ്പോള്‍ അബ്ദുര്‍റഹ്മാനോടൊപ്പമായിരുന്നു ഇബ്‌നു ജുബൈര്‍. അക്കാരണത്താല്‍ ഉമവി ഗവര്‍ണര്‍ ഇബ്‌നു  ജുബൈറിനെ കൊലപ്പെടുത്തുകയായിരുന്നു; എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ അറിവ് ആവശ്യമുള്ള ഒരു ഘട്ടത്തില്‍.
10. ഇബ്‌നു അബ്ബാസിന്റെ ബര്‍ബേറിയന്‍ വംശജനായ അടിമയായിരുന്നു അബൂ അബ്ദില്ല ഇക്‌രിമതുബ്‌നു അബ്ദില്ല (മരണം 105/723). ഇബ്‌നു അബ്ബാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അലിയാണ് ഇക്‌രിമയെ മോചിപ്പിച്ചത്. ഇക്‌രിമയെ കുറിച്ച് അശ്ശഅ്ബി പറയുന്നു: ''ദൈവിക ഗ്രന്ഥത്തെക്കുറിച്ച് ഇക്‌രിമയേക്കാള്‍ അറിവുള്ള ഒരാളും ഭൂമുഖത്ത് ഇല്ല.''
11. അത്വാഉ ബ്‌നു റബീഅ് (27/280-114/732) തഫ്‌സീറില്‍ ഇബ്‌നു അബ്ബാസിന്റെ ശിഷ്യനാണ്. മക്കയില്‍ തന്റെ കാലത്തുള്ള ഏറ്റവും പ്രഗത്ഭനായ നിയമജ്ഞന്‍.
12. അബൂ സഈദ് അല്‍ ഹസനു ബ്‌നു യസാര്‍ അല്‍ ബസ്വരി (21/642-110/728) പ്രമുഖ പണ്ഡിതനും ഹദീസ് നിവേദകനും ഖുര്‍ആന്‍ വ്യാഖ്യാതാവും ഫഖീഹും പ്രഭാഷകനുമൊക്കെയായിരുന്നു. ആസക്തികള്‍ വെടിഞ്ഞ് ജീവിച്ച അദ്ദേഹം തന്റെ കാലത്തെ ബസ്വറക്കാരുടെ 'ശൈഖ്' ആയി അറിയപ്പെട്ടു. ഹസന്‍ അബ്ബാസ് അദ്ദേഹത്തിന്റെ ഒരു ജീവചരിത്രമെഴുതിയിട്ടുണ്ട്.
13. അബുല്‍ ആഇശ മര്‍സൂഖു ബ്‌നു അജ്ദഅ് (മരണം 63/683) കൂഫയിലുണ്ടായിരുന്ന ഇബ്‌നു മസ്ഊദിന്റെ ഏറ്റവും ജ്ഞാനിയായ ശിഷ്യനായി അറിയപ്പെടുന്നു.
14. അബൂ മുഹമ്മദ് സഈദു ബ്‌നുല്‍ മുസയ്യിബ് (13/634-94/712) ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് വിഷയങ്ങളില്‍ അഗ്രഗണ്യന്‍. സ്വഹാബികള്‍ക്ക് ശേഷമുള്ള തലമുറയുടെ നേതാവ് (സയ്യിദുത്താബിഈന്‍) എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
15. അബുല്‍ ആലിയ റാഫിഉബ്‌നു മിഹ്‌റാന്‍ അര്‍രിയാഹി (മരണം 90/709) പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനാണ്.
16. ഖുര്‍ആന്‍ പണ്ഡിതന്‍. 139/756-ല്‍ മരണപ്പെട്ടു.
17. അബുല്‍ ഖത്ത്വാബ് ഖത്താദ ബ്‌നു ദിയമ (മരണം 118/736). ഖുര്‍ആന്‍ പണ്ഡിതന്‍. അസാധാരണമാം വിധം ഹദീസുകള്‍ മനഃപാഠമാക്കിയ ബസ്വറയിലെ പണ്ഡിതന്‍.
18. അബുല്‍ ഖാസിം ളഹ്ഹാകു ബ്‌നു മുസാഹിം അല്‍ ബല്‍ഖി (മരണം 105/723). തഫ്‌സീര്‍ പഠിച്ചത് സഈദു ബ്‌നു ജുബൈറില്‍നിന്നാണ്.
19. ശുഅ്ബതുബ്‌നുല്‍ ഹജ്ജാജു ബ്‌നു വറദ് അല്‍ അന്‍ത്വാകി (82/701-160/776). ബസ്വറയിലെ പ്രമുഖ ഹദീസ് പണ്ഡിതന്‍. ഹദീസ് വിജ്ഞാനീയത്തില്‍ 'അല്‍ഗരീബ്' എന്ന പുസ്തകമെഴുതി.
20. സുനന്‍ തിര്‍മിദി, തഫ്‌സീര്‍ 1, സുനന്‍ അബൂദാവൂദ്, ഇല്‍മ്: 9. ഈ ഹദീസ് ദുര്‍ബലമാണെന്ന് അല്‍ബാനി.
21. ഇബ്‌നു ജരീര്‍ ത്വബരി- ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയില്‍ ഖുര്‍ആന്‍ 1:75.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി